Wednesday, January 25, 2012

കൊടുങ്കാറ്റിന്റെ മടക്കയാത്ര


ആ തേന്‍തിരിയണഞ്ഞു. കടലിരമ്പം പോലെ മലയാളികളെ ആപാദചൂഢം കോരിത്തരിപ്പിപ്പിച്ച സാഗരഗര്‍ജനം  എന്നെന്നേക്കുമായി വിടവാങ്ങി.  എല്ലാവരെയും തിരുത്താന്‍ പലപ്പോഴും പരുക്കനായി തന്നെ പ്രത്യക്ഷപ്പെട്ട  ആ വടവൃക്ഷം കടപുഴകി വീണു. ധര്‍മമാണ് ബലം, അതിന്റെ കൂട്ടുണ്ടെങ്കില്‍ ഏത് പരാക്രമിയേയും നേരിടാനാവുമെന്ന് പഠിപ്പിച്ച ഡോ സുകുമാര്‍ അഴീക്കോട് ഏഴുപതിറ്റാണ്ടു നീണ്ട  ധന്യദൗത്യം പൂര്‍ത്തിയാക്കി നിത്യനിദ്രയില്‍ വിലയംപ്രാപിച്ചു. അദ്ദേഹം ജീവിച്ച കാലവളവില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ നമ്മുടെ പുണ്യം. അഴീക്കോട് ജീവിച്ചത് തന്നെ നമുക്ക് വേണ്ടിയായിരുന്നുവല്ലോ.

          പ്രഭാഷകന്‍, അധ്യാപകന്‍, സാഹിത്യ വിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം കേരളീയ പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നാവില്‍ അക്ഷരങ്ങളുടെ സാഗരത്തിരയുമായി മലയാളിയുടെ  ഇടനെഞ്ചില്‍ വാക്കുകളുടെ പ്രകമ്പനം സൃഷ്ടിക്കാന്‍  അനിതരസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്. തിന്മകള്‍ക്കും അനീതികള്‍ക്കും സാമൂഹിക ജീര്‍ണതകള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ കൊടുങ്കാറ്റിന്റെ വീറും വീര്യവും മാത്രമല്ല  വാക്കുകള്‍ക്ക് പടവാളിനേക്കാള്‍ മൂര്‍ച്ചയുമുണ്ടാവും. ചുറുചുറുക്കോടെയും യുവാവിന്റെ ആവേശത്തോടെയും വേദികളില്‍നിന്ന് വേദികളിലേക്ക് പടര്‍ന്നുകയറിയ ആ സിംഹഗര്‍ജനം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളി ഉണ്ടാവില്ല. ഉദാത്തമായ സന്ദേശങ്ങള്‍ക്കൊപ്പം പ്രഭാഷണകലയുടെ ആകര്‍ഷണവും സൗന്ദര്യവും അദ്ദേഹം  പകര്‍ന്നുനല്‍കി. അത്യന്തം വശ്യമായ ആ ധര്‍മസ്വരം  ഇനി ആസ്വദിക്കാനാവില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍..

          വര്‍ഗീയവല്‍ക്കരണത്തിനും സാംസ്‌കാരിക അപചയങ്ങള്‍ക്കും വിദ്യാഭ്യാസകച്ചവടത്തിനും  സര്‍വോപരി അഴിമതിക്കുമെതിരെ അഴീക്കോടിനെ പോലെ സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു സാംസ്‌കാരിക നായകനുണ്ടാവില്ല. വാക്കുകളില്‍ അഗ്നിയും സ്‌നേഹവും ലാളിത്യവും സന്നിവേശിപ്പിച്ച അദ്ദേഹം ആരുടെയും മുഖത്തുനോക്കി നിലപാട് തറയില്‍ ഉറച്ചുനില്‍ക്കും. ആത്മാര്‍ഥതയെ തീപിടിപ്പിക്കുന്ന പൊള്ളുന്ന വാക്കുകളാണ് ആ നാവില്‍നിന്ന് ഉതിര്‍ന്നു വീഴുക. കുത്തുവാക്കുകളും ക്ഷിപ്രക്ഷേഭവും കൊണ്ട് വേദികളില്‍ കത്തിക്കയറും. മലയാളികളുമായുള്ള വ്യക്തിബന്ധം അദ്ദേഹം സ്ഥാപിച്ചെടുത്തത് തന്നെ അക്ഷരങ്ങളിലൂടെയാണല്ലോ.

          ലോകപ്രശസ്തരായ പത്ത് മലയാളികളുടെ പട്ടികയില്‍ നക്ഷത്രശോഭയോടെ അരനൂറ്റാണ്ടിലേളെയായി അഴീക്കോടിന്റെ പേരുണ്ട്. ആയിരക്കണക്കിന് പ്രബന്ധങ്ങളും പതിനായിരക്കണക്കിന് പ്രഭാഷണങ്ങളും നടത്തി മലയാളിയുടെ അഭിമാനവും ആവേശവുമായി മാറിയ അഴീക്കോട് സാംസ്‌കാരിക കേരളത്തിനും അക്ഷരലോകത്തിനും നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. പാഠപുസ്തകം ക്‌ളാസ് മുറിക്ക് പുറത്താണെന്ന് മനസ്സിലാക്കിയ അധ്യാപകനായിരുന്നു അദ്ദേഹം.

         അഴീക്കോടിനെ പോലുള്ള മഹാവ്യക്തിത്വങ്ങള്‍ നമുക്കിടയില്‍ ഉള്ളതുകൊണ്ടാണ് നാം പെട്ടെന്ന് നിരാശരാവുകയോ വ്യര്‍ഥമോഹങ്ങളിലേക്ക്  കൂപ്പുകുത്തുകയോ ചെയ്യാത്തത്. മലബാറിലെ ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും അദ്ദേഹത്തിന്റെ നാവ് പുഷ്പിക്കും.

         ജനിച്ചത് കണ്ണൂരിലാണെങ്കിലും കോഴിക്കോടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല തട്ടകം.  ഏറ്റവും കൂടുതല്‍ പ്രഭാഷണം നടത്തിയതും കോഴിക്കോട് ടൗണ്‍ഹാളിലാണ്. 1986ല്‍ തൃശൂര്‍ക്ക് താമസം മാറിയെങ്കിലും മലബാറിലെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു.

          ആത്മകഥയടക്കം നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും 1985ല്‍ പുറത്തുവന്ന തത്വമസിയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. അതിന് കേന്ദ്ര,കേരള സാഹിത്യഅക്കാദമി അവാര്‍ഡുളുള്‍പ്പെടെ 12 പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. 2007 ല്‍ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അതു നിരസിച്ചു. എം പി നാരായണപ്പിള്ളക്ക് നല്‍കിയ പുരസ്‌കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരവും അഴീക്കോടിനെ തേടിയെത്തുകയുണ്ടായി.
 
          1962ല്‍ കോഴിക്കോട് ദേവഗിരി കോളേജ് അധ്യാപകനായിരിക്കെ തലശ്ശേരിയില്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന മാനിച്ച് മത്സരിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറിയെങ്കിലും തന്റെ അഭിപ്രായഭേദങ്ങള്‍ ആര്‍ക്കുമുമ്പിലും അടിയറവെച്ചിരുന്നില്ല.

          അസുഖം വന്ന് ചികിത്സയിലായ അഴീക്കോട് മാഷ് പക്ഷെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും മാനസികമായി ഊര്‍ജസ്വലനായിരുന്നു.  സന്ദര്‍ശിക്കാന്‍ ഒഴുകിയെത്തിയ സാംസ്‌കാരിക മനസ്സുകളോട്് കുശലാന്വേഷണം നടത്തുമ്പോഴും ജീവിക്കുന്ന ഓരോ നിമിഷവും ചുറ്റുപാടുകളെ നോക്കി  തെറ്റും ശരിയും ചികഞ്ഞെടുത്ത്  വിളിച്ചുപറയുന്ന സ്ഥൈര്യവും ധൈര്യവും ആര്‍ജവവും അദ്ദേഹം അവരോടും പങ്കുവെച്ചു.. എതിര്‍പ്പുള്ളവരും ശത്രൂക്കളും പരിഭവക്കാരും കാണാനെത്തിയതോടെ വിദ്വേഷങ്ങള്‍ക്ക് വിരാമമായി. കേസും കൂട്ടങ്ങളും ഒത്തുതീര്‍പ്പാക്കപ്പെട്ടു. സ്‌നേഹാക്ഷരങ്ങള്‍കൊണ്ട് സ്വാന്തനം നേര്‍ന്നവര്‍ അനുമോദനമര്‍ഹിക്കുന്നു.

Monday, January 23, 2012

വേണം, കളങ്കമേശാത്ത കലാമേള


          തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കലാസ്‌നേഹികളുടെ ആവേശാരവങ്ങള്‍ ഏറ്റുവാങ്ങി പുതിയ കലാപ്രതിഭകള്‍ ആത്മസംതൃപ്തിയോടെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ലോകമലയാളികളാകെ അവരെ അനുമോദനങ്ങള്‍കൊണ്ട് ആശീര്‍വദിക്കുകയായിരുന്നു. ഇത്രയും വിപുലമായ കലാമേള ലോകത്ത് തന്നെ അത്ഭുതമാണ്. 59 രാജ്യങ്ങളില്‍ സ്‌കൂള്‍ കലോത്സവം തത്സമയം കാണാന്‍ സംവിധാനമൊരുക്കിയിരുന്നു. ആറുവേദികളിലെ മത്സരങ്ങള്‍ ഇങ്ങനെ സംപ്രേഷണം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വേദികളിലെ മത്സരങ്ങള്‍ ലോകരാജ്യങ്ങളിലെത്തിക്കാന്‍  സര്‍ക്കാര്‍ ആലോചിക്കുന്നു. തീര്‍ച്ചയായും കലാകേരളത്തിന്റെ ഈ മഹാസംഗമം  ആഗോള സമൂഹം അറിയാതെ പോയാല്‍ അതിനേക്കാള്‍ വലിയ നഷ്ടം വേറെയില്ല.

           സംഗീതവും സാഹിത്യവും നൃത്തവും അഭിനയവും ആയോധനയും ചിത്രവും ചേര്‍ന്ന് ഏഴു രാപ്പകലുകള്‍ കലാവിസ്മയ വസന്തം വിരിയിച്ച 52-ാം സ്‌കൂള്‍ കലോത്സവത്തില്‍  810 പോയിന്റോടെ കോഴിക്കോടിന് തന്നെയാണ് കലാകരീടം. 2007ല്‍ കണ്ണൂരില്‍ നിന്നാരംഭിച്ച ഈ ജൈത്രയാത്രയില്‍ അവരെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ലെന്നത് ചരിത്രം. ആതിഥേയത്വത്തിന്റെ ആത്മബലത്തില്‍ കലാകിരീടം തിരിച്ചുപിടിക്കാന്‍ തൃശൂര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും 779 പോയിന്റോടെ അവര്‍ക്ക് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അടുത്ത കലോത്സവത്തിന്റെ ആതിഥേയരായ മലപ്പുറം അത്ഭുതം കാഴ്ചവെക്കുമെന്ന് സാക്ഷ്യപ്പെടുത്തി  776 പോയിന്റോടെ മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ തവണ മലപ്പുറം എട്ടാംസ്ഥാനക്കാരായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി എസ് എസ് ജിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത്. സംസ്‌കൃതോത്സവത്തില്‍ തൃശൂരും, മലപ്പുറവും അറബിക് കലോത്സവത്തില്‍  മലപ്പുറവും, കോഴിക്കോടും, പാലക്കാടും  ഒന്നാം സ്ഥാനം പങ്കുവെച്ചു.

           സംഘാടന മികവിലും ആതിഥേയത്വത്തിലും മേള മത്സരാര്‍ഥികളുടെയും കാണികളുടെയും മനം കുളിര്‍പ്പിച്ചപ്പോള്‍ അപ്പീല്‍ പ്രളയം ആശങ്കകള്‍  സൃഷ്ടിക്കുക തന്നെ ചെയ്തു. അവസാന ദിവസമായപ്പോള്‍ അപ്പീല്‍ മത്സരാര്‍ഥികളുടെ എണ്ണം 762ല്‍ നിന്ന് 3254 ആയി ഉയര്‍ന്നു. ഇതോടെ കലാമേളയില്‍ പങ്കെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇത് സര്‍വകാല റെക്കാര്‍ഡാണ്. കൂടുതല്‍ അപ്പീലുകളെത്തിയതാകട്ടെ ചാമ്പ്യന്‍ ജില്ലയായ കോഴിക്കോട്ടു നിന്നും. ഇക്കുറിയും ഒടിഞ്ഞ കപ്പുമായാണ് ജേതാക്കള്‍ വിജയാഹ്‌ളാദം പങ്കുവെച്ചത്. മുമ്പ് കോഴിക്കോട്ട് പിടിവലിയിലാണ് കപ്പ് ഒടിഞ്ഞതെങ്കില്‍ ഇത്തവണ കൈമാറുമ്പോള്‍ തന്നെ കപ്പ് ചാഞ്ചാടി. ചാനലുകാരുടെ ബഹളവും ഉന്തുംതള്ളും ഒഴിവാക്കാന്‍ ഇത്തവണ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

          വിധികര്‍ത്താക്കളെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലാക്കി എന്ന പ്രത്യേകത ഈ കലോത്സവത്തിനുണ്ട്. എന്നിട്ടും വിധി നിര്‍ണയ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടുവെന്നത് വിചിത്രമായി തോന്നുന്നു. ഏഴ് വിധികര്‍ത്താക്കളെ  പുറത്താക്കേണ്ടി വരികയും ചെയ്തു. എങ്ങനെയും തങ്ങളുടെ കുട്ടികളുടെ വിജയം ഉറപ്പാക്കാനുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം കലോത്സവ വേദികളില്‍ പ്രകടമായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുടെയും ഷാഡോ പൊലീസിന്റെയും സാന്നിധ്യമുണ്ടായിട്ടും ഇതിനൊന്നും പറയത്തക്ക കുറവൊന്നുമുണ്ടായില്ലെന്നര്‍ഥം. നൃത്ത ഇനങ്ങളിലെ വേഷവിധാനത്തിന്റെ കാര്യത്തിലെ ധൂര്‍ത്താണ് മറ്റൊരു വലിയ ഭീഷണി. അതുപോലെ തന്നെ പ്രധാനമാണ് നിലവാരമില്ലാത്ത വിധികര്‍ത്താക്കളുടെ സാന്നിധ്യവും. അപ്പീലിലൂടെ അവസരങ്ങള്‍ തേടുന്നവര്‍ വിജയികളാകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചാലും ഇത് ബോധ്യപ്പെടും.

           ഏതായാലും വരും വര്‍ഷം മുതല്‍ കലോത്സവ നടത്തിപ്പ് പ്രത്യേകമായി പരിശോധിക്കുമെന്നും കലോത്സവ മാനുവല്‍ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ് കൂടുതല്‍ പ്രാഗത്ഭ്യം കലാരംഗത്ത് എങ്ങനെ വരുത്താന്‍ കഴിയുമെന്ന സര്‍ക്കാരിന്റെ ആലോചനയും. സ്വകാര്യ സ്‌കൂളുകളോട്  മത്സരിക്കാന്‍ മിക്ക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കഴിയാറില്ല. അതുകൊണ്ടാണ് വേണ്ടതിലേറെ മിടുക്കുണ്ടായിട്ടും പല മത്സരങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്നത്.

          സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌കൂള്‍ കലോത്സവ മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഈ സാഹചര്യത്തിലാണ് പ്രതീക്ഷയുണര്‍ത്തുന്നത്.എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതു പക്ഷെ പലതിലുമെന്ന പോലെ പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോകരുതെന്ന് മാത്രം. കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടായിക്കൂടാ. പല ഇനങ്ങളിലും അര്‍ഹര്‍ പുറത്തുനില്‍ക്കുമ്പോള്‍ പണത്തിന്റെയും പദവിയുടെയും തണലില്‍ അനര്‍ഹര്‍ ചാമ്പ്യന്മാരാകുന്നത് കലാമേളയുടെ പ്രസക്തിയെ തന്നെ പരിഹാസ്യമാക്കും.

            കലാപ്രതിഭ-തിലകം പുരസ്‌കാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.  മുന്‍കാല പ്രതിഭകള്‍ മാത്രമല്ല വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പോലും ഇതേ അഭിപ്രായഗതി വെച്ചുപുലര്‍ത്തുന്നയാളാണ്. നൃത്തം, സംഗീതം, പ്രസംഗം, അഭിനയം, സാഹിത്യം തുടങ്ങി വിവിധയിനങ്ങളില്‍ പ്രത്യേകം പ്രത്യേകം കലാതിലകങ്ങളെ കണ്ടെത്തുന്നതാവും നല്ലതെന്ന നിര്‍ദേശവും പരിഗണന അര്‍ഹിക്കുന്നു. മിടുക്കന്മാരും സമര്‍ഥന്മാരും പരസ്പരം മാറ്റുരക്കുന്ന ആരോഗ്യകരമായ കലാമേളകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരും രക്ഷിതാക്കളും മത്സരാര്‍ഥികളും ഒരു പോലെ മനസ്സുവെച്ചാല്‍ അപവാദങ്ങളില്ലാത്ത-വിശ്വാസ്യത ചോദ്യംചെയ്യപ്പെടാത്ത കലാ-കായിക മേളകള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയും. സംശയമില്ല.

Thursday, January 19, 2012

ഇ-മെയില്‍ വിവാദം: സത്യം പുറത്തുവരണം


              കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സംഘടനകളെയും ഉന്നംവെച്ച് വിദ്യാര്‍ഥികളടക്കമുള്ളവരുടെ  ഇ-മെയില്‍ സന്ദേശങ്ങള്‍ സംസ്ഥാന ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിരീക്ഷണ വിധേയമാക്കിയ സംഭവം മലയാളികള്‍ ഇന്നോളം കാത്തുസൂക്ഷിച്ച മതേതരത്വത്തിന്റെ താളം നഷ്ടപ്പെടുത്താനായിരിക്കും ഉപകരിക്കുക. രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം പകര്‍ച്ചവ്യാധിപോലെ കടന്നുവരുന്ന ദുരന്തങ്ങളില്‍ അവസാനത്തേതാണിത്. അവരുടെ ഹൃദയവേദനകളെ പടിയിറക്കുന്നതിന് പകരം വകതിരിവില്ലാത്ത ചിന്തയോടെ   ഈ കൊച്ചുസംസ്ഥാനത്തെ ഇതിലേക്ക് വലിച്ചിഴച്ചത്  പൊലീസ്ഉദ്യോഗസ്ഥരോ സര്‍ക്കാരോ ആരായിരുന്നാലും  കടന്നകയ്യായിപ്പോയി. ഇത്തരം വാര്‍ത്തകളില്‍ ചുണ്ടമര്‍ത്തി ചിരിക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതായിരുന്നു.

          പൊലീസ് തയാറാക്കിയ ലിസ്റ്റില്‍ നല്ലൊരു വിഭാഗം ഗള്‍ഫ് മലയാളികളാണ്. കുടുംബം പോറ്റാന്‍ നാടും വീടും വിട്ടവരാണവര്‍. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദശാബ്ദങ്ങളായി താങ്ങിനിര്‍ത്തുന്നത് അവരാണെന്ന് ആര്‍ക്കാണറിയാത്തത്? ഗള്‍ഫ് പ്രവാസികളുടെ സമ്പാദ്യമില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു കേരളത്തിന്റെ അവസ്ഥ? അവരെ  നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പില്‍ അനഭിമതാരാക്കാനാണ് പൊലീസിന്റെ നിരീക്ഷണം ഇടവരുത്തുക. രാജ്യസുരക്ഷയുടെയും തീവ്രവാദത്തിന്റെയും പേര് പറഞ്ഞ് രാജ്യമെമ്പാടും മുസ്‌ലിം യുവാക്കള്‍ വേട്ടയാടപ്പെടുന്ന ഇക്കാലത്ത് സാമൂഹ്യദ്രോഹികളുടെ പട്ടികയിലേക്കായിരിക്കും ഇവരും ആനയിക്കപ്പെടുക.

          കേരളം ഭരിക്കുന്നത് നരേന്ദ്രമോഡിയുടെ ബി ജെ പിയോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളോ അല്ല. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ്. മുസ്‌ലിംലീഗ് കണ്ണുരുട്ടയാല്‍ ഈ ഗവണ്‍മെന്റ് താഴെ പോകും. എന്നിട്ടും മുസ്‌ലിംകളുടെ കണ്ണുകളില്‍ നിരാശയുടെ ഇരുട്ട് പരത്തുന്ന ഇത്തരം  നടപടികള്‍  അവലംബിക്കാന്‍ സര്‍ക്കാരിന്്  ധൈര്യം വന്നതാണത്ഭുതം. മുസ്‌ലിം സമുദായത്തിന്റെ ആശങ്കയില്‍ ആഹ്‌ളാദിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണാവോ. ഈ പ്രശ്‌നത്തെ സാമുദായിക സൗഹാര്‍ദത്തിനെതിരായ നീക്കമായി കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അതിന് വഴിയൊരുക്കിയവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ളത് താനാണെന്ന കാര്യം ഓര്‍ക്കാതെപോയി.

          ഇ-മെയില്‍ ചോര്‍ത്തലിന് പൊലീസ് തയാറാക്കിയ 268 പേരില്‍ 258 ഉം മുസ്‌ലിംകളായതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ വാരികക്ക് അത് വാര്‍ത്തയായത്. അവശേഷിക്കുന്നവരുടെ ജാതി പറയാതിരുന്നതിന്റെ പേരില്‍ വാരികക്കെതിരെ മതസ്പര്‍ധയുടെ പേരില്‍ കേസെടുക്കുന്നതിന് മുമ്പ് ഈ വലിയ അന്തരം ലിസ്റ്റില്‍ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. ഒരു പൗരന്റെ  ഇ-മെയില്‍ സന്ദേശങ്ങളും സ്വകാര്യ സംഭാഷണങ്ങളും ചേര്‍ത്തുന്നത് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും നന്നായറിയാവുന്ന ഒരു സര്‍ക്കാര്‍ ചാരപ്പണിക്ക് ചൂട്ടുപിടിക്കുകയല്ലേ സത്യത്തില്‍ ചെയ്തത്.
പത്രപ്രവര്‍ത്തകരുടെ ഫോണും ഇ-മെയിലും ചോര്‍ത്താനുള്ള ശ്രമം ആരു നടത്തിയാലും അതിനെയും  അതീവ ഗുരുതരമായി തന്നെ കാണണം. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തെ അത് തടസ്സപ്പെടുത്തും. ഭരണഘടന അനുവദിച്ച പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ ഇവിടെ ആര്‍ക്കാണധികാരം? വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്ന് മാത്രമേയുള്ളൂ. ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത സമുദായത്തിന്റെ പ്രാതിനിധ്യമവകാശപ്പെടുന്ന ലീഗിനെ അലോസരപ്പെടുത്തിയതായി കണ്ടില്ല. പാര്‍ട്ടിയുടെ നേതാവും മുന്‍ എം പിയുമായ മാന്യദേഹവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മാത്രമല്ല പാര്‍ട്ടിയും ജിഹ്വയും വാര്‍ത്തയെ വെള്ളപൂശാനും സര്‍ക്കാരിനെ ന്യായീകരിക്കാനുമാണ് ശ്രമിക്കുന്നത്.

            കൊടുങ്ങല്ലൂരില്‍ പൊലീസ് നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ ഇ-മെയില്‍ വിലാസമാണ് പരിശോധിക്കുന്നതെന്നും ഇത് രാജ്യത്തിന്റെയും ജനങങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി മാത്രമാണെന്നുമുള്ള മുഖ്യമന്ത്രിയുടെയും ഡി ജി പിയുടെയും വിശദീകരണം തൃപ്തികരമായി തോന്നുന്നില്ല. അയാളില്‍ നിന്നോ അല്ലെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടോ വിവരങ്ങള്‍ ശേഖരിക്കാവുന്നതേയുള്ളൂ. അതിന് ഒരു വകുപ്പുതല സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ് പി ഹൈടെക് സെല്ലിന്  അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ  ഇ-മെയില്‍ വിലാസമാണ് അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണ് ചെയ്തത്. ഇ-മെയില്‍ വിവാദം കള്ളപ്രചാരണമാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇ-മെയില്‍ വിലാസങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് സാധാരണ സംഭവമാണെന്നും മുമ്പും അങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്ന മുഖ്യമന്ത്രി അത്തരം സംഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം.  പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചില്ലെന്നും ലോഗ് ഇന്‍ ഡീറ്റൈല്‍സ് നല്‍കാനാണ് നിര്‍ദേശിച്ചതെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും പരിഹാസ്യമായിപ്പോയി.

             ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെ പേരില്‍ രാജ്യത്തെമ്പാടും നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളെയും മുസ്‌ലിം കേരളം നോക്കിക്കാണുന്നത്. അരോചകമായ അത്തരം അനുഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമെന്ന് അവര്‍ ന്യായമായും സംശയിക്കുന്നു. ലോകമെമ്പാടും അരങ്ങേറുന്ന അഗ്നിപരീക്ഷണങ്ങളുടെ ഭാരം അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് തെളിയിച്ച് എല്ലാ വിമര്‍ശകരെയും നിരായുധരാക്കാനുള്ള ശ്രമം മുഖ്യമന്ത്രി എത്രയും വേഗം നടത്തുകയാണ് വേണ്ടത്. 

Wednesday, January 18, 2012

പാക്കിസ്താന്റെ ഭാവി


          ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍ ആറുപതിറ്റാണ്ട് പിന്നിട്ടിട്ടും  ഇന്നും ഇരുട്ടില്‍ തപ്പുകയാണെന്ന് അവിടുത്തെ സംഭവവികാസങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും. പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാന്‍  തയാറാകാതിരുന്നതിനു സുപ്രീം കോടതി പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചതാണ് ഇതില്‍ അവസാനത്തേത്. ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പാക്കിസ്താന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് പ്രധാനമന്ത്രിക്ക് കോടതിയലക്ഷ്യ നോട്ടീസ് ലഭിക്കുന്നത്. 1997ല്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെയായിരുന്നു നോട്ടീസ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥാനത്ത് തുടരാന്‍ ഗീലാനിഅയോഗ്യനാകും.

            കോടതി നോട്ടീസ് കൈപ്പറ്റി മണിക്കൂറുകള്‍ക്കകം പാര്‍ലമെന്റില്‍ വിശ്വാവോട്ട് നേടാന്‍ ഗീലാനിക്ക് കഴിഞ്ഞിരിക്കുന്നു. കോടതി നടപടിയുണ്ടായിട്ടും  പാര്‍ലമെന്റിന്റെ വിശ്വാസം നേടാനായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രിക്ക് അവകാശപ്പെടാമെങ്കിലും തന്റെ പദവിക്ക് കാരണഭൂതനായ പ്രസിഡണ്ട് ആസഫലി സര്‍ദാരിയെ അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍നിന്ന് അദ്ദേഹത്തിന് കൈകഴുകാനാവുമെന്ന് തോന്നുന്നില്ല. സര്‍ദാരി ഉള്‍പ്പെടെയുള്ളവരുടെ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ്  നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് ഗീലാനി ചെയ്ത കുറ്റം. സര്‍ദാരിക്കെതിരെയുള്ള പണം വെളുപ്പിക്കല്‍ കേസ് വീണ്ടും പരിശോധിക്കാന്‍ സ്വിസ് അധികാരികളോട് ആവശ്യപ്പെടാത്തതിന് ഗീലാനിയെ മാന്യനല്ലെന്ന് വരെ കോടതി കുറ്റപ്പെടുത്തുകയുണ്ടായി.

            വിവാദപരമായ 2007 ലെ ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സ് പ്രകാരമാണ് സര്‍ദാരിക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. ഇത് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ 8014 പേര്‍ക്ക് സംരക്ഷണം നല്‍കാനായിരുന്നു. 2009ല്‍ ഇത് റദ്ദാക്കിയതിനെ തുടര്‍ന്നു സര്‍ദാരിക്കെതിരായ കേസുകള്‍ വീണ്ടും തുറക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു.

            സുപ്രീം കോടതിയുടെ കോര്‍ട്ടലക്ഷ്യ  നോട്ടീസിന് പിന്നാലെ പാക്ക് അഴിമതി അന്വേഷണ വിഭാഗവും (നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ )യും ഗീലാനിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ-വാതക വികസന കമ്പനിയുടെ അധ്യക്ഷനായി ക്രിമിനല്‍ പശ്ചാത്തലമുള്ള അദ്‌നാന്‍ ഖാജയെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് കാണിച്ചാണ് കേസെടുക്കുക. രാജ്യത്തെ പ്രധാന അഴിമതിവിരുദ്ധ ഏജന്‍സിയായ എന്‍ എ ബിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണിത്. പര്‍വേശ് മുഷറഫ് പ്രസിഡണ്ടായിരിക്കെ  ഗീലാനിയും അദ്‌നാന്‍ ഖാജയും ഒരുമിച്ച് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഗീലാനിയുടെ ഉത്തരവ് പ്രകാരം നടത്തിയ എല്ലാ അനധികൃത നിയമനങ്ങള്‍ക്കെതിരെയും എന്‍ എ ബി നടപടി സ്വീകരിച്ചേക്കും.

            ഗീലാനിയെ വെട്ടില്‍ വീഴ്ത്തിയ കേസുകളുടെ ഉത്ഭവം നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ബേനസീര്‍ ഭരണകാലത്ത് അരങ്ങേറിയ അഴിമതികളാണ് പ്രശ്‌നം. സര്‍ദാരി-ബേനസീര്‍ ദമ്പതിമാര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കേസുണ്ടായപ്പോള്‍ കുടുങ്ങുമെന്ന് കരുതി ബേനസീര്‍ വിദേശത്തേക്ക് കടന്നു. അറസ്റ്റ് ഒഴിവാക്കാന്‍ അവര്‍ എട്ടുവര്‍ഷമാണ് വിദേശത്ത് കഴിഞ്ഞത്. ഭര്‍ത്താവും ഇപ്പോഴത്തെ പ്രസിഡണ്ടുമായ സര്‍ദാരി വിചാരണത്തടവുകാരനായി 11 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. ഷരീഫിനെ പുറത്താക്കി അധികാരം പിടിച്ച മുഷറഫ് അധികാരത്തില്‍ തുടരാന്‍ മെനഞ്ഞ തന്ത്രങ്ങളാണ് ഗീലാനിക്കുള്ള സുപ്രീം കോടതി നോട്ടീസില്‍ എത്തിനില്‍ക്കുന്നത്. പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി ബേനസീറിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു മുഷറഫിന്റെ പദ്ധതി. കേസ് ഒഴിവാക്കാന്‍ അദ്ദേഹമാണ് ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

           അതിനിടയില്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യതയും പാക്കിസ്താനില്‍ തെളിഞ്ഞുവരുന്നുണ്ട്. അവിടുത്തെ എല്ലാ സര്‍ക്കാരുകളുടെയും മേല്‍ എന്നും തൂങ്ങിക്കിടക്കുന്ന വാളാണ് സൈന്യം. ഇയ്യിടെ ഒരു ചൈനീസ് പത്രത്തോട് പ്രധാനമന്ത്രി ഗീലാനി സൈന്യത്തിനെതിരെ നടത്തിയ കര്‍ക്കശ വിമര്‍ശനം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാക്കിസ്താനിലെ ഭരണകൂടങ്ങള്‍ സ്വാതന്ത്ര്യം തൊട്ട് അനുഭവിച്ചുവരുന്ന പ്രതിസന്ധിയുടെ വിളംബരം കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍. ഇപ്പോഴത്തെ വെല്ലുവിളികള്‍ എങ്ങനെ അവസാനിച്ചാലും പാക്കിസ്താന്റെ അടിസ്ഥാന ദൗര്‍ബല്യമായ ഇത്തരം പ്രതിസന്ധികള്‍ക്ക് പഞ്ഞമുണ്ടാവില്ല.

            1958ല്‍ അയ്യൂബ്ഖാനും 77ല്‍ സിയാഉല്‍ ഹഖും 99 ല്‍ പര്‍വേഷ് മുഷറഫും സൈന്യാധിപന്മാരായിരിക്കെയാണ് പാക്കിസ്താനിലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടത്. അവരെല്ലാം അധികാരം പിടിച്ചെടുക്കുകയും ചെയ്തു.  ഒരിക്കലും പട്ടാളത്തിന് മുന്‍തൂക്കമുള്ള അധികാര ഘടനയല്ല പാക്ക് രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന സ്വപ്നം കണ്ടത്. തികച്ചും ജനാധിപത്യവ്യവസ്ഥ കൊതിച്ച അദ്ദേഹത്തിന്റെ  സ്വപ്നം അക്ഷരാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍  നാളിതുവരെ അവിടം ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നത് വിധിവൈപരീത്യമെന്നേ പറയേണ്ടൂ.

           ബേനസീര്‍ ഭൂട്ടോയുടെ വധത്തെ തുടര്‍ന്ന് പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷികള്‍ ആസഫലി സര്‍ദാരിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോഴും ഈ ഭരണം എത്രകാലം എന്ന സംശയം ശക്തമായിരുന്നു. സര്‍ക്കാരിനേക്കാള്‍ അധീശത്വമുള്ള ഐ എസ് ഐയും സൈന്യവുമാണ് അവിടെ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് വേണം  കരുതാന്‍. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പാതിയിലേറെയും വര്‍ഷങ്ങള്‍ ഏകാധിപതികള്‍ ഭരിച്ചപ്പോഴും സൈന്യമായിരുന്നു എല്ലാ കാര്യത്തിലും അവസാനവാക്ക്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഗീലാനി രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും  പാക്കിസ്താന്റെ ഭാവി പ്രവചിക്കുക അസാധ്യമായിരിക്കും.

Monday, January 16, 2012

രാജ്യം പണാധിപത്യത്തിലേക്ക്


            നമ്മുടെ ജനാധിപത്യം അതിവേഗം പണാധിപത്യത്തിലേക്ക് കുതിക്കുന്നതിന്റെ പൊള്ളുന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കള്ളനോട്ടിന്റെ ഒഴുക്ക് ഒരുവര്‍ഷംകൊണ്ട് 400 ശതമാനം വര്‍ധിച്ചിരിക്കുന്നുവെന്ന ധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ കൂടി ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ അന്നം  കഴിക്കുന്നവര്‍ക്കെല്ലാം സംഗതി ബോധ്യമാകും. ആഭാസകരമായ ഇത്തരം അഭ്യാസങ്ങള്‍ കാണിക്കുന്നവരില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ചൊല്ലേണ്ട പ്രാര്‍ഥനയെ കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ സമയമായി. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ താളക്രമങ്ങളെല്ലാം സ്വേഛാധിപത്യത്തിന് വഴിമാറും, സംശയമില്ല.

          നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഉത്തരപ്രദേശിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം ഒഴുകിക്കൊണ്ടിരിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ഇതിനകം പിടിച്ചെടുത്തത് അമ്പത് കോടിയിലേറെ രൂപയാണ്. പിടിക്കപ്പെടാതെ പോയ തുക ഇതിന്റെ പതിന്മടങ്ങ് വരും. റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പുമാണ് ഈ കള്ളപ്പണത്തിന്റെ ഒഴുക്ക് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത് എന്നത് മാത്രമാണ് ഏക ആശ്വാസം. രണ്ട് സംസ്ഥാനങ്ങളിലും പ്രതിദിനം രണ്ടുകോടിയുടെ കള്ളപ്പണമാണ് കണ്ടെത്തി പിടികൂടിയത്. ബിസിനസ്‌കാര്‍ സംഭാവനയായി നല്‍കുന്ന തുകയാണ് പിടികൂടുന്നതിലേറെയും. ആദായനികുതി വകുപ്പ് പൊലീസിന്റെ സഹായത്തോടെയാണ് കള്ളപ്പണ വേട്ട നടത്തുന്നത്. തമിള്‍നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ വന്‍തുകകള്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചിരുന്നു.

          വോട്ടര്‍മാര്‍ക്ക് കോഴ കൊടുക്കാനാണ് ഈ പണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബാങ്കുകളില്‍നിന്ന് വന്‍തുകകള്‍ പിന്‍വലിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദല്‍ഹിക്ക് സമീപം ഗാസിയാബാദില്‍നിന്ന് ആദായനികുതി വകുപ്പ് നടത്തിയ ഒരു പരിശോധനയില്‍ രണ്ടുവാഹനങ്ങളില്‍ നിന്നായി 12.38 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. യു പി അതിര്‍ത്തിയില്‍നിന്ന് കഴിഞ്ഞദിവസം പിടികൂടിയ 60 ലക്ഷം രൂപയും കള്ളപ്പണമായിരുന്നു.
രാജ്യത്ത് കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഒഴുക്ക് വര്‍ധിക്കുകയാണ്. 2010-11 സാമ്പത്തികവര്‍ഷം കള്ളനോട്ടുമായി ബന്ധപ്പെട്ട് പരശ്ശതം സംഭവങ്ങളാണ് കണ്ടെത്തിയത്. 35 കോടിക്ക് സമാനമായ കള്ളനോട്ട് പിടിച്ചെടുക്കുകയുണ്ടായി.  കളളനോട്ടില്‍ ഏറ്റവും കൂടുതല്‍ 500 രൂപയുടേതാണ്. ആയിരത്തിന്റെ നോട്ടുകളും കുറവല്ല. പാക്കിസ്താനില്‍ നിന്ന് ബംഗ്‌ളാദേശ്, നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ട് എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി ഇയ്യിടെ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് എന്‍ ഐ എ രാജ്യവ്യാപക റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

         കള്ളനോട്ടും കള്ളപ്പണവും കൈക്കൂലിയും അഴിമതിയുമെല്ലാം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന അത്യന്തം അഭിശപ്തമായ ഘട്ടത്തിലൂടെയാണ്  നാം കടന്നുപോകുന്നത്. ഇത്തരം അശ്ലീലവൃത്തികള്‍ വിസര്‍ജിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാകട്ടെ ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളുമാണ്. സദാചാരബോധമുള്ളവരുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും വനരോദനമായി കലാശിക്കുകയും അവര്‍ കാലക്രമേണ  പൊതുജീവിതത്തില്‍ നിന്ന് തന്നെ നിഷ്‌ക്രമിക്കുകയും ചെയ്യുന്നതാണ് അനുഭവം. റിസര്‍വ് ബാങ്കിന്റെ  നിബന്ധനകളും നിര്‍ദേശങ്ങളും അവഗണിച്ച് പോലും ചില പ്രമുഖ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

         ഈ മാസം 28 മുതല്‍ മാര്‍ച്ച് ആദ്യവാരം വരെയാണ് യു പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ്. ഇവിടെങ്ങളിലെല്ലാം പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശങ്കയുണ്ട്. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ട് തെരഞ്ഞെടുപ്പില്‍ അനായാസം ജയിച്ചുകയറുന്ന കാലം മാറി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും  കബളിക്കല്‍ മാത്രമാണെന്ന് കൊച്ചുകുട്ടികള്‍ക്കും അറിയാം.

          പണം കൊടുത്തും സമ്മാനങ്ങള്‍ വാരിവിതറിയും വോട്ടര്‍മാരെ സ്വാധീനിക്കുന്നതും പല സംസ്ഥാനങ്ങളിലും പതിവാണ്. സാരിയും ടെലിവിഷനും ലാപ്‌ടോപ്പും വാഗ്ദാനം ചെയ്യുകയും ജയിച്ചുകയറിയാല്‍ പൊതുഫണ്ടില്‍ നിന്ന് പണം മുടക്കി അവ നല്‍കുകയും ചെയ്യുന്ന രീതികളും നിലവിലുണ്ട്. അതില്‍നിന്നും അല്‍പം കൂടി കടന്നാണ് നോട്ടെറിഞ്ഞുള്ള വോട്ടുപിടുത്തം. സമ്പന്നരായ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാത്രമേ ഇതിന് കഴിയൂ. എം പിമാരുടെ വോട്ടിന് വേണ്ടി പോലും കോടികള്‍ നല്‍കുന്ന രാജ്യമാണല്ലോ നമ്മുടേത്.

          ലോകസഭാ എം പിമാരില്‍ 300 പേര്‍ കോടീശ്വരന്മാരായത് യാദൃച്ഛികമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വിവിധ സംസ്ഥാന നിയമസഭകളില്‍ എം എല്‍ എമാരിലും പണക്കാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയം ജനസേവനത്തിന് എന്ന ആശയം അന്യം നിന്നുപോയിട്ട് കാലമേറെയായി.   കോടികള്‍ ചെലവിട്ട് ജയിച്ചുകയറുന്നവര്‍ക്ക് രാഷ്ട്രീയം ഇന്ന് ലാഭകരമായ വ്യവസായമാണ്. കുത്തകക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും വന്‍കിട വ്യവസായികളുടെയും താളത്തിനൊത്ത് തുള്ളാന്‍ ഇത്തരം ജനപ്രതിനിധികള്‍ക്ക് അശേഷം മന:സാക്ഷിക്കുത്തില്ലെന്നതാണ് ഏറെ ആശങ്കാജനകം. ഈ ദൗര്‍ബല്യങ്ങളെ മറികടക്കുന്നതിനെ കുറിച്ച് ഗൗരവപൂര്‍വമായ ആലോചന അനിവാര്യമായിരിക്കുന്നു.  പണാധിപത്യം നിയന്ത്രണാധീനമായാല്‍  ഇടിമുഴക്കം പോലെ കഠോരമായിരിക്കും ജനാധിപത്യത്തിന്റെ ഭാവി.

Thursday, January 12, 2012

ഭീകരതയില്‍ നീരാടുന്നത് ഇസ്രായീല്‍


           അമേരിക്കയുടെ മുഖ്യ സഖ്യരാഷ്ട്രമായ ഇസ്രായീലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി അവിടം സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ നടത്തിയ പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ മനസ്സിന്റെ വികാരത്തോടൊപ്പം നില്‍ക്കുന്നതായില്ലെന്ന് തീര്‍ത്തുപറയാം. ഭീകരത എന്ന ആഗോള വിപത്തിനെ ചെറുക്കാന്‍ ഇന്ത്യയും ഇസ്രായീലും കൈകോര്‍ക്കണമെന്നാണ് ഇസ്രായീല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിയാലോചനയില്‍ കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയെന്ന് ഇസ്രായീലിനെ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. ലോക സമാധാനത്തിന്റെ ചിറകുകള്‍ക്ക് ശക്തിപകരാന്‍ കൈവരുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാനുള്ള അന്തര്‍ദേശീയബോധം കൃഷ്ണ പ്രകടിപ്പിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ശക്തിയുള്ളവര്‍ക്ക് അധര്‍മം ചെയ്യാമെന്ന രാജധര്‍മത്തിന് അടിവരയിടുകയാണ് അദ്ദേഹം ചെയ്തത്.

          രണ്ട് രാജ്യങ്ങളും പൊതുവായി നേരിടുന്ന പ്രശ്‌നം ഭീകരതയെന്നും കൃഷ്ണ പറഞ്ഞുകളഞ്ഞു. ഇസ്രായീല്‍ ആരില്‍ നിന്നാണ് ഭീകരത നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം. ഫലസ്തീനിനെ ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞത്. ഇത് ചെറുക്കാന്‍ കൂടുതല്‍ ശക്തമായ ഉഭയകക്ഷി ബന്ധം ആവശ്യമാണത്രെ! പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ നദിക്ക് കുറുകെ നിത്യവൈരത്തിന്റെയും നിതാന്ത ശത്രുതയുടെയും സംഘര്‍ഷത്തിന്റെയും ചിറകെട്ടി അയല്‍രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ രാജ്യമാണ് ഇസ്രായീല്‍. 1948 ല്‍ പിറന്നുവീണത് മുതല്‍ മനുഷ്യത്വം നിഘണ്ടുവിലില്ലാത്തവരാണവര്‍. അറബ്-മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ രക്തദാഹവുമായി കൊലവിളി തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കവലച്ചട്ടമ്പികളുടെ ഭാഷയാണവര്‍ക്ക് പ്രിയങ്കരം. അന്ധമായ നുണപ്രചാരണങ്ങളിലൂടെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് നിരപരാധികളെ വേട്ടയാടുന്ന ഭീകരരാഷ്ട്രത്തെ വെള്ള പൂശിയ എസ് എം കൃഷ്ണ നരസിംഹറാവുവിന്റെ ലക്ഷണമൊത്ത അനുയായിയാണെന്ന് ഇതോടെ തെളിയിച്ചിരിക്കുന്നത്.

          ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി കൃഷ്ണയുടെ നാടായ ബംഗളൂരുവില്‍ ഇസ്രായീല്‍ കോണ്‍സുലേറ്റ് ആരംഭിക്കാനും  അനുമതി നല്‍കിയിരിക്കുന്നു. 11 വര്‍ഷത്തിനു ശേഷം ആദ്യമായി ഇസ്രായീല്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രിയാണ് കൃഷ്ണ. 1992ലാണ് ഈ ജൂതരാഷ്ട്രവുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകളാണ് ഇസ്രായീല്‍ ഭരണകൂടം ഫലസ്തീനികളോട് കാണിച്ചുകൊണ്ടിരിക്കുന്നത്. പരശ്ശതം ഫലസ്തീനികളെ വകവരുത്തുക മാത്രമല്ല ആ രാജ്യത്തിന്റെ നല്ലൊരു ഭാഗം വെട്ടിപ്പിടിക്കുകയും ചെയ്തു. ഫലസ്തീനെതിരെ ഇസ്രായീലിന്റെ ഉപരോധവും നിലവിലുണ്ട്. നെഹറുവിന്റെ കാലം മുതല്‍ ഫലസ്തീനികളോടൊപ്പം നിന്ന ഇന്ത്യയാണ്  നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ഇസ്രായീലുമായി  നയതന്ത്രബന്ധം സ്ഥാപിച്ചതും അവരുടെ എമ്പസി ഇവിടെ അനുവദിച്ചതും.

           സ്വാര്‍ഥതക്കപ്പുറം ആരെയും മാനിക്കാത്ത ആര്‍ക്കും വഴങ്ങാത്ത ഇസ്രായീലുമായുള്ള ചങ്ങാത്തം പരിമിതമായ അളവില്‍ പോലും ചേരാചേരാനയത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യക്ക്  ഉള്‍ക്കൊള്ളാവുന്നതല്ല. അതുകൊണ്ടാണ് നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ട് പോലും നേതാക്കളുടെ വരവും പോക്കും വളരെ പരിമിതമായിപ്പോയത്. സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തിന് പിന്തുണ നല്‍കിയ രാജ്യവും കൂടിയാണ് ഇന്ത്യ. കോണ്‍ഗ്രസിന്റെ പരമ്പരാഗത നിലപാടും ഇതായിരുന്നു. ഈ നിലപാടുകളെയൊക്കെ അവഗണിച്ചുകൊണ്ടാണ് യു പി എ സര്‍ക്കാര്‍ ഇപ്പോള്‍ ഇസ്രായീലുമായി ചങ്ങാത്തം അരക്കിട്ടുറപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

             എസ് എം കൃഷ്ണക്ക് പിന്നാലെ മറ്റ് പല കേന്ദ്രമന്ത്രിമാരും അടുത്ത നാളുകളില്‍ ഇസ്രായീല്‍ സന്ദര്‍ശിക്കുന്നതും യാദൃച്ഛികമെന്ന് കരുതാനാവില്ല. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള നിരവധി സംഘങ്ങള്‍ യാത്രക്കുള്ള തയാറെടുപ്പിലാണ്. നഗരവികസന മന്ത്രി കമല്‍നാഥ് അടുത്തമാസം പുറപ്പെടും. മാനവശേഷി വികസന മന്ത്രി കപില്‍ സിബലും ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായിയും മേയില്‍ ജറൂസലമില്‍ വിമാനമിറങ്ങും. ഇതിനു പുറമെ മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും ഈ മാസവസാനം അവിടെയെത്തുന്നുണ്ട്. ഇസ്രായീലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണത്രെ ഈ സന്ദര്‍ശനങ്ങള്‍.

          എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ഫലസ്തീന്‍ അനുകൂല നിലപാടും കര്‍മപഥത്തില്‍ ഇസ്രായീലുമായുള്ള കൂട്ടുകെട്ടും സത്യത്തില്‍ നമ്മുടെ ഇരട്ടത്താപ്പാണ് മറനീക്കി പുറത്തുവരുന്നത്. എ കെ ആന്റണി പ്രതിരോധ വകുപ്പ് ഏറ്റെടുത്തതിനു ശേഷം ഇന്ത്യ ഏറ്റവും കൂടുതല്‍ സൈനിക-പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നത് ഇസ്രായീലില്‍ നിന്നാണ്. ഇതോടെ ഇന്ത്യ ആ രാജ്യത്തിന്റെ സുപ്രധാന വ്യാപാരപങ്കാളിയായും മാറിയിരിക്കുന്നു. 92 ല്‍ നയതന്ത്ര ബന്ധം ആരംഭിക്കുമ്പോള്‍ 20കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. ഇപ്പോഴത് 500കോടി ഡോളറിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇസ്രായീലുമായി സ്വതന്ത്ര വ്യാപാര കരാറിനും ഇന്ത്യ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

          യു എന്‍ രക്ഷാസമിതിയില്‍ അംഗത്വമെന്ന ഇന്ത്യയുടെ ആവശ്യം ന്യായമാണെന്ന ഭംഗിവാക്കാണ് നെതന്യാഹുവില്‍ നിന്ന് നമുക്ക് ലഭിച്ച മുഖ്യ ആശ്വാസം. അതവര്‍ അംഗത്വത്തിന് ശ്രമിക്കുന്ന പല രാഷ്ട്രങ്ങള്‍ക്കു മുമ്പും പതിച്ചുനല്‍കിയതുമാണ്. ആരെന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ ഇംഗിത്തിനനുസരിച്ചേ ഇസ്രായീല്‍ നിലപാട് സ്വീകരിക്കൂ.
ഇസ്രായീലുമായുള്ള നയതന്ത്രബന്ധത്തില്‍ ഏറെ സന്തോഷിച്ചത് ഇവിടുത്തെ സംഘപരിവാര്‍ ശക്തികളാണ്. ഈ ബന്ധത്തിന് ശേഷമാണ്  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണവും സ്‌ഫോടനപരമ്പരകളും അരങ്ങേറിയത്. ചിലേടങ്ങളില്‍ ഇസ്രായീല്‍ ചാരസംഘടനയായ മൊസാദിന്റെ പങ്കാളിത്തവും ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യമൊക്കെ വിലയിരുത്തുമ്പോള്‍ ഇസ്രായീല്‍ ചങ്ങാത്തം നമുക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

Monday, January 9, 2012

യഥാര്‍ഥ കുറ്റവാളികളെവിടെ?


         രണ്ടുവര്‍ഷം മുമ്പ് കേരളമാകെ മാസങ്ങളോളം കത്തിനിന്ന വിഷയമായിരുന്നു ലൗ ജിഹാദ്. ഇതര സമുദായക്കാരായ കോളജ് വിദ്യാര്‍ഥിനികളെ മുസ്‌ലിം യുവാക്കള്‍ മത:പരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയും അവരെ പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കുന്നതില്‍ ഫാഷിസ്റ്റ് സംഘങ്ങളും ചില കൃസ്തീയ സംഘടനകളും പരസ്പരം മത്സരിച്ചപ്പോള്‍ മുസ്‌ലിം സമൂഹമാകെ നിസ്സഹായരായി പ്രതിക്കൂട്ടിലാവുകയായിരുന്നു. രാജ്യത്തിനാകെ മാതൃകയായി മതസൊഹാര്‍ദ്ദത്തിന്റെ കളിത്തൊട്ടിലെന്ന് കേളികേട്ട കേരളത്തിന് ഇത്തരം സ്‌ഫോടകശേഷിയുള്ള വാര്‍ത്ത സൃഷ്ടിച്ച അപകീര്‍ത്തി ചെറുതായിരുന്നില്ല.  നമ്മുടെ മുഖ്യധാരാ കുത്തക പ്രത്രങ്ങളടക്കം  പ്രധാന മാധ്യമങ്ങളാവട്ടെ എരിതീയില്‍  എണ്ണയൊഴിക്കുന്ന സമീപനം സ്വീകരിച്ചത് സംസ്ഥാനത്തിന് വിചിത്രമായ അനുഭവവുമായി.  നാം  ഇതുവരെ നേടിയെടുത്ത  സാംസ്‌കാരിക മൂല്യങ്ങളെ കാറ്റില്‍ പറത്തും വിധമായിരുന്നു പൊടിപ്പും തൊങ്ങളും വെച്ച അനുബന്ധ വാര്‍ത്തകളും. സംഭവം സംബന്ധിച്ച് നീതിപീഠത്തില്‍നിന്ന് തുടക്കത്തലുണ്ടായ ചില പരാമര്‍ശങ്ങള്‍ കൂടിയായപ്പോള്‍ മലയാളി മനസ്സുകളില്‍  അത് മാറ്റൊലികൊണ്ടു.

          എന്നാല്‍  ലൗ ജിഹാദ് പ്രചാരണം കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഒരു ഹിന്ദുത്വ സംഘടനയാണെന്നും സംസ്ഥാന സൈബര്‍ പോലീസ് കണ്ടെത്താന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഉത്തരേന്ത്യക്കാരനായ മാര്‍ഗിഷ് കൃഷ്ണ എന്നൊരാള്‍ റജിസ്റ്റര്‍ ചെയ്ത ഹിന്ദു ജാഗൃതി എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മതവൈരം വളര്‍ത്തുന്ന പോസ്റ്ററുകളും ലേഖനങ്ങളുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ഇത്തരം പോസ്റ്ററുകളുടെയും ലേഖനങ്ങളുടെയും പകര്‍പ്പുകള്‍ പൊലീസ് സമാഹരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  ഹാജരാക്കിയിരിക്കുന്നു. തികച്ചും ആഹ്‌ളാദകരമായ കാര്യമാണിത്.  കാലമെത്ര കഴിഞ്ഞാലും സത്യം ഒരു നാള്‍ പുറത്തുവരുമെന്നതിന്റെ ഉത്തമോദാഹരണം കൂടിയായി ഈ വാര്‍ത്തകള്‍. യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം കൂടി ബന്ധപ്പെട്ടവര്‍ ഉടന്‍ നടത്തിയാല്‍ ലൗ ജിഹാദിന്റെ അണിയറ ശില്‍പികളെ അധികം വൈകാതെ അഴിക്കുള്ളില്‍ തളയ്ക്കാനാവും.

          2009 ആഗസ്റ്റില്‍ പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജിലെ ക്രിസ്ത്യാനികളായ രണ്ട് എം ബി എ വിദ്യാര്‍ഥിനികളെ മുസ്‌ലിം യുവാക്കള്‍ പ്രണയിച്ചതും പെണ്‍കുട്ടികള്‍ മതംമാറി അവരെ വിവാഹം ചെയ്തതുമായിരുന്നു സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത: പരിവര്‍ത്തനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നിങ്ങനെയായിരുന്നു കേസ്. യുവാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. പെണ്‍കുട്ടികളാകട്ടെ പ്രായപൂര്‍ത്തിയായ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും  നിര്‍ബന്ധ മത: പരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും പറഞ്ഞെങ്കിലും പതിവിന് വിപരീതമായി കോടതി അവരെ വീട്ടുകാരോടൊപ്പം വിടുക മാത്രമല്ല പൊലീസ് ഡി ജി പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ലൗ ജിഹാദിനെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും  ആവശ്യപ്പെട്ടു. ഹിന്ദു, ക്രിസ്ത്യന്‍ സംഘടനകള്‍  ഇതിനിടയില്‍ നടത്തിയ ആരോപണം അതേപടി കോടതി ആവര്‍ത്തിച്ച അനുഭവമായിരുന്നു അത്. കോടതിയുടെ ചില പരാമര്‍ശങ്ങളും കൂടിയായപ്പോള്‍  അതേറ്റു പിടിച്ച  മാധ്യമങ്ങള്‍ ലൗ ജിഹാദ് ആഘോഷമാക്കി മാറ്റുകയും ചെയ്തു.

          സംഘ്പരിവാര്‍ ശക്തികള്‍ ലൗ ജിഹാദിനെതിരെ രംഗത്തു വന്നപ്പോള്‍ രംഗം സജീവമാക്കിയത് കേരള കാതലിക് ബിഷപ്പ് കൗണ്‍സിലാണ്. ഹിന്ദു ഐക്യവേദിയും ആര്‍ എസ് എസും വി എച്ച് പിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും എസ് എന്‍ ഡി പിയും മറ്റും മത: പരിവര്‍ത്തനത്തെ കുറിച്ചുള്ള ജില്ല തിരിച്ചുള്ള കണക്കുകളുമായാണ് പ്രത്യക്ഷപ്പെട്ടത്. കര്‍ണാടക പൊലീസ് കാണാതായ 400 പെണ്‍കുട്ടികളുടെ കണക്ക് പുറത്തുവിട്ടു. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ഊരോ പേരോ പറയാന്‍ ഇവരാരും തയാറായിരുന്നില്ല.

           പൊലീസും കോടതിയും വാര്‍ത്താമാധ്യങ്ങളും സന്ദര്‍ഭത്തിനൊത്തു ഉയര്‍ന്നിരുന്നുവെങ്കില്‍ ഇത്രയും കനത്ത വ്യാജ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രത്തെ വളരെ വേഗം കണ്ടെത്താന്‍ കഴിയുമായിരുന്നു. 2009 ആഗസ്റ്റു മുതല്‍ മാസങ്ങളോളം സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും വിവിധ മതവിഭാഗങ്ങള്‍ കാത്തുസൂക്ഷിച്ച പരസ്പര വിശ്വാസത്തിന് ഭീതിജനകമാം വിധം വിള്ളല്‍ വീഴ്ത്തുകയും ചെയ്ത ഈ സംഭവം എന്തുകൊണ്ട് കത്തിപ്പടര്‍ന്നില്ല എന്നതാണത്ഭുതകരം. ഏറ്റവും വായനക്കാരുള്ള പത്രങ്ങള്‍ അവള്‍ ഇരയാണ്, അവിടെയും ഇവിടെയും എന്ന തലക്കെട്ടില്‍ ജിഹാദ് വെച്ച് കാച്ചി നോക്കിയിട്ടും മലയാളി വെട്ടില്‍ വീണില്ലെന്നതില്‍ ഇപ്പോള്‍ ഏറ്റവും ആഹ്‌ളാദിക്കന്നത് ഇവിടുത്തെ മുസ്‌ലിംകള്‍ തന്നെയാണ്. അതുപോലെ നല്ലവരായ മതേതര വിശ്വാസികളും.

          ലൗ ജിഹാദിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ വൈബ്‌സൈറ്റുകളെ പറ്റി  വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സൈബര്‍ പൊലീസ്  സേവനദാതാക്കളായ യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈറ്റ് രജിസ്തര്‍ ചെയ്ത വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുപ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ജനജാഗൃതിക്ക് പുറമെ അഞ്ച് മറ്റ് വെബ്‌സൈറ്റുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണം ഇംഗ്‌ളീഷിലാണ്. ഉത്തരേന്ത്യയാണ് സൈറ്റുകളുടെയെല്ലാം പ്രവര്‍ത്തന കേന്ദ്രം.

           ലൗ ജിഹാദ് ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയ പൊലീസും  കേസ് പരിഗണിച്ച കോടതിയും ലൗ ജിഹാദ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അതിന് ശേഷവും ഹിന്ദുത്വ സൈറ്റുകള്‍ പ്രചാരണം തുടരുക തന്നെയായിരുന്നു. തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനും പിന്നില്‍ മുസ്‌ലിംകളാണെന്ന പ്രചാരണത്തിന്റെ ഭാഗം തന്നെയായിരുന്നു ലൗ ജിഹാദും. മലേഗാവ്, സംഝോതാ എക്‌സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ സ്‌ഫോടനങ്ങളുടെ പുറകില്‍ ഹിന്ദുത്വ ശക്തികളാണെന്ന് കണ്ടെത്തിയത് വളരെ വൈകിയാണല്ലോ. അതുപൊലെ തന്നെയാണ് ലൗ ജിഹാദിന്റെ കാര്യവുമെന്ന് ഇപ്പോള്‍വ്യക്തമായി. ജാതിയും മതവും നോക്കിയല്ല ഇവിടെ പ്രേമവും പ്രണയവുമൊക്കെ നടക്കുന്നത് ആര്‍ക്കാണറിയാത്തത്. അമുസ്‌ലിം പെണ്‍കുട്ടികളേക്കാള്‍  മുസ്‌ലിം പെണ്‍കുട്ടികളാണ് പ്രണയത്തില്‍ ചെന്നുചാടുന്നത്. അതിനെ ആരെങ്കിലും ഹിന്ദുമതവുമായി ചേര്‍ത്ത്  പ്രചരിപ്പിക്കാറുണ്ടോ?
 

Monday, January 2, 2012

റോഡ് നിയമങ്ങളിലെ ഇരട്ട നീതി


            ഭാവിയെ കുറിച്ച് ഒരായിരം സ്വപ്നങ്ങള്‍ നെയ്തുകൊണ്ടാണ് നാം പുതുവര്‍ഷത്തെ ആഘോഷപൂര്‍വം എതിരേറ്റത്. 2012ന്റെ ആദ്യവാരം  സംസ്ഥാനം റോഡ് സുരക്ഷാവാരമായി ആചരിക്കാന്‍ തീരുമാനിച്ചത് എന്തായാലും ഉചിതമായി. ഭൂകമ്പത്തേക്കാളും പേമാരിയേക്കാളും മറ്റേത് മഹാദുരന്തത്തേക്കാളും ഇന്ന് കേരളം ഭയപ്പെടുന്നത് റോഡപകടങ്ങളെയാണല്ലോ. ഐക്യരാഷ്ട്ര സംഘടനയാകട്ടെ 2011-2020 കാലം റോഡ് സുരക്ഷാ ദശകമായി പ്രഖ്യാപിച്ചിരിക്കുകയുമാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനതല റോഡുസുരക്ഷാ വാരാചരണ പരിപാടി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രമല്ല ഓരോ മലയാളിക്കും അറിയാം.

           ഓരോ വര്‍ഷവും 3900 പേര്‍ വാഹനപകടങ്ങളില്‍ സംസ്ഥാനത്ത് മരിക്കുന്നതായി ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതിന്റെ എത്രയോ ഇരട്ടി ആളുകളാണ് ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബികളായി കഴിയുന്നത്. അപകടങ്ങള്‍ മഹാഭൂരിഭാഗവും ഉണ്ടാകുന്നതല്ല. ഉണ്ടാക്കുന്നവയാണ് എന്ന തിരിച്ചറിവാണ് ബന്ധപ്പെട്ടവര്‍ക്ക് ഇല്ലാത്തത് എന്നു മാത്രം. ഒട്ടേറെ കണക്കുകൂട്ടലുകളുമായി റോഡിലെത്തുന്നവരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ലക്ഷ്യത്തിലെത്താതെ നടുറോഡില്‍ ചോരവാര്‍ന്നു മരിക്കുന്ന കാഴ്ച നിത്യസംഭവമായി മാറിയിട്ട് വര്‍ഷങ്ങള്‍ പലതായി. അതിവേഗതയിലും അശ്രദ്ധയിലും മദ്യപിച്ചും വാഹനമോടിക്കുന്നവര്‍ മാത്രമല്ല ഇതിനുത്തരവാദികള്‍. വകുപ്പുദ്യോഗസ്ഥന്മാര്‍ക്കും സര്‍ക്കാരിനും ഈ മഹാപരാധത്തില്‍ വലിയ പങ്കുണ്ട്.

           നാഷനല്‍ ഹൈവേകളുടേയും പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്നാണ് വകുപ്പുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്  ഞായറാഴ്ച കൊച്ചിയില്‍ അവകാശപ്പെട്ടത്. പച്ചനുണ പറയാന്‍ പുതുവര്‍ഷപ്പുലരി തന്നെ മന്ത്രി തെരഞ്ഞെടുത്തു എന്നറിയുമ്പോള്‍ സത്യത്തില്‍ ഒരായിരം ആശങ്കളാണ് മുന്നില്‍ പര്‍വതമായുയരുന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റിട്ട് എട്ടുമാസമായിട്ടും നാഷനല്‍ ഹൈവൈയിലെ കുണ്ടുംകുഴിയും പോലും പൂര്‍ണമായി അടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന്  പകല്‍വെളിച്ചം പോലെ വ്യക്തം. ബജറ്റ് വിഹിതമായ 470 കോടി രൂപക്ക് പുറമെ 314.5 കോടി കൂടി ചെലവാക്കിയാണത്രെ ജോലി പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി അവകാശപ്പെടുമ്പോള്‍ ജനം മൂക്കത്ത് വിരല്‍വെക്കുക സ്വാഭാവികം. എന്തായാലും ഈ തുക റോഡില്‍ വീണില്ല എന്നുറപ്പ്. ആരുടെയൊക്കെ പോക്കറ്റുകളാണ് നിറഞ്ഞത് എന്ന് അന്വേഷിക്കേണ്ട മന്ത്രി അത് നിര്‍വഹിക്കില്ലെന്നതിന്  അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ തെളിവല്ലേ?
റോഡുസുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി, നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരല്ലെന്ന് സമ്മതിച്ചതിന് നന്ദി. നാലുപതിറ്റാണ്ടിലേറെ എം എല്‍ എയും പലവട്ടം മന്ത്രിയും പ്രതിപക്ഷ നേതാവും രണ്ടുവട്ടം മുഖ്യമന്ത്രിയുമൊക്കെയായ ഉമ്മന്‍ചാണ്ടി ഇത് പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. വി ഐ പികള്‍ക്ക് മാത്രമായി റോഡുനിയമങ്ങളില്‍ ഇളവനുവദിക്കുന്നുവെന്ന്  തുറന്നുസമ്മതിക്കുമ്പോള്‍  ആ അപരാധത്തില്‍നിന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും എങ്ങനെ കൈ കഴുകാനാവും. റോഡു നിയമങ്ങളെന്നല്ല ഏത് നിയമത്തിന്റെ കാര്യത്തിലായാലും ഇതു തന്നെയാണവസ്ഥ. സാധാരണക്കാര്‍ക്കും വി ഐ പികള്‍ക്കും രണ്ടു നീതിയെന്നത് ആറു പതിറ്റാണ്ടായി  നാം നിര്‍വിഘ്‌നം അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേരളപ്പിറവിക്ക് ശേഷവും അതില്‍ കാതലായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പല സന്ദര്‍ഭങ്ങളിലും ഇത് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ കുമ്പസരിക്കുന്ന മുഖ്യമന്ത്രി ഇതാവര്‍ത്തിക്കാതിരിക്കാന്‍ വെറും പ്രഖ്യാപനങ്ങള്‍ മതിയാവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ അത്രയും നന്ന്.

           റോഡ് പരിശോധന നടത്തി മുഖംനോക്കാതെ നടപടിയെടുക്കുന്ന എത്ര ഉദ്യോഗസ്ഥന്മാരുണ്ടിവിടെ? ആരെങ്കിലും സത്യസന്ധമായ കൃത്യനിര്‍വഹണത്തിന് തയാറായാല്‍ തന്നെ രാഷ്ട്രീയക്കാര്‍ അതിനനുവദിക്കുമോ? പാര്‍ട്ടിക്കും തനിക്കും വേണ്ടപ്പെട്ടവരാണ് നിയമം ലംഘിക്കുന്നതെങ്കില്‍ രക്ഷിക്കാന്‍ എം എല്‍ എമാരുടെയും മന്ത്രിമാരുടെയും നീണ്ടനിര തന്നെ രംഗത്തുണ്ടാവും. പ്രമാദമായ സംഭവങ്ങളില്‍ പോലും ഇതാണവസ്ഥ. ഇടതുമുന്നണി യായാലും സ്ഥിതിക്ക് മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.  നിര്‍മല്‍ മാധവന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കാര്യത്തില്‍ അവിഹിത ഇടപെടല്‍ നടത്തിയത് ഉമ്മന്‍ചാണ്ടി നേരിട്ടായിരുന്നില്ലേ. വിദ്യാര്‍ഥി സമരവും പൊലീസ് വെടിവെപ്പും ആവശ്യത്തിലേറെ പുകിലും സംഭവിച്ചിട്ടും കേളന് വല്ല കുലുക്കവുമുണ്ടായോ. തെറ്റ് തിരുത്തിയോ? നീതി ഏത് ചവറ്റുകൊട്ടയിലാണ് പതിച്ചതെന്ന് മുഖ്യമന്ത്രിപോലും അന്വേഷിച്ചില്ല!

            റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ചിലപ്പോള്‍ പ്രതിഷേധം ഉയര്‍ന്നുവരാറുണ്ട്. പൊതുജനങ്ങളും മാധ്യമങ്ങളും പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നുവെങ്കില്‍ അതിന് മതിയായ കാരണങ്ങളും കാണും. ജനങ്ങള്‍ക്ക് വേണ്ടിയാണല്ലോ നിയമങ്ങള്‍. അതവരെ ദ്രോഹിക്കുന്നതാകുമെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്തുകയല്ലേ ഉചിതം. കര്‍ശന നിയമങ്ങളാണ് ആവശ്യമെങ്കില്‍ അത്  ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ആരാണ് സ്വീകരിക്കാതിരിക്കുക. ഹെല്‍മറ്റ് കര്‍ശനമാക്കിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു എന്നത് നേരാണെങ്കിലും  ഹെല്‍മറ്റിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അതിനര്‍ഥം. ഹെല്‍മറ്റ് ധരിച്ചവരുടെ മരണസംഖ്യ കുറവായിരുന്നു. ആ സത്യം ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.

           പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ കൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവപൂര്‍വം ആലോചിക്കണം. അതുപോലെ തന്നെ പ്രധാനമാണ് റോഡപകടങ്ങളില്‍ പെട്ടവരെ സഹായിക്കുന്നവരോടുള്ള സമീപനവും. അവരെ പ്രോത്സാഹിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന വാഗ്ദാനം പലപ്പോഴും പാലിക്കപ്പെടുന്നില്ല. അപകടങ്ങളില്‍ പെടുന്നവരെ കണ്ടില്ലെന്ന് നടിച്ച് കടന്നുപോകുന്നവരുടെ മനോഗതിക്ക് മാറ്റം വരണമെങ്കിലും സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. സര്‍ക്കാരും മുഖ്യമന്ത്രിയും നിരവധി നല്ല കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. പക്ഷെ അവയൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു.
Related Posts Plugin for WordPress, Blogger...