Monday, May 30, 2011

കരിങ്കല്‍പാറയുടെ നിര്‍വികാരതയോ?



          ശനിയാഴ്ച രാത്രി നവവധു ഉള്‍പ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ കണ്ടയ്‌നര്‍ ലോറി അപകടം വരുത്തിവെച്ച നടുക്കത്തില്‍നിന്ന് കുന്ദംകളും മാത്രമല്ല കേരളവും ഇനിയും മോചനം നേടിയിട്ടില്ല. കുന്ദംകുളം ടൗണില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഇരട്ട കണ്ടയ്‌നര്‍ ലോറി അപകടത്തില്‍ 12 ദിവസം മുമ്പ് വിവാഹിതയായ റീജയും അവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച മൂന്നുപേരുമാണ് മരണപ്പെട്ടത്. റീജയും ഭര്‍ത്താവ് സജിത്തും സുഹൃത്തുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. മഴയില്‍ ഇവരുടെ ബൈക്ക് ഇതേ ദിശയില്‍ സഞ്ചരിച്ച കണ്ടയ്‌നര്‍ ലോറിയില്‍ തട്ടി മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ റീജ  ലോറിയുടെ അടിയില്‍ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു മറുവശത്ത് എത്തി. റോഡിലേക്ക് തെറിച്ചുവീണ സജിത്തിന് കാര്യമായി പരിക്കേറ്റില്ല. ലോറി നിര്‍ത്താതെ പോയി. ശബ്ദംകേട്ട് എത്തിയ സമീപവാസികളായ ജോണ്‍സണും സജിത്തിനു തൊട്ടു മുന്നില്‍ യാത്രചെയ്ത നിജോയും ചേര്‍ന്ന് ദമ്പതികളെ എഴുന്നേല്‍പിച്ച് റോഡിന്റെ വലതു വശത്ത് ഇരുത്തി. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.

          ഈ സമയത്ത് ചാവക്കാട്ടുനിന്ന് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്ന മുഹസിനും മുഹമ്മദും അപകടസ്ഥലത്തെത്തി. ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ഇവര്‍ ഓട്ടോറിക്ഷ വിട്ടുനല്‍കി. ഈ സമയം കുന്ദംകുളത്തുനിന്ന് വരികയായിരുന്ന മറ്റൊരു കണ്ടയ്‌നര്‍ ലോറി റീജയുടെയും ജോണ്‍സന്റെയും മുഹസിന്റെയും മുഹമ്മദിന്റെയും ദേഹത്തേക്ക് പാഞ്ഞുകയറി. സജിത്ത് മാത്രം രക്ഷപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറികള്‍. 

            റോഡപകടങ്ങളും മരണങ്ങളും കേരളത്തെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ ഒരു വാര്‍ത്തയേ അല്ല. ഒരു മരണമെങ്കിലും സംഭവിച്ചെങ്കിലേ പത്രങ്ങള്‍ റിപ്പോര്‍ട്ടുപോലും ചെയ്യൂ. പരിക്ക് പറ്റി ആശുപത്രിയില്‍ കിടക്കയില്‍ കഴിയാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് കയ്യുംകണക്കുമില്ല. അപകടങ്ങളുടെ യഥാര്‍ഥ പാഠങ്ങളന്വേഷിച്ച് ചെന്നാല്‍ പതിവ് രീതികള്‍ തിരുത്താന്‍ ആരും തയാറല്ലെന്നാവും ബോധ്യപ്പെടുക. റോഡുകളും വാഹനങ്ങളുമെല്ലാം ശാശ്വതഭീഷണിയില്‍. അപകടങ്ങളുടെ ഒടുക്കമില്ലാത്ത കദനകഥകള്‍. രാവെന്നോ പകലെന്നോ വ്യത്യാസമില്ല.  നിസ്സഹായരായി മരണം ഏറ്റുവാങ്ങാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. യാത്രകള്‍ മിക്കതും സര്‍വനാശത്തിലേക്ക് എന്നതാണവസ്ഥ. ബസ്സിലാണ് കയറുന്നതെങ്കില്‍ മരണത്തിലേക്കായിരിക്കും പലപ്പോഴും ടിക്കറ്റ് മുറിച്ചുതരിക.

          എന്തുകൊണ്ടാണ് റോഡുകളില്‍ എന്നും അമാവാസി അടക്കിവാഴുന്നത്? വരുത്തിവെക്കുന്ന അത്യാഹിതങ്ങളാണധികം. അമിതവേഗത, അശ്രദ്ധ,  മദ്യപിച്ച് വാഹനമോടിക്കല്‍, മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, മത്സരയോട്ടം ഇവയെല്ലാമാണ് പ്രധാന വില്ലന്മാര്‍. റോഡിന്റെ ശോച്യാവസ്ഥയും കാലഹരണപ്പെട്ട വാഹനങ്ങളും വേറെയും കാരണങ്ങളായി ഇല്ലാതില്ല. ഓര്‍മയുടെ ആല്‍ബങ്ങള്‍ പരതിയാല്‍ എത്രയെത്ര രക്തചിത്രങ്ങളാണ് ഓരോരുത്തരുടേയും മനസ്സില്‍ തെളിഞ്ഞുവരിക.

             ഇതില്‍ നിന്നെല്ലാം ഏറെക്കുറെ വ്യത്യസ്തമാണ് കുന്ദംകുളത്തെ അത്യാഹിതം.  ഒരപകടത്തില്‍നിന്ന് അവിശ്വസനീയമാംവിധം രക്ഷപ്പെട്ടവരും അവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചവരും ഉടന്‍ തന്നെ മറ്റൊരു ലോറി പാഞ്ഞുകയറി കൂട്ടത്തോടെ കശാപ്പുചെയ്യുക എത്രമാത്രം ഉല്‍ക്കണ്ഠാജനവും ദയനീയവുമാണത്. 12 ദിവസം മുമ്പാണ് റീജയുടെ വിവാഹം കഴിഞ്ഞത്. മധുവിധു തീരുംമുമ്പ് ആ യുവതി മരണത്തിലേക്ക് മടങ്ങി. തകര്‍ന്ന മനസ്സും നുറുങ്ങിയ ശരീരവുമായി കഴിയാന്‍ വിധിക്കപ്പെട്ട സുജിത്തിന്റെ കാര്യമാണ് അതിലേറെ കഷ്ടം.
അപകടം സംഭവിച്ചപ്പോള്‍ അതുവഴി കടന്നുപോയ വാഹനങ്ങളില്‍ സഞ്ചരിച്ചവരുടെ നിര്‍വികാരതയെ കുറിച്ചോര്‍ക്കുമ്പോള്‍ സത്യത്തില്‍ ലജ്ജിക്കണം. കരിങ്കല്‍പാറയുടെ മനസ്സാണ് നമുക്ക്.  അപകടസ്ഥലത്ത് കൈകാണിച്ചപ്പോള്‍ ഒരു വാഹനമെങ്കിലും നിര്‍ത്തിയിരുന്നെങ്കില്‍ നാലുപേരെ മരണത്തില്‍നിന്ന് രക്ഷിക്കാമായിരുന്നു. ഒടുവില്‍ സഹായെത്തിനെത്തിയ മുഹമ്മദും മുഹസിനും രണ്ടാമത്തെ അപകടത്തിലാണല്ലോ മരിച്ചത്. നല്ല മഴയായിരുന്നു. പോരാത്തതിന് ഇരുട്ടും. ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാണെങ്കില്‍ അവര്‍ പൂര്‍ണമായും മദ്യലഹരിയിലുമായിരിക്കും. ചെറിയ വാഹനങ്ങളെ അല്ലെങ്കിലും ആരും ഗൗനിക്കാറുമില്ല.

           കാസര്‍കോട് ബദിയടുക്കയില്‍ ഒരച്ഛനും മകളു#ം ഓട്ടോയില്‍ ടിപ്പറിടിച്ച് മരിച്ചതും ഇതേ ദിവസം തന്നെയാണ്. മറ്റ് രണ്ടുമക്കള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. റോഡപകടങ്ങളെപോലെ ട്രെയിനപകടങ്ങളും കൂടിക്കൂടി വരികയാണ്.  ഞായറാഴ്ച പാലക്കാട്ട് രണ്ടു യുവാക്കള്‍ വണ്ടി തട്ടി മരിക്കുകയുണ്ടായി. അപകടങ്ങളില്‍ മരിക്കുന്നവര്‍ എത്രയുമാവട്ടെ അതിനുത്തരവാദിയായ ഡ്രൈവര്‍ അനായാസം രക്ഷപ്പെടും. അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ മറ്റൊരു വണ്ടിയില്‍ തന്റെ സുദര്‍ശന പരാക്രമം തൊട്ടടുത്ത ദിനം തന്നെ തുടരുകയും ചെയ്യും. അപകടം ജനശ്രദ്ധയില്‍ പെട്ടാലോ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള കേസായി മാറും. അത്രതന്നെ. 

            അപകടം വരുത്തിവെക്കുന്നവര്‍ ആരായാലും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ നമുക്ക് ഭരണകൂടങ്ങള്‍ക്ക് എന്തുകൊണ്ട് കഴഇയുന്നില്ല? കുന്ദംകുളത്ത് ഡ്രൈവര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. നല്ലകാര്യം. അതുമാത്രം പോരാ. അവര്‍ക്ക് രക്ഷപ്പെടാന്‍ നിയമത്തില്‍ ഏറെ പഴുതുകളുണ്ട്. അത് അടയ്ക്കാന്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതികളും വരുത്തണം. അപകടങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ മറ്റുള്ളവര്‍ക്ക് നിയമവും ശിക്ഷയും കനത്ത മുന്നറിയിപ്പായി മാറാതെ ഇനി നിര്‍വാഹമില്ല.

Friday, May 27, 2011

നൂറുദിന പരിപാടിയുമായി യു ഡി എഫ് വീണ്ടും


               നൂറു ദിവസത്തിനകം നടപ്പാക്കാനുള്ള കര്‍മപരിപാടികള്‍ക്ക് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗം രൂപം നല്‍കിയിരിക്കുന്നു. യു ഡി എഫ് സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം അധികാരമേറ്റപ്പോള്‍ തന്നെ അപ്രതീക്ഷിതമായി തിക്കിക്കയറിവന്ന പ്രശ്‌നങ്ങളില്‍നിന്ന് തല്‍ക്കാലം തലയൂരാന്‍  പദ്ധതികള്‍ സൗകര്യമൊരുക്കുമെന്നതിനാല്‍ മാത്രമല്ല റവന്യൂമന്ത്രിയുടെ പുതിയ ശ്രമങ്ങള്‍ ശ്‌ളാഘിക്കപ്പെടുക. വൈകാരിക പ്രാധാന്യത്തേക്കാള്‍ അടിസ്ഥാന വിഭാഗത്തിന് സമാശ്വാസം നല്‍കുകയെന്ന ലക്ഷ്യവും കൂടി ഈ പ്രഖ്യാപനങ്ങളിലുണ്ട്. ഭൂരഹിതരായ 6037 ആദിവാസി കുടുംബങ്ങള്‍ക്ക് നൂറുദിവസത്തിനുള്ളില്‍ വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുകയെന്നതാണ് അതില്‍ മുഖ്യം. മിനിമം ഓരേക്കറും പരമാവധി പത്ത് ഏക്കറും ഇപ്രകാരം വിതരണം ചെയ്യുന്നതാണ്. ഇതിനാവശ്യമായ ഭൂമി തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഉണ്ടായിരുന്ന ഭൂമി അന്യാധീനപ്പെട്ട 943 ആദിവാസി കുടുംബങ്ങള്‍ക്കും ഭാഗികമായി തുണ്ടുഭൂമി മാത്രമുള്ള 1169 കുടുംബങ്ങള്‍ക്കും ആറുമാസത്തിനകം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് പരിപാടി. ഇതൊന്നും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള പൊടിക്കൈകളല്ലെങ്കില്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തിളക്കം വര്‍ധിപ്പിക്കുക തന്നെ ചെയ്യും. ആദിവാസി ഭൂമി പ്രശ്‌നത്തില്‍ ഇരുമുന്നണികള്‍ക്കുമുള്ള ആത്മാര്‍ഥതയെ ജനം സംശയദൃഷ്ട്യാ വീക്ഷിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപനം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് തന്നെ കരുതാം. 

               സംസ്ഥാനത്ത് 1957ലെ മന്ത്രിസഭ തൊട്ട് ഇടതു-വലതു മുന്നണി ഭരണങ്ങള്‍ തമ്മില്‍ അടിസ്ഥാന നയങ്ങളില്‍ കാതലായ വ്യതിയാനങ്ങളൊന്നുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. നവ ഉദാരനയങ്ങളുടെ വരവോടെ രണ്ടും എല്ലാ അര്‍ഥത്തിലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി. അതുകൊണ്ട് ഒന്നിന്റെ തുടര്‍ച്ചയായി മറ്റൊന്ന് എന്ന രീതിയില്‍ രണ്ടു മുന്നണികളും മാറിമാറി ഭരിക്കുന്ന അവസ്ഥയുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസമാകട്ടെ സ്മാര്‍ട്ട് സിറ്റിയാകട്ടെ ടാറ്റയും ഡാല്‍മിയയും ഉള്‍പ്പെടെ ഭൂമാഫിയകളെ പരിരക്ഷിക്കുന്ന കാര്യമാകട്ടെ ഭരണരംഗത്തെ അഴിമതിയാകട്ടെ രണ്ടു കൂട്ടരുടെയും തുടര്‍ നയങ്ങളായി. പാര്‍ലമെന്ററി ജനാധിപത്യത്തെ പരമാവധി പ്രയോജനപ്പെടുത്തി നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമായി ഇരുമുന്നണികളുടെയും ലക്ഷ്യം.

               കഴിഞ്ഞ തവണ ആന്റണി രാജിവെച്ചതിനെതുടര്‍ന്ന് അധികാരമേറ്റ ഉമ്മന്‍ചാണ്ടി അന്നും നൂറു ദിവസത്തെ അതിവേഗം ബഹുദൂരം പരിപാടി ആവിഷ്‌കരിച്ചിരുന്നു. ജനങ്ങളില്‍നിന്ന് പരാതി നേരിട്ട് സ്വീകരിച്ച് ഉടന്‍ പരിഹാരം കാണുന്ന ആ പദ്ധതി വലിയ മതിപ്പുളവാക്കുകയും ചെയ്തു. എന്നാല്‍ നൂറുദിവസം പിന്നിട്ടപ്പോള്‍ ഭരണം പഴയ മൂശയിലേക്ക് തന്നെ തിരിച്ചുപോയി. തുടര്‍ന്ന് ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. അതുകൊണ്ട് നൂറുദിവസത്തെ പദ്ധതിയിലൂടെ കൈവരിക്കുന്ന നേട്ടം അഞ്ചുകൊല്ലവും തുടര്‍ന്നു നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

               എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അവിടെതന്നെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് ദുരിതമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി  തുടങ്ങാനുള്ള സര്‍ക്കാര്‍ ശ്രമത്തെ അഭിനന്ദിക്കുക തന്നെ വേണം. ദുരിത മേഖലയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ടുവരുന്നതും സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധയെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു വിഷയത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ആഗോളസമൂഹം സ്വാഭാവികമായും ശ്രദ്ധിക്കുമല്ലോ.

                കെട്ടിട നിര്‍മാണരംഗത്ത് വലിയ വെല്ലുവിളിയുയര്‍ത്തിയ മണലിന്റെ ലഭ്യത ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നീക്കവും ആവേശകരമായ ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെടും. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തിലൊരിക്കല്‍ കബനി, ഭാരതപ്പുഴ, ചാലക്കുടി,കരമന, ഇത്തിക്കര, വാമനപുരം നദികളില്‍ സര്‍വെ നടത്തി മണല്‍ ലഭ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക എഞ്ചിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെയായിരിക്കും ഈ സര്‍വെ. മണലിന്റെ നിലവിലുള്ള തീവില നിയന്ത്രിക്കുന്നതിനും നിര്‍മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുമായി അന്യസംസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ ലേലത്തില്‍ മണല്‍ എത്തിക്കാനും പരിപാടിയുണ്ട്. എല്ലാ അവിഹിത വഴികളും അടച്ചുകൊണ്ടായിരിക്കണം ഈ നടപടിയെന്ന് മാത്രം. അല്ലാത്തപക്ഷം മണല്‍ വില വീണ്ടും ഉയരുകയും ഇടത്തട്ടുകാര്‍ തടിച്ചുകൊഴുക്കുകയും ചെയ്യും. ദുഷ്‌പേര് മുഴുവന്‍ സര്‍ക്കാര്‍ ചുമക്കേണ്ടിവരികയും ചെയ്യും.

               മൂന്നാറില്‍ ഇടതുമുന്നണിയുടെ ശൈലിയില്‍ അക്രമം നടത്താന്‍ യു ഡി എഫ് തയാറല്ല. അക്രമമില്ലാതെ തന്നെ കയ്യേറ്റം അവസാനിപ്പിക്കാനാണ് പരിപാടി. സ്വകാര്യവ്യക്തികള്‍ നടത്തിയതാണെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെങ്കിലും അതിനെ കയ്യേറ്റമായി തന്നെ കാണുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഏവരും സ്വാഗതം ചെയ്യും. വിവിധ ജില്ലകളിലെ കയ്യേറ്റങ്ങളെ സംബന്ധിച്ച് കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടിയെടുക്കാനുള്ള തീരുമാനവും സര്‍ക്കാരിനെ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അനധികൃതമായ കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ജനങ്ങളുടെ സമ്മതത്തോടെയായിരിക്കണം വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുന്ന നൂറുദിന കര്‍മപരിപാടി വളര്‍ച്ചയുടെ വഴിവിളക്കുകള്‍ കത്തിച്ചുനിര്‍ത്താന്‍ ഉതകും വിധമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Thursday, May 26, 2011

തദ്ദേശവകുപ്പ് വിഭജനം ആര്‍ക്കുവേണ്ടി?



               തദ്ദേശഭരണ വകുപ്പെന്ന പേരില്‍ പഞ്ചായത്തുകളെയും മുന്‍സിപ്പാലിറ്റികളെയും ഗ്രാമവികസനത്തെയും ഒരു വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മൂന്നോ നാലോ വകുപ്പുകളിലായാണ് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ തദ്ദേശഭരണത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം പിന്നോട്ട് പോയപ്പോള്‍ കേരളം വലിയ നേട്ടങ്ങള്‍ കൈവരിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കാനുള്ള 64-ാം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അധികാരം ജനങ്ങളിലേക്ക് എന്നായിരുന്നു രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. രാജീവ് ഗാന്ധിയുടെ വീക്ഷണം നടപ്പാക്കിയ കേരളം തന്നെ ഇപ്പോള്‍ തദ്ദേശ വകുപ്പിനെ മൂന്നായി കീറിമുറിച്ചിരിക്കുന്നു. കടന്നുപോയ മുന്‍ഗാമികളുടെ മാതൃകകള്‍ പഠിക്കാന്‍ പോലും രാജീവിന്റെ അനുയായികള്‍ നേതൃത്വം നല്‍കുന്ന പുതിയ യു ഡി എഫ് സര്‍ക്കാര്‍ സന്മനസ്സ് കാണിച്ചില്ല. 

                ആസൂത്രണത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ രാജ്യമെങ്ങും നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഒട്ടേറെ വകുപ്പുകളും ഏജന്‍സികളുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ്. വകുപ്പുകള്‍ തമ്മിലുള്ള സഹകരണമില്ലായ്മയും ഏകോപനമില്ലായ്മയും താഴെതട്ടിലെ വികസനത്തിന് തടസ്സമാകും. ഇവിടെയാണ് കേരളം വേറിട്ട് നിന്നത്. ഗ്രാമ-നഗര വികസന പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനവും ആസൂത്രണവും സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ കൊച്ചുസംസ്ഥാനത്തിന് മുമ്പ് കഴിഞ്ഞിരുന്നു. 

                കേരളം ജന്മംകൊണ്ടതു മുതല്‍ പിന്തുടരുന്ന ഈ പാരമ്പര്യത്തെ തകിടംമറിച്ചത് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് പി കെ കെ ബാവക്ക് പഞ്ചായത്ത് വകുപ്പ് നല്‍കി നഗരസഭാ ഭരണം പി കെ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുകയായിരുന്നു. പുതിയ യു ഡി എഫ് മന്ത്രിസഭയിലും ഇതു തന്നെ ആവര്‍ത്തിച്ചിരിക്കുന്നു. സുപ്രധാനമായ വ്യവസായം, ഐ ടി വകുപ്പുകളും അദ്ദേഹത്തിന്റെ കയ്യിലാണ്. മുസ്‌ലിംലീഗിലെ മറ്റ് മന്ത്രിമാര്‍ അത്രയും ത്രാണി കുറഞ്ഞവരാണോ? പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ എം കെ മുനീറിന് പഞ്ചായത്തിന്റെ മാത്രം ചുമതലയാണ് നല്‍കിയത്. ഗ്രാമവികസനമാകട്ടെ കെ സി ജോസഫിനെ ഏല്‍പിച്ചിരിക്കുന്നു. ഇതുപോലെ തന്നെയാണ് പട്ടികജാതി-പിന്നാക്കവിഭാഗ ക്ഷേമവകുപ്പിന്റെയും വിഭജനം.  തദ്ദേശഭരണത്തില്‍ വലിയ കുഴമറിച്ചിലുകള്‍ക്ക് ഇത് വഴിയൊരുക്കും. വകുപ്പുകള്‍ വിഭജിച്ചു നല്‍കിയതില്‍ ഈ വൈരുധ്യങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ തദ്ദേശഭരണത്തിന്റെ കാര്യത്തില്‍ ഒരേ പാര്‍ട്ടിയില്‍ പെട്ട രണ്ടുപേര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കിയത് തീര്‍ച്ചയായും സംശയാസ്പദമാണ്.

               ജനങ്ങള്‍ക്ക് കാര്യക്ഷമമായ ഭരണം ഉറപ്പുനല്‍കുന്നതിനാണ് വകുപ്പുകള്‍ വിഭജിച്ച് നല്‍കുന്നത്. വകുപ്പ് വിഭജനം ഏതെങ്കിലും ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ പാര്‍ട്ടികളുടെയോ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാകരുത്. മന്ത്രിമാരായി പരിഗണിക്കപ്പെടുന്നവരുടെ പ്രാഗത്ഭ്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്. ജനജീവിതവുമായി അഭേദ്യബന്ധമുള്ള വകുപ്പുകള്‍ ദുര്‍ബലര്‍ കൈകാര്യം ചെയ്താല്‍ ബന്ധപ്പെട്ട പാര്‍ട്ടി മാത്രമല്ല സര്‍ക്കാരും വലിയ വില നല്‍കേണ്ടിവരും. എം എ ബേബി തന്നെ മികച്ച ഉദാഹരണം.വിദ്യാഭ്യാസ വകുപ്പ് ഭരിച്ച് അദ്ദേഹം കുളമാക്കിയപ്പോള്‍ ഇടതുമുന്നണിക്ക് അത് വലിയ തിരിച്ചടിയായി.

               സ്ത്രീശാക്തീകരണത്തിലൂടെ  സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ പങ്ക് വഹിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ തദ്ദേശവകുപ്പ് വിഭജനം പ്രതികൂലമായി ബാധിക്കും. തദ്ദേശമന്ത്രിയുടെ അധ്യക്ഷതയിലുള്ളതാണ് കുടുംബശ്രീയുടെ നിര്‍വാഹക സമിതി. ജില്ലാ മിഷനുകളാണ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നഗരസഭകളും പഞ്ചായത്തുകളും വ്യത്യസ്ത വകുപ്പുകളുടെ കീഴിലാകുന്നതോടെ പദ്ധതി നിര്‍വഹണം അവതാളത്തിലാകുമെന്നുറപ്പാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, സ്വര്‍ണജയന്തി റോസ്ഗാര്‍ യോജന, പുതുതായി നിലവില്‍ വന്ന നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് പ്രതിവര്‍ഷം കേരളത്തിലെത്തുക. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം ഈ വര്‍ഷം 1100 കോടിയുടെ പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടതുണ്ട്. 1400 കോടിയോളം ബാങ്ക് വായ്പയെടുത്തിട്ടുള്ള കുടുംബശ്രീയുടെ തിരിച്ചടക്കല്‍ശേഷിയെ വകുപ്പു വിഭജനം എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനുമാവില്ല.

               മിക്ക പദ്ധതികളും നഗരസഭകളും പഞ്ചായത്തുകളും ഏകോപിച്ച് ചെയ്യേണ്ടവയാണ്. നഗരവികസനത്തില്‍ വലിയ തടസ്സം സൃഷ്ടിക്കുന്നത് ലക്കുംലഗാനുമില്ലാത്ത കെട്ടിട നിര്‍മാണമാണ്. കെട്ടിട നിര്‍മാണ മാഫിയ ഇപ്പോള്‍ വളരെ ശക്തവുമാണ്. ആ വകുപ്പില്‍ കണ്ണുവെച്ചുകൊണ്ടുള്ള കളി സര്‍ക്കാരിന്റെ അടിക്കല്ലിളക്കാന്‍ പോലും പോന്നതാണ്. വകുപ്പ് വിഭജനത്തില്‍ വേണ്ടത്ര ജാഗ്രത ലീഗോ കോണ്‍ഗ്രസോ പുലര്‍ത്തിയിട്ടില്ലെന്ന ആരോപണം വളരെ ശക്തവുമാണ്. മൂന്ന് എം എല്‍ എമാര്‍ പനിപിടിച്ച് കിടന്നാല്‍  തീരാവുന്നതേയുള്ളൂ ഉമ്മന്‍ചാണ്ടിയുടെ ഭരണം. അതോടെ ഭരണത്തിന്റെ എല്ലാ ആഢ്യത്വവും അറബിക്കടലില്‍ ഒഴുകിപ്പോവുകയും ചെയ്യും. തദ്ദേശവകുപ്പ് വിഭജനം റദ്ദാക്കുന്നതിന് പകരം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ചെയ്ത തെറ്റ് മറച്ചുവെക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.

Wednesday, May 25, 2011

ഗുണ്ടായിസത്തിന്റെ അകമ്പടിക്കാര്‍


                സംസ്ഥാനത്ത് നിയമവാഴ്ച നടപ്പിലാക്കലാണ് യു ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും അതിനായി പൊലീസ് വകുപ്പിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം കേരളം അഭിമുഖീകരിക്കുന്ന അസ്വസ്ഥതയുടെ ആഴം കൂടിയാണ് വിളംബരം ചെയ്യുന്നത്. പിടിച്ചുപറിയും കവര്‍ച്ചയും കാണുന്നവര്‍ ഉടന്‍ തന്നെ കൈവശമുള്ള മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഡി ജി പിക്ക് അയച്ചുകൊടുത്താല്‍ അയ്യായിരും രൂപ പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി ഓഫര്‍ ചെയ്തിരിക്കുന്നു. ക്രമസമാധാന പാലനത്തില്‍ നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങളുടെ കഥ കേള്‍ക്കാന്‍ വിധിക്കപ്പെട്ട മലയാളി ഇതുകൊണ്ടൊന്നും രക്ഷപ്പെടുമെന്ന് കരുതരുത്. കാട്ടുപോത്തിനെ പോലെ പുളയ്ക്കുന്ന ഗുണ്ടകളുടെ നരമേധയാത്രകള്‍ക്ക് അകമ്പടി സേവിക്കുന്നത് ഭരണകക്ഷിക്കാര്‍ തന്നെയാണ്. സര്‍ക്കാരുകള്‍ മാറി മാറി വന്നാലും അതിന് മാറ്റമൊന്നുമില്ല. നാവും നട്ടെല്ലും നഷ്ടപ്പെട്ട ദാസ്യമനോഭാവം ബന്ധപ്പെട്ട ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും തിരുത്തുന്നില്ലെങ്കില്‍ പ്രഖ്യാപനങ്ങളെല്ലാം ചവറ്റുകൊട്ടയില്‍ വിശ്രമിക്കുകയേ ഉള്ളൂ.

               വര്‍ധിച്ചുവരുന്ന മോഷണവും കൊള്ളയും തടയുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കേസന്വേഷണങ്ങളാകട്ടെ ഒട്ടുമിക്കതും സംശയത്തിന്റെ നിഴലിലുമാണ്. തങ്ങളുടെ തകര്‍ന്ന പ്രതിച്ഛായ വീണ്ടെടുക്കണമെന്ന നിര്‍ബന്ധം പൊലീസുദ്യോഗസ്ഥന്മാര്‍ക്ക് അശേഷമില്ലെന്നതാണ് ഏറെ കൗതുകകരം. കള്ളന്മാരെ പിടികൂടാനായില്ലെങ്കില്‍ അത് തങ്ങള്‍ക്ക് മോശമാണെന്ന് ചിന്തിക്കാന്‍, കുറ്റവാളികളെ മുഖംനോക്കാതെ നിയമത്തിന് മുമ്പില്‍ ഹാജരാക്കാന്‍ കാര്യക്ഷമത കുറഞ്ഞ ഇത്തരം പൊലീസ് സേനക്ക് എങ്ങനെ സാധിക്കും? പുതിയ ശൈലിയും സംസ്‌കൃതിയും  അവരില്‍നിന്ന് പ്രതീക്ഷിക്കുകയും വേണ്ട. സമൂഹം നേരിടുന്ന സദാചാരത്തകര്‍ച്ചയുടെ ആഴം മനസ്സിലാക്കാന്‍ അനുദിനം വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മാത്രം പരിശോധിച്ചാല്‍ മതി.

               ഗുണ്ടകളെ നിയന്ത്രിക്കുന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ പുതിയ മുഖ്യമന്ത്രിയും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നല്ല കാര്യം. തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള 24 ബോട്ടുകള്‍ക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നു. സംസ്ഥാനത്തെ 143 പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുന്ന ജനമൈത്രി പൊലീസ് സംവിധാനവും സ്റ്റുഡന്‍സ് പൊലീസിങ്ങും നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സഹായം ഗവണ്മെണ്ട് വാഗ്ദാനവും ചെയ്യുന്നു.

               ബാലഭിക്ഷാടനം തടയുമെന്ന പല്ലവി ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരം ഭിക്ഷക്കാരെ കേരളത്തില്‍ എല്ലായിടത്തും കാണാം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ഭിക്ഷാടനം നടത്തിവരികയാണ്. ഇതു കണ്ടെത്തി തടയുന്നതിന് സംസ്ഥാന വ്യാപകമായി ഫലപ്രദമായി പരിശോധന നടത്തേണ്ടതുണ്ട്.  മുഖ്യമന്ത്രിയുടെ പ്രസ്താവന കൊള്ളാമെങ്കിലും അത് ആരംഭശൂരത്വമായി മാറരുത്. ഇങ്ങനെ കണ്ടെത്തുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. ബാലവേല ഇവിടെ നിരോധിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. എന്നിട്ടും നമ്മുടെ ഹോട്ടലുകളിലും പാര്‍ക്കുകളിലും ബാലവേല നിത്യസംഭവമായി മാറിയിരിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടിയെത്തിയവരിലും നല്ല പങ്ക് യുവാക്കളാണ്.

               ക്രമസമാധാന പാലനത്തിന് നേരെ ഉയരുന്ന പ്രധാന ഭീഷണി ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ ആധിക്യമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി. മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇങ്ങനെയുള്ളവരോട് സര്‍ക്കാര്‍ ഒരു ദാക്ഷിണ്യവും കാണിക്കരുത്. കൊച്ചു കൊച്ചു കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ മാത്രമല്ല മഹാപാപം ചെയ്യുന്നവരെ പോലും രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. അധികാരത്തിന്റെ ചിഹ്നമാണല്ലോ പൊലീസ്. പൊലീസ് സംരക്ഷണം ലഭിക്കുമ്പോള്‍ വലിയ വലിയ കുറ്റങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും മടിയുണ്ടാവില്ല. ഇത്തരം പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ ഒരു കാരണവശാലും വെച്ചിരിക്കരുത്. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയും വേണം. ലോക്കല്‍ പൊലീസിനെ അവര്‍ എത്ര സത്യസന്ധന്മാരായാലും ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് വന്നിരിക്കുന്നു. അതുകൊണ്ടാണ് തൊട്ടതിനും പിടിച്ചതിനുമൊക്കെ സി ബി ഐ വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നത്.

               കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ വഴിവെക്കും. പൊലീസും പ്രതികാരം മനസ്സില്‍ വെച്ച് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം സ്വീകരിക്കുന്ന അവസ്ഥ അത്യന്തം ഭീതിജനകമാണ്. ഗുണ്ടാനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രം പോരാ. അധികാര രാഷ്ട്രീയത്തിന്റെ തണലില്‍ ഗുണ്ടകള്‍ രക്ഷപ്പെടുന്ന സാഹചര്യം ഇല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഭരണം ഇടതിന്റേതായാലും വലതിന്റേതായാലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കും ഒരു കൂസലുമില്ലെന്ന താണ് ഇന്നത്തെ അവസ്ഥ. അതിന് മാറ്റം വരുന്നില്ലെങ്കില്‍ കൊള്ളയും കുരുതിയും മാത്രമല്ല അതിനേക്കാള്‍ വലിയ ഫിത്‌നകള്‍ക്കും നാം തലവെച്ചുകൊടുക്കേണ്ടിവരും. അനീതിക്കെതിരെ ശബ്ദിക്കാത്ത നാവും അതിക്രമത്തെ പ്രതിരോധിക്കാത്ത കൈകളും അധര്‍മകാരികള്‍ക്കെതിരെ ചിന്തിക്കാത്ത തലകളും അടിമത്വത്തിന്റേതാണെന്ന മഹദ്വജനം എല്ലാവരും എപ്പോഴും ഒര്‍ക്കുന്നത് നല്ലതാണ്.

Tuesday, May 24, 2011

സാമൂഹികനീതി ഉറപ്പുവരുത്തണം


                ആവേശം അണപൊട്ടിയൊഴുകിയ ചടങ്ങില്‍ 13പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ ഉമ്മന്‍ചാണ്ടിമന്ത്രിസഭയുടെ അംഗസംഖ്യ 20 ആയി ഉയര്‍ന്നു. കേരളത്തിന് താങ്ങാവുന്നതിലധികമാണിത്. ഇനിയും മന്ത്രിമാരെ തിരുകിക്കയറ്റിയാല്‍ കേരളം മുഖം തിരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഒമ്പതു പേരും ലീഗില്‍നിന്ന് മൂന്ന് പേരും  കേരളാ കോണ്‍ഗ്രസില്‍നിന്ന് ഒരാളുമാണ് രണ്ടാംഘട്ടത്തില്‍ തിങ്കളാഴ്ച സത്യവാചകം ചൊല്ലിയത്. മുസ്‌ലിംലീഗ് സ്വയം പ്രഖ്യാപിച്ച 21-ാം മന്ത്രിയെ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ലീഗ് സ്വയം നാണംകെട്ടു. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച സല്‍പേര് ഇതുവഴി കളഞ്ഞുകുളിക്കുകയും ചെയ്തു. ആരോടും ആലോചിക്കാതെ മന്ത്രിയെ പ്രഖ്യാപിക്കുക വഴി മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ കൂടി എതിര്‍പ്പ് പിടിച്ചുവാങ്ങുകയാണ് സത്യത്തില്‍ ലീഗ് ചെയ്തത്. യു ഡി എഫില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന്  വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുട വാക്കുകളെ തല്‍ക്കാലം മുഖവിലക്കെടുക്കാം.മന്ത്രിസഭ രൂപീകരണവുമായി ഉയര്‍ന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍  ഈ മാസം 30ന് യു ഡി എഫ്  യോഗം ചേരുന്നുണ്ട്. അടുത്തമാസം ഒന്നിന് തന്നെ നിയമസഭയും ചേരും.

           പ്രഥമ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളത്രയും ഗംഭീരമായി. കഴിഞ്ഞ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാതെപോയ നിരവധി കാര്യങ്ങളാണ് ചാണ്ടി മന്ത്രിസഭ ആദ്യയോഗത്തില്‍ തന്നെ നടപ്പാക്കാന്‍ നടപടികള്‍ക്ക് തുടക്കമിട്ടത്. എന്‍ഡോസള്‍ഫാന്‍ നിരോധനം, ലോട്ടറി പ്രശ്‌നം, ശബരിമല അടിസ്ഥാന സൗകര്യവികസനം, മൂലമ്പിള്ളി പാക്കേജ് എന്നിവ ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം വിളിക്കാന്‍ തീരുമാനമായി. ചെങ്ങറ പാക്കേജ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇതേ പറ്റി പഠിച്ച് റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വെക്കാന്‍  റവന്യൂമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. എം എല്‍ എ മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്നതുപോലെ എം പിമാര്‍ക്കും അവരുടെ മണ്ഡലത്തിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ഡപ്യൂട്ടേഷനില്‍ നല്‍കുന്നതാണ്. മന്ത്രിമാരല്ലാത്ത എല്ലാ എം പിമാര്‍ക്കും ഈ സൗകര്യം ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും ഓണസമ്മാനമായി ഒരു രൂപക്ക് അരി കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.  ഈ മാസം 31ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതും ഉചിതമായി. കിളിരൂര്‍ കേസിലെ ശാരിയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ഇടതുസര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമെ മൂന്നു ലക്ഷം രൂപ കൂടി നല്‍കുന്നതാണ്.

               എന്നാല്‍ ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ടതാണ് സാമൂഹിക നീതി. സാമൂഹിക നീതിയാണ് കേരളത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച് സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ കൃഷി ചെയ്യാനും അന്തിയുറങ്ങാനുമുള്ള ഭൂമിക്ക് വേണ്ടി സമരം ചെയ്ത അടിസ്ഥാന ജനതയെ മുത്തങ്ങയില്‍ ക്രൂരമര്‍ദനത്തിന് വിധേയമാക്കിയത് എ കെ ആന്റണി നേതൃത്വംനല്‍കിയ യു ഡി എഫ് സര്‍ക്കാരായിരുന്നു. ഭൂമിയുടെ ജനാധിപത്യപരമായ പുനര്‍വിതരണത്തിന് പുതിയ സര്‍ക്കാര്‍ തയാറായാല്‍ അത് സമൂഹിക നീതിക്ക് വേണ്ടിയുള്ള ചുവടുവെയ്പായി വിലയിരുത്തപ്പെടും. സംസ്ഥാന റജിസ്‌ട്രേഷന്‍ ഐ ജി ഒരുമാസം മുമ്പ് വിരമിച്ചപ്പോല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക മന്ദിരത്തില്‍ ചാണകവെള്ളം തളിച്ചത് ഈ കേരളത്തിലാണ്. ദലിത് വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചത് കൊല്ലത്തെ ആശ്രാമം ഗസ്റ്റ്ഹൗസില്‍ വെച്ചാണ്.പ്രതികരിക്കാനെത്തിയ ദലിത് സ്ത്രീകളെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചു. അപ്പോഴൊന്നും തങ്ങള്‍ ഈ നാട്ടുകാരല്ലെന്ന ഭാവമായിരുന്നു യു ഡി എഫിന്.

                ജാതി-സമുദായ സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം തിരുകിക്കയറ്റി സംവരണ തത്വങ്ങളില്‍ വെള്ളം ചേര്‍ത്തത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരായിരുന്നു. നരേന്ദ്രന്‍ പാക്കേജില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനോടുള്ള അമര്‍ഷമായിരുന്നു യു ഡി എഫിന്റെ കഴിഞ്ഞ തവണത്തെ തോല്‍വിക്ക് ആധാരം. ബാക്ക്‌ലോഗ് നികത്താനും സംവരണം അര്‍ഹതപ്പെട്ട സമുദായങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പുതിയ ഗവണ്‍മെന്റിന് തീര്‍ച്ചയായും കഴിയണം.

                 പ്രതികാരത്തോടെയുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ  പ്രഖ്യാപനം ശ്‌ളാഘനീയം തന്നെ. അതേ സമയം നിയമം  നിയമത്തിന്റെ വഴിക്കു പോകുമെന്ന് ആണയിട്ടതുകൊണ്ട് കാര്യമില്ല. അതിന് തടസ്സം നില്‍ക്കുന്നവരെ ശക്തിയുക്തം തടയുകയും വേണം. പലപ്പോഴും കള്ളന് കഞ്ഞിവെച്ചു കൊടുക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ സ്വീകരിച്ച് കാണുന്നത്. സ്വന്തം മന്ത്രിസഭയില്‍ പകുതി കള്ളന്മാരും ബാക്കി അവര്‍ക്ക് കഞ്ഞിവെച്ചവരുമാണെന്ന ധാരണയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സൃഷ്ടിച്ചത്. അതോടൊപ്പെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നന്നായി പ്രവര്‍ത്തിച്ചവരും അക്കൂട്ടത്തിലുണ്ട്. അവരെയാണ് പുതിയ മന്ത്രിമാര്‍ മാതൃകയാക്കേണ്ടത്.

                ക്രിസ്ത്യാനികളും മുസ്‌ലിംകളും നയിക്കുന്ന മന്ത്രിസഭയെന്ന ഗുരുതരമായ ആരോപണം ഇപ്പോള്‍ തന്നെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം പ്രചാരണത്തിന് അവസരം നല്‍കാതിരിക്കാന്‍ മുഖ്യമന്ത്രിയാണ് ശ്രദ്ധിക്കേണ്ടത്.   മുസ്‌ലിംലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത് ലീഗദ്ധ്യക്ഷനായിരുന്നു. ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രിയാണ് അത് നിര്‍വഹിക്കേണ്ടത്. മുഖ്യമന്ത്രി ഏതെങ്കിലും പാര്‍ടിയുടെയോ മന്ത്രിയുടെയോ ബന്ദിയാകാന്‍ പാടില്ല. അദ്ദേഹം ആരുടെയും കൈയ്യിലെ പാവയായി മാറരുത്.

                 ഒരു  സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്താല്‍ പിറ്റേന്ന് തുടങ്ങുകയായി അവരെ ഇറക്കിവിടാനുള്ള സമരം. പ്രതിപക്ഷ ധര്‍മം അതാണെന്ന അപക്വമായ ധാരണ ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  പ്രതിപക്ഷമെന്ന നിലയില്‍ ഇടതുമുന്നണിയുടെ  ദൗത്യം സര്‍ക്കാരിനെ നേര്‍മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ വഴിയൊരുക്കുകയാണ്. ആ കടമ എല്‍ ഡി എഫും ചുമതലാബോധത്തോടെ നിര്‍വഹിക്കണം.

Thursday, May 19, 2011

ആഘാതങ്ങളുടെ പാടുകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും


               ഇവിടെയാണ് പ്രതിഷേധത്തിന്റെ ശബ്ദം പൊട്ടിത്തെറിക്കേണ്ടത്. അരോചകമായ നിരവധി അനുഭവങ്ങളുടം തുരുത്തുകളില്‍ നിസ്സഹായരായി നില്‍ക്കാന്‍ വിധിക്കപ്പെട്ട പരകോടി ജനങ്ങളുടെ പുരോഗമന യത്‌നങ്ങള്‍ക്കെല്ലാം വിലങ്ങുതടി സൃഷ്ടിക്കപ്പെടുമ്പോള്‍ എത്രാകാലം സുരക്ഷിതബോധം നഷ്ടപ്പെട്ട് ജീവിക്കാനാവും? ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടി ഇന്ത്യ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പലതും പരാജയമാണെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് വായിച്ചാല്‍ ഉള്ള് പിടയും. സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍ക്കായി ദേശീയ വരുമാനത്തിന്റെ രണ്ടുശതമാനം തുക ഇന്ത്യ മാറ്റിവെക്കുന്നുണ്ട്. പൊതുവിതരണ സംവിധാനത്തിനായി നീക്കിവെക്കുന്ന ധാന്യങ്ങളില്‍ 60 ശതമാനം പോലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നില്ല. എം എന്‍ ആര്‍ ഇ ജി എ എന്ന തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്.

               2004-2005ലെ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യയിലെ സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളെ കുറിച്ചും ലോക ബാങ്ക് ആദ്യമായാണ് ഇത്തരമൊരു പഠനം നടത്തിയത്. ഏതൊരു വികസന രാജ്യത്തിലുമെന്ന പോലെ മികച്ച പരിപാടികള്‍ ഇന്ത്യ മുന്നോട്ടുവെക്കുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് പക്ഷെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നുള്ളൂ. എന്നാല്‍ ദേശീയതലത്തില്‍ പരിഗണിക്കുമ്പോള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായേ പ്രാവര്‍ത്തികമാകുന്നുള്ളൂ. എന്തുകൊണ്ടിവ പൂര്‍ണമായ അര്‍ഥത്തില്‍ വിജയിക്കുന്നില്ല? ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ ബ്‌ളോംക്വിസ്റ്റ് ചൂണ്ടിക്കാട്ടുന്ന ഈ വസ്തുതകള്‍ക്ക് നോവു തിന്നുന്ന മനുഷ്യരുടെ തേങ്ങലിന്റെ സ്വരമാണുള്ളത്. ആസൂത്രണ കമീഷന്റെ നിര്‍ദേശപ്രകാരം 2004ലാണ് ലോകബാങ്ക് പഠനം ആരംഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വിഹിതം അധികം ലഭിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ദൗര്‍ലഭ്യവും സാങ്കേതിക സംവിധാനത്തിലെ പോരായ്മകളും നിര്‍വഹണത്തിലെ വീഴ്ചകളും കൂടിച്ചേര്‍ന്നതോടെ ലക്ഷ്യം തന്നെ പാളുകയായിരുന്നു.

               പൊതുവിതരണ സമ്പ്രദായത്തില്‍ വിതരണം ചെയ്ത ധാന്യങ്ങളില്‍ വെറും 41 ശതമാനം മാത്രമാണ് അര്‍ഹരായവരിലെത്തിയത്. തമിള്‍നാട് പോലുള്ള സംസ്ഥാനങ്ങള്‍ വിതരണത്തില്‍ എണ്‍പത് ശതമാനം വിജയിച്ചപ്പോള്‍ ബിഹാര്‍, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നുവെന്നോര്‍ക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നുവെന്ന വസ്തുത നിഷേധിക്കുന്നില്ല. പട്ടികജാതി വിഭാഗത്തില്‍ 31 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 25 ശതമാനവും വനിതകളില്‍ 50 ശതമാനവും ഇതിന്റെ ആനുകൂല്യം അനുഭവിച്ചുവെന്നതും ആശ്വാസകരം തന്നെ. രാജസ്ഥാനില്‍ 90 ശതമാനം പേരും പദ്ധതികളുടെ ആനുകൂല്യം നേടിയപ്പോള്‍ കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇത് കേവലം 20 ശതമാനത്തിന് താഴെ മാത്രമാണ്.

                ഫണ്ട് പഞ്ചായത്തുകളില്‍ എത്തുന്നതില്‍ വലിയ കാലതാമസം വന്നതും ഫണ്ടുകളില്‍ വലിയ തോതില്‍ ചോര്‍ച്ച സംഭവിച്ചതും ഇതിന് പ്രധാന കാരണങ്ങളാണ്. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന പദ്ധതിക്ക് നല്ല സ്വീകാര്യത ലഭിച്ചുവെന്നത് ശക്തവും പക്വവുമായ രാഷ്ട്രീയ ഇടപെടുകളുടെ ഫലമായിട്ടായിരുന്നു. അതേ സമയം സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന, അന്നപൂര്‍ണ സ്‌കീം, ഇന്ദിര ആവാസ് യോജന എന്നിവയോടുള്ള പ്രതികരണം സമ്മിശ്രവുമായിരുന്നു.
 
               രാഷ്ട്രീയത്തിന്റെ തിന്മകളെ പ്രോത്സാഹിപ്പിക്കുന്നവരുടെ അവിഹിത സ്വാധീനം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ വെല്ലുവിളിക്കുന്നു എന്ന് വേണം കരുതാന്‍. സ്വന്തം കാലില്‍ കരുത്തോടെ നില്‍ക്കാന്‍  ആഗ്രഹിക്കുന്ന ഭാരതീയന് ചുവടുകള്‍ പിഴക്കുന്നതിന് കാരണം ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളുടെ നട്ടെല്ലില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പരശ്ശതം കുഗ്രമങ്ങളിലും കുടിലുകളും വസിക്കുന്നവര്‍, അഹന്തയുടെ പാഴ്കിരീടമണിഞ്ഞ അല്‍പന്മാരുടെ തലതിരിഞ്ഞ നടപടികളുടെ ഫലമായി ദുഃഖങ്ങളുടെ ആഴങ്ങളില്‍ പതിക്കുകയാണ്.

               ഒരു രാജ്യത്തിന് സ്വന്തം കാലില്‍ കരുത്തോടെ നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. അത്തരം പദ്ധതികള്‍ക്ക് ഇവിടെ പഞ്ഞമില്ല. ആവശ്യത്തിനും അതിലേറെയും തുകയും വിഭവങ്ങളും നീക്കിവെക്കുന്നുമുണ്ട്. അത് പക്ഷെ അര്‍ഹിക്കുന്നവര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും തൊഴിലുറപ്പു പദ്ധതിയുടെ പ്രയോജനം സാധ്യമാകുന്നുണ്ടെന്നും പരിശോധിക്കാനും വീഴ്ചവരുത്തുന്നവരെ നിര്‍ദാക്ഷിണ്യം ശിക്ഷിക്കാനും ഇവിടെ സംവിധാനമില്ല. ഇത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് വിഷയത്തിലും ഇതു തന്നെയാണവസ്ഥ.

               രാജ്യത്തെ ക്ഷേമപദ്ധതികള്‍ പലതും പരാജയത്തിലാണെന്ന് ലോകബാങ്ക് പഠനത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യവിചാരത്തിന്റെ മര്‍മം തിരിച്ചറിഞ്ഞ് ഫലപ്രദമായ സത്വര നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും ശ്രമിക്കേണ്ടത്. ദരിദ്രരോട് പോലും നീതികാണിക്കാന്‍ കഴിയാത്തവര്‍ തീര്‍ച്ചയായും നമുക്ക് എന്നും ഒരു ഭാരമായിരിക്കുക തന്നെ ചെയ്യും.

Wednesday, May 18, 2011

ഉമ്മന്‍ചാണ്ടി അധികാരമേല്‍ക്കുമ്പോള്‍

               മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആറ് സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയവും ഗംഭീരവുമായി. മലയാളികളുടെ ജീവിതം ഐശ്വര്യവും സമാധാനവും നിറഞ്ഞതാക്കി ത്തീര്‍ക്കാന്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് പുതിയ ഭരണകൂത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ടി എം ജേക്കബും ഗണേശ്കുമാറുമെല്ലാം മുമ്പും മന്തിമാരായിരുന്ന് മികവും പ്രാഗത്ഭ്യവും തെളിയിച്ചവരാണ്. പുതിയ സാരഥികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും എല്ലാം കൃത്യം കൃത്യമായി അറിയാം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തോടെ അരങ്ങേറ്റം കുറിച്ച മുഖ്യനന്ത്രിയുടെ തുടക്കം ആവേശകരമായി. എന്‍ഡോസള്‍ഫാന്‍, പെട്രോളിയം വിലവര്‍ധന, പ്‌ളസ് ടു തുടങ്ങിയ വിഷയങ്ങളില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചതും ഉചിതമായി.

               എന്നാല്‍ അധികാരത്തില്‍ വരുന്ന ഓരോ മുനനണിയും ഒന്നാംസ്ഥാനം കൊടുക്കുന്നത് അതിന്റെ സ്വന്തം ആവശ്യങ്ങള്‍ക്കാണ്. മലയാളികളുടെ ആവശ്യങ്ങള്‍ക്ക് രണ്ടാംസ്ഥാനം പോലുമുണ്ടോ എന്ന് സംശയമാണ്. ഉദ്യോഗസ്ഥന്മാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. ഈ സംവിധാനം വര്‍ഷങ്ങളായി തുടരുന്നു. ഇതിന് മാറ്റംവരാതെ നിര്‍വാഹമില്ല. ഭരണകൂടം നിര്‍വഹിക്കുന്ന ജോലികളുടെ പട്ടികയല്ല യഥാര്‍ഥത്തില്‍ നമുക്ക് വേണ്ടത്. പകരം നിലവിലെ ഭരണസംസ്‌കാരത്തിന്റെ സമൂല മാറ്റമാണ്. അത് മാറുമ്പോള്‍ മറ്റെല്ലാം മാറും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥന്മാരും പൊലീസും ജനാധിപത്യത്തെ, ജനങ്ങളെ അടിച്ചമര്‍ത്താനും വഞ്ചിക്കാനുമുള്ള ഉപകരണമാക്കിത്തീര്‍ത്തിരക്കുന്നു. വിദ്യാസമ്പന്നമെന്ന് അഭിമാനിക്കുന്ന ഒരു സമൂഹത്തിന്റെമേല്‍ ജനാധിപത്യത്തിന്റെ ഇത്രയും നഗ്നമായ ഒരു അട്ടിമറി നടത്തിയെടുത്തവരുടെ രാക്ഷസീയബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ല. മാധ്യമങ്ങളുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ജനാധിപത്യത്തിന്റെ ഇത്തരമൊരു തട്ടിയെടുപ്പ് സാധ്യമാകുമകയില്ലായിരുന്നു. ജനാധിപത്യത്തില്‍ പൊരന്മാരാണ് യജമാനന്മാര്‍ എന്ന വാസ്തവം അംഗീകരിക്കാനുളള സാംസ്‌കാരിക സമ്പന്നതക്കാണ് ജനങ്ങള്‍ കാതോര്‍ക്കുന്നത്.

               2006ല്‍ 98 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന എല്‍ ഡി എഫിന്റെ സീറ്റുകള്‍ 68 ആയി കുറഞ്ഞു. യു ഡി എഫിന്റെ സീറ്റുകള്‍ 42ല്‍നിന്ന് 72 ആയി വര്‍ധിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും എല്‍ ഡി എഫിനെതിരായ വ്യക്തമായ ജനവിധിയാണിത്. മോശമായ ഭരണം, ദരിദ്രരുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ധന, അഴിമതി, മാഫിയകളുടെ വളര്‍ച്ച, വികസനരംഗത്തെ പരാജയം തുടങ്ങിയ പല ഘടകങ്ങളാണ് എല്‍ ഡി എഫിന്റെ പരാജയത്തിന് വഴിവെച്ചത്. ജനങ്ങള്‍ ഒരു സര്‍ക്കാരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കന്നത്? നിയമവാഴ്ച നടപ്പാക്കുന്ന, കാര്യക്ഷമതയുള്ള,  ജനങ്ങടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന, അഴിമതിമുക്തമായ, കഴിവുറ്റ ഒരു സര്‍ക്കാരിനെയാണ്. അത്തരത്തില്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനുള്ള ഒരു പ്രധാന കാരണം മുഖ്യമന്ത്രി ഒരു ഭാഗത്തേക്കും മന്ത്രിമാരും പാര്‍ട്ടി  നേതൃത്വവും മറ്റൊരു ഭാഗത്തേക്കും സഞ്ചരിച്ചതിന്റെ  അനന്തരഫലമാണ്. മുഖ്യമന്ത്രിയും സി പി എം നേതൃത്വവും തമ്മില്‍ ഭരണകാര്യങ്ങളിലും നയങ്ങളിലും ആദ്യം മുതലേ രൂക്ഷമായ അഭിപ്രായഭിന്നത നിലനിന്നിരുന്നു. പാര്‍ട്ടിയെ ധിക്കരിച്ച മുഖ്യമന്ത്രിക്കെതിരെ  പാര്‍ട്ടി ശിക്ഷണ നടപടികള്‍വരെ സ്വീകരിച്ചു. അത്തരത്തില്‍ കലുഷമായ അന്തരീക്ഷമാണ് ഭരണം മോശമാകാന്‍ ഇടയാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് മത്സരിക്കാന്‍ സീറ്റുപോലും നല്‍കേണ്ട എന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നതുവരെ  കാര്യങ്ങളെത്തി.

               സുപ്രധാന സാമ്പത്തിക വികസന നയങ്ങളുടെ കാര്യത്തിലും മുഖ്യമന്തിയും ആസൂത്രണബോര്‍ഡും ധനകാര്യവകുപ്പും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചത്. മന്ത്രിമാരില്‍ പലരും ഭരിക്കാന്‍ കഴിവില്ലാത്തവരായിരുന്നു. ഇത് ഭരണരംഗത്ത് നിഷ്‌ക്രിയത്വം സൃഷ്ടിക്കുകയുണ്ടായി. റോഡ്, കുടിവെള്ളം അഴുക്ക്‌നിര്‍മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളോ പൊതുസര്‍വീസുകളോ മെച്ചമായി നടത്താന്‍ കഴിഞ്ഞില്ല. പല രംഗത്തും അഴിമതിയും സ്വജനപക്ഷപാതവും വര്‍ധിച്ചു. തന്മൂലം ജനങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരിനോട് മടുപ്പും അമര്‍ഷവും വര്‍ധിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം ജനങ്ങള്‍ പ്രതികരിച്ചു.  ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സീറ്റുകള്‍ 19ല്‍ നിന്ന് നാലായി കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പിലും ജനങ്ങളുടെ എതിര്‍പ്പ് പ്രകടമായി.

               ഒരു വശത്ത് പാര്‍ട്ടിയുടെ സമ്പത്തും ആസ്തികളും വന്‍തോതില്‍ വര്‍ധിക്കുകയും മറുഭാഗത്ത് ജനങ്ങള്‍ ദരിദ്രരും പാപ്പരുമാവുകയും ചെയ്യുന്ന ഒരു സാമൂഹിക മാറ്റമാണ് എല്‍ഡി എഫ് ഭരണം സംഭാവനചെയ്തത്. കേരളത്തിലെ ബി പി എല്‍ കുടുംബങ്ങള്‍ 2008ല്‍ 20.82 ലക്ഷമായിരുന്നത് 2011ല്‍ 32.29 ലക്ഷമായി വര്‍ധിചു. അങ്ങനെ കേരളത്തെ ദരിദ്രരുടെ നാടാക്കി. മണല്‍, ലോട്ടറി, മരുന്ന്, ഭൂ മാഫിയകള്‍ കേരളത്തില്‍ വളര്‍ന്നുപന്തലിച്ചു. മണല്‍ മാഫിയ കേരളത്തിന്റ പരിസ്ഥിതി തകര്‍ക്കുന്ന നിലയിലേക്ക് വ്യാപിച്ചു. പ്രതിവര്‍ഷം 15000 കോടി രൂപ തട്ടിക്കൊണ്ടുപോകുന്ന ലോട്ടറി മാഫിയക്ക് ഭരണകൂടം വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു.

          ഇതെല്ലാം പുതിയ സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പുകള്‍ കൂടിയാണ്. ഒരു ദിവസത്തില്‍ ഏഴുതവണ സ്വീക്കറുടെ കാസ്റ്റിംഗ് വോട്ടില്‍ സര്‍ക്കാരിനെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ ഓര്‍ക്കപ്പെടുന്ന അല്‍പായുസ്സായിരുന്ന ആറാം നിയമസഭയിലേതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് പുതിയ സര്‍ക്കാരിനുമുള്ളൂ. മുന്ന് ദശാബ്ധങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ മാര്‍ജിനാണിത്. രാഷ്ട്രീയ അസ്ഥരിതക്ക് വിധേയമാകാതെ നിലകൊള്ളാന്‍ മുഖ്യമന്ത്രിക്ക് ഒരു സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മതയും ജാഗ്രതയും ആവശ്യമായി വരും. ചെറിയ പാര്‍ട്ടികളുടെ സാന്നിധ്യവും അവരുടെ നിലയ്ക്കാത്ത ആവശ്യങ്ങളും സര്‍ക്കാരിനെ എന്നും കൊളുത്തില്‍ തൂക്കിയിടും. പ്രതിപക്ഷമാണങ്കില്‍ തുല്യശക്തിയായി രംഗത്തുണ്ട്. അവര്‍ സഭക്കകത്തും പുറത്തും അടങ്ങിയിരിക്കുമെന്ന് കരുതേണ്ട. ഒരര്‍ഥത്തില്‍ ഇതും സര്‍ക്കാരിനെ ഒരു സല്‍ഭരണത്തിന് പ്രേരിപ്പിക്കേണ്ട ഘടകമാണ്.

Tuesday, May 17, 2011

വെല്ലുവിളികളെ അതിജീവിക്കണം

               മുഖ്യമന്ത്രിസ്ഥാനം തീരുമാനമായതോടെ ആദ്യ കടമ്പ കടന്ന യു ഡി എഫിന് ഭരണം സുഗമമായി നടക്കണമെങ്കില്‍ കടമ്പകള്‍ ഇനിയും ധാരാളംതാണ്ടേണ്ടിവരും.  തെരഞ്ഞെടുപ്പില്‍ വേണ്ടത്ര തിളക്കം ലഭിക്കാതെപോയ വിജയത്തിന് വഴിയൊരുക്കിയ കറുത്ത സത്യങ്ങള്‍ ഭരണത്തിലും മുന്നണിയെ പിന്തുടരാനുള്ള സാധ്യത വളരെ കൂടുതലാണ്.  സീറ്റു വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ട അനിശ്ചിതത്വവും അവകാശത്തര്‍ക്കങ്ങളും മന്ത്രിസഭാ രൂപീകരണത്തിലും പ്രകടമാണെന്ന് ഘടകക്ഷി നേതാക്കളില്‍ ചിലരുടെ പ്രസ്താവനകള്‍ തന്നെ വ്യക്തമാക്കുന്നു. വീണ്ടുമൊരു ചാണ്ടി-മാണി തര്‍ക്കത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ യഥാവിധി തുടരുന്നുണ്ടെങ്കിലും  മന്ത്രിസ്ഥാനങ്ങളില്‍   വിട്ടുവീഴ്ചക്ക് ആരും തയാറാവില്ലെന്നാണ് പുരത്തുവരുന്ന സൂചനകള്‍. വകുപ്പുകളുടെ കാര്യത്തിലുമുണ്ട് ഈ പിടിവാശി.  ധനകാര്യം, റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകള്‍ മാണിക്ക് വേണം. നാലു മന്ത്രിസ്ഥാനവും വേണം.  രണ്ടില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഏറിയാല്‍ ഒരു ഡപ്യൂട്ടി സ്പീക്കര്‍ പദവിയും അനുവദിക്കാം. സീറ്റു വിഭജനവേളയെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങള്‍. അവസാനം മാണി കീഴടങ്ങുമെങ്കിലും പുകഞ്ഞുകത്താനുള്ള സാധ്യത പിന്നെയും ബാക്കിനില്‍ക്കുമെന്നുറപ്പ്.

              മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാണിച്ച പക്വത മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും കാണിക്കുമെന്നറിയാം. പക്ഷെ വകുപ്പുകളുടെ കാര്യത്തില്‍ ആ മിതത്വം കണ്ടില്ലെന്നും വരും. വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി കൈകാര്യംചെയ്യുന്നത് ലീഗാണ്. അത് ദേശീയപാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്ന വാദം ശക്തവുമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ലീഗില്‍ നിന്ന്  പ്രതീക്ഷിക്കേണ്ട. 67ല്‍ സപ്തമുന്നണി അധികാരത്തിലേറിയപ്പോള്‍ ലീഗിന്റെ ഏറ്റവും പ്രധാന ആവശ്യം വിദ്യാഭ്യാസ വകുപ്പായിരുന്നു.  കേരളത്തില്‍ ലീഗിനോളം ഈ വകുപ്പ് കൈകാര്യം ചെയ്ത വേറെ പാര്‍ട്ടികളില്ല. എന്തായാലും കേരള കോണ്‍ഗ്രസ്, ലീഗ് പ്രശ്‌നം പരിഹരിക്കാതെ മറ്റ് കക്ഷികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുമാവില്ല. മന്ത്രിസ്ഥാനങ്ങള്‍ വീതം വെച്ചതിന് ശേഷമാകാം വകുപ്പ് വിഭജനം എന്ന് കോണ്‍ഗ്രസ് വാദിക്കുമ്പോള്‍ രണ്ടും ഒരുമിച്ച് വേണമെന്ന് വാദിക്കുന്നവരാണ് ഘടകകക്ഷികളധികവും.

              സോഷ്യലിസ്റ്റു ജനത മന്ത്രിസഭാംഗത്തെ നിശ്ചയിച്ച് മാതൃക സൃഷ്ടിച്ചെങ്കിലും രണ്ടംഗങ്ങള്‍ മാത്രമുള്ള ആ പാര്‍ട്ടി പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നത് പലതും കണക്കുകൂട്ടിക്കൊണ്ടു തന്നെയാണ്. രണ്ടു അംഗങ്ങള്‍ കളം മാറാന്‍ തീരുമാനിച്ചാല്‍ ഈ മന്ത്രിസഭയുടെ നിലനില്‍പ് തന്നെ അവതാളത്തിലാകും. അതു തന്നെയാണ് സോഷ്യലിസ്റ്റു ജനതയുടെ കരുത്തും. ഒരു അംഗം മാത്രമേയുള്ളൂവെങ്കിലും ആന്റണി സര്‍ക്കാരില്‍ കൈകാര്യം ചെയ്ത ജലവിഭവ വകുപ്പാണ് ടി എം ജേക്കബ് ആവശ്യപ്പെടുന്നത്. ഗണേശ് കുമാറിന് ആരോഗ്യ വകുപ്പാണെങ്കില്‍ ഷിബു ബേബിജോണിന് തൊഴിലോ ടൂറിസമോ രണ്ടും കൂടിയോ വേണം. എന്നാല്‍ സ്‌പോര്‍ട്‌സും ടൂറിസവും ലഭിക്കാന്‍ സാധ്യതയുണ്ട് താനും. മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിട്ട എന്‍ എസ് എസിനെ നിരാശപ്പെടുത്തുന്നതാണ് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ തീരുമാനം. മുരളീധരന്റെ അനുഭവം  അദ്ദേഹം ഓര്‍ത്തുകാണും. ഭരണം തന്നെ കേവലം നാലുപേരുടെ ഔദാര്യത്തിലാവുമ്പോള്‍ വിശേഷങ്ങള്‍ വിരുന്നു വരാനും സാധ്യതയുണ്ട്.

                മൂന്നുപേരുടെ മാത്രം ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന ഭരണം കാഴ്ചവെച്ച ചരിത്രം കേരത്തിന് അവകാശപ്പെട്ടതാണ്. ഭരണമികവും സുതാര്യതയും ജനക്ഷേമവുമായിരുന്നു അത്തരം ഭരണകൂടങ്ങളുടെ മുതല്‍ക്കൂട്ട്. അഴിമതിയും അധികാരദുര്‍വിനിയോഗവും ഭരണാധികാരികളെ അപ്രിയരാക്കുക സ്വാഭാവികമാണ്. ഒരു ഭരണവിരുദ്ധ വികാരം അതിന്റെ  മൂര്‍ധന്യതയിലെത്തിയത് കണ്ടുകൊണ്ടാണ് 2010 വിടപറഞ്ഞതെങ്കില്‍ 2011 പിറന്നത് 2001നും 2006നുമിടല്‍ നടന്ന സംഭവവികാസങ്ങള്‍ പൊടി തട്ടിയെടുക്കാന്‍ ഇടതുമുന്നണിക്ക് അവസരം നല്‍കിക്കൊണ്ടായിരുന്നു. അതോടെ ചിത്രമാകെ മാറി. വിമോചനയാത്രക്ക് ശേഷം 100ല്‍ പരം സീറ്റിന് ജയിക്കുമെന്ന് അവകാശപ്പെട്ട ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തികച്ചും പ്രതിരോധത്തിലുമായി. ഭരണവിരുദ്ധ വികാരത്തിന്റെ പൊടിപോലും പിന്നെ എവിടെയും കാണാനുണ്ടായിരുന്നില്ല.  നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ നടപടികളുമായി മുമ്പോട്ട് പോകാനാണ് ഇടതുമുന്നണിയുടെയും സി പിഎമ്മിന്റെയും തീരുമാനം.

                68-72 ജനവിധി ഹരിയാനയിലോ ബിഹാറിലോ ആണെന്ന് സങ്കല്‍പിക്കുക. കുതിരക്കച്ചവടത്തിന്റെ മഹാമേളയായിരിക്കും പിന്നെ. കൂടെപ്പോകാന്‍ തയാറുള്ളവര്‍ യു ഡി എഫിലുമുണ്ട്. എന്നാല്‍ കുതിരക്കച്ചവടത്തിനില്ലെന്ന് സി പിഎമ്മും ഇടതുമുന്നണിയും ഫലപ്രഖ്യാപനം വന്ന ഉടനെ തന്നെ വ്യക്തമാക്കുകയുണ്ടായി. ഈ തോല്‍വിയെ അഭിമാനകരമായിട്ടാണവര്‍ കണ്ടത്. ആ യാഥാര്‍ഥ്യവും കൂടി യു ഡി എഫ് ഉള്‍ക്കൊള്ളണം. എല്ലാ സ്ഥാപിത ജാതി മത ശക്തികളെയും സമാഹരിച്ചും കൂടെ നിര്‍ത്തിയും  എല്‍ ഡി എഫിലെ ചില ഘടക കക്ഷികളെ പ്രലോഭിപ്പിച്ച് ഒപ്പം ചേര്‍ത്തും എല്‍ ഡി എഫിനെ തറപറ്റിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. മാത്രമല്ല ഈ പ്രതികൂല സാഹചര്യമെല്ലാമുണ്ടായിട്ടും ഇടതുമുന്നണിയെ കാര്യമായി പിരക്കേല്‍പിക്കാനും കഴിഞ്ഞില്ല. ചില മണ്ഡലങ്ങളില്‍ തുഛമായ വ്യത്യാസത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതും.

              പുതിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വസ്തുതകള്‍ പരിഗണിച്ച്  കൊണ്ടാവണം ഭരണം തുടങ്ങേണ്ടത്. നാവടക്കി പണിയെടുക്കുന്ന മന്ത്രിമാരെയും എം എല്‍ എമാരെയുമാണ് നമുക്ക് വേണ്ടത്. പെട്രോള്‍ വില വര്‍ധനവിലൂടെ പൊതുവിപണിയുണ്ടാക്കുന്ന പ്രത്യാഘാതം കണ്ടുകൊണ്ടാണ് യു ഡി എഫ് ഭരണം തുടങ്ങുന്നത് തന്നെ. ഒരു രൂപക്ക് അരി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തെ പോലും ഈ വര്‍ധന അവതാളത്തിലാക്കും. കഴിഞ്ഞ ഭരണത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്ന പ്രതിജ്ഞയോടെയാവട്ടെ പുതിയ മുഖ്യമന്ത്രിയുടെ തുടക്കം.

Wednesday, May 11, 2011

അധികാരം ആര്‍ക്ക്?


               കേരളത്തിലെ രണ്ടു പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ഒന്നില്‍ യു ഡി എഫിനും മറ്റൊന്നില്‍ എല്‍ ഡി എഫിനുമാണ് മുന്‍തൂക്കം. സി എന്‍ എന്നും ഐ ബി എന്നും മനോരമ ന്യൂസും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ ഇടതുമുന്നണിക്ക് 69 മുതല്‍ 77 വരെ സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. ഏഷ്യാനെറ്റ് ന്യൂസ്, സീ ഫോര്‍ സര്‍വെയില്‍ ഐക്യമുന്നണി 72 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലേറും. മുഖ്യമന്ത്രിയാകാന്‍ ആരാണ് യോഗ്യന്‍ എന്ന ചോദ്യത്തിന് എല്ലാ സര്‍വേകളിലും വി എസ് തന്നെയാണ് മുന്നില്‍. മറ്റ് അഞ്ചു സര്‍വ്വെകളിലും എല്‍ ഡി എഫ് പുറകിലാണ്. എന്നാല്‍ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതായി എല്ലാവരും എടുത്തുപറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളായ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ്  സൊസൈറ്റീസ് ആണ് മനോരമക്കും സി എന്നിനും വേണ്ടി സര്‍വെ നടത്തിയത്. യു ഡി എഫിന് 63 മുതല്‍ 71 വരെ സീറ്റേ അവര്‍ കാണുന്നുള്ളൂ. അതുകൊണ്ടിപ്പോള്‍ ഇരുമുന്നണി നേതാക്കളും അസ്വസ്ഥരാണ്. നാക്കറ്റത്ത് ഉമിനീരിന്റെ അണക്കെട്ട് പണിത് കാത്തിരിക്കുന്ന യു ഡി എഫ് നേതാക്കള്‍ക്കാണ് ഏറെ അങ്കലാപ്പ്. വലിയ പ്രതീക്ഷികളൊന്നും താലോലിക്കാനില്ലാതിരുന്ന ഇടതു നേതാക്കള്‍ക്ക് വേണമെങ്കില്‍ അവരുടെ സാമ്രാജ്യത്തിലിരുന്നു തല്‍ക്കാലം ഏമ്പക്കം വിടാം.

                വോട്ടെടുപ്പ് നടന്നതിന് ശേഷമുള്ള പോസ്റ്റ് പോള്‍ സര്‍വ്വെയാണ് ചാനലുകള്‍ നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കകം വോട്ടര്‍മാരെ വീടുകളില്‍ ചെന്ന് കണ്ട് നടത്തുന്നതാണ് പോസ്റ്റ്‌പോള്‍. തെരഞ്ഞെടുപ്പ് നടന്നയന്ന് വോട്ട് ചെയ്തിറങ്ങിയ ഉടനെയോ അന്ന് തന്നെ വീട്ടില്‍ ചെന്ന് ഹിതമറിയുന്നതിനെയോ എക്‌സിറ്റ് പോള്‍ എന്നാണ് പറയുക. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനത്ത് എക്‌സിറ്റ്‌പോള്‍ ഏറെക്കുറെ കൃത്യമായിരിക്കും. ഒരാഴ്ചക്ക് ശേഷം വീടുകളില്‍ പോയി നടത്തുന്ന സര്‍വ്വെയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മറച്ചുവെക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധ്യത ഏറെയാണ്.

കൃത്യവും കണിശവുമായ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ  നാളെ രാവിലെ വരെ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു വകയായി എന്നതിലപ്പുറമുള്ള ഗൗരവമൊന്നും ഈ സര്‍വ്വെക്ക് ആരും കല്പിക്കുമെന്ന് തോന്നുന്നില്ല. ഭരണം കാത്തിരിക്കുന്ന യു ഡി എഫാണോ വീണ്ടും ഒരവസരം കൂടി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫാണോ അടുത്ത അഞ്ചുവര്‍ഷം നാട് ഭരിക്കുക എന്നതു തന്നെ സാധാരണ ജനത്തെ സംബന്ധിച്ചെടുത്തോളം അവരെ അലട്ടുന്ന പ്രശ്‌നവുല്ല. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറുന്നു അത്രമാത്രം.

              വിജയത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലും പുണ്യയാത്രയിലുമായിരുന്നു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. കൂട്ടലും കിഴിക്കലുമായി സമയം തള്ളിനീക്കി അവിശ്വാസികള്‍. എന്നാല്‍ എല്ലാവര്‍ക്കും കല്ലുകടിയായാണ് സര്‍വ്വെ ഫലം പുറത്തുവന്നത്. പലര്‍ക്കും അവരുടെ വര്‍ണക്കിനാക്കള്‍ ഞെട്ടറ്റു വീണതുപോലെ. നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം തന്നെ ശ്രദ്ധിക്കുക. "എല്ലാം നമ്മള്‍ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ലല്ലോ''.

               വോട്ടെടുപ്പില്‍ സമുദായ ധ്രുവീകരണം നടന്നുവെന്നാണ് ഏഷ്യാനെറ്റിന്റെ സര്‍വ്വെ സൂചിപ്പിക്കുന്നത്. അത് ശരിയാണെങ്കില്‍ നിരുത്സാഹപ്പെടുത്തപ്പെട്ടേ മതിയാവൂ. സവര്‍ണ ഹിന്ദുക്കളില്‍ 46 ശതമാനവും ഈഴവരില്‍ 33 ശതമാനവും മുസ്‌ലിംകളില്‍ 50 ശതമാനവും പിന്നാക്ക ഹിന്ദുക്കളില്‍ 40 ശതമാനവും സിറിയന്‍ ക്രിസ്ത്യാനികളില്‍ 75 ശതമാനവും യു  ഡി എഫിനാണ് വോട്ടുചെയ്തതെങ്കില്‍ എല്‍ ഡി എഫിന് ഇത് യഥാക്രമം 35ഉം 57ഉം 47ഉം 37ഉം 20ഉം ശതമാനമാണ്. നിഷ്പക്ഷ വോട്ടര്‍മാരുടെ പങ്ക് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് മനോരമ സര്‍വ്വെക്ക് നേതൃത്വം നല്‍കിയ യോഗേന്ദ്രയാദവിന്റെ അഭിപ്രായം.

               പ്രവചനങ്ങള്‍ പലപ്പോഴും ശരിയാവണമെന്നില്ല. കര്‍ണാടകയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും മുഖ്യമന്ത്രി യദ്യൂരപ്പയും തിരിച്ചുവരില്ലെന്നായിരുന്നു സര്‍വ്വെക്കാരുടെ പ്രവചനം. എന്നാല്‍ എല്ലാ കണക്കപ്പിള്ളമാരെയും കാശിക്കയച്ച് യദ്യൂരപ്പ അധികാരം നിലനിര്‍ത്തി. കേരളത്തില്‍ പ്രവചനാതീതമായ പരാജയമാണ് കഴിഞ്ഞ തവണ യു ഡി എഫ് ഏറ്റുവാങ്ങിയത്. ബിഹാറില്‍ നിതീഷ്‌കുമാര്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന സര്‍വ്വെ പ്രവചനം യാഥാര്‍ഥ്യമാവുകയും ചെയ്തു. പ്രവചനം ചിലര്‍ക്ക് ചിലകാലമൊത്തിടും; അത്രമാത്രമേ പറയാനൊക്കൂ.
സി എന്‍ എന്‍-ഐ ബി എല്‍ സര്‍വ്വെയില്‍ പശ്ചിമ ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുഭരണം അവസാനിക്കുമെന്നും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം 222-234 സീറ്റുകള്‍ നേടി വന്‍വിജയം കൊയ്യുമെന്നും വെളിപ്പെടുത്തിയിരിക്കുന്നു. തമിള്‍നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡി എം കെക്കാണ് മുന്‍തൂക്കം.  ഡി എം കെ ഒന്നാമതെത്തുമെന്ന് പ്രവചിച്ചത് ഹെഡ്‌ലൈന്‍സ് ടുഡെയാണ്. അസമില്‍ 64-72 സീറ്റ് നേടി കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമത്രെ. അതുകൊണ്ട് എല്ലാ സര്‍വെകളും ഒരിക്കലും ശരിയാവുകയില്ലെന്ന് ഉറപ്പായി. ചിലപ്പോള്‍ ഇതിനേക്കാല്‍ മെച്ചപ്പെട്ട വിലയിരുത്തലുകള്‍ ചായക്കടകളിലെ സാദാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവരും. ആര് വിജയിച്ചാലും പരാജയപ്പെട്ടാലും  ഇരുമുന്നണികള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതാവും തെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാന്‍ തന്നെ ഇരുമുന്നണികളും കേന്ദ്ര നേതൃത്വത്തെ ആശ്രയിക്കേണ്ടി വരും.

Tuesday, May 10, 2011

സത്യം കിളച്ചെടുക്കാന്‍ സുപ്രീംകോടതി


               പഞ്ചേന്ദ്രിയങ്ങളെ പിടിച്ചുകുലുക്കിയ വിധിയായിരുന്നു കഴിഞ്ഞ വര്‍ഷം സപ്തമ്പര്‍ 30 ന് അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് ഭൂമിയില്‍ മൂന്നിലൊന്ന് മാത്രം മുസ്‌ലിംകള്‍ക്കും ബാക്കി ഭാഗം രാമജന്മഭൂമി ന്യാസ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്കുമായി വിഭജിച്ചുകൊടുത്തുകൊണ്ടുള്ള വിധി നിശിതമായ കിടുകിടുപ്പോടെയാണ് രാഷ്ട്രം ശ്രവിച്ചത്. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകളെല്ലാം കരിയിലപോലെ അടിച്ചുകൂട്ടി നിത്യവിശ്വസ്തരായി ആദരിച്ചുവന്ന ന്യായാധിപന്മാര്‍ കത്തിച്ചുകളഞ്ഞത് കണ്ടപ്പോള്‍ അമ്പരന്നുപോയി. അലഹബാദ് ഹൈകേടതി വിധി ആശ്ചര്യജനകവും വിചിത്രവുമാണെന്ന് ഇന്നലെ ഇതുസംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച  സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയപ്പോഴാണ് സത്യമിപ്പോഴും അന്തര്‍വാഹിനിയായി ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ടെന്ന് ബോധ്യമായത്. മാത്രമല്ല പള്ളി നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലം മൂന്നായി ഭാഗിക്കണമെന്ന ഹൈകോടതി വിധി സുപ്രീംകോടതി  സ്റ്റേ ചെയ്യുകയും ചെയ്തു.
 
               കേന്ദ്ര സുന്നി വഖഫ്‌ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നിര്‍മോഹി അഖാഡ, അഖില്‍ ഭാരത് ഹിന്ദു മഹാസഭ എന്നിവരാണ് അലഹബാദ് ഹൈകോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഭഗവാന്‍ രാം വിരാജ്മാന്‍ എന്ന പേരില്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ലക്‌നൗ ബെഞ്ചിന്റെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. വിശ്വാസങ്ങള്‍ മാത്രം കണക്കിലെടുത്തുകൊണ്ടുള്ളതായതിനാല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം സംഘടനകള്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. മസ്ജിദ് ഭൂമി വിഭജിച്ച് വീതിക്കണമെന്ന് ഹര്‍ജിക്കാരാരും കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാത്ത പുതിയൊരു തീരുമാനമാണ് ഹൈകോടതി പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

               ഉടമസ്ഥാവകാശ രേഖകളുടേയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിധി ലഭിക്കുന്നതിന് വേണ്ടിയാണല്ലോ എല്ലാവരും നീതിപീഠത്തെ സമീപിക്കുന്നത്. ആറുപതിറ്റാണ്ടായി ഇതിനുവേണ്ടി മുസ്‌ലിംകള്‍ കോടതികള്‍ കയറിയിറങ്ങുന്നു. അതിനിടയിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രത്തിനായി ശിലാന്യാസം അനുവദിച്ചതും പള്ളി തകര്‍ക്കപ്പെട്ടതും. ഇന്ത്യയുടെ ബഹുസ്വരതയെ സാരമായി ബാധിച്ച സംഭവങ്ങളായിരുന്നു ഇവ. കോടതി തീര്‍പ്പ് വരെ കാത്തുനില്‍ക്കാനാണ് മുസ്‌ലിംകള്‍ തീരുമാനിച്ചത്. എന്നാല്‍ രേഖകള്‍ പരിഗണിക്കപ്പെടാതെ പോയി. രാമജന്മഭൂമിയെന്നായിരുന്നു  ഹൈകോടതിയുടെ കണ്ടെത്തല്‍. 1993ല്‍ അയോധ്യയിലെ  തര്‍ക്കഭൂമിയായ 67 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

                എന്നാല്‍ രാമജന്മഭൂമിയെന്ന് ഹൈകോടതി  കണ്ടെത്തിയ പ്രദേശത്ത് മറ്റുള്ളവര്‍ക്ക് അവകാശം അനുവദിക്കുന്നത് നീതിനിഷേധമാണെന്ന വാദമാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും സുപ്രീകോടതി മുമ്പാകെ  ഉന്നയിച്ചത്. എന്നാല്‍ 67 ഏക്കര്‍ ഭൂമിയിലും നിലവിലെ സ്ഥിതി തുടരാനാണ് ഉന്നത നീതിപീഠം നിര്‍ദേശിച്ചിരിക്കുന്നത്.

               ജസ്റ്റിസുമാരായ അഫ്താബ് ആലം, എ എം ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചഗണിച്ചതും ഹൈകോടതി വിധിയിലെ വിചിത്ര വീക്ഷണങ്ങളെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയായി വിമര്‍ശിച്ചതും. ഹൈകോടതിയില്‍ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാരും പ്രത്യേകം വിധികള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ ജസ്റ്റിസുമാരായ എസ് യു ഖാനും സുധീര്‍ അഗര്‍വാളും ഭൂമി മൂന്നായി ഭാഗിക്കാന്‍ വിധിച്ചപ്പോള്‍ ഭൂമി മുഴുവന്‍ ഹിന്ദുക്കള്‍ക്ക് നല്‍കാനാണ് ജസ്റ്റിസ് ശര്‍മ്മയുടെ വിധി. രണ്ടു ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയില്‍ മസ്ജിദിന്റെ മധ്യത്തിലുള്ള താഴികക്കുടത്തിന് താഴെ രാമജന്മഭൂമിയാണെന്ന് വിധിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അരാജകത്വത്തിന്റെ ഉന്മാദം പൂണ്ട മനസ്സുകളെ ഈ വിധി ഏറെ ആഹ്‌ളാദിപ്പിച്ചിരിക്കാമെങ്കിലും  സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍, പ്രസ്തുത വിധി കുത്തിമുറിവേല്‍പ്പിച്ച ഹൃദയങ്ങള്‍ക്ക് ചെറിയ ആശ്വാസമൊന്നുമല്ല പകര്‍ന്നുനല്‍കുന്നത്.

               രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയാണ് അയോധ്യാ പ്രശ്‌നം ഇത്രയും വഷളാക്കിയത്. ഈ വിഷയത്തില്‍ നിയമവശം വളരെ വ്യക്തവുമായിരുന്നു. അലഹബാദ് ഹൈക്കോടതി സത്യം കിളച്ചെടുക്കുന്നതിനു പകരം ഒരു മധ്യസ്ഥന്റെ റോളാണ് എടുത്തത്. അങ്ങനെയെങ്കില്‍ 60 വര്‍ഷം കാത്തിരിക്കണമായിരുന്നില്ല. സര്‍ക്കാര്‍ മുന്‍കയ്യെടുത്താല്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട തീരുമാനം ഉരുത്തിരിയുമായിരുന്നു. രാഷ്ട്രീയകക്ഷികള്‍ക്ക് പ്രശ്‌നങ്ങള്‍ ഒതുക്കിതീര്‍ക്കുന്നതിനേക്കാള്‍   കലക്കിക്കോരാനാണല്ലോ താല്‍പര്യം. ലക്‌നൗ ബെഞ്ചിന്റെ വിധിയിലെ അരുതായ്മകള്‍ ചൂണ്ടിക്കാട്ടാനോ പ്രതികരിക്കാനോ സര്‍ക്കാര്‍ തയാറാവാതിരുന്നതിന്റെ ഗുട്ടന്‍സും ഊഹിക്കാവുന്നതേയുള്ളൂ.

               ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിയമപരിരക്ഷയുടെ അങ്കി തുന്നിക്കൊടുത്തിരിക്കുന്നുവെന്ന് പറയാം. നീതിന്യായ വ്യവസ്ഥയുടെ കുലീനസൗന്ദര്യം രാജ്യത്തുനിന്ന് കുടിയിറങ്ങിപ്പോയിട്ടില്ലെന്നാണ് കേസ് കേള്‍ക്കുന്ന ജഡ്ജിമാര്‍ വിളംബരം ചെയ്തിരിക്കുന്നത്. ഈ കേസിന്റെ യഥാര്‍ഥ വിജയത്തിനു വേണ്ടി ആഞ്ഞുതുഴയുന്നവര്‍ക്ക് ആശ്വസിക്കാനും ആഹ്‌ളാദിക്കാനും ധാരാളം വകയുണ്ട്.


Monday, May 9, 2011

നോയിഡയിലെ കര്‍ഷക പ്രക്ഷോഭം


               ഉത്തരപ്രദേശ് അതിര്‍ത്തിയിലെ നോയിഡയില്‍ യമുന അതിവേഗപാതക്ക് ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകപ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുന്തോറും ശക്തിപ്രാപിച്ചുവരികയാണ്. പ്രക്ഷോഭം ഇപ്പോള്‍ അലിഗഡിലേക്കും ആഗ്രയിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ടു പൊലീസുകാരും രണ്ടു കര്‍ഷകരും കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ശനിയാഴ്ച രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരും രണ്ടു കര്‍ഷകരും പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്.

               യമുന എക്‌സ്പ്രസ് വേ അതോറിട്ടിക്ക് വേണ്ടിയാണ് ഗ്രെയ്റ്റര്‍ നോയിഡയിലെ ബട്ട പര്‍സോള്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ വില നല്‍കണമെന്നും ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരി 17 മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ചതുരശ്രമീറ്ററിന് 880 രൂപയാണ് സര്‍ക്കാര്‍  നിശ്ചയിച്ച വില. ഇത് 3000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഏറ്റെടുത്ത ഭൂമിയില്‍ സര്‍വേക്ക് എത്തിയ ഉത്തരപ്രദേശ് റോഡ്‌വെയ്‌സിലെ രണ്ടു ഉദ്യോഗസ്ഥരെയും ഡ്രൈവറെയും വെള്ളിയാഴ്ച രാത്രി സമരക്കാര്‍ ബന്ദികളാക്കി. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് മേഖലാ സായുധ പൊലീസ് (പി എ സി) ഭടന്മാരെയും കലാപവിരുദ്ധ പൊലീസിനെയും  വന്‍തോതില്‍ ഗ്രാമത്തില്‍ വിന്യസിക്കുകയായിരുന്നു. പൊലീസിനെ നേരിടാനാണ് കര്‍ഷകര്‍ തയാറായത്. അവര്‍ വടികളും കല്ലുകളും കൊണ്ട് പൊലീസിനെ നേരിടുന്നതിനിടയില്‍ ഇരുപക്ഷത്തുനിന്നും വെടിവെപ്പുമുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍        എത്തിയ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് അഗര്‍വാളിനും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അഗര്‍വാളിന്റെ നില തൃപ്തികരമാണ്.

               നാലു മാസത്തോളമായി ബട്ടപര്‍സോള്‍ ഗ്രാമത്തില്‍ തുടരുന്ന കര്‍ഷകസമരം ക്രമേണ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ രണ്ടു പൊലീസുകാരെയും മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരെയും ബന്ദികളാക്കിയതോടെയാണ്  പ്രതിഷേധ സമരത്തിന് പ്രക്ഷോഭത്തിന്റെ ഭാവം കൈവന്നത്. മുഖ്യമന്ത്രി നേരിട്ടെത്തിയാലേ ബന്ദികളെ മോചിപ്പിക്കൂ എന്ന് സമരക്കാര്‍ വാശിപിടിച്ചു. ഇവരെ മോചിപ്പിക്കാനാണ് സായുധപൊലീസ് രംഗത്തെത്തിയത്. പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് സമരക്കാര്‍ പൊലീസിന് നേരെ തിരിഞ്ഞത്. മജിസ്‌ട്രേറ്റിനും അതിനിടയിലാണ് പരിക്കേറ്റത്. സംഘട്ടനത്തിനിടയില്‍ ബന്ദികളെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

               ബസ്‌റൂട്ടിനുവേണ്ടി ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ്  സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ ഭൂമി മുഖ്യമന്ത്രി മായാവതി കൊള്ളയടിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചത്. ഇത് ഉത്തരപ്രദേശിന്റെ മാത്രം പ്രശ്‌നമാവാന്‍ തരമില്ല. കാലഘട്ടത്തിനനുസരിച്ച് പ്രദേശങ്ങള്‍ പുരോഗതി പ്രാപിക്കുക സ്വാഭാവികമാണ്. റോഡുകളും പാലങ്ങളും വ്യവസായശാലകളും ഫാക്ടറികളും നാടിന്റെ വളര്‍ച്ചക്ക് ആവശ്യവുമാണ്. അപ്പോള്‍ ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും. അതിനോട് പരമാവധി സഹകരിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്.

               എന്നാല്‍ സ്ഥലമേറ്റെടുക്കുമ്പോള്‍  പാലിക്കേണ്ട മര്യാദകളും പുലര്‍ത്തേണ്ട മാനദണ്ഡങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടുതണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും. ബന്ധപ്പെട്ട കര്‍ഷകരുമായും പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച നടത്തി വില നിശ്ചയിക്കാതിരുന്നത് തെറ്റു തന്നെയാണ്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ആ പ്രദേശത്തുകാര്‍ സഹകരിക്കാന്‍ തയാറായിട്ടുണ്ട്. ഭൂമിക്ക് നിശ്ചയിച്ച വില കുറഞ്ഞുപോയതിലാണ് പരാതി. പരാതി പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവാതിരുന്നതുകൊണ്ടാണ് ഗത്യന്തരമില്ലാതെ  പ്രദേശത്തുകാര്‍ സമരത്തിലേക്ക് എടുത്തുചാടിയത്.  ജനുവരി മധ്യത്തില്‍ തുടങ്ങിയ സമരം മുഖ്യമന്ത്രി മായാവതി മുഖംതിരിച്ചുനിന്നു. മാത്രമല്ല പ്രക്ഷോഭകരെ വെല്ലുവിളിച്ചുകൊണ്ട് സ്ഥലമെടുപ്പ് നടപടികളും തുടങ്ങി. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.  സമരം അയല്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും പൊലീസുകാര്‍ക്കടക്കം ജീവഹാനി സംഭവിക്കുന്നതും സര്‍ക്കാരിനെ എന്നിട്ടും അസ്വസ്ഥപ്പെടുത്തതാണ് അത്ഭുതം.

               എക്‌സ്പ്രസ് വേയുടെ കാര്യത്തില്‍ കേരളത്തിലുയര്‍ന്നുവന്ന വാദവിവാദങ്ങളും എതിര്‍പ്പുകളും ഊഹിക്കാമല്ലോ. അനുകൂലിച്ചും അതിനേക്കാളധികം എതിര്‍ത്തും വര്‍ഷങ്ങളോളം ഇവിടെ ചര്‍ച്ചകള്‍ നടന്നു. എക്‌സ്പ്രസ് വേയുടെ വരുംവരായ്കകള്‍ എന്തായാലും ജനവികാരം മുഖവിലക്കെടുക്കാതെ മുമ്പോട്ടുപോകാനാവില്ലെന്ന അവസ്ഥ വന്നു. ഇപ്പോള്‍ നാലുവരി പാതയെങ്കിലും ആവശ്യമാണെന്ന വാദം അന്ന് എതിര്‍ത്തവര്‍പോലും അംഗീകരിക്കുന്നുണ്ട്. ദേശീയപാതയുടെ വീതി 60 മീറ്ററായിരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. കേരളത്തിലാണെങ്കില്‍ 45 മീറ്റര്‍ പോലും അനുവദിക്കാനാവാത്ത അവസ്ഥ ബോധ്യപ്പെടുത്താനാണ് ഇവിടുത്തെ രാഷ്ട്രീയകക്ഷികളെല്ലാം മുതിര്‍ന്നത്.

               കൊച്ചുസംസ്ഥാനമെന്ന നിലയില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ യു പി പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്നറിയാം. എങ്കിലും കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യവും തൃപ്തികരവുമായ വില ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക്-ചെറുകിടക്കാരാവുമ്പോള്‍ വിശേഷിച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവേണ്ടതു തന്നെയാണ്. ജനങ്ങളെ കൊള്ളയടിയില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം  അനീതിയുടെ നഗ്നതാണ്ഡവത്തിന് വഴിയൊരുക്കുന്ന സമീപനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

Friday, May 6, 2011

പ്രബുദ്ധകേരളം നാണിക്കണം


               ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോള്‍ കാസര്‍ക്കോട്ടാണ്. ജനീവയില്‍ നടന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ ഭീകരമായ ദുര്‍വിധി വേട്ടയാടുന്ന കാസര്‍ക്കോട്ടുകാര്‍ക്ക് വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാന്‍ വരെ തീരുമാനിച്ചത് എന്ന് വേണമെങ്കില്‍ പറയാം. ഇതുമൂലം രോഗബാധിതരായവരെ രക്ഷിക്കാന്‍ ഭരണകൂടം എണ്ണിയാലൊടുങ്ങാത്ത പരിപാടികളും പദ്ധതികളും ആവിഷ്‌ക്കരിച്ച് മുന്നേറുമ്പോഴാണ് അനാസ്ഥ അലങ്കാരമായി കൊണ്ടുനടക്കുന്നവരുടെ മൃഗരീതികള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായ രണ്ടര വയസ്സുകാരി പ്രജീത സര്‍ക്കാര്‍  ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം ഉള്‍ത്തടം കിടുങ്ങുന്ന വാര്‍ത്തയാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നാലുമണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ വലഞ്ഞ ഈ ബാലിക പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്റെ മാത്രമല്ല ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പണക്കൊതിയുടെയും അനാസ്ഥയുടെയും കൂടി ഇരയാണ് പ്രജീത.

               എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്ക് കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങാന്‍ പാടില്ലെന്ന നിബന്ധനക്ക് വിരുദ്ധമായി  ഡോക്ടര്‍ നൂറുരൂപയും സൗജന്യ സേവനം നല്‍കുന്നതിനു പകരം കുട്ടിയെ കൊണ്ടുപോയതിന് വാടകയായി ആംബുലന്‍സ് ഡ്രൈവര്‍ 200 രൂപയും കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കി. ഡോക്ടറുടെ അനാസ്ഥ മൂലം കുട്ടിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. എന്നിട്ടും  ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ, യൂത്തുകോണ്‍ഗ്രസ്, യൂത്തുലീഗ്,സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തുവന്നു. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണവും ആരംഭിച്ചു. അതിനിടയില്‍ ബന്ധപ്പെട്ട ശിശുരോഗ വിദഗ്ദ്ധനെ മന്ത്രി സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

                എന്‍ഡോസള്‍ഫാന്റെ മറ്റൊരു ഇര ചീമേനിയിലെ ശ്രീധരന്‍ രണ്ടുദിവസം മുമ്പാണ് മരിച്ചത്. അര്‍ബുദരോഗ ബാധിതനായി ആറുവര്‍ഷമായി ഈ യുവാവ് ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടങ്ങിയതു മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരത്തോളം പേരാണ് കാസര്‍ക്കോട് ജില്ലയില്‍ മരിച്ചുവീണത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ മരിച്ചവരുടെ എണ്ണം 527 ആണ്. 1976 മുതലാണ് കാസര്‍ക്കോട്ട്  പ്‌ളാന്റേഷന്‍ എന്‍ഡോസള്‍ഫാന്‍ തളി ആരംഭിച്ചത്. അതോടെ ജില്ലയിലെ അന്തരീക്ഷവും ജലാശയങ്ങളും വിഷമയമായി. 11 പഞ്ചായത്തുകളിലായി കോര്‍പ്പറേഷന്റെ അധീനതയിലുള്ള 4700 ഹെക്ടര്‍ കശുഅണ്ടി തോട്ടങ്ങളില്‍  ഈ കീടനാശിനി വിഷമഴയായി പെയ്തിറങ്ങി. ഇരുളിന്റെ ചുരുളുകള്‍ വന്നിറങ്ങിയ അനുഭവം. വ്യാപക പ്രതിഷേധത്തുടര്‍ന്ന് ആകാശത്തുനിന്ന് തളിക്കുന്നത് 2001ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി നിരോധിച്ചു.  എന്നാല്‍ അതിനുശേഷവും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ മേല്‍പറഞ്ഞ പഞ്ചായത്തകളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. അത് കാസര്‍ക്കോട്ടുകാരുടെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും സാമൂഹ്യദുഃഖമായി മെല്ലെ വളര്‍ന്നു.  ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളധികവും വിധിയുടെ ഹസ്തങ്ങളില്‍ നിസ്സഹായരായി. തല വളര്‍ന്നവരും അംഗവൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യം ബാധിച്ചവരും അവിടങ്ങളില്‍ സര്‍വസാധാരണമായി.

               എന്നാല്‍ അഞ്ചുവര്‍ഷം മുമ്പാണ് സര്‍ക്കാരിന്റെ ശ്രദ്ധ കാസര്‍ക്കോട്ട് പതിഞ്ഞത്. തുടര്‍ന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് 526 പേരുടെ മരണം എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചത്. 7500 പേരെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും   പഠനങ്ങള്‍ കണ്ടെത്തി. പ്രതിമാസ പെന്‍ഷനും അരലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ക്കേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുള്ളൂ.

               അതിനിടയിലാണ് ചികിത്സാരംഗത്തെ അനാസ്ഥ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ ജീവനപഹരിക്കുന്ന സ്ഥിതിവിശേഷം. പ്രജീതയുടെ വായില്‍നിന്ന് നുരയും പതയും ഒപ്പം ചോരയും വരുന്നത് കണ്ട് പരിഭ്രമിച്ച് ആശുപത്രിയിലെത്തിച്ചപ്പോള്‍ മതിയായ ചികിത്സ പോകട്ടെ അലിവാര്‍ന്ന വാക്കോ നോട്ടമോ പോലും അധികൃതരില്‍നിന്ന് ലഭിച്ചില്ല. ഏറെക്കുറെ മരണാസന്നയായ കുട്ടിയേയും കൊണ്ട് ഡോക്ടറുടെ വീടു തേടി അലയേണ്ടിവന്നിട്ടും അദ്ദേഹം കണ്ണുതുറന്നതുമില്ല. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കൃത്യവിലോപം മൂലം രോഗികള്‍ മരിക്കുന്ന ആട്ടക്കഥകള്‍ക്കിവിടെ പഞ്ഞമില്ല. എന്നാല്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒരു രോഗത്തിന്റെ ചികിത്സയില്‍ അതും ഒരു കൊച്ചുബാലികയുടെ കാര്യത്തില്‍ ഒരു പവിത്രകര്‍മ്മമെന്ന് കരുതി പങ്കാളിയാകാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോകുന്നുവെന്നത് ആരെയും രോഷാകുലരാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

               എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയവരെ അന്വേഷിച്ചാല്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് പറയേണ്ടിവരും. മണ്ണും വിണ്ണും വെള്ളവും മലീസമായി നാട് തന്നെ രോഗാതുരമായിട്ടും കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോള്‍ മദമിളകി ചിന്നംവിളിക്കുന്നത്. ചുമതലാബോധം മറക്കുന്നവര്‍ കുഞ്ചിക സ്ഥാനങ്ങളിലുള്ളവരാവുമ്പോള്‍ ചുവടുകള്‍ പിഴക്കും. ജീവിതം താളംതെറ്റും. ഈ പ്രവണതയില്ലാത്ത ഒരു മേഖലയുമില്ല. ആശുപത്രികളും ഡോക്ടര്‍മാരുമാവുമ്പോള്‍ മനുഷ്യജീവന്‍ കൊണ്ടാണ് കളിക്കുന്നതെന്നതിനാല്‍ ഗൗരവം കൂടുമെന്ന് മാത്രം. സംസ്‌കൃതിക്ക് സംഭവിച്ച ഈ വൃദ്ധിക്ഷയം എന്തായാലും അത്യന്തം ഉല്‍ക്കണ്ഠാജനകം തന്നെ.

Wednesday, May 4, 2011

എന്‍ എസ് എസിന്റെ ആധിപത്യമോഹം


               സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത ജാതി സംഘടനയാണ് എന്‍ എസ് എസ്. മന്നത്ത് പത്മനാഭന് ശേഷം ഇരുട്ട് പരത്തുകയല്ലാതെ സാമൂഹിക ജീവിതത്തില്‍ ഒരു മെഴുകുതിരി പോലും അവര്‍ കൊളുത്തിവെച്ചതായി അറിവില്ല. കീഴ്ജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും മുന്നില്‍ എരിഞ്ഞടങ്ങാത്ത ശത്രുതയുടെ അഗ്നിജ്വാലയായി വിലങ്ങുതടികള്‍ സൃഷ്ടിക്കുന്നതിലാണ് അവരുടെ പ്രധാന ശ്രദ്ധ. പിന്നോക്ക-ന്യൂനപക്ഷ സംവരണത്തിനെതിരെ അവര്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന  വെല്ലുവിളികള്‍ അപലപിക്കപ്പെടേണ്ടതാണ്.
മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ സംസ്‌കാരമില്ലാത്തവനും ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമെന്നൊക്കെ  എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ശകാരവര്‍ഷം നടത്തിയപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. പേരിന് കേരള കോണ്‍ഗ്രസ്സുകാരനാണെങ്കിലും വരേണ്യവര്‍ഗത്തിന്റെ മാനസപുത്രനായ ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതിന്റെ കലി ഇങ്ങനെയൊക്കെയല്ലേ തീര്‍ക്കാന്‍ പറ്റൂ. പെരുന്നയിലെ സംഘടനയുടെ ആസ്ഥാനത്ത് മാര്‍ത്തോമ സഭ മെത്രോപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമാമായി നടന്ന കൂടിക്കാഴ്ചക്കിടയിലാണ് വി എസിനെതിരെ  കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാവുന്നത് തടയാന്‍ എന്‍ എസ് എസ് സമദൂര നിലപാടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റംവരുത്തിയ കാര്യവും സുകുമാരന്‍ നായര്‍ വെളിപ്പെടുത്തുകയുണ്ടായി. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നുവെങ്കില്‍ അച്ചുതാനന്ദനെതിരെ ശബ്ദമുയര്‍ത്തിയേനേയെന്നും  നായര്‍ പറഞ്ഞുവെച്ചു.

                കേരളത്തിലെ പൊതുജീവിതത്തില്‍ സമുന്നത സ്ഥാനം അലങ്കരിക്കുന്നവരാണ് നായര്‍ സമുദായം. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സര്‍ക്കാര്‍ സര്‍വീസിലും അവര്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുന്‍പന്തിയിലുമാണ്. സംവരണ സമുദായങ്ങളാവട്ടെ സമസ്തമേഖലകളിലും ബഹുദൂരം പിന്നില്‍ തന്നെ. അനുവദിക്കപ്പെട്ട സംവരണത്തിന്റെ പരിരക്ഷ പോലും അര്‍ഹിക്കുന്ന രീതിയില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. അച്ചുതാനന്ദന്റെ സമുദായമായ ഈഴവരും ഈ ഗണത്തില്‍ പെടും. എന്നിട്ടും നായര്‍ സമുദായത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന വാദം ശക്തമായപ്പോള്‍ രണ്ടു മുന്നണികളും  സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി. പത്ത് ശതമാനം വകവെച്ചുകൊടുക്കുകയും ചെയ്തു. നരേന്ദ്രന്‍ പാക്കേജില്‍ അതുള്‍പ്പെടുത്തിയത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരാണെങ്കില്‍  ഇത്തവണ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും അതു സംബന്ധിച്ച വാഗ്ദാനമുണ്ട്.   സാമ്പത്തിക സംവരണം അനുവദിച്ചാലും നരേന്ദ്രന്‍ പാക്കേജ് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന വാശിയാകട്ടെ  എന്‍ എസ് എസ് ഉപേക്ഷിച്ചിട്ടുമില്ല.

               നായര്‍ സമുദായത്തില്‍ ആഴത്തില്‍ വേരുകളുള്ള സംഘടനയല്ല എന്‍ എസ് എസ്. സമുദായത്തിന്റെ ഭാവിയേക്കാളും അവര്‍ക്കാവശ്യം സര്‍ക്കാര്‍ സംവിധാനത്തിലെ ചോദ്യംചെയ്യപ്പെടാത്ത ആധിപത്യവും കുത്തകയുമാണ്. സമദൂരം എന്ന സിദ്ധാന്തം തന്നെ രൂപപ്പെടുത്തിയത് സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വരുന്ന രണ്ടു മുന്നണികളെയും വരുതിയില്‍ നിര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ജനനന്മക്കു ഉതകുന്ന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചലനാത്മകമായ സമീപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അവര്‍ സൃഷ്ടിക്കുന്ന അലട്ടലുകള്‍ക്ക് തലവെച്ചുകൊടുക്കാന്‍ എല്‍ ഡി എഫിനേക്കാള്‍ വിധിക്കപ്പെട്ടത് യു ഡി എഫും കോണ്‍ഗ്രസുമാണ്. പെരുന്നയിലെ ആസ്ഥാനവിദ്വാന്മാരുടെ അംഗുലീചലനത്തിനനുസരിച്ചേ കെ പി സി സി പ്രസിഡണ്ട് പോലും സഞ്ചരിക്കൂ എന്ന് വന്നിരിക്കുന്നു. ശശി തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തപ്പോള്‍ ദല്‍ഹിനായരെന്ന് വിളിച്ച് അധിക്ഷേപിച്ചത് അദ്ദേഹം പെരുന്നയുടെ വരുതിയില്‍ നില്‍ക്കാത്തതുകൊണ്ടാണ്.

                കേന്ദ്രമന്ത്രിസഭയില്‍ കെ സി വേണുഗോപാലന്‍ എന്ന കറകളഞ്ഞ കേരളനായര്‍ അംഗമായി വന്നത് എന്‍ എസ് എസിന്റെ നോമിനിയെന്ന  നിലയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടും അവര്‍ തൃപ്തരല്ല. കേരള മുഖ്യമന്ത്രിപദത്തിലാണ് ഇപ്പോള്‍ കണ്ണ്. രമേശ് ചെന്നിത്തലയാണ് അവരുടെ സ്ഥാനാര്‍ഥി. ഈ അധികാരമോഹം മഹാവിപത്തായി മാറുമെന്നതിന്റെ ലക്ഷണമാണ് സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്.  അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നത് നായര്‍ സമുദായം അംഗീകരിക്കുകയില്ലെന്ന അദ്ദേഹത്തിന്റെ വാശിയുടെ പൊരുളും മറ്റൊന്നല്ല.
 
               ജാതിസമുദായ സംഘടനകള്‍ രാഷ്ട്രീയ രംഗത്തും ഭരണകൂടത്തിലും അവിഹിത സ്വാധീനം ചെലുത്തുന്നതും അവരുടെ സമ്മര്‍ദങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ വഴങ്ങുന്നതും ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാണ്. ഫാസിസത്തെ വിളക്കിച്ചേര്‍ക്കുന്ന ഇത്തരം ഹീനവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുക  വഴി പ്രവചനാതീതമായ ഭവിഷ്യത്തുകളാണ്് ക്ഷണിച്ചുവരുത്തുന്നതെന്ന് ചിന്തിക്കാത്തതാണ് കഷ്ടം.

               എസ് എസിന്റെ ആശീര്‍വാദത്തോടെ പിറവിയെടുത്ത എന്‍ ഡി പി എന്ന രാഷ്ട്രീയ പരീക്ഷണത്തെ മലയാളികള്‍ നിലംതൊടീക്കുകയുണ്ടായില്ല. വേണമെങ്കില്‍  പരീക്ഷണം ആവര്‍ത്തിക്കാം. നിര്‍ണായക ശക്തിയാവാന്‍ അതാണ് നേരായ മാര്‍ഗം. അല്ലാതെ മലയാളികളുടെ സാംസ്‌കാരിക ബോധത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തുന്ന സമീപനം അനുവദിക്കാനാവില്ല. വി എസിനെതിരെ സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനം ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.  പരാമര്‍ശം പിന്‍വലിച്ച്  മാപ്പുപറയുകയാണ് വേണ്ടത്. എന്‍ എസ് എസ് നേതാക്കള്‍ മുഴുവന്‍ സുകുമാരന്‍ നായരോട് യോജിപ്പുള്ളവരാവില്ല. അഴിമതിക്കാരുടെ ആശ്രിതരും അതിലുണ്ടെന്ന  വി എസിന്റെ പ്രതികരണം ശ്രദ്ധേയമാണ്. ബാലകൃഷ്ണപിള്ളയെ ന്യായീകരിക്കുന്നവരെ അങ്ങനെയല്ലേ കാണാനാവൂ.

Monday, May 2, 2011

ഭീകരവാദം അവസാനിക്കുമോ?


                 ഉസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പില്ല എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സി ഐ എ കമാണ്ടോകള്‍ പാക്കിസ്ഥാനില്‍ നടത്തിയ ഓപ്പറേഷനില്‍ അദ്ദേഹം വധിക്കപ്പെട്ടുവെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ തന്നെ പുറത്തുവിട്ടത്. ഇസ്‌ലാമാബാദിലെ അബോട്ടിബാദിലുള്ള ഒളിത്താവളത്തില്‍ വെച്ച് ലാദന്റെയും മകന്റെയും മറ്റ് രണ്ടുപേരുടെയും കഥകഴിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു അമേരിക്ക. വിവരമറിഞ്ഞ് ഞെട്ടിയുണര്‍ന്ന അവിടുത്തെ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി, ആഹ്‌ളാദ നൃത്തമാടി. അവര്‍ക്ക് ഭൂമുഖത്ത് ഉസാമ എന്ന ഒരു ശത്രു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയെ സംബന്ധിച്ചെടുത്തോളം അദ്ദേഹം കഥാവശേഷനായാല്‍ പിന്നെ ഭീകരവാദം പഴങ്കഥയാവും. അതുകൊണ്ടാണ് ലാദന്‍ വധം പുറത്തുവിട്ട ഒബാമ ഈ സംഭവത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ചത്.

                  ഉസാമ ഇനി ഭൂമുഖത്ത് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ മൃതദേഹം തന്നെ ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമാണ്. പാക്കിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയില്‍ പര്‍വതനിരകളിലെ കാടുകളിലെവിടെയോ അദ്ദേഹമുണ്ടെന്ന് അമേരിക്ക ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അത് വിശ്വസിക്കാന്‍ വിഷമം തോന്നിയിരുന്നു. കാരണം ഈ പ്രദേശങ്ങളൊക്കെ കഴിഞ്ഞ പത്തുവര്‍ഷമായി അരിച്ചുപെറുക്കിയ അമേരിക്കന്‍ സേനക്ക് പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിക്കുക പ്രയാസകരമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണം പ്രചരിച്ച സന്ദര്‍ഭങ്ങളിലെല്ലാം അല്‍ ജസീറ ചാനലിലൂടെ നിഷേധക്കുറിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. എന്തായാലും ലാദനെ നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കെല്ലാം ഭയമായിരുന്നു. അമേരിക്കന്‍ ഭരണാധികാരികളെ പോലും കിടുകിടാ വിറപ്പിച്ച ഒരേ ഒരാള്‍ ലോകത്ത്ബിന്‍ ലാദന്‍ മാത്രമാണ്. മെലിഞ്ഞ് ശോഷിച്ച ഒരു താടിക്കാരന്‍, ശബ്ദം തീരെ താഴ്ത്തി സംസാരിക്കുന്ന ക്ഷീണിതനായ മധ്യവയസ്‌ക്കന്‍, അഫ്ഗാന്‍ മലനിരകളില്‍ ഏറെക്കുറെ ഏകാകിയായി നടന്നുനീങ്ങുന്ന ലാദനെ വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടവര്‍ക്കാര്‍ക്കും അദ്ദേഹം ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. വധത്തിന് ശേഷവും അതു തന്നെയല്ലേ അവസ്ഥ.

                സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണ ഉസാമ വിദ്യാസമ്പന്നനുമായിരുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുണ്ടായിരുന്ന ലാദനെ തീവ്രവാദിയാക്കിയത് അമേരിക്ക തന്നെയാണ്. അഫ്ഗാന്‍ ഭരണകൂടത്തെ കെട്ടുകെട്ടിക്കാന്‍ അവര്‍ ലാദനെ കരുവാക്കി. 1988ലാണ് അദ്ദേഹം അല്‍ഖാഇദ സ്ഥാപിച്ചത്. സോവിയറ്റ് യൂന്യന്റെ തകര്‍ച്ചയോടെ ഏകധ്രുവ ലോകം കെട്ടിപ്പടുക്കാന്‍ കച്ചമുറുക്കിയ അമേരിക്കക്കെതിരെ തിരിയാന്‍ ലാദനെയും സഹപ്രവര്‍ത്തകരെയും പ്രേരിപ്പിച്ചത് സ്വാഭാവികം മാത്രമായിരുന്നു. അത് അവസാനം അമേരിക്കക്കെതിരെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിലാണ് കലാശിച്ചത്.

               2001 സപ്തമ്പര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോമ്പിംഗ് അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവനും അമ്പരപ്പിച്ച സമാനതകളില്ലാത്ത സംഭവമായിരുന്നു. മുവ്വായിരത്തിലേറെ അമേരിക്കക്കാര്‍ വധിക്കപ്പെട്ടു. പരമ്പരാഗത രീതിയില്‍ അമേരിക്കയെ ആക്രമിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമേരിക്ക ഉറച്ചുവിശ്വസിച്ചിരുന്നു.  അതുകൊണ്ട് ലോകത്തെവിടെയും ഇടപെടാന്‍ അവര്‍ക്ക് വല്ലാത്ത ആവേശമായിരുന്നു.  വിവിധ രാജ്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും അവിടങ്ങളില്‍ ആഭ്യന്തര ശൈഥില്യം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടാതിരുന്നിടത്താണ് ഉസാമ ബിന്‍ ലാദന്‍ എന്ന ചുണക്കുട്ടി അവിശ്വസനീയമാംവിധം വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും യു എസിന്റെ അഭിമാനസ്തംഭങ്ങളായ ബഹുനില സമുച്ഛയം   വിമാനങ്ങള്‍ ഉപോയഗിച്ച് ഇടിച്ചുതകര്‍ത്തത്. അമേരിക്കയുടെ മുഖത്തടിയേറ്റതില്‍ സഖ്യശക്തികളൊഴിച്ച് എല്ലാവരും അത്യന്തം ആഹ്‌ളാദിച്ച സന്ദര്‍ഭമായിരുന്നു അതെങ്കിലും നിരപരാധികള്‍ കൊല്ലപ്പെട്ടതിലെ പ്രതിഷേധത്തില്‍ ആ സന്തോഷം മുങ്ങിപ്പോയി. സപ്തമ്പര്‍ 11 ന് ശേഷം വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളും അല്‍ഖാഇദക്കും ലാദനുമെതിരെ ജനരോഷം വളര്‍ത്താനാണ് ഉപകരിച്ചത്.

               എന്നാല്‍ ലാദന്റെ വധത്തോടെ ലോകത്ത് ആത്യന്തികമായി ഭീകരവാദം അവസാനിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. ലാദന്‍ അമേരിക്കക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നവര്‍ വേറെയുമുണ്ട്. അനീതി മുടിയഴിച്ചാടുമ്പോഴാണ് ഭൂമുഖത്ത് തീവ്രവാദവും ഭീകരവാദവുമൊക്കെ തഴച്ചുവളരുക. ലോകത്ത് ഭീകരവാദം വളര്‍ത്തുന്നതില്‍ അമേരിക്കയുടെയും ഇസ്രായീലിന്റെയും തെറ്റായ നയങ്ങള്‍ക്ക് തന്നെയാണ് ഇന്നും മുഖ്യപങ്ക്. ഇനിയിപ്പോള്‍ അനീതി എവിടെ കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കുമെന്നതിന്റെ തെളിവാണ് ഈജിപ്തിലെയും ടുണീഷ്യയിലെയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെയും പുതിയ സംഭവ വികാസങ്ങള്‍.

               പാക്കിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനം സജീവമാണെന്ന ഇന്ത്യയുടെ വാദം അസ്ഥാനത്തല്ലെന്ന് ഇപ്പോഴെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. പാക്കിസ്താന്റെ സഹായത്തോടെയാണ് ലാദനെ കണ്ടെത്താനായത് എന്ന കാര്യം വിസ്മരിക്കുന്നില്ല. ലാദന്‍ കഥാവശേഷനായെങ്കിലും അല്‍ഖാഇദയും ലഷ്‌ക്കറെ ത്വയ്ബയും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. ഒരു പക്ഷെ കൂടുതല്‍ സജീവമാകാനും സാധ്യതയുമുണ്ട്.  അതുകൊണ്ട് ഇന്ത്യയടക്കം തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്.

               ഉസാമ വധിക്കപ്പെട്ടതിലൂടെ രക്ഷപ്പെടാന്‍ പോകുന്നത് ഒബാമയാണ്. പ്രസിഡണ്ടിന്റെ നയങ്ങളില്‍ അമേരിക്കക്കാര്‍ തൃപ്തരായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന ഒബാമക്ക് ബുഷ് തുടങ്ങിവെച്ച സമരം വിജയിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഇനി സധൈര്യം ജനങ്ങളെ സമീപിക്കാം. പ്രസിഡണ്ട് പദവിയില്‍ അടുത്ത ഊഴവും തനിക്ക് തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്യാം. 
Related Posts Plugin for WordPress, Blogger...