Friday, January 28, 2011

രാഷ്ട്രപതിയുടെ ആശങ്ക


          രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ റിപ്പബ്‌ളിക് ദിന സന്ദേശം ഗംഭീരമായി. വികസനത്തിനും സല്‍ഭരണത്തിനും വിലങ്ങുകള്‍ സൃഷ്ടിക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്ന അവരുടെ നിര്‍ദേശവും സന്ദര്‍ഭോചിതമായി. രാജ്യം 62-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോഴും സമൂഹത്തില്‍ കുറ്റകൃത്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ പിന്തള്ളപ്പെടുന്നതും ജനാധിപത്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനിടവരുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും രാഷ്ട്രപതിയെ വല്ലാതെ ആകുലപ്പെടുത്തുന്നു. ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍? പ്രസിഡണ്ടിന്റെ പരിദേവനങ്ങള്‍ നിസ്സഹായരായി കേള്‍ക്കാന്‍ മാത്രം വിധിക്കപ്പട്ട പാവം, സാധാരണ ജനങ്ങളോ? അതോ രാഷ്ട്രീയ നേതാക്കളും നാളിതുവരെ അധികാരത്തിന്റെ അമരത്തിരുന്നവരോ? രാജ്യത്ത് ഐശ്വര്യത്തിന്റെ സൈറണ്‍ ആഗ്രഹിച്ചതുപോലെ മുഴങ്ങാത്തതിന് ഉത്തരവാദികളെ ചൂണ്ടിക്കാണിക്കാന്‍ മാത്രമല്ല അവരുടെ പേരില്‍ നടപടി സ്വീകരിക്കാനും പ്രഥമപൊരന്മാരായി വാഴാന്‍ ഭാഗ്യംസിദ്ധിച്ചവരും അവരുടെ റോള്‍ യഥോചിതം നിര്‍വഹിച്ചുവോ എന്നാണ് ഇനിയും പിടികിട്ടാത്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങില്‍ പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്ന രാഷ്ട്രപതിക്ക് ഹീനമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്  മൂല്യങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ്  പരിഹാരമെന്നത് പുതിയ അറിവാകാന്‍ തരമില്ല. വിദ്യാഭ്യാസ രംഗത്തെ ജീര്‍ണതകളെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ റിപ്പബ്‌ളിക് ദിനംവരെ കാത്തിരിക്കേണ്ടതുമില്ല. പ്രതിഭാപാട്ടീലും മുന്‍ഗാമികളും ഇക്കാര്യത്തില്‍ വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്ന് കരുതാനുമാവില്ല. നിസ്സഹായത പ്രകടിപ്പിക്കുക മാത്രമാണോ രാഷ്ട്രപതിമാരുടെ കടമ? അവസരത്തിനൊത്ത് ഉയരാനും വിവേകത്തിന്റെ കടിഞ്ഞാണില്‍ പിടിമുറുക്കാനും എന്തുകൊണ്ട് ഇവര്‍ക്ക് കഴിയാതെപോകുന്നു എന്നാണിനി  അന്വേഷിക്കേണ്ടത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അധികാരം നിലനിര്‍ത്തുന്നതിന് പ്രയോഗിക്കുന്ന ഗൂഢവിദ്യകള്‍ വരുത്തുന്ന അമൂല്യനഷ്ടം രാജ്യത്തിന് താങ്ങാനാവുന്നതല്ലെന്ന്  പ്രതിഭാ പാട്ടീല്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്.

          പാര്‍ലെമെന്റിന്റെ ശീതകാല സമ്മേളനം ഏതാണ്ട് പൂര്‍ണമായി തന്നെ തടസ്സപ്പെട്ടത് ജനാധിപത്യത്തിന് തീരാകളങ്കമാണ് വരുത്തിവെചച്ചത്. ഇത്  രാഷ്ട്രപതിക്ക് മാത്രമല്ല ഓരോ പൊരനും ഉത്തമബോധ്യമുള്ള കാര്യമാണ്. ജനങ്ങളുടെ ഭാവി കൈകളിലിട്ട് എം പിമാര്‍ അമ്മാനമാടുന്നത്  കണ്ടപ്പോള്‍ സിരകളില്‍ ഒരഗ്നിനാളം പാഞ്ഞുപോയി. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഭരണ-പ്രതിപക്ഷ കക്ഷിള്‍ക്കെന്ന പോലെ രാഷ്ട്രപതിക്കും ഉത്തരവാദിത്വമുണ്ടെന്നാണ് വിശ്വാസം. തിന്മയുടെ തീക്കളി ജനപ്രതിനിധികളുടെ പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ അതുയര്‍ത്തിയ പുകപടലങ്ങള്‍ വലിയ ആശങ്കകളായി വളരെക്കാലം അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊള്ളും. യാഥാര്‍ഥ്യങ്ങളില്‍നിന്ന് മിഥ്യകളിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സഞ്ചാരപഥമെന്ന് തന്നെ കരുതണം.  ഈ സ്ഥിതി എത്ര ലജ്ജാവഹമാണെന്ന് എന്നാണാവോ നമ്മുടെ നേതാക്കള്‍ തിരിച്ചറിയുക.

          ഇന്ത്യ റിപ്പബ്‌ളിക് ആയിട്ട് ആറുപതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ഇവിടെയുണ്ടായ മാറ്റങ്ങള്‍ കണ്ടുവളര്‍ന്നവര്‍ക്ക് ഓമനിക്കാനും ആഹ്‌ളാദിക്കാനുമുള്ള മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട്. കരിഗ്യാസ് വണ്ടികളില്‍ നിന്ന് ലോഫ്‌ളോര്‍ ബസുകളിലേക്കും പത്തുവര്‍ഷം കാത്തിരുന്നാല്‍ കിട്ടാത്ത ടെലിഫോണ്‍ കണക്ഷനുകള്‍ പത്തുമിനുട്ടിനകം കിട്ടുന്ന അവസ്ഥയിലേക്കും നാം വളര്‍ന്നിട്ടുണ്ട്. ആയുര്‍ദൈര്‍ഘ്യം മൂന്നിരിട്ടിയായി. ശിശുമരണങ്ങളും അത്യപൂര്‍വമായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ശക്തിക്കും സൗന്ദര്യത്തിനും സമാനമായൊരു സ്വാതന്ത്ര്യ സങ്കല്‍പം മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാനില്ല. അമേരിക്കന്‍ സ്വാതന്ത്ര്യസമരവും ഫ്രഞ്ച് വിപ്‌ളവവും റഷ്യന്‍ വിപ്‌ളവവുമൊക്കെ ലോകത്തിന്റെ രാഷ്ട്രീയ-സാമൂഹ്യചിന്തളെയും കര്‍മപഥങ്ങളെയും ഇളക്കിമറിച്ച പ്രതിഭാസങ്ങളായിരുന്നുവെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധാര്‍മിക പരിപ്രേക്ഷ്യം ഈ വിപ്‌ളവങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

          അധികാരത്തിന്റെ ആനപ്പുറ സവാരിയില്‍ അതെല്ലാം നമ്മുടെ  നേതാക്കള്‍ മെല്ലെ മെല്ലെ വിസ്മരിച്ചുവെന്നതിന് അനുഭവങ്ങള്‍ തന്നെ സാക്ഷി. രാഷ്ട്രപതിയുടെ റിപ്പബ്‌ളിക് ദിന സന്ദേശത്തിലെ വേവലാതികള്‍   വിളംബരംചെയ്യുന്നതും അതുതന്നെ.  മാവോയിസത്തിന്റെ വളര്‍ച്ചയും ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയും   കാട്ടുനീതി മറയേതുമില്ലാതെ നര്‍ത്തനമാടുന്നതിന്റെ നിദര്‍ശനമാണെന്ന് നിസ്സംശയം പറയേണ്ടിവരും.
സുരക്ഷിതത്വവും സ്ഥിരതയാര്‍ന്നതുമായ സാഹചര്യത്തിലേ പുരോഗതി സാധ്യമാവുകയുള്ളൂ. സമൂഹം സംതൃപ്തമാവണമെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ പരിരക്ഷ അനിവാര്യമാണ്. വളരുന്ന ജനാധിപത്യത്തിന് കരുത്തേകാന്‍ മാധ്യമങ്ങളും അവരുടെ റോള്‍ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദ ശക്തികളാണ്.  രാജ്യത്തിന്റെ മിക്ക മേഖലകളും അസ്വസ്ഥജനകമാണ്. റിപ്പബ്‌ളിക് ദിനം ആഘോഷിക്കാന്‍ കശ്മീരികളെ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് പ്രധാന പ്രതിപക്ഷമായ ബി ജെ പിയാണല്ലോ.

          വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും ഓരേ സ്വരത്തില്‍ ആണയിടുന്നിടത്താണ് നമ്മുടെ റിപ്പബ്‌ളിക് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടെന്ന് സുപ്രീംകോടതി പോലും  കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി.

          ഇന്ത്യന്‍ റിപ്പബ്‌ളിക്കില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരുടെ പട്ടികക്ക് അനുദിനം നീളം കൂടുകയാണ്.  വരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള വിടവുനികത്താനും ജനനം മുതല്‍ ശ്മശാനംവരെ പൗരനും സുരക്ഷിതത്വം നല്‍കാനുമുള്ള ബാധ്യത നമ്മുടെ റിപ്പബ്‌ളിക്കിനു വേണ്ടി ഭരണഘടന ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവിതവും ലക്ഷ്യങ്ങളും പ്രതീക്ഷകളുമായി ബന്ധമില്ലാതാകുമ്പോള്‍ ഭരണഘടന പൊള്ളയായി മാറുമെന്ന് ഭരണഘടനയില്‍ പ്രധാനമന്ത്രിയായിരുന്ന നെഹറു തന്നെ പറഞ്ഞുവെച്ചിട്ടുമുണ്ട്. രാഷ്ട്രപതി പ്രതിഭാ പാട്ടീലും ആ ആശങ്ക തന്നെ പങ്കുവെക്കുന്നു. ജനങ്ങള്‍ ഉള്ളില്‍ പേറുന്ന സംഘര്‍ഷങ്ങള്‍ക്ക്  ഇനി ആരാണാവോ പരിഹാരം കാണുക?

Tuesday, January 25, 2011

ചോരപ്പകയുമായി ലാല്‍ ചൗക്കിലേക്ക്


          റിപ്പബ്‌ളിക് ദിനത്തിലും ചോരപ്പകയുടെ പുതിയ അധ്യായം രചിക്കാന്‍ തറ്റുടുക്കുകയാണ് രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍. ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും എതിര്‍പ്പ് അവഗണിച്ച് നാളെ ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ബി ജെ പി തീരുമാനം അവരുടെ സഹജമായ പ്രാകൃതഭാവത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. രാജ്യത്തിന്റെ ഏത് ഭാഗത്തും ദേശീയപതാക ഉയര്‍ത്താന്‍ ഭരണഘടന അനുവദിക്കുന്നുവെന്നത് ശരിയാണ്. ഓരോ പൗരനും അത് നിര്‍വഹിക്കുന്നത് സന്തോഷകരവുമാണ്. എന്നാല്‍  പാര്‍ടി പ്രവര്‍ത്തകരെ മുഴുവന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആട്ടിത്തെളിച്ച് കശ്മീരില്‍ വരുത്തേണ്ട കാര്യമെന്ത്? ഉത്തരം വളരെ വ്യക്തം. കശ്മീരികള്‍ രാജ്യദ്രോഹികളാണെന്ന് മുദ്രയടിക്കുക. അവരെ ഹിമാലയത്തോളം ദ്രോഹിക്കുക. മാരകമായ ആഘാതങ്ങള്‍ മുന്നില്‍കണ്ട് ഈ നികൃഷ്ടനീക്കം തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്ന ഭരണകൂടം ഇന്നലെയുടെ അനുഭവങ്ങള്‍ മറക്കാതിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

          ലാല്‍ ചൗക്കിനെ ലക്ഷ്യമാക്കി ബി ജെ പിയുടെ രാഷ്ട്രീയ ഏകതായാത്രയായ തിരംഗ്‌യാത്ര പ.ബംഗാളിലെ കൊല്‍ക്കത്തയില്‍നിന്ന് പ്രയാണമാരംഭിച്ചിട്ട് രണ്ടാഴ്ചയായി. ഈ മാസം 12ന് തുടക്കം കുറിച്ച യാത്ര ബിഹാര്‍, ഉത്തരപ്രദേശ്, മഹരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഇതിനകം പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നും തീവണ്ടിമാര്‍ഗവും മറ്റു വാഹനങ്ങളിലും പ്രവര്‍ത്തകര്‍ കശ്മീരിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.  സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫാസിസ്റ്റുകളുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് തീവണ്ടികള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. കശ്മീരിലെ ഔദ്യേഗിക റിപ്പബ്‌ളിക്ദിന പരിപാടികള്‍ നടക്കുന്ന ബക്ഷി സ്റ്റേഡിയം സുരക്ഷാസേനയുടെ കര്‍ശന നിയന്ത്രണത്തിലുമാണ്. റോഡരികിലെ തണുത്തുറഞ്ഞ മഞ്ഞുപോലും സുരക്ഷാഭീഷണി മുന്‍നിര്‍ത്തി എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു.

          സ്വാതന്ത്ര്യദിനത്തെയും റിപ്പബ്‌ളിക്ദിനത്തെയുമൊക്കെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നവര്‍ക്ക് അത് വരുത്തിവെക്കുന്ന ദുരന്തം തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച ഉണ്ടാവാറില്ല. അല്ലെങ്കിലും നിസ്സഹായതയുടെ ആകാശച്ചുവട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ് കശ്മീരികള്‍. പട്ടാളവും തീവ്രവാദികളും വര്‍ഗീയവാദികളുമെല്ലാം ചിന്നംവിളിച്ച് വിലസുമ്പോഴും ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ ഉദാത്തലക്ഷ്യങ്ങള്‍ക്ക് വിലമതിക്കാനുള്ള രാജ്യസ്‌നേഹവും ജനാധിപത്യബോധവും കാണിച്ച കശ്മീരികളുടെ ദേശാഭിമാനത്തെ സംശയിക്കാനും ചോദ്യംചെയ്യാനും ആര്‍ക്കാണ് ഇവിടെ അര്‍ഹതയുള്ളത്?  ഏകതായാത്ര ലാല്‍ ചൗക്കില്‍ എത്തിയാല്‍ മുരളീ മനോഹര്‍ജോഷി  വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ യാത്രയോടനുബന്ധിച്ച് അരങ്ങേറിയ സംഭവങ്ങള്‍ ആവര്‍ത്തികക്കുമെന്നുറപ്പാണ്. അല്ലായിരുന്നുവെങ്കില്‍ ലാല്‍ ചൗക്ക് തുറന്നുകൊടുക്കുകയും അര്‍ഹിക്കുന്ന പ്രൗഢിയോടെ പതാക ഉയര്‍ത്താന്‍ അനുവദിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തന്നെ വ്യക്തമാക്കുകയുണ്ടായി.

          സംഘര്‍ഷങ്ങളില്‍ വിങ്ങിനില്‍ക്കുന്ന സംസ്ഥാനമാണ് കശ്മീര്‍ എന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അവിടെ കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം ദേശീയപതാകയെ ആദരിക്കാനുള്ളതാണെന്ന് പറഞ്ഞാല്‍ ആര്‍ക്ക് വിശ്വസിക്കാനാവും? വിഭാഗീയത പാകിമുളപ്പിക്കാന്‍ റിപ്പബ്‌ളിക് ദിനം തന്നെ തെരഞ്ഞെടുത്തവരുടെ ലക്ഷ്യം   തിരിച്ചറിഞ്ഞ് പ്രതികരിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി റിപ്പബ്‌ളിക് ദിനം ദുരുപയോഗപ്പെടുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. ദേശീയതയുടെ പേരില്‍ ജനങ്ങള്‍ ആഘോഷപൂര്‍വം കൈകോര്‍ക്കുന്ന വിശേഷദിവസമാണ് റിപ്പബ്‌ളിക്ദിനം. ഇത്തരം അവസരം സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളെ അവമതിക്കാനും വിഭാഗീയ അജണ്ടകള്‍ പ്രോത്സാഹിപ്പിക്കാനും ഉപയോഗപ്പടുത്തുന്നവര്‍ രാജ്യസ്‌നേഹികളാകാന്‍ തരമില്ല. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം പക്ഷെ സംഘ്പരിവാര ശക്തികള്‍ മുഖവിലക്കെടുക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുകയില്ലെന്ന് പ്രധാനമന്ത്രിക്കും സുപ്രീംകോടതിക്കും വാക്ക്‌കൊടുത്ത ബി ജെ പി നേതൃത്വം ജനഹൃദയങ്ങളില്‍ കറുത്ത ചിത്രമാണല്ലോ പിന്നീട് വരച്ചുവെച്ചത്.

          ഏകതായാത്രയുടെ ഭാഗമായി ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ബി ജെ പിയുടെ ശ്രമം തടയാന്‍ തന്നെയാണ് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നൂറുശതമാനം സാധ്യതയുള്ള പരിപാടിക്ക് അനുവാദം നല്‍കാന്‍ ഉമര്‍ അബ്ദുല്ലയെന്നല്ല ആരും തയാറാവില്ല. ശ്രീനഗറില്‍ 100 കമ്പനി പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം സദാജാഗ്രതയോടെ വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ മനസ്സ് കൂടി കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

          കേന്ദ്രസര്‍ക്കാര്‍ വിഭജനവാദികള്‍ക്ക് കീഴടങ്ങി എന്ന ആരോപണവുമായി എല്‍ കെ അദ്വാനിയടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. കര്‍ണാടകയിലെ യദ്യൂരപ്പയുടെ ഭൂമി തട്ടിപ്പും സ്‌ഫോടന പരമ്പരകള്‍ സംബന്ധിച്ച അസീമാനന്ദയുടെ കുറ്റസമ്മതവും സംഘ്പരിവാറിന് അസുഖകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുമ്പോള്‍ വികൃതമായ മുഖംമിനുക്കാനും കാപട്യം ഒളിപ്പിച്ചുവെക്കാനും ഏകതായാത്ര പോലുള്ള ചെപ്പടിവിദ്യകള്‍ ആവശ്യമായി വരും.

          റിപ്പബ്‌ളിക് എന്ന സങ്കല്‍പത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിവിടെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റിപ്പബ്‌ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അപചയത്തെ കുറിച്ചും ഒരു പഠനം തന്നെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതി തന്നെ ഈ റിപ്പബ്‌ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണല്ലോ.

Thursday, January 20, 2011

പ്രതിച്ഛായ നന്നാക്കാന്‍ ഒരു അഴിച്ചുപണി

          കെ സി വേണുഗോപാല്‍ അടക്കം മൂന്ന് പുതിയ സഹമന്ത്രിമാരെ ഉള്‍പെടുത്തുകയും മൂന്ന് സഹമന്ത്രിമാരെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയും നിരവധി മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേന്ദ്രമന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ ഏറ്റവുമധികം ആഹ്‌ളാദിക്കുന്ന സംസ്ഥാനം കേരളമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെങ്കിലും മുമ്പൊരിക്കലും കിട്ടാത്ത പരിഗണനയാണ് ഈ കൊച്ചുസംസ്ഥാനത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വകുപ്പുമാറ്റം ഉണ്ടായ മന്ത്രിമാരിലും മൂന്നുപേര്‍ മലയാളികളാണ്. വയലാര്‍ രവിയും കെ വി തോമസും ഇ അഹമ്മദും.

          പ്രമുഖരായ ചില മന്ത്രിമാരില്‍നിന്ന് ഗ്‌ളാമര്‍ വകുപ്പുകള്‍ എടുത്തുമാറ്റിയത് രണ്ടാം യു പി എ സര്‍ക്കാരിന്റെ ആദ്യത്തെ അഴിച്ചുപണിയുടെ സവിശേഷതയായി അവകാശപ്പെടാം. സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഫുല്‍ പട്ടേലില്‍നിന്ന് എടുത്താണ് വയലാര്‍ രവിക്ക് അധികച്ചുമതല നല്‍കിയത്. ശരദ്പവാറില്‍ നിന്ന് ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ് എടുത്തുമാറ്റി സ്വതന്ത്ര ചുമതലയോടെ കെ വി തോമസിന് നല്‍കി. മുരളി ദേവ്‌റയാണ് വകുപ്പ് തെറിച്ച മറ്റൊരു പ്രമുഖന്‍. സ്‌പോര്‍ട്‌സ് വകുപ്പ് എം എസ് ഗില്ലില്‍നിന്ന് എടുത്ത് താരതമ്യേന ചെറുപ്പക്കാരനായ അജയ് മാക്കനെ ഏല്‍പിച്ചു. പുനഃസംഘടനയോടെ  കേന്ദ്രമന്ത്രിസഭയുടെ അംഗബലം 81 ആയി ഉയര്‍ന്നു. ഇതില്‍ 35 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. ഒന്നരവര്‍ഷം പിന്നിട്ട യു പി എ സര്‍ക്കാരിന്റെ അടുത്ത പുനഃസംഘടന പാര്‍ലമെന്റ് ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി  വ്യക്തമാക്കിയിട്ടുമുണ്ട്.

          മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും മാത്രമല്ല പ്രധാനം. കേരളത്തെ സംബന്ധിച്ചെടുത്തോളം ആ വകുപ്പുകള്‍ക്ക് നിര്‍ണായക പ്രാധാന്യവുമുണ്ട്. കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചു, ഗുണനിലവാരം കുറഞ്ഞ റേഷനരി നല്‍കി തുടങ്ങിയ പരാതികള്‍ കേരളം പതിവായി ഉന്നയിക്കാറുള്ളതാണ്. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തണമെന്ന മുറവിളിക്കും  തോമസ് മന്ത്രിയായതോടെ  ശമനം പ്രതീക്ഷിക്കാം. വിലക്കയറ്റമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. ഒന്നാം യു പി എ സര്‍ക്കാര്‍ തടികേടാകാതെ രക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ ജനരോഷം ഇരമ്പുകയാണ്. ഈ പ്രതിസന്ധിയുടെ ഒത്ത നടുക്കാണ് തോമസിന്റെ സ്ഥാനാരോഹണമെന്നതും മറന്നുകൂടാ.

          വയലാര്‍ രവി ഇതുവരെ വലിയ പണിയൊന്നുമില്ലാതെ പ്രവാസി വകുപ്പുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. കാബിനറ്റ് മന്ത്രിയാണെന്നല്ലാതെ നൂറുകോടി പോലും ബജറ്റ്‌വിഹിതമില്ലാത്ത വകുപ്പാണത്. അടുത്ത മുഖ്യമന്ത്രിപദം സ്വപ്നംകണ്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കണ്ണയച്ചുതുടങ്ങിയപ്പോഴാണ് രവിയുടെ തലയിലേക്ക് വ്യോമയാന വകുപ്പ്  വന്നുവീണത്. കേരളത്തിലെ പ്രവാസികളുടെ കാര്യമെടുത്താല്‍ പിടിപ്പത് പണിയുണ്ട് ഈ വകുപ്പില്‍. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഗള്‍ഫിലാണ്. ഗള്‍ഫ് മേഖലയിലെ മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വിമാനയാത്രയാണ്. എയറിന്ത്യയുടെ കഴുത്തറുപ്പന്‍ കൂലി, യാത്രക്കാരെ നിരന്തരം വലയ്ക്കുന്ന  എയറിന്ത്യ എക്‌സ്പ്രസ് പ്രശ്‌നം, ഗള്‍ഫ് പ്രവാസികളുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ തുടങ്ങി അവരുടെനോവും നൊമ്പരവും തിരിച്ചറിഞ്ഞ രവി മനസ്സുവെച്ചാല്‍ പ്രവാസികള്‍ക്ക് ആഹ്‌ളാദിക്കാന്‍ ഏറെ വകയുണ്ടാക്കാനും കഴിയും.

          റെയില്‍വെ വകുപ്പില്‍ മമതാ ബാനര്‍ജി  കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയിരുന്ന  ഇ അഹമ്മദ് വിദേശകാര്യം തിരിച്ചുകിട്ടിയതോടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നുണ്ടാവും. മാത്രമല്ല തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിനെ സന്തോഷിപ്പിക്കാമെന്ന് കോണ്‍ഗ്രസും നിശ്ചയിച്ചുകാണും. അഹമ്മദ് ഇച്ഛിച്ചതു തന്നെ പ്രധാനമന്ത്രി കനിഞ്ഞുനല്‍കിയപ്പോള്‍ പ്രഗത്ഭനായ റെയില്‍വെ മന്ത്രിയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം മലയാളി അനുഭവിക്കുന്നുണ്ട്. അഹമ്മദിനെ പോലെ കെ സി വേണുഗോപാലും നന്ദിപറയേണ്ടത് ശശി തരൂരിനോടും ഭാര്യ സുനന്ദ പുഷ്‌കറിനോടുമാണ്. ഐ പി എല്‍ വിവാദത്തെ തുടര്‍ന്ന് തരൂര്‍ പുലിവാല് പിടിച്ചില്ലായിരുന്നുവെങ്കില്‍ ദല്‍ഹി നായരെ മാറ്റി കണ്ണൂര്‍ നായരെ പ്രതിഷ്ഠിക്കാന്‍ എന്‍ എസ് എസിന് കഴിയില്ലായിരുന്നു.

          ചുകപ്പ്‌കോട്ടയായ കണ്ണൂരില്‍ ജനിച്ചിട്ടും  ഇടതുപക്ഷപാത നിരാകരിച്ച വേണുഗോപാല്‍ മറ്റൊരു വിപ്‌ളവഭൂമിയായ ആലപ്പുഴയില്‍ വെന്നിക്കൊടി നാട്ടിയത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും ഭാഗ്യവും കൊണ്ടാണ്. കെ കരുണാകരന്റെ വിശ്വസ്തനായി പൊതുജീവിതത്തില്‍ പ്രവേശിച്ച അദ്ദേഹം ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചതുരംഗക്കളിയിലും തന്ത്രശാലിയാണ്. മൂന്നാംഗ്രൂപ്പിന്റെ ആനുകൂല്യമാണ് 2005ല്‍ വേണുവിനെ സംസ്ഥാന മന്ത്രിസഭയിലെത്തിച്ചത്. എന്‍ എസ് എസിന്റെ സമദൂരരാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ് പുതിയ സ്ഥാനലബ്ധിയില്‍ പ്രതിഫലിക്കുന്നത്. സമദൂരത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിരട്ടാനും ഇടതുമുന്നണിയെ വശത്താക്കാനും എന്‍ എസ് എസിന് കഴിയുന്നത് കേരളത്തിലെ ജാതിരാഷ്ട്രീയത്തിന്റെ ശക്തമായ സ്വാധീനത്തെയാണ് വിളംബരംചെയ്യുന്നത്. 

          പ്രവര്‍ത്തനശേഷിയില്‍നിന്ന് പിന്നോക്കം പോയവരെ മന്ത്രിസഭയില്‍നിന്ന് പ്രധാനമന്ത്രി മാറ്റിനിര്‍ത്തുമെന്ന് പ്രതീക്ഷചിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് പകരം ആരോപണവിധേയരായവരെ തുടരാനനുവദിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് അഴിമതിയിലെ പ്രധാനിയായ ഗില്ലും ആദര്‍ശ് കുംഭകോണത്തില്‍ പെട്ട സുശീല്‍കുമാര്‍ ഷിന്‍ഡെയും വിലാസ്‌റാവ് ദേശ്മുഖും ഹൈവേ വികസന കരാറില്‍ ആരോപണവിധേയനായ കമല്‍നാഥുമെല്ലാം മന്ത്രിസഭയില്‍ സുരക്ഷിതരായി തുടരുകയാണ്.

          കൃത്യമായും ഒരു വര്‍ഷം മുമ്പാണ് 38 സഹമന്ത്രിമാരില്‍ 33 പേരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് സുപ്രധാനമായ ഒരു നിവേദനം സമര്‍പ്പിച്ചത്. മന്ത്രിമാരായ തങ്ങള്‍ തൊഴില്‍രഹിതരും സഹപ്രവര്‍ത്തകരില്‍നിന്ന് അവഗണന നേരിടുന്നവരുമാണെന്നായിരുന്നു അവരുടെ പരാതി. ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിക്കുന്ന പരിഗണനപോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആ പരാതികള്‍ക്ക് പരിഹാരം കണ്ടതിന് ശേഷമാണോ മന്ത്രിസഭ പിന്നെയും വികസിപ്പിച്ചത്? മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ചതുകൊണ്ടോ വകുപ്പുകള്‍ പരസ്പരം മാറിയതുകൊണ്ടോ ഭരണം കാര്യക്ഷമമാവില്ല. മന്ത്രിസഭയുടെ വലിപ്പം ഇപ്പോള്‍ തന്നെ ഖജനാവിന് താങ്ങാനാവാത്തതാണ്. പ്രതിച്ഛായ തകരുമ്പോള്‍ മറികടക്കാനുള്ള വെമ്പലാണ് മന്ത്രിസഭാ വികസനത്തിന് പ്രേരിപ്പിച്ചതെങ്കില്‍ സര്‍ക്കാരും കോണ്‍ഗ്രസും അതിന് കനത്തവില നല്‍കേണ്ടിവരിക തന്നെ ചെയ്യും.

Wednesday, January 19, 2011

നിയമാനുസൃതം ജീവിക്കുന്നവര്‍ എത്ര വിഡ്ഢികള്‍


          അത്യുന്നത നീതിപീഠത്തിന്റെ നിരീക്ഷണമെത്ര ശരി. ഇവിടെ നിയമമനുസരിച്ച് ജീവിക്കുന്നവരാണ് വിഡ്ഢികള്‍. പാര്‍ടി വ്യത്യാസമില്ലാതെ എം പിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും മാത്രമല്ല കോടതികള്‍പോലും തങ്ങളുടെ പദവികള്‍ അധാര്‍മികമായി ദുരുപയോഗപ്പെടുത്തുന്നു. നീതിസാരങ്ങള്‍ ഒന്നൊന്നായി കുത്തിക്കെടുത്തുന്നു. ബലിമൃഗങ്ങളെപോലെ കഴുത്തു നീട്ടിക്കൊടുക്കാന്‍ ജനം വിധിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളെയും അപചയം ബാധിച്ചെന്ന് സുപ്രീംകോടതി തന്നെ സംശയലേശമന്യേ വെളിപ്പെടുത്തുമ്പോള്‍ കണ്ണടച്ച് കണ്ണീരൊഴുക്കുകയേ നിര്‍വാഹമുള്ളൂ.

          ബി ജെ പി നേതാവ് കുശഭാവു താക്കറെയുടെ പേരിലുള്ള ട്രസ്റ്റിന് മധ്യപ്രദേശ് സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് ഭൂമി അനുവദിച്ചത് സംബന്ധിച്ച കേസിന്റെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ജി എസ് സിങ്‌വിയും എ കെ പട്‌നായക്കും അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. കുശഭാവു താക്കറെയുടെ സ്മരണക്കുള്ള ട്രസ്റ്റ് ജന്മംകൊള്ളുന്നതിന് മുമ്പ് തന്നെ 60 ഏക്കര്‍ ഭൂമി അവര്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചു. 33 കൊല്ലത്തേക്ക് 60 ലക്ഷംരൂപ വാടക വാങ്ങണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിട്ടും  25 ലക്ഷം രൂപയില്‍ ഒതുക്കി. 60 കോടി രൂപയാണ് ഇന്ന് ആ സ്ഥലത്തിന്റെ കമ്പോളവില. കണ്ണായ ഭൂമി ട്രസ്റ്റിന് നല്‍കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ ആവശ്യമായ രേഖകളും ചമച്ചു.  ബി ജെ പി മാത്രമല്ല രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്സും ഒട്ടും പുറകിലല്ല. ഇന്ത്യയിലെ എല്ലാ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളും ഫൗണ്ടേഷനുകളും ഒരു കുടുംബത്തിന്റെ പേരില്‍ തന്നെ വേണമെന്ന പിടിവാശി അവര്‍ക്കുമുണ്ട്. രാജ്യത്തിന് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരെ ആര്‍ക്കും വേണ്ട. അവരെ ഓര്‍ക്കാന്‍ ട്രസ്റ്റുമില്ല, ഫൗണ്ടേഷനുമില്ല.

          തെരഞ്ഞെടുപ്പ് വേളയില്‍ പാവങ്ങളെ ആവേശഭരിതരാക്കി ജയിച്ചുകയറുന്ന എം പിമാരും എം എല്‍ എമാരുമുള്‍പ്പെടുന്ന ജനപ്രതിനിധികള്‍ ആനുകൂല്യങ്ങള്‍  എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഒന്നാംതരം ഉദാഹരണവും കൂടിയാണ് മധ്യപ്രദേശ് സംഭവം. അധികാര ദുര്‍വിനിയോഗത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലെന്ന് സുപ്രീംകോടതി തന്നെ ഇതപര്യന്ത സംഭവപരമ്പരകളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്നു. അധികാരത്തിന്റെ കാര്യം വരുമ്പോള്‍ വ്യത്യസ്തനായൊരു ജനപ്രതിനിധിയെ കാണാന്‍ മഷിയിട്ട് നോക്കണം. മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യംവെച്ച് അനുവദിക്കുന്ന എം പി, എം എല്‍ എ ഫണ്ടിന്റെ സ്ഥിതിയും തഥൈവ.  ഫണ്ടു ദുരുപയോഗം ചെയ്യുന്നതില്‍ എല്ലാവരും പരസ്പരം മത്സരിക്കുകയാണെന്ന് കാണാം. അടുത്ത ഊഴം തരപ്പെടുത്തുകയാണ് ലക്ഷ്യം.  ജനങ്ങളുടെ ആവശ്യത്തേക്കാള്‍  തന്റെ താല്‍പര്യത്തിനാണ് പരിഗണന. ഫണ്ട് അനുവദിക്കണമെങ്കില്‍ താന്‍ നിര്‍ദേശിക്കുന്ന കരാറുകാരനെ തന്നെ പ്രവൃത്തി ഏല്‍പിക്കണമെന്ന നിബന്ധനയുമുണ്ട്.

          മൂല്യച്യുതി ജനപ്രതിനിധികളില്‍ ഒതുങ്ങുന്നില്ല. അത് എല്ലാ കോടതികളെയും  വരിഞ്ഞുമുറുക്കി അവസാനം ഉന്നത നീതിപീഠത്തില്‍ ചെന്നെത്തിനില്‍ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ താക്കോല്‍ സ്ഥാനമാണല്ലോ ജുഡീഷ്യറി.  നീതിയുടെ  ദൈവദൂതരായി ന്യായാധിപരെ ആദരിക്കുന്ന ഇന്ത്യന്‍ ജനതക്കേറ്റ കനത്ത ആഘാതമാണ് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സത്യസന്ധരും പ്രഗത്ഭമതികളുമായ ന്യായാധിന്മാരാല്‍ പ്രശോഭിതമായിരുന്ന ഉന്നത നീതിപീഠങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തിന്റെ അശുഭവാര്‍ത്തകള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ ഹനിക്കുന്നതാണ്. ഭാരതജനതയുടെ അവസാന അത്താണി എന്ന നിലയില്‍ കോടതികളെ കളങ്കപ്പെടുത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിവേരാണ് മുറിക്കപ്പെടുന്നത്. ഇതേ കുറിച്ച് സുപ്രീംകോടതി ആത്മവിമര്‍ശനം നടത്തിയാല്‍ മാത്രംപോരാ. ഇതിന് ഉത്തരവാദികളായവരെ നിയമപരമായ വിചാരണക്ക് വിധേയരാക്കുകയും വേണം.

          വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉരുണ്ടുകളിയും ഇതോടെ ചേര്‍ത്തു വായിക്കണം.   കള്ളപ്പണത്തിന്റെ കണക്കാവശ്യപ്പെട്ട കോടതിക്ക് സര്‍ക്കാര്‍ നല്‍കിയത് ജര്‍മനിയിലെ ലിപ്‌റ്റെന്‍സ്റ്റെന്‍ ബാങ്കില്‍ പണം നിക്ഷേപിച്ച 26 ഇന്ത്യക്കാരുടെ പട്ടിക മാത്രമാണ്. ജര്‍മനിയുമായുള്ള ഉഭയകക്ഷി ഉടമ്പടി പ്രകാരം  ആ അക്കൗണ്ടുകളുടെ  തന്നെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു  സര്‍ക്കാര്‍ നിലപാട.് കോടതിക്കത് സ്വീകാരയമായില്ല. രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് നേടിയതാണെന്നും നികുതി വെട്ടിപ്പ് മാത്രമായി ഇതിനെ ചുരുക്കിക്കാണരുതെന്നും അഭിപ്രായപ്പെട്ട കോടതി എല്ലാ വിദേശ ബാങ്കുകളിലെയും നിക്ഷേപവിവരങ്ങള്‍  അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

          2000 ത്തോളം പ്രമുഖരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് രേഖകള്‍ സ്വിസ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധ സമ്പാദ്യം രഹസ്യ അക്കൗണ്ടില്‍ സൂക്ഷിക്കുമെന്നതിനാലാണ് ബഹുരാഷ്ട്ര കമ്പനികളും കോടീശ്വരന്മാരും ഈ ബാങ്കുകളെ സുരക്ഷിത സങ്കേതമായി കാണുന്നത്. ഇന്ത്യക്കാരായ നിരവധി പേര്‍ ഇത്തരം ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്.  വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 70 ലക്ഷം കോടി രൂപയുടെ അനധികൃതനിക്ഷേപമുണ്ടെന്നാണ് രാംജത്മലാനിയും കെപി എസ് ഗില്ലും സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

          മൊത്തത്തില്‍ കൊള്ളരുതായ്മകളുടെ കൂത്താട്ടമാണ് ഇവിടെ നടക്കുന്നതെന്നര്‍ഥം. അതുകൊണ്ടാവാം ഇന്ത്യയെ നോക്കി തമസോമാ ജ്യോതിര്‍ഗമയാ എന്ന് മുമ്പൊരിക്കല്‍ കവി പാടിയത്.  രാജ്യം പക്ഷെ ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്കുള്ള അതിന്റെ പ്രയാണം തുടരുക തന്നെ ചെയ്യുന്നു. മാടമ്പികളുടെ വര്‍ഗസ്വഭാവമാണ് സമസ്തമേഖലകളിലും പ്രത്യക്ഷപ്പെടുന്നത്.  അധികാരത്തിനും സമ്പത്തിനും വേണ്ടി ആര്‍ക്കുമിവിടെ എന്തുമാവാം. നീതിനിയമങ്ങള്‍ക്ക് കാവല്‍നില്‍ക്കേണ്ടവര്‍ ഇങ്ങനെയായാല്‍ സ്വയരക്ഷക്ക് ജനങ്ങള്‍ ഇനി ഏത് വാതിലില്‍ മുട്ടണം.  ഏത് പ്രാര്‍ഥന ചൊല്ലണം?

Monday, January 17, 2011

പി ബിയുടെ ശാസനക്ക് വി എസിന്റെ താക്കീത്


          ജനാധിപത്യക്രമത്തിലെ തെരഞ്ഞെടുപ്പെന്ന താല്‍ക്കാലിക പ്രലോഭനത്തേക്കാള്‍ പാര്‍ട്ടിക്ക് വലുത് അച്ചടക്കമാണെന്ന സന്ദേശമാണ്  മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെ ശാസിക്കാനുള്ള തീരുമാനം വഴി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പോളിറ്റുബ്യൂറോ ഞായറാഴ്ച നല്‍കിയത്. കമ്യൂണിസ്റ്റുപാര്‍ട്ടികളെ സംബന്ധിച്ചെടുത്തോളം ഇത്തരം തീരുമാനങ്ങളില്‍ പുതുമ അവകാശപ്പെടാനില്ല. എന്നാല്‍ കൈക്കൊള്ളാന്‍ നിശ്ചയിച്ച  ശിക്ഷാനടപടിയെ മണിക്കൂറുകള്‍ക്കകം നിഷേധിക്കേണ്ടിവരിക, അതിനുവേണ്ടി മാത്രം പത്രസമ്മേളനം തന്നെ വിളിച്ചുചേര്‍ക്കുക എന്നിവയെല്ലാം കൗതുകമുളവാക്കുന്നതും വസൂരി കുരുക്കുന്നതുപോലെ പുതിയ പുതിയ സംശയങ്ങള്‍ നട്ടുവളര്‍ത്താന്‍ മാത്രം വഴിയൊരുക്കുതുമാണെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കാത്തതാണ് അത്ഭുതം.
തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതിനു തൊട്ടുമുമ്പ് പടനായകനെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയെന്നത് തീര്‍ച്ചയായും അസാധാരണ സംഭവം തന്നെയാണ്. ഗത്യന്തരമില്ലാതെയാണ് നടപടിയെന്ന് വാദിക്കാന്‍ പാര്‍ടിക്ക് പഴുതുകളുണ്ടെങ്കിലും വി എസിന്റെ കാര്യമാവുമ്പോള്‍ അണികള്‍ക്കും ജനങ്ങള്‍ക്കും ആ വിശദീകരണം മതിയാവില്ല . പാര്‍ടി നടപടിയെ കുറിച്ച് അറിയില്ലെന്നും വിഷയം വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുമ്പോഴും നടപടിക്ക് കാരണമായി ഉയര്‍ന്നുകേട്ട ലോട്ടറി തട്ടിപ്പിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും  ഉറച്ചുതന്നെ നില്‍ക്കുകയാണ്. തന്റെ ഗവണ്‍മെന്റ് നിലനില്‍ക്കുന്ന കാലത്തോളം സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ള പെരുങ്കള്ളന്മാരുടെ കൊള്ളയടി  നടപ്പില്ലെന്ന് അദ്ദേഹം ഇന്നലെയും അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. 

          ഈ പ്രസ്താവന വഴി മാര്‍ട്ടിനെ മാത്രമല്ല വി എസ് ലക്ഷ്യംവെക്കുന്നതെന്ന് വ്യക്തം. തന്നെ ശാസിച്ച  പാര്‍ട്ടിക്കുള്ള താക്കീതുകൂടിയായി ഇതിനെ കണക്കാക്കണം. ലോട്ടറിക്കെതിരെയുള്ള സമരം പ്രതിപക്ഷ നേതാവായിരിക്കുമ്പോഴേ അദ്ദേഹം തുടങ്ങിവെച്ചതാണ്. അന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മിക്കതും മുഖ്യമന്ത്രിപദം ലഭിച്ചിട്ടും സാക്ഷാല്‍ക്കരിക്കാനാവാത്തതിന്റെ കുറ്റബോധം വി എസിനെ അലട്ടുന്നുണ്ടാവാം. മൂന്നാര്‍ പോലെ ഏറെ കൊട്ടിഘോഷിച്ച്  ഏറ്റെടുത്ത പരിപാടികളും പാര്‍ട്ടിനേതൃത്വം മുഖംതിരിഞ്ഞു നിന്നതുകൊണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുറത്ത് പരസ്യപ്പെടുത്താത്ത ശാസന ബോധപൂര്‍വം പി ബി യോഗം കഴിഞ്ഞയുടനെ പരസ്യമാക്കിയതാവും  എസ് രാമചന്ദ്രന്‍പിള്ള പത്രസമ്മേളനം നടത്തി നിഷേധിച്ചതിന് ശേഷവും നടപടിക്ക് കാരണമായ വിഷയത്തില്‍നിന്ന് പിന്തിരിയില്ലെന്ന് പ്രഖ്യാപിക്കാന്‍  വി എസിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വി എസിനെ  പി ബി യില്‍ തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്  പുതിയ നടപടിയെന്നത് എന്തായാലും ദുഖകരമായിപ്പോയി. മുമ്പ് അഞ്ചുതവണ നടപടിക്ക് വിധേയനായ ആളാണെങ്കിലും അവസാനത്തെ നടപടി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് വ്യക്തം.
 
          ഇത്തവണ പാര്‍ടി  സംസ്ഥാന നേതൃത്വം വിദഗ്ധമായാണ് കരുക്കള്‍ നീക്കിയതെന്ന് കരുതണം. പാര്‍ടിയോടും മന്ത്രിസഭയോടും കൂടിയാലോചിച്ചല്ല കത്തുനല്‍കിയത് എന്നതിനേക്കാള്‍ ഗുരുതരമായി നേതാക്കള്‍ വിശേഷിപ്പിച്ചത് മറ്റൊന്നായിരുന്നു. പശ്ചിമ ബംഗാളിലെ സി പി എം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അവിടെ ക്രമസമാധാനനില അത്യന്തം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്  വി എസ് കത്തുനല്‍കി എന്നതാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് കുറിക്ക്‌കൊണ്ടിട്ടുണ്ടാവണം. അല്ലെങ്കില്‍ ശാസന ഐകകണ്‌ഠ്യേന ആകുമായിരുന്നില്ല.

          പാര്‍ടിയോട് ആലോചിക്കാതെ ലോട്ടറി വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം ആഭ്യന്തരമന്ത്രിക്കും പിന്നീട് പ്രധാനമന്ത്രിക്കും കത്തെഴുതിയതാണ് ഇപ്പോഴത്തെ നടപടിക്ക് വഴിവെച്ചത്. കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമാണ് അന്യസംസ്ഥാന ലോട്ടറിക്കാരുടെ അഴിഞ്ഞാട്ടത്തിന് കാരണക്കാര്‍ എന്ന നിലപാടില്‍ നിന്ന സി പി എം ഇതോടെ  പ്രതിക്കൂട്ടിലായി. കേന്ദ്രസര്‍ക്കാരിനെയോ കോണ്‍ഗ്രസിനെയോ കത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതുമില്ല. ഇത് ഔദ്യോഗിക നേതൃത്വത്തെ പ്രകോപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

          കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 80000 കോടി രൂപയാണ്  ലോട്ടറി മാഫിയ കേരളീയരില്‍നിന്ന് തട്ടിയെടുത്തത്. സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിനെ കടത്തിവെട്ടുന്ന തുകയാണിത്. 2ജി സ്‌പെക്ട്രം അഴിമതിയോട് കിടപിടിക്കന്ന ഈ അഴിമതി വി എസ് ഭരണത്തിലാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസവും. ഈ അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും പങ്കുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും കേരളജനതയെ ബോധ്യപ്പെടുത്താനാവും മുഖ്യമന്ത്രി രണ്ടും കല്‍പിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.  പാര്‍ടി മുഖപത്രത്തിന് വേണ്ടി രണ്ടുകോടി രൂപ മാര്‍ടിനോട് കടംവാങ്ങിയ സംഭവം ഇതിനോട് ചേര്‍ത്തുവായിക്കണം. വി എസിന്റെ  നീക്കം  പാര്‍ടിയെ പ്രതിസന്ധിയിലാക്കിയെന്നത് ശരിയാണെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ അത് ചെയ്യാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. 

          ശാസന എന്ന മൃദുവായ അച്ചടക്കനടപടിയുടെ ശരിയും തെറ്റും എന്തായാലും ഭരണത്തിലേറിയപ്പോള്‍ തുടങ്ങിയ പാര്‍ടി സംഘര്‍ഷത്തിന് അഞ്ച് വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴും ഒട്ടും അറുതിയാകുന്നില്ല എന്ന വിപല്‍സന്ദേശമാണ് കൊല്‍ക്കത്ത തീരുമാനം നല്‍കുന്നത്.  സ്‌പെക്ട്രം അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേടുകളുമൊക്കെ ഉയര്‍ത്തി അഴിമതിവിരുദ്ധ കാമ്പയിന്‍ സജീവമാക്കിയ  സി പി എം, ലോട്ടറി തട്ടിപ്പിന്റെ കാര്യത്തില്‍ സ്വന്തം മുഖ്യമന്ത്രിക്കെതിരെ തിരിയുമ്പോള്‍  അത് നല്‍കുന്ന സന്ദേശമെന്താണെന്ന് നേതൃത്വം ചിന്തിച്ചില്ല.  ലോട്ടറി വിഷയം കേരളത്തില്‍ മാത്രം ചര്‍ച്ചചെയ്താല്‍ മതിയെന്ന കേന്ദ്രനേതൃത്വത്തിന്റെ സമീപനവും സി പി എമ്മിന്റെ ആത്മാര്‍ഥതയെ സംശയിക്കാനേ വഴിവെക്കൂ. വിഭാഗീയത അണപൊട്ടിയൊഴുകുമ്പോള്‍ അത് പാര്‍ടിയുടെ പ്രതിഛായയെ എത്രമാത്രം കളങ്കപ്പെടുത്തുമെന്ന് ഈ ഒരു സംഭവം കൃത്യമായി വരച്ചുകാണിച്ചിരിക്കുന്നു.

Friday, January 14, 2011

പതിനാറുകാര്‍ വോട്ടര്‍മാരായാല്‍

          വോട്ട് ചെയ്യാനുള്ള പ്രായപരിധി 16 ആയി കുറയ്ക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാര്‍ശ പുറത്തുവന്നിട്ടും ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ ആഹ്‌ളാദമൊന്നും കൗമാരമുഖത്ത് കാണാനില്ല. ജനാധിപത്യ സംവിധാനത്തില്‍ ഏറെ ചാരിതാര്‍ഥ്യവും സംതൃപ്തിയും നല്‍കുന്ന നിര്‍ദേശമാണിത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യത്തെ 35 ശതമാനം വോട്ടര്‍മാര്‍ യുവാക്കളാണല്ലോ. അതുകൊണ്ടാണ് ഏതാനും വര്‍ഷം മുമ്പ് വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ആക്കി കുറച്ചത്. ജനാധിപത്യവിശ്വാസികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കാന്‍ പോന്നതായിരുന്നു ആ തീരുമാനം. വോട്ടവകാശം ലഭിക്കുന്നതോടെ അനീതികള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെ  യുവത്വം സടകുടഞ്ഞെഴുനേല്‍ക്കുമെന്നും ഇളം മനസ്സിന്റെ നീരൊഴുക്ക് ഇന്ത്യക്ക് നവചൈതന്യം പ്രദാനം ചെയ്യുമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ആ പരീക്ഷണം പക്ഷെ പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

          വോട്ടവകാശം സിദ്ധിച്ച 18 കാരില്‍ 60 ശതമാനവും പോളിംഗ്ബൂത്തുകളില്‍ പോകാന്‍ വിമുഖത കാട്ടുന്നതായി ഇലക്ഷന്‍ കമീഷന്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ വോട്ടുചെയ്യാന്‍ എന്തുകൊണ്ട് യുവാക്കള്‍ മടിക്കുന്നുവെന്നതിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് അയത്‌ന ലളിതമായി വോട്ടവകാശം വിനിയോഗിക്കാമെന്നിരിക്കെ വിമുഖതക്ക് മതിയായ കാരണങ്ങളുണ്ടാകുമെന്ന് തീര്‍ച്ച. നോവുന്ന ജന്മങ്ങള്‍ക്ക് അമൃത് ചുരത്തിക്കൊടുക്കുന്നതില്‍  തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നത് അവരെ നിരാശരാക്കിയിരിക്കാം. ഓരോ തെരഞ്ഞെടുപ്പിന് ശേഷവും പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറുന്നുവെന്ന് മാത്രം.

          അതുകൊണ്ട് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് 16 കാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും ഇവിടെ വിപ്‌ളവമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇതിന്റെ പേരില്‍ അവരെ കറവപ്പശുക്കളാക്കാമെന്ന രാഷ്ട്രീയക്കാരുടെ മോഹവും ഫലം കാണുമെന്ന് കരുതേണ്ട. 16 കാരായ യുവതീയുവാക്കള്‍ രാജ്യത്തെ സംഭവവികാസങ്ങളെ കുറിച്ച് അജ്ഞരാണെന്ന് ഇതുകൊണ്ട് അര്‍ഥമാക്കരുത്. പ്രായത്തില്‍ കവിഞ്ഞ ബോധവും വിശകലനശേഷിയും അവര്‍ക്കുണ്ട്.   അതുകൊണ്ടാണ് 18 കാരില്‍  മഹാഭൂരിഭാഗവും അരാഷ്ട്രീയവാദികളാവുന്നതും.

          തെരഞ്ഞെടുപ്പുകളില്‍ പ്രാദേശികതലം തൊട്ട് പാര്‍ലമെന്റ് വരെ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നതില്‍ കുറ്റകരമായ വീഴ്ചയല്ലേ എല്ലാ രാഷ്ട്രീയകക്ഷികളും അവലംബിച്ചത്? യുവാക്കളുടെ നിഷ്‌ക്കളങ്കമായ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കാനും അവരെ പരിഗണിക്കാനും സന്നദ്ധരല്ലാത്തവര്‍ 16 കാരെ പരിഗണിക്കുമോ? നാല്‍ക്കാലി വര്‍ഗത്തില്‍ പോലും കാണാത്ത നരബാധിച്ച നരാധമന്മാര്‍ ഒരിക്കലും വഴിമാറിക്കൊടുക്കില്ല. ചത്ത് പിരിയുന്നതുവരെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണവര്‍ക്ക് മോഹം. രാഷ്ട്രീയനേതൃത്വം വകതിരിവോടെ ചിന്തിക്കുന്ന കാലത്ത് മാത്രമേ തെരഞ്ഞെടുപ്പ് കമീഷന്റെ ഉദ്ദേശശുദ്ധി അന്വര്‍ഥമാവൂ.

ഇരുട്ടിന് കട്ടി കൂടുന്നു
 
          സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം അതിരൂക്ഷമായ വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളെ സംബന്ധിച്ചെടുത്തോളം ഇരുട്ടടി തന്നെയാണ്.  ഇതുവരെ ഓട്ടോക്ക് ഒന്നേകാല്‍ കിലോമീറ്ററിന് 10 രൂപയായിരുന്നു മിനിമം ചാര്‍ജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ആറ് രൂപയും. പുതുക്കിയ മിനിമം നിരക്ക് 12 രൂപയാണ്. അധിക കിലോമീറ്ററിന് ഏഴ് രൂപ കൊടുക്കണം. ടാക്‌സിക്ക് മിനിമം ചാര്‍ജ് മൂന്ന് കിലോമീറ്ററിന് പത്ത് രൂപ കൂട്ടി അറുപതാക്കി. പുതിയ നിരക്ക് പ്രകാരം അധിക കിലോമീറ്ററിന് ഏഴര രൂപയെന്നത് എട്ടാകും. ഇന്നലെ മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരികയും ചെയ്തു.

          2010 മാര്‍ച്ച് 15 നാണ് ഓട്ടോ- ടാക്‌സി  നിരക്ക് അവസാനമായി വര്‍ധിപ്പിച്ചത്. ഇതിന് ശേഷം പെട്രോള്‍ - ഡീസല്‍ വിലവര്‍ധനവിന്റെ പേര് പറഞ്ഞ് ഉടമകളുടെ സംഘടനകള്‍ പണിമുടക്കുകയുണ്ടായി.  ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. കമീഷന്റെ ഇടക്കാല റിപ്പോര്‍ട്ടനുസരിച്ചാണ് പുതിയ നിരക്ക് വര്‍ധന. വിലക്കയറ്റം. ഒരു വര്‍ഷത്തിനകം തന്നെ പലതവണ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന് ഭൂഷണമാണോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം.

          വിലക്കയറ്റം എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ ഇരുട്ടില്‍ തപ്പുന്ന ഭരണാധികാരികളാണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളത്. ദിവസംപ്രതിയാണിപ്പോള്‍ വില കുതിച്ചുകയറുന്നത്. വിലക്കയറ്റം സകല സീമകളും ലംഘിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളത്രയും തകിടം മറിയുകയാണ്. വില കൂടുന്നതിനനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ മാത്രമായി ഒരു സര്‍ക്കാരിന്റെ ആവശ്യമുണ്ടോ? വൈദ്യുതിയുടെ കാര്യമെടുത്താലും ഇതു തന്നെ സ്ഥിതി. നികുതി വര്‍ധനയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ. ആവശ്യത്തിലേറെ നികുതി വരുമാനമുണ്ടായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നു. സര്‍ക്കാരിനെ കൊണ്ട് തെറ്റുതിരുത്തിക്കാന്‍ ബാധ്യസ്ഥമായ പ്രതിപക്ഷമാകട്ടെ എല്ലാ വീഴ്ചകളും പ്രചാരണത്തിന് ഉപയോഗിച്ച് അടുത്ത ഊഴം സ്വപ്നംകണ്ട് കഴിയുകയുമാണ്. ദിക്കറിയാതെ സഞ്ചരിക്കുന്ന ഗവണ്‍മെന്റിനെതിരെ രാഷ്ട്രീയഭേദം മറന്ന് ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സമയം വൈകിയിരിക്കുന്നുവെന്നാണ് തോന്നുന്നത്.  

Thursday, January 13, 2011

ക്രിമിനലുകളെ അകറ്റിനിര്‍ത്തണം


       രാജ്യം വളരണമെങ്കില്‍ രാഷ്ട്രീയത്തില്‍ ക്രിമിനലിസത്തിന്റെ കമ്പോസ്റ്റുവളം ചേര്‍ക്കണമെന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്? ഹൃദയമുരുക്കുന്ന അനുഭവങ്ങളാണ് ചുറ്റും. ഏത് കൊടികെട്ടിയ കൊമ്പനായാലും കൊള്ളക്കാരും കൊലപാതകികളും അഴിമതിക്കാരും ജനപ്രതിനിധികളായി നിയമനിര്‍മ്മാണസഭകളില്‍ കയറിപ്പറ്റാന്‍ അനുവദിച്ചുകൂടാ. രാഷ്ട്രീയകക്ഷികള്‍ ഗുണ്ടകളുടെ സഹായം തേടിപ്പോവുകയുമരുത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറൈശിയുടെ നിര്‍ദേശം ഇനിയെങ്കിലും മുഖവിലക്കെടുത്തില്ലെങ്കില്‍ കേട്ടാല്‍ കിടുങ്ങുന്ന ദുരന്തങ്ങളെ രാജ്യം ഇനിയുമിനിയും അഭിമുഖീകരിക്കേണ്ടിവരും.
കൊള്ള, കൊല, മാനഭംഗം തുടങ്ങിയ ഗുരുതരകുറ്റങ്ങള്‍  ചെയ്യുന്ന ക്രിമിനലുകളെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്ന് ഖുറൈഷി ആവശ്യപ്പെടുന്നത് എന്തായാലും ആകസ്മികമാവാന്‍ തരമില്ല. ലോകസഭയില്‍ പോലും ക്രിമിനല്‍ പശ്ചാത്തലമുള്ള 159 എം പിമാരുള്ള സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭാവിയില്‍ ആര്‍ക്കായാലും ആശങ്കയുണ്ടാവും. കഴിഞ്ഞ ലോകസഭയില്‍ ഇത്തരക്കാരായ എം പിമാരുടെ എണ്ണം 128 ആയിരുന്നു. 120 കോടി ജനങ്ങളുടെ പരിഛേദമെന്ന നിലയില്‍ ഇന്ത്യയുടെ പരമാധികാരസഭയായ പാര്‍ലമെന്റിലേക്ക് നിസ്വാര്‍ഥരും നിഷ്‌കാമകര്‍മികളുമായ യുവാക്കള്‍ക്കും വനിതകള്‍ക്കും സാധാരക്കാര്‍ക്കും  എത്തിച്ചേരുക അസാധ്യമായിത്തീരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ലോകസഭയിലെ 543 അംഗങ്ങളില്‍ 300 ലധികം ധനികരാണ്. കോടീശ്വരന്മാര്‍ മന്ത്രിസഭയില്‍ പോലും വിരളമല്ല. ഭീകരമായ കുറ്റകൃത്യങ്ങളിലും അഴിമതിയിലും ഏര്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞവര്‍വരെ യഥാസ്ഥാനങ്ങളില്‍ നിര്‍ഭയം വിഹരിക്കുന്ന അവസ്ഥ എത്രമാത്രം ലജ്ജാകരമാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് വിചാരണ നേരിടുന്നവരെ അവര്‍ നിരപരാധികളെന്ന് തെളിയുന്നതുവരെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസ്‌നേഹികള്‍ ഈ നിര്‍ദേശത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല.

          രാഷ്ട്രീയകക്ഷികള്‍ ഗുണ്ടകളുടെ സഹായം തേടിയപ്പോള്‍ അവരുടെ മനസ്സിലും രാഷ്ട്രീയമോഹം മുളച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ രാഷ്ട്രീയകക്ഷികളുടെ സ്ഥാനാര്‍ഥികളായോ സ്വതന്ത്രരായോ മത്സരിച്ച് ലോകസഭയിലും നിയമസഭകളിലും എത്തിക്കൊണ്ടിരിക്കുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച്  ഓരോ സ്ഥാനാര്‍ഥിയും നാമനിര്‍ദേശ പത്രികയോടൊപ്പം സ്വത്തുവിവരവും ക്രിമിനല്‍ നടപടികള്‍ നേരിടുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവുമടങ്ങുന്ന സത്യവാങ്മൂലവും നല്‍കേണ്ടതുണ്ട്. എന്നിട്ടും പല പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ മടികാണിക്കാറില്ല. നിയമനിര്‍മാണ സഭകളില്‍ രാജ്യതാല്‍പര്യത്തേക്കാള്‍ മുന്‍ഗണന വ്യക്തിതാല്പര്യത്തിനും ജാതി, മത താല്‍പര്യങ്ങള്‍ക്കുമൊക്കെയായി മാറിപ്പോകുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളും പ്രാദേശികകക്ഷികളുടെ സ്വാധീനത്തിലാകാന്‍ കാരണവും ഇതാണ്. ഇവര്‍ക്ക് കേന്ദ്രത്തിലും അനര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നു.

          സജീവ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന നിരവധി രാഷ്ട്രീയക്കാര്‍  നമുക്കുണ്ട്. പക്ഷെ യഥാര്‍ഥ രാഷ്ട്രീയം ഇവരില്‍ എത്ര പേര്‍ക്ക് അവകാശപ്പെടാനാവും? ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും രാഷ്ട്രീയപ്രവര്‍ത്തകരുടെ ചരിത്രവും ആശാവഹമാണോ? ഭരണഘടന വാഗ്ദാനംചെയ്യുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാന്‍ പുതിയ ഭരണകൂടമല്ല, പുതിയ രാഷ്ട്രീയസംസ്‌കാരമാണ് വേണ്ടത്.

          നാം തെരഞ്ഞെടുത്ത 543 പേര്‍ ലോകസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത,് അവരില്‍ ഭൂരിഭാഗവും ഒരുപക്ഷെ എല്ലാവരും- പുതിയ അധ്യായം തുടങ്ങുന്നത് കള്ള സാക്ഷ്യപ്പെടുത്തലോടെയാവും. നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഒരു ലോകസഭാ മണ്ഡലത്തിലെ പ്രചാരണത്തിന് 25 ലക്ഷംരൂപയിലധികം ചെലവഴിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. അതിലേറെ ചെലവാക്കേണ്ടിവരുന്നതുകൊണ്ട് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കുന്നത് കള്ളക്കണക്കുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസഹസ്രം കോടികളാണ് എല്ലാ സ്ഥാനാര്‍ഥികളും കൂടി ചെലവിട്ടത്. ഈ ഭാരിച്ച ചെലവ് രാഷ്ട്രീയരംഗത്ത് അഴിമതി വളര്‍ത്തുന്ന ഘകകമാണ്. വ്യവസായികളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയകക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. രാജ്യം ഇന്ന് കേള്‍ക്കുന്ന അമ്പരപ്പിക്കുന്ന അഴിമതിക്കഥകളുടെ അടിവേരറുക്കാന്‍ നമുക്ക് കഴിയാതെ പോകുന്നതും അതുകൊണ്ടാണ്.

          ക്രിമിനലുകളെ പോലെ തന്നെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് അഴിമതിക്കാരെയും മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണെങ്കിലും തെരഞ്ഞെടുപ്പ് കമീഷണര്‍ അതേ കുറിച്ച് മൗനംപാലിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ അഴിമതിക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെട്ടിരുന്നു. കമ്പനികള്‍ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നത് നിയമം മൂലം തടയുകയും ചെയ്തിരുന്നു. പക്ഷെ കൊടുക്കലും വാങ്ങലും പിന്നെയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  സംഭാവനകള്‍ കണക്കില്‍ കാണിക്കാന്‍ കഴിയാത്തതുകൊണ്ട് വ്യവസായികള്‍ കള്ളപ്പണം അതിനായി ഉപയോഗിക്കുന്നു. ഇപ്പോള്‍ ആര്, ആര്‍ക്ക് ആ പണം നല്‍കുന്നെന്നും അത് എവിടെനിന്ന് വരുന്നെന്നും അറിയാന്‍ ഒരു മാര്‍ഗവുമില്ല.

          പാര്‍ടികളുടെ മാത്രമല്ല സര്‍ക്കാരിന്റെയും നിയന്ത്രണമിപ്പോള്‍ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും കൈകളിലാണെന്ന് സംശയിക്കണം. അങ്ങനെയല്ലെന്ന് അവകാശപ്പെടാന്‍ ഏത് പാര്‍ട്ടികള്‍ക്ക്  കഴിയും.  ഈ ദുരവസ്ഥ ഇനിയും തുടരാനനുവദിക്കണമോ?  പാടില്ലെന്ന് രാജ്യം ഏകസ്വരത്തില്‍ പറയും. അതിനു പക്ഷെ മുന്‍കയ്യെടുക്കേണ്ടത് രാഷ്ട്രീയനേതൃത്വം തന്നെയാണ്. ഇത്തരക്കാരെ പൊതുരംഗത്തുനിന്നും തെരഞ്ഞെടുപ്പ് വേദിയില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍  എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിക്കണം. മുഖംതിരിക്കുന്നവരെ ഒറ്റപ്പെടുത്തുകയും വേണം.

Monday, January 10, 2011

കനിവിന്റെ മധുകുംഭം മൊഴികളില്‍ മാത്രം പോരാ


     ഇന്ത്യക്ക് പുറത്ത് ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് വരുന്ന പ്രവാസിസമൂഹത്തോട് രാജ്യം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ജീവിതയോധനത്തിനായി നാടും വീടും വിട്ട് വിദേശത്ത് ഒറ്റപ്പെട്ടുകഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെടാന്‍ ധാരാളമുണ്ട്. നാടിനെ കുറിച്ചുള്ള മധുരോദാരമായ ചിന്തകള്‍ ഒതുക്കി അന്യദേശത്ത് പ്രതികൂല കാലാവസ്ഥയോടും സാഹചര്യങ്ങളോടും മല്ലിട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. പ്രവാസികള്‍ അവിടെ പടുത്തുയര്‍ത്തുന്ന ജീവിതം ജന്മനാടിനും മുതല്‍ക്കൂട്ടാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടാതെ പോവുന്നു. പ്രവാസി ഭാരതീയരുടെ പ്രാധാന്യവും ശക്തിയും അവഗണിക്കപ്പെടുകയാണെന്ന് തന്നെ പറയണം. വാഴുന്ന കൈകളിലെല്ലാം വര്‍ഷങ്ങളായി അവര്‍ വളയിട്ടുനോക്കുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇരമ്പിയണയുമ്പോഴും കരളലിയാനും കൃപചൊരിയാനും ഭരണാധികാരികള്‍ക്ക് സമയമോ സന്മനസ്സോ ഇല്ല. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രവാസികളുടെ സഹകരണം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെടുമ്പോഴും കനിവിന്റെ മധുകുംഭം മൊഴികളില്‍ മാത്രം ഒതുങ്ങിപ്പോകുന്നുവെന്നതാണ് അനുഭവം.

     ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിദേശ ഇന്ത്യക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന ആഹ്വാനവുമായിട്ടാണ് ഒമ്പതാം പ്രവാസി ഭാരതീയ ദിവസിന് ദല്‍ഹിയില്‍ തുടക്കം കുറിച്ചത് തന്നെ. അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി 1500 ഓളം പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രിയും പ്രസിഡണ്ടും പങ്കെടുത്തുവെന്നത് നല്ലകാര്യം. പ്രവാസികളുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം ചര്‍ച്ച ചെയ്തുവെന്നതും സന്തോഷകരം. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് വേഗം പോരാ. വര്‍ഷാവര്‍ഷം സമ്മേളനം സംഘടിപ്പിച്ചതുകൊണ്ടോ വാഗ്ദാനങ്ങള്‍ പെരുമഴയായി പെയ്തതുകൊണ്ടോ തീരുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. ഒരായിരം തപ്തസ്മൃതികളില്‍ മനസ്സ് പൊള്ളുന്നവരുടെ കാര്യത്തില്‍ വിപണിയുടെ മനഃശാസ്ത്രമാണ് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവലംബിക്കുന്നത്.

     ഇന്ത്യാ ഗവണ്‍മെന്റ് മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് പലതും. ബന്ധപ്പെട്ട രാജ്യങ്ങളുമായി  ചര്‍ച്ച ആവശ്യമുള്ള വിഷയങ്ങളില്‍ കാലതാമസം ഉണ്ടാവാം. എന്നാല്‍ ഇവിടെ പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലും നടപടികള്‍ വൈകുന്നു എന്നതല്ലേ വസ്തുത? പ്രവാസി വോട്ടവകാശം തന്നെ മികച്ച ഉദാഹരണം. ദശാബ്ദങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍  വോട്ടവകാശം വാഗ്ദാനം ചെയ്തപ്പോള്‍ ആവേശപൂര്‍വം അതിനെ സ്വാഗതം ചെയ്തവരാണ് പ്രവാസികള്‍. ഇത്തവണയും പ്രധാനമന്ത്രി പ്രഖ്യാപനം ആവര്‍ത്തിച്ചുവെന്നത് ശരിയാണെങ്കിലും ആസന്നമായ തെരഞ്ഞെടുപ്പിലും വോട്ടവകാശം ലഭിക്കുകയില്ലെന്ന പ്രതീതിയാണ് നിലന്ല്‍ക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മാത്രമല്ല വിദേശത്തുള്ളവര്‍ക്കും വോട്ടുരേഖപ്പെടുത്താനുള്ള അവസരമാണ് ലഭിക്കേണ്ടത്. ആധുനിക സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച്  താമസിക്കുന്ന രാജ്യത്ത് തന്നെ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയും. കഴിയണം. മറ്റ് രാഷ്ട്രങ്ങള്‍ അങ്ങനെ ചെയ്യുന്നുമുണ്ട്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുകൂലമാണെങ്കിലും ഇവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് എങ്ങനെ എന്ന കാര്യത്തിലാണത്രെ തര്‍ക്കം. അതത് രാജ്യത്തിന്റെ ഇന്റര്‍നെറ്റ് വഴി പേര് രജിസ്തര്‍ ചെയ്യുകയും എമ്പസിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെരിഫിക്കേഷന് വേണ്ടി ഹാജരാവുകയും ചെയ്യണമെന്നാണ് കമീഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 50 ലക്ഷം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അത് പ്രായോഗികമാണോ എന്ന് ചിന്തിക്കണം. പരാതികളുള്ളവരെ മാത്രം വെരിഫിക്കേഷന് വിധേയമാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

          വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന രാജ്യത്തിന് വേണ്ടി പുനരര്‍പ്പണം ചെയ്യാന്‍ പ്രവാസികളെ ആരം ഉപദേശിക്കേണ്ടതില്ല. അവര്‍ ജീവിതത്തിന്റെ വസന്തം മുഴുവന്‍ അങ്ങനെ ചെയ്തവരാണല്ലോ. പ്രവാസികളില്‍ സിംഹഭാഗവും മലയാളികളാണ്. എന്നാല്‍ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന പരാതി നിലനില്‍ക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ ലഭിക്കുന്ന സഹകരണംപോലും കേരളത്തില്‍ ലഭ്യമല്ലെന്നതല്ലേ വസ്തുത?  കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് വ്യവസായ മന്ത്രി കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഈ പരാതി തന്നെ ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ല. കണ്ണൂര്‍ വിമാനത്താവളത്തിന് നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ വ്യവസ്ഥകളില്‍ അവ്യക്തത നിലനില്‍ക്കുന്നു.

          വിദേശത്തെ ജയിലുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ട പ്രവാസികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ ബന്ധപ്പെട്ട എമ്പസികള്‍ തയാറാവുന്നില്ല. അവരുടെ കേസുകള്‍ യഥോചിതം കൈകാര്യം ചെയ്യാനോ ആവശ്യമായ നിയമോപദേശം  ലഭ്യമാക്കാനോ  സംവിധാനമില്ല. വിസ തട്ടിപ്പുകളില്‍ കുടുങ്ങി ഗള്‍ഫിലും മറ്റും ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട സഹോദരീ സഹോദരന്മാരുടെ  പരാതി ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. വിമാനക്കൂലിയിലെ പകല്‍കൊള്ളക്കും അവധികാലങ്ങളിലെ അമിത നിരക്കിനും പരിഹാരമുണ്ടാവുന്നില്ല.  പ്രവാസി വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പ്രതീക്ഷാപൂര്‍വം സ്വാഗതം ചെയ്തവര്‍ക്ക് അതിന്റെ ഗുണം സിദ്ധിക്കുന്നില്ലെന്ന് ചുരുക്കം.

          നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് വിദേശത്ത് ജോലി സാധ്യത വര്‍ധിച്ചുവരുന്നുണ്ടെന്നത് ആശ്വാസകരമാണെങ്കിലും പരശ്ശതം പ്രവാസികള്‍ തിരിച്ചുവരുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഇതുവരെ ഗൗരവമായി എടുത്തുകാണുന്നില്ല. തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് അനിവാര്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കേണ്ടതുണ്ട്. തിരിച്ചുവരവ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ആരെയും അലോസരപ്പെടുത്താത്തതാണ് അത്ഭുതം. മാതൃരാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചക്കും വേണ്ടി വിദേശ ഇന്ത്യക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന അളവറ്റ  സംഭാവനകള്‍  വിസ്മരിക്കപ്പെടുന്നത് തീര്‍ച്ചയായും ക്രൂരതയാണ്. ഭരണാധികാരികള്‍ ഈ ക്രൂരത ക്ക് ഒരിക്കലും കൂട്ടുനില്‍ക്കരുത്. പ്രവാസി സമ്മേളനത്തിലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും സാക്ഷാല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സമ്മേളനം ഒരു വ്യര്‍ഥവ്യായാമമായി മാറുകയേ ഉള്ളൂ..

Saturday, January 8, 2011

നന്മയുടെ തണല്‍മരം



          ആദര്‍ശനിഷ്ഠയുടെ ഒരു ജ്വാല കൂടി അണഞ്ഞു. ജനകീയനും ജനപ്രിയനുമായിരുന്ന ഉണ്ണ്യാലിക്കുട്ടി സാഹിബ് ചരിത്രത്തിലേക്ക് പിന്‍വാങ്ങി. ഇനി അമരത്വത്തിലേക്കുള്ള യാത്ര.


       മതവും രാഷ്ട്രീയവും സൃഷ്ടിക്കുന്ന മതിലുകള്‍ക്കപ്പുറം മനുഷ്യരെ സ്‌നേഹിച്ച ആ അപൂര്‍വ്വ വ്യക്തിത്വത്തെ കുറിച്ച്  മധുരമുളള  സ്മരണകള്‍ എന്നെപ്പോലെ പലര്‍ക്കും പങ്കുവെക്കാനുണ്ടാവും. കാപട്യസ്വാര്‍ത്ഥങ്ങളില്ലാത്ത, അധികാരതിമിരം അശേഷമേശാത്ത അദ്ദേഹത്തിന് പക്ഷെ, അനീതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള മനക്കരുത്തും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും വേണ്ടുവോളമുണ്ടായിരുന്നു.  എടവണ്ണയെ ഒരുപാട് സ്‌നേഹിച്ച ഉണ്ണ്യാലിക്കുട്ടി സാഹിബിന്റെ ഭൗതികശരീരം   പള്ളി ഖബര്‍സ്ഥാന്‍ ഏറ്റുവാങ്ങുമ്പോള്‍ ആരും ആചാരവെടി ഉതിര്‍ക്കുകയും ബ്യുഗിള്‍ മുഴക്കുകയും ചെയ്തില്ലെങ്കിലും നാട്ടുകാരുടെ മനസ്സില്‍ താങ്ങാനാവാത്ത വിങ്ങലുകള്‍ ഉയര്‍ന്നിട്ടുണ്ടാവും, ഉറപ്പ്. കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കിയവരെല്ലാം അദ്ദേഹത്തിന്റെ പരലോക സൗഭാഗ്യത്തിനു വേണ്ടി തീര്‍ച്ചയായും പ്രാര്‍ത്ഥിച്ചിട്ടുമുണ്ടാവും.


       പൊതുപ്രവര്‍ത്തനത്തിന്റെ പവിത്രസങ്കല്‍പങ്ങളെ സാര്‍ത്ഥകമാക്കാനാണ് ഉണ്ണ്യാലിക്കുട്ടി പത്രപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞത്. യുവസഹജമായ ഉന്മേഷത്തോടെ നാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ചു. ചന്ദ്രിക പത്രാധിപസമിതി അംഗമെന്ന നിലയില്‍ എന്റെ ഓര്‍മ്മയില്‍ അദ്ദേഹത്തെ കുറിച്ചുള്ള മായാത്ത ഇന്നലെകളുണ്ട്. പ്രദേശത്തിന്റെ വിചാരവികാരങ്ങളെയും ആശയാഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കാനും വികസനത്തിന്റെ അളവറ്റ സാധ്യതകള്‍ ചൂണ്ടിക്കാട്ടാനും സധൈര്യം തൂലിക ചലിപ്പിച്ച ഉണ്ണാലിക്കുട്ടി തികഞ്ഞ മാധ്യമധര്‍മ്മമാണ് നിര്‍വഹിച്ചത്.
       സമൂഹത്തിന്റെ ദോഷങ്ങള്‍ അപഗ്രഥിക്കലും സാമൂഹികവിപത്തിനെകുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കലും മാധ്യമ ദൗത്യത്തില്‍ പെടും. വാര്‍ത്തകളില്‍ വസ്തുനിഷ്ഠതയും സത്യസന്ധതയും പുലര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രദ്ധിച്ചിരുന്നു. വിഭിന്ന താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇതാവശ്യമാണെന്ന്  ഉത്തമബോധ്യവുമുണ്ടായിരുന്നു. 


       കമ്പോളശക്തികള്‍ മാധ്യമരംഗത്ത് ആധിപത്യം ഉറപ്പിച്ച ഇക്കാലത്ത് വാര്‍ത്തകളുടെ ഇഷ്ടവിഷയങ്ങള്‍ തന്നെ കീഴ്‌മേല്‍മറിഞ്ഞു. എന്നാല്‍ അര്‍ത്ഥവത്തും അന്തസ്സുറ്റതുമായ ഒരു പത്രപ്രവര്‍ത്തകനെ നെഞ്ചുറപ്പോടെ തൊട്ടുകാണിക്കാന്‍ പഴയ തലമുറക്ക് കഴിയും. അതാണ് ഉണ്ണ്യാലിക്കുട്ടി. ആരവങ്ങളില്‍ നിന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും ജനാധിപത്യത്തിന്റെ യശസ്തംഭങ്ങളിലൊന്നായ പ്രസ്സിന്റെ അന്തസ്സ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. നല്ല മാധ്യമപ്രവര്‍ത്തകന്റെ വേദനകള്‍ തന്നെയാണ് നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേദനകളെന്നും അദ്ദേഹം തെളിയിച്ചു.

       അച്ചടിയുടെ കാലത്തു തന്നെ വമ്പിച്ച മാധ്യമസ്വാധീനം ഏറ്റുവാങ്ങിയ നാടാണ് കേരളം. ധാരാളം മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ടി വി ചാനലുകളുടെ വരവ് മത്സരത്തിനു വീര്യം കൂട്ടി. പത്രങ്ങള്‍ക്കിടയിലും ചാനലുകള്‍ക്കിടയിലും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമിടയിലും ഇപ്പോള്‍ കടുത്ത മത്സരമാണുള്ളത്. മത്സരത്തിലേര്‍പ്പെട്ടവര്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ പുതിയ വിഭവങ്ങളൊരുക്കുന്നു. നേരം പുലരുന്നതു മുതല്‍ അടുത്ത പുലര്‍ച്ചവരെ വാര്‍ത്തകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍  പിന്നെ പത്രം നോക്കുന്നതെന്തിന്? അതുകൊണ്ട് അച്ചടിമാധ്യമങ്ങള്‍ക്ക് വാര്‍ത്താരംഗത്ത് ഇപ്പോള്‍ മുമ്പത്തെപ്പോലെ കുത്തക അവകാശപ്പെടാനാവില്ല.


       എന്നാല്‍ പിന്നെ എന്തറിയാനാണ് ജനം പത്രം നോക്കുന്നത്? വായനക്കാരെ പിടിച്ചുനിര്‍ത്തണമെങ്കില്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ വാര്‍ത്തകള്‍,    വാര്‍ത്താവിശകലനങ്ങള്‍, വാര്‍ത്താപ്രവചനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മുഖങ്ങള്‍ ആവശ്യമായി വന്നു. മാധ്യമരംഗത്ത് ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ എസ്. സി. ഭട്ട് കുറിച്ചിട്ട ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. പ്രാദേശിക വാര്‍ത്തകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, അഭിപ്രായങ്ങള്‍, വാര്‍ത്താ വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വര്‍ത്തമാനപത്രങ്ങള്‍ ഇനിയും ഏറെക്കാലം ജനങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തുക തന്നെ ചെയ്യും. എന്നാല്‍ വിനോദത്തിന്റെ കാര്യത്തില്‍ ചാനലുകളുമായി പത്രങ്ങള്‍ മത്സരിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അത്.


       ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ ഒരു പ്രത്യേക സ്വഭാവം നാം ശ്രദ്ധിക്കണം. ഒരു കാര്യത്തില്‍ ഇന്നുകൊടുക്കുന്ന പ്രാധാന്യം നാളെ കൊടുക്കില്ല. ഒരുപക്ഷെ അക്കാര്യത്തെ പറ്റി അടുത്ത ദിവസം ഒന്നുംതന്നെ പ്രസിദ്ധപ്പെടുത്തിയില്ലെന്നും വരും. അത് വാര്‍ത്തയുടെ സ്വഭാവമായി വളര്‍ന്നുവന്നിരിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതുവരെ പിന്തുടരുകയെന്നത് ഇന്നത്തെ മാധ്യമങ്ങളെ സംബന്ധിച്ച് അന്യമാണ്.


       ലോകമൊട്ടാകെ അനേക നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന പ്രധാന വിഷയങ്ങള്‍ ദാരിദ്ര്യം, നിരക്ഷരത, വര്‍ണവിവേചനം, ചൂഷണം, യുദ്ധക്കൊതി, സാമ്രാജ്യവാദം, അധിനിവേശം, സ്ത്രീപീഡനം മുതലായവയാണ്. ഈ പ്രശ്‌നങ്ങള്‍ ദേശീയവും തദ്ദേശീയവുമായി പരിഹരിക്കപ്പെടാന്‍ അതത് ദേശത്തെ മാധ്യമങ്ങള്‍ വേണ്ട ഉത്തേജനം നല്‍കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. മാധ്യമങ്ങള്‍ പ്രശ്‌നപരിഹാരത്തിനു സഹായകമാകണം. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട സംവിധാനം മാധ്യമങ്ങള്‍ക്കില്ല. അത് ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ളതാണ്.


       പ്രശ്‌നങ്ങളുടെ കാരണങ്ങളിലേക്ക് കാര്യകാരണ സഹിതം വിരല്‍ചൂണ്ടാന്‍  മാധ്യമങ്ങളും ഉദ്ദേശശുദ്ധിയുള്ള പത്രപ്രവര്‍ത്തകരും വേണം. ആദ്യവസാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചവര്‍ക്കേ അതിനു കഴിയൂ. ജന്മദേശത്തിന്റെ വികസനത്തിനും  പ്രദേശവാസികളുടെ ക്ഷേമത്തിനും വേണ്ടി  ജീവിതം ഉഴിഞ്ഞുവെച്ച ഉണ്ണ്യാലിക്കുട്ടി സാഹിബ് തീര്‍ച്ചയായും ഈ ഗണത്തില്‍ പെടും. അദ്ദേഹം നല്‍കിയ വര്‍ണാഭമായ സംഭാവനകള്‍ ഞങ്ങളുടെയൊക്കെ ഓര്‍മ്മയുടെ ആല്‍ബങ്ങളില്‍ നിറഞ്ഞുനില്‍പുണ്ട്. ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതും കണ്ടുവളര്‍ന്നതും തന്റെ പൊതുപ്രവര്‍ത്തനത്തിനു ഊടുംപാവും പണിയാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവണം.

       ലോക്കല്‍ വാര്‍ത്തകളില്‍ പത്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ധാരാളമായി എഡിഷനുകള്‍ ഇറക്കുന്നതും ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ്. ചാനലുകളുടെ അതിപ്രസരത്തിനിടയിലും പത്രങ്ങളെ ജനം നെഞ്ചേറ്റുന്നതും ഇക്കാരണം കൊണ്ടാണ്. ചാനലുകള്‍ ജനങ്ങളുടെ കണ്ണുകള്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. പത്രങ്ങളാകട്ടെ അവരുടെ ഹൃദയങ്ങള്‍ക്ക് വേണ്ടിയും. പ്രാദേശിക വാര്‍ത്തകളിലൂടെ അലിവിന്റെ ചോലമരങ്ങളില്ലാത്ത വഴികളില്‍ ഉണ്ണ്യാലിക്കുട്ടി തണല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുകയായിരുന്നു.

       എല്ലാവരുമായും ആത്മബന്ധം സ്‌നേഹവായ്‌പോടെ പങ്കുവെച്ച പ്രിയങ്കരനായ സഹപ്രവര്‍ത്തകന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ. ആമീന്‍.



Friday, January 7, 2011

ജുഡീഷ്യറിയും തുരുമ്പെടുക്കുന്നു?


         സത്യസന്ധനല്ലാത്ത ഒരു ജഡ്ജി തന്നെയും തന്റെ പദവിയേയും മാത്രമല്ല അപകീര്‍ത്തിപ്പെടുത്തുന്നത്. മറിച്ച് നീതിപീഠത്തിന്റെ മുഴുവന്‍ കീര്‍ത്തിയെ തന്നെയാണ്. മുമ്പൊരിക്കല്‍ രാജ്യത്തോട് ഈ നഗ്നസത്യം വിളംബരംചെയ്തത് സുപ്രീംകോടതി തന്നെയാണ്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും വലിയ ഉത്തരവാദിത്വമാണ് കോടതികള്‍ക്ക് നിര്‍വഹിക്കാനുള്ളത്. ഇന്ത്യന്‍ ജൂഡീഷ്യറി അന്താരാഷ്ട്ര തലത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ചുമതലാ നിര്‍വഹണത്തില്‍ സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്നതുകൊണ്ടാണ്. ഇവിടുത്തെ പൗരന്മാരും അഭിഭാഷകരും ജഡ്ജിമാരും എന്തെങ്കിലും പരാതികള്‍ ഉന്നയിക്കുന്നുവെങ്കില്‍ അതിന് കാരണം നീതിപീഠത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും സല്‍പേരിനും കളങ്കമേല്‍ക്കരുതെന്ന നിര്‍ബന്ധം അവര്‍ക്ക് ഉള്ളതുകൊണ്ട് മാത്രമാണ്.

         ഇന്ത്യയിലെ പ്രഥമ ദലിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി കെ ജി ബാലകൃഷ്ണന്‍ നിയമിതനായപ്പോള്‍ കേരളീയനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആഹ്‌ളാദിച്ചതും അഭിമാനിച്ചതും മലയാളികളായിരുന്നു. രാഷ്ട്രപതിക്കസേരയില്‍ കെ ആര്‍ നാരായണനെ ഇരുത്താന്‍ സാധിച്ചതിന്റെ അഹങ്കാരം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന നമുക്ക് ജ ബാലകൃഷ്ണന്‍ തിരിച്ചുനല്‍കിയതാകട്ടെ മായ്ച്ചാലും മായാത്ത നാണക്കേടും. ദിവസം കഴിയുന്തോറും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തികൂടുമ്പോള്‍ മനസ്സ് ഇടറുക മാത്രമല്ല കൈകാലുകള്‍ തളരുകയും ചെയ്യുന്നു. 1968ല്‍ മുന്‍സിഫായി കയറിയ ബാലകൃഷ്ണന്‍ ഇടക്കാലത്ത് ജോലി രാജിവെച്ച് ഹൈക്കോടതിയില്‍ അഭിഭാഷകനായും പിന്നീട് കേരള ഹൈക്കോടതി ജഡ്ജിയായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സുപ്രീംകോടതി ജഡ്ജിയായുമൊക്കെ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് ഉന്നത നീതിപീഠത്തിന്റെ അത്യുന്നത ശ്രേണിയില്‍ അവരോധിതനായത്. നാലുവര്‍ഷവും നാലുമാസവും ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹമിപ്പോള്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനുമാണ്.

         ജുഡീഷ്യറിയുടെ അനശ്വര ദീപശിഖ ദീര്‍ഘകാലം കയ്യിലേന്താന്‍ അത്യപൂര്‍വ ഭാഗ്യംസിദ്ധിച്ച ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കുമെതിരെയാണിപ്പോള്‍ ആരോപണങ്ങള്‍ പേമാരിയായി പെയ്തിറങ്ങുന്നത്. ആരോപണം ഉന്നയിക്കുന്നവരും ചില്ലറക്കാരല്ല. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ ഡോ. എം ഫര്‍ഗുവാനാണ് ബാലകൃഷ്ണന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരിക്ക് ആദ്യമായി പരാതി അയച്ചത്.  പരാതി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. ദല്‍ഹി സി ബി ഐ യൂണിറ്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കൊച്ചി യൂണിറ്റിനോട് ആവശ്യപ്പെട്ടു. ആദ്യമാദ്യം ഈ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും കണ്ടില്ലെന്ന് നടിച്ചു. വാര്‍ത്താ തമസ്‌കരണം  എളുപ്പമല്ലെന്ന് വന്നപ്പോഴാണ് എല്ലാവരും ഏറ്റുപിടിച്ചത്. കെ ജി  ബാലകൃഷ്ണനെ അഴിമതിക്കാരനായി കാണാനുള്ള താല്‍പര്യമില്ലായ്മയായിരിക്കാം മലയാള പത്രങ്ങളെയും  പിന്തിരിപ്പിച്ചിട്ടുണ്ടാവുക.

         സ്‌പെക്ട്രം അഴിമതി ഒരു സാമ്പത്തിക കുറ്റം എന്നതിനേക്കാള്‍ അതൊരു രാജ്യദ്രോഹ കുറ്റം കൂടിയാണ്. ശത്രുരാജ്യങ്ങളുടെ ഒളിപ്പോര്‍ ഇനമായ സാമ്പത്തിക ഭീകരാക്രമണമാണ് മന്ത്രിപദത്തിലിരുന്നുകൊണ്ട് ദലിതനായ രാജ നടത്തിയത്. സാത്വികനായ സാമ്പത്തിക വിദഗ്ധന്‍ കാവല്‍നില്‍ക്കുമ്പോഴാണ് അദ്ദേഹം അഴിമതി രാജാവായത്. വന്‍കിട ബിസിനസ് ലോകം കറുത്ത പണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കണ്ടുകൊണ്ടാണല്ലോ 2010 വിടവാങ്ങിയത്. അഴിമതിയുടെ കാര്യത്തില്‍ രാജ്യക്ക് തുല്യമായ അവസ്ഥയിലെത്തിയിരിക്കുന്നു കെ ജി ബാലകൃഷ്ണനും. അദ്ദേഹം കണ്ണടച്ച് പാല്‍ കുടിക്കുകയായിരുന്നു എന്നാണിപ്പോള്‍ മനസ്സിലാവുന്നത്. ജ. ഗോഖലെയും അദ്ദേഹവും തമ്മില്‍ രാജയുടെ പേര് പരാമര്‍ശിച്ച സംഭവത്തെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളും ഇവിടെ ചേര്‍ത്തുവായിക്കണം. സുപ്രീംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്ത് സംബന്ധിച്ച സ്റ്റേറ്റുമെന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ഉത്തരവിട്ടപ്പോള്‍ അതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് കൊടുക്കാനാണ് ജ. ബാലകൃഷ്ണന്‍ തീരുമാനിച്ചത്. ദല്‍ഹി ഹൈക്കോടതി ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ക്കനുകൂലമായി വിധിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ കൊടുത്തു. അപ്പീല്‍ തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി പെറ്റീഷന്‍ കൊടുക്കാനാണ് മുതിര്‍ന്നത്.

         മുന്‍ ചീഫ് ജസ്റ്റിസിനെതിരെ ഗൗരവതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇപ്പോള്‍ ഹര്‍ജിയും വന്നിരിക്കുന്നു. മരുമക്കളും മറ്റ് ബന്ധുക്കളും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് ഉന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. ജ ബാലകൃഷ്ണനാണെങ്കില്‍ ആരോപണങ്ങള്‍ കത്തിക്കയറുമ്പോഴും തികഞ്ഞ മൗനത്തിലുമാണ്. യൂത്തുകോണ്‍ഗ്രസ് നേതാവായ മരുമകന്‍ ശ്രീനിജന്‍ ആരോപണത്തെ തുടര്‍ന്നു രാജിവെച്ചിരിക്കുന്നു. ബാലകൃഷ്ണനെതിരെ സി ബി ഐ അന്വേഷണം തന്നെ വേണമെന്നും അത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും വാദിക്കുന്നത് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തിഭൂഷണും മറ്റുമാണ്. ജ വി ആര്‍ കൃഷ്ണയ്യരും അതിശക്തമായി രംഗത്തുണ്ട്. വൈകിയെങ്കിലും ചില രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരിക്കുന്നു.

         ജുഡീഷ്യറിയുടെ പ്രതിഛായക്ക് വലിയ കളങ്കമാണ് ഈ ആരോപണം ഏല്‍പിച്ചത് എന്നതില്‍ സംശയമില്ല. ജ ഫാത്തിമബീവിയും ജ. പരിപൂര്‍ണനും ജ കെ ടി തോമസുമെല്ലാം കേരളത്തില്‍ നിന്ന് സുപ്രീംകോടതിയിലെത്തിയവരും ന്യായാധിപ പദവിയില്‍ തങ്ങളുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചവരുമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ടുപേര്‍ അഴിമതിക്കാരായിരുന്നുവെന്ന ഞെട്ടിക്കുന്ന സത്യം നമ്മുടെ മുമ്പിലുണ്ടെങ്കിലും ജ ബാലകൃഷ്ണന്‍ ആ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഒരു മലയാളിയും കരുതിയിട്ടുണ്ടാവില്ല.

         എക്‌സിക്യൂട്ടീവിനെ പിന്തുടര്‍ന്ന് ജൂഡീഷ്യറിയും അഴിമതിയില്‍ മുങ്ങിയാല്‍-ജഡ്ജിമാര്‍ സത്യസന്ധമായി കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ജനതക്ക് പിന്നെ എവിടെയാണൊരു അഭയം.

Thursday, January 6, 2011

പോലീസിന്റെ ക്രിമിനല്‍മുഖം മാറുമോ?


          ആധുനിക കാലത്തിന് അനുയോജ്യമാംവിധം പൊലീസിനെ നവീകരിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ നമുക്ക് മുക്തകണ്ഠം അനുമോദിക്കാം. നീതിന്യായ സംവിധാനം മാത്രമല്ല ജനാധിപത്യ വ്യവസ്ഥ തന്നെയും അര്‍ഥപൂര്‍ണമാവണമെങ്കില്‍ തികച്ചും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊലീസ്‌സേന അനിവാര്യമാണ്. നിയമനിര്‍മാണം പ്രധാന ലക്ഷ്യമായി പ്രത്യേകമായി ചേര്‍ന്ന പന്ത്രണ്ടാം നിയമസഭയുടെ പതിനാറാം സമ്മേളനം തിങ്കളാഴ്ച പിരിഞ്ഞത് കേരള പൊലീസ് ബില്‍ പാസാക്കിക്കൊണ്ടാണ്. പൊലീസിന്റെ പഴകിത്തുരുമ്പിച്ച മാമൂല്‍ സമ്പ്രദായങ്ങള്‍ക്ക് അറുതിവരുത്തുന്ന സമഗ്രമായ നിര്‍ദേശങ്ങളോടെയാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍  ബില്ല് അംഗീകരിച്ചത്. പൊലീസിന്റെ ക്രിമിനല്‍മുഖം മാറിക്കിട്ടാന്‍ പ്രാര്‍ഥനാനിരതരായി കാത്തിരുന്നവര്‍ക്ക് ആശ്വസിക്കാനുള്ള വിഭവങ്ങള്‍ ബില്ലില്‍ ധാരാളമുണ്ട്. എന്നാല്‍ ഇരുള്‍മാറി വെട്ടംപിറക്കുമോ? പഴയ ശീലം ഉപേക്ഷിക്കാന്‍ പൊലീസ് സന്നദ്ധമാകുമോ എന്ന് കണ്ടുതന്നെ അറിയണം.

          പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ആര്‍ക്കും അഭിപ്രായമുണ്ടാവാന്‍ തരമില്ല. പ്രബുദ്ധകേരളത്തിന്റെ ചിന്താശേഷിയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടികളാണ്  അവരുടെ ഭാഗത്തുനിന്ന് ഇക്കാലമത്രയും ഉണ്ടായത്. നിയമപാലകര്‍ കടിച്ചുകുടഞ്ഞ ജീവിതങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അനുഭവങ്ങള്‍ മുഴുവന്‍ അനാവരണംചെയ്യപ്പെട്ടാല്‍ പൊലീസിന്റെ കുലപ്രകൃതം എത്ര ഭീകരമാണെന്ന് ബോധ്യമാവും. വാക്കിലും പ്രവൃര്‍ത്തിയിലും പൊലീസ് പുലര്‍ത്തുന്ന കാപാലിക ഭാവത്തിന് അറുതിവരണമെന്ന മലയാളിയുടെ വ്യാമോഹത്തിന്് കേരളപ്പിറവിയോളം തന്നെ പഴക്കമുണ്ട്.

          സാമൂഹിക തിന്മകള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ജാഗ്രതപുലര്‍ത്താന്‍ പൊലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? പൊലീസ് തീനാളമായി ജ്വലിക്കാറുണ്ടെങ്കിലും അത് മിക്കപ്പോഴും നിരപരാധികളെ ദഹിപ്പിക്കാനാണ്. നാട്ടിയത് വളഞ്ഞാല്‍ നിഴലും വളയും. പൊലീസ് വകുപ്പിനെ കാമധേനുവായി കാണുന്ന രാഷ്ട്രീയകക്ഷികള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങളുടെ കുരുക്ക് അഴിക്കുന്നതിന് പകരം മുറുക്കാന്‍ അവര്‍ പൊലീസിനെ നിര്‍ബന്ധിക്കുന്നു. അതോടെ  നീതിയുടെ കസ്റ്റഡിമരണം നിത്യസംഭവമായി മാറുന്നു.

          ഇന്ത്യയില്‍ ഭരണം സ്ഥാപിച്ച ഈസ്റ്റിന്ത്യാ കമ്പനി 1861 ല്‍ കൊണ്ടുവന്ന പൊലീസ് നിയമത്തെയാണ് നാമിപ്പോഴും പിന്തുടരുന്നത്. ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമത്തെ പിന്‍പറ്റി 1961 ലുണ്ടാക്കിയ നിയമത്തിന് ജനദ്രോഹ മുഖമുണ്ടാവുക സ്വാഭാവികം. സംസ്ഥാനം മാറി മാറി ഭരിച്ചവരെല്ലാം ഈ നിയമത്തെ അറിഞ്ഞോ അറിയാതെയോ പരമാവധി ഉപയോഗിക്കുകയായിരുന്നു

         പൊലീസ്‌സേനയെ നവീകരിക്കുന്നതിനാവശ്യമായ ശിപാര്‍ശകളടങ്ങിയ നിരവധി റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ടായിരുന്നു. ധര്‍മവീര അധ്യക്ഷനായ പൊലീസ് കമീഷന്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍, റബിറോ കമീഷന്‍, സൊറാബ്ജി കമീഷന്‍, ജസ്റ്റിസ് കെ ടി തോമസ് കമീഷന്‍, ജസ്റ്റിസ് കൃഷ്ണയ്യര്‍ കമീഷന്‍ തുടങ്ങിയവ. ഈ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പുതിയ നിയമത്തില്‍ പരിഗണിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്.  പൊലീസ്‌സ്റ്റേഷന്‍ എങ്ങനെയായിരിക്കണമെന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പൊലീസ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാല്‍ സ്റ്റേഷനെ പറ്റി വിശദീകരിക്കുന്ന ഒരഅധ്യായം തന്നെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ സ്റ്റേഷനുകളിലും കേസ് ഡയറി നിര്‍ബന്ധമായും സൂക്ഷിക്കണമെന്നും ഈ രേഖ മനുഷ്യാവകാശ കമീഷനും  പട്ടികജാതി-വര്‍ഗ കമീഷനും ജില്ലാ പൊലീസ് കംപ്‌ളയ്ന്റ് അതോറിട്ടിക്കും ഏത് സമയത്തും പരിശോധിക്കാമെന്നും ഒപ്പം കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ വ്യവസ്ഥകള്‍ക്ക് തീര്‍ച്ചയായും ചുമതലബോധത്തിന്റെ ഭാഷ നല്‍കിയത് നന്നായി.

          സ്ത്രീകളെയും മുതിര്‍ന്നവരെയും മാനിക്കാനും കുട്ടികളെ പരിഗണിക്കാനുമുള്ള ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യപ്പെടുത്തുന്നതും അവര്‍ക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ ഫോട്ടോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഇനി മുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും. പൊലീസിന്റെ ഭാഷ സഭ്യമാകണം. സാക്ഷികളോട് മാന്യമായി പെരുമാറണം. കുട്ടികളോ സ്ത്രീകളോ മുതിര്‍ന്നവരോ ആയ സാക്ഷികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നതിന് പകരം അവരുടെ താമസസ്ഥലത്തു ചെന്ന് മൊഴിയെടുക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  മേലാല്‍ കീഴുദ്യോഗസ്ഥരെകൊണ്ട് ദാസ്യവേല ചെയ്യിക്കരുത്. പൊലീസുകാര്‍ കൈക്കൂലി വാങ്ങിയാല്‍ ഏഴുവര്‍ഷം അഴിയെണ്ണേണ്ടിവരും.

          ആഭ്യന്തരമന്ത്രി ചെയര്‍മാനായി വിവിധ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സംസ്ഥാന സുരക്ഷാ കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെങ്കില്‍ സ്വാഗതാര്‍ഹമാണ്.  എന്നാല്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് ജില്ലാ മജിസ്‌ത്രേട്ടിന്റെ അധികാരം നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.  പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.  യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കണമത്.

          നിയമങ്ങള്‍ക്ക് പഞ്ഞമുള്ള നാടല്ല നമ്മുടേത്. അത് നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രധാനം. പുതിയ ബില്ലിന് ആ ഗതി വരരുത്. ബില്ല് പൊലീസുമായി ബന്ധപ്പെട്ടതാവുമ്പോള്‍ നടപ്പാക്കാന്‍ ഏറെ  കടമ്പകള്‍ താണ്ടേണ്ടിവരും.

Tuesday, January 4, 2011

ജനിതക മാറ്റം: കൂടുതല്‍ പഠനം വേണം


          ജനിതകവിത്ത് ഉപയോഗത്തെ കുറിച്ച സംവാദത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാമത് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് തുടക്കംകുറിച്ചത് നന്നായി. സംവാദത്തിലൂടെയാണല്ലോ ആശയവ്യക്തത ഉരുത്തിരിയുക. ജനിതകവിത്ത് സംബന്ധിച്ച് രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് പഠന കോണ്‍ഗ്രസ് ഉന്നയിച്ചത്. ഈ വിത്തുകള്‍ ആരോഗ്യ മേഖലയില്‍ വിശേഷിച്ചും ഭക്ഷ്യോല്‍പാദന രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതവും സാങ്കേതികവിദ്യയുടെ ഉടമസ്ഥതയും.  എന്നാല്‍ ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച് സി പി എം നേതാവ് എസ് രാമചന്ദ്രന്‍പിള്ള നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ നാളിതുവരെ സ്വീകരിച്ച നിലപാടുകള്‍ക്ക് തികച്ചും കടവിരുദ്ധമായിപ്പോയി. സി പി എമ്മില്‍നിന്ന് തികച്ചും വ്യത്യസ്ത സമീപനം സി പി ഐ സ്വീകരിച്ചതോടെ വലിയ വിവാദങ്ങള്‍ക്ക് ചര്‍ച്ച തിരികൊളുത്തുകയും ചെയ്തു.

          ജനിതകവിളകളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്നും കാര്‍ഷികോല്‍പാദനം കൂട്ടാന്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൂടിയേതീരൂ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിളകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പഠന കോണ്‍ഗ്രസില്‍ പിള്ള വെളിപ്പെടുത്തിയപ്പോള്‍ കൗതുകമാണ് തോന്നിയത്. അഖിലേന്ത്യാ കിസാന്‍സഭയുടെ അധ്യക്ഷന്‍ കൂടിയായ പിള്ള ഒരുവര്‍ഷം മുമ്പ് പറഞ്ഞ അഭിപ്രായത്തിന് തികച്ചും കടകവിരുദ്ധവുമാണിത്. ജനിതക വിളകള്‍ ഉയര്‍ത്തുന്ന ആരോഗ്യ-പാരിസ്ഥിതിക ആഘാതങ്ങള്‍ തള്ളിക്കളയാന്‍ കഴിയാത്തത്ര ഗുരുതരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.  ഇന്ത്യന്‍ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലക്കും ഭീഷണിയാവുന്ന വിത്തുകുത്തകകളെ നിയന്ത്രിക്കണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

          ജനിതക വിത്തുകളെക്കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട സമീപനത്തിനും എതിരാണിത്. സംസ്ഥാനത്ത് ജനിതക വിത്തുകളുടെ ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു. ഇടക്ക്  റബര്‍ബോര്‍ഡ് ജി എം വിത്തുകള്‍ ഉപയോഗിക്കാന്‍ തുനിഞ്ഞതിനെയും എതിര്‍ത്തു. ഒരുപക്ഷെ ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ച വേണമെന്ന് സി പി  എം കരുതുന്നത് കൊണ്ടാണോ ഇങ്ങനെയൊരു സംവാദം സംഘടിപ്പിച്ചതെന്ന് അറിഞ്ഞുകൂടാ. ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുകയോ കൊള്ളുകയോ വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന തോമസ് ഐസക്കിന്റെ വ്യാഖ്യാനവും ഇവിടെ ചേര്‍ത്തു വായിക്കണം. ഇക്കാര്യത്തില്‍ സി പി എമ്മിലുള്ള  അഭിപ്രായഭിന്നതയായി എതിരാളികള്‍ക്ക് ഇതിനെ വ്യാഖ്യാനിക്കുകയുമാവാം.
 
          ശാസ്ത്ര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. കാര്‍ഷികാദായം വര്‍ധിപ്പിക്കാനും ഇതാവശ്യമാണ്. അതേസമയം ഇതുയര്‍ത്തുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നം കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളം ബി ടി വഴുതന നിരോധിച്ചത് കൃത്യമായി പഠനം നടത്തിയ ശേഷമാണ്. രാമചന്ദ്രന്‍പിള്ള  തികച്ചും ശാസ്ത്രസാങ്കേതികമായ ഈ വിഷയത്തെ കുറിച്ച് ഇത്ര ആധികാരികമായി സംസാരിച്ചത് ഏത് തെളിവിന്റെ പിന്‍ബലത്തിലാണാവോ?  ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത്  ശാസ്ത്രജ്ഞന്മാരാണ്.  രാഷ്ട്രീയക്കാരല്ല.  വിത്ത് കുഴപ്പമില്ലാത്തതാണെങ്കില്‍ പിന്നെ ഇത്രയും കാലം ഇടത് പാര്‍ട്ടികളും ശാസ്ത്രജ്ഞന്മാരും ഇതിനെ എതിര്‍ത്തത് എന്തിനായിരുന്നു? വിത്തിന്റെ ഉപയോഗം ദോഷകരമല്ലെങ്കില്‍ അതിനാവശ്യമായ തെളിവ് നിരത്താനുള്ള ബാധ്യത പിള്ളക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്.

          ഇത്തരം വിത്തുകളെക്കുറിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ മാത്രമേ ഇതുവരെ പഠനം നടത്തിയിട്ടുള്ളൂ. അതുകൊണ്ട് അവരുടെ നിഗമനങ്ങളെ പൂര്‍ണമായോ ഭാഗികമായോ ആശ്രയിക്കുന്നത് അപകടകരമാണ്.  വിശദമായി പഠിക്കാതെ വിത്തുപയോഗം അനുവദിക്കുന്നതും ശരിയല്ല. സി പി ഐയുടെ അഖിലേന്ത്യാ നേതൃത്വം ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ബി ടി വഴുതിനയെ ഇപ്പോഴും  എതിര്‍ക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ബഹുരാഷ്ട്ര കുത്തകകളുടെ കുഴലൂത്തുകാരാണെന്ന് ആരും  വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

          ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളില്‍ ആര്‍ എവിടെ ഗവേഷണം നടത്തിയാലും കുത്തക വിത്തുകമ്പനിയായ മോണ്‍സാന്റോക്ക് പണം കൊടുക്കണം. ബി ടി ടെക്‌നോളജിയുടെ പേറ്റന്റ് അവര്‍ക്കാണ്. റോയല്‍റ്റി ഇനത്തില്‍ മോണ്‍സാന്റോക്ക് കോടികള്‍ കൊടുത്താണ് രാജ്യത്ത് ജനിതകമാറ്റ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഒരു വിത്ത് പോലും നേരിട്ട് വില്‍ക്കാതെ ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം  1500 കോടി തട്ടിയെടുക്കുന്ന അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോയുടെ ഇന്ത്യന്‍ പങ്കാളി മാഹികോയാണ് ബി ടി ടെക്‌നോളജിയുടെ ഉപജ്ഞാതാക്കള്‍. ബി ടി ജീനുകള്‍ ഉപയോഗിച്ച് ജനിതക ഘടനയില്‍ മാറ്റംവരുത്തിയ നെല്ലുള്‍പ്പെടെയുള്ള 56 ഓളം ഇനങ്ങള്‍ വിപണിയിലെത്തിച്ച് കൊയ്യാനാണ് വര്‍ഷങ്ങളായുള്ള മൊണ്‍സാന്റോയുടെ ശ്രമം.
 
          ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യത്തെ കൃഷിരീതികളെ ഒറ്റിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായപ്രകടനത്തെ കണക്കാക്കാനാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച് മനസ്സിലാക്കിയവരാരും ആ അഭിപ്രായത്തോട് യോജിക്കുകയുമില്ല. പഠന കോണ്‍ഗ്രസിന്റെ രേഖയിലും സമീപനത്തിലും ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ പാടേ സ്വാഗതം ചെയ്യുന്നുമില്ലെന്ന് ഓര്‍ക്കണം. എന്തായാലും  ശക്തമായ ആശയസംവാദം ആവശ്യമുള്ള വിഷയമാണിത്. ഇന്നത്തെ ശാസ്ത്രസാങ്കേതിക വിപ്‌ളവത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ജൈവ സാങ്കേതികവിദ്യ. കേരളത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാസ്രോതസ്സുമാണ്. ജനിതകമാറ്റം ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് ജനിതക വിത്തുകളെ കുറിച്ച് സത്യസന്ധവും വസ്തുനിഷ്ഠവുമായ കൂടുതല്‍ പഠനമാണവശ്യം.  

Monday, January 3, 2011

സര്‍ക്കാര്‍ ജീവനക്കാര്‍ക്കിത് നവവത്സര സമ്മാനം

        കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ ആശങ്ക പരത്തിയ പുതുവര്‍ഷത്തില്‍   ശമ്പളത്തില്‍ പത്തു മുതല്‍ 25 ശതമാനം വരെ വര്‍ധന ശുപാര്‍ശചെയ്യുന്ന ഒമ്പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ട്  കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആശ്വസകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു ചെയര്‍മാനായ മൂന്നംഗ കമീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാകുന്നതോടെ യാഥാര്‍ഥ്യമാവുമെന്ന് ന്യായമായും  പ്രതീക്ഷിക്കാം. ശമ്പള പരിഷ്‌കരണത്തിന് ആവശ്യമായ തുക അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്കും ഏപ്രിലില്‍  നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. കുറഞ്ഞ ശമ്പളം 8500 രൂപയും കൂടിയ ശമ്പളം 59840 രൂപയുമാവുമ്പോള്‍  ജീവനക്കാരെ സംബന്ധിച്ചെടുത്തോളം 2011ന്റെ നവവത്സര സമ്മാനം അമൃതാനന്ദമായി നിര്‍വൃതി പകരുകയും ചെയ്യും.
വര്‍ധനക്ക് 2009 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്.  ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് പുതിയ നിരക്കുകള്‍. സ്‌കെയിലിലെ ഏറ്റവും കുറഞ്ഞ വര്‍ധന 1104 രൂപയും കൂടിയ വര്‍ധന 4490 രൂപയുമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി സര്‍വീസ് കൂടുതലുള്ളവര്‍ക്ക് ആനുകൂല്യവും കൂടുമെന്നര്‍ഥം. ഇത്തവണത്തെ ശമ്പള പരിഷ്‌കരണത്തിന്റെ മുഖ്യ ആകര്‍ഷണവും അതു തന്നെ. പെന്‍ഷന്‍കാര്‍ക്ക് 12 ശതമാനം വര്‍ധനവിനാണ് ശിപാര്‍ശ. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ശമ്പളസ്‌കെയില്‍ ഏര്‍പ്പെടുത്തുക വഴി 300 രൂപ മുതല്‍ 470 വരെ വര്‍ധന ലഭിക്കുന്നതിന് പുറമെ പെന്‍ഷന്‍, ഗ്രാറ്റ്വിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവക്കും അര്‍ഹതയുണ്ടാകും. അടുത്ത മാസം മധ്യത്തോടെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചുവെന്ന് ഇടതുമുന്നണി സര്‍ക്കാരിന് അവകാശപ്പെടുകയും ചെയ്യാം.

        എന്നാല്‍ ശമ്പള പരിഷ്‌കരണം വരുത്തിവെക്കുന്ന ആഘാതം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടംമറിക്കുമെന്ന കാര്യം കാണാതിരുന്നുകൂടാ.  വന്‍ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ തോളിലാണല്ലോ പതിക്കുക. ഇപ്പോള്‍ തന്നെ വരുമാനത്തിന്റെ 90 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വേണ്ടി മാറ്റിവെക്കാന്‍ വിധിക്കപ്പെട്ട സംസ്ഥാനമാണിത്. അതുകൊണ്ട് വികസന പദ്ധതികള്‍ ഏറ്റെടുക്കാനോ ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനോ കഴിയാതെ നാം ഇപ്പോള്‍ തന്നെ നെട്ടോട്ടമോടുകയാണ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തില്‍ ജനങ്ങളെ  തല്‍ക്കാലം വെറുപ്പിക്കാതെ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ വായ്പയെടുക്കേണ്ടിവരും.  രണ്ടും കല്‍പിച്ച് കുറെ ജനക്ഷേമപരിപാടികളും ഇതോടൊപ്പം പ്രഖ്യാപിച്ച് ബാധ്യതയെല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനായിരിക്കും ഗവണ്‍മെന്റിന്റെ നീക്കം. അങ്ങനെയാവുമ്പോള്‍ അടുത്ത സര്‍ക്കാരിന്റെ പ്രഥമബജറ്റ് തന്നെ ജനത്തിന്റെ നടുവൊടിക്കുമെന്ന് ഉറപ്പാണ്. ശമ്പള പരിഷ്‌കരണം ജീവനക്കാര്‍ക്ക് ആശ്വാസമാകുമെങ്കിലും ഇപ്പോള്‍ തന്നെ വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനത്തിന്റെ കാര്യമാണ് കഷ്ടം. രണ്ടാഴ്ച കഴിയുമ്പോള്‍ ഓട്ടോ-ടാക്‌സി നിരക്കും വര്‍ധിക്കുകയല്ലേ.

        ശമ്പള പരിഷ്‌കരണത്തോടൊപ്പം പതിവ്‌പോലെ സേവനം മെച്ചപ്പെടുത്താനുള്ള സദുപദേശങ്ങളും  ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ സമീപനത്തില്‍ കാതലായ മാറ്റംവരുത്തണമെന്നും ഓഫീസിലെത്തുന്നവരോട് കൂടുതല്‍ സൗഹൃദം കാണിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കാലവിളംബം കൂടാതെ തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസ് ജനോപകാരപ്രദവും കാര്യക്ഷമവുമാക്കുന്നതിന് ഉതകുന്ന ഒട്ടനവധി നിര്‍ദേശങ്ങള്‍ പല കമീഷനുകളും ഇതിന് മുമ്പും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവ ജലരേഖയായി മാറിയതാണ് അനുഭവം. ഓഫീസില്‍ വാഴുന്നവര്‍ക്ക് ബുദ്ധിയും യുക്തിയും ആവശ്യത്തിലേറെ ഉണ്ടെങ്കിലും  ഹൃദയം അശേഷമില്ലെന്നതാണ് അനുഭവം.

        ഇത് അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്ന അപവാദമല്ല. സര്‍ക്കാര്‍ ഓഫീസുകളെ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ് ഇന്നുള്ളത്. ശമ്പളത്തിന് പുറമെ കിമ്പളത്തിന് വേണ്ടി കാതോര്‍ക്കുന്നവരുടെ എണ്ണം അവിടെ പെരുകിവരുന്നു. അതിന് ഗതിയില്ലാത്തവനും കൂട്ടുനില്‍ക്കാത്തവനും ഓഫീസുകള്‍ കയറിയിറങ്ങി നിരാശപ്പെടുകയേ ഉള്ളൂ. കൈക്കൂലി സര്‍വസാധാരണമായി. അതും സംഘടിതമായും സഹകരണാടിസ്ഥാനത്തിലും. കൈക്കൂലി വാങ്ങാന്‍ കൂട്ടാത്തവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനും മടിക്കില്ല. എല്ലാറ്റിനും സംഘടനകളുടെ തണലുണ്ടെന്നതാണ് ഏറെ ദു:ഖകരം. ശമ്പളവും മറ്റാനുകൂല്യങ്ങളും വാരിക്കോരിനല്‍കി  ജനങ്ങളോടുള്ള  ബാധ്യത യഥാവിധി നിര്‍വഹിക്കാത്തവരെ  നിലക്ക്‌നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം നന്നാക്കുന്നതിന് പരിശീലനം നല്‍കണമെന്ന കമീഷന്‍ ശിപാര്‍ശ ശ്രദ്ധേയമാണ്. കമീഷന് ലഭിച്ച പരാതികളിലധികവും ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റത്തെ കുറിച്ചും ഓഫീസുകളുടെ കാര്യക്ഷമതയില്ലായ്മയെകുറിച്ചുമായിരുന്നു.

        കമീഷന്‍ ശിപാര്‍ശ അതേപടി അംഗീകരിക്കാനാണ് സാധ്യത. കൂടുതല്‍ മെച്ചം പ്രൊഫഷനഷല്‍ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും. ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നിരാശജനകമാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കേന്ദ്ര ജീവനക്കാരുടെ ശമ്പളതുല്യതയും ഇന്‍ക്രിമെന്റും അലവന്‍സും കമീഷന്‍ ശിപാര്‍ശചെയ്യാതിരുന്നത് യാഥാര്‍ഥ്യബോധം ഉള്ളതുകൊണ്ടാണ്. ഇനിയും ശമ്പള വര്‍ധനവിന്റെ പേരില്‍ കമീഷനെ കുറ്റപ്പെടുത്തുന്നവര്‍ വാങ്ങുന്ന ശമ്പളത്തിനനുസരിച്ച് തങ്ങള്‍ ജോലിചെയ്യുന്നുണ്ടോ എന്നു കൂടി ആത്മപരിശോധന നടത്തട്ടെ. 

Sunday, January 2, 2011

പുത്തന്‍ പ്രതീക്ഷകളുമായി 2011 ന് സ്വാഗതം


          പുതിയ പ്രഭാതത്തിന്റെ പൊന്‍കതിരൊളിക്ക് സുസ്വാഗതം. പുത്തന്‍ പ്രതീക്ഷകളും പുതുസ്വപ്നങ്ങളുമായി വീണ്ടുമൊരു നവവത്സരം പിറവിയെടുത്തിരിക്കുന്നു.  ഈ ശുഭദിനത്തിന്റെ ഓര്‍മ നമ്മെ പുളകമണിയിക്കും. നന്മയെ ഉണര്‍ത്താനും പടര്‍ത്താനുമുള്ള പരിശ്രമം 2011 ലും തുടരുമെന്ന് നമുക്ക് ഈയവസരത്തില്‍ പ്രതിജ്ഞചെയ്യാം.

          പോയ നിമിഷംപോലും തിരിച്ചുവരില്ലെന്ന് ഉറപ്പ്. എന്നാല്‍ വര്‍ഷം തന്നെയിതാ തിരിച്ചുവന്നിരിക്കുന്നു. 2005 ലെ കലണ്ടര്‍ കയ്യിലുള്ളവര്‍ക്ക് 2011 ലും അതുതന്നെ ധാരാളം. ഇരുവര്‍ഷങ്ങളിലെ  തീയതിക്കോ ദിവസത്തിനോ മാറ്റമില്ല. 2011 നവമ്പര്‍ 11ന് ഒന്നിന്റെ ഘോഷയാത്ര ആഘോഷിക്കാമെന്ന സവിശേഷതയുമുണ്ട്.
 
          സംഭവബഹുലമായ ഒരു വര്‍ഷത്തിനാണ് ഇന്നലെ തിരശ്ശീലവീണത്. ഒരു പുതുവര്‍ഷപ്പുലരിയില്‍ പിന്നോട്ട് തിരിഞ്ഞുനോക്കാനുള്ള ഔത്സുക്യം സ്വാഭാവികമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ ശക്തിദൗര്‍ബല്യങ്ങളില്‍ നിന്നാണല്ലോ ഭാവിയെ വിഭാവനം ചെയ്യേണ്ടത്. എന്നാല്‍ ഭൂതകാല  നേട്ടങ്ങളും കോട്ടങ്ങളും കണക്കെടുപ്പ് മാത്രമായി അവശേഷിച്ചുകൂടാ. കണക്കെടുപ്പിന് പിന്നിലെ സൂചനകളാണ് പ്രധാനം. കഴിഞ്ഞ ഒരുവര്‍ഷം കേരളത്തിനും  ഇന്ത്യക്കും ലോകത്തിന് തന്നെയും ചരിത്രം സുപ്രധാനമായ പല സൂചനകളും നല്‍കുന്നത് കാണാം. കോടീശ്വരന്മാരുടെ അംഗസംഖ്യ  പെരുകുന്നു. മധ്യവര്‍ഗത്തിന്റെ സ്വാധീനം കൂടുന്നു. സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ബഹുരാഷ്ട്രകുത്തകകളുടെ ചൂഷണവും വര്‍ധിക്കുന്നു. പാവങ്ങളുടെ സ്ഥിതിയാകട്ടെ കോണകംപോലും കടത്തിലും. പുതുവര്‍ഷത്തിന്റെ ചുവടുവെപ്പുകള്‍ക്ക് കരുതലോടെയല്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും.

          ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ കഴിഞ്ഞ വര്‍ഷാദ്യമാണ് വിക്കിലീക്‌സ് പുറത്തുകൊണ്ടുവന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തലുമായി അവര്‍ വീണ്ടും അമേരിക്കയെ ഞെട്ടിച്ചു. യു എസ് നയതന്ത്രജ്ഞര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നയച്ച കേബിളുകള്‍ ലോകരാജ്യങ്ങളെ കുറിച്ച് അമേരിക്കക്കുള്ള യഥാര്‍ഥ അഭിപ്രായം പുറത്തുകൊണ്ടുവന്നു. ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയ നടത്തിയ ആക്രമണം രാജ്യാന്തരരംഗത്തെ കലുഷിതമാക്കാന്‍ പോന്നതായിരുന്നു. ആരെന്ത് പറഞ്ഞാലും ആണവ പദ്ധതിയില്‍നിന്ന് പിറകോട്ടില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ആ രാജ്യത്തിനെതിരെ ശക്തമായ ഉപരോധം എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കുമെന്ന സ്ഥിതിയായി. മഹീന്ദ്ര രാജപക്‌സെ രണ്ടാമതും ശ്രീലങ്കന്‍ പ്രസിഡണ്ടായ വര്‍ഷം തന്നെയാണ് പുലികളെ തുരത്താന്‍ ഒപ്പം നിന്ന സൈന്യാധിപനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇറാഖില്‍ സദ്ദാംഹുസൈന്റെ വലങ്കയ്യായ കെമിക്കല്‍ അലി തൂക്കിലേറ്റപ്പെട്ടതും ഇതേ വര്‍ഷം. മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ ജനാധിപത്യ പോരാട്ടം നടത്തിയ ഓങ്ങ് സാന്‍ സൂകി ദീര്‍ഘകാലത്തെ വീട്ടുതടങ്കലിന് ശേഷം മോചിതയായി. നെല്‍സണ്‍ മണ്ടേലയെ പോലെ  സമാധാനപരമായ പോരാട്ടത്തിന്റെ ആഗോളപ്രതീകമാണ് അവരിപ്പോള്‍.  ചിലി എന്ന കൊച്ചുരാജ്യത്ത് ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളുടെ മോചനമായിരുന്നു ലോകം കാത്തിരുന്ന മറ്റൊരു മോചനം.

          ഉത്സവപ്രതീതിയോടെ വരവേല്‍ക്കാന്‍ തക്ക സംഭവങ്ങളൊന്നും ഇല്ലെങ്കിലും പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച ആഗോളമാന്ദ്യം അത്രയൊന്നും ഇന്ത്യയെ ബാധിച്ചില്ലെന്ന ആശ്വാസമുണ്ട്.  എന്നാല്‍ ദുസ്സഹമായ  വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ ഏറ്റവും വീര്‍പ്പുമുട്ടിയ വര്‍ഷമാണിത്. സിംല ആപ്പിളിന് പകരം വാഷിംഗ്ടണ്‍, ചൈന ആപ്പിളാണ് ഇവിടെ സുലഭം.  കഴിഞ്ഞ വര്‍ഷം കൂടുതല്‍ ഉദാരമാക്കിയ ഇറക്കുമതിനയം ഇന്ത്യയെ ഒരു നവകൊളോണിയല്‍ രാഷ്ട്രമാക്കി മാറ്റി എന്ന് സംശയിക്കണം. അതിന്റെ ഭാഗമാണോ എന്നറിയില്ല ലോകശക്തികള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി  ഇന്ത്യയിലേക്ക് ഒഴുകി. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിന് അവരെല്ലാം ഇന്ത്യക്ക്  പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വപ്നം എന്ന് പൂവണിയുമെന്ന് പക്ഷെ ദൈവത്തിന് മാത്രമേ അറിയൂ. യു എസ് പ്രസിഡണ്ട് ഒബാമയെ കൂടാതെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രോവ്,, യു കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡണ്ട്  സര്‍കോസി, ജര്‍മന്‍ പ്രസിഡണ്ട് കോഹിലര്‍, ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവൊ തുടങ്ങിയവരെത്തി പരസഹസ്രം കോടികളുടെ വ്യാപാരക്കരാറുകളില്‍ ഒപ്പുവെക്കുകയുണ്ടായി. ആര്‍ക്കും അവഗണിക്കാനാവാത്ത ലോകശക്തിയായി ഇന്ത്യ മാറുന്നുതിന്റെ തെളിവായി  നയതന്ത്ര വിദഗ്ധര്‍ ഈ സന്ദര്‍ശനങ്ങളെ  വിലയിരുത്തിയാല്‍ ഏത് ഭാരതീയനും കോരിത്തരിക്കും. എന്നാല്‍  അതില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ പോകരുത്.
 
          ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെക്കുന്ന വനിതാ സംവരണബില്‍  രാജ്യസഭ പാസാക്കിയത് വിപ്‌ളവകരമായ തീരുമാനം തന്നെയാണ്. കേരളത്തെ സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ചരിത്രത്തിലെ ഏറ്റവും ഹരിതഭംഗിയാര്‍ന്ന   വര്ഷമായി 2010 അടയാളപ്പെടുത്തപ്പെടും. അമ്പത് ശതമാനം സ്ത്രീകളാണിവിടെ അധികാരത്തില്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്.
 
          നൂറുക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ ദുരന്തത്തിന്റെ ഉത്തരവാദികള്‍ക്ക് കാല്‍നൂറ്റാണ്ടിന് ശേഷം നമ്മുടെ നീതിപീഠം നല്‍കിയത് കേവലം രണ്ടുവര്‍ഷത്തെ ശിക്ഷ മാത്രമാണ്. ആറ് ദശാബ്ദത്തെ കാത്തിരിപ്പിന് ശേഷം ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഭൂമി മൂന്നായി വീതിച്ച്  നല്‍കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയും നമ്മുടെ  നീതിന്യായ സംവിധാനത്തെ ഒട്ടൊന്നുമല്ല നാണംകെടുത്തിയത്. അഴിമതിയുടെ കാര്യത്തില്‍   രാജ്യം ഇതിന് മുമ്പ് ഇത്രയേറി ലജ്ജിക്കേണ്ടിവന്നിട്ടില്ല. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം- അഴിമതിയുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. സുരേഷ് കല്‍മാഡിയും ലളിത് മോഡിയും എം കെ കൗശികും കായികരംഗത്ത് കളങ്കം വരുത്തിവെച്ചപ്പോള്‍ അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ച സച്ചിനേയും സൈനയേയും കോമണ്‍വെല്‍ത്ത്,ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍കൊയ്ത്ത് നടത്തിയ കായികപ്രതിഭകളെയും നമുക്ക് അനുമോദിക്കാം.

          ലോകത്തെയും രാജ്യത്തെയും ചൂഴ്ന്നുനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പൊന്‍തേരിലേറി വേണം നാം 2011നെ വരവേല്‍ക്കാന്‍. 
Related Posts Plugin for WordPress, Blogger...