Monday, July 25, 2011

നോര്‍വെയിലും ഭീകരാക്രമണമോ?


          സമാധാനപ്രേമികളുടെ മനസ്സില്‍ എന്നും പച്ചപിടിച്ചുനിന്ന രാജ്യമായിരുന്നു നോര്‍വെ.  ആഗോളതലത്തില്‍ തന്നെ ശാന്തി വിളയാടുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന അതിവികസിത നോര്‍വെയും ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴുതിവീണതിന്റെ രേഖാചിത്രമാണ്  അവിടെ നടന്ന അതിദാരുണമായ സംഭവം. തലസ്ഥാനമായ ഓസ്‌ലോയിലെ സര്‍ക്കാര്‍ മന്ദിരത്തിലും ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യുവജനക്യാമ്പ് നടക്കുകയായിരുന്ന ഉട്ടോയ ദ്വീപിലുമായി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്ന യുവാവ് നടത്തിയ ഒറ്റയാള്‍ ആക്രമണത്തില്‍ 93 നിഷ്‌ക്കളങ്ക യുവത്വങ്ങളാണ് വധിക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ഭീകരാക്രമണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നോര്‍വെയിലേത് ചെറുതാണെങ്കിലും ഒരു വ്യക്തി തനിച്ച് ഒരു തോക്കുകൊണ്ട് ആളുകളെ നിരനിരയായി നിര്‍ത്തി വകവരുത്തിയ സംഭവം ഒരു പക്ഷെ ലോകചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കും.
ഉട്ടോയ ദ്വീപില്‍ പൊലീസ് വേഷത്തിലെത്തി കൂട്ടക്കുരുതി നടത്തിയ ഇയാളുടെ ലക്ഷ്യം നോര്‍വെയിലെ മുസ്‌ലിം കുടിയേറ്റം തടയുകയായിരുന്നുവെന്ന് അയാള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെയാണ് ബ്രെവിക്ക് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. കൂട്ടക്കുരുതിക്ക് മുമ്പ് ഇയാള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രഖ്യാപനത്തില്‍ പൊലീസിനോട് പറഞ്ഞതിനേക്കാള്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്. യൂറോപ്പിനെ ഇസ്‌ലാമികവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഴുവന്‍ പേരും ഉന്മൂലനം ചെയ്യപ്പെടണമെന്നാണ് ബ്രെവിക്കിന്റെ ആഗ്രഹം. ബഹുസാംസ്‌കാരികതയെന്നാല്‍ യൂറോപ്പിനോട് കാണിക്കുന്ന ചതിയാണത്രെ. ഇസ്‌ലാം അടക്കമുള്ള അന്യ മതങ്ങള്‍ക്ക് ഇടം നല്‍കുന്നത് ബ്രെവിക്കിന്റെ കണ്ണില്‍ രാജ്യദ്രോഹമാണ്. എ യൂറോപ്യന്‍ ഡിക്‌ളറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ്  എന്ന പേരില്‍ 1500 പേജ് വരുന്ന  ഒരു പ്രഖ്യാപനം തന്നെ ഇയാള്‍ തയാറാക്കിയിരിക്കുന്നു. 2009 മുതല്‍ കൊലപാതക പരമ്പരക്ക് ഒരുക്കം തുടങ്ങിയതായും ഇതില്‍ പറയുന്നു. ഓസേ്‌ലോ നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസുള്‍പ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് ആദ്യം നടന്നത്. ഇവിടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് 35 കിലോമീറ്റര്‍ അകലെ ഉടോയ ദ്വീപില്‍ ലേബര്‍ പാര്‍ടി ക്യാമ്പിനു നേരെ വെടിയുതിര്‍ത്തു.

          നോര്‍വെയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയപാര്‍ട്ടിയായ പോപ്പുലിസ്റ്റ് റൈറ്റ് വിങ് പ്രോഗ്രസ് പാര്‍ട്ടിയില്‍ 1999-2006 കാലയളവിലും  സ്വീഡനിലെ നവനാസി  ഇന്റര്‍നെറ്റ് ഫോറമായ നോര്‍ഡിസ്‌കിലും ബ്രെവിക്ക് അംഗമായിരുന്നു. കുടിയേറ്റക്കാരോട് രാജ്യം കാണിക്കുന്ന മാന്യതയും കുടിയേറിപ്പാര്‍ത്തവര്‍ ആര്‍ജിക്കുന്ന ജീവിത പുരോഗതിയും നോര്‍വെയിലെ വലതുപക്ഷക്കാരായ ക്രിസ്ത്യന്‍ യാഥാസ്ഥിതികരെ രോഷം കൊള്ളിച്ചിരുന്നു. ലോകസഞ്ചാര ഭൂപടത്തില്‍ പ്രമുഖ സ്ഥാനമുള്ള സ്വപ്നനഗരിയാണ് നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലോ. ആ നഗരപരിധിയാണിപ്പോള്‍ ശാന്തിയുടെ ശവപ്പറമ്പായി മാറിയത്.

          കിഴക്കന്‍ നോര്‍വെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മൗലികവാദ സംഘടനയായ പ്രോഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യം, അല്‍ ഖാഇദെയുടെയും ബിന്‍ലാദന്റെയും ക്രിസ്ത്യന്‍ പ്രതിരൂപം നിര്‍മിച്ച് ഫലപ്രാപ്തി  കൈവരിക്കുക എന്നതായിരുന്നുവത്രെ. നോര്‍വെ സംഭവം അരങ്ങേറിയപ്പോള്‍ പതിവുപോലെ ആദ്യം സംശയിച്ചതും അല്‍ ഖാഇദയെ ആയിരുന്നു. പ്രതി പിടിക്കപ്പെട്ടതോടെയാണ് ചിത്രം മാറിമറിഞ്ഞത്. അല്‍ ഖാഇദെ ചെയ്തതെന്ന് പ്രചരിപ്പിക്കപ്പെട്ട പല സംഭവങ്ങളിലും സത്യസന്ധമായ  അന്വേഷണം നടന്നാല്‍ എന്തായിരിക്കും അവസ്ഥ. ഇന്ത്യയിലും സമാനസംഭവങ്ങള്‍ ധാരാളമുണ്ടല്ലോ. ബ്രെറിക്ക് പ്രോഗ്രസ് പാര്‍ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. സംഘടനയുടെ യുവജനവിഭാഗം തലവനായും ബ്രെറിക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂറോപ്പിലെ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളെയും മുസ്‌ലിംകളെയും ഇല്ലായ്മ ചെയ്യുന്ന ഒരു യൂറോപ്യന്‍ ആഭ്യന്തരയുദ്ധത്തിനു താന്‍ പ്രതിജ്ഞയെടുത്തതായി ബ്രെവിക് പറഞ്ഞിട്ടുമുണ്ട്. താന്‍ സ്വപ്നംകാണുന്ന ആഭ്യന്തരയുദ്ധം 2083ലായിരിക്കും അവസാനിക്കുകയെന്നും അയാള്‍ വിശ്വസിക്കുന്നു.

          ഏഷ്യയിലും ആഫ്രിക്കയിലും മറ്റും ഭീകരാക്രമണങ്ങള്‍ അരങ്ങേറിയപ്പോള്‍ തികച്ചും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചവരാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നോര്‍വെയാകട്ടെ സ്വയം സമാധാനം ഉറപ്പുവരുത്തിയതിനു പുറമെ ലോകത്ത് ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധങ്ങളുമുണ്ടായ സ്ഥലങ്ങളില്‍ ഇടപെട്ട് ശാന്തി കൈവരുത്താന്‍ പരമാവധി യത്‌നിച്ച രാജ്യവുമാണ്. അരനൂറ്റാണ്ടായി സംഘര്‍ഷം നിലനില്‍ക്കുന്ന ഫലസ്തീനില്‍ ഇരുവിഭാഗങ്ങളെയും വട്ടമേശക്ക് ചുറ്റുമിരുത്തി കരാറില്‍ ഒപ്പുവെപ്പിക്കാനും തമിഴ്പുലികളുടെ വിഹാരഭൂമിയായിരുന്ന ശ്രീലങ്കയില്‍ മാധ്യസ്ഥം വഹിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. അത്തരമൊരു രാജ്യത്ത് ഇങ്ങനെയൊരു സംഭവമുണ്ടായത് തീര്‍ച്ചയായും വേദനാജനകം തന്നെയാണ്. ബ്രെവിക്ക് മനോവിഭ്രാന്തി കൊണ്ട് ചെയ്തുപോയ ഒരു തെറ്റാണിതെന്ന് ആരും കരുതുന്നില്ല. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ വരെ സഹപാഠികളെ കുരുതി നടത്തി ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല
ഭീകരവാദവും തീവ്രവാദവും സൃഷ്ടിച്ച കെടുതികളില്‍നിന്ന് രക്ഷനേടാനും ഇത്തരം സങ്കുചിത താല്‍പര്യക്കാരെ വേരോടെ പിഴുതെറിയാനും ലോകം കിണഞ്ഞുശ്രമിക്കുമ്പോള്‍ പകയുടെ തീപ്പന്തവുമായി അപായത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. മഹിതാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മറ്റാരേക്കാളും ഹൃദയകവാടങ്ങള്‍ തുറന്നുവെച്ച നോര്‍വെയിലെ ജനത തന്നെയാണ് ഇതിന് മുന്‍കയ്യെടുക്കേണ്ടത്. അവിടുത്തെ സര്‍ക്കാരിന് എതിരെയുള്ള വെല്ലുവിളി കൂടിയാണല്ലോ ഈ സംഭവം.

Thursday, July 14, 2011

വീണ്ടും ഇന്റലിജന്‍സ് വീഴ്ച


          ഒരു ഇടവേളക്ക് ശേഷം മുംബൈ നഗരം വീണ്ടും ചോരയില്‍ കുതിര്‍ന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഭീതിയുടെ നിഴലിലമര്‍ന്നു. ബുധനാഴ്ച വൈകിട്ട് തെരുവുകളില്‍ തിരക്കേറിയ സമയത്തായിരുന്നു മൂന്നു സ്‌ഫോടനങ്ങളും. തെക്കന്‍ മുംബൈയിലെ സ്വര്‍ണ-രത്‌ന വ്യാപാരകേന്ദ്രമായ സവേരി ബസാറില്‍  ആദ്യ സ്‌ഫോടനം. രണ്ടാമത്തെ സ്‌ഫോടനം  ദാദറിലെ കബൂത്തര്‍ ഖാനയില്‍  ടാക്‌സികാര്‍ പൊട്ടിത്തെറിച്ചായിരുന്നു. മൂന്നാമത്തെ സ്‌ഫോടനം നടന്ന ചര്‍ണിയില്‍  നിര്‍ത്തിയിട്ട ബൈക്കാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. 2008 നവമ്പറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണം, ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തിനേല്‍പിച്ച കനത്ത ആഘാതത്തില്‍ നിന്ന് ഇതുവരെയും മുക്തമായിട്ടില്ല. അതിനിടയിലാണ് അത്യന്തം ആസൂത്രിതമായ പുതിയ ആക്രമണം. 166 പേരെ കൊന്നൊടുക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിനു ശേഷം സുരക്ഷാ സംവിധാനങ്ങള്‍ കര്‍ക്കശമാക്കിയിട്ടും ഫലമുണ്ടായില്ല. ബുധനാഴ്ച നടന്ന സ്‌ഫോടന പരമ്പരയെ കുറിച്ച് ഒരു സൂചന പോലും നല്‍കാന്‍ നമ്മുടെ ഇന്റലിജന്‍സ് വിഭാഗത്തിന് കഴിയാതെ പോയി. ഒരു പക്ഷെ ഭീകരവാദികള്‍ മുംബൈ വിട്ടുപോകാത്തതിനു പ്രധാന കാരണം ഈ ഇന്റലിജന്‍സ് വീഴ്ചയാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

          ആസൂത്രിതമായ തീവ്രവാദി ആക്രമണമാണ് മുംബൈയില്‍ നടന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം തന്നെ സമ്മതിക്കുന്നു. മൂന്നു സ്‌ഫോടനങ്ങളും അതീവ ശക്തിയേറിയ ഇംപ്രൊവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് ഉപയോഗിച്ചാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നു. എന്നിട്ടും ആര്‍ജവ സാന്നിധ്യം വിളംബരം ചെയ്യാന്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ല. ഇന്നലെയുടെ അനുഭവങ്ങളിലേക്ക് ഊളിയിട്ടാലും അന്വേഷണ ഏജന്‍സികളുടെ അക്ഷന്തവ്യമായ വീഴ്ചയാണ് തെളിയുന്നത്. എന്നാല്‍ സ്‌ഫോടനം നടന്നുകഴിഞ്ഞാല്‍ പ്രതികള്‍ ആരെന്ന് പ്രഖ്യാപിക്കാന്‍ എന്തൊരു മെയ്‌വഴക്കമാണെന്നോ. ഇന്ത്യന്‍ മുജാഹിദീനെയാണ് പതിവുപോലെ ഇത്തവണയുംസംശയിക്കുന്നത്. ശരിയായിരിക്കാം. എന്നാല്‍ ഏതെങ്കിലും വസ്തുതകളുടെയോ തെളിവുകളുടേയോ അടിസ്ഥാനത്തിലാണോ ഈ നിഗമനം. ഇന്ത്യന്‍ മുജാഹിദീനോ മറ്റാരെങ്കിലുമോ ആസൂത്രിതമായി ആവിഷ്‌ക്കരിച്ച സ്‌ഫോടനപരമ്പരയെ പറ്റി മുന്‍കൂട്ടി ഒരു സൂചനപോലും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ഇത്തരം ഇന്റലിജന്‍സ് വിഭാഗത്തെ തീറ്റിപ്പോറ്റേണ്ടതുണ്ടോ. ജനങ്ങളുടെ രാഷ്ട്രീയബോധത്തെ പ്രകോപിപ്പിക്കാനേ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണങ്ങള്‍ ഉപകരിക്കൂ. ഭീകരാക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന വീഴ്ച മറച്ചുപിടിക്കാനുള്ള പൊടിക്കൈകളായി മാത്രമേ ഇത്തരം ചെപ്പടിവിദ്യകളെ കാണാനാവൂ.

         ഇന്റലിജന്‍സിന്റെ ആഢ്യത്വം  ഒലിച്ചുപോയ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. 2007 ഫെബ്രുവരി 19ന് 67പേരുടെ മരണത്തിനിടയാക്കിയ  സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അതേ വര്‍ഷം മെയ് 18ന് ഹൈദരബാദില്‍ 14 പേര്‍ കൊല്ലപ്പെട്ട മക്കാ മസ്ജിദ് സ്‌ഫോടനം, ഒക്‌ടോബര്‍ 11ന് രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനം തുടങ്ങിയവയില്‍ ഹിന്ദു തീവ്രവാദികള്‍ക്കായിരുന്നു പങ്ക്. എന്നാല്‍ നമ്മുടെ ഇന്റലിജന്‍സ് വിഭാഗം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ആദ്യം നല്‍കിയത്. ലഷ്‌ക്കറെ ത്വയ്ബയും ഇന്ത്യന്‍ മുജാഹിദീനുമായിരുന്നു അന്നും പ്രതിക്കൂട്ടില്‍. നിരവധി നിരപരാധികളെ ഇതിന്റെ പേരില്‍ തുറുങ്കിലടക്കുകയും ചെയ്തു. അസീമാനന്ദ  എന്ന ഹിന്ദുസന്യാസി സത്യം സത്യവാങ്മൂലത്തിലൂടെ കോടതി മുമ്പാകെ വെളിപ്പെടുത്തിയിട്ടും നിരപരാധികളെ മോചിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ അറച്ചുനിന്നു. പ്രതിഭാശക്തിയില്‍ ലോകത്ത് ഏറ്റവും പിന്നിലാണെന്ന് തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരവും നമ്മുടെ ഇന്റലിജന്‍സ് വിഭാഗം പാഴാക്കാറില്ലെന്ന് പറയുന്നതാവും ശരി.  കാലാവസ്ഥാ നിരീക്ഷകരെ പോലെ  ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിഗമനങ്ങളെയും പൊതുജനം മുഖവിലക്കെടുക്കാത്തത് വെറുതെയല്ല.

          2008 നവമ്പര്‍ 26ന് മുംബൈയില്‍ രാജ്യാന്തര ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടന്നത്. സി എസ് ടി റെയില്‍വെ സ്റ്റേഷന്‍, താജ്-ഒബ്‌റോയ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് എന്നിവിടങ്ങളിലായി നടന്ന ഭീകരാക്രമണം അറുപത് മണിക്കൂറോളം നീണ്ടുനില്‍ക്കുകയുണ്ടായി. ആ സംഭവമുണ്ടാക്കിയ നടുക്കവും തളര്‍ച്ചയും  ഉല്‍ക്കണ്ഠാജനകമായിരുന്നു. അന്നത്തെ സംഭവത്തില്‍ ജീവനോടെ പിടിക്കാനായത് ഒരേ ഒരു കസബിനെ മാത്രമാണ്. ആക്രമണത്തിലും ആസൂത്രണത്തിലും പങ്കാളികളായ മറ്റ് ഇരുപതോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

          രാജ്യത്ത് 2010 ഫെബ്രുവരി 13ന് ശേഷമുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണ് ബുധനാഴ്ചത്തേത്. പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍  നടന്ന സ്‌ഫോടനത്തില്‍ 17 പേരാണ് വധിക്കപ്പെട്ടത്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ശിവസേന അഴിച്ചുവിട്ട കലാപത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. ശിവസേനയാണ് ആ കലാപം ആസൂത്രണംചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍, കുറ്റവാളികളെ ചൂണ്ടിക്കാണിച്ചെങ്കിലും അവരെ ശിക്ഷിക്കുന്നത് പോയിട്ട് ഒന്നു തൊടാന്‍പോലും  ഭരണകൂടങ്ങള്‍ക്ക് തന്റേടമുണ്ടായില്ല. പകരം വീട്ടാന്‍ വീണ്ടും കലാപം അരങ്ങേറി. കലാപവും ഭീകരാക്രമണവും ആരുടെ ഭാഗത്തുനിന്നായാലും മുഖംനോക്കാതെ നടപടിയുണ്ടാവണം. നിരപരാധികള്‍ നിസ്സഹായരായി വേട്ടയാടപ്പെടുമ്പോള്‍ ഭരണകൂടം അതിന്റെ ചുമതലകളും  മറന്നുപോകുന്നു. നീതിബോധത്തോടെയും നിഷ്പക്ഷമായും അക്രമികളെ  കൈകാര്യംചെയ്യാന്‍ കഴിയാതെ പോയാല്‍  സ്‌ഫോടനങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും നിരന്തര പ്രകമ്പനങ്ങള്‍  നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു പകരം കുറ്റക്കാരെ കണ്ടെത്തി മുഖംനോക്കാതെ ശിക്ഷിക്കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.

Saturday, July 9, 2011

തീ തൊടാത്ത തങ്കത്തിനു തിളക്കമുണ്ടാവില്ല


               കേരള സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷനായി 34 വര്‍ഷം സേവനമനുഷ്ഠിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കഥാവശേഷനായിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം പാര്‍ട്ടിക്കും സമുദായത്തിനും ചെയ്ത വിലപ്പെട്ട സേവനങ്ങളെ കുറിച്ച് നിറംപിടിപ്പിച്ച ഒട്ടേറെ കഥകള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ പാര്‍ട്ടി രംഗത്ത് സജീവമായി ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് എനിക്ക് പ്രകടിപ്പിക്കാനുള്ളത്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടായിരിക്കുമ്പോള്‍ എസ് ടി യു വിന്റെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായിരുന്നു ഞാന്‍. മാത്രമല്ല എം എസ് എഫിന്റെ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ടും അത്തോളി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു. 1972ല്‍ കോഴിക്കോട് ലോകസഭാ സീറ്റില്‍ മത്സരിച്ച സേട്ടുസാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇക്കാലവയളവില്‍ പക്ഷെ ശിഹാബ് തങ്ങള്‍ പാര്‍ട്ടി നേതൃനിരയില്‍ ഉണ്ടായിരുന്നില്ല.

               ബാഫഖി തങ്ങളുടെ മരണത്തെ തുടര്‍ന്ന് പാണക്കാട് പൂക്കോയതങ്ങള്‍ പ്രസിഡണ്ടായപ്പോഴും ഞാന്‍ സജീവരംഗത്തുണ്ട്. 74ല്‍ ലീഗിലുണ്ടായ ഭിന്നിപ്പില്‍ പൂക്കോയതങ്ങളും സി എച്ചും നേതൃത്വം നല്‍കിയ യൂണിയന്‍ ലീഗിന് വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിക്കാനും എഴുതാനും എനിക്ക് അവസരമുണ്ടായി. പൂക്കോയതങ്ങളോടൊപ്പം പല വേദികളിലും ഞാന്‍ പങ്കിട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് മകന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സംസ്ഥാന ലീഗിന്റെ അധ്യക്ഷനാകുന്നത്. അന്നദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലില്‍ പോലും അംഗമായിരുന്നില്ല. പൂക്കോയതങ്ങളുടെ മരണത്തിന് ശേഷം ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേര് സാക്ഷാല്‍ സി എച്ചിന്റേതായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ് ശിഹാബ് തങ്ങളെ പ്രസിഡണ്ട്സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

               പൂക്കോയതങ്ങള്‍ പ്രസിഡണ്ട്പദവി അലങ്കരിക്കുമ്പോഴാണ് മുസ്‌ലിംലീഗ് പിളര്‍ന്നത്. പിളര്‍പ്പ് ഒഴിവാക്കാന്‍  തങ്ങള്‍ക്കായില്ല. പിളര്‍ന്ന പാര്‍ട്ടി ഒരു വര്‍ഷത്തിന് ശേഷം മധ്യസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് യോജിക്കാന്‍ തീരുമാനിച്ചെങ്കിലും ആ യോജിപ്പ് ഏറെക്കാലം നീണ്ടുനിന്നില്ല. വീണ്ടും പിളര്‍ന്നു. എം കെ ഹാജിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ലീഗ് രൂപീകരിക്കപ്പെട്ടു. സെയ്തുമ്മര്‍ ബാഫഖിയും കേയിസാഹിബും ഹമീദലി ഷംനാടും എ വി അബ്ദുറഹിമാന്‍ ഹാജിയും ഇ ടി മുഹമ്മദ് ബഷീറും സി മോയിന്‍കുട്ടിയുമെല്ലാമായിരുന്നു അതിന്റെ നേതാക്കള്‍. പാണക്കാട് തങ്ങളുടെയും സി എച്ചിന്റെയും കൂടെ നേതാക്കള്‍ വളരെ കുറവായിരുന്നു. എങ്കിലും അതിശക്തമായ യൂണിയന്‍ ലീഗിന്റെ പ്രവര്‍ത്തനത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അഖിലേന്ത്യാ ലീഗിന് കഴിഞ്ഞില്ല.

               സി എച്ചും ബി വി അബ്ദുല്ലക്കോയയും മരണപ്പെട്ടതോടെ ലീഗ് നേതൃത്വം മലപ്പുറത്തുകാരുടെ കരവലയത്തിലൊതുങ്ങി. പ്രസിഡണ്ടും സെക്രട്ടറിയും ഖജാഞ്ചിയുമെല്ലാം മലപ്പുറത്തുകാര്‍. മലപ്പുറത്ത് ജില്ല രൂപീകരിക്കാന്‍ വാദിച്ചത് കോഴിക്കോട് ജില്ലക്കാരായ ലീഗ് നേതാക്കളായിരുന്നുവെന്ന കാര്യം അവര്‍ ഓര്‍ക്കുന്നുേേണ്ടാ ആവോ. ബാഫഖിതങ്ങളും സി എച്ചും ബി വി അബ്ദുല്ലക്കോയയുമായിരുന്നു അന്നത്തെ ലീഗ് നേതാക്കള്‍.

               ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷനായിരിക്കുമ്പോഴാണ് സമസ്ത പിളര്‍ന്നത്. മുജാഹിദ് പ്രസ്ഥാനം രണ്ടായത്. പൂക്കോയതങ്ങളുടെ കൂടി നേതാവായിരുന്ന ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സേട്ടുസാഹിബിനെ പുറത്താക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശചെയ്ത നരസിംഹറാവുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ സേട്ടു തയാറില്ലായിരുന്നു. അതുകൊണ്ട് ഐ എന്‍ എല്‍ ഉണ്ടായി . പി ഡി പി പിറന്നു. എന്‍ ഡി എഫ് ജന്മംകൊണ്ടു. മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം കുപ്പത്തൊട്ടിയിലെറിയപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളം ശാന്തമായി നിലകൊള്ളാന്‍ കാരണം ശിഹാബ് തങ്ങളുടെ സാന്നിധ്യമാണെന്ന് ലീഗുകാര്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിംകള്‍ തീപിടിച്ച തലയുമായി ഓടിനടക്കുമ്പോള്‍ കേരളം കത്തിയില്ല. എന്നായിരുന്നു ചന്ദ്രികയില്‍ കെ എന്‍ എ ഖാദറിന്റെ ലേഖനം. എന്നാല്‍ ഇന്ത്യയിലെവിടെയും ബാബരി മസ്ജിദിന്റെ പേരില്‍ മുസ്‌ലിംകള്‍ കലാപം അഴിച്ചുവിട്ടിരുന്നില്ല. മസ്ജിദ് തകര്‍ക്കപ്പെട്ട തിനെ തുടര്‍ന്ന് കലാപം നടന്നത് ബോമ്പെയിലായിരുന്നു. അത് സംഘടിപ്പിച്ചതാകട്ടെ ശിവസേനയും. 300ലേറെ പേര്‍ കൊല്ലപ്പെട്ടു. എല്ലാം മുസ്‌ലിംകളായിരുന്നു.

               മാറാട് കേരളത്തിലാണല്ലോ. അവിടെ രണ്ട് വട്ടം കലാപം നടന്നു. മൊത്തം 14 പേര്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. ശിഹാബ് തങ്ങളുടെ പ്രസ്താവന അന്നുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അനുയായികള്‍ പോലും അത് ചെവിക്കൊണ്ടില്ല. മരിക്കുന്നത് വരെ തങ്ങള്‍ മാറാട്ടെ കലാപബാധിതരെ സ്വാന്ത്വനിപ്പിക്കാന്‍ എത്തിയതുമില്ല. അങ്ങാടിപ്പുറത്ത് അമ്പലത്തിന് തീപിടിച്ചപ്പോള്‍ എത്തിയത് പബ്‌ളിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തുകൊണ്ട് താന്‍ നിരന്തരമെത്തുന്ന കോഴിക്കോടിന് വിളിപ്പാടകലെയുള്ള മാറാട്ട് അദ്ദേഹമെത്തിയില്ല?

               ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗിന് എട്ടു സംസ്ഥാനങ്ങളില്‍ ശാഖകളുണ്ടായിരുന്നു. മഹരാഷ്ട്രയിലും അസമിലും ബംഗാളിലും തമിള്‍നാട്ടിലും കര്‍ണാടകയിലും എം എല്‍ എമാരും എം പിമാരുമൊക്കെ ഉണ്ടായിരുന്നു. ബംഗാളില്‍ ഹസ്സനുസ്സമാന്റെ നേതൃത്വത്തില്‍ മൂന്നു മന്ത്രിമാരുമുണ്ടായിരുന്നു. ശിഹാബ് തങ്ങള്‍ മരിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേര് മാത്രം. എട്ട് സ്റ്റേറ്റുകള്‍ക്ക് പകരം രണ്ടു സംസ്ഥാനങ്ങളിലായി ചുരുങ്ങി.  പ്രഥമ കേരള അസംബ്‌ളിയില്‍ ലീഗിന് എട്ട് എം എല്‍ എമാരാണ് ഉണ്ടായിരുന്നത്. തങ്ങള്‍ മരിക്കുമ്പോഴും എട്ട് എം എല്‍ എമാര്‍!

               ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ കേരളാ സ്റ്റേറ്റ് ലീഗാക്കി വളര്‍ത്തിയ മഹാന്‍ എന്നതായിരിക്കും ശിഹാബ് തങ്ങള്‍ക്ക് ചേരുന്ന ലക്ഷണമൊത്ത വിശേഷണം. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി വളര്‍ത്തിയ നിരവധി നേതാക്കളെ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് വേണ്ടി- അഥവാ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. പിതാവായ പൂക്കോയതങ്ങളെ ലീഗില്‍ കൊണ്ടുവന്ന ചാക്കീരി അഹമ്മദ്കുട്ടി സാഹിബ്, സേട്ടുസാഹിബ്, കേയി സാഹിബ് ,യു എ ബീരാന്‍, പി എം അബൂബക്കര്‍ അവരുടെ പട്ടിക നീണ്ടതാണ്. സീതിഹാജി, ഇ എസ് എം ഹനീഫഹാജി, കെ കെ എസ് തങ്ങള്‍ അങ്ങനെ കണ്ണീര് കുടിച്ച് മരിച്ച നേതാക്കളും നിരവധി. ആര്‍ക്കുവേണ്ടിയായിരുന്നു ഇതൊക്കെ. ലീഗ് നേതൃത്വവും അണികളും ഇതിനുള്ള ഉത്തരം നിര്‍ബന്ധമായും തേടണം.

               കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ശ്രമഫലമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും കോളജുകളും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിരവധി പള്ളികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ശിഹാബ് തങ്ങളുടെ ശ്രമഫളമായി ഒരു പള്ളിയോ  മദ്രസയോ കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ? ജ്വല്ലറികളും ഷോപ്പിംഗ് കോംപ്‌ളക്‌സുകളും ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുകയായിരുന്നു അദ്ദേഹം. സമുദായത്തില്‍ സ്വര്‍ണഭ്രമം വളര്‍ത്തുന്നതില്‍ അതുവഴി അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.

               ബാബരി മസ്ജിദ് തകര്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ഇരിക്കരുതെന്നും ഒരു ദിവസമെങ്കിലും രാജിവെച്ച് പുറത്തിരിക്കണമെന്നും ആഗ്രഹിച്ചവരാണ് കേരളത്തിലെയും ഇന്ത്യയിലെയും മുസ്‌ലിംകള്‍. അതിനു പക്ഷെ ലീഗ് തയാറായില്ല. ശിഹാബ് തങ്ങള്‍ അതിന് ഉപദേശിച്ചില്ല. അല്ലെങ്കില്‍ അധികാരമോഹികളുടെ കയ്യില്‍ അദ്ദേഹം കളിപ്പാവയായി. ഐസ്‌ക്രിം കേസിനെ തുടര്‍ന്നു കുഞ്ഞാലിക്കുട്ടി ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ തവണ മന്ത്രിസ്ഥാനം രാജിവെച്ചത്. അതിന് മുമ്പ് അദ്ദേഹത്തെ കൊണ്ട് രാജിവെപ്പിക്കാനും തങ്ങള്‍ക്കായില്ല.

               തിന്മകളുടെ മൂര്‍ത്തികള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയപ്പോള്‍ അദ്ദേഹം മൗനമവലംബിച്ചു. വിശുദ്ധവ്യക്തിത്വങ്ങളെ അപ്പാടെ അകറ്റുകയും ചെയ്തു.

               പ്രശ്‌നങ്ങളെ നേരിടുന്നതും പരിഹരിക്കുന്നതും കഠിനാധ്വാനമാണ്. അതിന് സംഘടനയെ കുറിച്ചും സമുദായത്തെ കുറിച്ചും ആത്മനിഷ്ഠമായ ഒരു അവബോധം ആവശ്യമാണ്. വ്യത്യസ്ത വീക്ഷണങ്ങളും ഭിന്നരുചികളുമുള്ള പരസഹസ്രങ്ങള്‍ അണിനിരന്ന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നവര്‍ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ നീതിയുക്തമായി നിറവേറ്റാനുള്ള നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കേണ്ടതുണ്ട്. ലീഗിനകത്തുയര്‍ന്ന എല്ലാ വിലാപങ്ങളും ബധിര കര്‍ണങ്ങളിലാണല്ലോ പതിച്ചത്. ഇസ്ലാമിന്റെ പേരിലാകുമ്പോള്‍ മതം മനുഷ്യന്റെ അകപ്പൊരുളിനെ പരിവര്‍ത്തിപ്പിക്കാനുള്ളതാണെന്ന ബോ്വധം നേതൃത്വത്തിന് ഇല്ലാതെ പോകുന്നു.

               ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുറമെ ഇസ്‌ലാം അനുവദിക്കുന്ന ചില സ്വാതന്ത്ര്യങ്ങളുമുണ്ട്. ഇവ രണ്ടും പക്ഷെ ലീഗില്‍ നിഷിധമാണ്. സ്വന്തം അഭിപ്രായമുള്ളവന്‍ പടിക്കുപുറത്താണ്. പഴയകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവാഗ്നി മനസ്സിലിപ്പോഴും ജ്വലിച്ചുനില്‍ക്കുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ട് ലീഗുകാരനുണ്ടായിരിക്കേണ്ട രാഷ്ട്രീയബോധം നിത്യയൗവനത്തോടെ അവരിലിന്നും നിലനില്‍ക്കുന്നുമുണ്ട്. സ്വാനുഭവങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

               നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ നേതൃത്വത്തിനാവുന്നുണ്ടോ? ~ഒട്ടുമില്ല. ഉണ്ടാവാന്‍ സാധ്യതയുമില്ല. തീ തൊടാത്ത തങ്കത്തിന് തിളക്കമുണ്ടാവില്ല. ജീവിതത്തില്‍ സഹിക്കാനും സമര്‍പ്പിക്കാനും സാധിക്കുന്നവര്‍ക്കേ കാലത്തെ അതിജീവിക്കാനാവൂ. ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്ക് അതൊരിക്കലും സാധിക്കില്ല; തീര്‍ച്ച.

ബജറ്റിന് പ്രത്യാശയുടെ നിറപ്പൊലിമ


                സാധാരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച യു ഡി എഫ് ഗവണ്‍മെന്റിന്റെ കന്നി ബജറ്റിനു പ്രത്യാശയുടെ നിറപ്പൊലിമ അവകാശപ്പെടാം. എന്നാല്‍ അടിത്തറയുള്ള സമൃദ്ധി നേടിയെടുക്കാന്‍ പതിവുപോലെ ഈ ബജറ്റിനും സാധിക്കില്ലെങ്കിലും ഉപരിതല സ്പര്‍ശിയായ പുരോഗതി തീര്‍ച്ചയായും പ്രതീക്ഷിക്കാം. ബജറ്റിന്റെ സ്മൃതിസുഗന്ധം കൈമോശം വരാതിരിക്കാന്‍ തന്റെ ഒമ്പതാമത്തെ ബജറ്റിലും മാണി പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ ബജറ്റുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ആരും അത് സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല.
സംസ്ഥാനത്തിന്റെ കടബാധ്യത ആസ്തിയുടെ രണ്ടിരട്ടി വരുമെന്ന് മന്ത്രി വെളിപ്പെടുത്തുമ്പോള്‍ ഉള്ളം പിടയാത്ത മലയാളി ഉണ്ടാവില്ല. നടപ്പു സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ കടബാധ്യത 88857 കോടി രൂപയാണ്! കടത്തില്‍ 93 ശതമാനത്തിന്റെ വര്‍ധന. മൂലധനച്ചെലവിനു വേണ്ടി കടമെടുക്കാമെന്നാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനു പറഞ്ഞ ന്യായം.  സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. റവന്യൂകമ്മി കുറച്ചുകൊണ്ടുവരാനും സാധിച്ചില്ല. പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കാനോ ചെലവ് ചുരുക്കാനോ ഭരണകൂടവും അന്നത്തെ ധനമന്ത്രിയും കാര്യമായി ഒന്നും ചെയ്തതുമില്ല.

                എന്നാല്‍ ജനങ്ങളുടെ സ്വപ്നങ്ങളില്‍ കയറിവന്നു മോഹിപ്പിക്കാന്‍ മന്ത്രി മാണിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബജറ്റിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാവും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ തൊഴില്‍ദാന പദ്ധതികളും ക്ഷേമപദ്ധതികളും പെന്‍ഷന്‍ പദ്ധതികളും ധാരാളമുണ്ട്. 500 കോടി മുതല്‍മുടക്കില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഒരു വാഗ്ദാനം. ഖാദി മേഖലയില്‍ മാത്രം 5000 തൊഴിലവസരങ്ങള്‍. എല്ലാ തൊഴിലാളി ക്ഷേമ പെന്‍ഷനും 400 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും 300 രൂപ വീതം പെന്‍ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു.  രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഇനി മുതല്‍ ആയിരം രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ്.

               തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു. പാണക്കാട്ട് എഡ്യുക്കേഷണല്‍ ആന്റ് ഹെല്‍ത്ത് ഹബിന് ഒരു കോടി രൂപയും ചെമ്പൈയില്‍ ഫോക്ക്‌ലോര്‍ അക്കാദമിക്ക് 25 ലക്ഷം രൂപയും  വെങ്ങാനൂര്‍ അയ്യങ്കാളി സ്മാരക സ്‌കൂള്‍ വികസനത്തിന് ഒരുകോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നു. ചവറയില്‍ ടെക്‌നിക്കല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനും നിശ്ചയിച്ചിട്ടുണ്ട്.

               മലപ്പുറം, കാസര്‍ക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നാലു പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന  പ്രഖ്യാപനം എന്തുകൊണ്ടും ആഹ്‌ളാദകരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ അഭൂതപൂര്‍വമായ തിരക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കും. കൂടാതെ എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്ററും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രികളും സ്ഥാപിക്കുന്നതാണ്.  തൃശൂര്‍, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 43 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും രാജീവ് ആരോഗ്യശ്രീ ഇന്‍ഷ്വറന്‍സ് പദ്ധതി കൊണ്ടുവരും. കൂടാതെ എല്ലാ  വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി  9,10 ക്‌ളാസുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്.

               കൊച്ചി മെട്രോക്ക് 25 കോടിയും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 150 കോടിയും നീക്കിവെച്ചു. മുല്ലപ്പെരിയാര്‍ ഡാം നാലുകൊല്ലം കൊണ്ട് യാഥാര്‍ഥ്യമാക്കും. ഇതിനായി പ്രത്യേക അതോറിട്ടിയും രൂപീകരിക്കും. പുതിയ മരാമത്ത് പണികള്‍ക്ക്  325 കോടി രൂപയും  റിംഗ് റോഡിന് പത്തുകോടിയും  കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടിയും വിഴിഞ്ഞം   പദ്ധതിക്ക് 150 കോടി രൂപയും വകകൊള്ളിച്ചു. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. ഒരു രൂപക്ക് അരി നല്‍കുന്ന പദ്ധതിക്ക് 200 കോടി രൂപ വകയിരുത്തിയത് അപര്യാപ്തമാണെങ്കിലും ആശ്വാസകരം തന്നെയാണ്.

              എന്നാല്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം  വിലനിലവാരം പിടിച്ചുനിര്‍ത്താനുള്ള ശക്തമായ നടപടികളാണ് പ്രധാനം. വിലക്കയറ്റത്തെ നേരിടുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോയതുകൊണ്ട് പ്രയോജനമില്ല. എന്തെല്ലാം മോഹനവാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും വിലക്കയറ്റം തടുത്തുനിര്‍ത്താനാവില്ലെന്ന നിസ്സഹായതയാണ് സംസ്ഥാന ഭരണകൂടം മാത്രമല്ല കേന്ദ്ര സര്‍ക്കാരും പ്രകടിപ്പിക്കുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധിക്കാതെ വലയുന്ന ജനങ്ങളുടെ വിലാപം ശ്രദ്ധിക്കാത്ത ഒരു ബജറ്റും അതുകൊണ്ടു തന്നെ പൂര്‍ണമാണെന്ന് എങ്ങനെ അവകാശപ്പെടാനാവും?  ഇന്ധനവില നിരന്തരം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രണത്തിനു പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അതുപോലെ തന്നെ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 40000 കോടിയുടെ റോഡ് വികസനപദ്ധതി ഉപേക്ഷിക്കരുതായിരുന്നു. ഇ എം എസ് ഭവനപദ്ധതി വേണ്ടെന്നുവെച്ചെങ്കിലും പകരം മറ്റൊരു പദ്ധതി പ്രഖ്യാപിച്ചത് ഏതായാലും നന്നായി.

Monday, July 4, 2011

ശശിയുടെ അനുഭവം പാഠമാവട്ടെ


               സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ  സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ശശിയെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കാനുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തീരുമാനം അത്യന്തം ആഹ്‌ളാദകരവും മാതൃകായോഗ്യവുമാണെന്നതില്‍ സംശയമില്ല. കമ്യൂണിസത്തിന്റെ തകര്‍ച്ച പുതിയൊരാഗോള പ്രതിസന്ധിയായി വളരുമ്പോഴും മാന്യതയുടെയും സദാചാരത്തിന്റെയും ഉടയാടകള്‍ ചുറ്റഴിച്ചെടുക്കാന്‍ എത്ര ഉന്നതനായാലും അനുവദിക്കില്ലെന്ന് ഈ നടപടിയിലൂടെ സി പി എം അസന്ദിഗ്ധമായി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സാംസ്‌കാരികത്തനിമയുടെ കുത്തക അവകാശപ്പെടുന്ന പാര്‍ടികള്‍ പോലും കപടവീരസ്യത്തില്‍ എല്ലാം ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ പോലുള്ള നിര്‍മത പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന ആര്‍ജ്ജവം എല്ലാവര്‍ക്കും വലിയ പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്.

               പാര്‍ട്ടിയുടെ കുഞ്ചികസ്ഥാനങ്ങളില്‍ ആവശ്യത്തിലേറെ പിടിപാടുള്ളയാളാണ് ശശി. അദ്ദേഹത്തിനെതിരെ നാളിതുവരെ ഒരു പൊലീസ് സ്റ്റേഷനിലും ആരും പരാതി നല്‍കിയിട്ടില്ല. പരാതി വന്നാല്‍ തന്നെ അതൊക്കെ ചവറ്റുകൊട്ടയിലെറിയാന്‍ സര്‍ക്കാരിന് നേതൃത്വംനല്‍കുന്ന കക്ഷിയെന്ന നിലയില്‍ സി പി എമ്മിന് അനായാസം കഴിയുമായിരുന്നു. ആഭ്യന്തരവകുപ്പാണെങ്കില്‍ സ്വന്തം നേതാവിന്റെ കീഴിലും.  ശശിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് ശിപാര്‍ശ തള്ളിക്കൊണ്ടാണ് പുറത്താക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന സമിതി നേരത്തെ തീരുമാനിച്ചിരുന്നത്. പെരുമാറ്റദൂഷ്യം ഗുരുതരമായ കുറ്റമായതിനാല്‍ ഇത് മതിയായ ശിക്ഷയല്ലെന്ന് വി എസ് അച്ചുതാനന്ദനടക്കമുള്ള ചില പ്രമുഖര്‍ വാദിച്ചു. വൈക്കം വിശ്വന്‍ അധ്യക്ഷനായ അന്വേഷണക്കമ്മിറ്റിയും ശശി മോശക്കാരനല്ലെന്നും രോഗം ഗുരുതരമാണെന്നും കണ്ടെത്തി. പോളിറ്റ് ബ്യൂറോ അത് അംഗീകരിക്കുകയും പുറത്താക്കല്‍ നടപടിക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

               ആരോപണം കത്തിപ്പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശശി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവായിക്കൊണ്ടുള്ള രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയായ അച്ചുതാനന്ദനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഈ കത്തും രാജിക്കത്തും പരസ്യപ്പെടുത്തുക വഴി ശശി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായി സംസ്ഥാന സമിതി അഭിപ്രായപ്പെടുകയുണ്ടായി.  പാര്‍ട്ടിയിലെ വനിതാ നേതാക്കളുടെ പ്രതിഷേധമാകട്ടെ അതീവ ശക്തവുമായിരുന്നു.
 
               പാര്‍ട്ടി ബന്ധമുള്ളവരും ഉത്തരവാദപ്പെട്ടവരുമാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്തവരെ വച്ചുകൊണ്ടിരിക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. ഇത്തരം പരാതി ഉയരുമ്പോഴേ നടപടി എന്നതാണ് പാര്‍ട്ടി രീതി. മുമ്പ് പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബല്‍വന്ത് സിംഗിനെതിരെയും കേന്ദ്ര കമ്മിറ്റിയംഗം വരദരാജനെതിരെയും സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ ശക്തമായ നടപടി എടുത്തിട്ടുണ്ട്. പറവൂര്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചപ്പോള്‍  തന്നെ അയാളെ പുറത്താക്കി. ഇത്തരം കേസുകളില്‍ പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം പരാതി തന്നെയാണ് പ്രധാനം. പാര്‍ട്ടി നടപടിയെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുമെന്നായിരുന്നു വി എസിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് വലിച്ചെറിയുന്ന നരാധമന്മാരെ കുറിച്ച് നാടുനീളെ അമര്‍ഷം പ്രകടിപ്പിക്കുകയും അവരെ കയ്യാമംവെച്ച് ജയിലിലടക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ഉറപ്പുനല്‍കുകയും ചെയ്ത വി എസ് ഉത്തരംമുട്ടിയത് ശശിയുടെ കാര്യത്തില്‍ മാത്രമായിരുന്നുവല്ലോ.

               ഔദ്യോഗിക പക്ഷത്തെ അപ്രമാദിത്യമുള്ള നേതാവും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശ്വസ്തനുമായിരുന്നു ശശി. ലൈംഗിക ആരോപണം ശക്തമായപ്പോള്‍ പിണറായി തന്നെയാണ് സംസ്ഥാന സമിതിയില്‍ ശശിക്കെതിരെ പുറത്താക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദ്യമായി സൂചന നല്‍കിയതും. സി പി എം മാത്രമല്ല ഏറെക്കുറെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും അനുഭവിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയാണിത്. ഫ്രോയിഡിന്റെ അനുയായികള്‍  ബൂര്‍ഷ്വാ പാര്‍ട്ടികളിലാണ് കൂടുതലുള്ളത്. അവര്‍ക്ക് പരിചരണത്തിന് ബോബ് ചെയ്ത വെളുത്ത പെണ്ണുങ്ങള്‍ തന്നെ വേണം. അത്തരം പാര്‍ട്ടി നേതാക്കള്‍  അപ്രിയ സത്യങ്ങള്‍ മൂടിവെക്കും. സദാചാരവിരുദ്ധരെ വെള്ളപൂശും. അതുകൊണ്ടാണ് പ്രസ്ഥാനങ്ങളില്‍ ഗൂഢപാപങ്ങള്‍ പങ്കിടുന്നവരുടെ എണ്ണം അനുദിനം പെരുകുന്നത്. നാളെ ഹവ്വാബീച്ച് പോലെ പാര്‍ട്ടി ഓഫീസുകള്‍ അധ:പതിച്ചാലും ആരും അത്ഭുതപ്പെടേണ്ട.

               കേരളത്തില്‍ ഭയാനകമാംവിധം സെക്‌സ് റാക്കറ്റുകള്‍ പെരുകുന്നതിനു ഇത്തരം സംഭവങ്ങള്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്.  കുരുന്നുപ്രായത്തിലുള്ള കൊച്ചുപെണ്‍കുട്ടികളെ പോലും ഈ കാമവെറിയന്മാര്‍ വേട്ടയാടുകയാണിന്ന്. കോതമംഗലം, പറവൂര്‍ സംഭവങ്ങള്‍ അത്യന്തം അഭിശപ്തമായ അനുഭവങ്ങളാണ് വിളംബരംചെയ്യുന്നത്. എന്തുചെയ്താലും രക്ഷയുടെ കരങ്ങള്‍ സഹായത്തിനെത്തുമെന്ന് ഇത്തരക്കാര്‍ക്ക് ഉറപ്പുണ്ട്. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാര്‍. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ മാനുഷികബന്ധങ്ങള്‍ പോലും ജീര്‍ണിച്ചുതകരും.   മനോരോഗികളുടെ നാടായി കേരളം ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. സ്ത്രീ ശരീരത്തെ കച്ചവടവസ്തുവാക്കുന്ന പുതിയൊരു സംസ്‌കാരം ഇവിടെ തഴച്ചുവളരുകയാണ്. ഇതിന്    സമൂഹത്തിലെ ഉന്നതന്മാര്‍ നേതൃത്വം നല്‍കുന്നു എന്നുവന്നാല്‍ പിന്നെ എവിടെയാണ് ഒരാശ്രയം? ശശിക്കെതിരെ നടപടിയെടുക്കാന്‍ സി പി എം കാണിച്ച ആര്‍ജ്ജവം മറ്റ് പാര്‍ട്ടികളും പിന്തുടര്‍ന്നിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു.

Friday, July 1, 2011

പി സി അഹമ്മദ് സാഹിബ്: സൗഹൃദത്തിന്റെ മഹാസാന്നിധ്യം


                ആത്മാര്‍ഥതയുടെ ഒരു വിശുദ്ധപുഷ്പം കൂടി ഞെട്ടറ്റുവീണു.  ആ മന്ദസ്മിതം എന്നെന്നേക്കുമായി മാഞ്ഞു. അരനൂറ്റാണ്ടിലേറെ വയനാടിന്റെ കര്‍മ്മരംഗത്തു നിറഞ്ഞുനിന്ന പി സി അഹമ്മദു സാഹിബ് യാത്രയായി. നന്മയുടെയും ആദര്‍ശത്തിന്റെയും സൗഹൃദത്തിന്റെയും പ്രഭ ചൊരിഞ്ഞ പ്രസന്നഭരിതമായ ആ മുഖം ഇനി വേദന കിനിയുന്ന ഓര്‍മ മാത്രം. സഹപ്രവര്‍ത്തകരാലും സഹജീവികളാലും ഏറെ ആദരിക്കപ്പെട്ട പി സി യുടെ പൊതുജീവിതം മകരസൂര്യനോമനിക്കുന്ന മഞ്ഞുതുള്ളി പോലെ എന്നും നിര്‍മലമായിരിക്കും.

                പ്രമുഖരായ മുന്‍ഗാമികള്‍ പകര്‍ന്നുനല്‍കിയ ദിശാബോധം കൈമുതലാക്കി രാജ്യം മതേതരത്വത്തിലേക്ക് നീന്തിക്കയറണമെന്ന് ആഗ്രഹിച്ച നേതാവാണ്  പി സി.  ഇഹ-പര ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന് തെളിഞ്ഞ അവബോധമുണ്ടായിരുന്നു. സംഘടനാ പരിമിതികളെ കവച്ചുവെക്കുന്ന അര്‍പ്പണബോധമായിരുന്നു  അദ്ദേഹത്തിന്റെത്. സദാ ജാഗ്രതയോടെ വര്‍ത്തിക്കുന്ന രാഷ്ട്രീയമനസ്സാണ്  പി സിയെ വയനാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല എപ്പോഴും  ജനങ്ങള്‍ക്കൊപ്പം നിന്നു. സുരക്ഷിതവും ആദായകരവുമായ ജീവിതമാര്‍ഗമായി ബിസിനസ് തെരഞ്ഞെടുത്ത പി സിക്ക്  രാഷ്ട്രീയ പ്രവര്‍ത്തനം  ഒരിക്കലും ഉപജീവനമാര്‍ഗ്ഗമേ ആയിരുന്നില്ല. അതുകൊണ്ട് പുതുതലമുറക്ക് അദ്ദേഹത്തില്‍നിന്ന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ട്.

               ആറുപതിറ്റാണ്ട് മുമ്പ് ജന്മനാടായ മാഹിയില്‍നിന്ന്  സുല്‍ത്താന്‍ബത്തേരിയിലേക്ക് ചുരംകയറിയ പി സിയെ വളര്‍ത്തിയത് വയനാടാണെങ്കില്‍ അതേ കടപ്പാട് ആ പ്രദേശത്തിന് അദ്ദേഹത്തോടുമുണ്ട്. വയനാടന്‍ മലനിരകളെ പുളകമണിയിച്ചവരുടെ പട്ടികയില്‍ നിന്ന് പി സിയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. നീണ്ട 25 വര്‍ഷം അദ്ദേഹമായിരുന്നു ബത്തേരി പഞ്ചായത്ത് പ്രസിഡണ്ട്. നഗരസമാനമായ വികസനം ഈ പഞ്ചായത്തിന് ലഭിച്ചത് അക്കാലയളിലായിരുന്നു. സംസ്ഥാനത്തെ ശ്രദ്ധേയമായ പട്ടണമായി ബത്തേരി വളര്‍ന്നു. അക്ഷരങ്ങളുടെ താളം അന്ത്യംവരെ മനസ്സില്‍ സൂക്ഷിച്ച പി സി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്ക് അക്ഷീണം യത്‌നിച്ചു. എം ഇ എസിന്റെ ജില്ലാ പ്രസിഡണ്ടായും കലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗമായും അദ്ദേഹം ഈ രംഗത്ത് ചെയ്ത സേവനം വിദ്യയുടെ മഹത്വമറിയുന്നവരെല്ലാം ആദരിക്കാതിരിക്കില്ല.

               വസ്ത്രവ്യാപാര രംഗത്ത് പി സി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. കാഞ്ഞിരാണ്ടി സ്റ്റോറും അനുബന്ധ സ്ഥാപനങ്ങളും മലബാറുകാര്‍ക്ക് സുപരിചിതമാണ്. വ്യാപാരരംഗത്ത് മികച്ച കച്ചവട മാതൃകകള്‍ അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി.

               സമത്വസുന്ദരമായ ഭാരതം സ്വപ്നം കണ്ട് ഒരു വിപ്‌ളവകാരിയുടെ വീറോടെ പൊതുരംഗത്ത് വന്ന പി സി തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു. സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ സമുന്നത നേതാവായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അദ്ദേഹം ദിശമാറി മുസ്‌ലിംലീഗിലെത്തുന്നത്. വയനാട് ജില്ലാ മുസ്‌ലിംലീഗിന്റെ  ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അദ്ദേഹം പാര്‍ട്ടിക്ക് വയനാട്ടില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ അദ്വിതീയമായ പങ്കാണ് വഹിച്ചത്. മരിക്കുമ്പോള്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ ഉപാധ്യക്ഷനുമായിരുന്നു.

             രാഷ്ട്രീയം, കച്ചവടം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ധാര്‍മികതയില്‍ ചുവടുറപ്പിക്കാതെ ഒന്നിനും നിലനില്‍ക്കാനാവില്ലെന്ന് പി സിക്കറിയാമായിരുന്നു. അതുകൊണ്ട് പൊതുജീവിതത്തിലെ തിന്മകളോട് അദ്ദേഹം മുഖംതിരിച്ചു നിന്നു. സി എച്ചു മുഹമ്മദുകോയയില്‍ നിന്നും കെ കെ അബുസാഹിബില്‍ നിന്നും പി സി പലതും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതര മതസ്ഥരുമായി നിതാന്തബന്ധമുണ്ടായിരുന്ന പി സി സമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും കാവല്‍ക്കാരന്‍ കൂടിയായിരുന്നു.

              മുജാഹിദ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ പ്രധാനിയായും സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായ പി സി മത നവോത്ഥാന രംഗത്ത് നിര്‍വഹിച്ച സേവനം അവിസ്മരണീയമാണ്. പനമരത്ത് നടന്ന കെ എന്‍ എം സംസ്ഥാന സമ്മേളനം മഹാസംഭവമാക്കി  മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചരിത്രത്തിന്റെ തങ്കത്താളുകളില്‍ രേഖപ്പെടുത്തപ്പെടും. അനാഥസംരക്ഷണ മേഖലയിലും പി സി യുടെ സേവനം കനപ്പെട്ടതാണ്.

               ചിന്തകളെ സമ്പന്നമാക്കാന്‍ ശ്രമിക്കുകയും അന്ത്യംവരെ കര്‍മനിര്‍ഭരമായ ജീവിതം നയിക്കുകയും പൊതുജീവിതത്തില്‍ ആഭിജാത്യം നിറഞ്ഞ ശൈലി കാത്തുസൂക്ഷിക്കുകയും ചെയ്ത, സൗഹൃദത്തിന്റെ മഹാസാന്നിധ്യമായിരുന്ന അഹമ്മദ് സാഹിബിന്റെ വിയോഗം  അപരിഹാര്യമായ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. കാരണം വര്‍ത്തമാനത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അദ്ദേഹം അര്‍പ്പിച്ച സംഭാവനകള്‍ അത്രമാത്രം വിലപ്പെട്ടതാണ്.

               സര്‍വശക്തന്‍ അദ്ദേഹത്തിന് പരലോക സൗഭാഗ്യം നല്‍കുമാറാകട്ടെ; ആമീന്‍.
Related Posts Plugin for WordPress, Blogger...