Thursday, February 24, 2011

ഇത് ഏത് പാമരനും ചെയ്യാവുന്ന പാഴ്‌വേല

          ആറുപതിറ്റാണ്ടിന്റെ പഴമയും പാരമ്പര്യവുമുണ്ട് കേരള നിയമസഭക്ക്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്തമാതൃകകള്‍ സൃഷ്ടിച്ച നിരവധി മഹത് വ്യക്തിത്വങ്ങള്‍ ആ സഭയില്‍ അങ്കം വെട്ടിയിട്ടുണ്ട്. അതോടൊപ്പം കാലത്തിന്റെ വിളി കേള്‍ക്കാനുള്ള തുറന്ന കാതും വിടര്‍ന്ന കണ്ണും അവര്‍ക്കുണ്ടായിരുന്നു. ഏത് നിയമങ്ങളെയും അവര്‍ തലനാരിഴ കീറി ചര്‍ച്ചചെയ്യും. സഭാ ലൈബ്രറി അതിനുവേണ്ടി അവര്‍ പരമാവധി ഉപയോഗിച്ചു. അങ്ങനെ പാസാക്കുന്ന നിയമങ്ങള്‍ക്കെല്ലാം കരുത്തും കാതലുമുണ്ടായിരുന്നു. സഭ ചേരുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പേ തലസ്ഥാനത്തെത്തി വരാനിരിക്കുന്ന ബില്ലുകളെകുറിച്ച് ആവശ്യത്തിലേറെ  പഠിച്ച്  നല്ല തയാറെടുപ്പോടെ മാത്രമേ അവര്‍  സഭയിലെത്തൂ.

          ഇന്ന് അതാണോ അവസ്ഥ. ചോദ്യോത്തരവേള കഴിഞ്ഞാല്‍ തുടങ്ങുകയായി കഥാകാലക്ഷേപം. ബഹളംവെക്കലും നടുത്തളത്തിലിറങ്ങലും സഭ സ്തംഭിപ്പിക്കലും ഒടുക്കം ബഹിഷ്‌ക്കരണവും.  12-ാം നിയമസഭയുടെ അവസാന സമ്മേളനത്തിനും അതുതന്നെ ഗതി. പ്രതിപക്ഷ ബഹളത്തിനിടയില്‍ മൂന്നു ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കിയെടുത്താണ് സഭ പിരിഞ്ഞത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന പി ശശിയുടെ വെളിപ്പെടുത്തലിനെകുറിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.  ഇക്കാര്യം മുമ്പും സഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചിത്. എന്നാല്‍ സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ലാത്തതിനാലാണ് ചര്‍ച്ചക്ക് തയാറാവാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. അവരുടെ ബഹളത്തിനും പ്രതിഷേധച്ചൂടിനുമിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.അടുത്ത കാലത്തായി മിക്ക നിയമസഭാ സമ്മേളനത്തിലും ഇതു തന്നെയാണവസ്ഥ. അത്യപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് സഭ നേരെ ചൊവ്വെ നടക്കുന്നത്. പല ദിവസങ്ങളിലും സഭയില്‍ അംഗങ്ങള്‍ തന്നെ  വിരളം. സീറ്റുകള്‍ മിക്കതും സദാസമയവും കാലി.

          ബാലകൃഷ്ണപിള്ളയെ പോലെ മറ്റുചില നേതാക്കളും ജയിലില്‍ പോകുമെന്ന്  ഭയക്കുന്നവരുണ്ട്. കരുണാകരന്‍ മരിച്ചെങ്കിലും മറ്റുപല പ്രമാണിമാരും പാമോലിന്‍ കേസിനെ ഭയപ്പെടുന്നത് കൊണ്ടാണ് ബഹളംവെക്കുന്നതെന്ന് മുഖ്യമന്ത്രി  തന്നെ വെളിപ്പെടുത്തുന്നു.
കേരളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ വോക്കൗട്ട് നടത്തിയ നേതാവ് ഉമ്മന്‍ചാണ്ടിയായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഏത് പാമരനും ചെയ്യാവുന്ന ഒരു പാഴ്‌വേലയാണിത്. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണല്ലോ എം എല്‍ എമാരെ തെരഞ്ഞെടുക്കുന്നത്.  അതിന് പക്ഷെ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നുവരില്ല. വോക്കൗട്ട് നടത്തിയാല്‍ എട്ടുകോളം മത്തങ്ങയില്‍ തലക്കെട്ട് കിട്ടും. അതുകൊണ്ട് പുതിയ അംഗങ്ങള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കില്ല.

          അസംബ്‌ളിയില്‍ വിഷയങ്ങള്‍ വ്യക്തമായും ശക്തമായും  അവതരിപ്പിക്കണം. ജനങ്ങള്‍അത് വായിച്ചറിയണം. തെരുവ് കോലാഹലങ്ങള്‍   കോണ്‍ഗ്രസിനെയും സി പി എമ്മിനെയും പോലുള്ള വന്‍വൃക്ഷങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് ഇനിയെങ്കിലും അവരുടെ നേതൃത്വം ആത്മപരിശോധന നടത്തണം. അസംബ്‌ളിയില്‍ നടക്കുന്ന കോപ്രായങ്ങളും ഗോഷ്ഠികളും മാത്രമേ മാധ്യമങ്ങളില്‍ വരികയുള്ളൂ എന്ന അവസ്ഥ  അംഗങ്ങള്‍ സമര്‍ഥന്മാരായി വളരാനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കിട്ടുന്ന അവസരം ഉപയോഗിച്ച് നല്ല എം എല്‍ എയായിരിക്കാനുള്ള    ഭാഗ്യം ലഭിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായി ചുരുങ്ങുകയാണ്. 

          നിയമസഭക്കകത്ത് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെ മരണവീടും കല്യാണവീടും കയറിയിറങ്ങലും മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കലുമായി ചുരുങ്ങിയിരിക്കുന്നു ഉത്തരവാദിത്തം. വികസനപ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം അടുത്ത ഊഴം ഉറപ്പിക്കാനുള്ള കുറുക്കുവഴി കൂടിയാണ്. ജയിച്ചാല്‍ മണ്ഡലത്തിലേക്ക് താമസം മാറ്റുന്നവരുമുണ്ട്. ഭരണത്തിന്റെ സദ്ഫലം ആസ്വദിക്കാന്‍ കഴിയണമെന്നേ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുള്ളൂ. ജനങ്ങളുടെ കണ്ണീര് കാണാനും പരിഹരിക്കാനുമുള്ള സന്മനോഭാവത്തെ കുറച്ചുകാണാനാവില്ലെങ്കിലും അതല്ല തങ്ങളുടെ മുഖ്യദൗത്യമെന്ന ബോധം മിക്ക എം എല്‍ എമാര്‍ക്കുമില്ല.

          രാഷ്ട്രീയപ്പോരാട്ടങ്ങള്‍ക്കിടയില്‍  നിയമസഭയുടെയുടെ അന്തസും ജനങ്ങളുടെ അവകാശങ്ങളും കളങ്കപ്പെടുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ സൃഷ്ടിക്കപ്പെട്ട  കാര്‍മേഘത്തിന്റെ കാളിമ അടുത്ത തെരഞ്ഞെടുപ്പ് വരെ നീളുമെന്ന് ഉറപ്പായി. വല്ലഭന് പുല്ലും ആയുധം എന്ന രീതിയില്‍ പഴയ അഴിമതിക്കഥകള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. മുന്‍മന്ത്രി കൂടിയായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത് മന്ത്രിമാരുടെയും എം എല്‍ എമാരുടെയും കണ്ണുതുറപ്പിക്കണം. വര്‍ഷം എത്ര കഴിഞ്ഞാലും ചുമതലാ നിര്‍വഹണത്തില്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയില്ലെങ്കില്‍ അഴിയെണ്ണേണ്ടിവരുമെന്ന് ഇതോടെ ഉറപ്പായി. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മാത്രമല്ല പ്രതിഭയുടെയും നിയമപരിജ്ഞാനത്തിന്റെയും ആള്‍രൂപമാവണം ജനപ്രതിനിധികള്‍. വോട്ടര്‍മാര്‍ കക്ഷിരാഷ്ട്രീയ താല്‍പര്യത്തേക്കാല്‍  പരിഗണിക്കേണ്ടതും ഇതുതന്നെ. ഇത്തരം ഒരു വഴിമാറ്റം ആവശ്യമുണ്ടെന്ന് സഭയുടെ ഇന്നത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.      

Thursday, February 17, 2011

പ്രത്യാഘാതം പ്രവചനാതീതം

          ലോകസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസവുമായി നിയമസഭാ തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ തയാറെടുക്കുന്ന കോണ്‍ഗ്രസും യു ഡി എഫും പുതിയ പുതിയ പ്രതിസന്ധികളെ വിലക്കെടുക്കുകയാണെന്ന് തോന്നുന്നു. മുന്നണിയുടെ കെട്ടുറപ്പിന് തന്നെ കനത്ത ആഘാതമേല്‍പിക്കുന്ന സംഭവപരമ്പരകളാണ് ഒന്നിന് പിറകെ മറ്റൊന്നായി വന്നുവീഴുന്നത്. ആയിരത്തൊന്ന് രാവുകള്‍ പോലെ ആയിരത്തൊന്ന് കേസുകള്‍. മര്‍മ്മത്ത് പിടിച്ചാല്‍ ഏത് മൈക്ക്‌ടൈസനായാലും നിലവിളിച്ചുപോകും. മുന്നണിയിലെ ഓരോ നേതാവും ഓരോ അര്‍ബുദകോശമായി വളരുകയാണെന്ന് കരുതണം. അതില്‍ ചികിത്സിച്ച് ഭേദമാക്കുന്നവരുണ്ട്. റേഡിയേഷന്‍ നല്‍കി സുഖപ്പെടുത്താവുന്നവരുണ്ട്. അറുത്തുമാറ്റേണ്ടവരുമുണ്ട്. അവ സമയോചിതം നിര്‍വഹിച്ചില്ലെങ്കില്‍ യു ഡി എഫ് തരംഗം തറരംഗമായി മാറും; സംശയമില്ല.

          എല്‍ ഡി എഫിന്റെ ഭരണമഹത്വം  യു ഡി എഫ് തരംഗത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിന് ശക്തികൂടി വന്നപ്പോഴാണ് കാര്യങ്ങള്‍ അട്ടിമറിയുന്നത്. 2ജി സ്‌പെക്ട്രം കേസും റാഡിയ ടേപ്പും  കോമണ്‍വെല്‍ത്ത് ഗെയിംസും അടക്കമുള്ള അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ ദേശീയതലത്തില്‍ മാത്രമല്ല സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ   കഷ്ടകാലം തുടങ്ങിയിരുന്നു. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പാര്‍ട്ടി ഒറ്റക്ക് പേറേണ്ടിവന്നു. യു ഡി എഫിലെ ഘടകകക്ഷികളാകട്ടെ ഒന്നൊന്നായി പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. ആദ്യം വന്നത് മാണി-ജോസഫ് ലയനം. പിന്നെ ഐസ്‌ക്രീം വിവാദം. തുടര്‍ന്ന് മുനീര്‍-കുഞ്ഞാലിക്കുട്ടി സംവാദം. റഊഫിന്റെ വെളിപ്പെടുത്തലുകള്‍. ചാക്ക് രാധാകൃഷ്ണന്‍. ശശീന്ദ്രന്റെയും കുട്ടികളുടെയും കൂട്ടആത്മഹത്യ. പിന്നാലെ വന്നു ഇടമലയാറിലെ ഇടിത്തീ. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപ്പിള്ളക്ക് സുപ്രീംകോടതി വിധിച്ചത്   ഒരുവര്‍ഷത്തെ കഠിനതടവും പിഴയും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിപ്പെടുന്ന മുന്‍മന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് തന്നെ ലഭിച്ചു. കൊട്ടാരക്കര ഗണപതി സമക്ഷം നിത്യവും തേങ്ങയുടക്കാറുള്ള പിള്ളക്ക് ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. മന്ത്രിപദമുറപ്പിച്ച അദ്ദേഹത്തെ പുലിക്കെണിവെച്ചു പിടിച്ചതോ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും. ഇനി ചെന്നുവീഴേണ്ടത്  സെന്‍ട്രല്‍ ജയിലിലാണ്. അതിന് കൊച്ചിയിലെ ഇടമലയാര്‍ സ്‌പെഷ്യല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു.  യു ഡി എഫിലെ മറ്റൊരു പ്രബല കക്ഷിയായ മാണികോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവനും ഈ കേസില്‍ പിള്ളയോടൊപ്പം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക്  പിന്നാലെ മറ്റൊരു മുന്‍മന്ത്രി ടി എം ജേക്കബും അഴിമതിക്കേസില്‍ നടപടി നേരിടുന്നതിന്റെ അന്ത്യഘട്ടത്തിലാണ്. എല്ലാറ്റിനും പുറമെയാണ്  ഗൗരിയമ്മയുടെ ഒടുക്കത്തെ പിണക്കം.

           ബാര്‍ ലൈസന്‍സ് റദ്ദാക്കാതിരിക്കുന്നതിന് സുപ്രീംകോടതി ജഡ്ജി കൈക്കൂലിവാങ്ങിയെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ എം പി കെ സുധാകരനും വലിയ നിയമക്കുരുക്കിലാണ് ചെന്നുവീണത്. ഡല്‍ഹിയിലും തിരുവനന്തപുരത്തും പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ഹാലിളകുന്ന നേതാക്കള്‍ക്കൊക്കെ സുധാകരന്റെ അനുഭവം വലിയ പാഠമാണ്. വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു. സ്ഥലകാലബോധമില്ലാതെ നടത്തിയ പ്രസംഗങ്ങള്‍ വരുത്തിവെച്ച വിന. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് തന്നെ ധാര്‍മികമായി ശരിയല്ല. സമുന്നതനായ  എം പി അതില്‍ പങ്കെടുക്കുക മാത്രമല്ല ജുഡീഷ്യറിയെ നിന്ദ്യമായ ഭാഷയില്‍ താറടിക്കുകയും ചെയ്തു. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന് പറഞ്ഞ സുധാകരന്‍ സാക്ഷി മാത്രമായിരുന്നോ അതോ ബാറുടമകളുടെ ഏജന്റായിരുന്നോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൈക്കൂലി നല്‍കുന്നതില്‍ എം പി ഇടനിലക്കാരനായി വര്‍ത്തിച്ചുവെന്ന വെളിപ്പെടുത്തലുമായി കണ്ണൂരിലെ  ബാറുടമ ഉടലോടെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിക്കൂട്ടിലായി. അന്ന് മുഖ്യമന്ത്രിക്കും കെ പി സി സിക്കും വകുപ്പുമന്ത്രിക്കും വനിതാ എം എല്‍ എക്കുമെല്ലാം ലക്ഷങ്ങള്‍ നല്‍കിയതിന്റെ കണക്കാണ് അദ്ദേഹം നിരത്തിവെച്ചത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും പ്രതിപക്ഷ ഇടപെടലും മൂലം ലൈസന്‍സ് റദ്ദായിപ്പോയി എന്നത് മറ്റൊരു കൗതുകം.

          മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ കേരള വികസന കോണ്‍ഗ്രസില്‍ വെച്ച് പാര്‍ട്ടിയിലെ നവാഗതനായ എ പി അബ്ദുല്ലക്കുട്ടി വിമര്‍ശിച്ചതാണ് പിന്നീട് വന്ന  കീറാമുട്ടി. അബ്ദുല്ലക്കുട്ടിയെ തലോടി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ കെ പി സി സി പ്രസിഡണ്ട് നടത്തിയ ശ്രമത്തിനെതിരെ സുധീരന്‍ പ്രതിഷേധിച്ചപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ഡായി. ഈ വിഷയത്തെ ലാഘവബുദ്ധിയോടെ കണ്ട രമേശിന്റെ നടപടിയെ വേദനാജനകമെന്നാണ് സുധീരന്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മില്‍ അച്ചുതാനന്ദന്‍ കളിച്ച കളി ഇക്കുറി കോണ്‍ഗ്രസില്‍ സുധീരന്‍ പുറത്തെടുക്കുന്നുവെന്ന് ചില നേതാക്കള്‍ക്ക് സംശയമുണ്ട്. ശരിയായിരിക്കാം. ജനകീയ പ്രശ്‌നങ്ങളില്‍ സാധാരണക്കാരുടെ ഇഷ്ടത്തോടൊപ്പം നില്‍ക്കുന്ന സുധീരന് ലഭിക്കുന്ന മാധ്യമ പിന്തുണ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുവെങ്കില്‍ അത്ഭുതപ്പെടേണ്ട. അബ്ദുല്ലക്കുട്ടിയുടെ രോഷപ്രകടനത്തെ ഇതിനോട് ചേര്‍ത്തുവായിക്കുന്നവരും ഇല്ലാതില്ല. കുട്ടിയെ പുറത്താക്കണമെന്നാണ് കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് ആവശ്യപ്പെട്ടത്.

          രണ്ട് ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുത്തെന്ന് റഊഫും സുപ്രീംകോടതി ജഡ്ജി 36 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സുധാകരനും പറയുന്നു. കൈക്കൂലി കൊടുക്കുന്നവരും കൊടുപ്പിക്കുന്നവരും കൊടുക്കുമ്പോള്‍ നോക്കിനില്‍ക്കുന്നവരും അറസ്റ്റ് വാറണ്ട് വന്നവരും വരാത്തവരും വരാനിടയുള്ളവരും എല്ലാം കൂടിയായപ്പോള്‍ കേരള രാഷ്ട്രീയം പഴഞ്ചക്കപോലെയായി. അപ്പോഴാണ് കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്റെ വരവ്. വായില്‍ കാക്കക്ക് പുണ്ണില്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ നല്ലകാലം. ധര്‍മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളി കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിനേക്കാള്‍ നല്ലകാലം വേറെയില്ല.

Tuesday, February 15, 2011

ഈജിപ്തിന്റെ മാതൃക ആവേശകരം


          അറബ്‌ലോകത്ത് ഒരു ജനതയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ക്കാണ് ലോകം കാതോര്‍ക്കുന്നത്.ജഡാവസ്ഥയില്‍ നിന്നുള്ള ഉയിര്‍പ്പിന്റെ ദൃശ്യങ്ങള്‍ ടൂണീഷ്യക്ക് പിന്നാലെ ഈജിപ്തിനെയും സമ്പന്നമാക്കുകയാണ്. അമേരിക്കയും അവരുടെ കങ്കാണിമാരും സമൂഹമനസ്സില്‍ ദൃഢപ്രതിഷ്ഠിതമാക്കിനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അറബ് മിഥ്യകളാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരിക്കാനായി ജനിച്ചവര്‍ എന്നായിരുന്നുവല്ലോ സൈനുല്‍ ആബിദീന്റെയും ഹുസ്‌നി മുബാറക്കിന്റെയും ധാരണ. ആ കാല്‍പനിക സങ്കല്‍പം തകര്‍ത്തെറിയാന്‍ ജനങ്ങള്‍ക്ക് ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. അനിവാര്യമായ പതനമാണ് മുബാറക്ക് ഏറ്റുവാങ്ങിയത്. അദ്ദേഹത്തെപ്പോലെയോ അതിനേക്കാള്‍ മോശപ്പെട്ടവരോ ഒക്കെ ലോകത്ത് പലയിടത്തും തങ്ങളുടെ ഫാന്റസികളില്‍ ഇപ്പോഴും ഒഴുകിനടക്കുന്നുണ്ടാവും. കയ്‌റോയില്‍ നിന്നുള്ള വാര്‍ത്തകള്‍ ദമാസ്‌ക്കസിനെയും ട്രിപ്പാളിയേയും പോലെ പലരേയും ഞെട്ടിച്ചെങ്കില്‍ അത്ഭുതപ്പെടേണ്ട.
 
          മുപ്പതുകൊല്ലത്തെ ഭരണത്തിനിടയില്‍ നാടു കട്ടുമുടിച്ച ഭരണാധികാരിയെ ജനങ്ങള്‍ വെറുതെ വിട്ടുവെന്നത് തീര്‍ച്ചയായും അവരുടെ മഹാമനസ്‌കതയായി തന്നെ കണക്കാക്കണം. ടുണീഷ്യയില്‍ നിന്നാരംഭിച്ച പ്രതിഷേധക്കൊടുങ്കാറ്റ് നൈലിന്റെ നാടും കടന്ന് അറബ് മേഖലയിലെമ്പാടും ചീറിയടുക്കുകയാണ്. യമനില്‍ അലി അബ്ദുള്ള സലെയുടെ 32 വര്‍ഷത്തെ സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെയും ജനാധിപത്യ പ്രക്ഷോഭം കത്തിപ്പടരാന്‍ തുടങ്ങി. ജോര്‍ദാനില്‍ റൊട്ടിയും സ്വാതന്ത്ര്യവും  എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന്  ജനവിരുദ്ധ ഭരണസംവിധാനം പുറത്താക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ,     അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിര്‍ണായക വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്.
ഈജിപ്തില്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയ ജനാധിപത്യ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സൈനിക ഭരണാധികാരികള്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന സസ്‌പെന്റ് ചെയ്യുകയും ചെയ്തുവെന്നത് ശുഭവാര്‍ത്ത തന്നെ. വരുന്ന സപ്തമ്പറില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും സൈനിക പരമാധികാര കൗണ്‍സില്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുബാറക് ഒഴിഞ്ഞതിനെ തുടര്‍ന്ന് അധികാരമേറ്റെടുത്ത സൈനിക കൗണ്‍സില്‍ ആറുമാസമോ അടുത്ത തെരഞ്ഞെടുപ്പ് വരെയോ ഭരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണഘടന ഭേദഗതി ചെയ്യാന്‍  ഒരു പാനലിന് രൂപം നല്‍കുമെന്നും മിലിട്ടറി കൗണ്‍സില്‍ അറിയിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം നവമ്പര്‍-ഡിസമ്പറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുബാറക്കിന്റെ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി വന്‍തിരിമറി കാട്ടിയാണ് മൃഗീയ ഭൂരിപക്ഷം നേടിയത്. പ്രതിപക്ഷത്തെ അന്ന് തൂത്തെറിയുകയായിരുന്നു. പ്രസിഡണ്ടിന്റെ സില്‍ബന്ധികളെ കുത്തിനിറച്ചതായിരുന്നു പാര്‍ലമെന്റ്.

          മുബാറക്കിന്റെ രാജിക്ക് ശേഷവും ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ പ്രക്ഷോക്ഷകേന്ദ്രമായ തഹ്‌രീര്‍ സ്‌ക്വയര്‍ വിട്ടുപോകാന്‍ ഒരുക്കമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടാതെ പിന്‍വാങ്ങില്ലെന്ന ഉറച്ച നിലപാടിലാണവര്‍. പാര്‍ലമെന്റ് പിരിച്ചുവിടണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അതുപോലെ തന്നെ പ്രധാനമാണ് സൈന്യം അധികാരം ജനങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യവും. രാജ്യത്ത് നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ചും പ്രക്ഷോഭകര്‍ ഒരു അജണ്ട മുമ്പോട്ടുവെച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതില്‍ മിലിട്ടറി കൗണ്‍സില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

          സ്വാതന്ത്ര്യവും സാമൂഹികനീതിയും മനുഷ്യാവകാശങ്ങളും മുബാറക്ക് ഭരണത്തില്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് ജനങ്ങളെ മതഭേദമന്യേ  തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അറബ് ദേശീയതയുടെയും പേരില്‍ ജനങ്ങളുടെമേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കാനാണ് അദ്ദേഹം തന്റെ സുദീര്‍ഘമായ ഭരണകാലമത്രയും വിനിയോഗിച്ചത്. ഇതിനെ ചോദ്യംചെയ്തവരെയെല്ലാം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. മുബാറക്ക് സപ്തമ്പറില്‍ വിരമിക്കാനിരിക്കെയായിരുന്നുവെങ്കിലും മകന്‍ ജമാലിനെ അനന്തരാവകാശിയായി വാഴിക്കാനുള്ള നീക്കം തകൃതിയായി നടന്നപ്പോഴാണ് ജനങ്ങള്‍ രണ്ടുംകല്‍പിച്ച് തെരുവിലിറങ്ങിയത്.

          ജനകീയ പ്രക്ഷോഭം വിജയിച്ചുവെന്നതും മുബാറക്ക് അധികാരം ഉപേക്ഷിച്ച് പോയി എന്നതും വാസ്തവമാണെങ്കിലും അടുത്ത ഭരണസംവിധാനം ജനഹിതത്തെ മാനിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കയ്‌റോ നഗരത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ ആഹ്‌ളാദപ്രകടനത്തില്‍ പട്ടാളവും അണിചേര്‍ന്നത് ആവേശകരമാണെങ്കിലും അമേരിക്കയും ഇസ്രായീലും കാഴ്ചക്കാരായി നോക്കിനില്‍ക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. മൂന്ന് ദശകങ്ങളായി മുബാറക്കിന് യു എസ് പിന്തുണയുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൊടുംഭരണത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ എന്താണ് അമേരിക്കയുടെ നിലപാടെന്ന് വ്യക്തമല്ല.

          സാമ്രാജ്യത്വം സൃഷ്ടിച്ച മിഥ്യകളെ തകര്‍ത്തുകൊണ്ടാണ് ഈജിപ്ഷ്യന്‍ ജനത അവരുടെ ഭാഗധേയം കൈയ്യിലെടുത്തിരിക്കുന്നത്. മണിമുഴങ്ങുന്നത് ഇസ്രായീല്‍ എന്ന മിഥ്യക്കെതിരെ കൂടിയാണ്. പുതിയ മധ്യപൗരസ്ത്യദേശം എന്ന മേല്‍വിലാസത്തില്‍ അറബികളുടെ മേല്‍ ഇസ്രായീലിനെ അടിച്ചേല്‍പിക്കാന്‍ വൈറ്റ്ഹൗസില്‍ നിന്നും എലിസൈ കൊട്ടാരത്തില്‍നിന്നും കരാറേറ്റെടുത്തവരാണ് ചരിത്രത്തില്‍നിന്ന് അടിച്ചോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അറബികള്‍ ജനാധിപത്യം സ്വപ്നം കാണാന്‍പോലും സാധിക്കാത്തവരാണെന്ന പ്രചാരണം ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമെന്ന് കരുതാം.

Friday, February 11, 2011

അവസാന ബജറ്റിന് മിടുക്കിന്റെ പൊലിമ

          രാഷ്ട്രീയക്കാരന്‍ എന്നതിലുപരി സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും അദ്ദേഹം അവതരിപ്പിച്ച മറ്റ് അഞ്ചു ബജറ്റുകളെ അപേക്ഷിച്ച് മിടുക്കിന്റെ പൊലിമയുള്ളത് ഇന്നലെ അവതരിപ്പിച്ച അവസാന ബജറ്റിനു തന്നെ. ആവര്‍ത്തന വിരസത ഈ ബജറ്റിലും കണ്ടേക്കാം. എങ്കിലും പ്രഥമ ബജറ്റ് ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. അത് നടപ്പാക്കാന്‍ ഇഷ്ടംപോലെ സമയം ലഭിക്കുമായിരുന്നുവല്ലോ. ഇത്തവണ ഐസക് കൃത്യമായ ഫിലോസഫി തന്നെയാണ് മുന്നോട്ടുവെച്ചത്. ജനപ്രിയ പരിപാടികളും പൊടിക്കൈകളും കണ്ടേക്കാമെങ്കിലും കേരളം രക്ഷപ്പെടാന്‍ മാത്രം വിഭവങ്ങള്‍ പുതിയ ബജറ്റിലുണ്ടെന്ന് സമ്മതിക്കണം. പക്ഷെ ഈ സര്‍ക്കാരിന്റെ കാലാവധി തീരാറായി. അതിനിടയില്‍ പുതിയ നിര്‍ദേശങ്ങളില്‍ എത്രയെണ്ണം നടപ്പാക്കാനാവും? അല്ലെങ്കില്‍ അടുത്ത ഊഴവും തങ്ങളുടേതാവണം. അതിനുള്ള സാധ്യത എത്രമാത്രമുണ്ട്?

          സാമൂഹ്യക്ഷേമത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത് എന്ന് സമ്മതിക്കാം. പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലെന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന ശുഭപ്രതീക്ഷയും ധനമന്ത്രിക്കുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് ഒമ്പത് ശതമാനം വേഗത്തില്‍ വളരാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഇതുപോലെ നിരവധി മോഹങ്ങള്‍ നട്ടുവളര്‍ത്തി അവതരിപ്പിച്ച കഴിഞ്ഞ കാല ബജറ്റുകളിലെ നിര്‍ദേശങ്ങളില്‍ എന്തെല്ലാം യാഥാര്‍ഥ്യമായി എന്ന് കൂടി അദ്ദേഹം വെളിപ്പെടുത്തണമായിരുന്നു.  നിര്‍ദേശങ്ങളേക്കാല്‍ പ്രധാനം അതിന്റെ പ്രയോഗവല്‍ക്കരണമാണല്ലോ. പാലിച്ചവയേക്കാള്‍ കൂടുതലാണ്  പാലിക്കാത്ത വാഗ്ദാനങ്ങള്‍.

          ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ അദ്ദേഹം ഇരുട്ടില്‍ തപ്പുമ്പോള്‍ ഐസക് മായാജാലം കാണിക്കുമെന്ന് കരുതാനാവില്ല. സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചാലോ കേന്ദ്രത്തെ അടിക്കാനുള്ള അവസരം നഷ്ട്‌പ്പെടുകയും ചെയ്യും. എന്നിട്ടും അദ്ദേഹം വിലക്കയറ്റ വിരുദ്ധ പാക്കേജിന് രൂപംനല്‍കിയിരിക്കുന്നു. 150 രൂപയുടെ കിറ്റ് ഏര്‍പ്പെടുത്തി. 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നൂറുകോടി രൂപ ബജറ്റില്‍  വകയിരുത്തുകയും ചെയ്തു. എന്നാല്‍ പൊതുവിപണിയിലെ അരിവില കുറയ്ക്കാന്‍ ഒരു നിര്‍ദേശവുമില്ലെന്നത് വലിയ പോരായ്മ തന്നെ. റോഡ് വികസനത്തിന് 40000 കോടി രൂപയുടെ സമഗ്രപദ്ധതി തയാറാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് ,പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ പരാജയമാണെന്ന് നിസ്സംശയം പറയാം. റോഡുകളുടെ ശോച്യാവസ്ഥയാണ് ഇടതുമുന്നണിയെ തോല്‍പിച്ചത്. റോഡുവികസനത്തിന് ആയിരം കോടിയും പൂവാര്‍ മുതല്‍ പൊന്നാനി വരെയുള്ള തീരദേശ ഹൈവേക്ക് 420 കോടിരൂപയും പത്ത് സംസ്ഥാന പാതകളുടെ പുനരുദ്ധാരണത്തിന് 1920 കോടിരൂപയും വകയിരുത്തിയതും അതുകൊണ്ടാണ്.

          വനിതാക്ഷേമത്തിന് 770 കോടി രൂപ വകയിരുത്തിയ മന്ത്രിയെ അഭിനന്ദിക്കണം. തീവണ്ടിയാത്രക്കിടയില്‍ സൗമ്യ ദാരുണമാംവിധം വധിക്കപ്പെട്ട സംഭവം ഇതിന് നിമിത്തമായി എന്ന് കരുതാം. വനിതാകമ്പാര്‍ട്ടുമെന്റില്‍ സ്വന്തം ചെലവില്‍ പൊലീസ് സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അഞ്ചുകോടി മാത്രമേ വകയിരുത്തിയിട്ടുള്ളൂ. പാലോളി കമീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ 10000 കോടിരൂപ അനുവദിച്ചത്  ബജറ്റിനെ ശ്രദ്ധേയമാക്കുന്നു. കമീഷനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ക്ക് ഇനി നാവടക്കാം.  ശബരിമലക്ക് നൂറുകോടിയുടെ മാസ്റ്റര്‍ പ്‌ളാനുണ്ട്. അടുത്ത മകരവിളക്കിന് മുമ്പ് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് വാഗ്ദാനം. പൂജാദ്രവ്യങ്ങള്‍ക്കെല്ലാം നികുതിയിളവുമുണ്ട്. പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്ക് പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചിരിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 300 ല്‍ നിന്ന് 400 ആക്കിയ നടപടിയും ആശ്വാസകരം തന്നെ.

          കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കോഴിക്കോട് നഗരവികസനത്തിന് 182 കോടി രൂപയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിന് 25 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് പരിപാടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4100 കോടിയുടെ ഗ്രാന്റാണ് ബജറ്റ് അനുവദിച്ചത്. കെ എസ് ആര്‍ ടി സിക്ക് നൂറുകോടി രൂപയും.

          സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. 2005-06ല്‍ 19,528 കോടിയായിരുന്നത് 2010-11ല്‍ 39790 കോടിയായി ഉയര്‍ന്നു. ചെലവ് ഇരട്ടിയായപ്പോള്‍ കമ്മി താഴ്ത്തി നിറുത്തുന്നതില്‍ വിജയിച്ചു. റവന്യൂകമ്മി 28.5 ശതമാനത്തില്‍ നിന്ന് 15.5 ആയി കുറഞ്ഞു. നികുതി പിരിവ് കാര്യക്ഷമമാക്കിയപ്പോള്‍ വരുമാനത്തില്‍ നല്ല വര്‍ധനവുണ്ടായി. 2005-06ല്‍ 7000 കോടിയായിരുന്നു നികുതി വരുമാനം. ഇപ്പോള്‍ 10000 കോടിയായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം ഒരുദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിവന്നില്ല എന്നത് നിസ്സാരമല്ല.

          എല്ലാ മേഖലക്കും തരാതരംപോലെ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തീക്ഷ്ണാനുഭവങ്ങളെ ശീതീകരിക്കാന്‍ ബജറ്റുകള്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. വിലക്കയറ്റത്തിന്റെ നെരിപ്പോടില്‍ വെന്തുരുകുന്ന ജനത്തിന് വാഗ്ദാനങ്ങളുടെ പെരുമഴ സമാശ്വാസം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഗൗരവപൂര്‍വം വിലയിരുത്തേണ്ട കാര്യമാണ്.  
Related Posts Plugin for WordPress, Blogger...