Thursday, February 24, 2011

ഇത് ഏത് പാമരനും ചെയ്യാവുന്ന പാഴ്‌വേല

          ആറുപതിറ്റാണ്ടിന്റെ പഴമയും പാരമ്പര്യവുമുണ്ട് കേരള നിയമസഭക്ക്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്തമാതൃകകള്‍ സൃഷ്ടിച്ച നിരവധി മഹത് വ്യക്തിത്വങ്ങള്‍ ആ സഭയില്‍ അങ്കം വെട്ടിയിട്ടുണ്ട്. അതോടൊപ്പം കാലത്തിന്റെ വിളി കേള്‍ക്കാനുള്ള തുറന്ന കാതും വിടര്‍ന്ന കണ്ണും അവര്‍ക്കുണ്ടായിരുന്നു. ഏത് നിയമങ്ങളെയും അവര്‍ തലനാരിഴ കീറി ചര്‍ച്ചചെയ്യും. സഭാ ലൈബ്രറി അതിനുവേണ്ടി അവര്‍ പരമാവധി ഉപയോഗിച്ചു. അങ്ങനെ പാസാക്കുന്ന നിയമങ്ങള്‍ക്കെല്ലാം കരുത്തും കാതലുമുണ്ടായിരുന്നു. സഭ ചേരുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പേ തലസ്ഥാനത്തെത്തി വരാനിരിക്കുന്ന ബില്ലുകളെകുറിച്ച് ആവശ്യത്തിലേറെ  പഠിച്ച്  നല്ല തയാറെടുപ്പോടെ മാത്രമേ അവര്‍  സഭയിലെത്തൂ.

          ഇന്ന് അതാണോ അവസ്ഥ. ചോദ്യോത്തരവേള കഴിഞ്ഞാല്‍ തുടങ്ങുകയായി കഥാകാലക്ഷേപം. ബഹളംവെക്കലും നടുത്തളത്തിലിറങ്ങലും സഭ സ്തംഭിപ്പിക്കലും ഒടുക്കം ബഹിഷ്‌ക്കരണവും.  12-ാം നിയമസഭയുടെ അവസാന സമ്മേളനത്തിനും അതുതന്നെ ഗതി. പ്രതിപക്ഷ ബഹളത്തിനിടയില്‍ മൂന്നു ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കിയെടുത്താണ് സഭ പിരിഞ്ഞത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന പി ശശിയുടെ വെളിപ്പെടുത്തലിനെകുറിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.  ഇക്കാര്യം മുമ്പും സഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചിത്. എന്നാല്‍ സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ലാത്തതിനാലാണ് ചര്‍ച്ചക്ക് തയാറാവാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. അവരുടെ ബഹളത്തിനും പ്രതിഷേധച്ചൂടിനുമിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.അടുത്ത കാലത്തായി മിക്ക നിയമസഭാ സമ്മേളനത്തിലും ഇതു തന്നെയാണവസ്ഥ. അത്യപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് സഭ നേരെ ചൊവ്വെ നടക്കുന്നത്. പല ദിവസങ്ങളിലും സഭയില്‍ അംഗങ്ങള്‍ തന്നെ  വിരളം. സീറ്റുകള്‍ മിക്കതും സദാസമയവും കാലി.

          ബാലകൃഷ്ണപിള്ളയെ പോലെ മറ്റുചില നേതാക്കളും ജയിലില്‍ പോകുമെന്ന്  ഭയക്കുന്നവരുണ്ട്. കരുണാകരന്‍ മരിച്ചെങ്കിലും മറ്റുപല പ്രമാണിമാരും പാമോലിന്‍ കേസിനെ ഭയപ്പെടുന്നത് കൊണ്ടാണ് ബഹളംവെക്കുന്നതെന്ന് മുഖ്യമന്ത്രി  തന്നെ വെളിപ്പെടുത്തുന്നു.
കേരളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ വോക്കൗട്ട് നടത്തിയ നേതാവ് ഉമ്മന്‍ചാണ്ടിയായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഏത് പാമരനും ചെയ്യാവുന്ന ഒരു പാഴ്‌വേലയാണിത്. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണല്ലോ എം എല്‍ എമാരെ തെരഞ്ഞെടുക്കുന്നത്.  അതിന് പക്ഷെ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നുവരില്ല. വോക്കൗട്ട് നടത്തിയാല്‍ എട്ടുകോളം മത്തങ്ങയില്‍ തലക്കെട്ട് കിട്ടും. അതുകൊണ്ട് പുതിയ അംഗങ്ങള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കില്ല.

          അസംബ്‌ളിയില്‍ വിഷയങ്ങള്‍ വ്യക്തമായും ശക്തമായും  അവതരിപ്പിക്കണം. ജനങ്ങള്‍അത് വായിച്ചറിയണം. തെരുവ് കോലാഹലങ്ങള്‍   കോണ്‍ഗ്രസിനെയും സി പി എമ്മിനെയും പോലുള്ള വന്‍വൃക്ഷങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് ഇനിയെങ്കിലും അവരുടെ നേതൃത്വം ആത്മപരിശോധന നടത്തണം. അസംബ്‌ളിയില്‍ നടക്കുന്ന കോപ്രായങ്ങളും ഗോഷ്ഠികളും മാത്രമേ മാധ്യമങ്ങളില്‍ വരികയുള്ളൂ എന്ന അവസ്ഥ  അംഗങ്ങള്‍ സമര്‍ഥന്മാരായി വളരാനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കിട്ടുന്ന അവസരം ഉപയോഗിച്ച് നല്ല എം എല്‍ എയായിരിക്കാനുള്ള    ഭാഗ്യം ലഭിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായി ചുരുങ്ങുകയാണ്. 

          നിയമസഭക്കകത്ത് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെ മരണവീടും കല്യാണവീടും കയറിയിറങ്ങലും മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കലുമായി ചുരുങ്ങിയിരിക്കുന്നു ഉത്തരവാദിത്തം. വികസനപ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം അടുത്ത ഊഴം ഉറപ്പിക്കാനുള്ള കുറുക്കുവഴി കൂടിയാണ്. ജയിച്ചാല്‍ മണ്ഡലത്തിലേക്ക് താമസം മാറ്റുന്നവരുമുണ്ട്. ഭരണത്തിന്റെ സദ്ഫലം ആസ്വദിക്കാന്‍ കഴിയണമെന്നേ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുള്ളൂ. ജനങ്ങളുടെ കണ്ണീര് കാണാനും പരിഹരിക്കാനുമുള്ള സന്മനോഭാവത്തെ കുറച്ചുകാണാനാവില്ലെങ്കിലും അതല്ല തങ്ങളുടെ മുഖ്യദൗത്യമെന്ന ബോധം മിക്ക എം എല്‍ എമാര്‍ക്കുമില്ല.

          രാഷ്ട്രീയപ്പോരാട്ടങ്ങള്‍ക്കിടയില്‍  നിയമസഭയുടെയുടെ അന്തസും ജനങ്ങളുടെ അവകാശങ്ങളും കളങ്കപ്പെടുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ സൃഷ്ടിക്കപ്പെട്ട  കാര്‍മേഘത്തിന്റെ കാളിമ അടുത്ത തെരഞ്ഞെടുപ്പ് വരെ നീളുമെന്ന് ഉറപ്പായി. വല്ലഭന് പുല്ലും ആയുധം എന്ന രീതിയില്‍ പഴയ അഴിമതിക്കഥകള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. മുന്‍മന്ത്രി കൂടിയായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത് മന്ത്രിമാരുടെയും എം എല്‍ എമാരുടെയും കണ്ണുതുറപ്പിക്കണം. വര്‍ഷം എത്ര കഴിഞ്ഞാലും ചുമതലാ നിര്‍വഹണത്തില്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയില്ലെങ്കില്‍ അഴിയെണ്ണേണ്ടിവരുമെന്ന് ഇതോടെ ഉറപ്പായി. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മാത്രമല്ല പ്രതിഭയുടെയും നിയമപരിജ്ഞാനത്തിന്റെയും ആള്‍രൂപമാവണം ജനപ്രതിനിധികള്‍. വോട്ടര്‍മാര്‍ കക്ഷിരാഷ്ട്രീയ താല്‍പര്യത്തേക്കാല്‍  പരിഗണിക്കേണ്ടതും ഇതുതന്നെ. ഇത്തരം ഒരു വഴിമാറ്റം ആവശ്യമുണ്ടെന്ന് സഭയുടെ ഇന്നത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.      

Thursday, February 17, 2011

പ്രത്യാഘാതം പ്രവചനാതീതം

          ലോകസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസവുമായി നിയമസഭാ തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ തയാറെടുക്കുന്ന കോണ്‍ഗ്രസും യു ഡി എഫും പുതിയ പുതിയ പ്രതിസന്ധികളെ വിലക്കെടുക്കുകയാണെന്ന് തോന്നുന്നു. മുന്നണിയുടെ കെട്ടുറപ്പിന് തന്നെ കനത്ത ആഘാതമേല്‍പിക്കുന്ന സംഭവപരമ്പരകളാണ് ഒന്നിന് പിറകെ മറ്റൊന്നായി വന്നുവീഴുന്നത്. ആയിരത്തൊന്ന് രാവുകള്‍ പോലെ ആയിരത്തൊന്ന് കേസുകള്‍. മര്‍മ്മത്ത് പിടിച്ചാല്‍ ഏത് മൈക്ക്‌ടൈസനായാലും നിലവിളിച്ചുപോകും. മുന്നണിയിലെ ഓരോ നേതാവും ഓരോ അര്‍ബുദകോശമായി വളരുകയാണെന്ന് കരുതണം. അതില്‍ ചികിത്സിച്ച് ഭേദമാക്കുന്നവരുണ്ട്. റേഡിയേഷന്‍ നല്‍കി സുഖപ്പെടുത്താവുന്നവരുണ്ട്. അറുത്തുമാറ്റേണ്ടവരുമുണ്ട്. അവ സമയോചിതം നിര്‍വഹിച്ചില്ലെങ്കില്‍ യു ഡി എഫ് തരംഗം തറരംഗമായി മാറും; സംശയമില്ല.

          എല്‍ ഡി എഫിന്റെ ഭരണമഹത്വം  യു ഡി എഫ് തരംഗത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിന് ശക്തികൂടി വന്നപ്പോഴാണ് കാര്യങ്ങള്‍ അട്ടിമറിയുന്നത്. 2ജി സ്‌പെക്ട്രം കേസും റാഡിയ ടേപ്പും  കോമണ്‍വെല്‍ത്ത് ഗെയിംസും അടക്കമുള്ള അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ ദേശീയതലത്തില്‍ മാത്രമല്ല സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ   കഷ്ടകാലം തുടങ്ങിയിരുന്നു. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പാര്‍ട്ടി ഒറ്റക്ക് പേറേണ്ടിവന്നു. യു ഡി എഫിലെ ഘടകകക്ഷികളാകട്ടെ ഒന്നൊന്നായി പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. ആദ്യം വന്നത് മാണി-ജോസഫ് ലയനം. പിന്നെ ഐസ്‌ക്രീം വിവാദം. തുടര്‍ന്ന് മുനീര്‍-കുഞ്ഞാലിക്കുട്ടി സംവാദം. റഊഫിന്റെ വെളിപ്പെടുത്തലുകള്‍. ചാക്ക് രാധാകൃഷ്ണന്‍. ശശീന്ദ്രന്റെയും കുട്ടികളുടെയും കൂട്ടആത്മഹത്യ. പിന്നാലെ വന്നു ഇടമലയാറിലെ ഇടിത്തീ. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപ്പിള്ളക്ക് സുപ്രീംകോടതി വിധിച്ചത്   ഒരുവര്‍ഷത്തെ കഠിനതടവും പിഴയും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിപ്പെടുന്ന മുന്‍മന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് തന്നെ ലഭിച്ചു. കൊട്ടാരക്കര ഗണപതി സമക്ഷം നിത്യവും തേങ്ങയുടക്കാറുള്ള പിള്ളക്ക് ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. മന്ത്രിപദമുറപ്പിച്ച അദ്ദേഹത്തെ പുലിക്കെണിവെച്ചു പിടിച്ചതോ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും. ഇനി ചെന്നുവീഴേണ്ടത്  സെന്‍ട്രല്‍ ജയിലിലാണ്. അതിന് കൊച്ചിയിലെ ഇടമലയാര്‍ സ്‌പെഷ്യല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു.  യു ഡി എഫിലെ മറ്റൊരു പ്രബല കക്ഷിയായ മാണികോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവനും ഈ കേസില്‍ പിള്ളയോടൊപ്പം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക്  പിന്നാലെ മറ്റൊരു മുന്‍മന്ത്രി ടി എം ജേക്കബും അഴിമതിക്കേസില്‍ നടപടി നേരിടുന്നതിന്റെ അന്ത്യഘട്ടത്തിലാണ്. എല്ലാറ്റിനും പുറമെയാണ്  ഗൗരിയമ്മയുടെ ഒടുക്കത്തെ പിണക്കം.

           ബാര്‍ ലൈസന്‍സ് റദ്ദാക്കാതിരിക്കുന്നതിന് സുപ്രീംകോടതി ജഡ്ജി കൈക്കൂലിവാങ്ങിയെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ എം പി കെ സുധാകരനും വലിയ നിയമക്കുരുക്കിലാണ് ചെന്നുവീണത്. ഡല്‍ഹിയിലും തിരുവനന്തപുരത്തും പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ഹാലിളകുന്ന നേതാക്കള്‍ക്കൊക്കെ സുധാകരന്റെ അനുഭവം വലിയ പാഠമാണ്. വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു. സ്ഥലകാലബോധമില്ലാതെ നടത്തിയ പ്രസംഗങ്ങള്‍ വരുത്തിവെച്ച വിന. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് തന്നെ ധാര്‍മികമായി ശരിയല്ല. സമുന്നതനായ  എം പി അതില്‍ പങ്കെടുക്കുക മാത്രമല്ല ജുഡീഷ്യറിയെ നിന്ദ്യമായ ഭാഷയില്‍ താറടിക്കുകയും ചെയ്തു. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന് പറഞ്ഞ സുധാകരന്‍ സാക്ഷി മാത്രമായിരുന്നോ അതോ ബാറുടമകളുടെ ഏജന്റായിരുന്നോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൈക്കൂലി നല്‍കുന്നതില്‍ എം പി ഇടനിലക്കാരനായി വര്‍ത്തിച്ചുവെന്ന വെളിപ്പെടുത്തലുമായി കണ്ണൂരിലെ  ബാറുടമ ഉടലോടെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിക്കൂട്ടിലായി. അന്ന് മുഖ്യമന്ത്രിക്കും കെ പി സി സിക്കും വകുപ്പുമന്ത്രിക്കും വനിതാ എം എല്‍ എക്കുമെല്ലാം ലക്ഷങ്ങള്‍ നല്‍കിയതിന്റെ കണക്കാണ് അദ്ദേഹം നിരത്തിവെച്ചത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും പ്രതിപക്ഷ ഇടപെടലും മൂലം ലൈസന്‍സ് റദ്ദായിപ്പോയി എന്നത് മറ്റൊരു കൗതുകം.

          മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ കേരള വികസന കോണ്‍ഗ്രസില്‍ വെച്ച് പാര്‍ട്ടിയിലെ നവാഗതനായ എ പി അബ്ദുല്ലക്കുട്ടി വിമര്‍ശിച്ചതാണ് പിന്നീട് വന്ന  കീറാമുട്ടി. അബ്ദുല്ലക്കുട്ടിയെ തലോടി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ കെ പി സി സി പ്രസിഡണ്ട് നടത്തിയ ശ്രമത്തിനെതിരെ സുധീരന്‍ പ്രതിഷേധിച്ചപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ഡായി. ഈ വിഷയത്തെ ലാഘവബുദ്ധിയോടെ കണ്ട രമേശിന്റെ നടപടിയെ വേദനാജനകമെന്നാണ് സുധീരന്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മില്‍ അച്ചുതാനന്ദന്‍ കളിച്ച കളി ഇക്കുറി കോണ്‍ഗ്രസില്‍ സുധീരന്‍ പുറത്തെടുക്കുന്നുവെന്ന് ചില നേതാക്കള്‍ക്ക് സംശയമുണ്ട്. ശരിയായിരിക്കാം. ജനകീയ പ്രശ്‌നങ്ങളില്‍ സാധാരണക്കാരുടെ ഇഷ്ടത്തോടൊപ്പം നില്‍ക്കുന്ന സുധീരന് ലഭിക്കുന്ന മാധ്യമ പിന്തുണ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുവെങ്കില്‍ അത്ഭുതപ്പെടേണ്ട. അബ്ദുല്ലക്കുട്ടിയുടെ രോഷപ്രകടനത്തെ ഇതിനോട് ചേര്‍ത്തുവായിക്കുന്നവരും ഇല്ലാതില്ല. കുട്ടിയെ പുറത്താക്കണമെന്നാണ് കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് ആവശ്യപ്പെട്ടത്.

          രണ്ട് ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുത്തെന്ന് റഊഫും സുപ്രീംകോടതി ജഡ്ജി 36 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സുധാകരനും പറയുന്നു. കൈക്കൂലി കൊടുക്കുന്നവരും കൊടുപ്പിക്കുന്നവരും കൊടുക്കുമ്പോള്‍ നോക്കിനില്‍ക്കുന്നവരും അറസ്റ്റ് വാറണ്ട് വന്നവരും വരാത്തവരും വരാനിടയുള്ളവരും എല്ലാം കൂടിയായപ്പോള്‍ കേരള രാഷ്ട്രീയം പഴഞ്ചക്കപോലെയായി. അപ്പോഴാണ് കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്റെ വരവ്. വായില്‍ കാക്കക്ക് പുണ്ണില്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ നല്ലകാലം. ധര്‍മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളി കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിനേക്കാള്‍ നല്ലകാലം വേറെയില്ല.

Tuesday, February 15, 2011

ഈജിപ്തിന്റെ മാതൃക ആവേശകരം


          അറബ്‌ലോകത്ത് ഒരു ജനതയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ക്കാണ് ലോകം കാതോര്‍ക്കുന്നത്.ജഡാവസ്ഥയില്‍ നിന്നുള്ള ഉയിര്‍പ്പിന്റെ ദൃശ്യങ്ങള്‍ ടൂണീഷ്യക്ക് പിന്നാലെ ഈജിപ്തിനെയും സമ്പന്നമാക്കുകയാണ്. അമേരിക്കയും അവരുടെ കങ്കാണിമാരും സമൂഹമനസ്സില്‍ ദൃഢപ്രതിഷ്ഠിതമാക്കിനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അറബ് മിഥ്യകളാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരിക്കാനായി ജനിച്ചവര്‍ എന്നായിരുന്നുവല്ലോ സൈനുല്‍ ആബിദീന്റെയും ഹുസ്‌നി മുബാറക്കിന്റെയും ധാരണ. ആ കാല്‍പനിക സങ്കല്‍പം തകര്‍ത്തെറിയാന്‍ ജനങ്ങള്‍ക്ക് ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. അനിവാര്യമായ പതനമാണ് മുബാറക്ക് ഏറ്റുവാങ്ങിയത്. അദ്ദേഹത്തെപ്പോലെയോ അതിനേക്കാള്‍ മോശപ്പെട്ടവരോ ഒക്കെ ലോകത്ത് പലയിടത്തും തങ്ങളുടെ ഫാന്റസികളില്‍ ഇപ്പോഴും ഒഴുകിനടക്കുന്നുണ്ടാവും. കയ്‌റോയില്‍ നിന്നുള്ള വാര്‍ത്തകള്‍ ദമാസ്‌ക്കസിനെയും ട്രിപ്പാളിയേയും പോലെ പലരേയും ഞെട്ടിച്ചെങ്കില്‍ അത്ഭുതപ്പെടേണ്ട.
 
          മുപ്പതുകൊല്ലത്തെ ഭരണത്തിനിടയില്‍ നാടു കട്ടുമുടിച്ച ഭരണാധികാരിയെ ജനങ്ങള്‍ വെറുതെ വിട്ടുവെന്നത് തീര്‍ച്ചയായും അവരുടെ മഹാമനസ്‌കതയായി തന്നെ കണക്കാക്കണം. ടുണീഷ്യയില്‍ നിന്നാരംഭിച്ച പ്രതിഷേധക്കൊടുങ്കാറ്റ് നൈലിന്റെ നാടും കടന്ന് അറബ് മേഖലയിലെമ്പാടും ചീറിയടുക്കുകയാണ്. യമനില്‍ അലി അബ്ദുള്ള സലെയുടെ 32 വര്‍ഷത്തെ സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെയും ജനാധിപത്യ പ്രക്ഷോഭം കത്തിപ്പടരാന്‍ തുടങ്ങി. ജോര്‍ദാനില്‍ റൊട്ടിയും സ്വാതന്ത്ര്യവും  എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന്  ജനവിരുദ്ധ ഭരണസംവിധാനം പുറത്താക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ,     അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിര്‍ണായക വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്.
ഈജിപ്തില്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയ ജനാധിപത്യ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സൈനിക ഭരണാധികാരികള്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന സസ്‌പെന്റ് ചെയ്യുകയും ചെയ്തുവെന്നത് ശുഭവാര്‍ത്ത തന്നെ. വരുന്ന സപ്തമ്പറില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും സൈനിക പരമാധികാര കൗണ്‍സില്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുബാറക് ഒഴിഞ്ഞതിനെ തുടര്‍ന്ന് അധികാരമേറ്റെടുത്ത സൈനിക കൗണ്‍സില്‍ ആറുമാസമോ അടുത്ത തെരഞ്ഞെടുപ്പ് വരെയോ ഭരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണഘടന ഭേദഗതി ചെയ്യാന്‍  ഒരു പാനലിന് രൂപം നല്‍കുമെന്നും മിലിട്ടറി കൗണ്‍സില്‍ അറിയിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം നവമ്പര്‍-ഡിസമ്പറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുബാറക്കിന്റെ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി വന്‍തിരിമറി കാട്ടിയാണ് മൃഗീയ ഭൂരിപക്ഷം നേടിയത്. പ്രതിപക്ഷത്തെ അന്ന് തൂത്തെറിയുകയായിരുന്നു. പ്രസിഡണ്ടിന്റെ സില്‍ബന്ധികളെ കുത്തിനിറച്ചതായിരുന്നു പാര്‍ലമെന്റ്.

          മുബാറക്കിന്റെ രാജിക്ക് ശേഷവും ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ പ്രക്ഷോക്ഷകേന്ദ്രമായ തഹ്‌രീര്‍ സ്‌ക്വയര്‍ വിട്ടുപോകാന്‍ ഒരുക്കമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടാതെ പിന്‍വാങ്ങില്ലെന്ന ഉറച്ച നിലപാടിലാണവര്‍. പാര്‍ലമെന്റ് പിരിച്ചുവിടണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അതുപോലെ തന്നെ പ്രധാനമാണ് സൈന്യം അധികാരം ജനങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യവും. രാജ്യത്ത് നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ചും പ്രക്ഷോഭകര്‍ ഒരു അജണ്ട മുമ്പോട്ടുവെച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതില്‍ മിലിട്ടറി കൗണ്‍സില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

          സ്വാതന്ത്ര്യവും സാമൂഹികനീതിയും മനുഷ്യാവകാശങ്ങളും മുബാറക്ക് ഭരണത്തില്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് ജനങ്ങളെ മതഭേദമന്യേ  തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അറബ് ദേശീയതയുടെയും പേരില്‍ ജനങ്ങളുടെമേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കാനാണ് അദ്ദേഹം തന്റെ സുദീര്‍ഘമായ ഭരണകാലമത്രയും വിനിയോഗിച്ചത്. ഇതിനെ ചോദ്യംചെയ്തവരെയെല്ലാം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. മുബാറക്ക് സപ്തമ്പറില്‍ വിരമിക്കാനിരിക്കെയായിരുന്നുവെങ്കിലും മകന്‍ ജമാലിനെ അനന്തരാവകാശിയായി വാഴിക്കാനുള്ള നീക്കം തകൃതിയായി നടന്നപ്പോഴാണ് ജനങ്ങള്‍ രണ്ടുംകല്‍പിച്ച് തെരുവിലിറങ്ങിയത്.

          ജനകീയ പ്രക്ഷോഭം വിജയിച്ചുവെന്നതും മുബാറക്ക് അധികാരം ഉപേക്ഷിച്ച് പോയി എന്നതും വാസ്തവമാണെങ്കിലും അടുത്ത ഭരണസംവിധാനം ജനഹിതത്തെ മാനിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കയ്‌റോ നഗരത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ ആഹ്‌ളാദപ്രകടനത്തില്‍ പട്ടാളവും അണിചേര്‍ന്നത് ആവേശകരമാണെങ്കിലും അമേരിക്കയും ഇസ്രായീലും കാഴ്ചക്കാരായി നോക്കിനില്‍ക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. മൂന്ന് ദശകങ്ങളായി മുബാറക്കിന് യു എസ് പിന്തുണയുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൊടുംഭരണത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ എന്താണ് അമേരിക്കയുടെ നിലപാടെന്ന് വ്യക്തമല്ല.

          സാമ്രാജ്യത്വം സൃഷ്ടിച്ച മിഥ്യകളെ തകര്‍ത്തുകൊണ്ടാണ് ഈജിപ്ഷ്യന്‍ ജനത അവരുടെ ഭാഗധേയം കൈയ്യിലെടുത്തിരിക്കുന്നത്. മണിമുഴങ്ങുന്നത് ഇസ്രായീല്‍ എന്ന മിഥ്യക്കെതിരെ കൂടിയാണ്. പുതിയ മധ്യപൗരസ്ത്യദേശം എന്ന മേല്‍വിലാസത്തില്‍ അറബികളുടെ മേല്‍ ഇസ്രായീലിനെ അടിച്ചേല്‍പിക്കാന്‍ വൈറ്റ്ഹൗസില്‍ നിന്നും എലിസൈ കൊട്ടാരത്തില്‍നിന്നും കരാറേറ്റെടുത്തവരാണ് ചരിത്രത്തില്‍നിന്ന് അടിച്ചോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അറബികള്‍ ജനാധിപത്യം സ്വപ്നം കാണാന്‍പോലും സാധിക്കാത്തവരാണെന്ന പ്രചാരണം ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമെന്ന് കരുതാം.

Friday, February 11, 2011

അവസാന ബജറ്റിന് മിടുക്കിന്റെ പൊലിമ

          രാഷ്ട്രീയക്കാരന്‍ എന്നതിലുപരി സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും അദ്ദേഹം അവതരിപ്പിച്ച മറ്റ് അഞ്ചു ബജറ്റുകളെ അപേക്ഷിച്ച് മിടുക്കിന്റെ പൊലിമയുള്ളത് ഇന്നലെ അവതരിപ്പിച്ച അവസാന ബജറ്റിനു തന്നെ. ആവര്‍ത്തന വിരസത ഈ ബജറ്റിലും കണ്ടേക്കാം. എങ്കിലും പ്രഥമ ബജറ്റ് ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. അത് നടപ്പാക്കാന്‍ ഇഷ്ടംപോലെ സമയം ലഭിക്കുമായിരുന്നുവല്ലോ. ഇത്തവണ ഐസക് കൃത്യമായ ഫിലോസഫി തന്നെയാണ് മുന്നോട്ടുവെച്ചത്. ജനപ്രിയ പരിപാടികളും പൊടിക്കൈകളും കണ്ടേക്കാമെങ്കിലും കേരളം രക്ഷപ്പെടാന്‍ മാത്രം വിഭവങ്ങള്‍ പുതിയ ബജറ്റിലുണ്ടെന്ന് സമ്മതിക്കണം. പക്ഷെ ഈ സര്‍ക്കാരിന്റെ കാലാവധി തീരാറായി. അതിനിടയില്‍ പുതിയ നിര്‍ദേശങ്ങളില്‍ എത്രയെണ്ണം നടപ്പാക്കാനാവും? അല്ലെങ്കില്‍ അടുത്ത ഊഴവും തങ്ങളുടേതാവണം. അതിനുള്ള സാധ്യത എത്രമാത്രമുണ്ട്?

          സാമൂഹ്യക്ഷേമത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത് എന്ന് സമ്മതിക്കാം. പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലെന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന ശുഭപ്രതീക്ഷയും ധനമന്ത്രിക്കുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് ഒമ്പത് ശതമാനം വേഗത്തില്‍ വളരാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഇതുപോലെ നിരവധി മോഹങ്ങള്‍ നട്ടുവളര്‍ത്തി അവതരിപ്പിച്ച കഴിഞ്ഞ കാല ബജറ്റുകളിലെ നിര്‍ദേശങ്ങളില്‍ എന്തെല്ലാം യാഥാര്‍ഥ്യമായി എന്ന് കൂടി അദ്ദേഹം വെളിപ്പെടുത്തണമായിരുന്നു.  നിര്‍ദേശങ്ങളേക്കാല്‍ പ്രധാനം അതിന്റെ പ്രയോഗവല്‍ക്കരണമാണല്ലോ. പാലിച്ചവയേക്കാള്‍ കൂടുതലാണ്  പാലിക്കാത്ത വാഗ്ദാനങ്ങള്‍.

          ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ അദ്ദേഹം ഇരുട്ടില്‍ തപ്പുമ്പോള്‍ ഐസക് മായാജാലം കാണിക്കുമെന്ന് കരുതാനാവില്ല. സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചാലോ കേന്ദ്രത്തെ അടിക്കാനുള്ള അവസരം നഷ്ട്‌പ്പെടുകയും ചെയ്യും. എന്നിട്ടും അദ്ദേഹം വിലക്കയറ്റ വിരുദ്ധ പാക്കേജിന് രൂപംനല്‍കിയിരിക്കുന്നു. 150 രൂപയുടെ കിറ്റ് ഏര്‍പ്പെടുത്തി. 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നൂറുകോടി രൂപ ബജറ്റില്‍  വകയിരുത്തുകയും ചെയ്തു. എന്നാല്‍ പൊതുവിപണിയിലെ അരിവില കുറയ്ക്കാന്‍ ഒരു നിര്‍ദേശവുമില്ലെന്നത് വലിയ പോരായ്മ തന്നെ. റോഡ് വികസനത്തിന് 40000 കോടി രൂപയുടെ സമഗ്രപദ്ധതി തയാറാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് ,പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ പരാജയമാണെന്ന് നിസ്സംശയം പറയാം. റോഡുകളുടെ ശോച്യാവസ്ഥയാണ് ഇടതുമുന്നണിയെ തോല്‍പിച്ചത്. റോഡുവികസനത്തിന് ആയിരം കോടിയും പൂവാര്‍ മുതല്‍ പൊന്നാനി വരെയുള്ള തീരദേശ ഹൈവേക്ക് 420 കോടിരൂപയും പത്ത് സംസ്ഥാന പാതകളുടെ പുനരുദ്ധാരണത്തിന് 1920 കോടിരൂപയും വകയിരുത്തിയതും അതുകൊണ്ടാണ്.

          വനിതാക്ഷേമത്തിന് 770 കോടി രൂപ വകയിരുത്തിയ മന്ത്രിയെ അഭിനന്ദിക്കണം. തീവണ്ടിയാത്രക്കിടയില്‍ സൗമ്യ ദാരുണമാംവിധം വധിക്കപ്പെട്ട സംഭവം ഇതിന് നിമിത്തമായി എന്ന് കരുതാം. വനിതാകമ്പാര്‍ട്ടുമെന്റില്‍ സ്വന്തം ചെലവില്‍ പൊലീസ് സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അഞ്ചുകോടി മാത്രമേ വകയിരുത്തിയിട്ടുള്ളൂ. പാലോളി കമീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ 10000 കോടിരൂപ അനുവദിച്ചത്  ബജറ്റിനെ ശ്രദ്ധേയമാക്കുന്നു. കമീഷനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ക്ക് ഇനി നാവടക്കാം.  ശബരിമലക്ക് നൂറുകോടിയുടെ മാസ്റ്റര്‍ പ്‌ളാനുണ്ട്. അടുത്ത മകരവിളക്കിന് മുമ്പ് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് വാഗ്ദാനം. പൂജാദ്രവ്യങ്ങള്‍ക്കെല്ലാം നികുതിയിളവുമുണ്ട്. പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്ക് പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചിരിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 300 ല്‍ നിന്ന് 400 ആക്കിയ നടപടിയും ആശ്വാസകരം തന്നെ.

          കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കോഴിക്കോട് നഗരവികസനത്തിന് 182 കോടി രൂപയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിന് 25 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് പരിപാടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4100 കോടിയുടെ ഗ്രാന്റാണ് ബജറ്റ് അനുവദിച്ചത്. കെ എസ് ആര്‍ ടി സിക്ക് നൂറുകോടി രൂപയും.

          സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. 2005-06ല്‍ 19,528 കോടിയായിരുന്നത് 2010-11ല്‍ 39790 കോടിയായി ഉയര്‍ന്നു. ചെലവ് ഇരട്ടിയായപ്പോള്‍ കമ്മി താഴ്ത്തി നിറുത്തുന്നതില്‍ വിജയിച്ചു. റവന്യൂകമ്മി 28.5 ശതമാനത്തില്‍ നിന്ന് 15.5 ആയി കുറഞ്ഞു. നികുതി പിരിവ് കാര്യക്ഷമമാക്കിയപ്പോള്‍ വരുമാനത്തില്‍ നല്ല വര്‍ധനവുണ്ടായി. 2005-06ല്‍ 7000 കോടിയായിരുന്നു നികുതി വരുമാനം. ഇപ്പോള്‍ 10000 കോടിയായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം ഒരുദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിവന്നില്ല എന്നത് നിസ്സാരമല്ല.

          എല്ലാ മേഖലക്കും തരാതരംപോലെ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തീക്ഷ്ണാനുഭവങ്ങളെ ശീതീകരിക്കാന്‍ ബജറ്റുകള്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. വിലക്കയറ്റത്തിന്റെ നെരിപ്പോടില്‍ വെന്തുരുകുന്ന ജനത്തിന് വാഗ്ദാനങ്ങളുടെ പെരുമഴ സമാശ്വാസം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഗൗരവപൂര്‍വം വിലയിരുത്തേണ്ട കാര്യമാണ്.  

Thursday, February 10, 2011

ക്രിമിനലുകള്‍ അടക്കിവാഴുന്ന കേരളം


          ദൈവത്തിന്റെ സ്വന്തം നാട് നാം ക്രിമിനലുകള്‍ക്ക് അടിയറവെച്ചിരിക്കുന്നു. അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക ശൈലിയായി വളര്‍ന്നിരിക്കുന്നു. ദേശീയ കണക്കുപുസ്തകത്തില്‍ കേരളത്തിനാണ് കുറ്റകൃത്യങ്ങളില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനം. ബിഹാര്‍, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചതെന്നോര്‍ക്കുക. ഗുരുതര കുറ്റകൃത്യങ്ങളുടെ (വയലന്റ് ക്രൈംസ്) കണക്കെടുത്താല്‍ മണിപ്പൂരിന് പിന്നിലായി കേരളം രണ്ടാംസ്ഥാനത്തെത്തിക്കഴിഞ്ഞു. അക്രമങ്ങളുടെയും ജീര്‍ണതകളുടെയും അഗ്നിഗാഥകള്‍ മ്‌ളാനമൂകരായി ഏറ്റുവാങ്ങാന്‍ കേരളം വിധിക്കപ്പെട്ടിരിക്കുന്നു. ദുരനുഭവങ്ങളുടെ ഒടുക്കമില്ലാത്ത പരമ്പരകള്‍ മലയാളികളെ ആകുലപ്പെടുത്താത്തതാണത്ഭുതം.

          ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം റജിസ്തര്‍ ചെയ്ത കേസുകളുടെ ദേശീയ നിരക്ക് 181.4 ആണ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തെ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയാണ് നിരക്ക് നിര്‍ണയിക്കുന്നത്. കേരളത്തിലിത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്ന് കേള്‍ക്കുമ്പോള്‍ ആരുടേയും നെറ്റിചുളിയേണ്ട. 341.5 ആണ് നമ്മുടെ നിരക്ക്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കൂടുതല്‍-418.5. പോലീസുകാര്‍ക്ക് എതിരായ പരാതികളുടെ എണ്ണത്തിലും കേരളം മോശമല്ലെന്ന് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പൊലീസുകാരില്‍ നൂറില്‍ ഒമ്പതുപേര്‍ക്കെതിരെ പരാതികള്‍ ഉള്ളതായി റിപ്പോര്‍ട്ടിലുണ്ട്.

          നമ്മുടെ ബോധങ്ങളില്‍ ഇരുട്ടു കനക്കുന്ന കണക്കുകളാണിവയെങ്കിലും അക്രമവാഞ്ചയുടെ ആരാധകരായി അധഃപതിക്കുന്നവരെ അതില്‍നിന്നും മോചിപ്പിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ജനജീവിതവുമായി അഭേദ്യബന്ധമുള്ള രാഷ്ട്രീയരംഗം പോലും ഇന്ന് ക്രിമിനലുകളുടെ നീരാളിപ്പിടുത്തത്തിലാണ്. അവരുടെ അംഗുലീചലനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലുമുണ്ട്. രാഷ്ട്രീയ പ്രബുദ്ധതക്ക് പുകള്‍പെറ്റ ഈ കൊച്ചുസംസ്ഥാനം പ്രതിലോമ പ്രവണതകളില്‍ മുങ്ങിക്കുളിക്കാന്‍ വിധിക്കപ്പെട്ടതിന് കാരണവും മറ്റൊന്നല്ല. പൊതുജീവിതത്തിലെ സംശുദ്ധിക്ക് ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ചവരുടെ വംശം തന്നെ കുറ്റിയറ്റുകൊണ്ടിരിക്കുകയാണല്ലോ.

          നിയമപരിപാലനത്തിന് കരുത്തുപകരേണ്ട പൊലീസിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആധിഭീതികള്‍ ഇരട്ടിക്കുകയാണ്. ക്രമസമാധാന പാലനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു നമ്മുടെ പൊലീസ്‌സേന. ഇന്ന് അവരെ കുറിച്ച് ഓര്‍ക്കാന്‍ ആഹ്‌ളാദഭരിതമായ മുഹൂര്‍ത്തങ്ങള്‍ അത്യപൂര്‍വം. കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലും പൊലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. എസ് ഐ തൊട്ട് ഐ ജി വരെ കൊലക്കേസുകളില്‍  ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങി ഇവിടെ കല്‍തുറുങ്കുകളില്‍ കഴിയുന്നു. സംസ്ഥാന പൊലീസ്‌സേന കോടതികളുടെ വിമര്‍ശനം  ഏറ്റുവാങ്ങിയതിന് കയ്യുംകണക്കുമില്ല. പ്രാകൃതപാതയിലൂടെ പിന്നോട്ടാണ് അവരുടെ സഞ്ചാരം.

          സ്ത്രീപീഡനങ്ങള്‍, കൊലപാതകങ്ങള്‍, കൊള്ള, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലും ക്രിമിനലുകള്‍ നാട് അടക്കിവാഴുകയാണ്. മാഫിയസംഘങ്ങള്‍ എല്ലാ രംഗത്തും ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളിലെന്ന പോലെ ഭരണനിര്‍വഹണരംഗത്തും അവര്‍ക്കുള്ള സ്വാധീനം സുവിദിതമാണ്. തെരഞ്ഞെടുപ്പിലെ കറവപ്പശുക്കളെന്ന നിലയില്‍ മാഫിയസംഘത്തെ പിണക്കാന്‍ ആര്‍ക്കും ധൈര്യമില്ല. ഇതിന് ഭരണപ്രതിപക്ഷ ഭേദമില്ല.

          അഴിമതിയുടെ കാര്യത്തിലും അശാന്തിയുടെ നടുക്കടലിലാണ് കേരളം. കൈക്കൂലി നല്‍കാതെ ഒരു ഫയലും അനങ്ങില്ല. മിക്ക ഓഫീസുകളിലും സഹകരണാടിസ്ഥാനത്തിലാണ് കൈക്കൂലി ഈടാക്കുന്നത്. അതിന് ഇഷ്ടംപോലെ ഇടനിലക്കാരുമുണ്ട്. റോഡുകളുടെയും പാലങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് നീക്കിവെക്കുന്നതുകയുടെ പകുതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കും വകുപ്പുമന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടിക്കും പകുത്തുനല്‍കണം. അതുകൊണ്ടാണ് റോഡുകളില്‍ നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ പാതാളക്കുഴികള്‍ പ്രത്യക്ഷപ്പെടുന്നത്.

          സാക്ഷരകേരളം മദ്യകേരളമായി വളര്‍ന്നത് ആരേയും അലോസരപ്പെടുത്തുന്നില്ല. ലഹരിക്ക് അടിമകളായി മാറുന്നവരുടെ എണ്ണം അസാധാരണമായി പെരുകുന്നത് മാത്രമല്ല പ്രശ്‌നം. കുറ്റകൃത്യങ്ങളുടെ അനിയന്ത്രിതമായ പെരുക്കത്തില്‍ മദ്യം വഹിക്കുന്ന പങ്കാണ് പ്രധാനം. റോഡപകടങ്ങളിലും  മദ്യത്തിന്റെ റോള്‍ വളരെ വലുതാണ്. മദ്യവിപത്ത് എല്ലാ സീമകളും ലംഘിച്ചുവെന്ന് ഇടതുകക്ഷികള്‍ക്ക് ഇപ്പോള്‍ മാത്രമാണ് ബോധ്യമായത്. അവര്‍ കാമ്പയിനുകള്‍ സംഘടിപ്പിച്ച് തുടങ്ങിയത് നല്ലകാര്യം. യുവാക്കള്‍ മാത്രമല്ല യുവതികളും മദ്യത്തില്‍ അഭയംതേടുന്നുവെന്നത് നമ്മുടെ മനസ്സാക്ഷിക്ക് നേരെ ഉയരുന്ന വെല്ലുവിളി തന്നെയാണ്.

          സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും കേരളത്തില്‍ വളരെ കൂടുതലാണ്. ഈ വിഭാഗത്തിലും  രണ്ടാംസ്ഥാനം നമുക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപ്തി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. വിദ്യാര്‍ഥികളില്‍ വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളില്‍ മൊബൈല്‍ ഫോണിന്റെ സ്വാധീനം എല്ലാ കണക്ക്കൂട്ടലുകളെയും കടത്തിവെട്ടുന്നു.

          2009ല്‍ 11,492 ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കേരളത്തിലുണ്ടായി. ഇതില്‍ 343 കൊലപാതകളും 408 കൊലപാതക ശ്രമങ്ങളും 568 മാനഭംഗങ്ങളുമാണ്. കടന്നുവന്ന വഴികള്‍ നാം വിസ്മരിച്ചുതുടങ്ങിയതിന്റെ ലക്ഷണമാണിതൊക്കെ. ചരിത്രത്തില്‍ ആരോഗ്യമുള്ള മലയാളിസമൂഹത്തിന് ആ സല്‍പേര് വീണ്ടെടുക്കണമെങ്കില്‍ ക്രിമിനലിസത്തിനെതിരെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകള്‍ തന്നെ പണിതുയര്‍ത്തേണ്ടിയിരിക്കുന്നു.

Tuesday, February 8, 2011

ഇസ്‌ലാമിക് ബാങ്കിന് അംഗീകാരം


          സംസ്ഥാനത്ത് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ അനുമതി ശരിവെച്ച ഹൈക്കോടതി നടപടി തീര്‍ച്ചയായും നീതിന്യായ ചരിത്രത്തിലെ അഭിമാനമുഹൂര്‍ത്തമായി രേഖപ്പെടുത്തപ്പെടും. ശരീഅത്ത് തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മതത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ്  എതിര്‍ക്കേണ്ടതില്ലെന്നാണ് കോടതിയുടെ സുചിന്തിതമായ നിഗമനം. മാത്രമല്ല മതം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ചെലവിടുന്നതുകൊണ്ട് മാത്രം ഭരണഘടനാ വിരുദ്ധമാവില്ലെന്നും സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇസ്‌ലാമിനും മറ്റുമെതിരെ പ്രാകൃതമായ സഹജഭാവം പുറത്തെടുത്തവര്‍ക്ക് ഇനി വകതിരിവിലേക്ക് മടങ്ങാം. ആരോപണങ്ങളുടെ കനല്‍ ചൊരിഞ്ഞ് രാഷ്ട്രീയനേട്ടം സ്വപ്നം കണ്ടവര്‍ക്ക് ഇനി വിശ്രമിക്കുകയുമാവാം.

          മതേതര സമൂഹത്തില്‍ ശരീഅത്ത് നിയമമനുസരിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിനെ ചോദ്യംചെയ്ത് മുന്‍ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യസ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ എസ് ബാബുവും സമര്‍പ്പിച്ച രണ്ടു ഹര്‍ജികളും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇസ്‌ലാമിക് ബാങ്കിന് അനുമതി നല്‍കിയത്. ബാങ്ക് മതേതരത്വത്തിന് എതിരാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.  റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇസ്‌ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

          ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കാന്‍ അല്‍ ബറക എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഫാസിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ഈ ബാങ്ക് വഴി മുസ്‌ലിംകള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക്  നിയമസാധുത നേടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ മൊത്തം ക്ഷേമം കണക്കിലെടുത്താണ് ഇസ്‌ലാമിക് ബാങ്ക് പരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമായത്. വിദേശമലയാളികളുടെ പണം എങ്ങനെ ഇതിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന ആലോചനയുടെ ഫലമായിരുന്നു അല്‍ ബറകയുടെ സംസ്ഥാപനം. ഇക്കാര്യം പരിശോധിക്കാന്‍ കെ എസ് ഐ ഡി സിക്ക് സര്‍ക്കാര്‍ നിര്‍ദേശംവവും നല്‍കി. ശരീഅത്ത് നിയമങ്ങളനുസരിച്ച് പലിശരഹിത നിക്ഷേപങ്ങളും ഹയര്‍ പര്‍ചേസും വില്‍പനയും എങ്ങനെ ലാഭകരമായി നടത്താമെന്ന പഠനം ആശാവഹമായിരുന്നു. പലിശയും കൂട്ടുപലിശയും ഊഹക്കച്ചവടവുമെല്ലാം ഉദ്പാദനക്ഷമമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഒരു  ബദല്‍ സംവിധാനം സമര്‍പ്പിക്കാന്‍ ആരും ഇതുവരെ മുന്നോട്ടുവന്നതായി അറിവില്ല.

          ഇസ്‌ലാമിക് ബാങ്കിംഗിനോട് പുറംതിരിഞ്ഞുനിന്ന പശ്ചാത്യന്‍ രാഷ്ട്രങ്ങള്‍പോലും അതിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും ചൈനയും ഫ്രാന്‍സുമടക്കം നിരവധി രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗ് വ്യവസ്ഥ ഇന്നു നിലവിലുണ്ട്. ഗള്‍ഫ് മലയാളികളെ സംബന്ധിച്ചെടുത്തോളം അവര്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ മടിക്കുന്നത്  പ്രധാനമായും പലിശയെ ലക്ഷ്യംവെക്കുന്നതുകൊണ്ടാണ്. പലിശരഹിത ബാങ്കുകള്‍ ആരംഭിച്ചാല്‍ പണം നിക്ഷേപിക്കാന്‍ അവര്‍ തയാറാണ്. ധനത്തിന്റെ സുരക്ഷിതത്വമാണ് അവര്‍ക്കു പ്രധാനം.

          ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന കോടിക്കണക്കിന് രൂപ സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ലോകബാങ്കില്‍ നിന്നും ഭീമമായ പലിശക്ക് കടമെടുത്താണ് നമ്മുടെ പല പദ്ധതികളും ഇപ്പോള്‍ നടപ്പാക്കുന്നത്. റോഡുകളും പാലങ്ങളും മറ്റും നിര്‍മിക്കാനും വ്യവസായങ്ങള്‍ ആരംഭിക്കാനും ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനു പകരം ഇസ്‌ലാമിക് ബാങ്കുകളിലെ നിക്ഷേപം ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല വാണിജ്യ രംഗത്തും കാര്‍ഷിക-വ്യാവസായിക മേഖലകളിലും പണം മുടക്കാം. ലാഭം നിക്ഷേപകരുമായി പങ്കുവെക്കുകയുമാവാം.
ഇങ്ങനെ ചെയ്യുമ്പോള്‍ പണമിടപാടുകള്‍ ശക്തമാവും. പണം പണക്കാര്‍ക്കെന്ന പോലെ സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുത്താനുമാവും. സ്വയം തൊഴില്‍ കണ്ടെത്താനും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതിനും കുട്ടികളുടെ ഉപരി പഠനത്തിനം ഇസ്‌ലാമിക് ബാങ്കിംഗ് പ്രയോജനപ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്?

          ഇസ്‌ലാമിക് ബാങ്കിംഗിനെ ഹിന്ദു ഐക്യവേദി എതിര്‍ക്കുന്നതിന്റെ രഹസ്യം കോടതിക്കും ബോധ്യമായി. രണ്ടാമത്തെ ഹര്‍ജിക്കാരന്‍ വര്‍ഗീയ സംഘടനയുടെ ഭാരവാഹിയാണ്. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഉപകരണമാക്കാനാണ് അദ്ദേഹം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇത് പൊതുനിലപാട് എടുക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കും. ഒരു മതവിഭാഗവുമായി വാണിജ്യപരമായ ഇടപെടല്‍ മതേതര സര്‍ക്കാരിന് പാടില്ലെന്ന് പറയുന്നതിനെയും കോടതി ചോദ്യംചെയ്തിരിക്കുന്നു. പല നിയമസംവിധാനങ്ങള്‍ക്കും ഏതെങ്കിലും മതവുമായി ബന്ധം കണ്ടേക്കും. അതുകൊണ്ട് മാത്രം അവ തള്ളിക്കളയണമെന്ന് പറയുന്നത് എത്രമാത്രം ബാലിശമാണ്. ഇസ്‌ലാമിക് ബാങ്കിനെതിരെ അടിത്തറയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ സമുദ്ധാരണോദ്യമങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന അപഹാസ്യമായ ശൈലി ഇനിയെങ്കിലും മാറ്റുക തന്നെ വേണം. കോടതി നല്‍കുന്ന വ്യക്തമായ സൂചന അവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Saturday, February 5, 2011

മോഡി ശിക്ഷിക്കപ്പെടുമോ?


          ഒമ്പതുവര്‍ഷം മുമ്പ് ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വ്യക്തമായ പങ്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. വിവേചനപരമായി പെരുമാറിയും നിഷ്‌ക്രിയത്വം പാലിച്ചും ഇരകളോട് അവഗണന കാട്ടിയും കലാപത്തെ സഹായിക്കുകയാണ് മോഡി ചെയ്തതെന്ന എസ് ഐ ടി കണ്ടെത്തല്‍ മോഡിയെ വെള്ളപൂശാന്‍ പാടുപെടുന്നവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി കൂടിയാണ്. കണ്ണും കാതുമില്ലാത്ത പൈശാചികതക്ക് സര്‍വാത്മനാ പിന്തുണ നല്‍കിയ മോഡി രാജ്യം കണ്ട ഏറ്റവും വലിയ നരാധമനായിരുന്നുവെന്ന് സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

          ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി മോഡിക്ക് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം ക്‌ളീന്‍ ചിറ്റ് നല്‍കിയെന്ന് ഡിസമ്പര്‍ മൂന്നിന് പ്രമുഖ ഇംഗ്‌ളീഷ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡി കുറ്റവിമുക്തനാണെന്ന ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത ഏറ്റുപിടിക്കുകയുമുണ്ടായി. റിപ്പോര്‍ട്ട് ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള അടവായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി. കലാപത്തില്‍ വ്യക്തമായ പങ്കുള്ള മോഡി കൈകഴുകി രക്ഷപ്പെടാന്‍ നടത്തിയ ശ്രമവും തെഹല്‍ക്കയാണ് കയ്യോടെ പിടികൂടി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

          നിയമത്തിന്റെ വഴികള്‍ കണ്ണുചിമ്മുമ്പോള്‍ നീതിപീഠം അതിന്റെ അനുപമമായ ദൗത്യം പുറത്തെടുക്കുന്നു. പൊലീസിന്റെ അകമ്പടിയോടെ ജീവിതത്തിന്റെ തേങ്ങലുകള്‍പോലും നിശ്ശബ്ദമാക്കപ്പെടുന്നിടത്ത് ജുഡീഷ്യറിയുടെ തണലെങ്കിലുമില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ? സൂര്യനുതാഴെ എന്ത് നെറികേടുമാവാം എന്നുറച്ച് ഫാഷിസത്തിന്റെ ഗൂഢമന്ത്രം ജപിച്ചുകഴിഞ്ഞ ഒരു മുഖ്യമന്ത്രി ഇങ്ങനെ പ്രതിലോമപ്രവണതകള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനു കടിഞ്ഞാണിടാന്‍ കോടതികള്‍ക്ക് മാത്രമേ കഴിയൂ.

          സൊഹറാബുദ്ദീന്‍ ഷെയ്ഖും ഭാര്യയും ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മോഡിക്കുള്ള വലിയ താക്കീതായിരുന്നു. ഏറ്റുമുട്ടലിനെ കുറിച്ച് പ്രത്യേക അന്വേഷണസംഘം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്ന മോഡിയെ വിശ്വാസത്തിലെടുക്കാന്‍ കോടതി തയാറായിരുന്നില്ല. സൊഹറാബുദ്ദീനെ വ്യാജ  ഏറ്റുമുട്ടലില്‍ വകവരുത്തിയതാണെന്ന് അവസാനം സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. ഭാര്യ കൗസര്‍ബിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതായും ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.  ഇതേ തുടര്‍ന്ന് കോടതി നേരിട്ട് ഡി ഐ ജി ഗീതാ ജോഹ്‌രിയെ അന്വേഷണത്തിന് നിയോഗിച്ചു.

          എന്നാല്‍ അധികം വൈകാതെ ഗീതയെ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്ന് മാറ്റി. ഇതേ തുടര്‍ന്നാണ്  ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കോടതി അന്വേഷണം ഏല്‍പിച്ചത്. സൊഹറാബുദ്ദീന് മുമ്പ് ജാവേദ് എന്ന പേര് സ്വീകരിച്ച മലയാളിയായ പ്രാണേഷ്‌കുമാറിനെയും ഭാര്യ ഇശ്‌റത്തിനെയും ഇതുപോലെ ലശ്ക്കര്‍ ഭീകരര്‍ എന്ന് മുദ്രകുത്തി മറ്റു രണ്ടുപേരോടൊപ്പം കൊലപ്പെടുത്തിയ സംഭവത്തിലും സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. അതും വ്യാജ ഏറ്റുമുട്ടലാണെന്ന് പിന്നീട് ബോധ്യമായി. ഇത്തരം സംഭവങ്ങള്‍ വേറെയും നടന്നിട്ടുണ്ടാവാം.  അതുകൊണ്ട് അവിടുത്തെ പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാനാവില്ലെന്ന കോടതിയുടെ പരാമര്‍ശവും ശ്രദ്ധേയമാണ്.

          സംസ്ഥാന പൊലീസിലെ ഉന്നതര്‍ തന്നെ ആരോപണവിധേയരായ സാഹചര്യത്തിലാണ് കോടതി സി ബി ഐയെ ആശ്രയിക്കേണ്ടിവന്നത്. സംസ്ഥാന പൊലീസിനെ അന്വേഷണം തുടരാന്‍ അനുവദിക്കാതിരുന്നത് അങ്ങേയറ്റം ഉചിതവുമായി. ഇരകളുടെയും പൊതുജനങ്ങളുടെയും ആത്മവിശ്വാസം തകര്‍ക്കാനേ അതുപകരിക്കൂ. നീതിയുടെ ദൗത്യം ധീരമായി നിര്‍വഹിക്കാന്‍ സന്നദ്ധമായ സുപ്രീംകോടതി മതേതര ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുക വഴി ചെയ്തത്.

           വര്‍ഗീയ ചിന്താഗതിയോടെ പ്രവര്‍ത്തിച്ചു, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി, നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചു. സംഘ്പരിവാര്‍ അംഗങ്ങളെ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചു, ഇരകള്‍ക്ക് നീതി നിഷേധിച്ചു, വംശഹത്യ നടക്കുമ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ നിയമവിരുദ്ധമായി മന്ത്രിമാരെ നിയോഗിച്ചു, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചു തുടങ്ങിയ കാര്യങ്ങളില്‍ മോഡി കുറ്റക്കാരനാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൂട്ടക്കൊലകള്‍ തടഞ്ഞ ഉദ്യോഗസ്ഥന്മാരെ അപ്രധാന പോസ്റ്റുകളിലേക്ക് സ്ഥലംമാറ്റാന്‍ വരെ മോഡി തയാറായി. തലസ്ഥാനനഗരമായ അഹമ്മദബാദില്‍ നിരവധി മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത മോഡി ഒറ്റദിവസം കൊണ്ട് 300 കി.മീറ്റര്‍ സഞ്ചരിച്ച് ട്രെയിന്‍ തീപ്പിടുത്തമുണ്ടായ ഗോധ്ര സന്ദര്‍ശിച്ചത് വിവേചനപരമായ നടപടിയായിരുന്നുവെന്നും എ ടി എസ് റിപ്പോര്‍ട്ടിലുണ്ട്.

          സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശീയഹത്യക്ക് ചുക്കാന്‍ പിടിച്ചത് മോഡിയാണെന്ന് വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ അനന്തര നടപടികള്‍ക്ക് കാതോര്‍ക്കുകയാണ് ജനം. സമുദ്രത്തോളം ആഴംനല്‍കി പ്രബല ന്യൂനപക്ഷത്തെ ആമൂലാഗ്രം ദ്രോഹിച്ച ഒരു ഭരണാധികാരിക്ക് മാതൃകാപരമായ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. മതേതര ഇന്ത്യയുടെ പ്രതിഛായയില്‍ വലിയ കളങ്കമേല്‍പിച്ച മോഡി നിയമത്തിന്റെ ഒരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല തന്നെ.

Tuesday, February 1, 2011

ഈജിപ്തിലെ ജനകീയ പ്രക്ഷോഭം

  
          പഴമയുടെ പ്രൗഢിപേറുന്ന ഈജിപ്ത് ജമാല്‍ അബ്ദുന്നാസറിനു ശേഷം ഏറെക്കുറെ ശാന്തമായി സഞ്ചരിക്കുകയായിരുന്നു. ഹുസ്‌നി മുബാറക്ക് അധികാരത്തില്‍ വന്നതോടെ അമേരിക്കന്‍ പക്ഷത്തോടായി ചായ്‌വ്. എന്നാല്‍ സ്ഥിതിയാകെ മാറുകയാണ്. അവിടെ ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം അനുദിനം ശക്തിയാര്‍ജ്ജിക്കുക മാത്രമല്ല രാജ്യം തന്നെ അരാജകത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ വൈസ്പ്രസിഡന്റായി രഹസ്യാന്വേഷണ വിഭാഗം മേധാവി ഉമര്‍ സുലൈമാനെയും പ്രധാനമന്ത്രിയായി നിലവിലുള്ള വ്യോമയാന മന്ത്രി അഹമദ് ശഫീഖിനെയും നിയമിച്ച ഹുസ്‌നി മുബാറക്കിന്റെ നടപടി ജനരോഷം തണുപ്പിക്കാന്‍ ഒട്ടും പര്യാപ്തമായിട്ടില്ല.

          മുപ്പതുവര്‍ഷമായി  തുടരുന്ന അധികാരം മുബാറക്ക് ഒഴിയണമെന്നതാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. എട്ടുകോടിയോളം ജനങ്ങളുള്ള ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ ആവശ്യം ചെവിക്കൊള്ളാന്‍ പക്ഷെ അദ്ദേഹം തയാറല്ല. ഒരാഴ്ചയായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ജനക്കൂട്ടം ജയിലുകള്‍ പിടിച്ചെടുത്ത് കാല്‍ലക്ഷത്തോളം തടവുപുള്ളികളെ മോചിപ്പിച്ചു. തടവുകാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പുകളില്‍  200ലേറെ പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കെയ്‌റോയുടെ മധ്യഭാഗം പ്രക്ഷോഭകര്‍ പിടിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

          ഈജിപ്തിലേത് ഒരു ജനകീയ വിപ്‌ളവം തന്നെയാണ്. സൈനികരില്‍ തന്നെ പ്രബല വിഭാഗവും ജഡ്ജിമാരുമെല്ലാം പ്രക്ഷോഭത്തില്‍ ആവേശപൂര്‍വം കണ്ണിചേര്‍ന്നതില്‍ നിന്നു തന്നെ മുബാറക്ക് ഭരണത്തോടുുള്ള അസന്തുഷ്ടി എത്രമാത്രം ശക്തമാണെന്ന് വ്യക്തം. അഴിമതി നിറഞ്ഞ ഏകാധിപത്യ വാഴ്ചക്ക് അന്ത്യംകുറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങളും. അതുകൊണ്ടാണ് മന്ത്രിസഭ അഴിച്ചുപണിപോലുള്ള  തന്ത്രങ്ങള്‍ വിലപ്പോവാത്തത്. കെയ്‌റോവിലേക്ക് നിരോധാജ്ഞ ലംഘിച്ചാണ് പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നത്. മുബാറക്, വിമാനം കാത്തുനില്‍ക്കുന്നു എന്ന മുദ്രവാക്യം മുഴക്കുന്ന പ്രക്ഷോഭകര്‍ക്ക് അദ്ദേഹം അധികാരം ഒഴിഞ്ഞാല്‍ മാത്രം പോരാ. രാജ്യം വിട്ടുപോവുക തന്നെ വേണം. 

          തലസ്ഥാന നഗരിയില്‍ മാത്രമല്ല, സൂയസ്, അലക്‌സാന്‍ഡ്രിയ, ലക്‌സര്‍, അസ്യൂത്, വടക്കന്‍ സീനായ് തുടങ്ങിയ നഗരങ്ങളിലും സമരം ശക്തമാണ്. ഗത്യന്തരമില്ലാതെ വിദേശരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയറിന്ത്യ ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ ആളുകള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. ഈജിപ്തില്‍ 3600 ഇന്ത്യക്കാരുള്ളതില്‍ 2200 ഉം കെയ്‌റോവിലാണ്.

          ടുണീഷ്യയിലെ മുല്ലപ്പൂ വിപ്‌ളവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈജിപ്തിലും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ക്കാനും ഇന്റര്‍നെറ്റ്, ടെലഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമാക്കാനും ജനങ്ങള്‍ക്ക് ധൈര്യംപകര്‍ന്നതും ടുണീഷ്യന്‍ മുന്നേറ്റങ്ങള്‍ തന്നെ. സമരത്തിന് പ്രചോദനം പകരാന്‍ അല്‍ ജസീറ ടിവി വലിയ പങ്കാണ് വഹിച്ചത്. പ്രക്ഷോഭ  വാര്‍ത്തകളും ലോകത്തെ അതതു സമയം അറിയിച്ചതും അവരാണ്. അതുകൊണ്ട് അല്‍ ജസീറക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ടിവന്നു. 

          ഈജിപ്തിലെ സംഭവവികാസങ്ങളില്‍  ഏറ്റവുമധികം ആകാംക്ഷ പുലര്‍ത്തുന്നത് അമേരിക്കയും ഇസ്രായീലുമാണ്. 1979 ല്‍ ഈജിപ്തുമായി സമാധാന ഉടമ്പടി ഒപ്പിട്ട ഇസ്രായീലിന് അന്നുമുതല്‍ കലവറയില്ലാത്ത പിന്തുണയാണ് മുബാറക്ക് ഭരണകൂടം നല്‍കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്  അറബ് ലോകത്ത് എതിര്‍പ്പുകളുണ്ടെങ്കിലും അമേരിക്കയുടെ ശക്തമായ തണലില്‍ എല്ലാം മറികടക്കാന്‍ കഴിഞ്ഞിരുന്നു. മുബാറക് ഇസ്രായീലില്‍ അഭയം തേടുമെന്ന അഭ്യൂഹത്തിന് കാരണവും ഇതു തന്നെ. ഹുസ്‌നി മുബാറക് നേരിടുന്ന പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഇസ്രായീലിനുണ്ടാവുക സ്വാഭാവികമാണല്ലോ.

          ഏകാധിപത്യത്തിനും സ്വേഛാധിപത്യത്തിനുമെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ വ്യാപകമാവുന്നതിന്റെ സൂചനയാണ് യമനില്‍നിന്നും ഉയരുന്നത്. യമനില്‍ പ്രസിഡണ്ട് അലി അബ്ദുല്ല സ്വാലിഹ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭവും ശക്തമാണ്. തലസ്ഥാനനഗരമായ സന്‍ആയില്‍ ഈജിപ്ഷ്യന്‍ എമ്പസിയിലേക്ക്  മാര്‍ച്ച്‌ചെയ്ത പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയുണ്ടായി.  ജോര്‍ദാനിലും അള്‍ജീരിയയിലും ടുണീഷ്യയിലും ഈജിപ്തിലും യമനിിലുമെന്നപോലെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. ടുണീഷ്യയില്‍ മുന്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ബിന്‍ അലി രാജ്യം വിട്ടിട്ടും പ്രക്ഷോഭം  അവസാനിച്ചിട്ടില്ല. ബിന്‍ അലിയുടെ വിശ്വസ്തനായ ഇടക്കാല പ്രസിഡണ്ട് മുഹമ്മദ് ഗനൂശി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.  21 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ടുണീഷ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി നാട്ടില്‍ തിരിച്ചെത്തിയിട്ടുമുണ്ട്.

         ഏകാധിപത്യത്തിന്റെ ദൂഷ്യങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ അതിനെതിരെ പൊരുതാന്‍ തയാറാകുന്നത് ഭരണം അത്രമേല്‍ ജനവിരുദ്ധമാവുമ്പോഴാണ്. അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും  അധികാരം നിലനിര്‍ത്താന്‍ വേണ്ടി സാമ്രാജ്യത്വശക്തികള്‍ക്ക് അടിമവേല ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ അറബ് രാജ്യങ്ങള്‍ പലതും എന്തുകൊണ്ടോ അപലപനീയമായ സമീപനമാണ് സ്വീകരിക്കുന്നത്. പതിറ്റാണ്ടുകളോളം ദുര്‍ഭരണം ഏറ്റുവാങ്ങേണ്ടിവന്ന ജനം ഗവണ്‍മെന്റിനെതിരെ തിരിഞ്ഞാല്‍ അത്തരം പ്രക്ഷോഭങ്ങളുടെ മുമ്പില്‍ മുട്ടുമടക്കിയതാണ് ഇതപര്യന്തമുള്ള ലോകചരിത്രം തന്നെ.
Related Posts Plugin for WordPress, Blogger...