Friday, September 30, 2011

ഉട്ടോപ്യയിലോ ഈ ഉഗ്രപ്രതാപികള്‍


          അത്താഴപൂജക്ക് അധ്യാപകന്റെ ചോര തന്നെ വേണോ? കിരാതഭാവം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ അതും അതിലപ്പുറവും ചെയ്യുമെന്നതിന് തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഭരണഘടനയുടെ അനര്‍ഘ സന്ദേശം കാത്തുസൂക്ഷിക്കേണ്ടവര്‍ തന്നെ ക്രൂരതയുടെ അവതാരങ്ങളായി മാറുമ്പോള്‍ കണ്ണിലും കരളിലും നിരാശയുടെ ഇരുട്ട് പരക്കുന്നു. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണപ്പിള്ള മാനേജരായ വാളകം രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്രാധ്യാപകന്‍ ആര്‍ കൃഷ്ണകുമാറിനെ ഇരുട്ടിന്റെ മറവില്‍ അതിഭീകരമായി മര്‍ദിച്ച്് മൃതപ്രായനാക്കി വഴിയില്‍ തള്ളിയ സംഭവം പക്ഷെ ക്രിമിനലുകളുടെ കൂത്താട്ടത്തില്‍ ഒന്നു മാത്രമായി  കണ്ട് അവഗണിക്കാനാവില്ല. ഒരു കൊലപാതകം നടത്തുന്നതിലും ആയാസകരമായ രീതിയിലും ക്രൂരവുമായാണ് കൃഷ്ണകുമാറിനെതിരെ ആക്രമണം നടന്നത്. ജനനേന്ദ്രിയവും മലദ്വാരവും മുറിച്ച നിലയില്‍ രാത്രി പത്തരയോടെ റോഡരികില്‍ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം കാണപ്പെട്ടത്. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ആന്തരാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടി വന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം  അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

          സ്‌കൂള്‍ മാനേജുമെന്റും കൃഷ്ണകുമാറും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസവും വിവിധ പ്രശ്‌നങ്ങളില്‍ കേസുകളും നിലവിലുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ഇതേ സ്‌കൂളിലെ ഹെഡ്മിസ്ട്രസാണ്. ഗീതയുടെ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ പ്രധാനധ്യാപക സ്ഥാനത്ത് നിയമിക്കാന്‍ ബാലകൃഷ്ണപിള്ള നടത്തിയ നീക്കത്തെ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തിരുന്നു. കോടതി ഉത്തരവ് ഗീതക്ക് അനുകൂലമായിരുന്നു. ഇതോടെ തനിക്കും ഭര്‍ത്താവിനും ഭീഷണിയുണ്ടെന്ന് ഗീത പൊലീസില്‍ പരാതിപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനു പുറമെ സ്‌കൂളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വകുപ്പു തലത്തിലും വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ഇതില്‍ കൃഷ്ണകുമാര്‍ സാക്ഷിമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടും മാനേജുമെന്റുമായി പ്രശ്‌നങ്ങളുണ്ട്.

          ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഷ്ട്രീയരംഗത്തെ ഉന്നതര്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്ന് ഗീതയും പറയുന്നു. ഹെഡ്മിസ്ട്രസായി ഹൈക്കോടതി ഉത്തരവിലൂടെ നിയമനം ലഭിച്ചുവെങ്കിലും സുപ്രീം കോടതിവരെ പോയാലും അത് തടയുമെന്ന വാശിയിലാണത്രെ പിള്ള.

          ക്വട്ടേേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. ഏതോ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. കൃഷ്ണകുമാറിന് മറ്റ് ശത്രുക്കളൊന്നും ഉള്ളതായി പ്രാഥമികാന്വേഷണത്തില്‍  വിവരം ലഭിച്ചിട്ടില്ല. കൃഷ്ണകുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ളയുടെ കാര്യസ്ഥനായി ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു.

         സംഭവത്തില്‍ ദുരൂഹത ആരോപിച്ച് എല്‍ ഡി എഫ് വാളകത്ത് ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി.  പ്രതിപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ വേളകത്ത് നടത്തിയ മാര്‍ച്ച് കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലുമാണ് കലാശിച്ചത്. മന്ത്രിയും മകനുമായ ഗണേഷ്‌കുമാറുമായി ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന് കൂലി കൊടുത്ത് നടത്തിയതാണ്  ഈ ക്രൂരകൃത്യമെന്നും ഇതിന് പിന്നില്‍  ബാലകൃഷ്ണപിള്ള തന്നെയാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ ആരോപണം. ഗണേശന്‍ രാജിവെച്ചാലേ അന്വേഷണം ശരിയായ രീതിയില്‍ നടക്കൂവെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉന്നത തലത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് സി പി എം സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം.

          പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊല്ലം റൂറല്‍ എസ് പി പ്രകാശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച മുഖ്യമന്ത്രിയുടെ നടപടി അനുമോദനമര്‍ഹിക്കുന്നു. കൊട്ടാരക്കര ഡി വൈ എസ് പിക്കായിരുന്നു ഇതുവരെ അന്വേഷണച്ചുമതല. ഇത്തരം അന്വേഷണ  സംഘങ്ങള്‍ ഇതിന് മുമ്പും നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവസാനം എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി പര്യവസാനിക്കുന്നതാണ് അനുഭവം. ആ ഗതി ഇതിനും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സമയബന്ധിതമായി കണ്ടെത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്. മന്ത്രി ഗണേശ്കുമാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന സംശയം ശക്തമാണെന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കണം.

           പ്രവാചകനിന്ദയുടെ പേരില്‍ കോളേജധ്യാപകനായ ജോസഫിന്റെ കൈവെട്ടിയ സംഭവം സംസ്ഥാനത്ത് സൃഷ്ടിച്ച കോളിളക്കം മറക്കാന്‍ കാലമായിട്ടില്ല. ജോസഫിനെ അക്രമിച്ചവരോട് ജനങ്ങള്‍ പ്രതികരിച്ച വിധം എല്ലാവരുടെയും സ്മൃതിപഥത്തിലുണ്ട്. ജോസഫിന് ശേഷം കൃഷ്ണകുമാര്‍ മൃഗീയമായി അക്രമിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പിന്നില്‍ ഒരു മന്ത്രിയുടെയും മുന്‍മന്ത്രിയുടെയും പേരുകള്‍ കൂടി ആളുകള്‍ കൂട്ടിവായിക്കുന്നു. പിള്ള സാങ്കേതികമായി ജയിലിലാണെങ്കിലും കിംസ് ആശുപത്രിയില്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ സുഖ ചികിത്സയിലാണ്. പിള്ളയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപം സമാധാനം കൊതിക്കുന്നവര്‍ക്ക് പ്രത്യാശ പകരുന്നതല്ല. പകയുടെ അഗ്നി അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന സംശയം ദൂരീകരിക്കേണ്ടത് യു ഡി എഫ് സര്‍ക്കാരിന്റെയും ബാധ്യതയായി മാറിയിരിക്കുന്നു. അറിവിന്റെ വിസ്മയലോകത്തേക്ക് കുട്ടികളെ ആനയിക്കുന്ന അധ്യാപകര്‍ക്ക് നേരെ പൈശാചികമായ കടന്നാക്രമങ്ങളുണ്ടാകുന്നത് ഒരു തരത്തിലും പൊറുപ്പിക്കാവുന്നതല്ല.

Friday, September 23, 2011

നിയന്ത്രണാതീതമാകുന്ന പകര്‍ച്ചപ്പനി


           ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിര്‍മാര്‍ജനം ചെയ്തുവെന്ന് നാം അഭിമാനിച്ചിരുന്ന മാരകവ്യാധികള്‍ ഒന്നൊന്നായി സംസ്ഥാനത്ത് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. തികച്ചും ഭീതിജനകമാണീ അവസ്ഥ. മലമ്പനി, മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍കൊണ്ട് കേരളത്തിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണ്. മതിയായ ചികിത്സയും മരുന്നും ലഭിക്കാതെ രോഗബാധിതര്‍ മരിച്ചുവീഴുന്നതിന്റെ വാര്‍ത്തകള്‍ നമ്മെ അമ്പരപ്പിക്കുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ബന്ധപ്പെട്ടവരുടെ അലംഭാവം കാരണം പരാജയപ്പെടുകയാണ്. പകര്‍ച്ചപ്പനി തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ പ്രസ്താവനങ്ങളില്‍ ഒതുങ്ങിപ്പോകുന്നു. സ്ഥിതിഗതികള്‍ അത്യന്തം സങ്കീര്‍ണമായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക് പറക്കുന്നതാണ് കണ്ടത്.

          കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറ്റവുമധികം ആളുകള്‍ക്ക് എലിപ്പനി പിടിപെടുന്നതും മരിക്കുന്നതും ഈ വര്‍ഷമാണ്. കോഴിക്കോട്ട് മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ എലിപ്പനി ബാധിച്ച് 40 പേരാണ് മരിച്ചത്. ഒരാഴ്ചക്കുള്ളില്‍ മാത്രം 13 പേര്‍! ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ രോഗികളുടെ കണക്കാണ്. സ്വകാര്യ ആശുപത്രികളിലും രോഗികള്‍ മരിച്ചുവീഴുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ഏകദേശം 150 പേര്‍ എലിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. പലരുടെയും നില ഗുരുതരവുമാണ്. മലപ്പുറം ജില്ലയില്‍ ഒമ്പത് പേര്‍ എലിപ്പനി മൂലം മരിച്ചു. 99 പേര്‍ നിരീക്ഷണത്തിലാണ്. തലസ്ഥാന ജില്ലയില്‍ ഒരു ഡസനിലേറെ പേരും എറണാകുളത്ത് ആറു പേരും പകര്‍ച്ചപ്പനിക്ക് കീഴടങ്ങി.

           രണ്ടു ദശാബ്ദത്തിനിടെ കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ കോളറയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മഞ്ഞപ്പിത്തം. കേരളസമൂഹം എല്ലാ രോഗങ്ങളും നിശബ്ദം നിസ്സഹായരായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. എല്‍ ഡി എഫ് ഭരിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എലിപ്പനിയും ജപ്പാന്‍ജ്വരവും ഡങ്കിപ്പനിയുമെല്ലാം കേരളത്തെ വരിഞ്ഞുമുറുക്കിയപ്പോഴും കടമകള്‍ക്ക് മുമ്പില്‍ ഉണര്‍ന്നിരിക്കാന്‍ മന്ത്രിമാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കോ അന്നും കഴിഞ്ഞിരുന്നില്ല.

          ചില പ്രത്യേക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് എലിപ്പനി കണ്ടുവരുന്നത്. പതിറ്റാണ്ടുകളായി ശുദ്ധീകരിക്കാത്ത വെള്ളക്കെട്ടുകള്‍, കൃഷിസ്ഥലങ്ങള്‍, കശാപ്പുശാലകള്‍ക്ക് സമീപം, ഓടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. പൊതുവെ മാലിന്യം നിറഞ്ഞ ജീവിത സാഹചര്യം കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും കാണാന്‍ കഴിയും. മഴക്കാലമായാല്‍ അഴുക്കുചാലുകള്‍ വര്‍ധിക്കുന്നു. ഇത് എലിപ്പനിക്ക് പറ്റിയ സാഹചര്യമാണ്. ചെറിയ മഴ പെയ്താല്‍ പോലും മലിനീകരണം ഇവിടെ വ്യാപകമാവും. അതിനാല്‍ ആര്‍ക്കുമിവിടെ എലിപ്പനി പിടിപെടാം. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെ നടക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും രോഗം പിടിപെട്ടതു തന്നെ. 20നും 50നുമിടയിലുള്ളവര്‍ക്കാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിലൂടെ ഉണ്ടായ മലിനീകരണ പ്രശ്‌നങ്ങളും എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് എല്ലാവിധ സാധ്യതകളും ഒരുക്കുന്നുണ്ട്. തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യകരമാക്കുകയാണ് ഇതിനുള്ള പ്രധാന പോംവഴി.

          ആരോഗ്യ സുരക്ഷക്കായി കേന്ദ്ര ഗവണ്‍മെന്റ്(എന്‍ എച്ച് ആര്‍ എം) ഭീമമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ ശുചീകരണത്തിനുള്ള ഈ ഫണ്ട് പക്ഷെ തദ്ദേശസ്ഥാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ആരോപിച്ചിരിക്കുന്നു. ഒരു സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം അതിന്റെ എല്ലാ മഹത്വങ്ങളെയും നിഷ്പ്രഭമാക്കുക ചികിത്സാരംഗമാണ്. ഗതകാലത്തെ കറുത്ത ഓര്‍മകള്‍ക്ക് അവധി നല്‍കാന്‍ പോലും മാറിവരുന്ന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതിവിടെയാണ്. നൂറുദിന കര്‍മപദ്ധതിയടക്കം സര്‍ക്കാരിന് അഭിമാനിക്കാന്‍ നേട്ടങ്ങള്‍ പലതുമുണ്ടെന്ന് സമ്മതിക്കുന്നു. വരുന്ന രണ്ടു ദശാബ്ദങ്ങളിലേക്കുള്ള വികസന പദ്ധതികള്‍ക്ക് രൂപകല്‍പന നല്‍കാന്‍ വെമ്പുന്ന  ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കുകയും ചെയ്യുന്നു. എമര്‍ജിംഗ് കേരള എന്ന വ്യവസായ കുതിപ്പിനും സംസ്ഥാനം തയാറെടുക്കുകയാണല്ലോ. പക്ഷെ പകര്‍ച്ചവ്യാധി തടയാന്‍ ഫലപ്രദമായ എന്തു നടപടി സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ ഉറക്കെ ചിന്തിക്കണം. 

          ആരോഗ്യമന്ത്രി ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി കോഴിക്കോട്ടെത്തി ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം ചേര്‍ന്നതും കേന്ദ്രസംഘം സംസ്ഥാനത്തെത്തുന്നതുമൊക്കെ വളരെ നല്ല കാര്യം. അതുപോലെ പ്രധാനമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രതയും. എലിപ്പനിക്കുള്ള ഡോക്‌സി വാക്‌സിന്‍ പ്രതിരോധ മരുന്ന് ഇപ്പോഴും ഫാര്‍മസികളില്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച മന്ത്രി പറയുന്നത് ശരിയല്ല. എലിപ്പനിക്ക് മാത്രമായി പനി ക്‌ളിനിക്കുകള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണം. കേരളം പനിച്ച് വിറയ്ക്കുമ്പോഴും ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കാനാവാത്തത് തീര്‍ച്ചയായും അപലപനീയമാണ്. രോഗനിര്‍ണയത്തില്‍ സംഭവിക്കുന്ന അമാന്തം, പ്രതിരോധ നടപടികളിലെ പാളിച്ചകള്‍, ശുചിത്വ പരിപാലനത്തിലെ വീഴ്ച തുടങ്ങിയ അസംഖ്യം കാരണങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടാതെ പകര്‍ച്ചവ്യാധികളില്‍നിന്ന് മലയാളി രക്ഷപ്പെടില്ല. നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ശോച്യാവസ്ഥയിലാണ് സര്‍ക്കാര്‍ വക ആരോഗ്യകേന്ദ്രങ്ങളും. ഇതിനും സത്വരനടപടി കൈക്കൊള്ളേണ്ടതുണ്ട്.
Related Posts Plugin for WordPress, Blogger...