Friday, June 21, 2013

ഖുര്‍ആനില്‍ ഒന്നും വിട്ടുകളഞ്ഞിട്ടില്ല



      ഖുര്‍ആന്റെ വിശദീകരണം ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനിക വചനങ്ങളെ ഖുര്‍ആനിക വചനങ്ങള്‍കൊണ്ട് തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. അല്ലാതെ പ്രവാചകന്‍ അതിന്റെ വിശദീകരണം നാട്ടിലൂടെ ഉപേക്ഷിച്ച് (തറക) പോവുകയും പിന്നീട് മുന്നൂറ് വര്‍ഷം കഴിഞ്ഞ് അങ്ങകലെ റഷ്യയുടെയും ഇറാന്റെയും അതിര്‍ത്തികളില്‍നിന്ന് വന്ന ചിലര്‍ മാന്തി പുറത്തെടുത്ത (അഖ്‌റജ) തുമല്ല. ഈ ഹദീസുകള്‍ പുറത്തുകൊണ്ടുവരുന്നതിനു മുമ്പ് ഖുര്‍ആന്‍ എങ്ങനെയാണ് വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നത് എന്ന് നാം ചിന്തിക്കണം. പ്രവാചകന്‍ തന്റെ ദൗത്യം പൂര്‍ണമായും നിര്‍വഹിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും അശേഷം സംശയമില്ലല്ലോ. 

     ഖുര്‍ആന്റെ വിശദീകരണം  ഖുര്‍ആനിനകത്തു തന്നെയാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:-

     ' മനുഷ്യര്‍ക്ക് വേണ്ടി  വേദഗ്രന്ഥത്തില്‍ വിശദീകരിച്ച ശേഷം തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളുമായി നാം അവതരിപ്പിച്ചതിനെ മറച്ചുവെക്കുന്നവര്‍ ആരോ തീര്‍ച്ചയായും അവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ശപിക്കുന്നവരെല്ലാം അവരെ ശപിക്കുകയും ചെയ്യുന്നു'(2:159). ഖുര്‍ആന്‍ എല്ലാം വ്യക്തമാക്കുന്ന (കിതാബുന്‍ മുബീന്‍) ഗ്രന്ഥമാണ്. അതിലെ വചനങ്ങള്‍ വിശദീകൃതവുമാണ്.(ആയാത്തുന്‍ ബയ്യിനാത്തുന്‍). അത് വിശദീകരിക്കപ്പെട്ടിട്ടുള്ളത് വേദത്തില്‍ (ഫില്‍ കിതാബി) തന്നെയാണ്. ഖുര്‍ആന്‍ സ്വയം തന്നെ വിശദീകൃതമാണ്. (തിബ്‌യാന്‍). അങ്ങനെയുള്ള ഗ്രന്ഥത്തെ മൂടിവെക്കാതിരിക്കുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതുമാണ് പ്രവാചകന്റെ ദൗത്യം. ഖുര്‍ആന് തഫ്‌സീര്‍ എഴുതാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. കാരണം ഖുര്‍ആനെ വിശദമാക്കുന്ന ഗ്രന്ഥമാക്കിയതും അതിലെ വചനങ്ങളെ വിശദീകരിച്ചതും അല്ലാഹു തന്നെയാണ്. (മിന്‍ബഅദി  മാ ബയ്യന്നാഹു ലിന്നാസി ഫില്‍ കിതാബി). പ്രവാചകന് അവതരിപ്പിക്കപ്പെട്ട വേദത്തെ മൂടിവെക്കാതെ നമുക്ക് വായിച്ചുതരികയും നാം അത് ചിന്തിച്ചു മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ മതി. ഖുര്‍ആനെ ദൈവം  എളുപ്പമാക്കിയിരിക്കുന്നു എന്നാണല്ലോ ദൈവം തന്നെ പറയുന്നത്.(വലഖദ് യസ്സര്‍നല്‍ ഖുര്‍ആന.....).

     മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണുക:- ' അപ്പോള്‍ അത് നാം നിന്റെ ഭാഷയില്‍ ലളിതമാക്കിയത് നീ അതുകൊണ്ട് മുത്തഖികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനും എതിര്‍കക്ഷികളായ ജനതക്ക്  അതുകൊണ്ട് മുന്നറിയിപ്പ് നല്‍കാനും വേണ്ടി മാത്രമാണ് (19:99). വിശദീകൃതമായ അവന്റെ വചനങ്ങള്‍ നാം വായിച്ചാല്‍ അവ നമ്മോടു സംസാരിക്കും. അവയെ  മൂടിവെക്കാതെ ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അഥവാ വെളിവാക്കുക (ബയ്യന) എന്ന പദത്തിന്റെ വിപരീതപദമായിട്ടാണ് മൂടിവെക്കുക (കതമ) എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. 2:159  ല്‍ വ്യക്തമാക്കപ്പെട്ടതും വിശദീകൃതവുമായ അവന്റെ വചനങ്ങളെ മൂടിവെക്കുന്നതിനെയാണ് (യക്തുമു) ദൈവം താക്കീതു ചെയ്യുന്നത്. മാത്രമല്ല അവ മൂടിവെക്കാതെ ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ബാധ്യത അതാണെന്ന് പരമകാരുണികന്‍ വ്യക്തമാക്കുന്നു.

     'വേദം നല്‍കപ്പെട്ടവരില്‍ നിന്നും തീര്‍ച്ചയായും നിങ്ങള്‍ അത് മൂടിവെക്കാതെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കണമെന്ന് അല്ലാഹു ഉറപ്പുവാങ്ങുകയും......'(3:187). മൂടിവെക്കുക (കതമ) എന്നതിന്റെ വിപരീത പദമായിട്ടാണ് വെളിവാക്കുക (ബയ്യന) എന്ന പദം വന്നിട്ടുള്ളത് എന്ന കാര്യം ഈ ആയത്തിലൂടെയും വ്യക്തമാകുന്നു.

     നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. എന്നാല്‍  മതപുരോഹിതന്മാര്‍ പറയുന്നത് ഖുര്‍ആന്‍ വിശദീകൃത ഗ്രന്ഥമല്ല എന്നാണ്. അത് അവ്യക്തമാണ്. അത് വായിച്ചാല്‍ ഭിന്നതയുണ്ടാകും. ആ ഭിന്നത തീര്‍ക്കാനാണത്രെ ഹദീസുകള്‍. ആ ഭിന്നത തീര്‍ക്കാന്‍ ഒരു വ്യാഖ്യാതാവിന്റെ ആവശ്യം ഉണ്ടുപോലും. എന്നിട്ടെന്തു സംഭവിച്ചു? ഖുര്‍ആനിലെ ഭിന്നതയും അവ്യക്തതയും തീര്‍ക്കാന്‍ വന്ന ഹദീസുകള്‍ ഒരു കാര്യത്തില്‍ പോലും യോജിപ്പില്ലാത്ത വിധം മുസ്‌ലിംകളെ ഭിന്നതയുടെ കൊടുമുടിയില്‍  കൊണ്ടെത്തിച്ചിരിക്കുന്നു! എന്തൊരു വിരോധാഭാസമാണിത്. ആശയത്തില്‍ മാത്രമല്ല വായനയില്‍ പോലും ഹദീസുകളില്‍ ഭിന്നത നിറഞ്ഞുനില്‍ക്കുന്നു.

     'പരമസത്യവും ഏറ്റവും നല്ല വ്യാഖ്യാനവും നാം നിനക്ക് കൊണ്ടുവന്നു തന്നിട്ടില്ലാത്ത യാതൊരു ഉപമയും അവര്‍ നിന്റെ പക്കല്‍ കൊണ്ടുവരുന്നുമില്ല (25:33). അപ്പോള്‍ ഖുര്‍ആന്റെ ഏറ്റവും നല്ല വ്യാഖ്യാനം (അഹ്‌സനു തഫ്‌സീര്‍) ഖുര്‍ആനിനുള്ളില്‍ തന്നെയാണ്. നമുക്ക് അതുമതി. ഏറ്റവും നല്ല തഫ്‌സീര്‍ നമുക്ക് സ്വീകരിക്കാം.

     ഖുര്‍ആനില്‍ ഒന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും  എല്ലാ കാര്യങ്ങളുടെയും വിശദീകരണമായിട്ടാണ് അവ ഇറക്കപ്പെട്ടതെന്നും അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു (6:38, 16:89). 

Saturday, June 15, 2013

ദൈവത്തെ അനുസരിക്കുക, അവന്റെ ദൂതനെ അനുസരിക്കുക


   
     'നിങ്ങള്‍ കരുണച്ചെയ്യപ്പെടുവാന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുവിന്‍' (3:132)

     'ഓ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ഈ കല്പനക്കാരെയും അനുസരിക്കുകയും....(4:59). 

     ദീനീ കാര്യങ്ങളില്‍ അനുസരണം ഒരാള്‍ക്കോ അതല്ല ഒന്നിലധികം പേര്‍ക്കോ എന്നതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം ചോദിക്കുവാനുള്ളത്. ദീനീ കാര്യങ്ങളില്‍ അനുസരിക്കപ്പെടേണ്ടവന്‍ ഒരാള്‍ മാത്രമേയുള്ളൂ. അത് അല്ലാഹുവാണ്. ദൈവദൂതന്‍  ജീവിച്ചിരിക്കുമ്പോള്‍ ദൈവീകവചനം അവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അദ്ദേഹത്തെയും അനുസരിക്കണം. അദ്ദേഹത്തിന്റെ മരണശേഷം ഈ കല്‍പന (അല്‍ അംറ്) യില്‍ നിലകൊള്ളുന്നവരെയും അവര്‍ ഈ ഖുര്‍ആന്‍ നമ്മോടു പറയുകയാണെങ്കില്‍ അനുസരിക്കണം. അല്‍ അംറ് എന്നു പറഞ്ഞതില്‍ നിന്നു തന്നെ അത് ഖുര്‍ആനാണെന്ന് വ്യക്തമാണ്. ദൈവത്തിനു എതിരായി ദൈവത്തിന്റെ ഒരു സൃഷ്ടിക്കും അനുസരണമില്ല എന്നതാണ് സത്യം.
 പ്രവാചകനെ അനുസരിക്കൂ എന്ന ഒരു കല്‍പന ഖുര്‍ആനിലില്ല. പിന്നെയോ ദൂതനെ അനുസരിക്കൂ എന്ന കല്‍പനയാണ് ഖുര്‍ആനിലുള്ളത്. ഇതില്‍നിന്നും കാര്യം വളരെ വ്യക്തമാണ്. ദൂതനെ അനുസരിക്കുക എന്നു പറഞ്ഞാല്‍ ദൂതിനെ അഥവാ ദൈവീകസന്ദേശത്തെ അനുസരിക്കുക എന്നാണ്. നല്ല കാര്യങ്ങളില്‍ അഥവാ മഅ്‌റൂഫ് എന്ന ഉടമ്പടിവെച്ച് പ്രവാചകനെ ധിക്കരിക്കരുത് എന്ന ഒരു ഉടമ്പടി പ്രവാചകന്റെ നിസാഉകളോട് വാങ്ങുന്ന ഒരു വചനം ഖുര്‍ആനിലുണ്ട്. മഅ്‌റൂഫ് എന്ന ഉടമ്പടി വെച്ചുകൊണ്ട് പ്രവാചകനെ ധിക്കരിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. അപ്പോള്‍ ഒരു ഉപാധിയും പറയാതെ അനുസരിക്കൂ എന്ന കല്‍പന ചേര്‍ത്തു പറയുന്നത് ദൂതനിലേക്ക് മാത്രമാണ്.
ഖുര്‍ആനില്‍ (33:16)  'യാ അയ്യുഹന്നബിയ്യു' എന്നതിനു പകരം 'യാ അയ്യുഹറസൂല്‍' എന്നാണ് അല്ലാഹു അഭിസംബോധന ചെയ്തിരുന്നതെങ്കില്‍ അനുസരണം നിരുപാധികം തന്നെയാകുമായിരുന്നു. അതായത് റസൂലിനെ അനുസരിക്കുകയെന്നാല്‍ റിസാലത്തിനെ അനുസരിക്കുക അഥവാ ദൈവത്തിന്റെ ദൂതിനെ അനുസരിക്കുക. അതിനു ഉപാധികളില്ല. എന്നാല്‍ 33:16 ല്‍ അഭിസംബോധന പ്രവാചകനെ (നബിയെ) ആയതുകൊണ്ട് അനുസരണം മഅ്‌റൂഫായ കാര്യങ്ങളിലേ ആകാവൂ എന്ന ഉപാധിവെച്ചു. ഇങ്ങനെ മഅ്‌റൂഫ് ആയ കാര്യങ്ങളില്‍ മാതാപിതാക്കളെയാണെങ്കിലും അനുസരിക്കാം എന്നാണ് അല്ലാഹു പറയുന്നത്. എന്നാല്‍ യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളില്‍  അവര്‍ നിന്നെ പങ്കുചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അനുസരിക്കേണ്ടതില്ല എന്നും അല്ലാഹു വ്യക്തമാക്കുന്നു.
'ഇനി നിനക്ക് ഒരറിവും ഇല്ലാത്ത വല്ലതും എന്നോട് പങ്കുചേര്‍ക്കുവാന്‍ ഇരുവരും നിന്നോട് പോരാടിയാലോ? അപ്പോള്‍ നീ അവരെ അനുസരിക്കുകയും ചെയ്യരുത്. എന്നാല്‍ ഐഹിക ജീവിതത്തില്‍ മഅ്‌റൂഫ് ആയിക്കൊണ്ട് നീ അവര്‍ ഇരുവരോടും സഹകരിക്കുകയും......(ലുഖ്മാന്‍ 15).
 ദൂതനുള്ള അനുസരണം ദിവ്യസന്ദേശത്തിന്റെ ഉടമയായ അല്ലാഹുവിനുള്ള അനുസരണമാണ്. ആ ദൈവീക സന്ദേശത്തെ അനുസരിക്കുന്നവരില്‍ ഒന്നാമന്‍ പ്രവാചകന്‍ തന്നെയാണല്ലോ. ഈ കല്‍പനയെ അഥവാ ഖുര്‍ആനെ അനുസരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഈ കല്‍പനയുടെ ആളുകളും (ഉലുല്‍ അംറ്) ആയിരിക്കുമല്ലോ. അവരെയും സൃഷ്ടാവിനെതിരായി അനുസരിക്കാന്‍ പാടില്ല. സൃഷ്ടാവിന്റെ കല്‍പന നമ്മോടു പറയുന്ന അത്തരക്കാരെയും സൃഷ്ടാവിന് എതിരാകാത്ത നിലക്ക് അനുസരിക്കാം. അല്ലാഹു പറയുന്നതു കാണുക:-
'അല്ലാഹുവിന്റെ അനുമതിയോടു കൂടി അനുസരിക്കപ്പെടുവാനായിട്ടല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടേ ഇല്ല'. (4:64) ആ അനുമതി എന്താണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക:-
'മനുഷ്യരെ തന്റെ നാഥന്റെ അനുമതിയോടു കൂടി അന്ധകാരങ്ങളില്‍ നിന്നെല്ലാം വെളിച്ചത്തിലേക്ക് നീ ആനയിക്കുന്നതിനു നാം നിന്നിലേക്ക് ഇറക്കിയ  ഗ്രന്ഥമാണത്. അതായത് പ്രതാപവാനും സ്തുത്യര്‍ഹനുമായ ഒരുവന്റെ നേര്‍വഴിയിലേക്ക് (ഇബ്രാഹിം 1). അപ്പോള്‍ അനുമതിപത്രമായി ദൂതനു നല്‍കിയിട്ടുള്ളത് വേദഗ്രന്ഥമാണ്. അതുകൊണ്ടാണ് ആരെങ്കിലും ആ ദൂതനെ അനുസരിച്ചാല്‍ തന്നെ   ദൈവത്തെ അനുസരിച്ചു എന്ന് അല്ലാഹു പറഞ്ഞത്. കാരണം ആ ദൂതന്‍ ദൈവത്തിന്റെ കലാമാണല്ലോ സംസാരിക്കുക. പരമകാരുണികന്‍ പറയുന്നു:-
'ആരെങ്കിലും ദൈവദൂതനെ അനുസരിച്ചാല്‍  അവന്‍ അല്ലാഹുവിനെ അനുസരിച്ചുകഴിഞ്ഞു. (4:80). ഖുര്‍ആനിനു പുറമെയുള്ള ഒരു മതസ്രോതസ്സിനെ അനുസരിച്ചാല്‍ അവന്‍ ഖുര്‍ആനിനെ അനുസരിച്ചു എന്നല്ലല്ലോ ഈ വചനത്തിന്റെ വിവക്ഷ. അങ്ങനെയാണെങ്കില്‍ പിന്നെ ഖുര്‍ആനിന്റെ ആവശ്യമില്ലല്ലോ. നൂഹ്, ഹൂദ്, സ്വാലിഹ് എന്നീ ദൂതന്മാര്‍ അവരുടെ ജനതയുടെ അടുത്ത് ചെന്ന് അവരെ അനുസരിക്കാന്‍ അവരുടെ സമൂഹത്തോട് കല്‍പിക്കുന്നത് സൂറത്ത് അശുഅറാഅ് 108,126,163 എന്നീ വചനങ്ങല്‍ കാണാം.

Saturday, June 8, 2013

വിശ്വസിക്കേണ്ട ഹദീസ് ഏത്?



     ഹദീസ് എന്ന പദം അല്ലാഹു തന്റെ വേദത്തില്‍ ഖുര്‍ആനിന്റെ വിശേഷണമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് ആ വേദം പോലുള്ള ഒന്നു കൊണ്ടുവരാന്‍ ബഹുദൈവ വിശ്വാസികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു:-

     'ഇത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുണ്ടോ? ഇല്ല. പിന്നെയോ, അവര്‍ വിശ്വസിക്കുന്നില്ല. അവര്‍ സത്യസന്ധരാണെങ്കില്‍ അതുപോലുള്ള ഒരു ഹദീസ് കൊണ്ടുവരട്ടെ.(52:3334) എന്നാല്‍ വിചിത്രവും അത്ഭുതകരവുമെന്നു പറയട്ടെ, ബഹുദൈവ വിശ്വാസികളോടുള്ള വെല്ലുവിളി മുസ്‌ലിം പുരോഹിതന്മാര്‍ തന്നെ ഏറ്റെടുക്കുകയും ഹദീസുകള്‍ എന്ന പേരില്‍ ഒരു പാട് വാറോലകള്‍ എഴുതിയുണ്ടാക്കുകയും ചെയ്തിരിക്കുന്നു!  അവയാകട്ടെ അല്ലാഹു തന്റെ വേദത്തെ കുറിച്ച് വിശേഷിപ്പിച്ച ഏറ്റവും നല്ല ഹദീസുകള്‍ (അഹ്‌സനുല്‍ ഹദീസ്) എന്ന വിശേഷണത്തിന്റെ അടുത്തുപോലും വെക്കാന്‍ പറ്റാത്തതും. അല്ലാഹു പറയുന്നത് കാണുക:-

     'അത്യുത്തമ ഹദീസിനെ പരസ്പര സദൃശവും ആവര്‍ത്തിതവുമായ ഒരു ഗ്രന്ഥമായി  അവതരിപ്പിച്ചിരിക്കുന്നു. അതു നിമിത്തം തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും ദൈവത്തിന്റെ അനുസ്മരണക്ക് മൃദുലമാവുകയും ചെയ്യുന്നു. അതാണു ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം. (39:23). അത്യൂത്തമ ഹദീസ് ഒരു ഗ്രന്ഥമായും (കിതാബന്‍) ഏറ്റവും നല്ലതായും അല്ലാഹു നല്‍കിയിരിക്കെ എന്തിന് ഏറ്റവും ചീത്തയായ (അഖ്ബഹ്) ഹദീസുകള്‍ നാം തേടിപ്പോകണം? ഖുര്‍ആനെ അല്ലാഹു ഹദീസ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ആ ഖുര്‍ആനിലാണ് സത്യം മുഴുവന്‍ എന്ന് ദൈവം വ്യക്തമാക്കുന്നതും കാണുക. ഖുര്‍ആനാകുന്ന ഹദീസിനെ തള്ളിക്കളയുന്നവരെ അല്ലാഹു താക്കീതു ചെയ്യുന്നതും  കാണുക:-

     'അതിനാല്‍ എന്നെയും ഈ ഹദീസിനെ വ്യാജമാക്കുന്നവരെയും നീ വിട്ടേക്കുക. അവരറിയാത്ത വിധത്തില്‍ അവരെ നാം ഇതാ അടുപ്പിക്കുകയാണ്.(68:44).  ഖുര്‍ആനാകുന്ന ഹദീസിനു പുറമെയുള്ളവയില്‍ വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു   തന്നെ വ്യക്തമാക്കുന്നത് കാണുക:-

     'അവ സത്യത്തോടുകൂടി നിനക്ക് നാം ഓതിത്തന്ന ദൈവത്തിന്റെ വചനങ്ങളാകുന്നു. അപ്പോള്‍ ദൈവത്തിനും അവന്റെ വചനങ്ങള്‍ക്കും ശേഷം ഏതൊരു ഹദീസിലാണ് അവര്‍ വിശ്വസിക്കുന്നത്? പാപികളായ സര്‍വ്വ നുണയന്മാര്‍ക്കും മഹാനാശം. (45:6,7). ഇതേ ചോദ്യം ആവര്‍ത്തിക്കുന്ന നിരവധി ആയത്തുകള്‍ വേറയും ഖുര്‍ആനില്‍ കാണാം. ഉദാ: (7:185, 77:50)

     ഖുര്‍ആനെയാണ് ദൈവം ഹദീസ് എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനു പുറമെയുള്ള ഹദീസിനെ വാര്‍ത്താവിനോദം എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. 'എന്നാല്‍ യാതൊരു അറിവുമില്ലാതെ ദൈവത്തിന്റെ മാര്‍ഗത്തില്‍നിന്നും വ്യതിചലിപ്പിക്കാനും അതിനെ പരിഹസിക്കാനും വേണ്ടി വാര്‍ത്താവിനോദം (ലഹ്‌വല്‍ ഹദീസ്) വിലക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരിലുണ്ട്. അക്കൂട്ടര്‍ ആരോ അവര്‍ക്ക് തന്നെയാണ് നിന്ദിക്കുന്ന ശിക്ഷ. അവര്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതിക്കൊടുത്താല്‍ തങ്ങളുടെ ഇരുചെവികളിലും വല്ല അടപ്പും ഉള്ളതുപോലെ അതു കേട്ടിട്ടില്ലാത്ത മട്ടില്‍ അഹങ്കാരികളായി തിരിഞ്ഞുപോകും. അതിനാല്‍ അവര്‍ക്ക് നീ കഠിനമായ ശിക്ഷയെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക.(31:6)

     ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കോ വചനങ്ങള്‍ക്കോ തുല്യമായതൊന്ന് കൊണ്ടുവരാന്‍ അല്ലാഹു വീണ്ടും വെല്ലുവിളിക്കുന്നത് കാണുക:-

    നമ്മുടെ ദാസന്റെ മേല്‍ നാം ഇറക്കിയതിനെ കുറിച്ച് നിങ്ങള്‍ വല്ല സംശയത്തിലുമായാല്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതു പോലുള്ളതില്‍നിന്നും ഒരധ്യായം കൊണ്ടുവരികയും....(2:23)..... 

     ഖുര്‍ആനിലെ മാതൃകയില്‍ നിന്നും ആര്‍ക്കും കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ പിന്നെ പ്രവാചകന്‍ ഇങ്ങനെ എനിക്ക് ഖുര്‍ആന്‍ പോലെയുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നുവെന്ന് എങ്ങനെ പറയും? ഖുര്‍ആനിനു സമാനമായ (മിഥ്ല്‍) ഒന്ന് കൊണ്ടുവരാന്‍ പ്രവാചകന്റെ നാവിലൂടെ തന്നെ വെല്ലുവിളിക്കുക. എന്നിട്ട് അതേ പ്രവാചകന്‍ തന്നെ എനിക്ക് ഖുര്‍ആന്‍ പോലെയുള്ള മറ്റൊന്നു കൂടി നല്‍കപ്പെട്ടിരിക്കുന്നു എന്ന് പറയുകയും ചെയ്യുക. ഈ വൈരുധ്യം ഒരിക്കലും സംഭവിക്കുകയില്ലല്ലോ. 

     അല്ലാഹു പറയുന്നത് കാണുക:- 'അതല്ല അവന്‍ കള്ളം ചമച്ചതാണെന്ന് അവര്‍ പറയുകയാണോ? നീ പറയുക, എങ്കില്‍ ഇതുപോലുള്ള ഒരു പത്ത് അധ്യായം നിങ്ങള്‍ കൊണ്ടുവരികയും....(11:13) 

     മുകളില്‍ വിവരിച്ചതും അതുപോലുള്ളതുമായ ഒരുപാട് വചനങ്ങളില്‍നിന്നും  നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രവാചകന്റെ മേല്‍ അവതരിക്കപ്പെട്ടിരുന്നത് അധ്യായങ്ങളും സൂക്തങ്ങളുമാണെന്നതാണ്. ആ അധ്യായങ്ങളും വചനങ്ങളുമാകട്ടെ ഖുര്‍ആനിലുള്ളിലാണു താനും. അതല്ല പുരോഹിതന്മാര്‍ വാദിക്കുന്നതു പോലെ പ്രവാചകനു അവതരിക്കപ്പെട്ടതില്‍ ഹദീസുകളും ഉണ്ടെങ്കില്‍ അത്തരം ഹദീസുകള്‍ ആര്‍ക്കു വേണമെങ്കിലും യഥേഷ്ടം രചിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ നിര്‍മിക്കപ്പെട്ട പരസഹസ്രം ഹദീസുകളാണ് മുസ്‌ലിം സമൂഹം ഇന്ന് നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതും പിന്‍പറ്റുന്നതും. അപ്പോള്‍ പിന്നെ അല്ലാഹുവിന്റെ വെല്ലുവിളിക്ക് ഒരു പ്രസക്തിയുമില്ലെന്നല്ലേ വരിക?

Related Posts Plugin for WordPress, Blogger...