Wednesday, May 4, 2011

എന്‍ എസ് എസിന്റെ ആധിപത്യമോഹം


               സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത ജാതി സംഘടനയാണ് എന്‍ എസ് എസ്. മന്നത്ത് പത്മനാഭന് ശേഷം ഇരുട്ട് പരത്തുകയല്ലാതെ സാമൂഹിക ജീവിതത്തില്‍ ഒരു മെഴുകുതിരി പോലും അവര്‍ കൊളുത്തിവെച്ചതായി അറിവില്ല. കീഴ്ജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും മുന്നില്‍ എരിഞ്ഞടങ്ങാത്ത ശത്രുതയുടെ അഗ്നിജ്വാലയായി വിലങ്ങുതടികള്‍ സൃഷ്ടിക്കുന്നതിലാണ് അവരുടെ പ്രധാന ശ്രദ്ധ. പിന്നോക്ക-ന്യൂനപക്ഷ സംവരണത്തിനെതിരെ അവര്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന  വെല്ലുവിളികള്‍ അപലപിക്കപ്പെടേണ്ടതാണ്.
മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ സംസ്‌കാരമില്ലാത്തവനും ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമെന്നൊക്കെ  എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ശകാരവര്‍ഷം നടത്തിയപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. പേരിന് കേരള കോണ്‍ഗ്രസ്സുകാരനാണെങ്കിലും വരേണ്യവര്‍ഗത്തിന്റെ മാനസപുത്രനായ ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതിന്റെ കലി ഇങ്ങനെയൊക്കെയല്ലേ തീര്‍ക്കാന്‍ പറ്റൂ. പെരുന്നയിലെ സംഘടനയുടെ ആസ്ഥാനത്ത് മാര്‍ത്തോമ സഭ മെത്രോപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമാമായി നടന്ന കൂടിക്കാഴ്ചക്കിടയിലാണ് വി എസിനെതിരെ  കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാവുന്നത് തടയാന്‍ എന്‍ എസ് എസ് സമദൂര നിലപാടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റംവരുത്തിയ കാര്യവും സുകുമാരന്‍ നായര്‍ വെളിപ്പെടുത്തുകയുണ്ടായി. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നുവെങ്കില്‍ അച്ചുതാനന്ദനെതിരെ ശബ്ദമുയര്‍ത്തിയേനേയെന്നും  നായര്‍ പറഞ്ഞുവെച്ചു.

                കേരളത്തിലെ പൊതുജീവിതത്തില്‍ സമുന്നത സ്ഥാനം അലങ്കരിക്കുന്നവരാണ് നായര്‍ സമുദായം. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സര്‍ക്കാര്‍ സര്‍വീസിലും അവര്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുന്‍പന്തിയിലുമാണ്. സംവരണ സമുദായങ്ങളാവട്ടെ സമസ്തമേഖലകളിലും ബഹുദൂരം പിന്നില്‍ തന്നെ. അനുവദിക്കപ്പെട്ട സംവരണത്തിന്റെ പരിരക്ഷ പോലും അര്‍ഹിക്കുന്ന രീതിയില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. അച്ചുതാനന്ദന്റെ സമുദായമായ ഈഴവരും ഈ ഗണത്തില്‍ പെടും. എന്നിട്ടും നായര്‍ സമുദായത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന വാദം ശക്തമായപ്പോള്‍ രണ്ടു മുന്നണികളും  സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി. പത്ത് ശതമാനം വകവെച്ചുകൊടുക്കുകയും ചെയ്തു. നരേന്ദ്രന്‍ പാക്കേജില്‍ അതുള്‍പ്പെടുത്തിയത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരാണെങ്കില്‍  ഇത്തവണ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും അതു സംബന്ധിച്ച വാഗ്ദാനമുണ്ട്.   സാമ്പത്തിക സംവരണം അനുവദിച്ചാലും നരേന്ദ്രന്‍ പാക്കേജ് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന വാശിയാകട്ടെ  എന്‍ എസ് എസ് ഉപേക്ഷിച്ചിട്ടുമില്ല.

               നായര്‍ സമുദായത്തില്‍ ആഴത്തില്‍ വേരുകളുള്ള സംഘടനയല്ല എന്‍ എസ് എസ്. സമുദായത്തിന്റെ ഭാവിയേക്കാളും അവര്‍ക്കാവശ്യം സര്‍ക്കാര്‍ സംവിധാനത്തിലെ ചോദ്യംചെയ്യപ്പെടാത്ത ആധിപത്യവും കുത്തകയുമാണ്. സമദൂരം എന്ന സിദ്ധാന്തം തന്നെ രൂപപ്പെടുത്തിയത് സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വരുന്ന രണ്ടു മുന്നണികളെയും വരുതിയില്‍ നിര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ജനനന്മക്കു ഉതകുന്ന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചലനാത്മകമായ സമീപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അവര്‍ സൃഷ്ടിക്കുന്ന അലട്ടലുകള്‍ക്ക് തലവെച്ചുകൊടുക്കാന്‍ എല്‍ ഡി എഫിനേക്കാള്‍ വിധിക്കപ്പെട്ടത് യു ഡി എഫും കോണ്‍ഗ്രസുമാണ്. പെരുന്നയിലെ ആസ്ഥാനവിദ്വാന്മാരുടെ അംഗുലീചലനത്തിനനുസരിച്ചേ കെ പി സി സി പ്രസിഡണ്ട് പോലും സഞ്ചരിക്കൂ എന്ന് വന്നിരിക്കുന്നു. ശശി തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തപ്പോള്‍ ദല്‍ഹിനായരെന്ന് വിളിച്ച് അധിക്ഷേപിച്ചത് അദ്ദേഹം പെരുന്നയുടെ വരുതിയില്‍ നില്‍ക്കാത്തതുകൊണ്ടാണ്.

                കേന്ദ്രമന്ത്രിസഭയില്‍ കെ സി വേണുഗോപാലന്‍ എന്ന കറകളഞ്ഞ കേരളനായര്‍ അംഗമായി വന്നത് എന്‍ എസ് എസിന്റെ നോമിനിയെന്ന  നിലയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടും അവര്‍ തൃപ്തരല്ല. കേരള മുഖ്യമന്ത്രിപദത്തിലാണ് ഇപ്പോള്‍ കണ്ണ്. രമേശ് ചെന്നിത്തലയാണ് അവരുടെ സ്ഥാനാര്‍ഥി. ഈ അധികാരമോഹം മഹാവിപത്തായി മാറുമെന്നതിന്റെ ലക്ഷണമാണ് സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്.  അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നത് നായര്‍ സമുദായം അംഗീകരിക്കുകയില്ലെന്ന അദ്ദേഹത്തിന്റെ വാശിയുടെ പൊരുളും മറ്റൊന്നല്ല.
 
               ജാതിസമുദായ സംഘടനകള്‍ രാഷ്ട്രീയ രംഗത്തും ഭരണകൂടത്തിലും അവിഹിത സ്വാധീനം ചെലുത്തുന്നതും അവരുടെ സമ്മര്‍ദങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ വഴങ്ങുന്നതും ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാണ്. ഫാസിസത്തെ വിളക്കിച്ചേര്‍ക്കുന്ന ഇത്തരം ഹീനവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുക  വഴി പ്രവചനാതീതമായ ഭവിഷ്യത്തുകളാണ്് ക്ഷണിച്ചുവരുത്തുന്നതെന്ന് ചിന്തിക്കാത്തതാണ് കഷ്ടം.

               എസ് എസിന്റെ ആശീര്‍വാദത്തോടെ പിറവിയെടുത്ത എന്‍ ഡി പി എന്ന രാഷ്ട്രീയ പരീക്ഷണത്തെ മലയാളികള്‍ നിലംതൊടീക്കുകയുണ്ടായില്ല. വേണമെങ്കില്‍  പരീക്ഷണം ആവര്‍ത്തിക്കാം. നിര്‍ണായക ശക്തിയാവാന്‍ അതാണ് നേരായ മാര്‍ഗം. അല്ലാതെ മലയാളികളുടെ സാംസ്‌കാരിക ബോധത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തുന്ന സമീപനം അനുവദിക്കാനാവില്ല. വി എസിനെതിരെ സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനം ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.  പരാമര്‍ശം പിന്‍വലിച്ച്  മാപ്പുപറയുകയാണ് വേണ്ടത്. എന്‍ എസ് എസ് നേതാക്കള്‍ മുഴുവന്‍ സുകുമാരന്‍ നായരോട് യോജിപ്പുള്ളവരാവില്ല. അഴിമതിക്കാരുടെ ആശ്രിതരും അതിലുണ്ടെന്ന  വി എസിന്റെ പ്രതികരണം ശ്രദ്ധേയമാണ്. ബാലകൃഷ്ണപിള്ളയെ ന്യായീകരിക്കുന്നവരെ അങ്ങനെയല്ലേ കാണാനാവൂ.

5 comments:

  1. പറയേണ്ടത് പറഞ്ഞു.നന്ദി.

    ReplyDelete
  2. ഒരു പേപ്പട്ടിനായരും, അവന്റെ അമ്മേടെ സമദൂരസിദ്ധാന്തവും !!!

    ReplyDelete
  3. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കരനാണല്ലോ ബാലകൃഷ്ണ പിള്ള, സോറി ഇന്ത്യ കണ്ട........

    ഒന്ന് പോടെ

    ReplyDelete
  4. 'സ്വന്തമായി ഇല്ലാത്ത വോട്ട് വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'സമദൂരവും' 'ശരിദൂരവും' പറഞ്ഞു 'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണ് NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട് ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി. 'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന 2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്. കോടതികളില്‍ ജയിക്കുന്ന ഈ രണ്ടു വര്‍ഗ്ഗവും തെരഞ്ഞെടുപ്പില്‍ തോല്കാന്‍ വിധിക്കപെട്ടവരാന് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ നല്ല ഭാഗമാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...