Tuesday, March 29, 2011

അപരന്മാരുടെ ചതിപ്രയോഗം

           തെരഞ്ഞെടുപ്പ് അരങ്ങിലെ ഏറ്റവും മലീമസമായ ചേരുവകളില്‍ ഒന്നായി വളര്‍ന്നിരിക്കുകയാണ് വിജയികളെ കെണിവെച്ച് വീഴ്ത്താനുള്ള അപരന്‍ പ്രയോഗം. ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയുടെയും സാക്ഷരതാ ബോധത്തിന്റെയും പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ പരിഷ്‌കൃത സമൂഹത്തെ മുഴുവനും അവഹേളിക്കുന്ന നടപടിയാണിതെന്നതില്‍ അശേഷം തര്‍ക്കമില്ല.  സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയ അപരനെ തെരയലായി വളര്‍ന്നിരിക്കുന്നു.  ജയസാധ്യതയുള്ള എതിര്‍സ്ഥാനാര്‍ഥികള്‍ നിസ്സഹായതയോടെ അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളിയായി ഇത് മാറിയിരിക്കുന്നു. ജനാധിപത്യം സുതാര്യമായിരിക്കണമെങ്കില്‍ ഈ വഞ്ചന ഒരിക്കലും അനുവദിച്ചുകൂടാത്തതാണ്.

           തികച്ചും അധാര്‍മികമായ ഈ അപരാധം നിര്‍വഹിക്കുന്നത് പ്രധാന രാഷ്ട്രീയകക്ഷികള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എതിരാളിയെ തറപറ്റിക്കാനുള്ള ഈ തറവേല പ്രയോഗിക്കുന്നതില്‍ പ്രമുഖ പാര്‍ട്ടികളില്‍ ആരും പിറകിലല്ല. മുന്‍കാലങ്ങളില്‍ ഇത്തരം പൊടിക്കൈകള്‍ ആരും പുറത്തെടുത്തിരുന്നില്ല. ജനാധിപത്യത്തിന്റെ ചിറകുകള്‍ക്ക് ശക്തിപകര്‍ന്ന പഴയ നേതാക്കള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഏത് കളിയിലും യുദ്ധത്തില്‍ പോലും ചില നിയമങ്ങളും മുറകളുമുണ്ടല്ലോ. അപരനെ നിര്‍ത്തുകയെന്നത് ചതിപ്രയോഗം തന്നെയാണ്. ചിലപ്പോള്‍ ഒന്നിലധികം അപരന്മാരുണ്ടാകും. പ്രധാനപ്പെട്ട സ്ഥാനാര്‍ഥികളെല്ലാം ഈ ഭീഷണിയെ അഭിമുഖീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ജയിക്കേണ്ടവര്‍ തോല്‍ക്കാനും തോല്‍ക്കേണ്ടവര്‍ ജയിക്കാനും ഇത് വഴിയൊരുക്കുന്നു. ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുന്ന നടപടിയാണിത്.

           പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ സ്വാര്‍ഥതയുടെ ഈ ബീഭത്സമുഖം കാണാം. ഗ്രാമപഞ്ചായത്തുകളിലെ വിധി നിര്‍ണയിക്കുക പലപ്പോഴും വിരലിലെണ്ണാവുന്ന വോട്ടുകളാണ്. അപരന്റെ സാന്നിധ്യം വളരെ നിര്‍ണായകമാവുമ്പോള്‍ ഫലം തകിടംമറിയുക മാത്രമല്ല ചിലപ്പോള്‍ ഭരണം നഷ്ടപ്പെടാനും വഴിവെക്കും. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച വി എം സുധീരന്റെ തോല്‍വിക്ക് കാരണം അപരന്റെ സാന്നിധ്യമായിരുന്നു. 1009 വോട്ടിന് സുധീരന്‍ തോറ്റപ്പോള്‍ അപരനായ വി എസ് സുധീരന്‍ 8382 വോട്ടു നേടി. ഷട്ടില്‍ ആയിരുന്നു അപരന്റെ ചിഹ്നം.  സുധീരന്റെ കൈപ്പത്തി യുമായി ഈ ചിഹ്നത്തിന് സാമ്യവുമുണ്ടായിരുന്നു. തീര്‍ത്തും നിരാലംബനായി സുധീരന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

           അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഇരുമുന്നണികള്‍ക്കും ഭീഷണിയായി രംഗത്തിറങ്ങിയ അപരന്മാര്‍ക്ക് കയ്യുംകണക്കുമില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രതിഭാസം അളവറ്റ അളവില്‍ കാണാം. സ്വതന്ത്രന്മാരും റിബലുകളും ഇതോടൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെങ്കിലും സമ്മര്‍ദങ്ങള്‍ മൂലം അവര്‍ പിന്‍വലിച്ചേക്കാം. എന്നാല്‍ അപരന്മാരുടെ സ്ഥിതിഅതല്ല.

           ആഗോളസമൂഹം ജനാധിപത്യത്തിന് വേണ്ടി ദാഹിക്കുന്ന കാലമാണിത്. സോവിയറ്റ് യൂന്യന്റെ പതനത്തിനും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഉയര്‍ത്തെഴുനേല്‍പിനും കരുത്തുപകര്‍ന്നത് അവരുടെ ജനാധിപത്യബോധമായിരുന്നുവല്ലോ. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ചാലകശക്തിയും ഇതു തന്നെ. ട്വിറ്ററും ബ്‌ളോഗും ഫേസ്ബുക്കും ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ച് അവര്‍ നടത്തിയ ആശയവിനിമയവും സാമൂഹ്യസമ്പര്‍ക്കവും വിജയത്തിലെത്തിയെന്നതും വലിയ പാഠമാണ് ലോകത്തിന് നല്‍കുന്നത്. ഇന്ത്യക്കാരായ നാം ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. പോരായ്മകളും വീഴ്ചകളും ധാരാളമുണ്ടെങ്കിലും ജനാധിപത്യത്തിന്റെ സല്‍ഫലങ്ങള്‍ ഏറെക്കുറെ അനുഭവിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യംനേടിയ പല രാജ്യങ്ങള്‍ക്കും നാളിതുവരെ അതിനുള്ള ഭാഗ്യമുണ്ടായില്ലെന്ന് കൂടി നാം അറിയണം.

           അതുകൊണ്ട് ജനാധിപത്യ സംവിധാനം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ നാം   ജാഗ്രതപുലര്‍ത്തണം. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ആര്‍ത്തിയോടെ ആഞ്ഞുകടിക്കാന്‍ തെരഞ്ഞെടുപ്പ് നടപടികളെ പരിഹാസ്യമാക്കുന്ന അപരന്‍ പ്രയോഗം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. സൗകര്യപൂര്‍വം വളച്ചും തിരിച്ചും വ്യാഖ്യാനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കയ്യില്‍ ആയുധങ്ങളുണ്ടാവും. അവര്‍ക്ക് പറയാന്‍ വിചിത്രങ്ങളായ ഉത്തരങ്ങളുമുണ്ടാകും.

           കാപട്യത്തിന്റെ കലര്‍പ്പില്ലാത്ത വോട്ടെടുപ്പാണ് ഇവിടെ നടക്കേണ്ടത്. അതിന് മുന്‍കയ്യെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ്. ഇത്തരം കള്ളത്തരം പിടിക്കാനും നിയന്ത്രിക്കാനും വേണ്ടിവന്നാല്‍ അതിന് മുതിരുന്നവരെ മത്സരരംഗത്ത് നിന്ന് അകറ്റിനിര്‍ത്താനും ശക്തവും ലക്ഷണയുക്തവുമായ കണ്ണുവേണം.  ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റംവരുത്തി ഇത് എങ്ങനെ അവസാനിപ്പിക്കാമെന്ന് കമീഷന്‍ പരിശോധിക്കണം. രാഷ്ട്രം കാത്തുസൂക്ഷിച്ച മഹിത പാരമ്പര്യത്തെ തകിടംമറിക്കാന്‍ ആരെയും അനുവദിച്ചുകൂടാ.

1 comment:

  1. അപരനെ നിയന്ത്റിച്ചിട്ടുണ്ട്‌ ഈ തെരഞ്ഞെടുപ്പില്‍, ഒരേ പേരു പറ്റില്ല അഛണ്റ്റെയോ നാടിണ്റ്റെയോ പേരു ചേറ്‍ക്കണം പിന്നെ പ്റമുഖ സ്ഥാനാറ്‍ഥികള്‍ കഴിഞ്ഞായിരിക്കണം ഇവരുടെ സ്ഥാനം , ഈ തരം തറ അടവുകള്‍ ഒക്കെ ഇടതു പക്ഷം ആണു കൊണ്ടുവന്നത്‌, വലതനു ഈ കുടില ബുധി ഇല്ല പിന്നെ സുധീരന്‍ തോറ്റപ്പോള്‍ ആണു അവറ്‍ ഇതു തുടങ്ങിയത്‌

    ReplyDelete

Related Posts Plugin for WordPress, Blogger...