Wednesday, April 24, 2013

ഹൈദരലി ശിഹാബുതങ്ങളുടെ സാരോപദേശം


          'മഹല്ല് നേതൃത്വം ക്രിയാത്മകമാവണം' എന്ന തലക്കെട്ടില്‍ ഈ മാസം 13ന് മുസ്‌ലിംലീഗ് പ്രസിഡണ്ടുകൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 'ചന്ദ്രിക' യില്‍ എഴുതിയ ലേഖനം എല്ലാവരും ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ധാര്‍മികമായി മുസ്‌ലിം സമൂഹം എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് നാട്ടിലെ വിവാഹങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നുവെക്കുന്നതെന്നും ധൂര്‍ത്തിന്റെയും ലോകമാന്യത്തിന്റെയുമൊക്കെ അരങ്ങായി വിവാഹസദസ്സുകള്‍ മാറിയിരിക്കുന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം തുറന്നുസമ്മതിക്കുന്നു. കല്യാണരാവുകള്‍ കുടിച്ചും കൂത്താടിയുമാണ് യുവസമൂഹം ആഘോഷിക്കുന്നതെന്നും ഇത്തരം അസാന്മാര്‍ഗികതകളെയും ആഭാസങ്ങളെയും പിഴുതെറിയാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു. സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നന്നായാല്‍ സമൂഹം മുഴുവന്‍ നന്നാവുമെന്നും അവര്‍ മോശമായാല്‍ സമൂഹം മുഴുവന്‍ മോശമാവുമെന്നുമുള്ള പ്രവാചകാധ്യാപനം ഓര്‍മപ്പെടുത്തിക്കൊണ്ടാണ്  ലേഖനം തുടങ്ങുന്നതു തന്നെ. അടുത്ത കാലത്തായി മഹല്ലുകളില്‍നിന്ന് ആത്മീയബോധം നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അധാര്‍മികതകളുടെയും അനാചാരങ്ങളുടെയും അരങ്ങുകളായി മഹല്ലുകള്‍ മാറിത്തീര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറയുന്നു.

          മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ അതിവേഗം മഹല്ലുകളെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ലഹരിവിരുദ്ധ മഹല്ലെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ വര്‍ഷങ്ങളായി നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കോ ഉപവാസങ്ങള്‍ക്കോ സാധിക്കാത്ത വിധത്തിലുള്ള നേട്ടം കൊയ്യാമെന്നും തങ്ങള്‍ ഉപദേശിച്ചിരിക്കുന്നു.

          ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സമുദായത്തിന് നേര്‍വഴിയുടെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ആയിരക്കണക്കിന് മഹല്ലുകളുണ്ടായിട്ടും സമൂഹത്തില്‍ പെരുകിവരുന്ന അനാശാസ്യങ്ങള്‍ക്ക് പിന്നിലെല്ലാം  എന്തുകൊണ്ട് മുസ്‌ലിം നാമങ്ങള്‍ മാത്രം എന്ന് ചോദിക്കാനും ഈ ലേഖനം തന്നെ തങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

          അഞ്ചുപതിറ്റാണ്ടിലേറെ കേരളത്തിലെ പ്രമുഖ മതസംഘടനകളുടെ തലപ്പത്തിരിക്കുകയും നൂറുക്കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും മുസ്‌ലിംലീഗെന്ന രാഷ്ട്രീയപാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും ചെയ്തവരാണ് പാണക്കാട്ടെ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബു തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബുതങ്ങളുമൊക്കെ. നിരവധി അറബിക്കോളജുകളുടെ നടത്തിപ്പിലും മുഖ്യപങ്കാളിത്തം അവര്‍ക്ക് തന്നെയാണ്. അതിനാല്‍ കേരളീയ മുസ്‌ലിം സമൂഹം ഇത്രമാത്രം അധ:പതിച്ചുവെങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അവര്‍ തന്നെയല്ലേ?

          മത-രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതു മുതല്‍ ഇതുവരെ ലീഗാണ് അവിടെ അധികാരത്തിലിരുന്നതും ഇപ്പോള്‍ ഇരിക്കുന്നതും. പ്രഥമ ജില്ലാ കൗണ്‍സില്‍ മദ്യനിരോധം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യം തങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. അന്ന് അദ്ദേഹമായിരുന്നു ജില്ലാ ലീഗ് പ്രസിഡണ്ടും സുന്നിയ യുവജന സംഘം അധ്യക്ഷനും. മിക്കവാറും പഞ്ചായത്തുകളും നഗരസഭകളും മലപ്പുറം ജില്ലയില്‍ ഭരിക്കുന്നതും ലീഗാണല്ലോ. എം എല്‍ എമാരില്‍ 12ഉം എം പിമാരും അവരുടേത് തന്നെ. എന്നിട്ടും മദ്യനിരോധം മലപ്പുറത്തു പോലും യാഥ്യാര്‍ഥ്യമാക്കാന്‍ കഴിയാത്തവരാണ് മഹല്ലുകളെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

        പ്രഖ്യാപനങ്ങളും പ്രസ്താവനകളും കേട്ടുമടുത്തു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇച്ഛാശക്തിയും ധാര്‍മികബോധവുമാണ് വേണ്ടത്. അതു ണ്ടായിരുന്നെങ്കില്‍ മുസ്‌ലിം സമുദായം തങ്ങള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഇത്രമാത്രം അധ:പതിക്കില്ലായിരുന്നു. എല്ലാ മതസംഘടനകളും ഈ കുളിമുറിയില്‍ നഗ്നരാണ്. സമ്മേളനങ്ങളും സനദുദാന മാമാങ്കങ്ങളും കോളജ് വാര്‍ഷികങ്ങളും അടിച്ചുപൊളിച്ച് പൊങ്ങച്ചം പ്രകടിപ്പിക്കാനല്ലാതെ അവര്‍ക്കെല്ലാം ഇതിനൊക്കെ എവിടെ നേരം.

Wednesday, February 6, 2013

നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത നീചകൃത്യം


     ഒരു നിര്‍വചനത്തിനും വഴങ്ങാത്ത നീചകൃത്യമാണ് തലസ്ഥാന നഗരിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍  ചൊവ്വാഴ്ച കാഴ്ചവെച്ചത്. നീതിയുടെയും മനുഷ്യത്വത്തിന്റെയും ശ്മശാനഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചുകേരളത്തിന്റെ നാളത്തെ പതാകവാഹകരാകാന്‍ ഇവര്‍ തന്നെയായിരിക്കും യോഗ്യര്‍. ഇരുള്‍മൂടിയ നമ്മുടെ ആകാശം തെളിയണമെങ്കില്‍ മഴ പെയ്യണം.  പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുകയും വേണം. അക്രമസമരങ്ങളിലൂടെ നാടിനെ വേവിച്ചെടുക്കാന്‍ മടിയില്ലാത്തവര്‍  ഭാവിയില്‍ അധികാരത്തിന്റെ അമരത്ത് വന്നുചേരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.  ഇപ്പോള്‍ തന്നെ ഭരണം  ജനങ്ങള്‍ക്കു വേണ്ടിയല്ല.  ജനങ്ങള്‍ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ലെന്ന്  മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുന്നു.   അപ്പോള്‍ അനുയായികള്‍  അദ്ദേഹത്തിന്റെ വഴി തെരഞ്ഞെടുത്താല്‍ കുറ്റം പറയാനാവില്ല.

     ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന നിവേദനം നല്‍കാനെന്ന പേരില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ അതിക്രമിച്ചുകയറിയ ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള എട്ടംഗ അക്രമിസംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ ദേഹമാസകലം കരി ഓയില്‍ ഒഴിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളും ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചെങ്കിലും കെ എസ് യുക്കാര്‍ കേട്ട ഭാവംപോലും നടിച്ചില്ല.  അക്രമികളെ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെയും കരിഓയില്‍ പ്രയോഗിച്ചു. തികച്ചും ആസൂത്രിതമായിരുന്നു  ഈ ഹീനകൃത്യം. തങ്ങളുടെ പരാക്രമം ഒപ്പിയെടുക്കാന്‍  ദൃശ്യമാധ്യമങ്ങളെ അവര്‍ മുന്‍കൂട്ടി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

     പ്‌ളസ് വണ്‍ ഫീസ് വര്‍ധിപ്പിച്ചത് ഹയര്‍ സെക്കണ്ടറി ഡയറക്ടറല്ലെന്ന് അറിയാത്തവരാണോ  കെ എസ് യുക്കാര്‍? മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഫീസ് വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.  ഡിസമ്പര്‍ 12ന്  ഇറങ്ങിയ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മാസമെടുത്തു. അവരുടെ ആവശ്യം ആത്മാര്‍ഥമായിരുന്നുവെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും സമീപിക്കാമായിരുന്നു.  വഴങ്ങുന്നില്ലെങ്കില്‍  കരി ഓയില്‍ പ്രയോഗം അവര്‍ക്ക് നേരെ ആകാമായിരുന്നുവല്ലോ. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അക്രമകിക്കുന്നതിന്റെ കെമിസ്ട്രിയാണ് മനസ്സിലാവാത്തത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പായ ഗ്രൂപ്പിസമായിരിക്കുമോ ഇതിന് പിന്നിലും  വില്ലനായി പ്രവര്‍ത്തിച്ചിട്ടുണ്ടാവുക?  ഏതെങ്കിലും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ വകയായിരുന്നു ഈ നീചകൃത്യമെങ്കില്‍  മനസ്സിലാക്കാമായിരുന്നു. അവര്‍ പോലും ചെയ്യാനറച്ച കാടത്തമാണ് ഗാന്ധി ശിഷ്യന്മാരെന്ന് അഭിമാനിക്കുന്ന കെ എസ് യുക്കാര്‍ ചെയ്തത്.

     ഗംഗാനദിക്ക് പഴയതുപോലെ വിശുദ്ധി അവകാശപ്പെടാനാവാത്തതു പോലെ കോണ്‍ഗ്രസിലും സംശുദ്ധ ചിന്തകള്‍ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ക്രിമിനലിസം വളര്‍ത്തി നേട്ടം കൊയ്യുന്ന ഫാസിസ്റ്റുരീതി തങ്ങള്‍ക്കും ഇണങ്ങുമെന്ന് കോണ്‍ഗ്രസുകാരും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.  പാര്‍ടിയും നേതാക്കളും അധികാരത്തിന്റെ ആര്‍ഭാട പരിസരത്തു വിലസുമ്പോള്‍ വിശേഷിച്ചും. കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയാന്തരീക്ഷവും എത്ര മലീമസമാണെന്നതിന് ഗതകാല സംഭവങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും.

     വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ മുഴുവന്‍ മനംകവര്‍ന്ന കാലമുണ്ടായിരുന്നു. അധ്യയനം പോലും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ ജീവിതം ഹോമിച്ചവരെ രാഷ്ട്രം ഇന്നും അഭിമാനപൂര്‍വമാണ് അനുസ്മരിക്കുന്നത്. പഠിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ പോന്ന പ്രായം  നാടിനെ അടിമത്വത്തില്‍ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് ഇന്നത്തെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്കുള്ള ദൂരം എത്രയെന്നതിന് പുതിയ കരി ഓയില്‍ സമരം ഉത്തരം നല്‍കും. നീതിയുക്തമായതും ജനോപകാരപ്രദമായതും നിറവേറ്റാനുള്ള നിശ്ചയദാര്‍ഢ്യം രാജ്യത്തെ മിക്ക വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങള്‍ക്കും കൈമോശം വന്നിരിക്കുന്നു.

     നാം ജനാധിപത്യത്തെ കുറിച്ച് ആയിരം നാവില്‍ സംസാരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്ന്് അഭിമാനപൂര്‍വം അവകാശപ്പെടുന്നു. എന്നാല്‍  മഹത്തായ ജനാധിപത്യത്തെ നെഞ്ചോട് ചേര്‍ത്ത എത്ര രാഷ്ട്രീയ കക്ഷികളെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. പാര്‍ടികളിലെല്ലാം കാണുന്നത് നേതാക്കളുടെ സ്വേച്ഛാധിപത്യമാണ്. അതുകൊണ്ടാണ്  ഗ്രൂപ്പിസവും വിഭാഗിയതയും തഴച്ചുവളരുന്നത്. വലിയ നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നവര്‍ക്കേ രാഷ്ട്രീയത്തില്‍ ഭാവിയുള്ളൂ. ഈ പ്രതിഭാസം വിദ്യാര്‍ഥി-യുവജനസംഘടനകളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നു മാത്രം.

     കെ എസ് യു വിന്റെ കരി ഓയില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ നാലുപേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്. നേതൃത്വം കൊടുത്ത നൂറുദ്ദീനാകട്ടെ ഇസ്‌ലാമിന്റെ പ്രകാശം എന്ന സുന്ദരമായ നാമത്തില്‍ അറിയപ്പെടുന്ന ആളുമാണ്. മതപാഠശാലകളില്‍ ധാര്‍മിക മൂല്യങ്ങളെ കുറിച്ച് വളരെ നന്നായി അദ്ദേഹം പഠിച്ചിട്ടുണ്ടാവണം. എന്നിട്ടും മതമോ ദൈവവിശ്വാസമോ ഇല്ലാത്ത സാദാ വിദ്യാര്‍ഥിയുടെ സദാചാരബോധം പോലും അയാള്‍ക്കുണ്ടായില്ല. ഭാവിഭരണകര്‍ത്താക്കളായി വരുന്ന ഇവരെ കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യതാബോധം അനുഭവപ്പെടുന്നു. മാരകമായ ഈ ആഘാതത്തെ മുന്‍കൂട്ടി കാണാന്‍ ജനങ്ങള്‍ക്ക് കഴിയണം. അക്രമികളായ വിദ്യാര്‍ഥി നേതാക്കളെ കെ എസ് യു പുറത്താക്കിയത് സന്തോഷകരം തന്നെ. എന്നാലിവര്‍ ഇതിലും വലിയ പദവികളുമായി തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കുമാവില്ല.

Monday, January 21, 2013

ബാഫക്കിതങ്ങളും കെ എം മൗലവിയും


           സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ സമുന്നതനും മാതൃകായോഗ്യനുമായ മുസ്‌ലിം ലീഗ് നേതാവായിരുന്നു. നിസ്വാര്‍ഥനും നിഷ്‌ക്കളങ്കനുമായിരുന്നു അദ്ദേഹമെന്നതിലും തര്‍ക്കമില്ല. മതവിശ്വാസത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കണ്ട മഹാനായ ആ നേതാവില്‍ നിന്ന് ഇന്നത്തെ നേതൃത്വത്തിന് ധാരാളം പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുണ്ട്.

          അദ്ദേഹത്തിന്റെ 40-ം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ടി മുഖപത്രത്തില്‍ സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ എഴുതിയ ലേഖനത്തിലെ പ്രധാന പരാമര്‍ശം പക്ഷെ  സത്യത്തിന് നിരക്കാത്തതായിപ്പോയി. കെ എം മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ മുജാഹിദ് നേതാക്കളെ മുസ്‌ലിംലീഗിന്റെ തട്ടകത്തില്‍  നിലയുറപ്പിച്ചത് ബാഫക്കിത്തങ്ങളാണെന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ചരിത്രസത്യത്തിന് തീര്‍ത്തും വിരുദ്ധമാണ്. കെ എം മൗലവിയും സീതിസാഹിബുമെല്ലാം കേരളത്തിലെ ലീഗിന്റെ സ്ഥാപകനേതാക്കളായിരുന്നുവെന്ന യാഥാര്‍ഥ്യം ഇതുവരെ ബാവ മനസ്സിലാക്കാത്തത് കഷ്ടമായിപ്പോയി.

           ബാഫക്കിതങ്ങള്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത് മുസ്‌ലിംലീഗിനെ എതിര്‍ത്തുകൊണ്ടാണ്. 1937ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ കുറുമ്പ്രനാട്-കോഴിക്കോട് റൂറല്‍ മണ്ഡലത്തില്‍ ബി പോക്കര്‍ സാഹിബായിരുന്നു ലീഗു സ്ഥാനാര്‍ഥി.  ഖാന്‍ ബഹദൂര്‍ ആറ്റക്കോയതങ്ങളായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മുസ്‌ലിംലീഗും മുതലാളിത്തവും തമ്മില്‍ ഏറ്റുമുട്ടിയ ആ തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ക്ക് വേണ്ടിയാണ് ബാഫക്കിതങ്ങള്‍ രംഗത്തിറങ്ങിയത്.

           ഭരണഘടനാ വിദഗ്ധനും സുപ്രീം കോടതി അഭിഭാഷകനും വാഗ്മിയുമായിരുന്നു പോക്കര്‍ സാഹിബ്. (1952ല്‍ അദ്ദേഹം മദിരാശി അസംബ്‌ളിയിലേക്കും 1957ല്‍ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു) തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിനു ശേഷം കെ എം മൗലവിയും കെ എം സീതിസാഹിബും തങ്ങളെ ലീഗിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയുമാണുണ്ടായത്. സത്താര്‍ സേട്ടുവിനു പകരം മലബാര്‍ജില്ലാ ലീഗിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ പേര് നിര്‍ദേശിച്ചത് കെ എം മൗലവിയാണ്.

          തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രസിദ്ധീകരണം തുടങ്ങിയതും സീതിസാഹിബിന്റെയും കെ എം മൗലവി, മുഹമ്മദ് മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു.  വസ്തുത ഇങ്ങനെയാണെന്നിരിക്കെ ചരിത്രസത്യത്തെ പരിഹസിക്കുകയാണ് ബാവ ചെയ്തത്. അതിന് ഉപയോഗിച്ചതാകട്ടെ ചന്ദ്രിക പത്രവും. പാര്‍ടിയെ സുന്നിവല്‍ക്കരിക്കാനുള്ള അമിതാവേശത്തിനിടയില്‍ വായനക്കാരെയും പാര്‍ടി പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോയെന്ന് ബാവയും സഹപ്രവര്‍ത്തകരും പരിശോധിച്ചാല്‍ കൊള്ളാം.

          1980ല്‍ അറബി ഭാഷാ സമരത്തോടനുബന്ധിച്ച് യൂത്തുലീഗ് നടത്തിയ സമരത്തെ കുറിച്ചും ഇതുപോലെ സത്യവിരുദ്ധമായ ലേഖനം ചന്ദ്രികയില്‍  പ്രത്യക്ഷപ്പെട്ടത് ഓര്‍ക്കുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബിന്റെ ചരമദിനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലേഖനമെഴുതിയത്. മലപ്പുറം വെടിവെപ്പില്‍ ഒന്നാം പ്രതി താനാണെന്ന് ആലേഖനത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു.  മലപ്പുറം സംഭവത്തിലെ ഒന്നാംപ്രതി തിരൂര്‍ കൂട്ടായിയിലെ സി എം ടി കോയാലി എന്ന ആളായിരുന്നു. കണ്ടാലറിയാവുന്ന ആറായിരം പേരെ പ്രതിചേര്‍ത്ത ആ   കേസില്‍ കുഞ്ഞാലിക്കുട്ടി  പ്രതിയേ ആയിരുന്നില്ല. കോയാലി സാഹിബാകട്ടെ പാര്‍ടിയുടെ സംസ്ഥാന കൗണ്‍സിലറായിരുന്നു. അവിടെയും ചരിത്രത്തെ മാനഭംഗപ്പെടുത്താന്‍ ഒരു മന:സാക്ഷിക്കുത്തും ആര്‍ക്കുമുണ്ടായില്ല.

           ബാവ  ലേഖനത്തില്‍ അവകാശപ്പെടുന്നതു പോലെ  മരിച്ചവര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാനല്ല ലീഗ് സ്ഥാപിച്ചത്. ജീവിച്ചിരിക്കുന്നവരുടെ ജീവന്മരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ്. ഖാഇദെമില്ലത്തും ഖാഇദില്‍ ഖൗം ബാഫക്കിതങ്ങളും  സീതിസാഹിബും സി എച്ചുമെല്ലാം നിര്‍വഹിച്ച ദൗത്യത്തെ കുറിച്ച് ചുരുങ്ങിയ പക്ഷം എം സിയുടെ പുസ്തകമെങ്കിലും ബാവ വായിക്കണമായിരുന്നു. പട്ടിക്കാട് ജാമിഅ.നൂരിയ്യ അറബിക്കോളജ് യൂണിവാഴ്‌സിറ്റിയാക്കണമെന്ന് ബാഫക്കിതങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന ബാവയുടെ കണ്ടുപിടുത്തവും ശരിയല്ല.  തങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അങ്ങനെ ഒരാവശ്യം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കോളെജിന്റെ ഭരണസാരഥ്യം വഹിച്ചവര്‍ക്ക് അത് നിര്‍വഹിക്കാമായിരുന്നു. ബാഫക്കിതങ്ങള്‍ക്ക് ശേഷം പട്ടിക്കാടിന്റെ അമരക്കാരായി വന്ന പാണക്കാട്ടെ തങ്ങന്മാര്‍ എന്തുകൊണ്ട് ബാഫക്കിതങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കിച്ചില്ല എന്ന് ബാവക്ക് അന്വേഷിക്കാമായിരുന്നു.

Saturday, January 19, 2013

അശ്‌ളീലങ്ങള്‍ക്ക് അറുതിവരട്ടെ


          സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ  ലൈംഗികാതിക്രമം സംബന്ധിച്ച കേസുകള്‍  കൈകാര്യം ചെയ്യുന്നതിനു കൊച്ചിയില്‍ അതിവേഗ കോടതി സ്ഥാപിക്കാനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സാംസ്‌കാരിക അശ്‌ളീലങ്ങള്‍ക്ക് നിരന്തരം സാക്ഷിയാകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മന്ത്രിസഭ ഫാസ്റ്റ് ട്രാക്ക് കോടതി സാക്ഷാല്‍ക്കരിക്കാന്‍ നിശ്ചയിച്ചത്. അതുകൊണ്ട് തുടര്‍ നടപടികള്‍ ഹൈക്കോടതി സ്വീകരിക്കും.  കോടതിക്കു കൊച്ചിയില്‍ തന്നെ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  18 തസ്തികകള്‍ കോടതിക്ക് വേണ്ടി സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. പീഡനക്കേസുകള്‍ മാത്രമല്ല നീതിയും തടവിലാക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ സര്‍ക്കാര്‍ ജാഗ്രത തുടരുകയും വേണം.

          സ്ത്രീപീഡനക്കേസുകളെ സംബന്ധിച്ചിടത്തോളം ഹോപ്‌ലസ് എന്ന ദുഷ്‌പേരുള്ള സംസ്ഥാനമാണ് കേരളം. വമ്പന്‍ പെണ്‍വാണിഭക്കേസുകള്‍ പോലും തുമ്പും പിടിയുമില്ലാതെ മാഞ്ഞുപോവുകയോ കാലാകാലങ്ങളോളം നീളുകയോ ചെയ്യുന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താനാവും. വിധിക്ക് ശേഷവും താണ്ടാന്‍ നിയമപരമായ പടവുകളും അപ്പീല്‍ സാധ്യതകളും ബാക്കി കിടക്കുന്നുവെന്നതാണ് കേസുകളെ സംബന്ധിച്ച മറ്റൊരാശങ്ക. സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ജീവിതകഥ തന്നെ ഇതിനെല്ലാമുള്ള ഒന്നാന്തരം തെളിവാണ്. ദുരിതങ്ങളുടെ തീവെയിലില്‍ അവള്‍ ഓടിയോടി തളര്‍ന്നിരിക്കുന്നു. അപമാനങ്ങളുടെ പെരുമഴയില്‍ യുവതി ചൂളി വിറയ്ക്കുകയാണ്. പീഡനക്കേസിലെ ഇരയും മുഖ്യസാക്ഷിയുമായിട്ടും സമൂഹവും പൊലീസുമാകട്ടെ അവളോട് പ്രതിയെ പോലെ പെരുമാറുകയും ചെയ്യുന്നു.

          പതിനാറു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 40 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് സംസ്ഥാനത്തെ ഞെട്ടിച്ച സൂര്യനെല്ലി കേസ്. 1996 ജനുവരിയിലായിരുന്നു സംഭവം. പ്രത്യേക കോടതിയിലായിരുന്നു കേസ്. 2000 സപ്തമ്പര്‍ അറിനു 35 പ്രതികള്‍ക്ക് പ്രത്യേകകോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഇതില്‍ ഒരാളെ മാത്രം ശിക്ഷിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തപ്പോള്‍ നീതിയുടെ കാവലാകേണ്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സംഭവിച്ച മൂല്യശോഷണമാണ് വിളംബരം ചെയ്യപ്പെട്ടത്.  ഹൈക്കോടതി വിധിക്കെതിരെ  നല്‍കിയ അപ്പീല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്ന്  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ വെളിപ്പെടുത്തിയപ്പോള്‍ അതും വാര്‍ത്തയായി. കാരണം  അപ്പീല്‍ സുപ്രീം കോടതിയുടെ മേശപ്പുറത്ത് സുഖനിദ്ര കൊള്ളാന്‍ തുടങ്ങിയിട്ട് നീണ്ട എട്ടുവര്‍ഷമായി.  ഇത്രയും ദീര്‍ഘകാലം അപ്പീല്‍ വിചാരണക്കെടുക്കാതിരുന്നതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ദല്‍ഹി പെണ്‍കുട്ടിയുടെ രക്തസാക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഈ കേസ് വന്നതെന്ന് കൂടി ഓര്‍ക്കുക.

          ഏത് നാട്ടിലായാലും ഒരേ കുറ്റം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുക എന്നത് ആ ജനതയെ സംബന്ധിച്ചിടത്തോളം ഉല്‍ക്കണ്ഠാജനകമാണ്. അതുകൊണ്ടു തന്നെ ആ ജനത വൈകാരികമായി അരക്ഷിതമായിപ്പോകും. അത്തരത്തില്‍ അരക്ഷിതമായിപ്പോയ ഒരു ജനതയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പെണ്‍വാണിഭക്കേസുകളില്‍ എന്താണ് സംഭവിക്കുന്നത്? പീഡനത്തിലെ ഇരകള്‍ മുതിര്‍ന്ന സ്ത്രീകളായിരുന്നില്ല. 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥിനികളായിരുന്നു. എന്നിട്ടും പെണ്‍വാണിഭങ്ങള്‍ എന്നാണ് നാം പറഞ്ഞത്. ഒരു കൂട്ടം മുതിര്‍ന്ന പുരുഷന്മാരാല്‍ ഈ പെണ്‍കുട്ടികള്‍ നീചമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ പ്രതികളില്‍ ആരെങ്കിലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയുണ്ടായോ? പ്രതികളെല്ലാം സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നു. നീതിനിയമങ്ങളെ വിലക്കുവാങ്ങുന്നു.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ വിരാജിക്കുന്നു. ഫലമോ പെണ്‍വാണിഭ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു.

         സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകളും വര്‍ധിച്ചുവരികയാണ്. ഗുരുനാഥന്മാര്‍ പീഡകരാകുമ്പോള്‍ ക്‌ളാസുമുറികള്‍ കുരുന്നുകളുടെ കണ്ണീര്‍കളങ്ങളാകും. ഗുരുനാഥന്‍ എന്ന പദവി ഉപയോഗപ്പെടുത്തി കുട്ടികളെ ചൂഷണത്തിനിരയാക്കുന്നവരുടെ കൂട്ടത്തില്‍ മദ്രസാ അധ്യാപകര്‍ പോലുമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിലും സര്‍ക്കാര്‍ സ്ഥാപനമായ കേരള മഹിളാ സമാഖ്യയിലും പൊലീസിലും ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ നമ്മെ അത്ഭുതപ്പെടുത്തും.

          കേരളം ഒന്നടങ്കം ഒപ്പം നിന്ന കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമിക്ക് നീതിപീഠം വിധിച്ച വധശിക്ഷ നടപ്പിലാവുമെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തമിഴ് ഭിക്ഷക്കാരനാണ് പ്രതിയെന്നതിനാലാണ് മലയാളിയുടെ കുറ്റബോധലേശമില്ലാത്ത പിന്തുണ കേസിന് ലഭിച്ചത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള, നിരവധി കേസുകളില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന 'അനാഥ'നു വേണ്ടി വാദിക്കാന്‍ 65 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന അഡ്വ. ആളൂരും സംഘവും എത്തിയത്  പ്രധാന വഴിത്തിരിവാണ്. ഇതിനു പിന്നില്‍ മാഫിയ സംഘങ്ങളും മതസംഘടനകളും ഉണ്ടെന്ന ആരോപണം ശക്തമാണ്. താരതമ്യേന നിസ്സാരനായ പ്രതികള്‍ക്കു വേണ്ടി ചരടുവലിക്കാന്‍ ഇവിടെ ആളുകളുണ്ടെന്നത്  നീതിന്യായ സംവിധാനത്തെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല.

         'അവനെ ആദ്യം തൂക്കിക്കൊല്ലണം. പ്രായം കുറവാണെന്നതു കൊണ്ട്  ദയ കാണിക്കരുത.് അവനാണ് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നാണ് മകള്‍ എന്നോട് പറഞ്ഞത്' ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണിവ. പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരായ ശിക്ഷാ നടപടികളിലും മാറ്റം വരുത്തണമെന്നാണിത് സൂചിപ്പിക്കുന്നത്.

          പ്രത്യേക കോടതി വരുന്നതുകൊണ്ട് മാത്രം നീതി നടപ്പാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം.  ജയിലുകള്‍ പോലും കുറ്റവാളികള്‍ക്ക് സ്വര്‍ഗം തുല്യം ഒരുക്കിക്കൊടുക്കുന്ന സംസ്ഥാനമാണിത്. കിരാത നീതിയുടെ അടയാളങ്ങള്‍ എത്ര വേണമെങ്കിലും  സുലഭം. കുറ്റകൃത്യങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയോ രാഷ്ട്രീയ പാര്‍ടികളുടെയും മതനേതാക്കളുടെയും സജീവ പ്രതികരണമോ ഒന്നും ഇവിടെ ഉണ്ടാകുന്നില്ല. കോടതി മാത്രമാണ് ഏകാശ്രയം. കുത്തഴിഞ്ഞ സാംസ്‌കാരിക-സദാചാര വ്യവസ്ഥ തിരുത്താന്‍ പര്യാപ്തമായ ഇടപെടല്‍ തന്നെ നീതിപീഠത്തില്‍ നിന്ന് ഉണ്ടായേ മതിയാകൂ.
Related Posts Plugin for WordPress, Blogger...