Tuesday, August 30, 2011

കര്‍മ്മനിരതമായ നൂറുദിനങ്ങള്‍


          അതിവേഗം ബഹുദൂരം എന്ന തന്റെ പതിവ് മുദ്രാവാക്യവുമായി അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഭരണത്തിന്റെ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍ച്ചയായും ആശ്വസിക്കാം. അല്പസ്വല്‍പം സന്തോഷിക്കാനും വകയുണ്ട്. കഷ്ടിച്ച് അധികാരത്തിലേറിയ ഒരു ഗവണ്‍മെന്റിന്റെ അമരക്കാരനെന്ന നിലയില്‍ മുന്നണിയെ കാറ്റില്‍ ആടിയുലയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നത് തന്നെ വലിയ കാര്യം. പാമോലിന്‍ കേസിലെ കോടതിവിധി സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ഘടകകക്ഷികളെ കൊണ്ട് പറയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവല്ലോ. കേരളം കണ്ട ഏറ്റവും കരുത്തുറ്റ മുഖ്യമന്ത്രി എന്നാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉമ്മന്‍ചാണ്ടിയെ വിശേഷിപ്പിച്ചത്. മൂലമ്പിള്ളി, ചെങ്ങറ കുടിയേറ്റ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതില്‍ അദ്ദേഹം കാണിച്ച തീക്ഷ്ണമായ ഇഛാശക്തിയും മൂന്നാര്‍, ദേശീയപാത തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടായ സത്വരനടപടികളുമാണ് ചാണ്ടിയില്‍ കൃഷ്ണയ്യര്‍ കണ്ട പ്രത്യേകത. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവിന് ഒരു നയതന്ത്രത്തിന്റെ  തിളക്കവും അവകാശപ്പെടാം. കേരളത്തിന് വികസനത്തിന്റെ പുതിയ കവാടമാണ് ഇതുവഴി തുറന്നുകിട്ടിയത്.  അഞ്ചുവര്‍ഷവും ഇടതുമുന്നണി സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ച പ്രശ്‌നമാണ്  യു ഡി എഫ് ആഴ്ചകള്‍ക്കകം  സാധിച്ചെടുത്തത് എന്ന് കൂടി ഓര്‍ക്കണം.

          ക്രമസമാധാനപാലനത്തിന്റെ വീഥികളില്‍ സര്‍ക്കാര്‍ കത്തിച്ചുവെച്ച വിളക്കുകള്‍ക്ക് പ്രകാശമേറും. വിദ്യാര്‍ഥികളെ മുന്നില്‍നിര്‍ത്തി പ്രതിപക്ഷം  അഴിച്ചുവിട്ട സമരങ്ങളെ  നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ സമചിത്തത പാലിച്ചു. കേരളത്തിലെ തെരുവുകള്‍ രക്തപങ്കിലമായില്ല. പൊലീസ് പരാജയങ്ങളുടെ കണക്കുപുസ്തകം തുറക്കേണ്ടിവന്നില്ല. ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വത്തിന്റെ ഒളിത്താവളമാകില്ലെന്ന് മുഖ്യമന്ത്രി  ഇതുവഴി ജനങ്ങളെ ബോധ്യപ്പെടുത്തി. ദാരിദ്രരേഖക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ അരി നല്‍കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് യു ഡി എഫ് അതിന്റെ നൂറുദിന പരിപാടിക്ക് തിരശ്ശീലയിട്ടത്. വാഗ്ദാനം ചെയ്തതുപോലെ അപേക്ഷിക്കുന്ന അന്നു തന്നെ റേഷന്‍കാര്‍ഡ് നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജും യാഥാര്‍ഥ്യമായി.  ഭരണ സുതാര്യതയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്നതാണ് മറ്റൊരു എടുത്തുപറയാവുന്ന കാര്യം.

         പ്രശ്‌നങ്ങളെ നേര്‍ക്ക് നേരെ നേരിടുന്നതിലും പരിഹരിക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പക്ഷെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഒരു ചുവടുപോലും മുമ്പോട്ടു വെച്ചില്ലെന്ന് മാത്രമല്ല വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയസമീപനങ്ങളെ കണ്ണടച്ച് പിന്താങ്ങുകയും ചെയ്യുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലകൂടിയപ്പോള്‍ ജനം കഷ്ടത്തിലായി. ആഗോള വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും വര്‍ധിപ്പിച്ച വില ഇവിടെ കുറച്ചില്ല. എണ്ണ വിലക്കയറ്റം കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലയോടൊപ്പം ബസ് ചാര്‍ജും ഓട്ടോ-ടാക്‌സി ചാര്‍ജും കുത്തനെ കൂട്ടി. വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരുടെയും അവരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വെളിപ്പെടുത്തുമെന്നതായിരുന്നു നൂറുദിന പരിപാടിയിലെ അദ്യ ഇനം. ഇതുവരെ 15 മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തി. മറ്റുള്ളവരുടെ സ്വത്തുവിവരം തുറന്നുവെച്ച വെബ്‌സൈറ്റില്‍ ദൃശ്യമായില്ല. കേന്ദ്രമന്ത്രിമാര്‍ വരെ അഴിമതിയുടെ പേരില്‍ അഴിയെണ്ണുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനത്തിന് ജനം വലിയ വില കല്‍പിച്ചിരുന്നു.

          മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്താന്‍ ലക്ഷ്യമിട്ടിരുന്ന ജനസമ്പര്‍ക്ക പരിപാടി ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസിലെ കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികളും സാക്ഷാല്‍ക്കരിക്കപ്പെട്ടില്ല. സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന 1.40 ലക്ഷം ഫയലുകളുടെ തീര്‍പ്പാക്കല്‍ ഈ കര്‍മപദ്ധതിയിലെ പ്രഖ്യാനമായിരുന്നു. അതും പൂര്‍ത്തിയാക്കേണ്ടതുണ്ട്. മദ്യനയത്തില്‍ സര്‍ക്കാരിന് ശരിക്കും പിഴച്ചു. മദ്യത്തില്‍നിന്നുള്ള വരുമാനം 327കോടി രൂപ കൂട്ടി ബഡ്ജറ്റ് അവതരിപ്പിച്ച ഗവണ്‍മെന്റിന് അടിതെറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. മദ്യലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ യു ഡി എഫ് അതിനുപയുക്തമായ നയം ആവിഷ്‌ക്കരിച്ചില്ല. മദ്യത്തില്‍ മുങ്ങിത്താഴുന്ന കേരളത്തെ  ആരു വിചാരിച്ചാലും രക്ഷിക്കാനാവില്ലെന്നതാണ് ഇന്നത്തെ അവസ്ഥ. കാസര്‍കോട് വെടിവെപ്പ് അന്വേഷിച്ച നിസാര്‍ കമീഷനെ പാതിവഴിയില്‍ പിരിച്ചുവിട്ടതും ശരിയായില്ല. സര്‍ക്കാരിനെ അവിശ്വസിക്കാനാണ് ഇത് ഇടവരുത്തിയത്. യു ഡി എഫ് അധികാരമേല്‍ക്കുമ്പോള്‍ വരവേല്‍ക്കാനെത്തിയത്  സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങളായിരുന്നുവല്ലോ. അതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍ഗാമിയെപോലെ  പുതിയ വിദ്യാഭ്യാസമന്ത്രിക്കും   അടിപതറി. മുഖ്യമന്ത്രിക്കും തൃപ്തികരമായ നടപടി കൈക്കൊള്ളാനായില്ല.

         നൂറുദിവസം എന്നത് ഒരു ഭരണത്തെ വിലയിരുത്താന്‍ പര്യാപ്തമായ കാലയളവല്ലെന്നറിയാം. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി നൂറുദിന കര്‍മപരിപാടി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അത് പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. നൂറുദിവസം കൊണ്ട് തീര്‍ക്കാവുന്ന പദ്ധതികളും പരിപാടികളുമല്ല ഇത്തവണയും ആവിഷ്‌കരിച്ചത്. അഞ്ചുവര്‍ഷം കാലാവധി ഉണ്ടെന്നിരിക്കെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേ പ്രഖ്യാപിക്കാവൂ. പ്രതിഛായ നന്നാക്കാന്‍ കൈക്കൊള്ളുന്ന പൊടിക്കൈകള്‍ വിപരീതഫലം സൃഷ്ടിക്കുമെന്ന  മുന്‍ അനുഭവം മുഖ്യമന്ത്രി വിസ്മരിക്കരുതായിരുന്നു.

Saturday, August 27, 2011

പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത് കോടികള്‍


          ഒന്നാംക്‌ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സില്‍ വരെ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ച കേന്ദ്ര ഗവണ്‍മെന്റ് തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു. സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിച്ചതിനു പുറമെ അര്‍ഹത നിശ്ചയിക്കാനുള്ള വരുമാന പരിധി  44,500 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.  പ്രതിമാസം ആയിരം രൂപ വരെ  വിദ്യാര്‍ഥികള്‍ക്ക്  ഇനി മുതല്‍ ലഭിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 190 രൂപയില്‍നിന്ന് 350ഉം ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കുള്ള സഹായം 425ല്‍ നിന്ന് 750 ആയും വര്‍ധിപ്പിച്ചു.  രണ്ടാംക്‌ളാസ് മുതല്‍  ഹോസ്റ്റല്‍ ഫീസ് അനുവദിക്കുന്നതാണ്. ഒന്നാംക്‌ളാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും പ്രതിമാസം അമ്പത് രൂപ കിട്ടും. സ്‌കോളര്‍ഷിപ്പും മറ്റു ധനസഹായവും വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് കേന്ദ്രസാമൂഹിക നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 

          എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ കേരളത്തിലെ ഒരു കുട്ടിക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. കേരളത്തില്‍ പിന്നാക്ക വികസന വകുപ്പില്ലാത്തതാണിതിന് കാരണം. ഈ വകുപ്പ് രൂപീകരിക്കാന്‍  ആവശ്യപ്പെട്ടിട്ട് വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളാകട്ടെ കേന്ദ്ര നിര്‍ദേശം ശിരസാ വഹിച്ചതിനാല്‍ ഈ വകുപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തി വരികയാണ്.   കേരളത്തിലും പേരിന് വകുപ്പ് രൂപീകരിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതില്‍ വിമുഖത കാണിച്ചത് വിനയായി.  പിന്നാക്ക വിഭാഗങ്ങള്‍ക്കും അവരുടെ സംഘശക്തിക്കും നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന ആവേശം പിന്നാക്കക്കാരുടെ കാര്യത്തിലില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് നടപടികളെടുക്കുന്ന കാര്യത്തില്‍  ഈ അലംഭാവം കേരളം കണ്ടതാണ്. 

          മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകളുടെ പശ്ചാത്തലത്തിലായിരുന്നു പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കാനുള്ള നിര്‍ദേശം. മണ്ഡല്‍ ശിപാര്‍ശകളോടുള്ള വിരോധം കെട്ടടങ്ങാതെനിന്ന സമയമായിരുന്നു അത്. ആ വിരോധമായിരിക്കാം പിന്നാക്ക വികസന വകുപ്പ് രൂപീകരണത്തിലും പ്രതിഫലിച്ചത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളാണ് ഇതുമൂലം നഷ്ടപ്പെട്ടത്. പിന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കരുതെന്ന വാശി അധികാരത്തിന്റെ തലപ്പത്തിരുന്ന പലര്‍ക്കുമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. സംസ്ഥാനം മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്.

          പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കാനുള്ള നിര്‍ദേശത്തോടൊപ്പം 20 കോടി രൂപയും കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. അത് വകുപ്പ് മാറ്റി  അന്ന് പട്ടിക വികസന വകുപ്പിന് നല്‍കി. എന്തു ചെയ്യമമെന്നറിയാതെ ആ വകുപ്പ് കുഴങ്ങി. അവസാനം  20 കോടിയും ലാപ്‌സായി. അതിനു ശേഷം 1999ല്‍ പിന്നാക്കവികസന വകുപ്പ് രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെഷല്‍ ഓഫീസറായി ഇ അയ്യപ്പനെയും നിശ്ചയിച്ചു. വകുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി രൂപ വേണമായിരുന്നു. 20 കോടി പാഴാക്കിയ സര്‍ക്കാര്‍ പക്ഷെ ആ രണ്ടുകോടി അനുവദിക്കാന്‍ കൂട്ടാക്കിയില്ല. അതോടെ പിന്നാക്ക വികസന വകുപ്പ് കടലാസില്‍ ഒതുങ്ങുകയും ചെയ്തു. 

          പിന്നാക്ക വിഭാഗങ്ങളോട് സംസ്ഥാന ഭരണകൂടം ഇതുവഴി വലിയ വഞ്ചനയാണ് കാണിച്ചത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം വര്‍ഷങ്ങളായി വലിയ നഷ്ടമാണ് വരുത്തിവെച്ചത്. ചുരുങ്ങിയ പക്ഷം ഈ കാലയളവില്‍ 250 കോടി രൂപയുടെ ആനുകൂല്യങ്ങളെങ്കിലും നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. പാവപ്പെട്ട പിന്നാക്ക വിദ്യാര്‍ഥികളോ അവരുടെ രക്ഷിതാക്കളോ എന്തിനേറെ അവര്‍ക്ക് വേണ്ടി ജന്മമെടുത്ത പ്രസ്ഥാനങ്ങളോ ഈ വിവരമൊന്നും അറിഞ്ഞതുമില്ല.

          വകുപ്പ് രൂപീകരിക്കാതെ കോടികളുടെ ആനുകൂല്യം പിന്നാക്കക്കാര്‍ക്ക് നഷ്ടപ്പെടുത്തിയവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കരുതാനാവില്ല. പിന്നാക്കക്കാരുടെ വളര്‍ച്ചയേയും പുരോഗതിയേയും അസൂയയോടും അവജ്ഞയോടും വീക്ഷിക്കുന്നവര്‍ നടത്തിയ ബോധപൂര്‍വമായ ചരടുവലി ആര്‍ക്കും ഗൗനിച്ചില്ല എന്നേ പറയാനൊക്കൂ. ഭരണത്തിന്റെ ഉന്നതങ്ങളില്‍ പിന്നാക്ക വിഭാഗക്കാരുമുണ്ടായിരുന്നല്ലോ. അവര്‍ പക്ഷെ തിരിച്ചറിവില്ലാത്തവരെ പോലെയാണ് പെരുമാറിയത്. സഹായം നഷ്ടപ്പെടുന്നത് ദരിദ്രര്‍ക്കാണല്ലോ. പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തില്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റിയവരും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന് പറയേണ്ടിവരും.

         മതേതര കക്ഷികളാണെങ്കിലും കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ കക്ഷികള്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന കാക്കത്തൊള്ളായിരും സംഘടനകളുടെ കാര്യമാണ് കഷ്ടം. സത്യത്തില്‍ അവരുടെ പ്രസക്തി തന്നെ ചോദ്യംചെയ്യുന്ന സംഭവമാണിത്. തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കലും ഭരണത്തില്‍ ആനുപാതിക പ്രാതിനിധ്യം നേടലും മാത്രമാണോ ഇവരുടെ അജണ്ട. അധികാരത്തില്‍ പങ്കാളിത്തം എന്നത് വെറും സ്ഥാനമാനങ്ങളില്‍ ഒതുങ്ങേണ്ട കാര്യമാണോ? പൊതുഖജനാവിലെ പണം സമ്പന്നരുടെയും വരേണ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കുമ്പോള്‍, അര്‍ഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെടുത്തുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനും പിടിച്ചുവാങ്ങാനും അവര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അനുവദിക്കപ്പെട്ടതുകൂടി നഷ്ടപ്പെടുത്തിയാലോ? അതാണല്ലോ ഇവിടെ ഇപ്പോള്‍ സംഭവിച്ചത്.

Thursday, August 25, 2011

ലിബിയ: ജനകീയപ്രക്ഷോഭം ലക്ഷ്യം കൈവരിക്കുമോ?


          ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ സ്വേഛാധിപതിയായ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെങ്കിലും ട്രിപ്പാളിയെ ഇപ്പോഴും ഭരിക്കുന്നത് അഭ്യൂഹങ്ങള്‍ തന്നെയാണ്. ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഭരണം അവസാനിച്ചെന്നും മക്കള്‍ പിടിയിലായെന്നും ട്രിപ്പാളി പിടിച്ചെന്നും വിമതസേന ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം തലസ്ഥാന നഗരിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു.  വിജയം കൈവരിക്കാനായില്ലെങ്കില്‍ രക്തസാക്ഷിത്വം വരിക്കുമെന്ന മുന്നറിയിപ്പുമായി ഗദ്ദാഫിയും രംഗത്തുവന്നു.  ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയ വിമതര്‍ പിടിച്ചടക്കിയ സാഹചര്യത്തില്‍ അവിടെനിന്ന് താമസം മാറ്റിയതായും റേഡിയോസന്ദേശത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. നാറ്റോയുടെ 64 വ്യോമാക്രമണങ്ങളില്‍ ബാബുല്‍ അസീസിയ തകര്‍ന്നതിനാല്‍ തന്ത്രപരമായ നീക്കം നടത്തിയതാണെന്നാണ് തന്റെ ഒളിജീവിതത്തെ കുറിച്ച് ഗദ്ദാഫിയുടെ ന്യായീകരണം.  വിമതരുടെ കയ്യില്‍നിന്നും ട്രിപ്പാളിയെ ശുദ്ധമാക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

          ആറുമാസത്തിലേറെയായി ലിബിയ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. വിമതസേന വിജയത്തിലേക്ക് നീങ്ങുന്നു എന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകളെങ്കിലും അയല്‍രാജ്യങ്ങളായ ടുണീഷ്യയിലെ സൈനുദ്ദീന്‍ ബിന്‍ അലിയെയും ഈജിപ്തിലെ  ഹുസ്‌നി മുബാറക്കിനെയും പോലെ ജനകീയ വിപ്‌ളവത്തിന് മുമ്പില്‍ അടിയറവ് പറയാന്‍ ഗദ്ദാഫി തയാറല്ലായിരുന്നു. ജനകീയസമരത്തെ സര്‍വ ശക്തിയുമുപയോഗിച്ച് അദ്ദേഹം  ചെറുത്തു. സ്വന്തം ജനതക്കെതിരെ ടാങ്കുകളും മിസൈലുകളും ഉപയോഗിച്ചു. ലിബിയയില്‍ ഇടപെടാന്‍ തക്കംപാത്തു കഴിഞ്ഞ  നാറ്റോ സേന  രംഗത്തുവന്നതോടെ ഗദ്ദാഫിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. നാറ്റോ സൈന്യത്തിന്റെ നിരന്തരമായ വ്യോമാക്രമണമാണ് ട്രിപ്പാളിയുടെ സിംഹഭാഗവും അധീനത്തിലാക്കാന്‍ വിമതര്‍ക്ക് വഴിയൊരുക്കിയത്.

          ഇദ്‌രീസ് രാജാവിനെ പട്ടാളവിപ്‌ളവത്തിലൂടെ പുറത്താക്കി 1969ല്‍ ഗദ്ദാഫി ലിബിയയില്‍ അധികാരം പിടിച്ചടക്കിയത്  മധ്യപൂര്‍വ ദേശത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സംഭവമായിരുന്നു. പട്ടാളത്തിലെ കേണലായിരുന്ന അദ്ദേഹത്തിന്  അന്ന് പ്രായം വെറും 27വയസ്. അധികാരമേറ്റതു മുതല്‍  പാശ്ചാത്യരാജ്യങ്ങളുമായി  ഗദ്ദാഫി നിരന്തരം ഇടഞ്ഞുകൊണ്ടിരുന്നു.  അതോടെ ലിബിയയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. ഈജിപ്തിലെ ഫറൂഖ് രാജാവിനെ അട്ടിമറിച്ച കേണല്‍ ജമാല്‍ അബ്ദുല്‍നാസറിനെ ഓര്‍മിച്ചുകൊണ്ട് പലരും ഗദ്ദാഫിയെ മറ്റൊരു നാസറായി വാഴ്ത്തി. നാസറിനെ പോലെ ഗദ്ദാഫിയും അറബ് ദേശീയതയുടെയും സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പിന്റെയും വക്താവായി.  പിന്നീടദ്ദേഹം പല അറബ് രാഷ്ട്രങ്ങളുമായി പിണങ്ങി. ഫലസ്തീന്‍കാരുടെ സമരത്തിന് അദ്ദേഹം ശക്തമായ പിന്തുണ നല്‍കി. പാക്കിസ്താനെന്ന പോലെ ഇന്ത്യയുമായും സൗഹൃദത്തിലായിരുന്നു ഗദ്ദാഫി.

          ഉത്തരാഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമാണ് ലിബിയ. എന്നാല്‍  തന്നിഷ്ടപ്രകാരമുള്ള ഭരണമാണ് ഗദ്ദാഫി നടത്തിയത്. എന്നിട്ടും ലിബിയയിലെ പൊതുസമൂഹം ദീര്‍ഘകാലം അദ്ദേഹത്തിന് അനുകൂലമായിരുന്നു. ഇദ്‌രീസ് രാജാവിന്റെ ഭരണകാലഘട്ടം ഇരുളടഞ്ഞതായിരുന്നു. അതിനേക്കാള്‍ ഭേദപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ ഗദ്ദാഫിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ വ്യവസ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ ജനകീയ കൂട്ടായ്മകളെയോ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഒരിക്കലുംഅനുവദിച്ചില്ല. ലിബിയയില്‍ ഒരു ജനാധിപത്യ ഭരണഘടനക്ക്  രൂപം നല്‍കിയില്ല. സുശിക്ഷിതമായ ഒരു സൈന്യം പോലും ലിബിയക്കില്ലെന്നറിയുമ്പോള്‍ അത്ഭുതംതോന്നും. അതുകൊണ്ടാണ് ഗദ്ദാഫിക്ക് ശേഷം എന്ത് എന്ന   ആശങ്ക  ജനങ്ങള്‍ക്കിടയില്‍ ചോദ്യചിഹ്നമായി വളര്‍ന്നത്. മകന്‍ സെയ്ഫുല്‍ ഇസ്‌ലാമിനെ  പിന്‍ഗാമിയായി വാഴിക്കാന്‍ അണയറയില്‍ നീക്കം ശക്തമായപ്പോഴാണ് ജനങ്ങള്‍  പ്രകോപിതരായത്. ഈ അമര്‍ഷം ജനരോഷമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തിയ ശ്രമം വിജയത്തോടടുക്കുന്നുവെന്നാണ് ലിബിയയിലെ അവസാന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

          ഗദ്ദാഫി വീണാല്‍ ലിബിയയുടെ രാഷ്ട്രീയഭാവി എന്താവും? അതാണിപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്. ഇറാഖില്‍ സദ്ദാം ഹുസൈന്‍ വീണപ്പോള്‍ സംഭവിച്ചതു തന്നെ ലിബിയേയും കാത്തിരിക്കുന്നു. ഈജിപ്തിലും ടുണീഷ്യയിലും ജനകീയ വിപ്‌ളവം വിജയകരമായി പര്യവസാനിച്ചുവെങ്കിലും ഇതേ ആശങ്ക ആ രാജ്യങ്ങളുടെ കാര്യത്തിലുമുണ്ടല്ലോ. ഗദ്ദാഫിയുഗത്തിന് അന്ത്യംകുറിച്ചാലും ഭരണം ജനങ്ങളുടെ കൈയ്യിലെത്തുമെന്ന് കരുതുന്നവര്‍ കുറയും. ലിബിയയിലെ ഭരണസംവിധാനം പാശ്ചാത്യ ശക്തികള്‍ തീരുമാനിക്കുമെന്ന അവസ്ഥവന്നാല്‍ അതിനേക്കാള്‍ ആശങ്കാജനകമായി മറ്റെന്താണുള്ളത്? ഗദ്ദാഫിയുഗം അവസാനിച്ചുവെന്നും അധികാരം ജനങ്ങളുടെ കയ്യിലെത്തിയെന്നും ആദ്യം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയാണ്. ലിബിയയുടെ പുനരുദ്ധാരത്തെ കുറിച്ച് സജീവചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമൊക്കെയാണ്. ജനകീയ വിപ്‌ളവത്തെ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതാകട്ടെ നാറ്റോയും. ലിബിയയിലെ എണ്ണസമ്പത്ത് എങ്ങനെ കൊള്ളയടിക്കണമെന്നതായിരിക്കും ആത്യന്തികമായി ഇത്തരം ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും അനന്തരഫലം.

Monday, August 22, 2011

കശ്മീരില്‍ കുഴിമാടങ്ങളുടെ നിലവിളി


          വടക്കന്‍ കശ്മീരിലെ 38 കുഴിമാടങ്ങളിലായി രണ്ടായിരത്തില്‍പരം അജ്ഞാത മൃതദേഹങ്ങള്‍ അടക്കംചെയ്തിട്ടുണ്ടെന്ന കശ്മീര്‍ മനുഷ്യാവകാശ കമീഷന്റെ കണ്ടെത്തല്‍ തീര്‍ച്ചയായും നടുക്കമുളവാക്കുന്നതും രാജ്യത്തെ ജനാധിപത്യവിശ്വാസികളെ മുഴുവന്‍ ലജ്ജിപ്പിക്കുന്നതുമാണ്. 1990ല്‍ താഴ്‌വരയില്‍ തീവ്രവാദം പിടിമുറുക്കിയത് മുതല്‍ ആയിരങ്ങളെ കാണാതായിട്ടുണ്ട്. ഇവയില്‍ അധികംപേരെയും സൈന്യം വീടുകളില്‍നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ട് പോയവരാണ്. മൂന്നുവര്‍ഷം നീണ്ട  അന്വേഷണത്തിനൊടുവിലാണ് സൈന്യം നടത്തിയ അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സര്‍ക്കാര്‍ നിയോഗിച് മൂന്നംഗ മധ്യസ്ഥ സംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ്   മനുഷ്യാവകാശ കമ്മീഷന്റെ വെളിപ്പെടുത്തല്‍. പ്രശ്‌നത്തില്‍ ഇടപെടാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഒരുങ്ങുകയാണ്.

         സ്വാതന്ത്ര്യാനന്തരമുള്ള കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ആര്‍ക്കും ഇത്തരം വാര്‍ത്തകളില്‍ പുതുമ കാണാനാവില്ല. കേന്ദ്രഭരണകൂടവും പട്ടാളവും പൊലീസും കാലാകാലങ്ങളായി കശ്മീരികള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ ദേശീയതലത്തില്‍ സൃഷ്ടിച്ച  വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഇന്നും സജീവമായി തുടരുകയാണ്. ഇതര സ്റ്റേറ്റുകള്‍ക്കെന്ന പോലെ കശ്മീരിന് ലഭിക്കേണ്ട സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ നാളിതുവരെ   സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ രാജ്യം ഭരിച്ചവരെല്ലാം കുറ്റകരമായ അനാസ്ഥയും അവഗണനയും കാണിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പലരും ഇതിനു മുമ്പും പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളാകട്ടെ കശ്മീരിലെ അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ അവരുടെ പങ്ക് സത്യസന്ധമായി ഒരിക്കലും നിര്‍വഹിക്കാറില്ല. അന്താരാഷ്ട്ര ചലനങ്ങള്‍ നിരീക്ഷിച്ച് അതിലെ ശരിയും തെറ്റും തലനാരിഴ കീറി പരിശോധിക്കാന്‍ വ്യഗ്രത കാണിക്കുന്ന  മാധ്യമങ്ങള്‍ പോലും കശ്മീരിലെത്തുമ്പോള്‍ ചുമതല വിസ്മരിച്ച് മൗനികളായി മാറുന്നു.

          അരിക്കും തുണിക്കും തൊഴിലിനും വേണ്ടിയല്ല കശ്മീരികള്‍ അധികം ശബ്ദിച്ചിട്ടുണ്ടാവുക. അവിടെ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കപ്പെട്ടതു കൊണ്ടല്ല. അവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം സൈന്യത്തിന്റെ സജീവ സാന്നിധ്യവും അവര്‍ കൈക്കൊള്ളുന്ന അതിനീചമായ അമിതാധികാരപ്രയോഗവുമാണ്. സൈന്യത്തെ പിന്‍വലിക്കാതെ താഴ്‌വരയില്‍  സമാധാനം പുനസ്ഥാപിക്കാനാവില്ലെന്നാണ് കശ്മീരിലെ ബഹുജന സംഘടനകളുടെ വാദം. അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ അവിടെനിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെങ്കിലും  ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാതെ നോക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പട്ടാളത്തിന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ഉറപ്പുനല്‍കാറുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് മാത്രം.

          പട്ടാളക്കാര്‍ക്ക് നല്‍കിയ പ്രത്യേക അധികാരമാണ് അവിടുത്തെ മുഖ്യപ്രശ്‌നം. തെരുവുകളെ കലുഷിതമാക്കുന്നതും കുടുംബങ്ങളുടെ സൈര്യംകെടുത്തുന്നതും മൊത്തത്തില്‍ താഴ്‌വരയില്‍ അരക്ഷിതത്വം സൃഷ്ടിക്കുന്നതും പട്ടാളക്കാര്‍ തന്നെ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇയ്യിടെ എത്തിയ സര്‍വകക്ഷി സംഘത്തിന് മുമ്പിലും ജനങ്ങള്‍ ഇതേ പരാതി നിരത്തിവെച്ചു. സംഘം കൊടുത്ത ഉറപ്പ് വര്‍ഷം പിന്നിടുമ്പോഴും പാലിക്കപ്പെട്ടില്ലെന്ന് വിശ്വസിക്കാന്‍ കശ്മീരിലെ കുഴിമാടങ്ങളില്‍ നിഷ്‌ക്കരുണം തള്ളിയ ആയിരക്കണക്കിന്  മൃതദേഹങ്ങളെ കുറിച്ചുള്ള വാര്‍ത്ത തന്നെ ധാരാളം.

         ഉന്നത പൊലീസുദ്യോഗസ്ഥന്‍ ബഷീര്‍ അഹമദ് യാതുവിന് കീഴിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.  പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍, സാക്ഷിമൊഴികള്‍ എന്നിവക്ക് പുറമെ പള്ളികമ്മിറ്റികള്‍, ശ്മശാന മേല്‍നോട്ടക്കാര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങളും സമിതി ശേഖരിച്ചിട്ടുണ്ട്. കുപ്‌വാരയിലാണ് ഏറ്റവും കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍ കുഴിമാടത്തില്‍ തള്ളിയത്. ബാരാമുല്ലയിലും എണ്ണൂറിലേറെ തിരിച്ചറിയാത്ത മൃതദേഹങ്ങളുണ്ട്. ഇത്തരം  മൃതദേഹങ്ങള്‍ ധാരളമുണ്ടെന്നും അവ കണ്ടെത്തണമെന്നും കാണിച്ച് കശ്മീരിലെ കാണാതായവരുടെ കുടുംബാംഗങ്ങള്‍ മൂന്നുവര്‍ഷം മുമ്പ് ഒരു കൂട്ടായ്മ തന്നെ രൂപീകരിക്കുകയുണ്ടായി ; അതാണ് എ പി ഡി പി. ഈ സംഘം പല വിവരങ്ങളും മുമ്പ് പുറത്തുവിട്ടിരുന്നു. 2008ലാണ് ഈ നീക്കം ശക്തിയാര്‍ജിച്ചത്. 2009ല്‍ തന്നെ സര്‍ക്കാര്‍ അന്വേഷണ സമിതിക്ക് രൂപംനല്‍കിയെന്നത് ശരിയാണ്. അതിനിടെ അന്താരാഷ്ട്ര പീപ്പിള്‍സ് ട്രൈബ്യൂണല്‍ ഓണ്‍ ഹ്യൂമണ്‍റൈറ്റ്‌സ് മുഖേന അജ്ഞാത ജഡങ്ങളെ സംബന്ധിക്കുന്ന പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുകൊണ്ടുവന്നു.

          ഇനിയിപ്പോള്‍ അജ്ഞാതജഡങ്ങളെ ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കിയാല്‍ ആളുകളെ തിരിച്ചറിയാനാവും. അതിനാണ് സത്വര നടപടി ഉണ്ടാവേണ്ടത്. അതോടൊപ്പം ഇതിനുത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍കൊണ്ടുവരികയും വേണം. പ്രത്യേക സൈനികാധികാരമുപയോഗിച്ച്  ജനങ്ങളെ ചതച്ചരച്ച് കുഴിമാടങ്ങളില്‍ തള്ളിയവരും അവരുടെ കുടുംബങ്ങളെ കണ്ണീര് കുടിപ്പിച്ചവരും മാപ്പര്‍ഹിക്കുന്നില്ല. ജനങ്ങളുടെ വിശാസവും ആത്മവീര്യവും വീണ്ടെടുക്കാനും അവരില്‍ സുരക്ഷിതത്വബോധം പ്രദാനംചെയ്യാനും ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണ്. കശ്മീരികളുടെ പൗരാവകാശങ്ങളും സമാധാനവും പരിരക്ഷിക്കാനാവുന്നില്ലെങ്കില്‍ പിന്നെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് എന്നെങ്കിലും പരിഹാരമുണ്ടാകുമോ?
 

Friday, August 12, 2011

റമദാന്‍ മുബാറക്


        ആത്മസംസ്‌കരണത്തിന്റെ സുവര്‍ണ നാളുകളാണ് പിന്നിട്ടുകൊണ്ടിരിക്കുന്നത്. ആത്മസംസ്‌കരണത്തിന്റെ ആദ്യപടി ആത്മപരിശോധനയാണ്. പിന്നിട്ട ജീവിതത്തിന്റെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പ്. ഭൗതികനേട്ടങ്ങളല്ല. നന്മ തിന്മകളുടെ കണക്കെടുപ്പ്. നമ്മുടെ വിചാരവികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിലപാടുകള്‍, മോഹങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവോ. കുടുംബത്തോടും സുഹൃത്തുക്കളോടും ജനങ്ങളോടും തന്നോടു തന്നെയുമുള്ള നിലപാടുകള്‍, ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടുള്ള സമീപനങ്ങള്‍ എല്ലാം നീതിയുക്തവും സത്യസന്ധവുമായിരുന്നോ. അല്ലെങ്കില്‍ കോട്ടങ്ങള്‍ നികത്തണം. നേട്ടങ്ങള്‍ വളര്‍ത്തണം. തെറ്റുകള്‍ തിരുത്തണം.

         മനസ്സാണ് ശരീരത്തിലെ രാജാവ്. അതിന്റെ ആജ്ഞയനുസരിച്ചാണ് മറ്റവയവങ്ങള്‍ പ്രവര്‍ത്തിക്കുക. തെറ്റുകളുടെ ഉറവിടവും മനസ്സാണ്.സ്വയം ന്യായീകരിക്കുക മനസ്സിന്റെ പ്രകൃതിയുമാണ്.

         മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനു പരിശുദ്ധ വേദഗ്രന്ഥം അവതരിപ്പിക്കാന്‍ പ്രപഞ്ചനാഥന്‍ തെരഞ്ഞെടുത്ത മാസമാണ് റമദാന്‍. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സാമൂഹിക ജീവിതത്തെയും ആമൂലാഗ്രം പരിവര്‍ത്തിപ്പിക്കുന്ന വിപ്‌ളവ ഗ്രന്ഥമാണ് ഖുര്‍ആന്‍. മാനവരാശിയുടെ മോചനശാസ്ത്രവുമാണത്. ദൈവേതര ശക്തികളുടെ അടിമത്വത്തില്‍നിന്ന്, പൈശാചിക ശക്തികളില്‍നിന്ന്,  ആത്മീയതയുടെ അപഥസഞ്ചാരത്തില്‍നിന്ന്, ദേഹേച്ഛയുടെ ദുസ്വാധീനത്തില്‍നിന്ന്, ഭൗതികപ്രമത്തതയുടെ അതിപ്രസരത്തില്‍നിന്ന്, മരണാനന്തര നരകശിക്ഷയില്‍നിന്ന് എല്ലാമുള്ള മോചനം. ഖുര്‍ആന്റെ അവതരണം തന്നെയാണ് റമദാനിലെ അതിപ്രധാന സംഭവവും. അപരിഷ്‌കൃതരും സംസ്‌കാരശൂന്യരുമായിരുന്ന ഒരു ജനതയില്‍ വിചാരവിപ്‌ളവത്തിന്റെ മാറ്റൊലി സൃഷ്ടിച്ചത് ഈ വിശുദ്ധഗ്രന്ഥമാണ്. ലോക സംസ്‌കാരത്തിന്റെ ഗതി പ്രത്യേക ദിശയിലേക്ക് തിരിച്ചുവിടാന്‍ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് സാധിച്ചു.

         നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതും റമദാനിലാണ്. എല്ലാ മതക്കാര്‍ക്കും നോമ്പുണ്ട്. സമ്പൂര്‍ണ ജീവിതത്തിന്റെ പരിശീലനമാണ് വ്രതം. പകല്‍ മുഴുവന്‍ ഉറങ്ങാനും മൂക്കറ്റം തിന്നാനുമുള്ള മാസമല്ലിത്. വിശ്രമത്തിനു പകരം കര്‍മസജ്ജമാകേണ്ട മാസം.

         ജീവിതത്തില്‍ അമിതഭോഗവും ആഢംബരവും ഉപേക്ഷിച്ചും പൊങ്ങച്ചവും അഹങ്കാരവും അറുത്തെറിഞ്ഞും മിതത്വം പാലിക്കാനുള്ള പരിശീലനം വ്രതം നല്‍കുന്നുണ്ട്. ചതിയും ചീത്തവാക്കും പൊളിവചനങ്ങളും അക്ഷമയും അസഹിഷ്ണുതയും ഉപേക്ഷിക്കാന്‍ പഠിപ്പിക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ ഒരുമയുടെയും സംസ്‌കരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നു. ഒരേക മനസ്സ് നിര്മിച്ചെടുക്കുന്നു. മതജീവിതത്തോട് വിശ്വാസികള്‍ കൂടുതല്‍ രമ്യപ്പെടുന്നത് റമദാനിലാണ്. ഖുര്‍ആന്‍ പഠനത്തിനും മനനത്തിനും പാരായണത്തിനും ഏറ്റവും കൂടുതല്‍ സമയം നീക്കിവെക്കുന്നതും ഈ മാസം തന്നെ. ആചാരനുഷ്ഠാനങ്ങളോട് ഇത്രമാത്രം നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്ന സന്ദര്‍ഭം വേറെയില്ല. പാപമുക്തിക്കായി  പ്രായശ്ചിത്തവിവശനായി വിശ്വാസി പ്രാര്‍ഥനാനിരതനാകുന്നതും റമദാനില്‍ തന്നെ.

          മുസ്‌ലിം എന്ന തലം ഒരു വ്യക്തിയില്‍ ഏറ്റവും തീവ്രമായി സ്വാധീനിക്കുന്നത് റമദാനിലാണ്.  സഹജീവകളോടുള്ള ഉത്തരവാദിത്തം പ്രഖ്യാപിക്കുകയും അത് അത്യുദാരമായി നിര്‍വഹിക്കുകയും ചെയ്യുന്നതും നോമ്പുകാലത്ത് തന്നെ. ഇതര മതസമൂഹങ്ങളുമായി ഐക്യപ്പെടാന്‍ വ്രതകാലം പോലെ ഏറ്റവും പറ്റിയ സമയം വേറെയില്ല.

         അല്ലാഹു പറഞ്ഞാല്‍ എന്തും ത്യജിക്കാനുള്ള സന്നദ്ധതയാണ് നോമ്പിന്റെ അന്തസത്ത. ദൈവമാര്‍ഗത്തില്‍ ജീവന്‍ പോലും ത്യജിക്കാന്‍ തയാര്‍. ത്യാഗമാണ് ജീവിതത്തെ ഉദാത്തമാക്കുന്നത്. അതിന്റെ വര്‍ണനൂലുകൊണ്ടാണ് മഹത്വത്തിന്റെ ഉടയാടകള്‍ തുന്നിയുണ്ടാക്കേണ്ടത്. ത്യാഗത്തെ അനുഷ്ടാനമാക്കുകയാണ് നോമ്പ്. ഭക്ഷണത്തെ, വെള്ളത്തെ, ലൈംഗികതയെ, സംസാരത്തിന്റെ പ്രലോഭനത്തെ, ഉറക്കത്തെ ത്യജിച്ചു നിര്‍വഹിക്കുന്ന ഉപാസനയാണ് വ്രതം. താന്‍ ആവശ്യക്കാരനായിരിക്കെ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോഴാണ് മനുഷ്യന്‍ മഹത്വത്തിന്റെ ഉന്നതിയിലേക്ക് പറന്നുയരുന്നത്. മണ്ണില്‍ അള്ളിപ്പിടിക്കുന്നതിനു പകരം വിണ്ണിലേക്ക് പറന്നുയരുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്.

          യര്‍മൂഖ് യുദ്ധാനുഭവം മാനവചരിത്രത്തിലെ അനശ്വര അധ്യായമാണ്. യര്‍മൂഖില്‍ വെട്ടേറ്റുവീണവര്‍ ഇതിഹാസ പുരുഷന്മാരാണ്. മരണം തൊണ്ടക്കുഴിയിലെത്തിയ മനുഷ്യന് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് ഒരിറ്റ് ദാഹജലമാണല്ലോ. അതു കുടിക്കാതെ മാറ്റിവെക്കുകയായിരുന്നു ഓരോരുത്തരും. ഒടുവില്‍ മണ്ണില്‍ ഒഴികിപ്പോയ ആ കുടന്ന വെള്ളം  മനുഷ്യ മഹത്വത്തിന്റെ നിറപ്രതീകമാണ്. യര്‍മൂഖ് പോരാളികള്‍ നോമ്പിന്റെ പാഠശാലയില്‍ നിന്നാണ് ഈ കരുത്ത് സ്വായത്തമാക്കിയത്.

          ബദ്ര്‍- ഒരു ചെറുസംഘം റമദാനില്‍ നടത്തിയ ഇതിഹാസം നിറഞ്ഞ പോരാട്ടമാണ്. ഓരോ വിശ്വാസിയും അല്ലാഹുവിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധമായ അനര്‍ഘമുഹൂര്‍ത്തം. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ യഥാര്‍ഥ ദാസന്മാര്‍ മര്‍ദ്ദിതരും നിന്ദിതരുമായി കഴിയുക; പൈശാചിക ശക്തികള്‍ അവരെ അടക്കിഭരിക്കുക; സത്യം വിസ്മരിക്കപ്പെടുക ഈ വൈരുധ്യത്തില്‍നിന്ന് മനുഷ്യനു മോചനം നല്‍കിയ വിമോചന സംഘട്ടനമായിരുന്നു ബദ്ര്‍. സംഖ്യാബലമല്ല വിജയത്തിനു നിദാനമെന്ന് ബദ്ര്‍ തെളിയിച്ചു. ആത്മവീര്യവും സ്ഥൈര്യവും സമര്‍പ്പണസന്നദ്ധതയുമുള്ള ഏത് ചെറുസംഘത്തിനും അവര്‍ നിരായുധരായിരുന്നാല്‍ പോലും സായുധസജ്ജരായ വലിയ സൈന്യത്തെ അതിജയിക്കാനാവുമെന്ന് ബദ്ര്‍ പ്രഖ്യാപിച്ചു.

         മൃഗത്തിന്റെയും മലക്കിന്റെയും അവസ്ഥയില്‍നിന്ന് വ്യത്യസ്തനാകുന്നു മനുഷ്യന്‍. മനുഷ്യന്‍ നിരന്തരം അധ്വാനിച്ച് ചിന്തിച്ച് ശ്രദ്ധിച്ച് ജീവിക്കണം. അസ്തിത്വപരമായ ഇത്തരമൊരു വെല്ലുവിളി മലക്കുകള്‍ക്കും മൃഗങ്ങള്‍ക്കുമില്ല. അവയുടെ ശാരീരികതയില്‍ വെറുതെ ജീവിച്ചാല്‍ തന്നെ നല്ല മൃഗമോ നല്ല മാലാഖയോ ആവാം. എന്നാല്‍ മനുഷ്യന്‍ മനുഷ്യനായിത്തീരണമെങ്കില്‍ നന്നായി പരിശ്രമിക്കുക തന്നെ വേണം. പാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കണം. പുണ്യങ്ങള്‍ വര്‍ധിപ്പിക്കണം. റമദാന്റെ സന്ദേശമാണത്.

         പുണ്യങ്ങളുടെ പൂക്കാലം എന്ന് റമദാനെ സാധാരണ വിശേഷിപ്പിക്കാറുണ്ട്. പുണ്യങ്ങളും നിന്ദ്യങ്ങളും നിര്‍മിക്കുന്നത് പക്ഷെ മനുഷ്യര്‍ തന്നെയാണ്. മനുഷ്യകര്‍മങ്ങള്‍ പൈശാചികമാകുമ്പോള്‍, നിന്ദ്യങ്ങള്‍ പെരുകുമ്പോള്‍ ജീവകാലം മുഴുവന്‍ പേക്കോലമാവും. കാലത്തെ പൂക്കാലമാക്കുന്നതും പേക്കോലമാക്കുന്നതും മനുഷ്യകര്‍മങ്ങളാണെന്നര്‍ഥം.

         മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന അനുഷ്ടാനകാലം പ്രയോജനപ്പെടുത്തുന്നവരെ സംബന്ധിച്ചെടുത്തോളം സ്വപ്നസദൃശമായ അനുഭവം തന്നെയാണ് റമദാന്‍. സ്വര്‍ഗം ഒരു നവോഡയെ പോലെ നോമ്പുകാരന് വേണ്ടി ഒരുങ്ങിനില്‍ക്കുന്നു. അതിന്റെ റയ്യാന്‍ എന്ന കവാടം നോമ്പുകാര്‍ക്ക് മാത്രമുള്ളതാണ്. ഇഹലോകത്താകട്ടെ വിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷമായ ഈദുല്‍ഫിത്വര്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്കുള്ള പ്രപഞ്ചനാഥന്റെ സമ്മാനവുമാണ്.

          അതുകൊണ്ട് നോമ്പിന്റെ പവിത്രത കാത്തുസൂക്ഷിക്കുക. അതിന്റെ ആത്മാവ് കെട്ടുപോകാതെ കാത്തുസൂക്ഷിക്കുകയും ജ്വലിപ്പിച്ചു നിര്‍ത്തുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

Tuesday, August 9, 2011

റെയില്‍വെ ട്രാക്കില്‍ വീണ്ടും രക്തക്കറ


          ഓച്ചിറ റെയില്‍വെ സ്റ്റേഷനു സമീപം കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് മൂന്നു ബംഗാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം അടുത്ത കാലത്തായി നാം നേരിട്ടുകൊണ്ടിരിക്കുന്ന കലികാലക്കാഴ്ചകളില്‍ അവസാനത്തേതാണ്. മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് ലെവല്‍ക്രോസിംഗ് കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നതറിയാതെ വാന്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം. കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസിംഗുകള്‍ വലിയ ഭീഷണിയായി മാറിയിട്ടും റെയില്‍വെ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന് മറ്റൊരു ഉദാഹരണമാണ്  ഓച്ചിറ ദുരന്തം.

          എന്നാല്‍ വാന്‍ ഡ്രൈവറുടെ അശ്രദ്ധയും ഈ അപകടത്തില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. മാവേലി എക്‌സ്പ്രസിനായി അവിടുത്തെ ലെവല്‍ ക്രോസിംഗ് അടച്ചിരുന്നു. അതുകൊണ്ട് കൊറ്റമ്പിള്ളി വഴി വാന്‍ തിരിച്ചുവിട്ടു. തലക്കുഴി ലെവല്‍ ക്രോസിംഗ് അടച്ചപ്പോള്‍ തന്നെ ട്രെയിന്‍ വരുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതു ശ്രദ്ധിക്കാതെ കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസിംഗിലൂടെ മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണം. കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസില്‍ നിരവധി അപകടങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ അധികൃതരും ഈ സംഭവത്തില്‍ കൂട്ടുപ്രതി തന്നെ.

          ഓച്ചിറ സംഭവം ഭീതിപരത്തിയ സംസ്ഥാനത്ത് 115 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഉണ്ടെന്നാണ് കണക്ക്. അപകടങ്ങളുടെ മുള്‍മുനയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംതോറും കടന്നുപോകുന്നത്. റെയില്‍വെ ട്രാക്കില്‍ രക്തക്കറ പുരളുമ്പോള്‍ മാത്രം ഇനി മുന്‍കരുതലെന്ന പ്രഖ്യാപനം നടത്തി പതിവുപോലെ റെയില്‍വെ അധികൃതര്‍ കൈകഴുകുന്നു. അപകടം തുടര്‍ക്കഥയാകുമ്പോഴും റെയില്‍വെയുടെ നടപടികള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നു. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ലെവല്‍ ക്രോസുകളിലും ആളില്ലാത്തത്. പരിശീലനം പൂര്‍ത്തിയാക്കിയ 26 പേരെ സപ്തമ്പര്‍ ആദ്യത്തില്‍ ആലപ്പുഴ ജില്ലയിലെ ആളില്ലാ ലെവല്‍ക്രോസുകളില്‍ നിയമിക്കുമെന്നാണ് റെയില്‍വെ ഇപ്പോള്‍ പറയുന്നത്. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ 44 ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ 20 എണ്ണത്തില്‍ ഗെയിറ്റുകള്‍ നിര്‍മിച്ച് കാവല്‍ക്കാരെ നിയമിക്കുമെന്ന് സംഭവത്തിനു ശേഷം കേന്ദ്രമന്ത്രികൂടിയായ കെ സി വേണുഗോപാല്‍ പറയുന്നു. ഈ പ്രഖ്യാപനം സന്തോഷകരമാണെങ്കിലും ആലപ്പുഴക്ക് പുറത്ത് രാജ്യത്ത് ഇതുപോലുള്ള ലെവല്‍ ക്രോസുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് റെയില്‍വെ മന്ത്രാലയും ശുഷ്‌ക്കാന്തി കാണിക്കുന്നില്ല.

          ഇന്ത്യയിലാകെ 32694 ലെവല്‍ക്രോസിംഗുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 14800ലും കാവല്‍ക്കാരില്ല. ഇന്ത്യന്‍ റെയില്‍വെ അന്താരാഷ്ട്ര തലത്തില്‍ കാര്‍ക്ഷമതക്ക് പേരു കേട്ടതാണെങ്കിലും  ഇവിടുത്തെ സ്ഥിതി നമുക്കല്ലേ അറിയൂ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനകം നിരവധി അപകടങ്ങള്‍ ഉണ്ടായി. 2015 ഓടെ രാജ്യത്തെ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളിലെല്ലാം ആളെ നിയമിക്കുമെന്നാണ് റെയില്‍വെ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് യാഥാര്‍ഥ്യമാക്കാനുള്ള നടപടി എവിടെ വരെ എത്തിയെന്ന് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും വ്യക്തമാക്കണം.

          തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിലായി 2690 കാവല്‍ ജീവനക്കാരുടെ ഒഴിവുകളുണ്ട്. രാത്രിയില്‍ ട്രാക്ക് പരിശോധിക്കേണ്ട ട്രാക്ക്മാന്‍മാര്‍ ഉള്‍പ്പെടുന്ന എഞ്ചിനീയറിംഗ് വിഭാഗത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 800 ഒഴിവുകളുണ്ട്. ഇതിനു പുറമെ 400 തസ്തിക സൃഷ്ടിക്കാനുമുണ്ട്. ജീവനക്കാര്‍ ഉണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിയമം കര്‍ശനമായി പാലിക്കപ്പെടുന്നില്ല. ലെവല്‍ക്രോസുകളില്‍ ഗെയ്റ്റ് അടക്കുന്നതിനു മുമ്പായി മുന്നറിയിപ്പ് ബെല്‍ അടിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഭൂരിഭാഗം ലെവല്‍ക്രോസുകളിലും ഇപ്പോള്‍ മണിയടിയില്ല. ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ തേജസ്വനി വനിതാ സ്‌ക്വാഡിനെ കഴിഞ്ഞ മാസം റെയില്‍വെ പിന്‍വലിക്കുകയുണ്ടായി. അവരെ ടിക്കറ്റ് എക്‌സാമിനര്‍മാരായി സ്‌ളീപ്പര്‍ കോച്ചുകളില്‍ നിയമിച്ചിരിക്കുന്നു.

          മമതാ ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയായി പോയതിനു ശേഷം പ്രധാനമന്ത്രി തന്നെയാണ് റെയില്‍വെ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. എന്നിട്ടും തീവണ്ടി അപകടങ്ങള്‍ക്കോ ലെവല്‍ ക്രോസിംഗ് ദുരന്തങ്ങള്‍ക്കോ കുറവൊന്നുമില്ല. തീവണ്ടിയാത്രക്കാരുടെ സുരക്ഷയും ഇപ്പോള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. സ്ത്രീകള്‍ യാത്രക്കിടയില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും കയ്യും കണക്കുമില്ല. കൊള്ളയും പിടിച്ചുപറിയും മോഷണവുമെല്ലാം ട്രെയിനുകളില്‍ നിര്‍ബാധം അരങ്ങേറുന്നു. കൂടുതല്‍ സുരക്ഷതേടി തീവണ്ടികളെ ആശ്രയിക്കുന്നവര്‍ ഇപ്പോള്‍ ശരിക്കും ഭീതിയിലാണ്.

          ഇതിനു പുറമെയാണ് ലെവല്‍ ക്രോസിംഗുകളില്‍ കാവല്‍ക്കാരെ നിശ്ചയിക്കാത്തതു മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍. അതുകൊണ്ട് തീവണ്ടിയാത്ര സുഗമവും സുരക്ഷിതപൂര്‍ണവുമാക്കുന്നതിനും ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിശ്ചയിക്കുന്നതിനും സത്വര നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളേണ്ടിയിരിക്കുന്നു.

Monday, August 1, 2011

വി എസ് ലക്ഷ്യമിടുന്നത് എന്ത്?


          നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും നേരിട്ട തോല്‍വി സി പി എമ്മിനെ സംബന്ധിച്ചെടുത്തോളം വിഭാഗീയ ചിന്തകളെ തണുപ്പിക്കാന്‍ ധാരാളം മതി. പരസ്പര വൈരം മറന്ന് തെറ്റുകള്‍ തിരുത്തി പൂര്‍വാധികം കെട്ടുറപ്പോടെ പോകണമെന്ന സന്ദേശവും കേരളത്തിലെ ജനവിധിയില്‍  ഒളിഞ്ഞിരിപ്പുണ്ട്. രാഷ്ട്രീയ സദാചാരത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി നേതൃത്വം അത് തിരിച്ചറിയുമായിരുന്നു. ജനിതക പൈതൃകമായി കിട്ടിയ വിഭാഗീയത പാര്‍ട്ടിയെ ഇന്നും ശക്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒരു ഇടവേളക്ക് ശേഷം വി എസ് അച്ചുതാനന്ദനും പാര്‍ട്ടിയും അതും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ വീണ്ടും കൊമ്പുകോര്‍ക്കുകയാണ്. പരസ്പരമുള്ള ഒളിയമ്പുകള്‍ക്ക് പകരം നേര്‍ക്കുനേര്‍ പോരാട്ടം കുറിച്ചുവോ എന്ന് സംശയിക്കണം. വി എസിനെതിരെ പഴയതുപോലെ നീങ്ങാന്‍ ഔദ്യോഗികപക്ഷത്തിന് എന്തായാലും കഴിയില്ല.

          നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തനിക്കനുകൂലമായി നടന്ന പ്രകടനങ്ങളെ ന്യായീകരിച്ച് വി എസ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. പതിവിന് വിപരീതമായി വി എസിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രസ്തവാന.  പ്രതിഷേധപ്രകടനം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന വി എസിന്റെ പ്രസ്താവനയെയാണ്  സെക്രട്ടരിയേറ്റ് ചോദ്യംചെയ്തത്. അന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങളെ  സി പി എം കേന്ദ്രകമ്മിറ്റി ശരിവെച്ചിരുന്നുവെന്നും ശരിയായ കാര്യത്തിനു വേണ്ടിയാണ്  പ്രകടനം നടത്തിയതെന്നുമാണ് വി എസിന്റെ വാദം. ചിലയിടങ്ങളില്‍ പ്രാദേശികനേതാക്കള്‍ തന്നെ ഇത്തരം പ്രകടനങ്ങള്‍ക്ക് നേതൃത്വവും നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ വി എസിന് സീറ്റില്ലെന്ന് വന്നപ്പോഴായിരുന്നു  ഈ പ്രകടനങ്ങള്‍
.
             വി എസിന്റെ നിലപാടിനെ സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും പരാതി കേന്ദ്രനേതൃത്വത്തിന്റെ മുമ്പിലെത്തുമ്പോള്‍ എന്താകും തീര്‍പ്പ് എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കനിഞ്ഞത് കേന്ദ്ര നേതൃത്വമായിരുന്നുവല്ലോ. അതാണ് സി പി എമ്മിനെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തിയതെന്നും നേതൃത്വത്തിന് ബോധ്യവുമുണ്ട്.  മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുവന്ന വി എസിന്  പോളിറ്റുബ്യൂറോ അംഗത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇനി ഒന്നും നഷ്ടപ്പെടാനുമില്ല. പാര്‍ട്ടി നേതൃത്വത്തിനാവട്ടെ തെരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞ സാഹചര്യത്തില്‍  തല്‍ക്കാലം ആശങ്കകളുമില്ല. എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍  പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കേണ്ടതുണ്ട്.  അതുകൊണ്ട് മുന്‍ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും വരാനിരിക്കുന്ന സമ്മേളനങ്ങളെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വി എസിന്റെ  പാര്‍ട്ടിയില്‍നിന്നും  പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട് സന്ദര്‍ശനം. വിലക്ക് മറികടന്ന് അദ്ദേഹം പഴയ സഖാവിനെ ചെന്നുകണ്ടു. പാര്‍ട്ടിയുടെ നെടുങ്കോട്ടയായ കണ്ണൂരില്‍ അത്തരമൊരു സംഭവം ഓദ്യോഗികപക്ഷത്തെ സംബന്ധിച്ചെടുത്തോളം വലിയൊരു ആഘാതം തന്നെയാണ്.

          പരസ്പരം വിഴുങ്ങാന്‍ ഇരുപക്ഷങ്ങളും തയാറെടുക്കുകയാണെന്നും സി പി എം തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കത്താണെന്നുമൊക്കെയുള്ള പ്രചാരണം പക്ഷെ രാഷ്ട്രീയപ്രേരിതം മാത്രമാണ്. വി എസ്  പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ദീര്‍ഘകാലം തന്നോടൊപ്പം പ്രവര്‍ത്തിച്ച കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെ പര്യടനവേളയില്‍ സന്ദര്‍ശിച്ചത് വലിയ പാതകമായി കണ്ട് വിലക്കിയത് എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയാലും നീതീകരിക്കാനാവില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കുന്ന പഴയ രാഷ്ട്രീയശൈലിയോട്  പുതുതലമുറ യോജിക്കുമെന്നു തോന്നുന്നില്ല. മാത്രമല്ല പുറത്താക്കപ്പെടുന്നവര്‍ എം എല്‍ എമാരായും മന്ത്രിമാരായും പ്രസ്ഥാനത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും അവര്‍ കാണുന്നു.

           അച്ചടക്കനടപടിയെകുറിച്ച് വി എസിന്റെ പ്രസ്താവനയും വിലക്ക് ലംഘിച്ച് ബര്‍ലിന്റെ വീട്ടില്‍ പോയതും പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് തൃശൂരില്‍ പറഞ്ഞ പി ബി അംഗം രാമചന്ദ്രന്‍പിള്ള പിന്നീട്   നിലപാട് മാറ്റിയതും ശ്രദ്ധേയമാണ്. കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്യാത്ത ഒരു വിഷയത്തില്‍ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്.

           കഴിഞ്ഞ അഞ്ചുവര്‍ഷം പാര്‍ട്ടിയില്‍ നിലനിന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍  വി എസിന് എതിരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതല്ല അവസ്ഥ. നിയമസഭാ തെരഞ്ഞെടുപ്പോടെ സ്ഥിതി ആകെ മാറിയിരിക്കുന്നു. ലോകസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തോടെ സംഘടനാശേഷി തകര്‍ന്ന സി പി എമ്മിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുജീവന്‍ നല്‍കിയത് സത്യത്തില്‍ വി എസ് ആയിരുന്നു. ഇതോടെ ഔദ്യോഗികപക്ഷ ബലാബലത്തില്‍ തന്നെ നിര്‍ണായകമായ മാറ്റമുണ്ടായി. തെരഞ്ഞെടുപ്പിലെ ഫോട്ടോ ഫിനിഷും കൂടിയായതോടെ പാര്‍ട്ടിയിലും പൊതുസമൂഹത്തിലും വി എസ് സ്വീകാര്യനാവുകയും സംസ്ഥാന നേതൃത്വം പ്രതിരോധത്തിലാവുകയും ചെയ്തു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ വി എസ് പരസ്യമായി രംഗത്തുവന്നതും ഈ സാഹചര്യത്തിന്റെ ബലത്തിലായിരിക്കണം. എന്തായാലും വി എസിനെ മാറ്റിനിര്‍ത്തി സി പി എമ്മിന് കേരളത്തില്‍ മുമ്പോട്ടുപോകാനാവില്ലെന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍  എത്രയും നേരത്തെ ഈ സത്യം തിരിച്ചറിയുന്നുവോ അത്രയും നല്ലത്.
Related Posts Plugin for WordPress, Blogger...