Tuesday, April 17, 2012

അമേരിക്കയുടെ അഹങ്കാരം


           ഭീകരതയുടെ പേരില്‍ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ വിറപ്പിക്കുമ്പോഴും ഭീരുത്വത്തിന്റെ നടുത്തളത്തിലാണ് ഓരോ അമേരിക്കക്കാരനും. അവിടെ വിമാനമിറങ്ങുന്ന വിദേശികളെ മുഴുവന്‍ അവര്‍ക്ക് ഭയമാണ്. സപ്തമ്പര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഈ ഭീതി പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് വ്യക്തം. ലോകത്തിലെ ഏറ്റവും സുരക്ഷിതരെന്ന അഹങ്കാരത്തിന് അന്ത്യംകുറിച്ച സംഭവം അവിടെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. സപ്തമ്പര്‍ 11ന്റെ അണിയറ രഹസ്യങ്ങള്‍ എന്തായിരുന്നാലും അമേരിക്കന്‍ ജനതക്ക് ഇന്നു മാത്രമല്ല എന്നും അതൊരു ദുസ്വപ്നം തന്നെയാണ്. ഇതില്‍നിന്ന് കരകയറണമെങ്കില്‍ അവര്‍ തുടര്‍ന്നുവരുന്ന നയങ്ങളും സമീപനങ്ങളും പൊളച്ചെഴുതുക തന്നെ വേണം.

           ഇന്ത്യയിലെ ലോകപ്രശസ്ത വ്യക്തിത്വങ്ങള്‍ പോലും അമേരിക്കയില്‍ അവഹേളിക്കപ്പൊട്ടുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി ഇതു തുടരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം മുതല്‍ ബോളിവുഡ് താരം ഷാറൂഖ്ഖാന്‍ വരെ ഒന്നിലധികം തവണ ദുസ്സഹമായ അപമാനം ഏറ്റുവാങ്ങിയവരാണ്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫര്‍ണാണ്ടസ്, യു എന്‍ പ്രതിനിധി ഹര്‍ദീപ് പുരി, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, കമലഹാസന്‍, ഇന്ത്യന്‍ അമ്പാസഡര്‍ മീരാ ശങ്കര്‍, വിപ്രോം ഉടമ അസീം പ്രേംജി,  മലയാള പിന്നണി ഗായകന്‍ ബിജു നാരായണന്‍ തുടങ്ങി നിരവധി പേര്‍ അമേരിക്കയുടെ ആതിഥ്യമര്യാദയുടെ ഈ മഹത്വം രുചിച്ചറിഞ്ഞവരാണ്. മൂന്നു വര്‍ഷത്തിനിടയില്‍ രണ്ടാംതവണയാണ് കിംഗ് ഖാന്‍ അമേരിക്കയില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. രണ്ടും ഭിന്ന സംഭവങ്ങളായിരുന്നു.

             2009ല്‍ ന്യൂജഴ്‌സിയിലെ നിവാര്‍ക് വിമാനത്താവളത്തിലായിരുന്നു ഷാറൂഖിന്റെ ആദ്യ ദുരനുഭവം. ഇപ്പോഴത്തേതാകട്ടെ യു എസിലെ പ്രശസ്തമായ യേല്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പ് സ്വീകരിക്കാനും പ്രഭാഷണം നടത്താനും വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടപ്പോഴും. ഒപ്പമുണ്ടായിരുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ പോകാന്‍ അനുവദിച്ച ശേഷം രണ്ടുമണിക്കൂര്‍ നേരം തടഞ്ഞുവെച്ചാണ് ഖാനെ വിട്ടയച്ചത്. അതിന് തന്നെ ബന്ധപ്പെട്ടവരുടെ ഇടപെടലുകള്‍ വേണ്ടിവന്നു. എല്ലാ അപമാനവും സഹിച്ചതിന് ശേഷം പതിവ്‌പോലെ ക്ഷമാപണവും വന്നു.

          പ്രമുഖരുടെ സ്ഥിതി ഇതാണെങ്കില്‍ എന്തായിരിക്കും അവിടെ ചെല്ലുന്ന സാധാരണ ഇന്ത്യക്കാരുടെ അവസ്ഥ. അതൊന്നും വാര്‍ത്തയാകാറില്ലെന്ന് മാത്രം. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യക്കാരുടെ ഗതി ഇതെങ്കില്‍ അറബ്-മുസ്‌ലിം രാജ്യങ്ങളില്‍ നിന്നെത്തുവരുടെ കാര്യം എത്ര ദയനീയമായിരിക്കും.

           മുസ്‌ലിം പേരുകളാണ് മിക്കപ്പോഴും അമേരിക്കക്ക് അലോസരമുണ്ടാക്കുന്നത്. രാഷ്ട്രപതി പദവിയില്‍നിന്ന് വിരമിച്ചശേഷം കഴിഞ്ഞവര്‍ഷം അമേരിക്ക സന്ദര്‍ശിച്ചപ്പോഴും ഡോ കലാമിനെ വിമാനത്തില്‍നിന്ന് വീണ്ടും വിളച്ചിറക്കി പരിശോധിച്ചു. ഓവര്‍കോട്ടും ഷൂസും അഴിപ്പിച്ചപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന:സാക്ഷിക്കുത്ത് അനുഭവപ്പെട്ടില്ല. അമേരിക്കയുടെ സുരക്ഷാ പരിശോധനയെ ന്യായീകരിക്കുന്നവരുണ്ട്. സപ്തമ്പര്‍ 11ന് ശേഷം അമേരിക്കയില്‍ ഭീകരാക്രമണം നടക്കാത്തത് ഇത്തരം കര്‍ക്കശമായ പരിശോധന കൊണ്ടാണെന്ന് അവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു.

          എന്തുകൊണ്ടാണ് അമേരിക്ക ലോകജനതയുടെ കണ്ണിലെ കരടായി മാറിയത്. അമേരിക്കയോടൊപ്പം തോളൊപ്പിച്ച് നില്‍ക്കാന്‍ ശേഷിയുള്ള റഷ്യ, ചൈന, ജപ്പാന്‍, റഷ്യ, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകാത്തതും എന്തുകൊണ്ടാണ്? അവര്‍ മറ്റ് ലോകരാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായും അവിഹിതമായും അമേരിക്കയെ പോലെ ഇടപെടാറില്ല. ലോകത്തിലെ പല രാജ്യങ്ങളിലും യു എസിന്റെ ഇടപെടലുകള്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ളതാണ്.

          രണ്ടാംലോക മഹായുദ്ധത്തിനൊടുവില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ബോമ്പ് വര്‍ഷിച്ചുകൊണ്ട് തുടക്കംകുറിച്ച അവരുടെ തേര്‍വാഴ്ച ഇന്നും അഭംഗുരം തുടരുകയാണ്. ലോകത്തിന്റെ മുക്ക് മൂലകളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിച്ചും ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിച്ചും ഭൂമിയുടെ ഉറക്കംകെടുത്തുന്ന അമേരിക്ക, കൊള്ളരുതായ്മകളുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായീലിനെ കൂട്ടുപിടിച്ച് പശ്ചിമേഷ്യയുടെ സമാധാനം തകര്‍ത്തതും അഫ്ഗാനിസ്ഥാന്‍ ഉഴുതുമറിച്ചതും ഇറാഖ് ചുട്ടുചാമ്പലാക്കിയതും അമേരിക്കയുടെ നേതൃത്തിലാണെന്നത് അമേരിക്കന്‍ പക്ഷപാതികള്‍ കാണാതെ പോകുന്നതാണ് കഷ്ടം.

           തിരുത്തേണ്ടതും പശ്ചാത്തപിക്കേണ്ടതും ആത്മപരിശോധന നടത്തേണ്ടതും അമേരിക്കയാണ്. ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ അവഹേളിക്കുക വഴി ഇവിടുത്തെ 110 കോടി ജനങ്ങളെയാണ് അവര്‍ അപമാനിക്കുന്നതു എന്ന് പറയേണ്ടിവരും. കലാമിനെയും ഷാറൂഖ് ഖാനെയുമൊക്കെ ഇവിടുത്തുകാര്‍ക്ക് അറിയാവുന്നതിനേക്കാള്‍ നന്നായി അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയാം. അമേരിക്കയില്‍ നേരിട്ട നിരവധി അവഹേളനങ്ങളെ കുറിച്ച് അവിടുത്തെ എമ്പസിയേയും യു എസ് ഗവണ്‍മെന്റിനെയും യഥാസമയം തന്നെ ഇന്ത്യാ ഗവണ്‍മെന്റ് അറിയിക്കാറുണ്ടെങ്കിലും അതൊക്കെ തൃണവല്‍ഗണിക്കപ്പെടുന്നുവെന്നതാണ് സത്യം. നിസ്സഹായരായി അപമാനം ഏറ്റുവാങ്ങുന്നതിന് പകരം അമേരിക്കയില്‍നിന്ന് ഇവിടെ എത്തുന്നവരെയും ഇത്തരം പരിശോധനക്ക് വിധേയമാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയമായിരിക്കുന്നു.  അവിടെ നിന്ന് എത്തുന്ന ഏത് തല്ലിപ്പൊളികളെയും താലപ്പൊലിയേന്തി സ്വീകരിക്കുന്ന നമ്മുടെ സ്വഭാവം അവസാനിപ്പിക്കുകയും വേണം. സ്വന്തം കാലില്‍ കരുത്തോടെ നില്‍ക്കണമെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ വേണ്ടിവരും. അമേരിക്കയെ അഹങ്കാരത്തിന്റെ അഴുക്കുചാലില്‍ നിന്ന് മോചിപ്പിക്കാനും അത്  ചിലപ്പോള്‍ സഹായകരമായേക്കും. യു എസ് ദുശ്ശാസനന്മാരുടെ വസ്ത്രാക്ഷേപത്തിന് ഇനിയൊരിക്കലും വഴങ്ങിക്കൊടുക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെ കുറിച്ച് ഗൗരവപൂര്‍വം കേന്ദ്ര ഗവണ്‍മെന്റ് ആലോചിക്കണം.

Thursday, April 12, 2012

മുസ്‌ലിംലീഗിന ആഹ്‌ളാദിക്കാം


            ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലിയും കേരള കോണ്‍ഗ്രസ് ജെയിലെ അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. ഒരു വര്‍ഷമായി ആകാംക്ഷാപൂര്‍വം കാത്തിരുന്ന അഞ്ചാം മന്ത്രിപദം ലഭിച്ചതില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കും മഞ്ഞളാംകുഴി അലിയുടെ അധികാരലബ്ധി പ്രവചിച്ച പാര്‍ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബുതങ്ങള്‍ക്കും തീര്‍ച്ചയായും ആഹ്‌ളാദിക്കാം. പി കെ കുഞ്ഞാലിക്കുട്ടി കൈകാര്യംചെയ്ത നഗരകാര്യവും ന്യൂനപക്ഷ ക്ഷേമവുമാണ് അലിക്ക് അനുവദിച്ച വകുപ്പുകളെങ്കില്‍ പിതാവ് ടി എം ജേക്കബ് കൈകാര്യംചെയ്ത ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകപ്പ് തന്നെയാണ് അനൂപിന് ലഭിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അടക്കം പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന്  ചില മന്ത്രിമാരും യു ഡി എഫ് എം എല്‍ എമാരും വിട്ടുനിന്നത് എന്തായാലും ഉചിതമായില്ല.

             പിറവം ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയത്തെ തുടര്‍ന്ന് ഉടന്‍ നടക്കേണ്ടിയിരുന്ന അനൂപിന്റെ സത്യപ്രതിജ്ഞ ഇത്രയും നീട്ടിക്കൊണ്ടുപോയതു തന്നെ യു ഡി എഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരുന്നു.  ലീഗിന്റെ അഞ്ചാംമന്ത്രിയും അനൂപിനൊപ്പം ചുമതലയേല്‍ക്കണമെന്ന് ലീഗ് നിര്‍ബന്ധം പിടിച്ചപ്പോള്‍ സാമുദായിക സന്തുലിതത്വം തകരുമെന്ന ആരോപണങ്ങള്‍ക്ക് ശക്തികൂടി. യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തു. പിന്നീട്  തിരക്കിട്ട ചര്‍ച്ചകളായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ  കേരളസമൂഹം അംഗീകരിക്കില്ലെന്ന നിലയില്‍ പ്രചാരണം  മുറുകി. നിരവധി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.അഭ്യൂഹങ്ങള്‍ക്ക് കനം കൂടി. അതിനിടയില്‍ യൂത്ത്‌ലീഗുകരരും യൂത്തുകോണ്‍ഗ്രസുകാരും പ്രതിഷേധ പ്രകടനവുമായി രംഗത്തുവന്നു. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വീടുകളിലേക്കുവരെ പ്രതിഷേധം നീണ്ടപ്പോള്‍ കാര്യം കൈവിട്ടുപോകുമെന്ന ആശങ്ക പരന്നു.

           അഞ്ചാംമന്ത്രിയില്ലെങ്കില്‍ നിലവിലുള്ള നാലുമന്ത്രിമാരെയും പിന്‍വലിക്കണമെന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ വാദമുന്നയിച്ച സാഹചര്യത്തില്‍  യു ഡി എഫ് തിരക്കിട്ട് സമ്മേളിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ഇത് പക്ഷെ കെ പി സി സിയും ഹൈക്കമാണ്ടും കൈക്കൊണ്ട നിലപാടിന് വിരുദ്ധമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളായ വി എം സുധീരനും കെ മുരളീധരനും ആര്യാടന്‍ മുഹമ്മദും ഡി പ്രതാപനും വി ഡി സതീശനും രംഗത്തുവന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് ഇവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.  ഇങ്ങനെയെങ്കില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ ഒരു വര്‍ഷം വൈകിച്ചതെന്തിനാണെന്നാണ് അവരുടെ ചോദ്യം.  ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് പ്രതിപക്ഷവും ആരോപിച്ചിരിക്കുന്നു.

            അനൂപിന്റെയും അലിയുടെയും സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത പത്രസമ്മേളനവും അതീവ ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ അദ്ദേഹം വലിയ അഴിച്ചുപണി തന്നെ നടത്തി. താന്‍  വഹിച്ച ആഭ്യന്തരവകുപ്പ്  ഒഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കും ഇനി ആഭ്യന്തരവകുപ്പ് മന്ത്രി. റവന്യൂവകുപ്പ് അടൂര്‍ പ്രകാശിന് നല്‍കി.  വി എസ് ശിവകുമാറിന് ആരോഗ്യവകുപ്പും. അലിയെ മന്ത്രിയാക്കുന്നതിനെ ചോദ്യംചെയ്ത ആര്യാടന്‍ മുഹമ്മദിന് വൈദ്യുതിക്ക് പുറമെ ഗതാഗതവകുപ്പിന്റെ അധികച്ചുമതല നല്‍കിയിട്ടും അദ്ദേഹത്തിന്റെ അമര്‍ഷം കെട്ടടങ്ങിയിട്ടില്ല.

              ലീഗിന് ഒരു മന്ത്രിപദം കൂടി നല്‍കുന്നതിനെതിരെ രംഗത്തുവന്ന എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയേയും തണുപ്പിക്കാനാണ് ഈ വകുപ്പ് പുന:സംഘടനയെങ്കിലും അതും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് വേണം കരുതാന്‍. എന്‍ എസ് എസ് നേതാവ് സുകുമാരന്‍ നായരും എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും ന്യൂനപക്ഷ പ്രീണനമെന്ന വാദത്തില്‍ നിന്ന് പുറകോട്ട് പോകാന്‍ തയാറായിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യം പുനരാലോചിക്കുമെന്ന് ഇരുവരും മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

            എം എല്‍ എമാരുടെ എണ്ണം പരിഗണിച്ചാല്‍ ലീഗിന,് പി സി ജോര്‍ജ് സൂചിപ്പിച്ചതുപോലെ എഴ് മന്ത്രിമാര്‍ക്ക് വരെ അവകാശമുണ്ട്. എന്നാല്‍ 20 മന്ത്രിമാരെ പോലും സഹിക്കാന്‍ കൊച്ചുകേരളത്തിന് ത്രാണിയില്ല. അതുകൊണ്ടാണ് മുന്‍ സര്‍ക്കാരുകള്‍ മന്ത്രിമാരുടെ എണ്ണം 20ല്‍ ഒതുക്കിയത്. മാത്രമല്ല ലീഗിനെ സംബന്ധിച്ചെടുത്തോളം ഈ കച്ചവടത്തില്‍ സത്യത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചതും. ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് എന്തുകൊണ്ടും പാര്‍ടിക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ തവണ എ കെ ആന്റണിക്ക് വേണ്ടി മുസ്‌ലിംലീഗ് അവരുടെ സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴാകട്ടെ അലിക്ക് മന്ത്രിപദം നല്‍കിയെന്ന കാരണത്താല്‍  രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നു. ലീഗിന് ലഭിച്ചതാകട്ടെ കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്തി മന്ത്രിപദം വാങ്ങിയെന്ന ചീത്തപ്പേരും.

         മുസ്‌ലിംലീഗില്‍ തന്നെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ നിരവധി നേതാക്കളുണ്ടായിരിക്കെ അവരെ മുഴുവന്‍ മാറ്റി നിര്‍ത്തിയാണ് നവാഗതനായ അലിക്ക് മന്ത്രിസ്ഥാനം  നല്‍കിയതെങ്കിലും പുതിയ സ്ഥാനലബ്ധി മറ്റാരേക്കാളും ഭംഗിയായി  നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് കരുതാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മങ്കടയും പെരിന്തല്‍മണ്ണയും ലീഗിന് തിരിച്ചുകിട്ടിയത് അലിയുടെ ആത്മാര്‍ഥമായ സഹായംകൊണ്ടാണ്.

           കേവലം രണ്ടുപേരുടെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് വളര്‍ത്തിയെടുത്തത്. പിറവം ഉപതെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയം തന്നെ അതിന് തെളിവാണ്. ആ പ്രതിഛായ നിലനിര്‍ത്തണമെങ്കില്‍ ഇനിയും ജാഗ്രവത്തായ പ്രവര്‍ത്തനം കൂടിയേ തീരൂ. മന്ത്രിസഭാ വികസനത്തിലൂടെ അതിന് മങ്ങലേല്‍ക്കാതിരിക്കാന്‍ അദ്ദേഹം വളരെ കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വകുപ്പുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചുനല്‍കിയാലും മന്ത്രിസഭയുടെ തലവന്‍ അദ്ദേഹം തന്നെയാണല്ലോ.

Tuesday, April 10, 2012

പ്രത്യാശ പകര്‍ന്ന സര്‍ദാരിയുടെ സന്ദര്‍ശനം


           ഇന്ത്യക്കും പാക്കിസ്താനുമിടയിലെ പ്രശ്‌നങ്ങള്‍ പ്രായോഗികമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പാക് പ്രസിഡണ്ട് ആസഫലി സര്‍ദരിയും ദല്‍ഹിയിലെ കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നിരന്തരം സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന രാഷ്ട്രങ്ങളെന്ന നിലയില്‍ എത്ര അഴിച്ചാലും അഴിയാത്ത കുരുക്കുകളെയാണ് ഇന്ത്യയും പാക്കിസ്താനും അഭിമുഖീകരിക്കുന്നത്. അജ്മീറിലെ കാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ സര്‍ദാരിക്ക് വേണമെങ്കില്‍ സുദീര്‍ഘമായ ചര്‍ച്ചക്ക് സമയം കാണാമായിരുന്നു. അതിന് മാത്രം പ്രശ്‌നങ്ങള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ദാരിയുടെ ക്ഷണമനുസരിച്ച് സപ്തമ്പറില്‍ മന്‍മോഹന്‍ സിംഗ് പാക്കിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ സാര്‍ക്ക് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ക്ഷണിച്ചിരുന്നെങ്കിലും പാക്കിസ്താന്റെ ഭാഗത്തുനിന്ന് കാതലായ നടപടി ഉണ്ടായതിനു ശേഷമാകാം സന്ദര്‍ശനമെന്ന സമീപനമാണ് മന്‍മോഹന്‍ സിംഗ് സ്വീകരിച്ചത്.

           ജനറല്‍ പര്‍വേശ് മുഷറഫിന് ശേഷം ഏഴുവര്‍ഷം കഴിഞ്ഞാണ് മറ്റൊരു പാക് പ്രസിഡണ്ട് ഇന്ത്യയിലെത്തുന്നത്. അതിനിടയില്‍ പാക്ക് പ്രധാനമന്ത്രി  യൂസഫ് റാസ ഗീലാനി ഇവിടം സന്ദര്‍ശിച്ചിരുന്നു. മകനും പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ ഉള്‍പ്പെടെ 44 അംഗ സംഘത്തോടൊപ്പമാണ് സര്‍ദാരിയെത്തിയത്. നയതന്ത്ര ചട്ടവട്ടങ്ങളുടെ ഔപചാരികതകള്‍ ഇല്ലാത്ത സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഗൗരവ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെന്നാണറിവ്. 

               മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന നിലയില്‍ ലശ്ക്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പാക്കിസ്താന്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുഖ്യവിഷയമാക്കാന്‍ ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് സര്‍ദാരി പ്രതികരിച്ചത്. രണ്ടു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാര്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം അവിടെ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദേശം ഇന്ത്യ അംഗീകരിച്ചിരിക്കുകയാണ്. പാക്കിസ്താനില്‍ നിന്നും നുഴഞ്ഞുകയറി ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന നമ്മുടെ പരാതിക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്താന് പങ്കില്ലെങ്കില്‍ അത്- അയല്‍രാജ്യമെന്ന നിലയില്‍ വിശേഷിച്ചും ഇന്ത്യയെ പാക്കിസ്താന്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

          സിയാച്ചിന്‍, സര്‍ക്രീക്, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ഘട്ടംഘട്ടമായി ചര്‍ച്ച ചെയ്യണമെന്ന ഇരു രാജ്യങ്ങളുടെയും ഇതപര്യന്തമുള്ള ആഗ്രഹം ഇതുവരെ ഫലപ്രദമായി നടന്നിട്ടില്ല. എന്നാല്‍ സാര്‍ക്രീക് പ്രശ്‌നം താമസിയാതെ പരിഹരിക്കാനാവുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ കച്ചിനെയും പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയേയും വേര്‍തിരിച്ചുകൊണ്ട് അറബിക്കടലിലേക്ക് തുറകക്കുന്ന 96 കിലോമീറ്റര്‍ നീണ്ട ചതുപ്പ് പ്രദേശമാണ് സര്‍ക്രീക.് ഇതില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയെചൊല്ലിയുള്ള തര്‍ക്കംഏതാണ്ട് പരിഹാരത്തിന്റെ വക്കിലാണ്. ഭീകരതയുടെ കാര്യത്തിലും ആരോപണപ്രത്യാരോപണങ്ങള്‍ക്കപ്പുറം ആശങ്കാജനകമായ സാഹചര്യം ലഘൂകരികക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടന്നിരുന്നുവെങ്കിലും കൂടുതല്‍ ചുവടുവെപ്പുകള്‍ ഇനിയും അനിവാര്യമാണ്.

           ഇന്ത്യയും പാക്കിസ്താനും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇരു രാജ്യങ്ങളിലേയും ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ എന്തായാലും ഇക്കാര്യത്തില്‍ അല്‍പം പോലും മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ചേ മതിയാവൂ. വിശ്വാസവര്‍ധക ചര്‍ച്ചകള്‍ ക്രമാനുഗതമായി പുരോഗമിക്കുന്നുവെന്നാണ് രണ്ടു നേതാക്കളും അവകാശപ്പെട്ടത്. എന്തായാലും മറ്റേത് ചര്‍ച്ചകളേക്കാളും മുന്‍ഗണന ഇതിന് നല്‍കേണ്ടതുണ്ട്. അയല്‍ രാജ്യങ്ങളെന്ന നിലയില്‍ പാക്കിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദപൂര്‍വമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

          ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും അയല്‍പക്ക ബന്ധം സുദൃഢമാക്കാനുള്ള നടപടികള്‍ മിക്കതും പാതിവഴിയില്‍ തന്നെ നില്‍കക്കുകയാണ്. അതിനിടയില്‍ പലവട്ടം യുദ്ധങ്ങളും നടന്നു. ഇപ്പോഴും  ശത്രുരാഷ്ട്രങ്ങളെ പോലെ തന്നെ കഴിയുന്നു. യുദ്ധം നടക്കുന്നില്ലെങ്കിലും നുഴഞ്ഞകയറ്റവും ഭീകരാക്രണവും യുദ്ധത്തേക്കാള്‍ വലിയ വെല്ലുവിളിയായി തന്നെ നിലനില്‍ക്കുന്നു. നിര്‍ണായകമെന്ന് കരുതി ജനങ്ങള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന പല ഉന്നതതല ചര്‍ച്ചകളും അവസാനം ചാപ്പിള്ളയായതാണ് അനുഭവം.
സര്‍ദാരിയുടെ മകന്‍ ബിലാവന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇവിടെ എത്തിയ ഉടന്‍ ഇന്ത്യക്ക് സമാധാനം ആശംസിച്ച ബിലാവന്‍ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. രാഹുല്‍ഗാന്ധിയെ പാക്കിസ്താന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തതിലൂടെ പുതിയൊരു ചരിത്രം രചിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. രണ്ടു രാജ്യങ്ങളുടെയും ഭാവി വാഗ്ദാനങ്ങളെന്ന നിലയില്‍ രാഹുലിനും ബിലാവനും പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കാണാന്‍ കഴിയട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന.

Related Posts Plugin for WordPress, Blogger...