Friday, December 31, 2010

രാജസ്ഥാനിലെ സംവരണ പ്രക്ഷോഭം


        സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ നടത്തുന്ന സമരം ഒമ്പത് ദിവസം പിന്നിട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ഇതുമൂലം വടക്കെ ഇന്ത്യയിലെ റയില്‍ ഗതാഗതം ആകെ തടസ്സപ്പെട്ടു. ദേശീയപാതയിലൂടെയുള്ള ഗതാഗതവും താറുമാറായി. ജയ്പൂര്‍-ഡല്‍ഹി ഹൈവേയില്‍ ഒരു സംഘം യുവാക്കള്‍ ലോറി തടഞ്ഞുനിര്‍ത്തി കത്തിച്ചു. പാരാ മിലിറ്ററി ഫോഴ്‌സിനെ രാജസ്ഥാനില്‍ വിന്യസിക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍. കേരളത്തിലേക്കുള്ള ട്രെയിനുകളെയും സമരം ബാധിച്ചുതുടങ്ങിയിരിക്കുന്നു.

        കഴിഞ്ഞ ഏഴുവര്‍ഷമായി ഗുജ്ജാറുകള്‍ ഈ ആവശ്യം നേടിയെടുക്കാന്‍ ശബ്ദമുയര്‍ത്തുന്നു.   2007മുതല്‍  അവര്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്. 15 പേര്‍  ഇതിനകം കൊല്ലപ്പെടുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ബി ജെ പി ഭരണത്തിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയും ഗുജ്ജാര്‍ പ്രതിനിധി സംഘവും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിച്ചുവെങ്കിലും പട്ടികജാതി പദവി വേണമെന്ന അവരുടെ ആവശ്യം മാത്രം പൂവണിഞ്ഞില്ല. സമരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച്‌ലക്ഷം രൂപ വീതം നഷ്ടപരിഹാരം കിട്ടിയത് മാത്രം മിച്ചം. പട്ടികജാതി പദവി നിര്‍ണയിക്കുന്നതിന് റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെട നേതൃത്വത്തില്‍ സമിതിയുണ്ടാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും അതും ലക്ഷ്യംകണ്ടില്ല.

        അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാടോടി വര്‍ഗക്കാരാണ് ഗുജ്ജാറുകള്‍. ജാതി സ്പര്‍ധ ശക്തമായി വേരോടിയ രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ പുരോഗതിക്ക് വിലങ്ങുതടിയായി വര്‍ത്തിക്കുന്നത് അവിടത്തെ പ്രബല സമുദായമായ മീണരുടെ കടുത്ത എതിര്‍പ്പാണ്. ജാതി സംവരണം അമ്പതുശതമാനത്തില്‍ കൂടരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഗുജ്ജാറുകളുടെ അഞ്ച്ശതമാനം സംവരണം തടഞ്ഞതും വലിയ തിരിച്ചടിയായി. എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണിവര്‍. ആനുകൂല്യം ലഭിക്കുംവരെ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയില്ലെന്ന വാശിയിലുമാണവര്‍.

        ബി ജെ പി ഭരണത്തില്‍ ഗുജ്ജാറുകളുടെ സമരത്തെ ന്യായീകരിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ രാജസ്ഥാന്‍ ഭരിക്കുന്നത്. സംവരണത്തിന് വേണ്ടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജ്ജാറുകള്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. അജ്മീറില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനും വാഹനങ്ങള്‍ ഓടിക്കരുതെന്നും അവര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഊര്‍ജമന്ത്രി ജിതേന്ദ്രസിങ്ങുമായി ഗുജ്ജാര്‍ നേതാവ് കിരോരി സിങ്ങ് ബൈന്‍സ്‌ലേ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

        സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് വേണ്ടത് അധികാരിവര്‍ഗത്തിന്റെ മാമൂല്‍ സാന്ത്വനമല്ല. പ്രബല വിഭാഗത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായി ഇത്തരം സമരങ്ങളെ കാണാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ചിലപ്പോഴെക്കെ കോടതികള്‍ക്കും കഴിയാതെ പോകുന്നു. വിരലിലെണ്ണാവുന്ന സ്റ്റേറ്റുകളിലേ ഇന്ന് സംവരണം നിലവിലുള്ളൂ. പട്ടികജാതി- പട്ടികവര്‍ഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കാം. ഗുജ്ജാറുകള്‍  തങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ സംവരണം അമ്പത്ശതമാനത്തില്‍ നിന്നില്ലെന്നു വരും. അതിനെ മറികടക്കാനുള്ള വഴി സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ട്.
തമിള്‍നാടിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് തോന്നുന്നു. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 69 ശതമാനമാണ് സംവരണം. 1993ലാണ് സംവരണം 69 ശതമാനമാക്കി ഉയര്‍ത്തിയത്. കോടതികളുടെ പുന:പരിശോധന ഒഴിവാക്കാന്‍ ഇത് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആകെ സംവരണം അമ്പത് ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരഭിഭാഷകന്‍ ഈ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്‌തെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി സംവരണം തുടരാനാണ് ഉന്നത നീതിപീഠം ഉത്തരവായത്.

        നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷതക്ക് ഇന്ത്യയെ പോലെ 80 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് സംവരണം അനിവാര്യമാണ്. എക്കാലവും അതു തുടരേണ്ടതുണ്ടെന്ന അഭിപ്രായമില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ തുല്യനീതി ഉറപ്പുവരുത്തുന്ന ദിവസം സംവരണം എടുത്തുകളയാം. അതിന് എത്രകാലം കാത്തിരിക്കേണ്ടിവരും എന്ന് നിശ്ചയിക്കേണ്ടത് ഭരണകൂടമാണ്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെയും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും ശിക്ഷാര്‍ഹമായ അലംഭാവമാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതും പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും. ജാതി, സമുദായ സമവാക്യങ്ങളില്‍ നിന്ന് രാജ്യം സമീപഭാവിയിലൊന്നും  രക്ഷപ്പെടില്ലെന്നും അവരുടെ പിന്നോക്കാവസ്ഥ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ അഭാവത്തില്‍ ഇനിയുമേറെ കാലം തുടരുമെന്നും നന്നായി അറിയുന്നതും അവര്‍ക്കാണല്ലോ.

        ഗുജ്ജാര്‍ സമരത്തിന്റെ പിന്നില്‍ ബി ജെ പിയാണെന്ന് മുഖ്യമന്ത്രി ഗഹലോട്ട് ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിനിടെ നാഗ്പൂരിലാണ് ഇതിനുള്ള ഉപജാപം നടന്നതെന്നും അദ്ദേഹം പറയുന്നു. ശരിയായിരിക്കാം. ഒരു തിരിച്ചുവരവ് ബി ജെ പിയുടെ അജണ്ടയിലുണ്ടാവുക സ്വാഭാവികം. അതുകൊണ്ട് ഗുജ്ജാറുകളുടെ ആവശ്യം ന്യായമല്ലെന്ന് വരുമോ?  മുതലെടുപ്പിന് ഇതര കക്ഷികള്‍ക്ക് അവസരം കൊടുക്കാതിരിക്കുന്നതിന് പകരം രാഷ്ട്രീയപ്രേരിതം എന്ന്  കുറ്റപ്പെടുത്തി കൈകകഴുകുന്നത് ശരിയാണോ?

Wednesday, December 29, 2010

കോണ്‍ഗ്രസ് മടങ്ങട്ടെ ഗാന്ധിജിയിലേക്ക്



        നൂറ്റാണ്ടിനപ്പുറവും ഇപ്പുറവും ഒരു നിര്‍ണായക ശക്തിയായി നിലകൊള്ളാന്‍ ഭാഗ്യം സിദ്ധിച്ച രാജ്യത്തെ ഏക രാഷ്ട്രീയകക്ഷിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 1885 ഡിസമ്പര്‍ 28ന് ജന്മംകൊണ്ട പാര്‍ട്ടി 125 വര്‍ഷം പിന്നിടുമ്പോഴും ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര ജനാധിപത്യ പ്രസ്ഥാനമെന്ന അതിന്റെ സല്‍കീര്‍ത്തി ഒരു പരിധിവരെ നിലനിര്‍ത്തിയെന്ന്  പ്രവര്‍ത്തകന്മാര്‍ക്കും നേതാക്കള്‍ക്കും അവകാശപ്പെടാം. ഇന്ത്യക്കാരന്റെ നേരും നെടുവീര്‍പ്പുകളും ഇത്രയേറെ ഏറ്റുവാങ്ങിയ മറ്റൊരു രാഷ്ട്രീയകക്ഷിയും ഇന്ത്യയിലില്ലെന്ന് തീര്‍ത്തുപറയാം. ആയുസ്സിന്റെ ആദ്യപകുതിയില്‍ കോണ്‍ഗ്രസ് നേരിട്ടത് പാരതന്ത്ര്യത്തിന്റെ വെല്ലുവിളികളായിരുന്നെങ്കില്‍ കാലചക്രം കറങ്ങിയെത്തുമ്പോള്‍ ബ്രിട്ടീഷുകാരനായ എ ഒ ഹ്യൂമില്‍ നിന്ന് ഇറ്റലിക്കാരിയായ സോണിയാഗാന്ധിയെത്തിയത് ആകസ്മികമാകാമെങ്കിലും ചിന്തിക്കുന്നവര്‍ക്ക് അതില്‍ വലിയ ഗുണപാഠങ്ങള്‍ കണ്ടെത്താനാവും.
പാര്‍ട്ടിയുടെ തുടക്കം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും തുടര്‍ച്ച വിസ്മയകരമായിരുന്നു. കോണ്‍ഗ്രസിനെ വലിയൊരു വിമോചനപ്രസ്ഥാനമാക്കിയത് മഹാത്മാഗാന്ധിയാണ്. ഇതിന് ഗാന്ധിജി ഉപയോഗപ്പെടുത്തിയ മഹാ ആയുധം ഒരു മരച്ചര്‍ക്കയായിരുന്നു. അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന സ്‌കോട്‌ലന്റുകാരന്‍ സായ്പ് സ്ഥാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കത്തില്‍ ഇന്ത്യന്‍ അഭിജാത വര്‍ഗത്തിന്റെ ഒരു ക്‌ളബ്ബ് മാത്രമായിരുന്നു. ഇംഗ്‌ളണ്ടില്‍ നിലനിന്ന മാനവസമത്വ സങ്കല്‍പമാണ് അതിന്റെ പ്രയാണഗതിയില്‍ സ്വാധീനം ചെലുത്തിയത്. ദേശീയബോധവും അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാത്ത സ്വാതന്ത്ര്യദാഹവും അതിന്റെ ഫലമായി ഉണ്ടായതാണ്.

        സ്വാതന്ത്ര്യസമരത്തിന്റെ വിവിധ വഴികളിലൂടെ കടന്നുവന്ന കോണ്‍ഗ്രസ് തന്നെയാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ചതും. ആരുടെയും ഔദാര്യമില്ലാതെ കേന്ദ്രവും സംസ്ഥാനങ്ങളും  കയ്യിലിട്ട് അമ്മാനമാടാന്‍ കിട്ടിയ അവസരം യഥാവിധി പ്രയോജനപ്പെടുത്താതിരുന്നതിന്റെ അനിവാര്യ ഫലമാണ് പാര്‍ട്ടിക്ക് പിന്നീട് അടിക്കടിയുണ്ടായ ശക്തിക്ഷയം. ഗാന്ധിജി അനാസക്തിയിലൂടെയും സഹനത്തിലൂടെയും സംഘശക്തി സമാഹരിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പ്രകടിപ്പിച്ച അനിതരസാധാരണമായ കഴിവും മനസ്ഥൈര്യവും ശിശുസഹജമായ നിഷ്‌ക്കളങ്കതയും സ്വാതന്ത്യമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായി. ഉത്തമരും കര്‍മനിരതരുമായ നേതൃത്വത്തിന്റെ കൈകളില്‍ രാജ്യത്തിന്റെ ഭാഗധേയം ഏല്‍പിച്ചതിന് ശേഷമാണ് ആ മഹാത്മാവ് ചരിത്രത്തിലേക്ക് കയറിപ്പോയത്. രാഷ്ട്രീയപ്രവര്‍ത്തനം സമര്‍പ്പിതമായ തപസ്യയാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളായിരുന്നു രാഷ്ട്രപിതാവിന്റെ സഹപ്രവര്‍ത്തകരും. തികവും മികവും സനിഷ്‌ക്കര്‍ഷം പുലര്‍ത്തിയ അവര്‍ രാജ്യതന്ത്രജ്ഞതയുടെ പട്ടുപാതയിലൂടെ ഇന്ത്യയെ മുമ്പോട്ടുനയിക്കാന്‍ പരമാവധി പരിശ്രമിക്കുകയുണ്ടായി. പണ്ഡിറ്റ് നെഹറുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അബുല്‍കലാം ആസാദും പട്ടേലും മൊറാര്‍ജി ദേശായിയും ഇന്ദിരയുമെല്ലാം അക്കൂട്ടത്തില്‍പെടും. 

        പ്രതിഭാ ദാരിദ്ര്യമായിരുന്നു പിന്നീട് നേതൃത്വത്തില്‍ വന്നവരുടെ പ്രധാന പ്രതിസന്ധി. രാഷ്ട്രീയക്കാര്‍ സദാചാരത്തിന്റെ മൂര്‍ത്തികളായിരിക്കണമെന്ന ചിന്തക്ക് അതോടെ മങ്ങലേറ്റുതുടങ്ങി.  പൊതുജീവിതത്തിന്റെ സംശുദ്ധിയും ലാളിത്യവും കൈമോശം വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല ഭരണക്രമവും താളുതെറ്റി. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുമ്പോഴും അക്രമികള്‍ക്ക് മുമ്പില്‍ നേതൃത്വം മുട്ടുമടക്കുന്നത് രാജ്യം വേദനയോടെ കണ്ടു. സ്‌ഫോടകശേഷിയുള്ള പ്രശ്‌നങ്ങളെ വിലകൊടുത്ത് വാങ്ങിയ രാജീവ്ഗാന്ധിയും നരസിംഹറാവുവും അത് സമ്മാനിച്ച  തിക്താനുഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നു.

        കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ ആരും ചോദ്യംചെയ്യില്ല. അതിന്റെ പൈതൃകത്തെ തള്ളിപ്പറയാനും നിഷേധിക്കാനും ആര്‍ക്കും കഴിയുകയുമില്ല. എന്നാല്‍ ഇല്ലായ്മയുടെ വറുതിത്തറയില്‍ വലിയ ബാധ്യതകളോടെ രാജ്യത്തെയെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും കൈകഴുകാനാവില്ല. കള്ളപ്പണക്കാരും അഴിമതിക്കാരും കൂറുമാറ്റക്കാരും മാഫിയാ സംഘങ്ങളും രാജ്യത്തിന്റെ പുരോഗതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതിലും കോണ്‍ഗ്രസിന്റെ സംഭാവന ചെറുതല്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണല്ലോ 2ജി സ്‌പെക്ട്രം അഴിമതി. 175000 കോടി രൂപയുടെ അഴിമതിയെന്നത് 120 കോടി ജനങ്ങളുള്ള രാജ്യത്തിന് താങ്ങാവുന്നതാണോ? ഇത്തരം വിവാദപ്രശ്‌നങ്ങളില്‍ പെട്ട് പാര്‍ലമെന്റ് പോലും ആഴ്ചകളോളം സ്തംഭിക്കുന്ന അവസ്ഥയെ  കോണ്‍ഗ്രസ് നേരിട്ട രീതി കണ്ടാലറിയാം ഊരിലെ പഞ്ഞം.

        ഇതിനിടയില്‍ കോണ്‍ഗ്രസിനെ പലവട്ടം ജനങ്ങള്‍ കൈവിടാന്‍ നിര്‍ബന്ധിതമായി. പലരേയും ജനം മാറിമാറി പരീക്ഷിച്ചുനോക്കി. പകരക്കാരിലും നല്ലൊരു പങ്ക് പഴയ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. അധികാരമെന്ന ലക്ഷ്യത്തിലേക്കുള്ള അന്ധമായ കുതിപ്പില്‍   ആദര്‍ശങ്ങളും തത്വങ്ങളും അവരും കയ്യൊഴിയുന്നത് കണ്ടപ്പോഴാണ് തമ്മില്‍ ഭേദം തൊമ്മനെന്ന നിലയില്‍ ജനങ്ങള്‍ പിന്നെയും പഴയ കോണ്‍ഗ്രസിനെ തന്നെ വരിക്കാന്‍ നിര്‍ബന്ധിതരായത്. കോണ്‍ഗ്രസിന്റെ  ഒറ്റകക്ഷി ഭരണം എന്ന അഹങ്കാരം അവസാനിപ്പിച്ചുവെന്നത് ഇന്ത്യന്‍ജനതക്ക് ഒരു ബഹുമതിയായി അവകാശപ്പെടാമെന്ന് തോന്നുന്നു.

        നരസിംഹറാവുവിന് ശേഷം പ്രതിസന്ധിയില്‍ വലഞ്ഞ കോണ്‍ഗ്രസിന് രക്ഷയായി വര്‍ത്തിച്ചത് സോണിയാഗാന്ധിയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ആഗോളവല്‍ക്കരണത്തിലും സാമ്രാജ്യത്വ ദാസ്യത്തിലും അല്പം മുന്നിലാണെങ്കിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പ്രകടനവും പാര്‍ട്ടിയെ വലിയ പരുക്കേല്‍ക്കാതെ  നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇനിയും രാജ്യത്ത് ശോഭനമായ ഭാവിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും വളരാനും അവര്‍ക്ക് കഴിയുന്നില്ലെന്നത് മറ്റൊരു കാര്യം. 126-#ാ#ം വയസ്സിലേക്ക് കടക്കുമ്പോഴെങ്കിലും അവര്‍ ആത്മപരിശോധന നടത്തുമെന്ന് പ്രത്യാശിക്കാം.

Monday, December 27, 2010

വിക്ഷേപണ പരാജയം: വിശദീകരണത്തില്‍ ഒതുങ്ങരുത്


       ക്രിസ്തുമസ് ദിനത്തില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യ നടത്തിയ ജിസാറ്റ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടുവെന്നത് രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങള്‍ക്ക് വലിയ ആഘാതം ഏല്‍പ്പിക്കുമെന്നുറപ്പാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-5 പിയുമായി ഐ എസ് ആര്‍ ഒയുടെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന്  കുതിച്ചുയര്‍ന്ന ജി എസ് എല്‍ വി എഫ് 06 റോക്കറ്റാണ് വിക്ഷേപിച്ച് ഒരു മിനുട്ടിനകം നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ തകര്‍ക്കേണ്ടിവന്നത്. നിയന്ത്രിച്ച് കടലില്‍ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍  ദുരന്തം ഒഴിവാക്കാനാണ്  പുറംചട്ടക്കുള്ളില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് തകര്‍ത്തുകളഞ്ഞത്.
ഭൂമിയില്‍നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ഉയരത്തിലും ശ്രീഹരിക്കോട്ടയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരത്തിലും എത്തിയപ്പോഴാണ് സ്‌ഫോടനം നടത്തിയത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചിതറി വീണപ്പോള്‍  ഖജനാവിന് നഷ്ടമായത് 350 കോടി രൂപയാണ്. ജി എസ് എല്‍ വി റോക്കറ്റിന് 175 കോടി രൂപയാണ് നിര്‍മാമച്ചെലവ്. ജിസാറ്റ് ഉപഗ്രത്തിന് 150 കോടിയും. ഈ മാസം 20ന് നടത്താനിരുന്ന വിക്ഷേപണം ക്രയോജനിക് എഞ്ചിനില്‍ കണ്ടെത്തിയ ചോര്‍ച്ചമൂലമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. സാമ്പത്തിക നഷ്ടത്തേക്കാള്‍ വലുതായി നാം കണ്ടത് അതിന്റെ വിജയകരമായ വിക്ഷേപണംകൊണ്ട് ലക്ഷ്യംവെച്ച ശാസ്ത്രസാങ്കേതിക നേട്ടങ്ങളായിരുന്നു. പരാജയത്തിന്റെ  പശ്ചാത്തലത്തില്‍ അത് സ്വന്തമാക്കാന്‍ ഇനിയും ഏത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് പറയാനാവില്ല. പ്രതിഭാശക്തിയില്‍ അദ്വിതീയരും സാങ്കേതികമികവില്‍ കേമന്മാരുമാണ് നമ്മുടെ ശാസ്ത്രജ്ഞന്മാരെങ്കിലും ബഹിരാകാശ ദുരന്തങ്ങള്‍ക്ക് ശുഭപരിണതി ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

       ജി എസ് എല്‍ വി റോക്കറ്റ് ഇക്കൊല്ലം തുടര്‍ച്ചയായി രണ്ടാംതവണയാണ് പരാജയപ്പെടുന്നത്. ഏപ്രില്‍ 15ന് ഐ എസ് ആര്‍ ഒയുടെ സ്വന്തം ക്രയോജനിക് എഞ്ചിന്‍ പരീക്ഷിച്ച റോക്കറ്റും തകര്‍ന്നു വീണിരുന്നു. റഷ്യന്‍ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ച റോക്കറ്റാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. ഈ പരാജയങ്ങള്‍ ഇന്ത്യയുടെ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെ ചുരുങ്ങിയ പക്ഷം രണ്ടുവര്‍ഷമെങ്കിലും പിന്നിലാക്കുമെന്നുറപ്പാണ്. ടെലികോം, ടി വി,  ടെലി മെഡിസിന്‍, കാലാവസ്ഥ പ്രവചനം, കൃഷി തുടങ്ങിയ നിരവധി മേഖലകള്‍ക്ക് പ്രയോജനപ്പെടേണ്ടതായിരുന്നു ജിസാറ്റ് ഉപഗ്രഹം.
ജി എസ് എല്‍ വി റോക്കറ്റിന്റെ പരാജയങ്ങളാണ് ചന്ദ്രയാന്‍-2 ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കുമേല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. കാരണം ചന്ദ്രയാന്‍ പോലുള്ള വലിയ ദൗത്യങ്ങള്‍ക്ക് ജി എസ് എല്‍ വി റോക്കറ്റാണ് വേണ്ടത്. 2001ന് ശേഷം ഇന്ത്യ വിക്ഷേപിച്ച ഏഴ് ജി എസ് എല്‍ വി റോക്കററുകളില്‍ നാലും പരാജയപ്പെടുകയായിരുന്നു. ഈ റോക്കററുകള്‍ കരുത്തുതെളിയിച്ചുവെന്ന് അവകാശപ്പെടുന്ന  ഐ എസ് ആര്‍ ഒ മേധാവികള്‍ പരാജയത്തിന് തൃപ്തികരമായ കാരണങ്ങള്‍ നിരത്താന്‍ ഇതുവരെ തയാറായിട്ടില്ല. തികച്ചും നിസ്സാരമായ ഒരു പിഴവില്‍ തട്ടിയാണ് ജി എസ് എല്‍ വി ശനിയാഴ്ച പരാജയപ്പെട്ടതെന്നാണ് വാദം. പിഴവുകള്‍ ചെറുതായാലും വലുതായാലും സംഭവിക്കുന്നത് ഭീമമായ നഷ്ടവും നികത്താനാവാത്ത മാനഹാനിയുമാണല്ലോ. തിരിച്ചടികളെ താല്‍ക്കാലികമെന്നും നിസ്സാരമെന്നും വിലയിരുത്തി  അപരാധങ്ങളില്‍നിന്ന് കൈകഴുകുന്ന നിരീക്ഷണ ബുദ്ധികള്‍ യഥാര്‍ഥത്തില്‍ തളര്‍ച്ചയുടെ പടവുകളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

       കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് 20ന് വിക്ഷേപണം മാറ്റിവെച്ചത്. ചോര്‍ച്ച അടച്ച് നടത്തിയ വിക്ഷേപണവും വിജയിക്കാതെ പോയപ്പോള്‍ റോക്കറ്റ് മാത്രമല്ല രാജ്യത്തിന്റെ   ആഢ്യത്വവും കൂടിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുകിപ്പോയതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. 2015ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ രാജ്യം ശ്രമിക്കുകയാണല്ലോ. ഈ പദ്ധതിക്ക് 13000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ജി എസ് എല്‍ വിയുടെ വിശ്വാസ്യത തെളിയിച്ച ശേഷമേ മനുഷ്യനെ അയക്കുക എന്ന പദ്ധതിയുമായി മുമ്പോട്ടുപോകാനാകൂ.

       കര്‍ശനമായ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമേ വിക്ഷേപണം പാടുള്ളൂവെന്ന് അറിയാത്തവരാണോ ഇതിന്റെ അമരത്തിരിക്കുന്നവര്‍? ശ്രീഹരിക്കോട്ടയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചാന്ദ്രയാന്‍-2 ന്റെ യാത്രയും വൈകാനാണ് സാധ്യത. ആറ് മാസത്തിനിടെ രണ്ടു പരാജയം സംഭവിച്ചത് നമ്മുടെ ബഹിരാകാശ പദ്ധതികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇതിനകം നാം ആര്‍ജ്ജിച്ച പ്രതിഛായക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. 

       ഐ എസ് ആര്‍ ഒയുടെ വിജയരഹസ്യം ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാണെന്ന് മുമ്പൊക്കെ അഭിമാനപൂര്‍വം അവകാശപ്പെടാറുണ്ടായിരുന്നു. വിജയത്തിന്റെ തിരിനാളം അണയ്ക്കാന്‍ അവരിലാരെങ്കിലും ഇപ്പോള്‍ ശ്രമം നടത്തുന്നുണ്ടോ?  പരാജയങ്ങളുടെ തുടര്‍ച്ചകള്‍ സമ്മാനിക്കുന്നവര്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ എന്തായാലും അമാന്തിച്ചുകൂടാ. വീഴ്ചകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും കാലക്രമേണ എല്ലാം കെട്ടടങ്ങുന്നതാണല്ലോ  അനുഭവം.  ജി എസ് എല്‍ വിയുടെ പരാജയകാരണം പരിശോധിക്കാന്‍ വിശകലന കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത് നന്നായി. പ്രാരാബ്ധങ്ങളുടെ പാരാവാരം താണ്ടുമ്പോഴും ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് കോടികള്‍ നീക്കിവെക്കുന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താതെ പോകുന്നത് തീര്‍ച്ചയായും അസഹനീയം തന്നെയാണ്. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിജയങ്ങളിലേക്ക് മുന്നേറാന്‍ ഇനിയെങ്കിലും നമുക്ക് കഴിയണം. 

കശ്മീര്‍: ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ ശ്രമം


              കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയണമെന്ന ആവശ്യം ബി ജെ പിയടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. തരം കിട്ടുമ്പോഴെക്കെ   അവര്‍ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കശ്മീരില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബി ജെ പിയുടെ പ്രത്യേകയോഗം പാസ്സാക്കിയ പ്രമേയത്തിന്റെ ഉള്ളടക്കവും ഇതുതന്നെ. കശ്മീരിലെ കുഴപ്പങ്ങള്‍ക്കെല്ലാം  ഈ വകുപ്പാണ് കാരണമെന്ന് ബി ജെ പി നേതാവ് അരുണ്‍ജയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തിലും അഭിപ്രായപ്പെടുകയുണ്ടായി. രാജ്യത്തിന്റെ മര്‍മ്മപ്രധാന ഭാഗമെന്ന നിലയില്‍ സദാ ജാഗ്രതയോടെ വര്‍ത്തിക്കേണ്ട  കശ്മീരിന്റെ കാര്യത്തില്‍ ബി ജെ പി എന്തുകൊണ്ട് ചരിത്രത്തെ കൊഞ്ഞനംകുത്തുന്ന നയം സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവരുടെ ഗതകാല ചരിത്രം അറിയുന്ന ആര്‍ക്കും പ്രയാസമുണ്ടാവില്ല.
 
         സ്വതന്ത്രഭാരതം കശ്മീരികള്‍ക്ക് നല്‍കിയ ഉറപ്പ്പാലിക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്.  കശ്മീര്‍ സ്വതന്ത്രരാഷ്ട്രമായി തുടരണമെന്നായിരുന്നുവല്ലോ അവിടുത്തെ രാജാവായിരുന്ന ഹരിസിങ്ങിന്റെ ആഗ്രഹം. എന്നാല്‍   ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ ഇംഗിതം കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കണമെന്നായിരുന്നു. പാക്കിസ്താനില്‍ ചേരണമെന്ന് അവരില്‍ ആരെങ്കിലും വാദിക്കുകയോ അതിന് വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയില്‍ ആശങ്കക്ക് അവകാശമില്ലെന്ന് കശ്മീരിലെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനാണ്   ഇന്ത്യാ ഗവണ്‍മെന്റ് കശ്മീരിന് സ്വയംഭരണാധികാരം പ്രഖ്യാപിച്ചത്. അതിന് പരിരക്ഷ നല്‍കുന്ന വകുപ്പാണ് 370. അവിടുത്തെ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്താനാണ് ഇങ്ങനെ ചെയ്തതെങ്കിലും കാലക്രമേണ ആ വകുപ്പിന്റെ പേരില്‍ പീഡനങ്ങളേറ്റുവാങ്ങാന്‍ മാത്രമാണ് അന്നാട്ടുകാര്‍ വിധിക്കപ്പെട്ടത്.
 
          370-ാം വകുപ്പിന്റെ അകമ്പടിയുണ്ടായിട്ടും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ കശ്മീരികള്‍ക്ക് നാളിതുവരെ സാധിക്കാതെപോയതില്‍ ബി ജെ പിക്ക് അശേഷം ആശങ്കയില്ല. ജനങ്ങളെ ക്രൂശിക്കാനായിരുന്നോ ഈ വകുപ്പ് ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്?  ഒരിക്കലും അങ്ങനെയാവാന്‍ തരമില്ല. കശ്മീരിലെ പട്ടാളക്കാര്‍ക്ക് നല്‍കിയ പ്രത്യേക അധികാരം ലഘൂകരിക്കണമെന്ന ആവശ്യത്തോടും പ്രധാനമായും പുറംതിരിഞ്ഞുനില്‍ക്കുന്നതും ബി ജെ പി തന്നെ. ബി ജെ പി ഭരണത്തില്‍ 370-ാം വകുപ്പ്  എടുത്തുകളയാന്‍ ശക്തമായ നീക്കം നടന്നിരുന്നതാണ്. എന്‍ ഡി എ ഘടകകക്ഷികള്‍ അനുകൂലിക്കാതിരുന്നതുകൊണ്ടുമാത്രമാണ് ലക്ഷ്യം അന്ന് പൂവണിയാതെപോയത്.

         രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും, തോക്കിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോഴും  ജനാധിപത്യവാഴ്ചക്ക് ശക്തിപകര്‍ന്നവരാണ് കശ്മീരികള്‍. ഫാസിസ്റ്റുകളുടെയും വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനങ്ങളെ വകഞ്ഞുമാറ്റി ഹിംസയുടെ കാര്‍ക്കശ്യത്തെ വെല്ലുവിളിച്ച അവര്‍, രാജ്യത്തിന്റെ ഭരണാധികാരികളിലായിരുന്നു പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. നടുക്കുന്ന യാഥാര്‍ഥ്യങ്ങളെ സഗൗരവം സമീപിക്കുമെന്നും കലാപങ്ങളില്‍നിന്നും ഭീതിയില്‍നിന്നും ശാശ്വതമോചനം ലഭിക്കുമെന്നും പുരോഗതിയുടെയും വികസനത്തിന്റെയും ശുദ്ധവായു ശ്വസിക്കാന്‍ അവസരമൊരുങ്ങുമെന്നും അവര്‍ പ്രത്യാശിച്ചു.

         എന്നാല്‍ സനിഷ്‌ക്കര്‍ഷം വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയമനസ്സ് നമുക്ക് ഇല്ലാതെപോയി. കശ്മീരികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്‌നല്‍കാന്‍ എന്തുകൊണ്ട് രാജ്യത്തിന് കഴിഞ്ഞില്ല എന്നത് പഠനവിധേയമാക്കുവാന്‍ ഇപ്പോഴും ആര്‍ക്കും നേരമില്ല. റോഡുകളും പാലങ്ങളും നിര്‍മിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ യഥേഷ്ടം സ്ഥാപിക്കുകയും ചികിത്സാരംഗം കാര്യക്ഷമമാക്കുകയും ചെയ്യുന്നതുപോകട്ടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കടമ യഥാവിധി നിര്‍വഹിക്കാനുള്ള സത്വരനടപടികള്‍ പോലും ഉണ്ടായില്ല. തീവ്രവാദികളും കലാപകാരികളും ജന്മമെടുക്കാനാണ് ഇത് വഴിവെച്ചത്.

         കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ കൈക്കൊള്ളുന്ന നടപടികള്‍ പോലെയോ അതിലധികമോ പ്രധാനപ്പെട്ടതാണ് കശ്മീരിലെ അരക്ഷിത സാഹചര്യത്തിനു അറുതിവരുത്തുകയെന്നത്. കശ്മീര്‍പ്രശ്‌നം ആഗോളതലത്തിലും ഐക്യരാഷ്ട്രസഭയിലും പാക്കിസ്താനും മറ്റുരാഷ്ട്രങ്ങളും ചര്‍ച്ചാവിഷയമാക്കുമ്പോള്‍ നെറ്റിചുളിക്കാറുള്ള നാം  വിഷയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഇപ്പോഴും വൈമുഖ്യം കാണിക്കുകയാണ്. പൊലീസും സുരക്ഷാസേനയും നടത്തുന്ന വെടിവെപ്പുകളില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ യുവാക്കളെ നിറത്തോക്കിനിരയാക്കുന്നത് പട്ടാളക്കാര്‍ക്ക് ഒരു ഹോബിയായി മാറി. ചിലപ്പോള്‍ സംഘര്‍ഷങ്ങളില്‍ അയവുവരുന്നത് നാട്ടുകാര്‍ ചെയ്ത ഏതോ സുകൃതംകൊണ്ട് മാത്രമാണ്.
 സംസ്ഥാന സര്‍ക്കാരുകള്‍ പോലും അവിടെ കാഴ്ചക്കാരായി മാറുന്നു. ഫാറുഖ് അബ്ദുല്ലയും  മുഫ്തി മുഹമ്മദ് സഈദും ഗുലാംനബി ആസാദും ഇപ്പോള്‍ ഉമര്‍ അബ്ദുല്ലയുമെല്ലാം മുഖ്യമന്ത്രിയമാരായി വന്നിട്ടും വലിയ പ്രയോജനമില്ല. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയാണ്. ബി ജെ പി ആഗ്രഹിക്കുന്നതും അതാണ്. എരിതീയില്‍ എണ്ണയൊഴിക്കലാണല്ലോ അവരുടെ കുലത്തൊഴില്‍. അതുകൊണ്ടാവാം പ്രശ്‌നപരിഹാരം ലക്ഷ്യത്തിന്റെ നാലയലത്ത്‌പോലും എത്താത്തത്. കാശ്മീരികളുടെ വികാരവും അവരുടെ യഥാര്‍ഥപ്രശ്‌നവും  തിരച്ചറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. പരിഹാരം വൈകുന്തോറും ജനങ്ങളെ തട്ടുകളാക്കി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടുകയാണ്.  ബി ജെ പിയുടെ ലക്ഷ്യം മനസ്സിലാക്കി ദേശീയബോധവും ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കാന്‍ സന്മനസ്സ് കാണിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളുമാണ്.

Friday, December 24, 2010

ഡോ. ഹനീഫിനോട് മാപ്പ് പറയുമ്പോള്‍..

  അവസാനം ഡോ: മുഹമ്മദ് ഹനീഫക്ക് അനുഭവങ്ങളുടെ മരുഭൂമിയില്‍നിന്ന് മോചനം. എല്ലാ അരക്ഷിതാവസ്ഥകള്‍ക്കും വിട. പകരം പ്രത്യാശയുടെ സുരക്ഷിതത്വം. നീറുന്ന ഓര്‍മകള്‍ക്ക് വിരാമം. ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന എല്ലാ കുപ്രചാരണങ്ങളും കാലപ്രവാഹത്തില്‍ കടപുഴകി വീണിരിക്കുന്നു. നിരപരാധിത്വത്തിന്റെ തെളിനീരില്‍ മുങ്ങിനിവരാന്‍ കഴിഞ്ഞതില്‍ അദ്ദേഹവും കുടുംബവും പ്രപഞ്ചനാഥനെ സ്തുതിക്കുന്നുണ്ടാവും. ഭീകരവാദം ചാര്‍ത്തി മണ്ണും വിണ്ണും മാത്രമല്ല ചക്രവാളങ്ങളെയും മലീമസമാക്കിയവര്‍ക്ക് അടുത്ത ഇരയെ കണ്ടെത്തുംവരെ ഇനി വിശ്രമിക്കാം.
  ഭീകരനെന്ന് മുദ്രകുത്തി ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനെ അറസ്റ്റ്‌ചെയ്ത സംഭവത്തില്‍ മാപ്പുപറയുകയും ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി പുതിയ ചരിത്രത്തിന്റെ തോറ്റമുണര്‍ത്തിയിരിക്കുന്നു. തീക്കടല്‍ കടന്നെത്തിയ ഈ തിരുമധുരം ഓരോ ഇന്ത്യക്കാരനെയും ആഹ്ലാദഭരിതനാക്കും. ഹനീഫയുടെ നിരപരാധിത്വം രാജ്യത്താകമാനം പ്രത്യാശയുടെ പ്രകാശം വിതറും. നമുക്കിനി ഹൃദയം തുറന്ന് ചിരിക്കാമെന്ന് തോന്നുന്നു. അനീതിയെ പൂജിക്കേണ്ടിവന്ന ഓസ്‌ട്രേലിയയുടെ പശ്ചാത്താപബോധം ആഗോളസമൂഹത്തിന് നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്.
  ബ്രിട്ടനിലെ ഗ്‌ളാസ്‌ഗോ രാജ്യാന്തര വിമാനത്താവളത്തില്‍ 2007 ജൂലൈയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ബാംഗ്‌ളൂര് സ്വദേശി ഡോ: ഹനീഫ് ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായത്. ഗ്‌ളാസ്‌ഗോയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീകരനെന്ന് മുദ്രകുത്തിയായിരുന്നു അറസ്റ്റ്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ആശുപത്രിയില്‍ ഡോക്ടറായി ഹനീഫ് സേവനമനുഷ്ഠിച്ചുവരികയായിരുന്നു.  ഉന്നത വിദ്യാഭ്യാസമുള്ള മുസ്‌ലിംയുവാക്കളും ഭീകരബന്ധമുള്ളവരാണെന്ന പ്രചാരണത്തിന് ഇത് ശക്തിപകരുകയും ചെയ്തു. ബോമ്പാക്രമണത്തിന് പദ്ധതിയിട്ടവര്‍ ഉപയോഗിച്ച സിം കാര്‍ഡ് ഹനീഫിന്റെ പേരിലുള്ളതായിരുന്നുവെന്ന കാരണത്താലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ വഴിവെച്ചത്. വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി സബീല്‍ അഹമ്മദിന്റെ ബന്ധുവായത്  ഹനീഫക്ക് വിനയാവുകയായിരുന്നു. 
  പിന്നീട് നടന്ന അന്വേഷണത്തില്‍ ഡോക്ടര്‍ നിരപരാധിയാണെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ വിസ ഓസ്‌ട്രേലിയ റദ്ദാക്കി. ഇന്ത്യയിലേക്ക് മടങ്ങിയ ഹനീഫ് ഓസ്‌ട്രേലിയന്‍ കുടിയേറ്റമന്ത്രിയായിരുന്ന കെവിന്‍ ആന്‍ഡ്രൂസിനും സര്‍ക്കാരിനുമെതിരെ നല്‍കിയ നഷ്ടപരിഹാരക്കേസാണ് ചരിത്രത്തില്‍ വഴിത്തിരിവായി കലാശിച്ചത്.
  ഹനീഫ് നിരപരാധിയാണെന്നും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിന് പറ്റിയ പിഴവാണ്  അറസ്റ്റിന് വഴിവെച്ചതെന്നും  അതില്‍ ഡോക്ടറോടും കുടുംബത്തോടും  ക്ഷമചോദിക്കുകയാണെന്നും  അറ്റോര്‍ണി ജനറലിന്റെ ഔദ്യേഗിക വെബ്‌സൈറ്റ് വഴി സര്‍ക്കാര്‍ തന്നെ അറിയിക്കുകയായിരുന്നു. നേരത്തെ ഹനീഫിന്റെ അഭിഭാഷകനും സര്‍ക്കാര്‍ പ്രതിനിധികളും  തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരം സംബന്ധിച്ചും ധാരണയിലെത്തിയിരുന്നു. നഷ്ടപരിഹാരത്തുക വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് നിബന്ധന. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്നാണ് റിപ്പോര്‍ട്ട്. തുക പത്തുലക്ഷം ഡോളര്‍ (നാലരക്കോടി രൂപ) വരുമെന്ന് സൂചന നല്‍കിയത്  അവിടുത്തെ മാധ്യമങ്ങള്‍ തന്നെയാണ്.
  നഷ്ടപരിഹാരം നല്‍കുകയും മാപ്പുപറയുകയും ചെയ്യുന്നതോടെ നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിനാണ് തിരശ്ശീല വീഴുന്നത്. ഡോക്ടറാകട്ടെ തീരുമാനങ്ങളില്‍ തൃപ്തനുമാണ്. മാത്രമല്ല ഇപ്പോള്‍ അറബ് രാജ്യത്ത് ജോലിചെയ്യുന്ന അദ്ദേഹം ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ആശുപത്രിയിലെ ജോലിയിലേക്ക് മടങ്ങുന്നതിനെ കുറിച്ചും ആലാചിക്കുന്നു.
  തീവ്രവാദം ആരോപിച്ച് ഒരു ഇന്ത്യന്‍ ഡോക്ടറെ അന്യായമായി തടങ്കലില്‍വെച്ച് അപമാനിച്ചതില്‍ കുറ്റം ഏറ്റുപറഞ്ഞ ഓസ്‌ട്രേലിയന്‍ ഭരണകൂടം നമുക്കും ലോകത്തിന് തന്നെയും നല്‍കുന്ന പാഠമാണിവിടെ ചര്‍ച്ച മുഖ്യമായും ചെയ്യപ്പെടേണ്ടത്. ആദിമ വംശജരായ ആദിവാസികളെ തുടച്ചുനീക്കി ഇംഗ്‌ളണ്ടില്‍ നിന്നുള്ള കുറ്റവാളിസംഘങ്ങള്‍ ഓസ്‌ട്രേലിയന്‍ വന്‍കര കയ്യടക്കിയെന്നാണ് ചരിത്രം. അമേരിക്കയിലെ റെഡ് ഇന്ത്യക്കാരന്റെ അതേ അനുഭവം. നിശ്ചിത എണ്ണം കുടിയേറ്റക്കാരെ തികയ്ക്കാന്‍ ഇംഗ്‌ളണ്ടില്‍നിന്നുള്ള വെള്ളക്കാരായ അനാഥകളെ ബലാല്‍ക്കാരം പിടിച്ചുകൊണ്ടുപോയി അധിവസിപ്പിക്കുകയും ചെയ്തു. കാലം മാറുകയും ജനാധിപത്യത്തോട് ആഭിമുഖ്യവും മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ജാഗ്രതയും പാലിക്കുന്ന പുത്തന്‍ തലമുറ രംഗപ്രവേശം ചെയ്യുകയും ചെയ്തതില്‍ പിന്നെയും ബ്രിട്ടനുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഓസ്‌ട്രേലിയ കാത്തുസൂക്ഷിക്കുന്നു.   ഈ വംശിയചിന്ത വിദ്വേഷത്തിന്റെ ആവി പറത്തിയതിന്റെ ചൂട് അവിടെ പഠിക്കുകയും ജോലിയിലേര്‍പ്പെടുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അനുഭവിച്ചത് മറക്കാന്‍ സമയമായിട്ടില്ല.
  വംശീയവിദ്വേഷം രക്തത്തിലോടുമ്പോഴും അനീതികളെ അരിയിട്ടുവാഴിക്കാന്‍ തങ്ങളില്ലെന്നാണ് ഹനീഫ് സംഭവത്തിലൂടെ ഓസ്‌ട്രേലിയ ഓര്‍മിപ്പിക്കുന്നത്.  ഉശിരന്‍ അന്വേഷണ സംവിധാനങ്ങളും വ്യവസ്ഥാപിത നീതിന്യായ വ്യവസ്ഥയുമുള്ള നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താണ്? പല കേസുകളും കോടതികളിലെത്തുമ്പോള്‍ നനഞ്ഞ പടക്കംപോലെയാവും. കേസ് തീവ്രവാദവും ഭീകരാക്രമണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ സ്ഥിതിയോ. കുറ്റവാളികളുടെ കുറ്റം നോക്കുന്നതിന് പകരം അവന്റെ സമുദായം തെരയുന്നതിലാണ് വ്യഗ്രത. തീവ്രവാദത്തിന് മതമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? അഭ്യസ്തവിദ്യരായ യുവാക്കളെ തീവ്രവാദ വേട്ടയിലൂടെ  പീഡിപ്പിക്കുന്നതിന് ഇവിടെ നിരവധി ഉദാഹരണങ്ങള്‍ നിരത്താനാവും. വഴിയെ പോകുന്നവന്റെ പുറത്തകയറി തീവ്രവാദം അടിച്ചേല്‍പിക്കുന്നതും ഭീകരവാദികളാക്കി അനന്തമായി ജയിലില്‍ പാര്‍പ്പിക്കുന്നതും തിരുത്താന്‍ സമയമായെന്ന് ഹനീഫയുടെ അനുഭവവും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടികളും നമ്മെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

Thursday, December 23, 2010

കരുണാകരന്‍: രാഷ്ട്രീയ വേദിയിലെ ഉജ്ജ്വലപ്പോരാളി

അധികാര രാഷ്ട്രീയത്തിന്റെ മര്‍മ്മം തിരിച്ചറിഞ്ഞ് ഏഴുപതിറ്റാണ്ടിലേറെ കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന ലീഡര്‍ കഥാവശേഷനായി. ജന്മദേശമായ കണ്ണൂരില്‍ നിന്നും തൃശൂര്‍ വഴി അനന്തപുരിയിലെത്തി, സംസ്ഥാനത്തിന്റെ അധികാര സിംഹാസനം അതിശക്തരായ കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും പിടിച്ചുവാങ്ങിയ കണ്ണോത്ത് കരുണാകര മാരാര്‍ രാഷ്ട്രീയത്തിലെ വിസ്മയകരമായ പ്രതിഭാസം തന്നെയായിരുന്നു. ചുമതലാബോധത്തിന്റെ തെളിച്ചം ആ ജീവിതത്തിലുടനീളം ത്രസിച്ചുനിന്നു. പ്രതിസന്ധികളെ ഉത്സവമാക്കി മാറ്റിയ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ ഈ അനുയായിക്ക് നേതാവിനെ പോലെ ആഘാതങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നത് ചരിത്രം. എങ്കിലും പൊതുജീവിതത്തില്‍ അന്ത്യം വരെ ഉറച്ചുനിന്നു. ഉത്തരവാദിത്വത്തില്‍ നിന്നു ഒരിക്കലും അദ്ദേഹം ഒളിച്ചോടിയില്ല.
ലോകത്ത് കമ്മ്യൂണിസ്റ്റുകള്‍ ബാലറ്റ് പേപ്പറിലൂടെ ആദ്യമായി അധികാരത്തില്‍ വന്നത് കേരളത്തിലാണല്ലോ. അന്നു തുടങ്ങിയതാണു കോണ്‍ഗ്രസിന്റെ തളര്‍ച്ച. 60കളുടെ തുടക്കത്തില്‍ മുക്കൂട്ട് മുന്നണിയിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും അല്പായുസ്സായിപ്പോയി. സപ്തമുന്നണിയുണ്ടാക്കി  67ല്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ഭരണം തിരിച്ചുപിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നില അതിദയനീയമായി. 133അംഗ  സഭയില്‍ പാര്‍ട്ടി കേവലം ഒമ്പത് സീറ്റില്‍ ഒതുങ്ങി. കരുണാകരനായിരുന്നു അസംബ്‌ളി പാര്‍ട്ടി ലീഡര്‍. 69ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍ന്നപ്പോള്‍ അസംബ്ലി പാര്‍ട്ടിയും നെടുകെ മുറിഞ്ഞു. തുടര്‍ന്നു നാല് എം.എല്‍.എമാരുമായി ലീഡര്‍ നടത്തിയ അതിസാഹസിക യാത്ര അത്ഭുതാവഹമാണ്. നാണക്കേടുകള്‍ വേട്ടയാടിയ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയത് കരുണാകരനാണ്. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന സപ്തമുന്നണിയെ 32മാസം കൊണ്ടു അദ്ദേഹം കെട്ടുകെട്ടിച്ചു. പകരം കോണ്‍ഗ്രസ് പിന്തുണയില്‍ പുതിയ സര്‍ക്കാറിനെ അവരോധിക്കുകയും ചെയ്തു. ഇ.എം.എസായിരുന്നു സപ്തമുന്നണിയുടെ മുഖ്യമന്ത്രിയെന്നും ഓര്‍ക്കുക.
അച്ചുതമോനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി അധികാര രാഷ്ട്രീയത്തിലേക്ക് പാദമൂന്നിയ കരുണാകരന് ചുറ്റുമായി പിന്നെ കേരള രാഷ്ട്രീയം. മലയാളക്കരയെ നക്‌സലൈറ്റുകള്‍ വിറപ്പിച്ച കാലം. ആഭ്യന്തര വകുപ്പു ഉണര്‍ന്നുപ്രവര്‍ത്തിച്ചതോടെ അവരുടെ പ്രതീക്ഷകള്‍ക്ക് പട്ടടയൊരുങ്ങി. 71ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ജനാധിപത്യമുന്നണിയെ അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് കേരളജനത അധികാരത്തിലേറ്റിയത്. തുടര്‍ച്ചയായി രണ്ടുതവണ ഭരണം കയ്യാളാന്‍ ഒരു മുന്നണിക്ക് ലഭിച്ച അപൂര്‍വ അവസരം അത് മാത്രമായിരുന്നു.
രാജന്‍ സംഭവത്തിന്റെ പേരില്‍ പക്ഷെ കരുണാകരന് അധികാരത്തില്‍ തുടരാനായില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു അദ്ദേഹം മാതൃകകാട്ടി. അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസും ഇന്ദിരയും ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പോറലും ഏറ്റിരുന്നില്ലെന്ന് കൂടി ഓര്‍ക്കുക. 82ല്‍ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി.  സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും അദ്ദേഹം  ബദ്ധശ്രദ്ധനായിരുന്നു. 71 ല്‍ തലശ്ശേരി കലാപം വലിയ നഷ്ടം മുസ്‌ലിംകള്‍ക്കു ഉണ്ടാക്കിയെങ്കിലും  അത് പടരാതെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞു. ഘടകകക്ഷികളുമായുളള ബന്ധത്തിനു പോറലേല്‍ക്കാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. ലീഗുനേതൃത്വവുമായുളള ലീഡറുടെ സൗഹൃദം പ്രസിദ്ധമാണ്. പക്ഷെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിനു വിജയിക്കാനായില്ല. പത്രപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി. അവര്‍ക്കായി ആദ്യമായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. ഭാവനാപൂര്‍ണമായ പല വികസന പദ്ധതികളും അദ്ദേഹത്തിന്റെ കാലത്ത് സംസ്ഥാനത്തിനു ലഭിക്കുകയുണ്ടായി.
ദേശീയ രാഷ്ട്രീയത്തിലും ലീഡര്‍ക്ക് വലിയൊരു ഇരിപ്പടമുണ്ടായിരുന്നു. ഇന്ദിരയിലൂടെ തുടങ്ങിയ ബന്ധം നരസിംഹറാവുവരെ നിര്‍വിഘ്‌നം തുടര്‍ന്നു. റാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത് പോലും കരുണാകരനാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എ.ഐ.സി.സിക്ക് എന്നും മുതല്‍കൂട്ടായിരുന്നു.
ജീവിതചര്യയിലും ഭക്ഷണക്രമത്തിലുമെല്ലാം കണിശമായ ചിട്ട പുലര്‍ത്തിയ ലീഡര്‍ക്ക് അവസാന നാളുകളില്‍ സാഹചര്യങ്ങളെ ക്രിയാത്മകമായി  ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പിസം രൂക്ഷമായപ്പോള്‍ വിശ്വസ്തരായ പലരും അകന്നു. ചേര്‍ത്തുവായിക്കേണ്ട അനേകം അനുബന്ധ സംഭവങ്ങളുണ്ടായതോടെ ലീഡര്‍ കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതാണ് കണ്ടത്. ഡി.ഐ.സിക്ക് ജന്മം നല്‍കിയ ലീഡരുടെ കണക്ക്കൂട്ടലുകള്‍ പക്ഷെ പിഴക്കുക തന്നെ ചെയ്തു. ചാണക്യനായ കരുണാകരനു ആദ്യമായി കാലിടറുന്നതും കേരളം കണ്ടു. എന്‍.സി.പിയില്‍ ചേര്‍ന്നിട്ടും ലക്ഷ്യം നേടാനായില്ല. ഒടുവില്‍ മാതൃസംഘടനയില്‍ തന്നെ തിരിച്ചെത്തി.
കെ.പി.സി.സിയുടെ കുഞ്ചികസ്ഥാനങ്ങളിലൊന്നും ഇരുന്നിട്ടില്ലെങ്കിലും കേരളത്തില്‍ പാര്‍ട്ടിയുടെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. അന്ത്യശ്വാസം വരെ അനുയായികള്‍ മാത്രമല്ല നേതാക്കളും അര്‍ഹിക്കുന്ന എല്ലാ പരിഗണനകളും അദ്ദേഹത്തിനു നല്കിയത് അതുകൊണ്ടാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ ഹൃദയഭാരം അഴിച്ചുവെക്കാനും വിശ്വസ്തസേവകരെ പരിരക്ഷിക്കാനും പരമാവധി പരിശ്രമിച്ചു. ക്‌ളേശത്തിന്റെ മുള്‍വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോഴും ആത്മവിശ്വാസത്തോടെ നെഞ്ചുയര്‍ത്തിപ്പിടിച്ച് നടന്ന കരുണാകരന്റെ ഉറച്ച നിലപാടുകള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും നല്ല മാതൃകയായിരിക്കും.സംശയമില്ല. 

Tuesday, December 21, 2010

കാര്‍ക്കരെ വധം:സത്യം കണ്ടെത്തണം

ആഴത്തിലുള്ള ആ സംശയത്തിന് ആത്മാര്‍ത്ഥതയോടെ അന്നാരും മറുപടി പറഞ്ഞില്ല. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ ടി എസ് മേധാവി ഹേമന്ത് കാര്‍ക്കരെ ഹിന്ദു തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന  എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ്ങിന്റെ വെളിപ്പെടുത്തല്‍, രാജ്യസ്‌നേഹികള്‍ മനസ്സില്‍ സൂക്ഷിച്ച സംശയങ്ങള്‍ക്ക് വൈകിയെങ്കിലും ബലംനല്‍കിയിരിക്കുന്നു. മലേഗാവ് സ്‌ഫോടനത്തില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് അന്വേഷിക്കുന്നതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് കാര്‍ക്കരെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ന്യൂനപക്ഷകാര്യമന്ത്രിയായിരുന്ന എ ആര്‍ ആന്തുലെയും കാര്‍ക്കരെയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഭീകരവാദികള്‍ക്ക് കാര്‍ക്കരെയെ വധിക്കേണ്ട കാര്യമില്ലെന്നും മറ്റാരോ ആണ് ഇതിന് പിന്നിലെന്നും പറഞ്ഞ ആന്തുലയെ അദ്ദേഹത്തിന്റെ  പാര്‍ട്ടിയോ പ്രതിപക്ഷമോ പിന്തുണച്ചില്ലെന്ന് മാത്രമല്ല വിമര്‍ശിക്കുകയും ചെയ്തു. ഈ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിപദവും നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റും നിഷേധിച്ചു.
ദിഗ് വിജയ്‌സിങ്ങിനെതിരെ ബി ജെ പിയും സംഘ്പരിവാറും രംഗത്തുവരിക സ്വാഭാവികം. സിങ്ങ് പക്ഷെ തന്റെ പ്രസ്താവനയില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. മാത്രമല്ല മാധ്യമ പ്രവര്‍ത്തകരോട് തന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അദ്ദേഹം വ്യക്തത വരുത്തുകയും ചെയ്തു. വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ, എ ഐ സി സി സെക്രട്ടറി പാക്കിസ്താന്‍ ഏജന്റിനെ പോലെ സംസാരിക്കുന്നുവെന്ന് ആക്ഷേപിക്കുകയുമുണ്ടായി. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പ്രക്ഷോഭരംഗത്തിറങ്ങിയ പാര്‍ട്ടിയാണ് ബി ജെ പി. മഹരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായി ചാര്‍ജെടുത്ത ഹേമന്ത് കാര്‍ക്കരെയാണ് ഹിന്ദു സന്യാസിനിയടക്കമുള്ളവര്‍ക്ക് സ്‌ഫോടനത്തിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നതും പ്രതികളെ അറസ്റ്റ്‌ചെയ്തതും.  എവിടെ സ്‌ഫോടനം നടന്നാലും മുസ്‌ലിംകളെ തീവ്രവാദികളെന്ന് മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹിന്ദു തീവ്രവാദികളും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന സത്യം രാജ്യം തിരിച്ചറിഞ്ഞത്.  മലേഗാവിലും മുസ്‌ലിംകള്‍ തന്നെയായിരുന്നുവല്ലോ ആദ്യം വേട്ടയാടപ്പെട്ടത്. അതുകൊണ്ട് ഹേമന്ത് കാര്‍ക്കരെയോട് ഹിന്ദുത്വ ശക്തികള്‍ക്ക് അമര്‍ഷമുണ്ടാവുക സ്വാഭാവികമാണ്.
മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കാര്‍ക്കരെ കൊല്ലപ്പെട്ടത് ഇന്റലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് മുന്‍ മഹരാഷ്ട്ര ഐ ജി,  എസ് എം മുശ്‌രിഫ്  വെളിപ്പെടുത്തിയിരുന്നു.  ഹൂ കില്‍ഡ് കാര്‍ക്കരെ, ദ റിയല്‍ ഫെയ്‌സ് ഓഫ് ടററിസം ഇന്ത്യ എന്ന അദ്ദേഹത്തിന്റെ  പുസ്തകം അതുകൊണ്ട് തന്നെ വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഹിന്ദു തീവ്രവാദികള്‍ ഉള്‍പ്പെട്ട 2006ലെ മലേഗാവ്   സ്‌ഫോടനക്കേസ് വഴിതിരിച്ചുവിടാന്‍ വേണ്ടിയാണ് കാര്‍ക്കരെ ഇല്ലാതാക്കിയതെന്നും മുശ്‌രഫ് എഴുതി. മലേഗാവ് കേസിന്റെ അന്വേഷച്ചുമതലയില്‍നിന്ന് കാര്‍ക്കരെയെ ഒഴിവാക്കി പകരം കെ പി രഘുവന്‍ഷിയെ അന്വേഷണം ഏല്‍പിക്കാനും ഇന്റലിജന്‍സ് വിഭാഗത്തിന് പദ്ധതിയുണ്ടായിരുന്നു.
മുംബൈയിലെ താജ്, ഓബ്‌റോയ് ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായ ഏറ്റുമുട്ടലാണ് കാര്‍ക്കരെ കൊല്ലപ്പെട്ട കാമ ആശുപത്രിക്ക് സമീപമുണ്ടായത്. സി എസ് ടി റെയില്‍വെ സ്റ്റേഷനില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴാണ് ഈ ആശുപത്രിക്ക് സമീപവും രംഗഭവന്‍ ലൈന്‍സിലും ഏറ്റുമുട്ടലുണ്ടായത്. രണ്ടും നടത്തിയത് ഒരേ തീവ്രവാദികളാണെന്നാണ് പറയപ്പെട്ടിരുന്നത്. ഒരേ സമയം ഒരേ തീവ്രവാദികള്‍ എങ്ങനെയാണ് രണ്ടിടത്ത് ആക്രമണം നടത്തുക?
കാമ ആശുപത്രിക്ക് സമീപത്ത് നിന്ന് തീവ്രവാദികള്‍ മറാത്തിഭാഷ സംസാരിച്ചതായി മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്ക് തീവ്രവാദികള്‍ മറാത്തി സംസാരിച്ചുവെന്ന് ആരും വിശ്വസിക്കില്ല. ഹിന്ദു തീവ്രവാദികള്‍ക്ക് വേണ്ടി ബ്രാഹ്മണ മേധാവികളാണ് കാര്‍ക്കരെയുടെ കഥകഴിച്ചതെന്ന് മുശ്‌രിഫ് പുസ്തകത്തില്‍ വിശദീകരിച്ചതിനെ  തീര്‍ത്തും ശരിവെക്കുന്നതാണ് ദിഗ് വിജയ്‌സിങ്ങിന്റെ പുതിയ വെളിപ്പെടുത്തലും. കഴിഞ്ഞ ജനുവരിയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഹേമന്ത് കാര്‍ക്കരെയെ കടന്നാക്രമിച്ചവരില്‍ മുമ്പന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നു. അതുകൊണ്ടാണ് മോഡി വച്ചുനീട്ടിയ ഒരു കോടിരൂപയുടെ സഹായം ഭാര്യ കവിതാ കാര്‍ക്കരെ നിരസിച്ചത്.
ദിഗ് വിജയ്‌സിങ്ങിന്റെ ആരോപണത്തെ കുറിച്ച് മുംബൈ പൊലീസില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇങ്ങനെയൊരു വെളിപ്പെടുത്തലിന് ആര്‍ജവം കാണിച്ച സിങ്ങും വലിയൊരു ധാര്‍മികദൗത്യമാണ് നിര്‍വഹിച്ചത്. ആന്തുലയെ എല്ലാവരും ചേര്‍ന്നു ക്രൂശിച്ചപ്പോള്‍ അദ്ദേഹത്തിന് ഈ സത്യം പറയാമായിരുന്നു.
രാജ്യത്തിന്റെ സുസ്ഥിരതയും ഭദ്രതയും തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ശക്തികള്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. പലപ്പോഴും ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങളും പൊലീസും നിരപരാധികളെ വേട്ടയാടുകയാണ് ചെയ്യുന്നത്. മലേഗാവ്, നന്ദേഡ്, ഗോവ, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളിലെ യഥാര്‍ഥ പ്രതികളെ വളരെ വൈകിയാണ് പൊലീസ് കണ്ടെത്തിയത്. അതിന്റെ പേരില്‍ നിരപരാധികളായ നിരവധി മുസ്‌ലിംയുവാക്കളാണ് ആദ്യം അറസ്റ്റിലായത്. സ്‌ഫോടനങ്ങള്‍ തുടരെ തുടരെ രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും പ്രതികളെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം മുന്‍ധാരണയായിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും  കോടതികള്‍ പോലും പലപ്പോഴും ക്രൂരമായ കൃത്യവിലോപമാണ് കാണിച്ചത്. നീതിന്യായ വ്യവസ്ഥയുടെ പ്രകാശവലയം വികസിച്ചെങ്കില്‍ മാത്രമേ ഉല്‍ക്കണ്ഠാജനകമായ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താനാവൂ. കാര്‍ക്കരെയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ കണ്ടെത്തി അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കുകയും വേണം.

Monday, December 20, 2010

കോണ്‍ഗ്രസ് പ്രഖ്യാപനങ്ങള്‍ വനരോദനമാകാതിരിക്കട്ടെ

കാലത്തിന്റെ വിളി കേള്‍ക്കാനുള്ള തുറന്ന കാതും വിടര്‍ന്ന കണ്ണും  രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ടോ എന്നാണ് ജനങ്ങള്‍ക്ക് ഇനി അറിയേണ്ടത്. ബുറാഡിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 83-ാമത് പ്‌ളീനറി സമ്മേളനം ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളികളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സന്മനസ്സ് കാണിച്ചതിന് നന്ദിയുണ്ട്. ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെന്ന് മനസ്സിലായി. എന്നിട്ടും നാണംപേറുന്ന അണിയറക്കഥകള്‍ ആവര്‍ത്തിട്ടുകൊണ്ടേയിരിക്കുന്നു. ഭരണച്ചെങ്കോല്‍ കയ്യിലുണ്ടായിട്ടും നാടിന്റെ വിചാരവികാരങ്ങളെ കുറിച്ച് പൂര്‍ണബോധ്യമുണ്ടായിട്ടും ഇരുട്ട് മാറുന്നില്ല. വെട്ടം പിറക്കുന്നില്ല. ഈ അരക്ഷിതത്വം ജനായത്തക്രമത്തിന്റെ അടിവേരറുക്കുമെന്ന് ആദ്യം തിരിച്ചറിയേണ്ടത് ഭരണകര്‍ത്താക്കളും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുമാണ്.
രാജ്യം ഏറ്റവും വലിയ ഭീഷണി നേരിടുന്നത് സംഘ്പരിവാര്‍ സംഘടനകളില്‍ നിന്നാണെന്നും ബി ജെ പിയുടെ രാഷ്ട്രീയനയങ്ങള്‍ അപകടകരമാണെന്നും ചൂണ്ടിക്കാട്ടിയ സമ്മേളനം, തീവ്രവാദി ആക്രമണങ്ങളില്‍ ആര്‍ എസ് എസിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനക്കേസുകളില്‍  ആര്‍ എസ് എസിന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിഗമനവും നിലപാടും രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് അവഗണിക്കാനാവില്ല. രാജ്യത്ത് ഭീകരവാദത്തിന് വിത്തുപാകിയത് 1992ല്‍ അഡ്വാനി നടത്തിയ രഥയാത്രയും തുടര്‍ന്നുണ്ടായ ബാബരി മസ്ജിദ് ധ്വംസനവുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ്ങ് വ്യക്തമാക്കിയത് ഇവിടെ ചേര്‍ത്തുവായിക്കുമ്പോള്‍ കോണ്‍ഗ്രസിനും കൈകഴുകാനാവില്ല. സംഘ്പരിവാര്‍ ഭീകരതക്കെതിരെ ഇപ്പോള്‍ കാണിക്കുന്ന ആവേശം പള്ളി തകര്‍ക്കപ്പെട്ട അവസരത്തില്‍ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ വര്‍ഗീയതക്ക് ഇത്രമാത്രം വേരോട്ടം ലഭിക്കുമായിരുന്നോ?
മതേതരമെന്നാല്‍ എല്ലാവരുടെയും വിശ്വസാചാരങ്ങളെ ആദരിക്കലും അവ പരിരക്ഷിക്കലുമാണെന്ന് ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി  മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ പുകഴ്ത്തിയപ്പോള്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് അനുസ്മരിച്ചുകണ്ടില്ല. കഴിഞ്ഞ ഡിസമ്പറില്‍ കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തപ്പോഴോ പാര്‍ട്ടി പ്രസിഡണ്ട് പദം ഏറ്റെടുത്തതിന് ശേഷം ഇതുവരെയോ റാവുവിനെ ഓര്‍ക്കാതിരുന്ന സോണിയ, ഇപ്പോള്‍ അനുസ്മരിച്ചത് ബഹുമുഖ ലക്ഷ്യങ്ങള്‍ ഉള്ളില്‍ തെളിയുന്നതുകൊണ്ടാവാം. എങ്കിലും അത് ഒഴിവാക്കുന്നതായിരുന്നു അഭികാമ്യം. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തെ പിന്താങ്ങി സംസാരിച്ച ദിഗ് വിജയ്‌സിങ്ങ്, രാജ്യത്ത് നടക്കുന്ന ഭീകരതയുടെ സമ്പൂര്‍ണ ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്നും തങ്ങള്‍ മാന്യന്മാരാണെന്നും അവകാശപ്പെട്ട് ഒരു സമുദായത്തെ കടന്നാക്രമിച്ചതിന്റെ പൊള്ളത്തരമാണ് പൊളിച്ചെഴുതിയത്. 1930കളില്‍ ഹിറ്റ്‌ലറുടെ നാസിപാര്‍ട്ടി ജര്‍മനിയില്‍ ജൂതന്മാര്‍ക്ക്‌നേരെ അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് സമാനമാണിതെന്നു വരെ അദ്ദേഹം പറഞ്ഞുവെച്ചു. കോണ്‍ഗ്രസിന് അനുഭവങ്ങളുടെ വെളിച്ചം പകര്‍ന്നുകിട്ടാന്‍ വൈകിയതാണോ അതോ പൊള്ളുന്ന സത്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധതരായതാണോ എന്നറിയില്ല.
സ്വന്തം സര്‍ക്കാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട അഴിമതി വിവാദങ്ങളുടെ പശ്ചാത്തലത്തിലായതുകൊണ്ടാവാം അനുയായികള്‍ക്ക് അഴിമതിയുടെ വ്യാകരണം ചൊല്ലിക്കൊടുക്കാന്‍ പ്‌ളീനറി സമ്മേളനം തീരുമാനിച്ചത്. ഭരണം ഏതു മുന്നണിയുടേതായാലും അഴിമതിയുടെ കൊടുംകാട്ടിലൂടെയാണ് എല്ലാവരും  സഞ്ചരിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെ ഭൂപടം നിവര്‍ത്തിവെച്ച് ഭരണം പങ്കിട്ടവരൊക്കെ ഇനിയെങ്കിലും ആത്മപരിശോധന നടത്തട്ടെ. അഴിമതി തടഞ്ഞ് സദ്ഭരണം ഉറപ്പാക്കാന്‍ ആരും  ശ്രമിച്ച ചരിത്രമില്ലല്ലോ. ശ്രമിച്ചാല്‍ തന്നെ അത് വിജയിക്കുകയുമില്ല. രാജ്യംകണ്ട ഏറ്റവുംവലിയ 2ജി സ്‌പെക്ട്രം അഴിമതിയിലും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലും കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ അവലംബിക്കുന്ന സമീപനങ്ങള്‍ പരിശോധിച്ചാലറിയാം ഈ വിഷയത്തിലെ ആത്മാര്‍ഥത.
ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിലെ സൂചിക പ്രകാരം അഴിമതി അഴിഞ്ഞാട്ടം നടത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. പൊലീസ്, വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വീസ്, ജുഡീഷ്യറി തുടങ്ങിയ ഒമ്പത് സേവന മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കൈക്കൂലി കൊടുക്കേണ്ടിവന്നോ എന്ന ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 54 ശതമാനം പേരും പറഞ്ഞത് അതെ എന്നാണ്. ആഫ്രിക്കയിലെ അവികസിത രാജ്യങ്ങളോടും ആഭ്യന്തരസംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളോടും മത്സരിക്കുംപോലെയാണ് അഴിമതിയില്‍ ഇന്ത്യയുടെ കുതിപ്പ്. ചൈനയിലും ഈ ദുര്‍മേദസ് തഴച്ചുവളരുന്നുവെന്ന് സര്‍വെ വ്യക്തമാക്കുന്നു. അഴിമതിയില്‍ മുന്നില്‍ രാഷ്ട്രീയകക്ഷികള്‍ തന്നെ. രണ്ടാംസ്ഥാനത്ത് പൊലീസ്, പിന്നെ നിയമനിര്‍മാണ സഭകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. അഞ്ചാംസ്ഥാനം സന്നദ്ധസംഘടനകളും ജൂഡീഷ്യറിയും പങ്കിടുന്നു.
തീവ്രവാദത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് അതിനനുയോജ്യമായ അനന്തര നടപടികളും കൈക്കൊള്ളണം. ആദ്യം അഴിമതിക്കുള്ള സകല പഴുതുകളും അടക്കുകയാണ് വേണ്ടത്. അഴിമതിക്കാര്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കുഞ്ചികസ്ഥാനങ്ങളില്‍ ഒരു കാരണവശാലും കടന്നുവരാനും  പാടില്ല. ഘടകകക്ഷികളിലും അഴിമതിക്കാര്‍ക്ക് ഇടംനല്‍കരുത്. തീവ്രവാദത്തെയും ഭീകരപ്രവര്‍ത്തനത്തെയും പരോക്ഷമായി പോലും സഹായിക്കുകയുമരുത്. ഇത്തരം മര്‍മഭേദിയായ പ്രശ്‌നങ്ങളില്‍ പ്രഖ്യാപനങ്ങളും  പ്രമേയങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്ത് പ്രയോജനം? കോണ്‍ഗ്രസ്   ഈ പ്രകൃതിനിയമത്തിന് മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കാമോ?

Friday, December 17, 2010

വാഴ്‌സിറ്റി നിയമനം: വൈകിയുദിച്ച വിവേകം

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ചുഴിയില്‍പെട്ട് ഉഴറുന്ന കേരളം ബുധനാഴ്ച വിവേകത്തിന്റെ നേരിയ സ്വരം കേട്ടു. ഉദ്യോഗനിയമനങ്ങളില്‍ വന്യനീതി മറയേതുമില്ലാതെ നര്‍ത്തനമാടുന്നതിനിടയില്‍ കേട്ട സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തിന് തിളക്കം കൂടും. സുരക്ഷിതത്വത്തില്‍ നിന്ന് അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും നടന്നുനീങ്ങാന്‍ വിധിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭവങ്ങളുടെ മരുഭൂമിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം. കേരളത്തിലെ സര്‍വകലാ നിയമനങ്ങള്‍ പബ്‌ളിക് സര്‍വീസ് കമീഷന് വിടാനുള്ള മന്ത്രിസഭാ തീരുമാനം നിയമനത്തട്ടിപ്പുകളുടെ അഗ്നിഗാഥകള്‍ കേട്ട് പകച്ചുനില്‍ക്കുന്നവര്‍ക്ക് വലിയ പ്രത്യാശ പകരുമെന്നുറപ്പ്. അനധ്യാപക നിയമനങ്ങള്‍ക്ക് മാത്രമാണ് തീരുമാനം ബാധകം. അധ്യാപക നിയമനം ഇപ്പോഴും സര്‍വകലാശാലാ സിണ്ടിക്കേറ്റിന്റെ അധികാരപരിധിയില്‍ തന്നെ. എങ്കിലും സാമൂഹിക പ്രവര്‍ത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും ചിരകാലസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന്റെ നാന്ദിയായി ഇതിനെ കാണാം. പി എസ് സി നിയമനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടിയും ഇതോടൊപ്പം തന്നെ കൈക്കൊള്ളാനും സര്‍ക്കാര്‍ തയാറാവണം.
കേരള യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടാന്‍ തീരുമാനിച്ചത്. ഹൈക്കോടതി നിയോഗിച്ച എന്‍ സുകുമാരന്‍ കമ്മീഷന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷംതോറും ആയിരക്കണക്കിന് നിയമനങ്ങളാണ് യൂനിവാഴ്‌സിറ്റികള്‍ നടത്തുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സിണ്ടിക്കേറ്റ് അംഗങ്ങളുടെയും അടുത്ത ബന്ധുക്കളാണ് ഇങ്ങനെ നിയമനം നേടിയവരില്‍ അധികവും. നിയമനങ്ങളില്‍ യോഗ്യരല്ലാത്തവരെ തിരുകിക്കയറ്റുന്നതോടൊപ്പം സംവരണം കാറ്റില്‍പറത്തുകയും ചെയ്യുന്നു. സുകുമാരന്‍ കമ്മീഷന്‍ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ പിന്‍വാതില്‍ വഴി നിയമനം നേടിയവര്‍ മാത്രമല്ല മെറിറ്റ് ലിസ്റ്റില്‍ കടന്നുകൂടിയവരും ആശങ്കയിലായിരുന്നു. പി എസ് സി നടത്തിയ എഴുത്തുപരീക്ഷയില്‍പോലും പങ്കെടുക്കാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ചിലര്‍ സ്ഥിരനിയമനം നേടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും നിയമനം പി എസ് സിയെ  ഏല്‍പിക്കാനുള്ള തീരുമാനം ഇനിയെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ സത്വര നടപടി കൂടിയേ തീരൂ.
പിന്‍വാതില്‍ നിയമനത്തിലൂടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതില്‍ ആരും മോശക്കാരല്ല.  സി പി എം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്ന് മാത്രം. വലുപ്പത്തില്‍ ചെറുപ്പമാണെങ്കിലും സി പി ഐക്കാരും മോശക്കാരല്ലെന്നാണ് കല്‍പ്പറ്റ സംഭവങ്ങള്‍ നല്‍കുന്ന സൂചന. എല്ലാ ജില്ലകളക്‌ട്രേറ്റുകളിലെയും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഭരിക്കുന്നത് ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടായിരം പേരെ നിയമിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് മാത്രമായിരിക്കും ഇവിടെയും നിയമനം ലഭിക്കുക. അതുകൊണ്ട് എല്ലാ വകുപ്പിലും ഇതപര്യന്തം നടന്ന എല്ലാ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുക തന്നെ വേണം.
രാഷ്ട്രീയ ഇടപെടലുകളില്‍ കുരുങ്ങി അടിവസ്ത്രം പോലും കീറിപ്പോയ നാടാണ് നമ്മുടേത്. അനീതിയെ അരിയിട്ടു വാഴിക്കാത്ത പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ നാം കുഴങ്ങും. ഭയാനകമായ ധാര്‍മികശോഷണമാണിത്. നാം കാത്തുസൂക്ഷിച്ച മഹിതപാരമ്പര്യങ്ങളെല്ലാം തകിടം മറിയുമ്പോള്‍ നിസ്സഹായതയോടെ അഭിമുഖീകരിക്കാനാണ് രാഷ്ട്രീയ പ്രബുദ്ധതക്കും സാക്ഷരതക്കും പുകള്‍പെറ്റ മലയാളിയുടെ നിയോഗം. പൊതുവേദിയില്‍ മാത്രമല്ല നിയമനിര്‍മാണ വേദികളിലും അഴിമതിക്കും അരുതായ്മകള്‍ക്കുമെതിരെ അട്ടഹസിക്കുന്നവര്‍ തീക്കളിയുടെ പുകപടലമുയര്‍ത്തുമ്പോള്‍  മൗനംകൊണ്ട് അംഗീകരിക്കാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു.
മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ നടത്താന്‍ നിശ്ചയിച്ച ഒരു പിടി നിയമനങ്ങള്‍ തടസ്സപ്പെട്ടേക്കാം. സിണ്ടിക്കേറ്റിലെ രാഷ്ട്രീയക്കാരുടെ തിളപ്പ് കുറക്കാന്‍ ഇത് സഹായിക്കും.  രാഷ്ട്രീയക്കാരുടെ സിണ്ടിക്കേറ്റ് മോഹത്തിന് അറുതി യാവുകയും ചെയ്യും. യൂനിവാഴ്‌സിറ്റികളെ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് സിണ്ടിക്കേറ്റും അതിലെ രാഷ്ട്രീയ പ്രതിനിധികളുമാണല്ലോ.
എന്നാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിയമനം നടത്തുന്നതിന് വിലക്കുണ്ടാവില്ല. ഹൈക്കോടതി നേരിട്ട് നിയമിച്ച എന്‍ സുകുമാരന്‍ കമ്മീഷന്‍ കേരള യൂനിവാഴ്‌സിറ്റി നിയമത്തിലെ ക്രമക്കേടു കണ്ടെത്തുന്നതിന് മുമ്പ് ലോകായുക്ത ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ നിയമനം റദ്ദാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയോ സര്‍ക്കാരോ കൂട്ടാക്കിയില്ല. കേരളക്ക് പുറമെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ കാര്‍ഷിക, സംസ്‌കൃത സര്‍വകലാശാലകളിലും നിയമനത്ത കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ നിയമിച്ചവരെ പിരിച്ചുവിട്ട ശേഷം യഥാര്‍ഥ ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി. ഇതുസംബന്ധിച്ച കേസിലും സര്‍വകലാശാലാ നിയമനങ്ങളെല്ലാം പി എസ് സിക്ക് വിടണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിയമനം പി എസ് സി വഴിയാക്കുന്നതിന് ഓരോ സര്‍വകലാശാലയിലെയും നിയമം ഭേദഗതി ഭേദഗതി ചെയ്യേണ്ടിവരും. ഇത് നിയമസഭയിലവതരിപ്പിച്ച് പാസ്സാക്കുകയോ ഓര്‍ഡനന്‍സായി കൊണ്ടുവരികയോ ചെയ്യണം. ഇതിന് ഇനിയും മാസങ്ങളെടുത്തേക്കും.
നിലവില്‍ സിണ്ടിക്കേറ്റുകള്‍ക്കാണ് നിയമനം നടത്താനുള്ള അധികാരം. ഈ അധികാരം പരമാവധി ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നതിനാലാവണം സിണ്ടിക്കേറ്റില്‍ കയറിപ്പറ്റാന്‍ ശക്തമായ വടംവലി നടക്കുന്നത്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സര്‍വകലാശാല അനധ്യാപക നിയമനം ഏറ്റെടുക്കാന്‍ പി എസ് സി ചെയര്‍മാനും സമ്മതിച്ചിട്ടുണ്ട്.
എന്തായാലും നിയമനത്തട്ടിപ്പുകളുടെ പട്ടിക വിവിധ വകുപ്പുകളില്‍നിന്ന് പുറത്തുവന്ന് തുടങ്ങിയപ്പോഴെങ്കിലും സര്‍ക്കാര്‍ കണ്ണുതുറന്നത് നന്നായി.

Friday, December 10, 2010

മദ്യത്തിന്റെ അകമ്പടിക്കാര്‍ തെറ്റ് തിരുത്തട്ടെ

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നീരാളിവലയില്‍ കുരുങ്ങി മുങ്ങിച്ചാവുന്ന കേരളത്തെ അതില്‍നിന്ന് രക്ഷിക്കാന്‍ ശക്തമായ പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ച മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും അതിന്റെ  പോഷക ഘടകങ്ങളും തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു. ലഹരിയുടെ കുത്തൊഴുക്ക് സൃഷ്ടിച്ച ആഘാതങ്ങളുടെ ആഴം വളരെ വൈകിയാണെങ്കിലും അവരും തിരിച്ചറിഞ്ഞിരിക്കുന്നു. നാട്ടില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളുടെയും അനിവാര്യഘടകമായി മദ്യം മാറിക്കഴിഞ്ഞെന്നാണ് പരിപാടിയുടെ പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ വെളിപ്പെടുത്തിയത്. ഈ നടപടിയെ സ്വാഗതം ചെയ്യുന്നതിനു പകരം മദ്യവിരുദ്ധ പ്രചാരണങ്ങളെ  തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തട്ടിപ്പായി ചുരുക്കിക്കാണാന്‍ ശ്രമിക്കുന്നത് ശരിയല്ല.
കഴിഞ്ഞ നാലരവര്‍ഷവും മദ്യത്തിനെതിരെ സി പി എമ്മോ ഇടതുമുന്നണിയോ ചെറുവിരലനക്കിയിട്ടില്ലെന്നത് ശരിയാണ്. മാത്രമല്ല പലപ്പോഴും മദ്യലോബിയെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഘട്ടംഘട്ടമായുള്ള  മദ്യവര്‍ജനം ഉറപ്പ് നല്‍കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജനവിധി തേടിയതും അധികാരത്തിലേറിയതും. ഐക്യജനാധിപത്യ മുന്നണി മദ്യനിരോധനത്തെ കുറിച്ച് പ്രകടനപത്രികയില്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്. അത് യാഥാര്‍ഥ്യമാക്കാന്‍ പക്ഷെ അവര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 1996ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ചാരായം നിരോധിച്ചതു മാത്രമാണ് ഇതിനൊരു അപവാദം. ആദ്യ ഘട്ടമെന്ന നിലയില്‍ 1600 ഓളം കള്ളുഷാപ്പുകള്‍ അദ്ദേഹം നിര്‍ത്തലാക്കിയിരുന്നു. മദ്യഷാപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതും യു ഡി എഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ ഡി എഫ് ഈ അധികാരം റദ്ദാക്കുകയായിരുന്നു. മാത്രമല്ല ഇഷ്ടംപോലെ കള്ളുഷാപ്പുകള്‍ തുറക്കാനുള്ള അധികാരവും നല്‍കി. ശാസ്ത്രീയമായ മാനദണ്ഡങ്ങളില്ലാതെ ബാറുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയതും ഇടതുസര്‍ക്കാരാണ്.
സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ മനസാ വാചാ കര്‍മണാ ആരും ശ്രമിച്ചിട്ടില്ലെന്നത് അനിഷേധ്യസത്യമായി അവശേഷിക്കുന്നു. അങ്ങനെ ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാന്‍ ആരും തയാറായിരുന്നില്ല. മദ്യലോബി അത്രമാത്രം ശക്തമാണിവിടെ. ചെത്തുതൊഴിലാളികളുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് വേണ്ടി വാദിച്ചവര്‍ യഥാര്‍ഥത്തില്‍ മദ്യത്തിന്റെ തീപ്പൊരികളെ ഊതിയാളിക്കുകയാണ് ചെയ്തത്. പോംവഴികളിലൊക്കെ അവര്‍ മുള്ളുകള്‍ വിതറി. ചെത്തുതൊഴിലാളികളെ മറ്റേതെങ്കിലും മേഖലകളില്‍ പുനരധിവസിപ്പിച്ചിരുന്നുവെങ്കില്‍ മദ്യോപയോഗത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എന്ന അപഖ്യാതിയില്‍നിന്ന് കേരളത്തിന് രക്ഷപ്പെടാമായിരുന്നു. ഇന്ന് മദ്യപിക്കാത്തവര്‍ ന്യൂനപക്ഷമായി മാറിയിരിക്കുന്നു. 40 ശതമാനം! കുട്ടികളിലും മദ്യപാനശീലം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ജനങ്ങളില്‍ 20 ശതമാനമെങ്കിലും സ്ഥിരമായി മദ്യപിക്കുന്നവരാണ്.
മദ്യമില്ലെങ്കില്‍ പിന്നെ എന്താഘോഷം എന്ന അവസ്ഥ എത്ര ഭയാനകമാണ്. വിവാഹാഘോഷങ്ങളില്‍ മാത്രമല്ല  മരണാനന്തര ചടങ്ങുകളിലും മദ്യത്തിനാണ് പ്രമുഖസ്ഥാനം. പെരുകിവരുന്ന കുറ്റകൃത്യങ്ങളിലും സ്ത്രീപീഡനങ്ങളിലും കുടുംബ വഴക്കുകളിലും വില്ലന്റെ വേഷം ലഹരിമരുന്നുകള്‍ക്ക് തന്നെ. വാഹനാപകടങ്ങളുടെ കാര്യമെടുത്താലും മദ്യപിച്ച് വാഹനമോടിക്കുന്നതാണ് പ്രശ്‌നം. സമൂഹത്തിന്റെ ബോധങ്ങളില്‍ പിന്നെയും ഇരുട്ടുപരക്കുകയാണ്. പലരേയും നിത്യരോഗികളാക്കുന്നതിലും ആത്മഹത്യയിലെത്തിക്കുന്നതിലും മദ്യമടക്കമുള്ള ലഹരി മരുന്നുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലൈംഗിക അരാജകത്വം സകല സീമകളും ലംഘിക്കപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല.
അര്‍ബുദം പോലെ മാരകമായി വളരുന്ന അഴിമതിക്കെതിരെയും സി പി എം ദേശവ്യാപകമായി പ്രചാരണം തുടങ്ങിയിരിക്കുന്നു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും അഴിമതിയും തുറന്നുകാട്ടാനാണിത്. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ്, കര്‍ണാടകയിലെ ഖനന-ഭൂമി അഴിമതി തുടങ്ങിയ കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് പാര്‍ട്ടിയുടെ പ്രധാന ആവശ്യം. എന്നാല്‍ അഴിമതി തുടച്ചുനീക്കാന്‍ സംസ്ഥാനം ഭരിക്കുന്നവരെന്ന നിലയില്‍ തങ്ങളുടെ കരങ്ങള്‍ ശുദ്ധമാണെന്ന് ബോധ്യപ്പെടുത്താനും പാര്‍ട്ടിക്ക് കഴിയേണ്ടതില്ലേ?
അഴിമതിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ മോശമാണോ? ലോട്ടറി കേസ്, ആദിവാസി ഭൂമി തട്ടിപ്പ്, എസ് എന്‍ സി ലാവ്‌ലിന്‍ തുടങ്ങി ഏറ്റവുമൊടുവില്‍ പി എസ് സി നിയമനങ്ങളില്‍പോലും എത്തിനില്‍ക്കുന്നു അഴിമതിയുടെ കഥകള്‍. പുലരുന്ന ഓരോ ദിവസവും തലേന്നത്തേക്കാള്‍ ഭീതിജനകമാവുകയാണ്. നീതീകരിക്കപ്പെട്ട ദുരാചാരമായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു മദ്യവും അഴിമതിയും. ആശങ്കകളുടെ പ്രഭാതഭേരി കേട്ടുകൊണ്ടാണ് ഓരോ ദിവസവും ജനം ഉണരുന്നത്.
ജനങ്ങളുടെ രോഷവും രോദനവും അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ശാന്തിയുടെ തീരത്തേക്കുള്ള യഥാര്‍ഥ വഴി ആരും അന്വേഷിക്കുന്നില്ല. മദ്യവിപത്തിനെ കുറിച്ചും അഴിമതി വരുത്തിവെച്ച ആഘാതങ്ങളെ കുറിച്ചും താത്വിക വിചിന്തനങ്ങള്‍ക്കും പരസ്പര വിമര്‍ശനങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. അങ്ങനെ നടത്തിയതുകൊണ്ട് ഇവിടെ ആര്‍ക്കും ഒരു പ്രയോജനവുമില്ല. മദ്യത്തിന്റെയും അഴിമതിയുടെയും അകമ്പടിക്കാരായവര്‍ ആരായാലും തെറ്റുതിരുത്തുകയാണ് വേണ്ടത്. തെറ്റു തിരുത്താനുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമായി സി പി എമ്മിന്റെ പ്രചാരണ പരിപാടികളെ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

വാരാണസി സ്‌ഫോടനം

ചരിത്രത്തില്‍നിന്ന് പാഠംപഠിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ഇനിയും തയാറാവുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തരപ്രദേശിലെ വാരാണസിയിലുണ്ടായ സംഭവം. വൈകാരിക സ്‌ഫോടനങ്ങള്‍ക്ക് വഴിവെക്കുന്ന നിരവധി സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടിട്ടും വിഭാഗീയതയുടെയും സംഘര്‍ഷത്തിന്റെയും മൂര്‍ഖന്മാര്‍ തലപൊക്കുന്നത് തടയാനാവുന്നില്ല. വാരാണസി കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാനദിയിലെ ശീതളഘട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മരണം ഒന്നു മാത്രമാണെങ്കിലും വര്‍ഗീയാഗ്നി ആളിപ്പടരാനും അനേകം ജീവനുകള്‍ അപഹരിക്കപ്പെടാനും അത് ധാരാളം മതി. സ്‌ഫോടനത്തിന് തെരഞ്ഞെടുത്ത സമയവും സ്ഥലവും സ്‌ഫോടനത്തെ തീര്‍ച്ചയായും ശ്രദ്ധേയമാക്കുന്നു. ബാബരി മസ്ജിദ് ധ്വംസനം നടന്നതിന്റെ 18-ാം വാര്‍ഷികത്തിന് തൊട്ടു പിറ്റേന്നാണ് രണ്ടര വയസ്സുകാരി മരിക്കാനും വിദേശികളടക്കും 30 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ വാരാണസി സ്‌ഫോടനം. സാമുദായിക സമാധാനവും സൗഹാര്‍ദവും തകര്‍ക്കുക തന്നെയാണ് സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്നതില്‍ അശേഷം സംശയം വേണ്ട.
ലശ്ക്കറെ ത്വയ്ബയുടെ ഇന്ത്യന്‍ പതിപ്പെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍. ബംഗളൂര് സ്‌ഫോടനപരമ്പരയടക്കം നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതികളായ ഭട്ക്കല്‍ സഹോദരന്മാരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും  റിപ്പോര്‍ട്ടുകളില്‍ കാണുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഉത്തരപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും വിട്ടയച്ചു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.  ഇ-മെയില്‍  അയച്ചത് ന്യൂമുംബൈയിലെ വാഷിയില്‍ നിന്നാണ്. വാഷിയിലെ സെക്ടര്‍ 17ല്‍ താമസിക്കുന്ന അഖില്‍ തല്‍മരേജയുടെ വയര്‍ലസ് ഇന്റര്‍നെറ്റായ വൈഫൈ വഴിയാണ് സന്ദേശം മാധ്യമങ്ങളിലേക്കയച്ചതെന്ന് മഹരാഷ്ട്ര ഭീകരവിരുദ്ധ സേന കണ്ടെത്തി. തല്‍രേജയുടെ പേരിലുള്ള നെറ്റ് വഴി അഞ്ച് പേജ് ദൈര്‍ഘ്യമുള്‌ള സന്ദേശമാണ് അയച്ചത്. ഇയാളുടെ വൈഫൈ കണക്ഷനില്‍ മറ്റാരോ നുഴഞ്ഞുകയറിയെന്നാണ് പൊലീസ് നിഗമനം.
2008ലെ അലഹബാദ്, ദല്‍ഹി സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെയും ഇതുപോലെ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം പ്രചരിച്ചിരുന്നു. അന്നത്തെ അന്വേഷണം ചെന്നെത്തിയതും ന്യൂമുംബൈയിലെ വാഷിയില്‍ തന്നെയായിരുന്നു. അന്ന് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഭീകരസംഘടനകളുടെ തലപ്പത്തുള്ള 20 പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഭൂരിഭാഗവും സോഫ്റ്റ്‌വെയര്‍ മേഖലയിലുള്ളവരായിരുന്നു. 2008ലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച ഇ-മെയില്‍ അമേരിക്കക്കാരനായ മതപ്രചാരകന്‍ കെന്നത്ത് ഹെവുഡിന്റെ കണക്ഷനില്‍ നിന്നായിരുന്നു.
സ്‌ഫോടനത്തിനുത്തരവാദികള്‍ ആരൊക്കെയെന്ന് കൃത്യമായി അറിയണമെങ്കില്‍ സത്യസന്ധമായ അന്വേഷണം ജാഗ്രവത്തായി ഇനിയും നടക്കേണ്ടതുണ്ടെന്നാണ് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിന് സര്‍ക്കാരും പൊലീസുമെല്ലാം ചുമതലാബോധം പ്രകടിപ്പിക്കുക തന്നെ വേണം. അപകടകരമായ കുറുക്കുവഴി തേടുന്നവര്‍ ഇന്ത്യന്‍ ജനതക്കു മേല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ലെന്ന് ഓരോ സംഭവവും വിളംബരം ചെയ്യുകയാണ്. ഭീകരവാദം ആരുടെയും കുത്തകയല്ലെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തവരുടെ അടുത്ത ലക്ഷ്യം വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട് രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും അനുപേക്ഷണീയമാണ്.
ചരിത്രപ്രസിദ്ധമായ ഡല്‍ഹിയിലെ ജുമാമസ്ജിദ് പരിസരത്ത് ഇക്കഴിഞ്ഞ സപ്തമ്പറില്‍ നടന്ന വെടിവെപ്പ് മറക്കാറായിട്ടില്ല. വിനോദസഞ്ചാരികളായ വിദേശികള്‍ സഞ്ചരിച്ച കാറിന് നേരെയായിരുന്നു വെടിവെപ്പ്. പൊലീസ് സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു ആക്രമണമെങ്കിലും ഒരു സൂചന നല്‍കാന്‍പോലും നമ്മുടെ ഇന്റലിജന്‍സിനായില്ല. ബട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ രണ്ടാംവാര്‍ഷിക ദിനത്തിലായിരുന്നു അത്. മതവും രാഷ്ട്രീയവും ലഹരിയായി പടരുമ്പോള്‍ മനുഷ്വത്വം ചോര്‍ന്നുപോകുമെന്നതിന് ഉദാഹരണങ്ങള്‍ ഇതുപോലെ എത്രവേണമെങ്കിലും നിരത്താനാവും.
രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ കാവിഭീകരതയും ശക്തമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയത് രണ്ടര മാസം മുമ്പാണ്. അതിര്‍ത്തി സംസ്ഥാനമായ കശ്മീരില്‍ നിന്ന് കരള്‍പിളര്‍ക്കുന്ന രോദനം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ലാത്തിച്ചാര്‍ജും വെടിവെപ്പും മരണവും പ്രതിഷേധവുമെല്ലാം അവിടെ ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവസാനം അവിടത്തെ മുഖ്യമന്ത്രിക്ക് കശ്മീരിനെ രക്ഷിക്കണമേ എന്ന അപേക്ഷയുമായി പ്രധാനമന്ത്രിയുടെ പടിവാതില്‍ക്കല്‍ ചെല്ലേണ്ടിവന്നു. അവിടെ കലാപകാരികളും പൊലീസും പട്ടാളവുമെല്ലാം ചേര്‍ന്നാണ് കുരുതിക്കളം തീര്‍ക്കുന്നത്. മാവോയിസ്റ്റു ഭീകരാക്രമണത്തിന് മുമ്പിലെത്തുമ്പോള്‍ പട്ടാളത്തിനും പൊലീസിനും മുട്ടുവിറക്കുന്നതും നാം കാണുന്നു.
ഭീകരപ്രവര്‍ത്തനം നടത്തി രാജ്യം കുട്ടിച്ചോറാക്കന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ മുഖംനോക്കാതെ നേരിടാന്‍ സര്‍ക്കാരിന് കഴിയണം.മണ്ണപ്പമുണ്ടാക്കി കളിക്കുന്ന ലാഘവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന ശൈലി ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും തയാറാവുകയും വേണം.
Related Posts Plugin for WordPress, Blogger...