Friday, May 3, 2013

ഏതാണ് നേര്‍വഴി?


     ജീവിതം സമ്പൂര്‍ണമായും സമര്‍പ്പിക്കുക എന്ന ശാന്തിമാര്‍ഗം ലക്ഷ്യംവെച്ചുള്ള ഇസ്‌ലാം മതം എന്ന ദൈവീക വ്യവസ്ഥ,  അല്ലാഹു തന്നെ വിശദീകരിച്ചുതരുന്നത് വിശുദ്ധ ഖുര്‍ആനിലൂടെയാണ്. ആദ്യത്തെ അധ്യായത്തില്‍ നാം ദൈവത്തോട് നിര്‍ദേശിച്ചുതരാന്‍ ആവശ്യപ്പെടുന്ന ചൊവ്വായ മാര്‍ഗം അഥവാ 'സ്വിറാത്തുല്‍ മുസ്തഖീം' എന്ന രാജപാതയും ആ ഖുര്‍ആന്‍ തന്നെയാണ്. ആ സ്വിറാത്തുല്‍ മുസ്തഖീമാണ് ഏതാനും കാര്യങ്ങള്‍ വിവരിച്ച ശേഷം 6:153 ല്‍ ഇതാണെന്റെ ചൊവ്വായ മാര്‍ഗം എന്നു പറഞ്ഞ് അല്ലാഹു വിവരിക്കുന്നത്.

     മദ്യപാനമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവ് എന്നു പറയാറുള്ളതു പോലെ ഖുര്‍ആനല്ലാത്ത മനുഷ്യനിര്‍മിത പുസ്തകങ്ങളാണ് ലോകത്ത് അശാന്തിയും അക്രമവും വിഘടനവാദവും വിഭാഗീയതയുംഅവഹേളനങ്ങളുമെല്ലാം ക്ഷണിച്ചുവരുത്തുന്നത്. ഉദാഹരണത്തിനു ലോകത്ത് ദൈവീകനീതി എന്ന ഒരേയൊരു നീതി മാത്രമേ ഉള്ളൂ. അല്ലാതെ ഓരോ മതസ്ഥര്‍ക്കും ഓരോ നീതി ഇല്ല. അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോ നീതി  നിര്‍മിക്കുന്നത് ശിര്‍ക്കും ആ ശിര്‍ക്ക് അക്രമവുമാണ്. അതുകൊണ്ടു തന്നെ പ്രവാചകന്റെ പേരില്‍ ആരോപിക്കപ്പെട്ടതും ശത്രുക്കളുടെ കറുത്ത കരങ്ങളാല്‍ വിപരീതമായതുമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളടങ്ങിയ ഗ്രന്ഥങ്ങള്‍ ഇനിയുള്ള കാലം ലോകത്തിനു മുമ്പില്‍ പരിഹാസ്യമാവുകയേ ഉള്ളൂ.

     ഒരേ മതത്തില്‍ പെട്ട വിവിധ ഗ്രൂപ്പുകള്‍ പോലും പരസ്പരം വെട്ടിയും കുത്തിയും ബോമ്പിട്ടും മരിക്കുന്ന സ്ഥിതിവിശേഷം ലോകത്ത് ഉണ്ടാക്കിത്തീര്‍ത്തത് ദൈവീക മുല്യങ്ങളെ വെടിഞ്ഞ് മനുഷ്യര്‍ നിര്‍മിച്ച മറ്റു പ്രമാണങ്ങളെ ഇസ്‌ലാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രാവര്‍ത്തികമാക്കിയതാണെന്ന് വിവേകശാലികളായ നിഷ്പക്ഷ ബുദ്ധികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. കാക്ക കാരണവന്മാര്‍ തുടര്‍ന്നു പോന്ന  ആചാരങ്ങളും അനുഷ്ഠാനങ്ങളും മതി ഞങ്ങള്‍ക്കെന്നും അവര്‍ നരകത്തില്‍ പോവുകയാണെങ്കില്‍ ഞങ്ങളും നരകത്തില്‍ പോയ്‌ക്കൊള്ളട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരെ കുറിച്ച് എന്തുപറയാന്‍? കാലപ്പഴക്കം അത്തരം ആളുകളുടെ ഹൃദയങ്ങളെ കഠിനമാക്കിക്കളഞ്ഞിരിക്കുകയാണെന്ന വിശുദ്ധ ഖുര്‍ആനിലെ വചനമാണ് ഇവിടെ ഓര്‍മിപ്പിക്കാനുള്ളത് (57:16)

     ഖുര്‍ആന്‍ മാത്രമാണ് മാര്‍ഗനിര്‍ദേശത്തിനുള്ള ഏക വഴി എന്ന് നാം മനസ്സിലാക്കണം. 'പറയുക, ദൈവത്തിന്റെ മാര്‍ഗനിര്‍ദേശമാകുന്നു സത്യമായ മാര്‍ഗനിര്‍ദേശം. (2:120). ദീനിന്റെ ഉറവിടവും ഖുര്‍ആന്‍ മാത്രമാണ്. 'നിങ്ങളിലേക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നും ഇറക്കപ്പെട്ടതിനെ പിന്‍പറ്റുക. അതുകൂടാതെ മറ്റ് രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. ഇതേ ആശയം തന്നെയാണ് 6-155 മുതല്‍ 157 വരെയുള്ള വചനങ്ങളിലും വിവരിക്കുന്നത്. 'എല്ലാ അനുഗ്രഹങ്ങളുമായി ഈ ഗ്രന്ഥം നാം അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കരുണ ചെയ്യപ്പെടാന്‍ വേണ്ടി അതിനെ പിന്തുടരുവിന്‍'.(6:155) തുടര്‍ന്ന് അല്ലാഹു പറയുന്നതു കാണുക.'ഞങ്ങളുടെ മുമ്പുണ്ടായിരുന്ന രണ്ടു വിഭാഗങ്ങള്‍ക്കു മാത്രമേ വേദം ഇറക്കപ്പെട്ടിട്ടുള്ളൂ. ഞങ്ങളാണെങ്കില്‍ അവരുടെ പഠനത്തെ കുറിച്ച് ഉദാസീനരായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കുവാനാണിത്. അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരു വേദം അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരേക്കാള്‍ സന്മാര്‍ഗികളായേനേ എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള തെളിവും മാര്‍ഗനിര്‍ദേശവും കാരുണ്യവും വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ദൈവീക വചനങ്ങളെ വ്യാജമാക്കി അതില്‍നിന്ന് തിരിഞ്ഞുപോകുന്നവരേക്കാള്‍ അക്രമി ആരുണ്ട്? നമ്മുടെ വചനങ്ങളില്‍നിന്ന് തിരിഞ്ഞുപോകുന്നവര്‍ക്ക് ശിക്ഷാദൂഷ്യം പ്രതിഫലമായി നല്‍കുന്നതാണ്' (6:156,157).

     അപ്പോള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് സമാനമായി മറ്റൊന്നില്ലെന്നും അതിനെ പിന്‍പറ്റണമെന്നും പ്രവാചകനോട് കല്പിക്കുകയും ചെയ്തു. ഖുര്‍ആനല്ലാത്ത മറ്റുള്ളവ തള്ളിക്കളയാനും അല്ലാഹു കല്‍പിച്ചു. ഏതൊരു പ്രവാചകനും അധികാരവും യുക്തിയും നല്‍കിയിട്ട് അവരുടെ സ്വന്തം കല്‍പനകള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ദാസന്മാരാകാന്‍ പ്രവാചകന്മാര്‍ കല്‍പിക്കില്ലെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. 'ഒരു മനുഷ്യന് ദൈവം വേദവും അധികാരവും പ്രവാചകത്വവും നല്‍കുകയും പിന്നീട് അദ്ദേഹം മനുഷ്യരോട് നിങ്ങല്‍ ദൈവത്തെ കൂടാതെ  എനിക്ക് ദാസന്മാരാകുവിന്‍ എന്ന് പറയാന്‍ പാടുള്ളതല്ല....' പ്രവാചകനോട് പറയുന്നതും നീ നിന്റെ രക്ഷിതാവില്‍ നിന്നും നിന്നിലേക്ക് വെളിപ്പെട്ടത് പിന്‍പറ്റുക (ഇത്തബിഅ മാ ഊഹിയ ഇലൈക്ക മിന്‍ റബ്ബിക്ക) എന്നാണ്.                                       (തുടരും)

Wednesday, May 1, 2013

കരീമിനെ രക്ഷിക്കാനും ലീഗു വേണം


     സംസ്ഥാന ടെക്സ്റ്റയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ യു ഡി എഫ് ഘടകകക്ഷിനേതാവായ മന്ത്രിയുടെ ശ്രമം. (മെയ് ദിനത്തിലെ പ്രധാന പത്രവാര്‍ത്ത)

     സംഭവം വിവാദമായതോടെ അന്വേഷണത്തിനു ഉത്തരവിടാന്‍ മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഘടകകക്ഷി മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മലബാറില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നു.

         കരീമിനെതിരെ അന്വേഷണം നടത്താന്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ നീക്കവും ഈ നേതാവ് ഇടപെട്ട് അട്ടിമറിച്ചിരുന്നു.

         പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ ഫണ്ട് അഴിമതി മുന്നില്‍ കണ്ട് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു വേണ്ടി വഴിമാറ്റിയെന്നാണ് ആക്ഷേപം. ഇത് ഖജനാവിനു 23 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു.

        ഈ അട്ടിമറിയിലെ വില്ലനും അവന്‍ തന്നെ . ലീഗുകാരുടെ പുലി. യു ഡി എഫ് ഭരണത്തിലും സി പി എം നേതാക്കള്‍ക്ക് കുശാല്‍. ഇങ്ങനെ എത്രയെത്ര കേസുകള്‍ ഇതിയാന്‍ അട്ടിമറിച്ചിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം, ചാക്ക് രാധാകൃഷ്ണന്‍ പ്രതിയായ മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം, മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധത്തിലെ മൊഴിമാറ്റം, ഗണേഷ്-യാമിനി തര്‍ക്കം തുടങ്ങി എത്രയെത്ര അട്ടിമറികള്‍. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ സഹായിച്ച സി പി എമ്മിനോട് നന്ദികാണിക്കേണ്ടേ? അതിനു വേണ്ടി ഇനിയെന്തെല്ലാം കുഞ്ഞാപ്പ ചെയ്യാനിരിക്കുന്നു. പാര്‍ടിക്കു വേണ്ടി സമരത്തിനു ഇറങ്ങുന്നതിനു മുമ്പ് ലീഗു പ്രവര്‍ത്തകരും യൂത്തുലീഗുകാരും രണ്ടു വട്ടം ആലോചിക്കട്ടെ. ഷുക്കൂറിന് ജീവന്‍ പോയി. കേസിനും തുമ്പുണ്ടാവുമെന്നും തോന്നുന്നില്ല. ജയ് കുഞ്ഞാപ്പ.

Wednesday, April 24, 2013

ഹൈദരലി ശിഹാബുതങ്ങളുടെ സാരോപദേശം


          'മഹല്ല് നേതൃത്വം ക്രിയാത്മകമാവണം' എന്ന തലക്കെട്ടില്‍ ഈ മാസം 13ന് മുസ്‌ലിംലീഗ് പ്രസിഡണ്ടുകൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 'ചന്ദ്രിക' യില്‍ എഴുതിയ ലേഖനം എല്ലാവരും ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ധാര്‍മികമായി മുസ്‌ലിം സമൂഹം എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് നാട്ടിലെ വിവാഹങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നുവെക്കുന്നതെന്നും ധൂര്‍ത്തിന്റെയും ലോകമാന്യത്തിന്റെയുമൊക്കെ അരങ്ങായി വിവാഹസദസ്സുകള്‍ മാറിയിരിക്കുന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം തുറന്നുസമ്മതിക്കുന്നു. കല്യാണരാവുകള്‍ കുടിച്ചും കൂത്താടിയുമാണ് യുവസമൂഹം ആഘോഷിക്കുന്നതെന്നും ഇത്തരം അസാന്മാര്‍ഗികതകളെയും ആഭാസങ്ങളെയും പിഴുതെറിയാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു. സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നന്നായാല്‍ സമൂഹം മുഴുവന്‍ നന്നാവുമെന്നും അവര്‍ മോശമായാല്‍ സമൂഹം മുഴുവന്‍ മോശമാവുമെന്നുമുള്ള പ്രവാചകാധ്യാപനം ഓര്‍മപ്പെടുത്തിക്കൊണ്ടാണ്  ലേഖനം തുടങ്ങുന്നതു തന്നെ. അടുത്ത കാലത്തായി മഹല്ലുകളില്‍നിന്ന് ആത്മീയബോധം നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അധാര്‍മികതകളുടെയും അനാചാരങ്ങളുടെയും അരങ്ങുകളായി മഹല്ലുകള്‍ മാറിത്തീര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറയുന്നു.

          മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ അതിവേഗം മഹല്ലുകളെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ലഹരിവിരുദ്ധ മഹല്ലെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ വര്‍ഷങ്ങളായി നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കോ ഉപവാസങ്ങള്‍ക്കോ സാധിക്കാത്ത വിധത്തിലുള്ള നേട്ടം കൊയ്യാമെന്നും തങ്ങള്‍ ഉപദേശിച്ചിരിക്കുന്നു.

          ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സമുദായത്തിന് നേര്‍വഴിയുടെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ആയിരക്കണക്കിന് മഹല്ലുകളുണ്ടായിട്ടും സമൂഹത്തില്‍ പെരുകിവരുന്ന അനാശാസ്യങ്ങള്‍ക്ക് പിന്നിലെല്ലാം  എന്തുകൊണ്ട് മുസ്‌ലിം നാമങ്ങള്‍ മാത്രം എന്ന് ചോദിക്കാനും ഈ ലേഖനം തന്നെ തങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

          അഞ്ചുപതിറ്റാണ്ടിലേറെ കേരളത്തിലെ പ്രമുഖ മതസംഘടനകളുടെ തലപ്പത്തിരിക്കുകയും നൂറുക്കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും മുസ്‌ലിംലീഗെന്ന രാഷ്ട്രീയപാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും ചെയ്തവരാണ് പാണക്കാട്ടെ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബു തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബുതങ്ങളുമൊക്കെ. നിരവധി അറബിക്കോളജുകളുടെ നടത്തിപ്പിലും മുഖ്യപങ്കാളിത്തം അവര്‍ക്ക് തന്നെയാണ്. അതിനാല്‍ കേരളീയ മുസ്‌ലിം സമൂഹം ഇത്രമാത്രം അധ:പതിച്ചുവെങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അവര്‍ തന്നെയല്ലേ?

          മത-രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതു മുതല്‍ ഇതുവരെ ലീഗാണ് അവിടെ അധികാരത്തിലിരുന്നതും ഇപ്പോള്‍ ഇരിക്കുന്നതും. പ്രഥമ ജില്ലാ കൗണ്‍സില്‍ മദ്യനിരോധം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യം തങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. അന്ന് അദ്ദേഹമായിരുന്നു ജില്ലാ ലീഗ് പ്രസിഡണ്ടും സുന്നിയ യുവജന സംഘം അധ്യക്ഷനും. മിക്കവാറും പഞ്ചായത്തുകളും നഗരസഭകളും മലപ്പുറം ജില്ലയില്‍ ഭരിക്കുന്നതും ലീഗാണല്ലോ. എം എല്‍ എമാരില്‍ 12ഉം എം പിമാരും അവരുടേത് തന്നെ. എന്നിട്ടും മദ്യനിരോധം മലപ്പുറത്തു പോലും യാഥ്യാര്‍ഥ്യമാക്കാന്‍ കഴിയാത്തവരാണ് മഹല്ലുകളെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

        പ്രഖ്യാപനങ്ങളും പ്രസ്താവനകളും കേട്ടുമടുത്തു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇച്ഛാശക്തിയും ധാര്‍മികബോധവുമാണ് വേണ്ടത്. അതു ണ്ടായിരുന്നെങ്കില്‍ മുസ്‌ലിം സമുദായം തങ്ങള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഇത്രമാത്രം അധ:പതിക്കില്ലായിരുന്നു. എല്ലാ മതസംഘടനകളും ഈ കുളിമുറിയില്‍ നഗ്നരാണ്. സമ്മേളനങ്ങളും സനദുദാന മാമാങ്കങ്ങളും കോളജ് വാര്‍ഷികങ്ങളും അടിച്ചുപൊളിച്ച് പൊങ്ങച്ചം പ്രകടിപ്പിക്കാനല്ലാതെ അവര്‍ക്കെല്ലാം ഇതിനൊക്കെ എവിടെ നേരം.

Wednesday, February 6, 2013

നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത നീചകൃത്യം


     ഒരു നിര്‍വചനത്തിനും വഴങ്ങാത്ത നീചകൃത്യമാണ് തലസ്ഥാന നഗരിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍  ചൊവ്വാഴ്ച കാഴ്ചവെച്ചത്. നീതിയുടെയും മനുഷ്യത്വത്തിന്റെയും ശ്മശാനഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചുകേരളത്തിന്റെ നാളത്തെ പതാകവാഹകരാകാന്‍ ഇവര്‍ തന്നെയായിരിക്കും യോഗ്യര്‍. ഇരുള്‍മൂടിയ നമ്മുടെ ആകാശം തെളിയണമെങ്കില്‍ മഴ പെയ്യണം.  പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുകയും വേണം. അക്രമസമരങ്ങളിലൂടെ നാടിനെ വേവിച്ചെടുക്കാന്‍ മടിയില്ലാത്തവര്‍  ഭാവിയില്‍ അധികാരത്തിന്റെ അമരത്ത് വന്നുചേരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.  ഇപ്പോള്‍ തന്നെ ഭരണം  ജനങ്ങള്‍ക്കു വേണ്ടിയല്ല.  ജനങ്ങള്‍ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ലെന്ന്  മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുന്നു.   അപ്പോള്‍ അനുയായികള്‍  അദ്ദേഹത്തിന്റെ വഴി തെരഞ്ഞെടുത്താല്‍ കുറ്റം പറയാനാവില്ല.

     ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന നിവേദനം നല്‍കാനെന്ന പേരില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ അതിക്രമിച്ചുകയറിയ ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള എട്ടംഗ അക്രമിസംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ ദേഹമാസകലം കരി ഓയില്‍ ഒഴിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളും ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചെങ്കിലും കെ എസ് യുക്കാര്‍ കേട്ട ഭാവംപോലും നടിച്ചില്ല.  അക്രമികളെ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെയും കരിഓയില്‍ പ്രയോഗിച്ചു. തികച്ചും ആസൂത്രിതമായിരുന്നു  ഈ ഹീനകൃത്യം. തങ്ങളുടെ പരാക്രമം ഒപ്പിയെടുക്കാന്‍  ദൃശ്യമാധ്യമങ്ങളെ അവര്‍ മുന്‍കൂട്ടി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

     പ്‌ളസ് വണ്‍ ഫീസ് വര്‍ധിപ്പിച്ചത് ഹയര്‍ സെക്കണ്ടറി ഡയറക്ടറല്ലെന്ന് അറിയാത്തവരാണോ  കെ എസ് യുക്കാര്‍? മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഫീസ് വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.  ഡിസമ്പര്‍ 12ന്  ഇറങ്ങിയ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മാസമെടുത്തു. അവരുടെ ആവശ്യം ആത്മാര്‍ഥമായിരുന്നുവെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും സമീപിക്കാമായിരുന്നു.  വഴങ്ങുന്നില്ലെങ്കില്‍  കരി ഓയില്‍ പ്രയോഗം അവര്‍ക്ക് നേരെ ആകാമായിരുന്നുവല്ലോ. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അക്രമകിക്കുന്നതിന്റെ കെമിസ്ട്രിയാണ് മനസ്സിലാവാത്തത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പായ ഗ്രൂപ്പിസമായിരിക്കുമോ ഇതിന് പിന്നിലും  വില്ലനായി പ്രവര്‍ത്തിച്ചിട്ടുണ്ടാവുക?  ഏതെങ്കിലും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ വകയായിരുന്നു ഈ നീചകൃത്യമെങ്കില്‍  മനസ്സിലാക്കാമായിരുന്നു. അവര്‍ പോലും ചെയ്യാനറച്ച കാടത്തമാണ് ഗാന്ധി ശിഷ്യന്മാരെന്ന് അഭിമാനിക്കുന്ന കെ എസ് യുക്കാര്‍ ചെയ്തത്.

     ഗംഗാനദിക്ക് പഴയതുപോലെ വിശുദ്ധി അവകാശപ്പെടാനാവാത്തതു പോലെ കോണ്‍ഗ്രസിലും സംശുദ്ധ ചിന്തകള്‍ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ക്രിമിനലിസം വളര്‍ത്തി നേട്ടം കൊയ്യുന്ന ഫാസിസ്റ്റുരീതി തങ്ങള്‍ക്കും ഇണങ്ങുമെന്ന് കോണ്‍ഗ്രസുകാരും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.  പാര്‍ടിയും നേതാക്കളും അധികാരത്തിന്റെ ആര്‍ഭാട പരിസരത്തു വിലസുമ്പോള്‍ വിശേഷിച്ചും. കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയാന്തരീക്ഷവും എത്ര മലീമസമാണെന്നതിന് ഗതകാല സംഭവങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും.

     വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ മുഴുവന്‍ മനംകവര്‍ന്ന കാലമുണ്ടായിരുന്നു. അധ്യയനം പോലും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ ജീവിതം ഹോമിച്ചവരെ രാഷ്ട്രം ഇന്നും അഭിമാനപൂര്‍വമാണ് അനുസ്മരിക്കുന്നത്. പഠിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ പോന്ന പ്രായം  നാടിനെ അടിമത്വത്തില്‍ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് ഇന്നത്തെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്കുള്ള ദൂരം എത്രയെന്നതിന് പുതിയ കരി ഓയില്‍ സമരം ഉത്തരം നല്‍കും. നീതിയുക്തമായതും ജനോപകാരപ്രദമായതും നിറവേറ്റാനുള്ള നിശ്ചയദാര്‍ഢ്യം രാജ്യത്തെ മിക്ക വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങള്‍ക്കും കൈമോശം വന്നിരിക്കുന്നു.

     നാം ജനാധിപത്യത്തെ കുറിച്ച് ആയിരം നാവില്‍ സംസാരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്ന്് അഭിമാനപൂര്‍വം അവകാശപ്പെടുന്നു. എന്നാല്‍  മഹത്തായ ജനാധിപത്യത്തെ നെഞ്ചോട് ചേര്‍ത്ത എത്ര രാഷ്ട്രീയ കക്ഷികളെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. പാര്‍ടികളിലെല്ലാം കാണുന്നത് നേതാക്കളുടെ സ്വേച്ഛാധിപത്യമാണ്. അതുകൊണ്ടാണ്  ഗ്രൂപ്പിസവും വിഭാഗിയതയും തഴച്ചുവളരുന്നത്. വലിയ നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നവര്‍ക്കേ രാഷ്ട്രീയത്തില്‍ ഭാവിയുള്ളൂ. ഈ പ്രതിഭാസം വിദ്യാര്‍ഥി-യുവജനസംഘടനകളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നു മാത്രം.

     കെ എസ് യു വിന്റെ കരി ഓയില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ നാലുപേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്. നേതൃത്വം കൊടുത്ത നൂറുദ്ദീനാകട്ടെ ഇസ്‌ലാമിന്റെ പ്രകാശം എന്ന സുന്ദരമായ നാമത്തില്‍ അറിയപ്പെടുന്ന ആളുമാണ്. മതപാഠശാലകളില്‍ ധാര്‍മിക മൂല്യങ്ങളെ കുറിച്ച് വളരെ നന്നായി അദ്ദേഹം പഠിച്ചിട്ടുണ്ടാവണം. എന്നിട്ടും മതമോ ദൈവവിശ്വാസമോ ഇല്ലാത്ത സാദാ വിദ്യാര്‍ഥിയുടെ സദാചാരബോധം പോലും അയാള്‍ക്കുണ്ടായില്ല. ഭാവിഭരണകര്‍ത്താക്കളായി വരുന്ന ഇവരെ കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യതാബോധം അനുഭവപ്പെടുന്നു. മാരകമായ ഈ ആഘാതത്തെ മുന്‍കൂട്ടി കാണാന്‍ ജനങ്ങള്‍ക്ക് കഴിയണം. അക്രമികളായ വിദ്യാര്‍ഥി നേതാക്കളെ കെ എസ് യു പുറത്താക്കിയത് സന്തോഷകരം തന്നെ. എന്നാലിവര്‍ ഇതിലും വലിയ പദവികളുമായി തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കുമാവില്ല.
Related Posts Plugin for WordPress, Blogger...