Monday, May 9, 2011

നോയിഡയിലെ കര്‍ഷക പ്രക്ഷോഭം


               ഉത്തരപ്രദേശ് അതിര്‍ത്തിയിലെ നോയിഡയില്‍ യമുന അതിവേഗപാതക്ക് ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകപ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുന്തോറും ശക്തിപ്രാപിച്ചുവരികയാണ്. പ്രക്ഷോഭം ഇപ്പോള്‍ അലിഗഡിലേക്കും ആഗ്രയിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ടു പൊലീസുകാരും രണ്ടു കര്‍ഷകരും കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ശനിയാഴ്ച രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരും രണ്ടു കര്‍ഷകരും പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്.

               യമുന എക്‌സ്പ്രസ് വേ അതോറിട്ടിക്ക് വേണ്ടിയാണ് ഗ്രെയ്റ്റര്‍ നോയിഡയിലെ ബട്ട പര്‍സോള്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ വില നല്‍കണമെന്നും ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരി 17 മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ചതുരശ്രമീറ്ററിന് 880 രൂപയാണ് സര്‍ക്കാര്‍  നിശ്ചയിച്ച വില. ഇത് 3000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഏറ്റെടുത്ത ഭൂമിയില്‍ സര്‍വേക്ക് എത്തിയ ഉത്തരപ്രദേശ് റോഡ്‌വെയ്‌സിലെ രണ്ടു ഉദ്യോഗസ്ഥരെയും ഡ്രൈവറെയും വെള്ളിയാഴ്ച രാത്രി സമരക്കാര്‍ ബന്ദികളാക്കി. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് മേഖലാ സായുധ പൊലീസ് (പി എ സി) ഭടന്മാരെയും കലാപവിരുദ്ധ പൊലീസിനെയും  വന്‍തോതില്‍ ഗ്രാമത്തില്‍ വിന്യസിക്കുകയായിരുന്നു. പൊലീസിനെ നേരിടാനാണ് കര്‍ഷകര്‍ തയാറായത്. അവര്‍ വടികളും കല്ലുകളും കൊണ്ട് പൊലീസിനെ നേരിടുന്നതിനിടയില്‍ ഇരുപക്ഷത്തുനിന്നും വെടിവെപ്പുമുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍        എത്തിയ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് അഗര്‍വാളിനും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അഗര്‍വാളിന്റെ നില തൃപ്തികരമാണ്.

               നാലു മാസത്തോളമായി ബട്ടപര്‍സോള്‍ ഗ്രാമത്തില്‍ തുടരുന്ന കര്‍ഷകസമരം ക്രമേണ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ രണ്ടു പൊലീസുകാരെയും മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരെയും ബന്ദികളാക്കിയതോടെയാണ്  പ്രതിഷേധ സമരത്തിന് പ്രക്ഷോഭത്തിന്റെ ഭാവം കൈവന്നത്. മുഖ്യമന്ത്രി നേരിട്ടെത്തിയാലേ ബന്ദികളെ മോചിപ്പിക്കൂ എന്ന് സമരക്കാര്‍ വാശിപിടിച്ചു. ഇവരെ മോചിപ്പിക്കാനാണ് സായുധപൊലീസ് രംഗത്തെത്തിയത്. പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് സമരക്കാര്‍ പൊലീസിന് നേരെ തിരിഞ്ഞത്. മജിസ്‌ട്രേറ്റിനും അതിനിടയിലാണ് പരിക്കേറ്റത്. സംഘട്ടനത്തിനിടയില്‍ ബന്ദികളെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

               ബസ്‌റൂട്ടിനുവേണ്ടി ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ്  സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ ഭൂമി മുഖ്യമന്ത്രി മായാവതി കൊള്ളയടിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചത്. ഇത് ഉത്തരപ്രദേശിന്റെ മാത്രം പ്രശ്‌നമാവാന്‍ തരമില്ല. കാലഘട്ടത്തിനനുസരിച്ച് പ്രദേശങ്ങള്‍ പുരോഗതി പ്രാപിക്കുക സ്വാഭാവികമാണ്. റോഡുകളും പാലങ്ങളും വ്യവസായശാലകളും ഫാക്ടറികളും നാടിന്റെ വളര്‍ച്ചക്ക് ആവശ്യവുമാണ്. അപ്പോള്‍ ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും. അതിനോട് പരമാവധി സഹകരിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്.

               എന്നാല്‍ സ്ഥലമേറ്റെടുക്കുമ്പോള്‍  പാലിക്കേണ്ട മര്യാദകളും പുലര്‍ത്തേണ്ട മാനദണ്ഡങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടുതണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും. ബന്ധപ്പെട്ട കര്‍ഷകരുമായും പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച നടത്തി വില നിശ്ചയിക്കാതിരുന്നത് തെറ്റു തന്നെയാണ്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ആ പ്രദേശത്തുകാര്‍ സഹകരിക്കാന്‍ തയാറായിട്ടുണ്ട്. ഭൂമിക്ക് നിശ്ചയിച്ച വില കുറഞ്ഞുപോയതിലാണ് പരാതി. പരാതി പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവാതിരുന്നതുകൊണ്ടാണ് ഗത്യന്തരമില്ലാതെ  പ്രദേശത്തുകാര്‍ സമരത്തിലേക്ക് എടുത്തുചാടിയത്.  ജനുവരി മധ്യത്തില്‍ തുടങ്ങിയ സമരം മുഖ്യമന്ത്രി മായാവതി മുഖംതിരിച്ചുനിന്നു. മാത്രമല്ല പ്രക്ഷോഭകരെ വെല്ലുവിളിച്ചുകൊണ്ട് സ്ഥലമെടുപ്പ് നടപടികളും തുടങ്ങി. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.  സമരം അയല്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും പൊലീസുകാര്‍ക്കടക്കം ജീവഹാനി സംഭവിക്കുന്നതും സര്‍ക്കാരിനെ എന്നിട്ടും അസ്വസ്ഥപ്പെടുത്തതാണ് അത്ഭുതം.

               എക്‌സ്പ്രസ് വേയുടെ കാര്യത്തില്‍ കേരളത്തിലുയര്‍ന്നുവന്ന വാദവിവാദങ്ങളും എതിര്‍പ്പുകളും ഊഹിക്കാമല്ലോ. അനുകൂലിച്ചും അതിനേക്കാളധികം എതിര്‍ത്തും വര്‍ഷങ്ങളോളം ഇവിടെ ചര്‍ച്ചകള്‍ നടന്നു. എക്‌സ്പ്രസ് വേയുടെ വരുംവരായ്കകള്‍ എന്തായാലും ജനവികാരം മുഖവിലക്കെടുക്കാതെ മുമ്പോട്ടുപോകാനാവില്ലെന്ന അവസ്ഥ വന്നു. ഇപ്പോള്‍ നാലുവരി പാതയെങ്കിലും ആവശ്യമാണെന്ന വാദം അന്ന് എതിര്‍ത്തവര്‍പോലും അംഗീകരിക്കുന്നുണ്ട്. ദേശീയപാതയുടെ വീതി 60 മീറ്ററായിരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. കേരളത്തിലാണെങ്കില്‍ 45 മീറ്റര്‍ പോലും അനുവദിക്കാനാവാത്ത അവസ്ഥ ബോധ്യപ്പെടുത്താനാണ് ഇവിടുത്തെ രാഷ്ട്രീയകക്ഷികളെല്ലാം മുതിര്‍ന്നത്.

               കൊച്ചുസംസ്ഥാനമെന്ന നിലയില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ യു പി പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്നറിയാം. എങ്കിലും കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യവും തൃപ്തികരവുമായ വില ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക്-ചെറുകിടക്കാരാവുമ്പോള്‍ വിശേഷിച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവേണ്ടതു തന്നെയാണ്. ജനങ്ങളെ കൊള്ളയടിയില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം  അനീതിയുടെ നഗ്നതാണ്ഡവത്തിന് വഴിയൊരുക്കുന്ന സമീപനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

Friday, May 6, 2011

പ്രബുദ്ധകേരളം നാണിക്കണം


               ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോള്‍ കാസര്‍ക്കോട്ടാണ്. ജനീവയില്‍ നടന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ ഭീകരമായ ദുര്‍വിധി വേട്ടയാടുന്ന കാസര്‍ക്കോട്ടുകാര്‍ക്ക് വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാന്‍ വരെ തീരുമാനിച്ചത് എന്ന് വേണമെങ്കില്‍ പറയാം. ഇതുമൂലം രോഗബാധിതരായവരെ രക്ഷിക്കാന്‍ ഭരണകൂടം എണ്ണിയാലൊടുങ്ങാത്ത പരിപാടികളും പദ്ധതികളും ആവിഷ്‌ക്കരിച്ച് മുന്നേറുമ്പോഴാണ് അനാസ്ഥ അലങ്കാരമായി കൊണ്ടുനടക്കുന്നവരുടെ മൃഗരീതികള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായ രണ്ടര വയസ്സുകാരി പ്രജീത സര്‍ക്കാര്‍  ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം ഉള്‍ത്തടം കിടുങ്ങുന്ന വാര്‍ത്തയാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നാലുമണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ വലഞ്ഞ ഈ ബാലിക പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്റെ മാത്രമല്ല ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പണക്കൊതിയുടെയും അനാസ്ഥയുടെയും കൂടി ഇരയാണ് പ്രജീത.

               എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്ക് കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങാന്‍ പാടില്ലെന്ന നിബന്ധനക്ക് വിരുദ്ധമായി  ഡോക്ടര്‍ നൂറുരൂപയും സൗജന്യ സേവനം നല്‍കുന്നതിനു പകരം കുട്ടിയെ കൊണ്ടുപോയതിന് വാടകയായി ആംബുലന്‍സ് ഡ്രൈവര്‍ 200 രൂപയും കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കി. ഡോക്ടറുടെ അനാസ്ഥ മൂലം കുട്ടിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. എന്നിട്ടും  ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ, യൂത്തുകോണ്‍ഗ്രസ്, യൂത്തുലീഗ്,സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തുവന്നു. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണവും ആരംഭിച്ചു. അതിനിടയില്‍ ബന്ധപ്പെട്ട ശിശുരോഗ വിദഗ്ദ്ധനെ മന്ത്രി സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

                എന്‍ഡോസള്‍ഫാന്റെ മറ്റൊരു ഇര ചീമേനിയിലെ ശ്രീധരന്‍ രണ്ടുദിവസം മുമ്പാണ് മരിച്ചത്. അര്‍ബുദരോഗ ബാധിതനായി ആറുവര്‍ഷമായി ഈ യുവാവ് ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടങ്ങിയതു മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരത്തോളം പേരാണ് കാസര്‍ക്കോട് ജില്ലയില്‍ മരിച്ചുവീണത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ മരിച്ചവരുടെ എണ്ണം 527 ആണ്. 1976 മുതലാണ് കാസര്‍ക്കോട്ട്  പ്‌ളാന്റേഷന്‍ എന്‍ഡോസള്‍ഫാന്‍ തളി ആരംഭിച്ചത്. അതോടെ ജില്ലയിലെ അന്തരീക്ഷവും ജലാശയങ്ങളും വിഷമയമായി. 11 പഞ്ചായത്തുകളിലായി കോര്‍പ്പറേഷന്റെ അധീനതയിലുള്ള 4700 ഹെക്ടര്‍ കശുഅണ്ടി തോട്ടങ്ങളില്‍  ഈ കീടനാശിനി വിഷമഴയായി പെയ്തിറങ്ങി. ഇരുളിന്റെ ചുരുളുകള്‍ വന്നിറങ്ങിയ അനുഭവം. വ്യാപക പ്രതിഷേധത്തുടര്‍ന്ന് ആകാശത്തുനിന്ന് തളിക്കുന്നത് 2001ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി നിരോധിച്ചു.  എന്നാല്‍ അതിനുശേഷവും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ മേല്‍പറഞ്ഞ പഞ്ചായത്തകളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. അത് കാസര്‍ക്കോട്ടുകാരുടെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും സാമൂഹ്യദുഃഖമായി മെല്ലെ വളര്‍ന്നു.  ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളധികവും വിധിയുടെ ഹസ്തങ്ങളില്‍ നിസ്സഹായരായി. തല വളര്‍ന്നവരും അംഗവൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യം ബാധിച്ചവരും അവിടങ്ങളില്‍ സര്‍വസാധാരണമായി.

               എന്നാല്‍ അഞ്ചുവര്‍ഷം മുമ്പാണ് സര്‍ക്കാരിന്റെ ശ്രദ്ധ കാസര്‍ക്കോട്ട് പതിഞ്ഞത്. തുടര്‍ന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് 526 പേരുടെ മരണം എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചത്. 7500 പേരെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും   പഠനങ്ങള്‍ കണ്ടെത്തി. പ്രതിമാസ പെന്‍ഷനും അരലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ക്കേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുള്ളൂ.

               അതിനിടയിലാണ് ചികിത്സാരംഗത്തെ അനാസ്ഥ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ ജീവനപഹരിക്കുന്ന സ്ഥിതിവിശേഷം. പ്രജീതയുടെ വായില്‍നിന്ന് നുരയും പതയും ഒപ്പം ചോരയും വരുന്നത് കണ്ട് പരിഭ്രമിച്ച് ആശുപത്രിയിലെത്തിച്ചപ്പോള്‍ മതിയായ ചികിത്സ പോകട്ടെ അലിവാര്‍ന്ന വാക്കോ നോട്ടമോ പോലും അധികൃതരില്‍നിന്ന് ലഭിച്ചില്ല. ഏറെക്കുറെ മരണാസന്നയായ കുട്ടിയേയും കൊണ്ട് ഡോക്ടറുടെ വീടു തേടി അലയേണ്ടിവന്നിട്ടും അദ്ദേഹം കണ്ണുതുറന്നതുമില്ല. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കൃത്യവിലോപം മൂലം രോഗികള്‍ മരിക്കുന്ന ആട്ടക്കഥകള്‍ക്കിവിടെ പഞ്ഞമില്ല. എന്നാല്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒരു രോഗത്തിന്റെ ചികിത്സയില്‍ അതും ഒരു കൊച്ചുബാലികയുടെ കാര്യത്തില്‍ ഒരു പവിത്രകര്‍മ്മമെന്ന് കരുതി പങ്കാളിയാകാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോകുന്നുവെന്നത് ആരെയും രോഷാകുലരാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

               എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയവരെ അന്വേഷിച്ചാല്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് പറയേണ്ടിവരും. മണ്ണും വിണ്ണും വെള്ളവും മലീസമായി നാട് തന്നെ രോഗാതുരമായിട്ടും കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോള്‍ മദമിളകി ചിന്നംവിളിക്കുന്നത്. ചുമതലാബോധം മറക്കുന്നവര്‍ കുഞ്ചിക സ്ഥാനങ്ങളിലുള്ളവരാവുമ്പോള്‍ ചുവടുകള്‍ പിഴക്കും. ജീവിതം താളംതെറ്റും. ഈ പ്രവണതയില്ലാത്ത ഒരു മേഖലയുമില്ല. ആശുപത്രികളും ഡോക്ടര്‍മാരുമാവുമ്പോള്‍ മനുഷ്യജീവന്‍ കൊണ്ടാണ് കളിക്കുന്നതെന്നതിനാല്‍ ഗൗരവം കൂടുമെന്ന് മാത്രം. സംസ്‌കൃതിക്ക് സംഭവിച്ച ഈ വൃദ്ധിക്ഷയം എന്തായാലും അത്യന്തം ഉല്‍ക്കണ്ഠാജനകം തന്നെ.

Wednesday, May 4, 2011

എന്‍ എസ് എസിന്റെ ആധിപത്യമോഹം


               സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത ജാതി സംഘടനയാണ് എന്‍ എസ് എസ്. മന്നത്ത് പത്മനാഭന് ശേഷം ഇരുട്ട് പരത്തുകയല്ലാതെ സാമൂഹിക ജീവിതത്തില്‍ ഒരു മെഴുകുതിരി പോലും അവര്‍ കൊളുത്തിവെച്ചതായി അറിവില്ല. കീഴ്ജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും മുന്നില്‍ എരിഞ്ഞടങ്ങാത്ത ശത്രുതയുടെ അഗ്നിജ്വാലയായി വിലങ്ങുതടികള്‍ സൃഷ്ടിക്കുന്നതിലാണ് അവരുടെ പ്രധാന ശ്രദ്ധ. പിന്നോക്ക-ന്യൂനപക്ഷ സംവരണത്തിനെതിരെ അവര്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന  വെല്ലുവിളികള്‍ അപലപിക്കപ്പെടേണ്ടതാണ്.
മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ സംസ്‌കാരമില്ലാത്തവനും ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമെന്നൊക്കെ  എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ശകാരവര്‍ഷം നടത്തിയപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. പേരിന് കേരള കോണ്‍ഗ്രസ്സുകാരനാണെങ്കിലും വരേണ്യവര്‍ഗത്തിന്റെ മാനസപുത്രനായ ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതിന്റെ കലി ഇങ്ങനെയൊക്കെയല്ലേ തീര്‍ക്കാന്‍ പറ്റൂ. പെരുന്നയിലെ സംഘടനയുടെ ആസ്ഥാനത്ത് മാര്‍ത്തോമ സഭ മെത്രോപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമാമായി നടന്ന കൂടിക്കാഴ്ചക്കിടയിലാണ് വി എസിനെതിരെ  കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാവുന്നത് തടയാന്‍ എന്‍ എസ് എസ് സമദൂര നിലപാടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റംവരുത്തിയ കാര്യവും സുകുമാരന്‍ നായര്‍ വെളിപ്പെടുത്തുകയുണ്ടായി. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നുവെങ്കില്‍ അച്ചുതാനന്ദനെതിരെ ശബ്ദമുയര്‍ത്തിയേനേയെന്നും  നായര്‍ പറഞ്ഞുവെച്ചു.

                കേരളത്തിലെ പൊതുജീവിതത്തില്‍ സമുന്നത സ്ഥാനം അലങ്കരിക്കുന്നവരാണ് നായര്‍ സമുദായം. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സര്‍ക്കാര്‍ സര്‍വീസിലും അവര്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുന്‍പന്തിയിലുമാണ്. സംവരണ സമുദായങ്ങളാവട്ടെ സമസ്തമേഖലകളിലും ബഹുദൂരം പിന്നില്‍ തന്നെ. അനുവദിക്കപ്പെട്ട സംവരണത്തിന്റെ പരിരക്ഷ പോലും അര്‍ഹിക്കുന്ന രീതിയില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. അച്ചുതാനന്ദന്റെ സമുദായമായ ഈഴവരും ഈ ഗണത്തില്‍ പെടും. എന്നിട്ടും നായര്‍ സമുദായത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന വാദം ശക്തമായപ്പോള്‍ രണ്ടു മുന്നണികളും  സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി. പത്ത് ശതമാനം വകവെച്ചുകൊടുക്കുകയും ചെയ്തു. നരേന്ദ്രന്‍ പാക്കേജില്‍ അതുള്‍പ്പെടുത്തിയത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരാണെങ്കില്‍  ഇത്തവണ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും അതു സംബന്ധിച്ച വാഗ്ദാനമുണ്ട്.   സാമ്പത്തിക സംവരണം അനുവദിച്ചാലും നരേന്ദ്രന്‍ പാക്കേജ് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന വാശിയാകട്ടെ  എന്‍ എസ് എസ് ഉപേക്ഷിച്ചിട്ടുമില്ല.

               നായര്‍ സമുദായത്തില്‍ ആഴത്തില്‍ വേരുകളുള്ള സംഘടനയല്ല എന്‍ എസ് എസ്. സമുദായത്തിന്റെ ഭാവിയേക്കാളും അവര്‍ക്കാവശ്യം സര്‍ക്കാര്‍ സംവിധാനത്തിലെ ചോദ്യംചെയ്യപ്പെടാത്ത ആധിപത്യവും കുത്തകയുമാണ്. സമദൂരം എന്ന സിദ്ധാന്തം തന്നെ രൂപപ്പെടുത്തിയത് സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വരുന്ന രണ്ടു മുന്നണികളെയും വരുതിയില്‍ നിര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ജനനന്മക്കു ഉതകുന്ന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചലനാത്മകമായ സമീപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അവര്‍ സൃഷ്ടിക്കുന്ന അലട്ടലുകള്‍ക്ക് തലവെച്ചുകൊടുക്കാന്‍ എല്‍ ഡി എഫിനേക്കാള്‍ വിധിക്കപ്പെട്ടത് യു ഡി എഫും കോണ്‍ഗ്രസുമാണ്. പെരുന്നയിലെ ആസ്ഥാനവിദ്വാന്മാരുടെ അംഗുലീചലനത്തിനനുസരിച്ചേ കെ പി സി സി പ്രസിഡണ്ട് പോലും സഞ്ചരിക്കൂ എന്ന് വന്നിരിക്കുന്നു. ശശി തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തപ്പോള്‍ ദല്‍ഹിനായരെന്ന് വിളിച്ച് അധിക്ഷേപിച്ചത് അദ്ദേഹം പെരുന്നയുടെ വരുതിയില്‍ നില്‍ക്കാത്തതുകൊണ്ടാണ്.

                കേന്ദ്രമന്ത്രിസഭയില്‍ കെ സി വേണുഗോപാലന്‍ എന്ന കറകളഞ്ഞ കേരളനായര്‍ അംഗമായി വന്നത് എന്‍ എസ് എസിന്റെ നോമിനിയെന്ന  നിലയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടും അവര്‍ തൃപ്തരല്ല. കേരള മുഖ്യമന്ത്രിപദത്തിലാണ് ഇപ്പോള്‍ കണ്ണ്. രമേശ് ചെന്നിത്തലയാണ് അവരുടെ സ്ഥാനാര്‍ഥി. ഈ അധികാരമോഹം മഹാവിപത്തായി മാറുമെന്നതിന്റെ ലക്ഷണമാണ് സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്.  അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നത് നായര്‍ സമുദായം അംഗീകരിക്കുകയില്ലെന്ന അദ്ദേഹത്തിന്റെ വാശിയുടെ പൊരുളും മറ്റൊന്നല്ല.
 
               ജാതിസമുദായ സംഘടനകള്‍ രാഷ്ട്രീയ രംഗത്തും ഭരണകൂടത്തിലും അവിഹിത സ്വാധീനം ചെലുത്തുന്നതും അവരുടെ സമ്മര്‍ദങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ വഴങ്ങുന്നതും ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാണ്. ഫാസിസത്തെ വിളക്കിച്ചേര്‍ക്കുന്ന ഇത്തരം ഹീനവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുക  വഴി പ്രവചനാതീതമായ ഭവിഷ്യത്തുകളാണ്് ക്ഷണിച്ചുവരുത്തുന്നതെന്ന് ചിന്തിക്കാത്തതാണ് കഷ്ടം.

               എസ് എസിന്റെ ആശീര്‍വാദത്തോടെ പിറവിയെടുത്ത എന്‍ ഡി പി എന്ന രാഷ്ട്രീയ പരീക്ഷണത്തെ മലയാളികള്‍ നിലംതൊടീക്കുകയുണ്ടായില്ല. വേണമെങ്കില്‍  പരീക്ഷണം ആവര്‍ത്തിക്കാം. നിര്‍ണായക ശക്തിയാവാന്‍ അതാണ് നേരായ മാര്‍ഗം. അല്ലാതെ മലയാളികളുടെ സാംസ്‌കാരിക ബോധത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തുന്ന സമീപനം അനുവദിക്കാനാവില്ല. വി എസിനെതിരെ സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനം ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.  പരാമര്‍ശം പിന്‍വലിച്ച്  മാപ്പുപറയുകയാണ് വേണ്ടത്. എന്‍ എസ് എസ് നേതാക്കള്‍ മുഴുവന്‍ സുകുമാരന്‍ നായരോട് യോജിപ്പുള്ളവരാവില്ല. അഴിമതിക്കാരുടെ ആശ്രിതരും അതിലുണ്ടെന്ന  വി എസിന്റെ പ്രതികരണം ശ്രദ്ധേയമാണ്. ബാലകൃഷ്ണപിള്ളയെ ന്യായീകരിക്കുന്നവരെ അങ്ങനെയല്ലേ കാണാനാവൂ.

Monday, May 2, 2011

ഭീകരവാദം അവസാനിക്കുമോ?


                 ഉസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പില്ല എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സി ഐ എ കമാണ്ടോകള്‍ പാക്കിസ്ഥാനില്‍ നടത്തിയ ഓപ്പറേഷനില്‍ അദ്ദേഹം വധിക്കപ്പെട്ടുവെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ തന്നെ പുറത്തുവിട്ടത്. ഇസ്‌ലാമാബാദിലെ അബോട്ടിബാദിലുള്ള ഒളിത്താവളത്തില്‍ വെച്ച് ലാദന്റെയും മകന്റെയും മറ്റ് രണ്ടുപേരുടെയും കഥകഴിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു അമേരിക്ക. വിവരമറിഞ്ഞ് ഞെട്ടിയുണര്‍ന്ന അവിടുത്തെ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി, ആഹ്‌ളാദ നൃത്തമാടി. അവര്‍ക്ക് ഭൂമുഖത്ത് ഉസാമ എന്ന ഒരു ശത്രു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയെ സംബന്ധിച്ചെടുത്തോളം അദ്ദേഹം കഥാവശേഷനായാല്‍ പിന്നെ ഭീകരവാദം പഴങ്കഥയാവും. അതുകൊണ്ടാണ് ലാദന്‍ വധം പുറത്തുവിട്ട ഒബാമ ഈ സംഭവത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ചത്.

                  ഉസാമ ഇനി ഭൂമുഖത്ത് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ മൃതദേഹം തന്നെ ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമാണ്. പാക്കിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയില്‍ പര്‍വതനിരകളിലെ കാടുകളിലെവിടെയോ അദ്ദേഹമുണ്ടെന്ന് അമേരിക്ക ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അത് വിശ്വസിക്കാന്‍ വിഷമം തോന്നിയിരുന്നു. കാരണം ഈ പ്രദേശങ്ങളൊക്കെ കഴിഞ്ഞ പത്തുവര്‍ഷമായി അരിച്ചുപെറുക്കിയ അമേരിക്കന്‍ സേനക്ക് പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിക്കുക പ്രയാസകരമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണം പ്രചരിച്ച സന്ദര്‍ഭങ്ങളിലെല്ലാം അല്‍ ജസീറ ചാനലിലൂടെ നിഷേധക്കുറിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. എന്തായാലും ലാദനെ നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കെല്ലാം ഭയമായിരുന്നു. അമേരിക്കന്‍ ഭരണാധികാരികളെ പോലും കിടുകിടാ വിറപ്പിച്ച ഒരേ ഒരാള്‍ ലോകത്ത്ബിന്‍ ലാദന്‍ മാത്രമാണ്. മെലിഞ്ഞ് ശോഷിച്ച ഒരു താടിക്കാരന്‍, ശബ്ദം തീരെ താഴ്ത്തി സംസാരിക്കുന്ന ക്ഷീണിതനായ മധ്യവയസ്‌ക്കന്‍, അഫ്ഗാന്‍ മലനിരകളില്‍ ഏറെക്കുറെ ഏകാകിയായി നടന്നുനീങ്ങുന്ന ലാദനെ വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടവര്‍ക്കാര്‍ക്കും അദ്ദേഹം ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. വധത്തിന് ശേഷവും അതു തന്നെയല്ലേ അവസ്ഥ.

                സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണ ഉസാമ വിദ്യാസമ്പന്നനുമായിരുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുണ്ടായിരുന്ന ലാദനെ തീവ്രവാദിയാക്കിയത് അമേരിക്ക തന്നെയാണ്. അഫ്ഗാന്‍ ഭരണകൂടത്തെ കെട്ടുകെട്ടിക്കാന്‍ അവര്‍ ലാദനെ കരുവാക്കി. 1988ലാണ് അദ്ദേഹം അല്‍ഖാഇദ സ്ഥാപിച്ചത്. സോവിയറ്റ് യൂന്യന്റെ തകര്‍ച്ചയോടെ ഏകധ്രുവ ലോകം കെട്ടിപ്പടുക്കാന്‍ കച്ചമുറുക്കിയ അമേരിക്കക്കെതിരെ തിരിയാന്‍ ലാദനെയും സഹപ്രവര്‍ത്തകരെയും പ്രേരിപ്പിച്ചത് സ്വാഭാവികം മാത്രമായിരുന്നു. അത് അവസാനം അമേരിക്കക്കെതിരെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിലാണ് കലാശിച്ചത്.

               2001 സപ്തമ്പര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോമ്പിംഗ് അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവനും അമ്പരപ്പിച്ച സമാനതകളില്ലാത്ത സംഭവമായിരുന്നു. മുവ്വായിരത്തിലേറെ അമേരിക്കക്കാര്‍ വധിക്കപ്പെട്ടു. പരമ്പരാഗത രീതിയില്‍ അമേരിക്കയെ ആക്രമിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമേരിക്ക ഉറച്ചുവിശ്വസിച്ചിരുന്നു.  അതുകൊണ്ട് ലോകത്തെവിടെയും ഇടപെടാന്‍ അവര്‍ക്ക് വല്ലാത്ത ആവേശമായിരുന്നു.  വിവിധ രാജ്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും അവിടങ്ങളില്‍ ആഭ്യന്തര ശൈഥില്യം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടാതിരുന്നിടത്താണ് ഉസാമ ബിന്‍ ലാദന്‍ എന്ന ചുണക്കുട്ടി അവിശ്വസനീയമാംവിധം വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും യു എസിന്റെ അഭിമാനസ്തംഭങ്ങളായ ബഹുനില സമുച്ഛയം   വിമാനങ്ങള്‍ ഉപോയഗിച്ച് ഇടിച്ചുതകര്‍ത്തത്. അമേരിക്കയുടെ മുഖത്തടിയേറ്റതില്‍ സഖ്യശക്തികളൊഴിച്ച് എല്ലാവരും അത്യന്തം ആഹ്‌ളാദിച്ച സന്ദര്‍ഭമായിരുന്നു അതെങ്കിലും നിരപരാധികള്‍ കൊല്ലപ്പെട്ടതിലെ പ്രതിഷേധത്തില്‍ ആ സന്തോഷം മുങ്ങിപ്പോയി. സപ്തമ്പര്‍ 11 ന് ശേഷം വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളും അല്‍ഖാഇദക്കും ലാദനുമെതിരെ ജനരോഷം വളര്‍ത്താനാണ് ഉപകരിച്ചത്.

               എന്നാല്‍ ലാദന്റെ വധത്തോടെ ലോകത്ത് ആത്യന്തികമായി ഭീകരവാദം അവസാനിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. ലാദന്‍ അമേരിക്കക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നവര്‍ വേറെയുമുണ്ട്. അനീതി മുടിയഴിച്ചാടുമ്പോഴാണ് ഭൂമുഖത്ത് തീവ്രവാദവും ഭീകരവാദവുമൊക്കെ തഴച്ചുവളരുക. ലോകത്ത് ഭീകരവാദം വളര്‍ത്തുന്നതില്‍ അമേരിക്കയുടെയും ഇസ്രായീലിന്റെയും തെറ്റായ നയങ്ങള്‍ക്ക് തന്നെയാണ് ഇന്നും മുഖ്യപങ്ക്. ഇനിയിപ്പോള്‍ അനീതി എവിടെ കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കുമെന്നതിന്റെ തെളിവാണ് ഈജിപ്തിലെയും ടുണീഷ്യയിലെയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെയും പുതിയ സംഭവ വികാസങ്ങള്‍.

               പാക്കിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനം സജീവമാണെന്ന ഇന്ത്യയുടെ വാദം അസ്ഥാനത്തല്ലെന്ന് ഇപ്പോഴെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. പാക്കിസ്താന്റെ സഹായത്തോടെയാണ് ലാദനെ കണ്ടെത്താനായത് എന്ന കാര്യം വിസ്മരിക്കുന്നില്ല. ലാദന്‍ കഥാവശേഷനായെങ്കിലും അല്‍ഖാഇദയും ലഷ്‌ക്കറെ ത്വയ്ബയും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. ഒരു പക്ഷെ കൂടുതല്‍ സജീവമാകാനും സാധ്യതയുമുണ്ട്.  അതുകൊണ്ട് ഇന്ത്യയടക്കം തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്.

               ഉസാമ വധിക്കപ്പെട്ടതിലൂടെ രക്ഷപ്പെടാന്‍ പോകുന്നത് ഒബാമയാണ്. പ്രസിഡണ്ടിന്റെ നയങ്ങളില്‍ അമേരിക്കക്കാര്‍ തൃപ്തരായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന ഒബാമക്ക് ബുഷ് തുടങ്ങിവെച്ച സമരം വിജയിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഇനി സധൈര്യം ജനങ്ങളെ സമീപിക്കാം. പ്രസിഡണ്ട് പദവിയില്‍ അടുത്ത ഊഴവും തനിക്ക് തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്യാം. 
Related Posts Plugin for WordPress, Blogger...