Tuesday, March 15, 2011

സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇടതുമുന്നണി


          ഇടതുമുന്നണി നേതാക്കള്‍ക്ക് ആശ്വസിക്കാം. അവരുടെ പ്രവര്‍ത്തകര്‍ക്ക് ആഹ്‌ളാദിക്കുകയുമാവാം. നോമിനേഷന്‍ കൊടുക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സീറ്റുവിഭജനം എതിര്‍പ്പുകളില്ലാതെ പൂര്‍ത്തിയാക്കുന്നതില്‍ എല്‍ ഡി എഫ് പ്രത്യുല്‍പന്നമതിത്വം പ്രകടിപ്പിച്ചിരിക്കുന്നു. എട്ട് സ്വതന്ത്രന്മാരുള്‍പ്പെടെ 93 സീറ്റുകളില്‍ സി പി എം തന്നെ മത്സരിക്കുമെന്ന് ധാരണയായി. സി പി ഐക്ക് 27 സീറ്റുകളില്‍ മാറ്റുരയ്ക്കാം. ജനതാദള്‍ എസിന് അഞ്ചുസീറ്റും ആര്‍ എസ് പിക്കും എന്‍ സി പിക്കും നാല് സീറ്റുകള്‍ വീതവും അനുവദിച്ചു.  ഐ എന്‍ എല്ലിനും പി സി തോമസ് വിഭാഗം കേരളാകോണ്‍ഗ്രസിനും മൂന്നുവീതം സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് എസിനും  ഒരു സീറ്റ് നല്‍കി.

          കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് സി പി എം സ്വതന്ത്ര  സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ഈ മാസം 18നകം എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നംപിഴക്കാത്ത ചുവടുവെപ്പുനടത്താന്‍ മുന്നണിക്ക് സാധിച്ചുവെന്ന് വ്യക്തം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണിക്ക് ഇത്തവണ ആരോഗ്യം നന്നേ കുറയും. ജോസഫ് കേരളാ കോണ്‍ഗ്രസും വീരന്റെ ജനതാദളും ഐ എന്‍ എല്ലിലെ ഒരു വിഭാഗവും പി സി ജോര്‍ജും ഇത്തവണ ഇടതുമുന്നണിക്കൊപ്പമില്ല. മഞ്ഞളാംകുഴി അലിയും സലാമുമുള്‍പ്പെടെ പലരും കൂടൊഴിഞ്ഞുപോയി. ഫലത്തില്‍ സി പി ഐയും സി പി എമ്മും മാത്രമാണ് മുന്നണി. ഇത്തവണ അധികാരം വിട്ടൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോഴാണ്് ഐസ്‌ക്രീം കേസും  ഇടമലയാര്‍ വിധിയും തുണയായി എത്തിയത്. അതോടെ എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് ചിറക്മുളക്കുകയും ചെയ്തു.
          ഇങ്ങനെയൊക്കെയാണെങ്കിലും യു ഡി എഫില്‍ അവകാശത്തര്‍ക്കങ്ങളുടെ അലയൊലി അടുത്തൊന്നും കെട്ടടങ്ങുന്ന ലക്ഷണമില്ല. ഘടകകക്ഷികളുടെ പെരുക്കവും ഗ്രൂപ്പുകളുടെ മല്‍പിടുത്തവും മൂലം ഒരു തീരുമാനമെടുക്കാന്‍ അതിന്റെ നേതൃത്വം പെടാപാട് പെടുകയാണ്. കെ ആര്‍ ഗൗരിയമ്മയുടെ പിണക്കം തന്നെ മാറിയിട്ടില്ല.  കെ എം മാണി 18 സീറ്റെങ്കിലും കിട്ടാതെ പിന്‍മാറില്ലെന്ന വാശിയിലാണ്. ജനതാദളാകട്ടെ യു ഡി എഫ് വെച്ചുനീട്ടിയ എട്ട് സീറ്റുകൊണ്ട് തൃപ്തരല്ല. ലീഗ് പരമാവധി വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല സീറ്റുതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അക്ഷീണയത്‌നത്തിലുമാണ്. എങ്കിലും അനുവദിച്ച് കിട്ടിയ സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍  ആ പാര്‍ട്ടിയിലുമുണ്ട് ആവശ്യത്തിലേറെ  തര്‍ക്കങ്ങള്‍. രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു  സി രാമനെ മാറ്റി എം എസ് എഫ് പ്രസിഡണ്ടിനെയോ മണ്ഡലം ലീഗ് സെക്രട്ടറിയെയോ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പോലും പതിച്ചതായാണ് റിപ്പോര്‍ട്ട്.. അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ഥിയെ കുറിച്ചും വിമര്‍ശനം ശക്തമാണ്. മലപ്പുറം ജില്ലയിലും ചില സ്ഥാനാര്‍ഥികള്‍ക്കെതിരെ പരാതികളുണ്ട്. എന്നാല്‍ അവസാനം എല്ലാം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് പാര്‍ടി നേതൃത്വം.

          പാര്‍ടിക്കും മുന്നണിക്കും ഒഴിച്ചുകൂടാത്തവരെ ഇത്തവണയും മത്സരത്തിനിറക്കേണ്ടിവരുമെന്ന വാദം ഉയരുമ്പോഴും രണ്ടോ മൂന്നോ തവണ എം എല്‍ എയും മന്ത്രിയുമായിരുന്നവരെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവും എല്ലാ പാര്‍ടിയിലും ഇപ്പോഴും വളരെ ശക്തമാണ്. ജനങ്ങളുടെ പൊതുവികാരമാണത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സശ്രദ്ധം വീക്ഷിക്കുന്ന കാര്യവും ഇതുതന്നെ. മൂന്നും നാലും പതിറ്റാണ്ട് തുടര്‍ച്ചയായി മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചവര്‍ സ്വമേധയാ മാറിക്കൊടുക്കുന്നതാവും നല്ലത്. തറവാട് സ്വത്ത്‌പോലെ മണ്ഡലങ്ങള്‍ കൈവശം വെക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്. അവരുടെ  പാദസേവകര്‍ക്കേ സീറ്റുകളും അനുവദിക്കൂ. അതുകൊണ്ട് ജനവികാരം ഉയര്‍ത്തിക്കാട്ടി കഴിവും പ്രാപ്തിയുമുള്ളവര്‍ക്കും യുവാക്കള്‍ക്കും അവസരം അനുവദിക്കണമെന്ന് ഉറക്കെ പറയാന്‍ അധികമാളുകള്‍ ഒരു കക്ഷിയിലും ഉണ്ടാവാറില്ല.

          പുരോഗമനവാദികളെന്നും പ്രബുദ്ധരെന്നുമുള്ള മലയാളിയുടെ അവകാശവാദങ്ങളൊക്കെ പൊള്ളയായിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വളര്‍ച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനശക്തിയായി ഭരണകൂടം മാറണമെന്ന നിര്‍ബന്ധം പിടിക്കുന്നവരുടെ എണ്ണം ഇപ്പോഴും ഗണ്യമായി ഉയര്‍ന്നിട്ടില്ല. ജനങ്ങളുടെ വികാരമറിയാനും അവരെ ഗുണപരമായി സ്വാധീനിക്കാനും താല്‍പര്യമുള്ള രാഷ്ട്രീയനേതാക്കളുടെ വംശവും അന്യംനിന്ന് തുടങ്ങിയിരിക്കുന്നു. വളരെ ചെറിയ തോതിലാണെങ്കിലും സജീവ രാഷ്ട്രീയക്കാരല്ലാത്തവരില്‍ നിന്നാണ് അല്പമെങ്കിലും ആശ്വാസത്തിന് വകയുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നത്.

          കരകാണാതെ തുഴയുകയാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷവും. അതു യഥോചിതം തിരിച്ചറിയാന്‍ ഒരു പാര്‍ട്ടി നേതൃത്വത്തിനും സമയമില്ലെന്നാണ് സീറ്റ് വീതംവെപ്പിന്റെ സ്വഭാവം വ്യക്തമാക്കുന്നത്. മണ്ഡലങ്ങള്‍ മത്സരിക്കാന്‍ പതിച്ചുനല്‍കുമ്പോള്‍ മണ്ഡലത്തിന്റെ വികസനത്തിനും  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. സ്ഥാനാര്‍ഥികളുടെ വ്യക്തിശുദ്ധി പരമാവധി പരിഗണിക്കുകയും വേണം. അധാര്‍മികതയുടെയും അഴിമതിയുടെയും ദുര്‍ഗന്ധം പേറുന്നവരെ ഒരു കാരണവശാലും നിയമസഭയിലെത്തിക്കുകയില്ലെന്ന് ബന്ധപ്പെട്ട നേതൃത്വം ദൃഢപ്രതിജ്ഞയെടുക്കുകയും വേണം. 

Thursday, March 10, 2011

അര്‍ഹിക്കുന്നവര്‍ക്ക് അവസരം നല്‍കണം

          തെരഞ്ഞെടുപ്പ് അടുക്കുന്തോറും എല്ലാ പാര്‍ട്ടികളെയും കാത്തിരിക്കുന്നത് രൂക്ഷമായ പ്രശ്‌നങ്ങളാണ്. നേതാക്കള്‍ക്കെല്ലാം ഇത്തവണയും ഒരുകൈ നോക്കണമെന്നുണ്ട്. ഗ്രൂപ്പുകാര്‍ക്കും പറ്റുമെങ്കില്‍ മക്കള്‍ക്കും പരമാവധി അവസരമൊരുക്കണമെന്ന വ്യാമോഹവുമുണ്ട്. യു ഡി എഫിലും എല്‍ ഡി എഫിലും മാത്രമല്ല ജയിച്ചാല്‍ കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് ഉറപ്പുള്ളവരുടെ അവസ്ഥയും ഇതില്‍നിന്ന് ഭിന്നമാണെന്ന് കരുതേണ്ട. സീറ്റ് വിഭജനം തന്നെ ഇതുവരെ എവിടെയും എത്തിയിട്ടില്ല. അത് കഴിഞ്ഞാല്‍ പിന്നെ പോഷകഘടകങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഊഴമാണ്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമെല്ലാം അര്‍ഹിക്കുന്ന പരിഗണന നല്‍കണം. ഇതിനിടയില്‍ വേണം ശത്രുക്കളെ ഒതുക്കാന്‍. അത് പാര്‍ട്ടികകത്തായാലും പുറത്തായാലും. ശത്രുക്കളധികവും ഇപ്പോള്‍ പാര്‍ടിക്കകത്ത് തന്നെയാണല്ലോ.

          മുപ്പതും നാല്പതും വര്‍ഷമായി മണ്ഡലങ്ങള്‍ കുത്തകയാക്കിവെച്ചവര്‍ എല്ലാ പാര്‍ടികളിലുമുണ്ട്. കോണ്‍ഗ്രസിലാണധികം. മരിച്ച് പിരിയുന്നത് വരെ സീറ്റ് ഒഴിഞ്ഞുകൊടുക്കില്ലെന്ന് വാശിപിടിക്കുന്നവരുടെ എണ്ണം നിസ്സാരമല്ല. മന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മറ്റുമായി നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി അച്ചുതാനന്ദനും കെ എം മാണിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ശ്രദ്ധേയമായി തോന്നി. ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂരും കെ സി ജോസോഫും കെ ബാബുവുമെല്ലാം ദശാബ്ദങ്ങളായി നിയമസഭയില്‍ അടയിരിക്കുന്നു. പുതിയ തലമുറയില്‍ കഴിവും പ്രാപ്തിയുമുള്ളവര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ ഇവരൊക്കെ മാറിക്കൊടുക്കുകയാണ് വേണ്ടത്. പൊതുജന സേവനവും രാഷ്ടീയപ്രവര്‍ത്തനവും തുടരാന്‍ നിയമസഭയും പാര്‍ലമെന്റും തന്നെ വേണമെന്നില്ലല്ലോ.

          ജനാധിപത്യത്തിന് തിളക്കം ലഭിക്കണമെങ്കില്‍ പുതുതലമുറകള്‍ കടന്നുവരണം. പുതിയ സ്വരത്തിനും ശൈലിക്കുമായി കേരളജനത കാത്തിരിക്കുകയാണ്. ഭരണമാറ്റം എന്നാല്‍ ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരിക എന്നത് മാത്രമല്ല. കഴുത്തുവരെ അഴുക്ക് വെള്ളത്തില്‍ മുങ്ങിയവരെ നിയമനിര്‍മാണ സഭയിലേക്കല്ല അയക്കേണ്ടത്. അവര്‍ക്ക് നല്ലത് പൂജപ്പൂരയും വിയ്യൂരുമൊക്കെയാണ്. കളങ്കിതരെ അവര്‍ ഏത് പാര്‍ടിയില്‍ പെട്ടവരായാലും ദയനീയമായി പരാജയപ്പെടുത്തുമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണം. ഇനിയെങ്കിലും ആരോഗ്യകരമായി ചിന്തിക്കാന്‍ നമുക്ക് കഴിയണം. അഴിമതിയിലൂടെ കോടികള്‍ കൊയ്യാനും അധികാര ദുര്‍വിനിയോഗം നടത്താനും തീരുമാനിച്ചുറച്ചവരെ കുഞ്ചികസ്ഥാനങ്ങളില്‍ കുടിയിരുത്തിയതിന്റെ തിക്തഫലമാണ് രാജ്യം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

          140 ല്‍ പകുതി സീറ്റ് തങ്ങള്‍ക്ക് അനുവദിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തല നരച്ചവര്‍ മാറിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചവരുടെയും അവര്‍  വഹിച്ച പദവികളുടെയും പട്ടിക തന്നെ യൂത്ത്‌കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. സി പി എമ്മിനെ സംബന്ധിച്ചെടുത്തോളം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നാണ് അവകാശവാദം. അതില്‍ ശരിയുണ്ട് താനും.  മറിച്ചാണ് അവസ്ഥയെന്ന് വല്ലവരും കരുതിയാല്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസുകാരെ പോലെ അവകാശവാദം ഉന്നയിക്കാന്‍ കര്‍ശനമായ പാര്‍ടി അച്ചടക്കം യൂത്തന്മാരെ അനുവദിക്കുകയുമില്ല.

          ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നത് നിഷേധിക്കാനാവില്ല. സംവരണസീറ്റില്‍ മാത്രമേ  ഈ  വിഭാഗങ്ങള്‍ പരിഗണിക്കപ്പെടാറുള്ളൂ. സ്ത്രീകളുടെ കാര്യത്തില്‍ കടുത്ത വിവേചനം നടക്കുന്നുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ അനുവദിച്ചതോടെ അവര്‍ക്കിടയില്‍ വലിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. നിയമസഭയില്‍ മലപ്പുറത്ത് നിന്നും സ്ത്രീ പ്രാതിനിധ്യം ഇനിയെങ്കിലും  ഉണ്ടാവേണ്ടതുണ്ട്. ഇതുവരെ അവിടെനിന്ന് ഒരു വനിതാ അംഗം തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

           കഴിവും പ്രാപ്തിയും നാടിനോടും നാട്ടാരോടും പ്രതിബദ്ധതയുമുള്ളവരാണ് നമുക്കാവശ്യം. നിയമസഭയില്‍ നിരവധി വര്‍ഷങ്ങളായി ഗൗരവതരമായ ചര്‍ച്ചകള്‍പോലും നടക്കാറില്ല. സാക്ഷര കേരളത്തിന് നാണക്കേടാണിത്. അസംബ്‌ളി ബഹിഷ്‌ക്കരമാണ് പ്രതിപക്ഷത്തിന് പഥ്യം. അതൊരു ശീലമായി വളര്‍ന്നിരിക്കുന്നു. രണ്ടു മുന്നണികളിലും ഈ പ്രവണത കലശലാണെന്ന് കാണാം. അതുകൊണ്ട് പുതിയ അംഗങ്ങള്‍ക്ക് വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോവുകയാണ്. പ്രഗത്ഭരെന്ന് പറയാന്‍ വിരലിലെണ്ണാവുന്നവരേ കേരള നിയമസഭയിലുള്ളൂ. അതുകൊണ്ടാണ് നിയമസഭാ പ്രവര്‍ത്തനം വളരെ ശുഷ്‌ക്കമായി പോകുന്നത്. പാര്‍ലമെന്റും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്. 2ജി സ്‌പെക്ട്രം അഴമതി അന്വേഷിക്കാന്‍ ജെ പി സി രൂപീകരിക്കാത്തതിനെതിരെ ആഴ്ചകളോളമാണ് ലോകസഭയും രാജ്യസഭയും സ്തംഭിച്ചത്. കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. തങ്ങളുടെ ശമ്പളവും ബത്തയും മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ട കാര്യത്തില്‍ മാത്രമാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും കൈകോര്‍ത്തത് എന്നോര്‍ക്കുക. 

Wednesday, March 2, 2011

ഗോധ്ര: വിധി ഏകപക്ഷീയം

          പ്രമാദമായ ഗോധ്ര തീവണ്ടി ദുരന്തക്കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും  വിധിച്ച അഹമ്മദബാദ് പ്രത്യേക കോടതിയുടെ നടപടി, ഭീതിവിതറി രാജ്യത്തെ കശക്കിയെറിയാന്‍ കച്ചമുറുക്കിയവരെ ആഹ്‌ളാദിപ്പിക്കാന്‍ പോന്നതാണ്. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാലാണ് വധശിക്ഷ വിധിക്കുന്നതെന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി പി ആര്‍ പട്ടേലിന്റെ നിഗമനം. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് വംശഹത്യക്ക് തൊട്ടുമുമ്പ്, ഗോധ്രക്ക് സമീപം സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിന് തീവെച്ച സംഭവത്തില്‍ നടന്ന ഗൂഢാലോചനയും പ്രതികളുടെ സജീവ പങ്കാളിത്തവുമാണ് കോടതി പരിശോധിച്ചതെന്ന് പബ്‌ളിക് പ്രോസിക്യൂട്ടറും പറയുന്നു. 31 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നീതിനിയമ സംവിധാനം നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നില്ലെന്ന് മാത്രമല്ല സത്യസന്ധതയോടെ സംഭവത്തെ സമീപിക്കാന്‍പോലും കോടതി തയാറായില്ലെന്ന് ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്ന ആര്‍ക്കും അനായാസം ബോധ്യമാവും.

          ഗോധ്ര സംഭവത്തെ കുറിച്ച് അന്വേഷിച്ച  രണ്ട് കമ്മീഷനുകളും പരസ്പരവിരുദ്ധമായ കണ്ടെത്തലുകളാണ് നടത്തിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും തീപ്പിടുത്തം തീവണ്ടിക്കകത്തുനിന്ന് അപകടംമൂലം സംഭവിച്ചതാണെന്നുമായിരുന്നു കേന്ദ്ര റെയില്‍വെ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ അയോധ്യയില്‍നിന്ന് മടങ്ങിവരികയായിരുന്ന കര്‍സേവകരെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഗുജറാത്ത്   സര്‍ക്കാര്‍ നിയോഗിച്ച  നാനാവതി കമ്മീഷനും നിരീക്ഷിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജിമാരാണ് ഇരുവരും. അഗ്നിബാധയുണ്ടായത് കോച്ചിനകത്തുനിന്നാണെന്നതിന് ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ബാനര്‍ജി നിരത്തിയിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ഒരു കോച്ചിനകത്തേക്ക് പൊലീസ് പറയുന്നതുപോലെ 60 ലിറ്റര്‍ പെട്രോളൊഴിച്ച് തീകൊടുക്കുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കമ്പാര്‍ട്ടുമെന്റിന്റെ പുറത്ത് പെട്രോളിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ട്രെയിനിനകത്ത് വെന്തുമരിച്ചവരുടെ ശരീരത്തിലും പെട്രോളിന്റെ അംശം ഉണ്ടായിരുന്നില്ല.

          അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ ഗോധ്രക്ക് തൊട്ടുമുമ്പുള്ള റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതാണ് ഗോധ്രാ സംഭവത്തിന് വഴിവെച്ചതെന്നാണ്  ഇതുസംബന്ധിച്ച് പുറത്തുവന്ന അനൗദ്യോഗിക റിപ്പോര്‍ട്ട്. കര്‍സേവകരുടെ പെരുമാറ്റത്തില്‍ കുപിതരായ നാട്ടുകാര്‍ ഗോധ്ര സ്റ്റേഷനില്‍  ട്രെയിന്‍ തടഞ്ഞു. ഇതിനിടെ ട്രെയിനിനകത്ത് ഭക്ഷണം പാകംചെയ്യാന്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയില്‍ തീപടര്‍ന്നു. ഇതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സമാന സ്വഭാവമുള്ളതാണ് ജസ്റ്റിസ് ബാനര്‍ജിയുടെ കണ്ടെത്തലും. 

          ഗോധ്ര കേസില്‍ നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷമാണ് 63 പേരെ കുറ്റവിമുക്തരാക്കിയതും 31 പേരെ ശിക്ഷിച്ചതും. ഒമ്പതുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ഇവരില്‍ ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല. 63 നിരപരാധികള്‍ക്ക് മോചനം കിട്ടിയെന്നത് തീര്‍ച്ചയായും ആശ്വാസകരം തന്നെ. എന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ ഇത്രയും കാലം പീഡനങ്ങളേറ്റ് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടഇവര്‍ക്കും അതിന്റെ പേരില്‍ തോരാത്ത കണ്ണീര്‍ വാര്‍ക്കേണ്ടിവന്ന കുടുംബാംഗങ്ങള്‍ക്കും ആരാണ് നഷ്ടപരിഹാരം കൊടുക്കുക? അന്വേഷണ ഏജന്‍സികളുടെ പിടിപ്പുകേട് മൂലം ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്നയാളാണ് മൗലവി ഉമര്‍ജി. പ്രകൃതിദുരന്തം മൂലവും സംഘര്‍ഷ വേളകളിലും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഓടിയെത്തുന്ന  ഉമര്‍ജിയായിരുന്നു കേസിലെ മുഖ്യപ്രതി. 2002 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പൈയെ സന്ദര്‍ശിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. മാത്രമല്ല ഗോധ്ര സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ മതേതര കക്ഷികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതാണ് അദ്ദേഹത്തിന് തടവറ ഒരുക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. അബ്ദുന്നാസര്‍ മഅദനിയുടെ അനുഭവവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ലല്ലോ. നിരപരാധിയായ അദ്ദേഹവും ഒമ്പതുവര്‍ഷമാണ് കോയമ്പത്തൂര്‍ ജയിലില്‍ കഴിച്ചുകൂട്ടിയത്. വീണ്ടും മറ്റൊരു ജയില്‍വാസത്തിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും ചെയ്തിരിക്കുന്നു.

          കുറ്റക്കാരെന്ന് കണ്ടെത്തി 31 പേരെ ശിക്ഷിച്ച വിധിയില്‍ നിരവധി പഴുതുകളുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന നടന്നുവെന്ന് കോടതി തന്നെ അംഗീകരിക്കുന്നു.  ഇത് യുക്തിരഹിതമാണ്. ഗൂഢാലോചനയില്‍ മുഖ്യ പങ്കാളികളെന്ന് പൊലീസ് പറഞ്ഞവരില്‍ ഭൂരിഭാഗവും  കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഗൂഢാലോചന നടന്നുവെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കോടതി. മുഖ്യപ്രതിയുള്‍പ്പെടെ 63 പേരെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് കേസ് അന്വേഷിച്ച പ്രത്യേക സംഘം. 2008ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗോധ്ര, ഗുജറാത്ത് വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക  സംഘം ഏറ്റെടുത്തത്. ബാക്കി എട്ടു കേസുകളില്‍ അനവേഷണം തുടരുകയാണ്.  ഗോധ്രവിധിയെ ബി ജെ പി സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതാണ് കണ്ടത്. ഇത് ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ക്ക് കടുത്ത ക്ഷതമേല്‍പിക്കുക തന്നെ ചെയ്യും. ഗുജറാത്തില്‍ തുടര്‍ന്ന് അരങ്ങേറിയ വംശഹത്യയില്‍ 3000 ഓളം മുസ്‌ലിംകളാണ് വധിക്കപ്പെട്ടത്. ഗോധ്ര വിധിയുടെ പശ്ചാത്തലത്തില്‍ പ്രസ്തുത കേസുകളില്‍ എന്ത് ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. 

Tuesday, March 1, 2011

മമത ബംഗാളിനോടും കേരളത്തോടും


          വികസനവീഥിയില്‍ ഇത് മലയാളികളുടെ ജന്മപുണ്യം. കേന്ദ്ര റെയില്‍വെമന്ത്രി മമതാ ബാനര്‍ജി ബംഗാളിനോട് മാത്രമല്ല കേരളത്തോടും ആവോളം മമതയും സ്‌നേഹവും കാണിച്ചുവെന്ന് പറയാന്‍ അല്‍പവും ശങ്കിക്കേണ്ട. കഴിഞ്ഞ തവണയും കൂടുതല്‍ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവര്‍ ഇടം നല്‍കിയിരുന്നില്ല. നാവ് നനക്കാനുള്ള വെള്ളത്തുള്ളികള്‍ മാത്രം നല്‍കിപ്പോന്ന കാലമൊക്കെ കടങ്കഥയായി. കഴിഞ്ഞ മുന്ന് നാല് ബഡ്ജറ്റുകളിലാണ് കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കപ്പെട്ടത്. ഏററവും കൂടുതല്‍ പരിഗണനയാണ് ഇത്തവണ കിട്ടിയത് എന്നത് അതിശയോക്തിയല്ല. കേരളത്തില്‍ നിന്നുള്ള ആറു മന്ത്രിമാര്‍ക്കും  എം പിമാര്‍ക്കും മാത്രമല്ല സംസ്ഥാന സര്‍ക്കാരിനും  ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. വിശേഷിച്ചും ഇ അഹമ്മദ് സാഹിബിന്. നിലമ്പൂര്‍- തിരുവനന്തപുരം ലിങ്ക് യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

          എറണാകുളം-ബാംഗ്‌ളൂര്‍ എക്‌സ്പ്രസ്, മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ-കൊല്ലം മെമു, നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് ഉള്‍പ്പെടെ കേരളത്തിന് 12 ട്രെയിനുകളാണ് ഇത്തവണ  അനുവദിച്ചത്. സ്റ്റുഡന്റ് എക്‌സ്പ്രസിലും  വിവേകാനന്ദന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നാല് വിവേക എക്‌സ്പ്രസുകളിലും ഒരെണ്ണം വീതം കേരളത്തിനാണ്. കോട്ടയത്തും നേമത്തും തിരുവനന്തപുരത്തും പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കും. കണ്ണൂര്‍-മട്ടന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അഞ്ചു പുതിയ പാതകള്‍ക്ക് നിര്‍ദേശമുണ്ട്. ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന വാഗ്ദാനം ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു. ചില തടസ്സങ്ങള്‍ മൂലം വൈകുന്ന പാലക്കാട് കോച്ചു ഫാക്ടറി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനമാണ് ഏറെ ആഹ്‌ളാദകരം. അങ്കമാലി-ശബരിപാതക്ക് 83 കോടി രൂപ നീക്കിവെച്ചപ്പോള്‍ തിരുവനന്തപുരം-ഗുരുവായൂര്‍ പാതക്ക് 6.6 കോടിയും കൊച്ചുവേളിയിലെ രണ്ടാം ടെര്‍മിനലിന് 27 ലക്ഷവും വകയിരുത്തിയിരിക്കുന്നു. 442 ആദര്‍ശ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണം കേരളത്തിനാണ്. കഴിഞ്ഞ തവണ ഒമ്പതെണ്ണം കിട്ടിയിരുന്നു.

          കഴിഞ്ഞ പല ബഡ്ജറ്റുകളിലെന്ന പോലെ രണ്ടാം യു പി എ സര്‍ക്കാരിന്റെ മൂന്നാമത്തെ  റെയില്‍വെ ബജറ്റിലും യാത്രാനിരക്കും ചരക്കുകൂലിയും വര്‍ധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരം തന്നെയാണ്. മാത്രമല്ല ബുക്കിംഗ് നിരക്കുകള്‍ കുറക്കുകയും ചെയ്തു. റോഡുഗതാഗതം അടിക്കടിയുള്ള നിരക്ക് വര്‍ധനവ് മൂലം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളോട്  റെയില്‍വെമന്ത്രി കാണിച്ചത് ഉദാരമായ സമീപനമാണെന്നതില്‍ സംശയമില്ല. വിശേഷിച്ചും റെയില്‍വെ വകുപ്പ് തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍. ലാഭത്തിലോടിയ റെയില്‍ ഗതാഗതം എങ്ങനെ പ്രതിസന്ധിയിലായി എന്നതിന് ഇനിയും തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ലെന്നത് മറ്റൊരു കാര്യം.

          20,594 കോടിയുടെ വികസനപദ്ധതികള്‍ക്ക് ബജറ്റില്‍ നിര്‍ദേശമുണ്ട്. പാവപ്പെട്ടവര്‍ക്കായി  10000 അഭയകേന്ദ്രങ്ങള്‍, ട്രെയിന്‍യാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണന, ദരിദ്രര്‍ക്കായി ഷെല്‍ട്ടറുകള്‍, ഗാങ്മാരുടെയും മറ്റും മക്കള്‍ക്ക് ഉന്നത പഠനത്തിന് മാസംതോറും സ്‌കോളര്‍ഷിപ്പ്, റെയില്‍വെ ജോലിക്കാരുടെ മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ സൗജന്യങ്ങള്‍, തൊഴിലാളികളുടെമക്കള്‍ക്കായി ഹോസ്റ്റലുകള്‍ എന്നിവ എടുത്തുപറയണം. 1.75 ലക്ഷംപേരെയാണ് റെയില്‍വെ പുതുതായി നിശ്ചയിക്കാന്‍ പോകുന്നത്. ഇതില്‍ 16000 വിമുക്ത ഭടന്മാരും ഉള്‍പ്പെടും.അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോള്‍ റെയില്‍വെയുടെ വരുമാനം ഒരുലക്ഷം കോടി കടക്കുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.

          ഇതൊക്കെയാണെങ്കിലും സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനമായ ആവശ്യം- പ്രത്യേക സോണ്‍ അനുവദിക്കുന്നതിനെ കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശം പോലുമില്ലെന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. കേരളത്തിന്റെ റെയില്‍ ഗതാഗതം കാര്യക്ഷമവും കുറ്റമറ്റതുമാവണമെങ്കില്‍ ഈ സോണ്‍ കൂടിയേ തീരൂ. ഇതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന വാദം അംഗീകരിക്കാമെങ്കിലും അതിന് വേണ്ടി നമ്മുടെ എം പിമാരുടെകൂട്ടായ ശ്രമമാണ് ആവശ്യം. പാത ഇരട്ടിപ്പിക്കുന്നതിനെ കുറിച്ച് പുതിയ ബജറ്റില്‍ ഒരു വ്യക്തതയുമില്ല. വൈദ്യുതീകരണത്തെ കുറിച്ചും മന്ത്രി മൗനംപാലിച്ചിരിക്കുന്നു. ബാംഗ്‌ളൂര്‍ക്ക് പ്രതിദിന തീവണ്ടി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്ന ബാംഗ്‌ളൂരിലേക്ക് 500 ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ഓര്‍ക്കണം. സ്വകാര്യബസ്സ് ലോബിയുടെ സമ്മര്‍ദം ഈ അവഗണനക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കണം.

          ലഭിച്ച തീവണ്ടികള്‍ സമയബന്ധിതമായി ഓടിക്കാനും സംവിധാനമുണ്ടാവണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ബോഗികളെ കുറിച്ചുള്ള പരാതി. കേരളത്തിലോടുന്ന ട്രെയിനുകള്‍ക്ക് അനുവദിക്കുന്ന ബോഗികളിലധികവും പഴകിത്തുരുമ്പിച്ചതും കാലഹരണപ്പെട്ടതുമാണ്. പുതിയ ബോഗികള്‍ അനുവദിച്ചുകിട്ടാനുള്ള നടപടി എം പിമാരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ യഥോചിതം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും ജനപ്രതിനിധികളാണ്.

          2011-12 റെയില്‍വെ ഹരിതവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത് ഉചിതമായി.  തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും ഒരു ജനപ്രിയ ബജറ്റ് അവതരിപ്പിക്കുകയും അതില്‍ കേരളത്തെ പരമാവധി പരിഗണിക്കുകയും ചെയ്ത മമത യോട് മലയാളികളെല്ലാം കടപ്പെട്ടിരിക്കുന്നു.

Related Posts Plugin for WordPress, Blogger...