Wednesday, April 24, 2013

ഹൈദരലി ശിഹാബുതങ്ങളുടെ സാരോപദേശം


          'മഹല്ല് നേതൃത്വം ക്രിയാത്മകമാവണം' എന്ന തലക്കെട്ടില്‍ ഈ മാസം 13ന് മുസ്‌ലിംലീഗ് പ്രസിഡണ്ടുകൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 'ചന്ദ്രിക' യില്‍ എഴുതിയ ലേഖനം എല്ലാവരും ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ധാര്‍മികമായി മുസ്‌ലിം സമൂഹം എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് നാട്ടിലെ വിവാഹങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നുവെക്കുന്നതെന്നും ധൂര്‍ത്തിന്റെയും ലോകമാന്യത്തിന്റെയുമൊക്കെ അരങ്ങായി വിവാഹസദസ്സുകള്‍ മാറിയിരിക്കുന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം തുറന്നുസമ്മതിക്കുന്നു. കല്യാണരാവുകള്‍ കുടിച്ചും കൂത്താടിയുമാണ് യുവസമൂഹം ആഘോഷിക്കുന്നതെന്നും ഇത്തരം അസാന്മാര്‍ഗികതകളെയും ആഭാസങ്ങളെയും പിഴുതെറിയാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു. സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നന്നായാല്‍ സമൂഹം മുഴുവന്‍ നന്നാവുമെന്നും അവര്‍ മോശമായാല്‍ സമൂഹം മുഴുവന്‍ മോശമാവുമെന്നുമുള്ള പ്രവാചകാധ്യാപനം ഓര്‍മപ്പെടുത്തിക്കൊണ്ടാണ്  ലേഖനം തുടങ്ങുന്നതു തന്നെ. അടുത്ത കാലത്തായി മഹല്ലുകളില്‍നിന്ന് ആത്മീയബോധം നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അധാര്‍മികതകളുടെയും അനാചാരങ്ങളുടെയും അരങ്ങുകളായി മഹല്ലുകള്‍ മാറിത്തീര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറയുന്നു.

          മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ അതിവേഗം മഹല്ലുകളെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ലഹരിവിരുദ്ധ മഹല്ലെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ വര്‍ഷങ്ങളായി നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കോ ഉപവാസങ്ങള്‍ക്കോ സാധിക്കാത്ത വിധത്തിലുള്ള നേട്ടം കൊയ്യാമെന്നും തങ്ങള്‍ ഉപദേശിച്ചിരിക്കുന്നു.

          ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സമുദായത്തിന് നേര്‍വഴിയുടെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ആയിരക്കണക്കിന് മഹല്ലുകളുണ്ടായിട്ടും സമൂഹത്തില്‍ പെരുകിവരുന്ന അനാശാസ്യങ്ങള്‍ക്ക് പിന്നിലെല്ലാം  എന്തുകൊണ്ട് മുസ്‌ലിം നാമങ്ങള്‍ മാത്രം എന്ന് ചോദിക്കാനും ഈ ലേഖനം തന്നെ തങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

          അഞ്ചുപതിറ്റാണ്ടിലേറെ കേരളത്തിലെ പ്രമുഖ മതസംഘടനകളുടെ തലപ്പത്തിരിക്കുകയും നൂറുക്കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും മുസ്‌ലിംലീഗെന്ന രാഷ്ട്രീയപാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും ചെയ്തവരാണ് പാണക്കാട്ടെ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബു തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബുതങ്ങളുമൊക്കെ. നിരവധി അറബിക്കോളജുകളുടെ നടത്തിപ്പിലും മുഖ്യപങ്കാളിത്തം അവര്‍ക്ക് തന്നെയാണ്. അതിനാല്‍ കേരളീയ മുസ്‌ലിം സമൂഹം ഇത്രമാത്രം അധ:പതിച്ചുവെങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അവര്‍ തന്നെയല്ലേ?

          മത-രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതു മുതല്‍ ഇതുവരെ ലീഗാണ് അവിടെ അധികാരത്തിലിരുന്നതും ഇപ്പോള്‍ ഇരിക്കുന്നതും. പ്രഥമ ജില്ലാ കൗണ്‍സില്‍ മദ്യനിരോധം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യം തങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. അന്ന് അദ്ദേഹമായിരുന്നു ജില്ലാ ലീഗ് പ്രസിഡണ്ടും സുന്നിയ യുവജന സംഘം അധ്യക്ഷനും. മിക്കവാറും പഞ്ചായത്തുകളും നഗരസഭകളും മലപ്പുറം ജില്ലയില്‍ ഭരിക്കുന്നതും ലീഗാണല്ലോ. എം എല്‍ എമാരില്‍ 12ഉം എം പിമാരും അവരുടേത് തന്നെ. എന്നിട്ടും മദ്യനിരോധം മലപ്പുറത്തു പോലും യാഥ്യാര്‍ഥ്യമാക്കാന്‍ കഴിയാത്തവരാണ് മഹല്ലുകളെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

        പ്രഖ്യാപനങ്ങളും പ്രസ്താവനകളും കേട്ടുമടുത്തു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇച്ഛാശക്തിയും ധാര്‍മികബോധവുമാണ് വേണ്ടത്. അതു ണ്ടായിരുന്നെങ്കില്‍ മുസ്‌ലിം സമുദായം തങ്ങള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഇത്രമാത്രം അധ:പതിക്കില്ലായിരുന്നു. എല്ലാ മതസംഘടനകളും ഈ കുളിമുറിയില്‍ നഗ്നരാണ്. സമ്മേളനങ്ങളും സനദുദാന മാമാങ്കങ്ങളും കോളജ് വാര്‍ഷികങ്ങളും അടിച്ചുപൊളിച്ച് പൊങ്ങച്ചം പ്രകടിപ്പിക്കാനല്ലാതെ അവര്‍ക്കെല്ലാം ഇതിനൊക്കെ എവിടെ നേരം.
Related Posts Plugin for WordPress, Blogger...