Wednesday, May 25, 2011

ഗുണ്ടായിസത്തിന്റെ അകമ്പടിക്കാര്‍


                സംസ്ഥാനത്ത് നിയമവാഴ്ച നടപ്പിലാക്കലാണ് യു ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും അതിനായി പൊലീസ് വകുപ്പിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം കേരളം അഭിമുഖീകരിക്കുന്ന അസ്വസ്ഥതയുടെ ആഴം കൂടിയാണ് വിളംബരം ചെയ്യുന്നത്. പിടിച്ചുപറിയും കവര്‍ച്ചയും കാണുന്നവര്‍ ഉടന്‍ തന്നെ കൈവശമുള്ള മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഡി ജി പിക്ക് അയച്ചുകൊടുത്താല്‍ അയ്യായിരും രൂപ പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി ഓഫര്‍ ചെയ്തിരിക്കുന്നു. ക്രമസമാധാന പാലനത്തില്‍ നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങളുടെ കഥ കേള്‍ക്കാന്‍ വിധിക്കപ്പെട്ട മലയാളി ഇതുകൊണ്ടൊന്നും രക്ഷപ്പെടുമെന്ന് കരുതരുത്. കാട്ടുപോത്തിനെ പോലെ പുളയ്ക്കുന്ന ഗുണ്ടകളുടെ നരമേധയാത്രകള്‍ക്ക് അകമ്പടി സേവിക്കുന്നത് ഭരണകക്ഷിക്കാര്‍ തന്നെയാണ്. സര്‍ക്കാരുകള്‍ മാറി മാറി വന്നാലും അതിന് മാറ്റമൊന്നുമില്ല. നാവും നട്ടെല്ലും നഷ്ടപ്പെട്ട ദാസ്യമനോഭാവം ബന്ധപ്പെട്ട ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും തിരുത്തുന്നില്ലെങ്കില്‍ പ്രഖ്യാപനങ്ങളെല്ലാം ചവറ്റുകൊട്ടയില്‍ വിശ്രമിക്കുകയേ ഉള്ളൂ.

               വര്‍ധിച്ചുവരുന്ന മോഷണവും കൊള്ളയും തടയുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കേസന്വേഷണങ്ങളാകട്ടെ ഒട്ടുമിക്കതും സംശയത്തിന്റെ നിഴലിലുമാണ്. തങ്ങളുടെ തകര്‍ന്ന പ്രതിച്ഛായ വീണ്ടെടുക്കണമെന്ന നിര്‍ബന്ധം പൊലീസുദ്യോഗസ്ഥന്മാര്‍ക്ക് അശേഷമില്ലെന്നതാണ് ഏറെ കൗതുകകരം. കള്ളന്മാരെ പിടികൂടാനായില്ലെങ്കില്‍ അത് തങ്ങള്‍ക്ക് മോശമാണെന്ന് ചിന്തിക്കാന്‍, കുറ്റവാളികളെ മുഖംനോക്കാതെ നിയമത്തിന് മുമ്പില്‍ ഹാജരാക്കാന്‍ കാര്യക്ഷമത കുറഞ്ഞ ഇത്തരം പൊലീസ് സേനക്ക് എങ്ങനെ സാധിക്കും? പുതിയ ശൈലിയും സംസ്‌കൃതിയും  അവരില്‍നിന്ന് പ്രതീക്ഷിക്കുകയും വേണ്ട. സമൂഹം നേരിടുന്ന സദാചാരത്തകര്‍ച്ചയുടെ ആഴം മനസ്സിലാക്കാന്‍ അനുദിനം വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മാത്രം പരിശോധിച്ചാല്‍ മതി.

               ഗുണ്ടകളെ നിയന്ത്രിക്കുന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ പുതിയ മുഖ്യമന്ത്രിയും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നല്ല കാര്യം. തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള 24 ബോട്ടുകള്‍ക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നു. സംസ്ഥാനത്തെ 143 പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുന്ന ജനമൈത്രി പൊലീസ് സംവിധാനവും സ്റ്റുഡന്‍സ് പൊലീസിങ്ങും നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സഹായം ഗവണ്മെണ്ട് വാഗ്ദാനവും ചെയ്യുന്നു.

               ബാലഭിക്ഷാടനം തടയുമെന്ന പല്ലവി ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരം ഭിക്ഷക്കാരെ കേരളത്തില്‍ എല്ലായിടത്തും കാണാം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ഭിക്ഷാടനം നടത്തിവരികയാണ്. ഇതു കണ്ടെത്തി തടയുന്നതിന് സംസ്ഥാന വ്യാപകമായി ഫലപ്രദമായി പരിശോധന നടത്തേണ്ടതുണ്ട്.  മുഖ്യമന്ത്രിയുടെ പ്രസ്താവന കൊള്ളാമെങ്കിലും അത് ആരംഭശൂരത്വമായി മാറരുത്. ഇങ്ങനെ കണ്ടെത്തുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. ബാലവേല ഇവിടെ നിരോധിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. എന്നിട്ടും നമ്മുടെ ഹോട്ടലുകളിലും പാര്‍ക്കുകളിലും ബാലവേല നിത്യസംഭവമായി മാറിയിരിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടിയെത്തിയവരിലും നല്ല പങ്ക് യുവാക്കളാണ്.

               ക്രമസമാധാന പാലനത്തിന് നേരെ ഉയരുന്ന പ്രധാന ഭീഷണി ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ ആധിക്യമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി. മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇങ്ങനെയുള്ളവരോട് സര്‍ക്കാര്‍ ഒരു ദാക്ഷിണ്യവും കാണിക്കരുത്. കൊച്ചു കൊച്ചു കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ മാത്രമല്ല മഹാപാപം ചെയ്യുന്നവരെ പോലും രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. അധികാരത്തിന്റെ ചിഹ്നമാണല്ലോ പൊലീസ്. പൊലീസ് സംരക്ഷണം ലഭിക്കുമ്പോള്‍ വലിയ വലിയ കുറ്റങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും മടിയുണ്ടാവില്ല. ഇത്തരം പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ ഒരു കാരണവശാലും വെച്ചിരിക്കരുത്. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയും വേണം. ലോക്കല്‍ പൊലീസിനെ അവര്‍ എത്ര സത്യസന്ധന്മാരായാലും ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് വന്നിരിക്കുന്നു. അതുകൊണ്ടാണ് തൊട്ടതിനും പിടിച്ചതിനുമൊക്കെ സി ബി ഐ വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നത്.

               കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ വഴിവെക്കും. പൊലീസും പ്രതികാരം മനസ്സില്‍ വെച്ച് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം സ്വീകരിക്കുന്ന അവസ്ഥ അത്യന്തം ഭീതിജനകമാണ്. ഗുണ്ടാനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രം പോരാ. അധികാര രാഷ്ട്രീയത്തിന്റെ തണലില്‍ ഗുണ്ടകള്‍ രക്ഷപ്പെടുന്ന സാഹചര്യം ഇല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഭരണം ഇടതിന്റേതായാലും വലതിന്റേതായാലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കും ഒരു കൂസലുമില്ലെന്ന താണ് ഇന്നത്തെ അവസ്ഥ. അതിന് മാറ്റം വരുന്നില്ലെങ്കില്‍ കൊള്ളയും കുരുതിയും മാത്രമല്ല അതിനേക്കാള്‍ വലിയ ഫിത്‌നകള്‍ക്കും നാം തലവെച്ചുകൊടുക്കേണ്ടിവരും. അനീതിക്കെതിരെ ശബ്ദിക്കാത്ത നാവും അതിക്രമത്തെ പ്രതിരോധിക്കാത്ത കൈകളും അധര്‍മകാരികള്‍ക്കെതിരെ ചിന്തിക്കാത്ത തലകളും അടിമത്വത്തിന്റേതാണെന്ന മഹദ്വജനം എല്ലാവരും എപ്പോഴും ഒര്‍ക്കുന്നത് നല്ലതാണ്.

2 comments:

Related Posts Plugin for WordPress, Blogger...