Thursday, March 10, 2011

അര്‍ഹിക്കുന്നവര്‍ക്ക് അവസരം നല്‍കണം

          തെരഞ്ഞെടുപ്പ് അടുക്കുന്തോറും എല്ലാ പാര്‍ട്ടികളെയും കാത്തിരിക്കുന്നത് രൂക്ഷമായ പ്രശ്‌നങ്ങളാണ്. നേതാക്കള്‍ക്കെല്ലാം ഇത്തവണയും ഒരുകൈ നോക്കണമെന്നുണ്ട്. ഗ്രൂപ്പുകാര്‍ക്കും പറ്റുമെങ്കില്‍ മക്കള്‍ക്കും പരമാവധി അവസരമൊരുക്കണമെന്ന വ്യാമോഹവുമുണ്ട്. യു ഡി എഫിലും എല്‍ ഡി എഫിലും മാത്രമല്ല ജയിച്ചാല്‍ കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് ഉറപ്പുള്ളവരുടെ അവസ്ഥയും ഇതില്‍നിന്ന് ഭിന്നമാണെന്ന് കരുതേണ്ട. സീറ്റ് വിഭജനം തന്നെ ഇതുവരെ എവിടെയും എത്തിയിട്ടില്ല. അത് കഴിഞ്ഞാല്‍ പിന്നെ പോഷകഘടകങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഊഴമാണ്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമെല്ലാം അര്‍ഹിക്കുന്ന പരിഗണന നല്‍കണം. ഇതിനിടയില്‍ വേണം ശത്രുക്കളെ ഒതുക്കാന്‍. അത് പാര്‍ട്ടികകത്തായാലും പുറത്തായാലും. ശത്രുക്കളധികവും ഇപ്പോള്‍ പാര്‍ടിക്കകത്ത് തന്നെയാണല്ലോ.

          മുപ്പതും നാല്പതും വര്‍ഷമായി മണ്ഡലങ്ങള്‍ കുത്തകയാക്കിവെച്ചവര്‍ എല്ലാ പാര്‍ടികളിലുമുണ്ട്. കോണ്‍ഗ്രസിലാണധികം. മരിച്ച് പിരിയുന്നത് വരെ സീറ്റ് ഒഴിഞ്ഞുകൊടുക്കില്ലെന്ന് വാശിപിടിക്കുന്നവരുടെ എണ്ണം നിസ്സാരമല്ല. മന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മറ്റുമായി നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി അച്ചുതാനന്ദനും കെ എം മാണിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ശ്രദ്ധേയമായി തോന്നി. ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂരും കെ സി ജോസോഫും കെ ബാബുവുമെല്ലാം ദശാബ്ദങ്ങളായി നിയമസഭയില്‍ അടയിരിക്കുന്നു. പുതിയ തലമുറയില്‍ കഴിവും പ്രാപ്തിയുമുള്ളവര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ ഇവരൊക്കെ മാറിക്കൊടുക്കുകയാണ് വേണ്ടത്. പൊതുജന സേവനവും രാഷ്ടീയപ്രവര്‍ത്തനവും തുടരാന്‍ നിയമസഭയും പാര്‍ലമെന്റും തന്നെ വേണമെന്നില്ലല്ലോ.

          ജനാധിപത്യത്തിന് തിളക്കം ലഭിക്കണമെങ്കില്‍ പുതുതലമുറകള്‍ കടന്നുവരണം. പുതിയ സ്വരത്തിനും ശൈലിക്കുമായി കേരളജനത കാത്തിരിക്കുകയാണ്. ഭരണമാറ്റം എന്നാല്‍ ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരിക എന്നത് മാത്രമല്ല. കഴുത്തുവരെ അഴുക്ക് വെള്ളത്തില്‍ മുങ്ങിയവരെ നിയമനിര്‍മാണ സഭയിലേക്കല്ല അയക്കേണ്ടത്. അവര്‍ക്ക് നല്ലത് പൂജപ്പൂരയും വിയ്യൂരുമൊക്കെയാണ്. കളങ്കിതരെ അവര്‍ ഏത് പാര്‍ടിയില്‍ പെട്ടവരായാലും ദയനീയമായി പരാജയപ്പെടുത്തുമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണം. ഇനിയെങ്കിലും ആരോഗ്യകരമായി ചിന്തിക്കാന്‍ നമുക്ക് കഴിയണം. അഴിമതിയിലൂടെ കോടികള്‍ കൊയ്യാനും അധികാര ദുര്‍വിനിയോഗം നടത്താനും തീരുമാനിച്ചുറച്ചവരെ കുഞ്ചികസ്ഥാനങ്ങളില്‍ കുടിയിരുത്തിയതിന്റെ തിക്തഫലമാണ് രാജ്യം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

          140 ല്‍ പകുതി സീറ്റ് തങ്ങള്‍ക്ക് അനുവദിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തല നരച്ചവര്‍ മാറിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചവരുടെയും അവര്‍  വഹിച്ച പദവികളുടെയും പട്ടിക തന്നെ യൂത്ത്‌കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. സി പി എമ്മിനെ സംബന്ധിച്ചെടുത്തോളം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നാണ് അവകാശവാദം. അതില്‍ ശരിയുണ്ട് താനും.  മറിച്ചാണ് അവസ്ഥയെന്ന് വല്ലവരും കരുതിയാല്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസുകാരെ പോലെ അവകാശവാദം ഉന്നയിക്കാന്‍ കര്‍ശനമായ പാര്‍ടി അച്ചടക്കം യൂത്തന്മാരെ അനുവദിക്കുകയുമില്ല.

          ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നത് നിഷേധിക്കാനാവില്ല. സംവരണസീറ്റില്‍ മാത്രമേ  ഈ  വിഭാഗങ്ങള്‍ പരിഗണിക്കപ്പെടാറുള്ളൂ. സ്ത്രീകളുടെ കാര്യത്തില്‍ കടുത്ത വിവേചനം നടക്കുന്നുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ അനുവദിച്ചതോടെ അവര്‍ക്കിടയില്‍ വലിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. നിയമസഭയില്‍ മലപ്പുറത്ത് നിന്നും സ്ത്രീ പ്രാതിനിധ്യം ഇനിയെങ്കിലും  ഉണ്ടാവേണ്ടതുണ്ട്. ഇതുവരെ അവിടെനിന്ന് ഒരു വനിതാ അംഗം തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

           കഴിവും പ്രാപ്തിയും നാടിനോടും നാട്ടാരോടും പ്രതിബദ്ധതയുമുള്ളവരാണ് നമുക്കാവശ്യം. നിയമസഭയില്‍ നിരവധി വര്‍ഷങ്ങളായി ഗൗരവതരമായ ചര്‍ച്ചകള്‍പോലും നടക്കാറില്ല. സാക്ഷര കേരളത്തിന് നാണക്കേടാണിത്. അസംബ്‌ളി ബഹിഷ്‌ക്കരമാണ് പ്രതിപക്ഷത്തിന് പഥ്യം. അതൊരു ശീലമായി വളര്‍ന്നിരിക്കുന്നു. രണ്ടു മുന്നണികളിലും ഈ പ്രവണത കലശലാണെന്ന് കാണാം. അതുകൊണ്ട് പുതിയ അംഗങ്ങള്‍ക്ക് വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോവുകയാണ്. പ്രഗത്ഭരെന്ന് പറയാന്‍ വിരലിലെണ്ണാവുന്നവരേ കേരള നിയമസഭയിലുള്ളൂ. അതുകൊണ്ടാണ് നിയമസഭാ പ്രവര്‍ത്തനം വളരെ ശുഷ്‌ക്കമായി പോകുന്നത്. പാര്‍ലമെന്റും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്. 2ജി സ്‌പെക്ട്രം അഴമതി അന്വേഷിക്കാന്‍ ജെ പി സി രൂപീകരിക്കാത്തതിനെതിരെ ആഴ്ചകളോളമാണ് ലോകസഭയും രാജ്യസഭയും സ്തംഭിച്ചത്. കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. തങ്ങളുടെ ശമ്പളവും ബത്തയും മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ട കാര്യത്തില്‍ മാത്രമാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും കൈകോര്‍ത്തത് എന്നോര്‍ക്കുക. 

2 comments:

  1. അര്‍ഹത,പരിഗണന ,സംവരണം ഇത്യാദി പദങ്ങളില്‍ കുടുങ്ങി കഴിവുകെട്ടവരെ ഭരണമേല്പിച്ചു കൊടുക്കല്‍ എന്ന് കേരള ജനത നിര്‍ത്തുന്നോ അന്നു കേരളം ഗുണം പിടിക്കും.ഭരണ കര്‍ത്താക്കള്‍ യോഗ്യതയുള്ളവരും അനുഭവ സമ്പത്ത് ഉള്ളവരുമാകട്ടെ.ഇതു രണ്ടും കൂടി ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ക്ക്‌ മുന്‍ഗണന നല്‍കണം.ഒന്നുള്ളവനെ പിന്നെ പരിഗണിച്ചാല്‍ മതിയാവും........

    ReplyDelete
  2. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വീരനെ കണ്ട് പടിക്കട്ടെ. ജയിക്കാനും മന്ത്രിയാകാനും അവസരം ഉണ്ടായിട്ടും അദ്ധേഹം കാണിച്ച മാന്യത.

    ReplyDelete

Related Posts Plugin for WordPress, Blogger...