Friday, March 25, 2011

വനിതകള്‍ക്ക് അവഗണന


          വനിതാസംവരണ ബില്‍ നിയമമായില്ലെങ്കില്‍ ആര് വിചാരിച്ചാലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് കേരളത്തിലെ സ്ഥാനാര്‍ഥിപട്ടിക ഒരു പളുങ്കുപാത്രം പോലെ വ്യക്തമാക്കുന്നു. വനിതകള്‍ക്ക് വേണ്ടി ആര്‍ഭാടപൂര്‍വം വാചാലരാകുന്ന പാര്‍ടികളെല്ലാം കാര്യത്തോടടുക്കുമ്പോള്‍ വരച്ചുവെക്കുന്നത് കറുത്ത ചിത്രങ്ങള്‍ മാത്രമാണ്. 81 അംഗ കോണ്‍ഗ്രസ് പട്ടികയില്‍ വനിതകളുടെ സംഖ്യ ഏഴിനപ്പുറമെത്തിയില്ല. വൃന്ദാകാരാട്ടിന്റെ പാര്‍ടിയും സ്വതന്ത്രരും കൂടി 93 സീറ്റില്‍ മത്സരിക്കുന്നുണ്ട്. പക്ഷെ പെണ്‍ സഖാക്കള്‍ക്കായി അവരും നീക്കിവെച്ചത് കേവലം പത്തേ പത്ത് സീറ്റുകള്‍. 2006നെ അപേക്ഷിച്ച് പുരോഗതി അവകാശപ്പെടാമെന്ന് മാത്രം. അന്ന് എട്ടായിരുന്നു. 140 സീറ്റുള്ള നമ്മുടെ സഭയില്‍ വനിതാസംവരണം നടപ്പായാല്‍ എത്തേണ്ടത് 46 വനിതകളാണ്. എന്നാല്‍   2011ലും മത്സരരംഗത്തുപോലും നാമമാത്ര വനിതകളേ ഉള്ളൂ. എത്രമാത്രം വിരോധാഭാസമാണിത്.

          തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ചരിത്രംസൃഷ്ടിച്ച കേരളത്തിലാണ് യാതൊരു ധാര്‍മിക ന്യായീകരണങ്ങള്‍ക്കും പഴുതില്ലാത്തവിധമുള്ള ഈ അവഗണന. ഇടതുമുന്നണി പത്ത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കിയപ്പോള്‍ യു ഡി എഫ് അനുവദിച്ചത് കേവലം 5.7 ശതമാനം മാത്രമാണ്. വനിതകള്‍ക്ക് നിര്‍ബന്ധമായി പത്ത്‌സീറ്റ് നല്‍കണമെന്ന് സോണിയാഗാന്ധി നിര്‍ദേശിച്ചിട്ടും രക്ഷയുണ്ടായില്ല. അനുവദിച്ച സീറ്റുകളാകട്ടെ വിജയ സാധ്യത കുറഞ്ഞതും. ഏറെക്കുറെ എല്ലാവരും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.  കെ പി സി സിയിലെ ഏക ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി പ്രമുഖ വനിതാ താരങ്ങള്‍ക്കൊന്നും ഇടം ലഭിച്ചില്ല. കരുണാകരന്റെ മകള്‍ പത്മജയും പാലക്കാട്ടെ ശാന്താ ജയറാമും ചെങ്ങന്നൂരിലെ ശോഭനാ ജോര്‍ജും തിരുവനന്തപുരത്തെ ജയാ ഡാളിയും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചവരോ ഉറപ്പ് ലഭിച്ചവരോ ആയിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷം അവര്‍ മറച്ചുവെച്ചില്ല. ജയാ ഡാളിക്ക് ഇടതുപക്ഷം സീറ്റ് നല്‍കി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. 24സീറ്റില്‍ മാറ്റുരക്കുന്ന മുസ്‌ലിംലീഗും 15 സീറ്റില്‍ മത്സരിക്കുന്ന കേരളകോണ്‍ഗ്രസും സ്ത്രീകളെ നാലയലത്ത് പോലും അടുപ്പിച്ചില്ല. 110 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞപ്പോള്‍ ബി ജെ പി പ്രഖ്യാപിച്ച പട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിക്കുകയുണ്ടായി.

          എന്നാല്‍ ഇരുമുന്നണികളിലും നായകരെ നേരിടാന്‍ സ്ത്രീകള്‍ക്കാണ് അപ്രതീക്ഷിത നിയോഗം. മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയുമാണ് മഹിളകളുടെ മത്സരത്തിലൂടെ ശ്രദ്ധനേടാന്‍ പോകുന്നത്. പുതുപ്പള്ളിയില്‍ പ്രഫ.സുജസൂസന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. കോട്ടയം സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്ന ലതികാ സുഭാഷ് നിരാശയായി ദല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോഴാണ് മലമ്പുഴയില്‍ മത്സരിക്കാനുള്ള ഓഫര്‍ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി പി എം നിര്‍ത്തിയ സിന്ധുജോയിയും ഇത്തവണ പാര്‍ടി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയിരിക്കുന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ വൈസ്പ്രസിഡണ്ട് പദം വരെയെത്തിയ സിന്ധുവിന്  വനിതകളോട് സി പി എം കാണിക്കുന്ന വിവേചനത്തെ കുറിച്ചാണ് പരാതി.

          അരനൂറ്റാണ്ടിലേറെയായി നമ്മളീ മത്സരവും സീറ്റുകളുടെ പങ്കുവെപ്പുമൊക്കെ തുടങ്ങിയിട്ട്. ഇക്കാലയളവില്‍  സംസ്ഥാനം തെരഞ്ഞെടുത്ത് സഭയിലെത്തിച്ചത് വെറും 37 വനിതകളെ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ നമ്മളെക്കാള്‍ എത്രയോ ഭേദമാണ്. മാത്രമല്ല പല സംസ്ഥാനങ്ങളിലും രാഷ്ട്രീയനേതൃത്വത്തില്‍ അദ്വതീയ സ്ഥാനവും വനിതകളാണ് അലങ്കരിക്കുന്നതും. തമിള്‍നാട്ടില്‍ ജയലളിതയും ഉത്തരപ്രദേശില്‍ മുഖ്യമന്ത്രി മായാവതിയും പ. ബംഗാളില്‍  മമതാ ബാനര്‍ജിയുമൊക്കെ രാഷ്ട്രീയരംഗം തന്നെ കയ്യിലിട്ട് അമ്മാനമാടുന്നവരാണ്.  ദേശീയ രാഷ്ട്രീയത്തിലും അവര്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. രാജ്യത്ത് തന്നെ മര്‍മപ്രധാന പദവികള്‍ പലതും അലങ്കരിക്കുന്നതും വനിതകളല്ലേ? രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, യു പി എ അധ്യക്ഷ സോണിയാഗാന്ധി, ലോകസഭാ സ്പീക്കര്‍  മീരാകുമാര്‍, ലോകസഭ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് തുടങ്ങിയവരാണ് ഭരണത്തിന്റെ കുഞ്ചികസ്ഥാനത്തുള്ളത്. ഇതിലൊന്നും പക്ഷെ ഒരു മലയാളിയെ മഷിയിട്ട് തെരഞ്ഞാല്‍ കാണില്ല.

          കേരളത്തിലും ഇതു തന്നെയാണവസ്ഥ. കേരളപ്പിറവിക്ക് ശേഷം നേതൃഗുണമുള്ള മഹിളാ രത്‌നങ്ങളെ സൃഷ്ടിക്കാന്‍ നാളിതുവരെപ്രബുദ്ധകേരളത്തിന് കഴിഞ്ഞിട്ടില്ല. വേണമെങ്കില്‍ ഒരു ഗൗരിയമ്മയുടെ പേര് പറയാം. അവരുടെ ഇപ്പോഴത്തെ അവസ്ഥയും അറിയാം. വിദ്യാഭ്യാസവും സാക്ഷരതയും എല്ലാം അവകാശപ്പെടുമ്പോഴും പുരുഷ മേധാവിത്തം സമസ്ത മേഖലകളും അടക്കിവാഴുകയാണ്. അര്‍ഹരായവരെ പോലും നാം തഴയുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രവര്‍ത്തനം എത്ര ശ്‌ളാഘനീയമാണെന്നോര്‍ക്കണം. സംവരണം വഴിയുണ്ടായ ഗുണപരമായ നേട്ടമാണിത്. പദവി ലഭിച്ച സ്ത്രീകള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.

          ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ പോലും പകുതിയിലേറെ സ്ത്രീകളാണ്. നിയമനിര്‍മാണം നടത്തുമ്പോള്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. അതിന് സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ സഹായകരമാവും. ആദ്യം പാര്‍ടികള്‍ക്കുള്ളില്‍ തന്നെ സംവരണം ഏര്‍പെടുത്തണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാന്‍ അവകാശവും അര്‍ഹതയും യോഗ്യതയുമുണ്ട്. വനിതകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിയമനിര്‍മാണ വേദികളില്‍ അവരുടെ സാന്നിധ്യവും സജീവ പങ്കാളിത്തവും വളരെയേറെ പ്രയോജനം ചെയ്യും.
 

Thursday, March 24, 2011

ബാലകൃഷ്ണപിള്ള മത്സരിച്ചിരുന്നുവെങ്കില്‍


          അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള കേരള കോണ്‍ഗ്രസ് (ബി) യുടെ തീരുമാനം പിന്‍വലിച്ചത് നന്നായി.  മത്സരിക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും യു ഡി എഫ് നേതൃത്വം അതിനനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍  സങ്കല്‍പിക്കാനാവാത്ത സാംസ്‌ക്കാരിക അശ്‌ളീലമായി അത് ചരിത്രത്തില്‍ ഇടംനേടുമായിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ വെല്ലുവിളിക്കാനും മലയാളികളുടെ ജനാധിപത്യബോധത്തെയും സദാചാരസങ്കല്‍പങ്ങളെയും അപഹസിക്കാനും വഴിവെക്കുന്ന  തീരുമാനം ജയിലില്‍ ചെന്നു കണ്ട മുന്നണിനേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണത്രെ പിള്ള പിന്‍വലിച്ചത്.

          പിള്ള പാരമ്പര്യമുള്ള രാഷ്ട്രീയനേതാവും പ്രതിഭാശക്തിയില്‍ അദ്വിതീയനുമൊക്കെയായിരിക്കാം. അദ്ദേഹം പക്ഷെ, വെറും രാഷ്ട്രീയ തടവുകാരനോ വിചാരണ കുറ്റവാളിയോ അല്ല. പൊതുഖജനാവിന് നഷ്ടം വരുത്തിവെച്ച അഴിമതിക്കേസിലെ മുഖ്യ കണ്ണിയാണ്. രാജ്യത്തെ ഉന്നത നീതിപീഠമാണ് പിള്ളക്ക് കഠിനതടവും പിഴയും ശിക്ഷവിധിച്ചത്. സ്വന്തം കര്‍മബലത്തിന്റെ ഫലം. എത്ര വമ്പന്മാരാണെങ്കിലും അഴിമതികൊണ്ട് തോരോട്ടം നടത്തുന്നവര്‍ ജനപ്രതിനിധികളായി നിയമനിര്‍മാണ വേദികളെ മലീമസമാക്കുന്ന സാഹചര്യം ഒരുകാരണവശാലും അനുവദിച്ചുകൂടാ.
അല്ലെങ്കില്‍ തന്നെ പ്രശ്‌നങ്ങളുടെ പാരാവാരം താണ്ടുകയാണ് യു ഡി എഫ്. സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച് തീരുമാനമായെങ്കിലും ഘടകകക്ഷികളുടെ അതൃപ്തിയും വിമതശല്യവും കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലത്തും റിബല്‍ ഭീഷണിയുമായി പ്രബലര്‍ തന്നെയാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ഇത് വലിയ വിലങ്ങുതടി സൃഷ്ടിക്കുന്നു. കരുണാകരന്റെ ഒപ്പം നിന്നവരെ വെട്ടിനിരത്തിയെന്ന് മകള്‍ പത്മജ കുറ്റപ്പെടുത്തുന്നു. പാലക്കാട് പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ വി ഗോപിനാഥ്, ചെങ്ങന്നൂരിലെ മുന്‍ എം എല്‍ എ ശോഭന ജോര്‍ജ്, കോണ്‍ഗ്രസ് വക്താവ് കൂടിയായ എം എം ഹസന്‍, ആലുവ മുന്‍ എം എല്‍ എ കെ മുഹമ്മദലി തുടങ്ങിയവരും സ്ഥാനാര്‍ഥിപട്ടികക്കെതിരെ രംഗത്തുവന്നിരിക്കുന്നു. ടി സിദ്ദീഖ് അടക്കമുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് പലേടത്തും പ്രകടനങ്ങളും പരസ്യ പ്രതിഷേധങ്ങളും നടക്കുന്നു. ഒട്ടും ചര്‍ച്ചചെയ്യാതെ വെച്ചുനീട്ടിയ സീറ്റുകളില്‍ തൃപ്തരല്ലെന്ന് സി എം പി പരിഭവം പറയുന്നു. സോഷ്യലിസ്റ്റ് ജനതയുടെ അതൃപ്തി ശമനമില്ലാതെ തുടരുന്നു. ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കാത്തതില്‍ കേരള കോണ്‍ഗ്രസിലും പടലപ്പിണക്കം. തൊടുപുഴയില്‍ പി ജെ ജോസഫിന് സീറ്റ് നല്‍കിയതിനാണ് യൂത്തുകോണ്‍ഗ്രസിന് അമര്‍ഷം. അതിനിടയിലാണ് ആര്‍ ബാലകൃഷ്ണപിള്ളക്ക് ഇനിയും മത്സരിക്കാനുള്ള കൊതി.
 
          യു ഡി എഫുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടതുപക്ഷം എത്രയോ ഭേദം. സീറ്റും സ്ഥാനാര്‍ഥികളും അവര്‍ക്ക് പ്രശ്‌നമേ ആയില്ല. വി എസിനെ തുടക്കത്തില്‍ മാറ്റിനിര്‍ത്തിയെങ്കിലും ജനവികാരം മാനിച്ച് അടര്‍ക്കളത്തില്‍ ഇറക്കിയതോടെ പൂര്‍വാധികം മുന്നണി പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലത വീണ്ടെടുത്തു. ഒരു മെയ്യായി  പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പിന്നിട്ടു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം അവരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചത്. വി എസ് തന്നെയാണ് മുന്നണിയുടെ ഹീറോ. ഔദ്യോഗികപക്ഷത്തിന്റെ തട്ടകമായ കണ്ണൂര്‍ജില്ലയില്‍ അദ്ദേഹത്തിന് ലഭിച്ച വന്‍വരവേല്‍പ്  തമ്മിലടിക്കുന്ന യു ഡി എഫിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

          നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രെ പിള്ളയെ മത്സരിപ്പിക്കാന്‍ പാര്‍ടി തീരുമാനിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ 1947 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കുന്നതിന് വിലക്കില്ലെന്നായിരുന്നു വാദം. 1988 ലെ അഴിമതി നിരോധന നിയമപ്രകാരമാണെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിച്ചാലേ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് വിലക്കുള്ളുവത്രെ. പിള്ളയുടെ കാര്യത്തില്‍ ഒരു വര്‍ഷമാണ് ശിക്ഷ. ഇതുതന്നെ ഏത് വകുപ്പ് പ്രകാരമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുമില്ല.  നിയമം ഏതെന്ന് വ്യക്തമാക്കാത്തത് ചൂണ്ടിക്കാട്ടി റിവ്യൂഹര്‍ജി നല്‍കിയെങ്കിലും ശിക്ഷ ശരിവെച്ചതല്ലാതെ നിയമം ഏതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. എന്നാല്‍ അഴിമതി അര്‍ബുദം പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ ആറുവര്‍ഷത്തേക്ക് അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവന്നത്. ഇത് പിള്ളയുടെ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

          പാമോയില്‍ ഇറക്കുമതിക്കേസില്‍  പ്രതി ചേര്‍ക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ്  ഇവിടെ എല്ലാവരും മാതൃകയാക്കേണ്ടത്. നിയമത്തിന്റെ സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം അതിന്റെ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം അനുമോദനമര്‍ഹിക്കുന്നു. അഴിമതിക്കേസില്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടത് തന്നെ യു ഡി എഫിനെ സംബന്ധിച്ചെടുത്തോളം ദുസ്സഹമായ അനുഭവമാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുന്‍മന്ത്രിയെന്ന ദുഷ്‌പേരും പിള്ളക്ക് അവകാശപ്പെട്ടതാണ്.  തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍  വോട്ടര്‍മാരില്‍ അത് സൃഷ്ടിച്ച ഇടിമുഴക്കം കഠോരമായിരുന്നു. പിള്ള മാത്രമല്ല യു ഡി എഫ് മൊത്തത്തില്‍ ഇതിന് ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമായിരുന്നു. അഴിമതി മുക്തമായ രാഷ്ട്രനിര്‍മാണം കൊതിക്കുന്ന സമൂഹത്തോട് ആരോഗ്യകരമായി പ്രതികരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച യു ഡി എഫ് നേതൃത്വം മുന്നണിയില്‍ ഉരുത്തിരിഞ്ഞ മറ്റ് പ്രശ്‌നങ്ങള്‍ കൂടി യാഥാര്‍ഥ്യബോധത്തോടെ കൈകാര്യംചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Tuesday, March 22, 2011

ലിബിയ: യു എന്‍ ഇടപെടണം

          താന്‍ കുഴിച്ച കുഴിയില്‍ സ്വയംവീണിരിക്കുന്നു ലിബിയന്‍ ഭരണാധികാരി ഗദ്ദാഫി. അദ്ദേഹത്തിന്റെ നാലുപതിറ്റാണ്ട് നീണ്ട  സ്വേഛാവാഴ്ചക്കെതിരെ തെരുവിലിറങ്ങിയ ജനങ്ങളാകട്ടെ ഇപ്പോള്‍ യുദ്ധത്തിന്റെ നടുക്കടലിലുമാണ്.  യു എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിന്റെ പിന്തുണയോടെ ഗദ്ദാഫിയെ നേരിട്ട അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ വ്യോമ, നാവിക ആക്രമണങ്ങളില്‍ 70 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 110 മിസൈലുകളാണ് സഖ്യസേന ലിബിയന്‍ തീരത്തേക്ക് തൊടുത്തത്. യു എസ് വിമാനങ്ങള്‍ 40 ബോമ്പുകള്‍ വര്‍ഷിച്ചതായി സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ ഒഡീസി ഡോണ്‍  എന്ന് പേരിട്ട ആക്രമണത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവക്ക് പുറമെ കനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്.

           പ്രക്ഷോഭം നടത്തുന്ന സ്വന്തം ജനതക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നിര്‍ദേശം ഗദ്ദാഫിസേന തള്ളിയതിനെ തുടര്‍ന്നാണ് പാശ്ചാത്യ സഖ്യസേന ലിബിയക്കെതിരെ വ്യോമമാര്‍ഗങ്ങളിലൂടെ അതിശക്തമായ ആക്രമണം തുടങ്ങിയത്. ഗദ്ദാഫിയുടെ ട്രിപ്പാളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെയും മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരവും ആക്രമണത്തില്‍ തകര്‍ന്നതായാണ്  റിപ്പോര്‍ട്ട്. ലിബിയയിലെ ജനാധിപത്യപോരാട്ടത്തിനെതിരെ ഗദ്ദാഫി നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് യു എന്‍ രക്ഷാസമിതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഗദ്ദാഫി ഭരണകൂടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇതിന് വിരുദ്ധമായി ശനിയാഴ്ച ലിബിയന്‍ സൈന്യം വിമത ആസ്ഥാനമായ ബെന്‍ഗാസിയില്‍ വന്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ കുറഞ്ഞത് നൂറ്‌പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. ഇതേ തുടര്‍ന്നാണ് പാശ്ചാത്യ സഖ്യസേന ലിബിയയില്‍ സൈനിക നടപടി തുടങ്ങിയത്. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിച്ചത് തങ്ങളല്ലെന്നും സഖ്യസേനയാണെന്നും ലിബിയ ആരോപിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിലാണ് വിദേശസൈന്യം ആക്രമണം അഴിച്ചുവിട്ടതെങ്കില്‍ തീര്‍ച്ചയായും അത് അപലപിക്കപ്പെടുക തന്നെ വേണം.
          2003 ലെ ഇറാഖിലെ യു എസ് അധിനിവേശത്തിന് ശേഷം അറബ്‌ലോകത്ത് പാശ്ചാത്യ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകളും ബ്രിട്ടീഷ് അന്തര്‍വാഹിനികളും ടോമഹോക് മിസൈലുകള്‍  അയച്ചത്. തുടര്‍ന്ന് ലിബിയന്‍ തീരദേശമാകെ സ്‌ഫോടനങ്ങളില്‍ മുങ്ങി. ലിബിയയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകെ തകര്‍ന്നുപോയി.

          ടുണീഷ്യക്കും ഈജിപ്തിനും പിന്നാലെ കഴിഞ്ഞ മാസം 15ന് ആരംഭിച്ച പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് തുടക്കം മുതലേ ഗദ്ദാഫി ശ്രമിച്ചതെന്ന വസ്തുത മറന്നുകൂടാ. 42 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഗദ്ദാഫിയെ പുറത്താക്കും വരെ പ്രക്ഷോഭമെന്ന പ്രഖ്യാപനവുമായി ആയുധമെടുത്ത സമരക്കാരെ നിര്‍ദാക്ഷിണ്യമാണ് ഗദ്ദാഫി നേരിട്ടത്.  പാശ്ചാത്യന്‍സേനക്ക് ലിബിയയില്‍ കടന്നുവരാന്‍ ഇതുവഴി ഗദ്ദാഫി തന്നെയാണ് വഴിയൊരുക്കിയത്. അധികാരമൊഴിഞ്ഞ് പുതിയ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കിയിരുന്നുവെങ്കില്‍ സഖ്യസേനയുടെ വഴി കൊട്ടിയടക്കാമായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈന്‍ കാണിച്ച അതേ അബദ്ധമാണ്  ഗദ്ദാഫിയും കാണിച്ചത്. ലിബിയയില്‍ കൂട്ടക്കൊല നടക്കാതിരിക്കാനാണ് സഖ്യസേന ഇടപെട്ടതെന്ന വാദത്തില്‍  കഴമ്പുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സഖ്യസേനക്ക് ഇത് സഹായകമാവുകയും ചെയ്തു.

          സാധാരണഗതിയില്‍ സഖ്യസേനയുടെ ഇടപെടലിനെ ഒരു രാഷ്ട്രവും ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ലിബിയയുടെ കാര്യത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാഖിന്റെയും അഫ്ഗാന്റെയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. റഷ്യയും ചൈനയും അറബ്‌ലീഗുമെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നതും അതുകൊണ്ടാണ്. ലിബിയയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് ഐക്യരാഷ്ട്ര സഭയും കാണിച്ചത്. സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് യു എന്‍  ഇതുവരെ ഫലപ്രദമായി ഇടപെടാന്‍ സന്മനസ്സ് കാണിച്ചില്ല. ഗദ്ദാഫിക്കെതിരെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. വര്‍ഷങ്ങളായി ലിബിയയെ ഉന്നംവെക്കുന്ന അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഇത് വളരെയേറെ സഹായകവുമായി.  രണ്ട് ഏകാധിപതികളുടെ നിഷ്‌ക്കാസനം നല്‍കിയ ആവേശമാണ് ലിബിയയില്‍ തെരുവിലിറങ്ങാന്‍ ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്നത്.   ഈ രണ്ടു വസ്തുതകളും മുഖവിലക്കെടുക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യഥോചിതം മുമ്പോട്ടു വന്നിരുന്നുവെങ്കില്‍ ചുരുങ്ങിയ പക്ഷം വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.

          ജനങ്ങളെ കണക്കറ്റ് സ്‌നേഹിക്കുന്ന   ഭരണാധികാരിയാണെങ്കിലും അധികാരം  അനന്തമായി കയ്യടക്കാന്‍ അവസരം ഒത്തുവന്നാല്‍  ജനവിരുദ്ധരും അധര്‍മികളും അഴിമതിക്കാരുമായി മാറുമെന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ജനാധിപത്യ വ്യവസ്ഥയുടെ മഹത്വം പല രാഷ്ട്രങ്ങളും മനസ്സിലാക്കുന്നതും അതിനായി കൊതിക്കുന്നതും അതുകൊണ്ടാണ്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ സവിശേഷത പോലും മികച്ച ഉദാഹരണമാണ്. സിറിയയിലും യമനിലും മറ്റ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും  നടക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഉയരുന്ന ആവശ്യവും ഇതു തന്നെ.  ഭരണമാറ്റവും രാഷ്ട്രീയ സ്വാതന്ത്ര്യവുമാണ് എല്ലാവര്‍ക്കും വേണ്ടത്. സ്വേചഛാധിപതികള്‍  ഇതിനെതിരെ രംഗത്തുവരിക സ്വാഭാവികം. സിറിയയിലും യമനിലുമൊക്കെ തോക്കുകളുപയോഗിച്ചാണ് സമരത്തെ അടിച്ചമര്‍ത്തുന്നത്. യമനില്‍ 32 വര്‍ഷമായി അലി അബ്ദുല്ല സ്വാലിഹിന്റെ ഏകാധിപത്യം തുടങ്ങിയിട്ട്. എല്ലാ രാജ്യങ്ങളിലും സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെയാണ് ഭരണാധികാരികള്‍ ചോരയില്‍ മുക്കിക്കല്ലാന്‍ ശ്രമിക്കുന്നത്. ഈ അവസ്ഥക്ക് തീര്‍ച്ചയായും അറുതിവരണം. വിദേശ സൈന്യത്തിനെതിരെ ഏതറ്റംവരെ പോകാനും തയാറാണെന്ന ഗദ്ദാഫിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടണമെങ്കില്‍ സ്വന്തം ജനതയോടുള്ള ക്രൂരത അദ്ദേഹം അവസാനിപ്പിക്കണം. മാത്രമല്ല അധികാരം ജനങ്ങളെ തിരിച്ചേല്‍പ്പിക്കുകയും വേണം.

Friday, March 18, 2011

തെരഞ്ഞെടുപ്പിന് യു ഡി എഫും റെഡി

          സീറ്റ് വിഭജനത്തില്‍ ഐക്യജനാധിപത്യ മുന്നണിയിലുണ്ടായ കൂട്ടക്കുരുക്ക് ഒടുവില്‍ അഴിഞ്ഞു. കക്ഷികള്‍ ഓരോന്നും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ അവസാനം ധാരണയായി.  മാണിഗ്രൂപ്പ് കേരളാകോണ്‍ഗ്രസ് 15 സീറ്റും സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി ഏഴുസീറ്റും കൊണ്ട് തൃപ്തിപ്പെട്ടതോടെയാണ് ദിവസങ്ങളോളം നീണ്ട തര്‍ക്കത്തിന് പരിഹാരമായത്. അവസാന ധാരണയനുസരിച്ച് കോണ്‍ഗ്രസ് 81 സീറ്റില്‍ മത്സരിക്കും. 24 സീറ്റില്‍ മുസ്‌ലിംലീഗ് മാറ്റുരക്കും. ജെ എസ് എസിന് നാലും സി എം പിക്കും ജേക്കബ് കേരളാകോണ്‍ഗ്രസിനും മൂന്നുവീതവും കേരളകോണ്‍ഗ്രസ് ബിക്ക് രണ്ടും ആര്‍  എസ് പിക്ക് ഒന്നും സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു.

          രണ്ടുദിവസം മുമ്പാണ് ഇടതുമുന്നണി സീറ്റുവിഭജനം പൂര്‍ത്തിയാക്കിയത്. വലിയ അവകാശവാദങ്ങളൊന്നും ആ മുന്നണിയില്‍ ആരും ഉന്നയിക്കാതിരുന്നതിനാല്‍ എല്ലാം ശുഭപര്യവസായിയായി.   ഇടതുമുന്നണിയിലെ പല കക്ഷികളും കൂടുമാറി  ചേക്കേറിയതാണ് യു ഡി എഫിലെ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയത്. കെ ആര്‍ ഗൗരിയമ്മയില്‍ തുടങ്ങിയ സീറ്റ് ചര്‍ച്ച പലവട്ടവും ഉടക്കിനിന്നു. മാണിയും വീരേന്ദ്രകുമാറും പിണങ്ങിപ്പിരിയുമെന്ന പ്രതീതി പോലും ഒരു ഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസും മുസ്‌ലിംലീഗും അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് പ്രതിസന്ധിയുടെ മഞ്ഞുരുകിയത്. എണ്ണത്തില്‍ തീരുമാനമായെങ്കിലും മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാണ്ടുമായുള്ള ചര്‍ച്ചക്കായി ദല്‍ഹിയിലാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുക മറ്റേതു കക്ഷിയേക്കാളും അവര്‍ക്ക് വലിയ കടമ്പ തന്നെയാണ്. പാര്‍ടി മാത്രം നോക്കിയാല്‍ പോരല്ലോ. ഗ്രൂപ്പും നോക്കണം. യൂത്തുകോണ്‍ഗ്രസ്‌കാരെ മാത്രമല്ല എല്ലാ പോഷക ഘടകങ്ങളെയും തൃപ്തിപ്പെടുത്തുകയും വേണം. ഇതിലൊന്നും തൃപ്തരാകാത്തവര്‍ റിബലുകളായി പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

          മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഇത്തവണ മത്സരിക്കാനിടയില്ലെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചന. സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും കോടിയേരി ബാലകൃഷ്ണനായിരിക്കും മുന്നണിയെ നയിക്കുക എന്ന് വേണം കരുതാന്‍. പാര്‍ടി സെക്രട്ടറി പിണറായി വിജയനും ഇത്തവണ അങ്കത്തിനിറങ്ങാന്‍ സാധ്യതയില്ല. അതുകൊണ്ട് ഇരുവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പോര്‍ക്കളം സജീവമാക്കാനുള്ള മനക്കോട്ട യു ഡി എഫിന് ഉപേക്ഷിക്കേണ്ടിവരും.

          സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കേണ്ട 75 ബി ജെ പി സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന അവരുടെ ഇലക്ഷന്‍ കമ്മിറ്റി അംഗീകരിച്ചിരിക്കുന്നു. നേരത്തെ 40 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചതിന് പുറമെയാണിത്. അവശേഷിക്കുന്ന സീറ്റുകളും താമസംവിനാ തീരുമാനിക്കും. ഒരു മത്സരത്തിനപ്പുറം ശക്തമായ ഒരുക്കങ്ങളോടെയാണ് ബി ജെ പി ഇത്തവണ രംഗത്തിറങ്ങുന്നത്. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി പരമാവധി വോട്ടുനേടുക എന്നതാണ് ഇത്തവണത്തെ തന്ത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടത്തിയ മെച്ചപ്പെട്ട പ്രകടനം ബി ജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നത് നിഷേധിക്കാനാവില്ല. വോട്ടുകച്ചവടം എന്ന ദുഷ്‌പ്പേര് കഴുകിക്കളയാനും ഈ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലമാകാനുള്ള സാധ്യത പക്ഷെ വിരളവുമാണ്.

          സീറ്റുവിഭജനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഇടതുമുന്നണിയുടെ പ്രകടനപത്രിയും പുറത്തിറങ്ങിയിരിക്കുന്നു. ക്ഷേമം, സമാധാനം, വികസനം, നീതി എന്നിവ അടിസ്ഥാനമാക്കി ഐശ്വര്യപൂര്‍ണമായ കേരളമാണ് പ്രകടനപത്രിക  വിഭാവനം ചെയ്യുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി മാറുമത്രെ. എല്ലാവര്‍ക്കും രണ്ടുരൂപക്ക് അരി, ക്ഷേമ പെന്‍ഷന്‍ 1000 രൂപ, മണ്ണെണ്ണ ലിറ്ററിന് 20 രൂപ സബ്‌സിഡി, അഞ്ചുവര്‍ഷംകൊണ്ട് ശുദ്ധജലം, വൈദ്യുതി, കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷം തൊഴിലവസരം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനാവശ്യമായ വിഭവങ്ങള്‍ ഇനിയുമുണ്ട് പ്രകടനപത്രികയില്‍. പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാവില്ലെന്ന് ജനങ്ങള്‍ക്ക് മാത്രമല്ല അത് തയാറാക്കിയ നേതാക്കള്‍ക്കും നന്നായറിയാം. യു ഡി എഫും വെറുതെയിരിക്കില്ല. വാഗ്ദാനങ്ങളുടെ പെരുമഴയുമായി അടുത്തുതന്നെ അവരുമെത്തും. ബി ജെ പിയും ഒട്ടും മോശമാക്കില്ല. അവര്‍ക്കാണെങ്കില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ട പ്രശ്‌നം തന്നെ വരില്ല.

          ദശകങ്ങളോളം അധികാരം കയ്യാളുകയും ജനസേവനം നടത്തുകയും ചെയ്തവരാണ് ഇത്തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത്. അവരാണ് സീറ്റുകള്‍ പങ്കുവെക്കുന്നതും. ജരാനരകള്‍ ബാധിച്ച ഇവരില്‍ പലര്‍ക്കും ഇപ്പോള്‍  തന്നെ ഓര്‍മശക്തിയും ചിന്താശേഷിയും കുറവാണ്.  ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും  ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിവുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.  ഏറെക്കാലം അധികാരത്തില്‍ തുടര്‍ന്നിട്ടും തൃപ്തിവരാതെ വീണ്ടും കടിച്ചുതൂങ്ങാനുള്ള പ്രവണതയാണ് എല്ലാ കക്ഷികളിലും  കാണുന്നത്. ഈ അവസ്ഥ മാറണം. അതിന് ബന്ധപ്പെട്ട പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

Related Posts Plugin for WordPress, Blogger...