Monday, June 13, 2011

പത്രസ്വാതന്ത്ര്യം ചോരയില്‍ കുതിര്‍ന്നാല്‍


          പത്രസ്വാതന്ത്ര്യത്തിന്റെ സാഫല്യം അനുഭവിക്കാന്‍ ഏറെ അവസരങ്ങള്‍ കൈവന്ന രാജ്യമാണ് നമ്മുടേത്. കാലത്തിന്റെ ആകുലതകളും ആവശ്യങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പ്രതിവിധി കണ്ടെത്തുംവരെ നീതിക്ക് വേണ്ടി പൊരുതിയ പത്രധര്‍മത്തെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയാല്‍ ബന്ധപ്പെട്ടവരുടെയൊക്കെ നാവ് പുഷ്പിക്കും. ജനാധിപത്യക്രമത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ശക്തിസാന്നിധ്യം ഇഷ്ടപ്പെടാത്തവരുടെ എണ്ണവും ആനുപാതികമായി പെരുകിക്കൊണ്ടിരിക്കുന്നുവെന്നതിനും ഇവിടെ തെളിവുകളുണ്ട്. സ്ഫുടംചെയ്‌തെടുത്ത തിക്തസത്യങ്ങള്‍ പുറംലോകം അറിയുമ്പോള്‍ ചിലര്‍ക്ക് വിറളിയെടുക്കുക സ്വാഭാവികം. അവര്‍ ആയുധമെടുക്കും. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ അത്തരം പത്രപ്രവര്‍ത്തകന്മാരുടെ കഥ കഴിച്ചെന്നും വരും. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുംബൈ നഗരത്തിലെ സായാഹ്ന പത്രമായ മിഡ്‌ഡേയുടെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ എഡിറ്ററുമായിരുന്ന ജ്യോതിര്‍മയി  ഡേയുടെ അനുഭവം ഒരു ജര്‍ണലിസ്റ്റിനും സംഭവിച്ചുകൂടാത്തതാണ്. അദ്ദേഹത്തിന്റെ വധത്തെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമായി കാണാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന്  മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിന് കഴിയാതെ പോയാല്‍ ജനാധിപത്യം കുപ്പത്തൊട്ടിയില്‍ എന്ന് തന്നെ പറയേണ്ടിവരും.

          ജ്യോതിര്‍മയി ഡേയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ അധോലോകമാണെന്നാണ് നിഗമനം. അധോലോകത്തെയും എണ്ണ മാഫിയയെയും കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായ ഡേക്ക് മാഫിയ ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരപ്രാന്തമായ പവയില്‍ നട്ടുച്ചക്കായിരുന്നു ഈ സംഭവം എന്നതു തന്നെ മാഫിയ എത്രമാത്രം ശക്തരാണെന്നതിന് ഏറ്റവും വലിയ തെളിവാണ്. അധോലോകത്തിനും മാഫിയ സംഘങ്ങള്‍ക്കും വളക്കൂറുള്ള മുംബൈയില്‍ അരുംകൊലകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. ഡേയുടെ റിപ്പോര്‍ട്ടുകളും പ്രവര്‍ത്തനരംഗവും പരിശോധിച്ചാല്‍ ഇത്തരം സംഘങ്ങളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ വീറോടെ ശബ്ദിച്ചതായി കാണാം. എണ്ണയില്‍ മായം ചേര്‍ത്ത് കോടികള്‍ കൊയ്യുന്ന മാഫിയകള്‍ക്കെതിരെയും ഡേ നിരന്തരം തൂലിക ചലിപ്പിച്ചിട്ടുണ്ട്.

          അധോലോകവും മാഫിയകളും പൊലീസും കൈകോര്‍ക്കാന്‍ മടിക്കാത്ത സ്ഥലമാണ് മുംബൈ. മുംബൈയില്‍ നിന്ന് കേരളവും പലതും പകര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തി ശത്രുക്കളെ വകവരുത്തുന്ന സംഭവങ്ങള്‍ ഇവിടെയും ഇഷ്ടംപോലെ അരങ്ങേറുന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിക്കാന്‍ പൊലീസുകാരും മുമ്പോട്ടു വന്നതിന്റെ ഉത്തമോദാഹരണമാണല്ലോ ഉണ്ണിത്താന്‍ സംഭവം. മാതൃഭൂമിയുടെ കൊല്ലം ലേഖകനായ ഉണ്ണിത്താനെ മര്‍ദിച്ചൊതുക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിച്ച ഡി വൈ എസ് പി ഇപ്പോള്‍ ജയിലിലാണ്. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രബുദ്ധതയും പത്രപ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരവുമുള്ള കേരളത്തില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ മുംബെയിലെ സംഭവത്തെ കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

          മുംബൈയില്‍ പക്ഷെ പത്രപ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ വധിക്കപ്പെട്ടിരിക്കുകയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ജീവന് പോലും ഭീഷണി ഉയര്‍ത്തുമെന്ന് വന്നിരിക്കുന്നു. ഇത് സത്യത്തില്‍ ഇന്ത്യന്‍ ജനതയോടും അവരുടെ ജനാധിപത്യ അവകാശങ്ങളോടുമുള്ള വെല്ലുവിളി തന്നെയാണ്. അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നവരുടെ ചോര നടുറോഡില്‍ പതഞ്ഞൊഴുകുമെന്ന് വന്നാല്‍ അത്തരം ചെയ്തികളെ രാക്ഷസീയമെന്ന് വിശേഷിപ്പിക്കേണ്ടിവരും.

          പത്രസ്വാതന്ത്ര്യത്തിനെതിരെ കയ്യേറ്റങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകരെ വിലക്കെടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരെയും ഇന്ന് എല്ലായിടത്തും കാണാം. പെയ്ഡ് ന്യൂസ് എന്ന ഓമനപ്പേരില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇഷ്ടഭാജനങ്ങളായി ചിലരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പത്രപ്രവര്‍ത്തകരെ കുറിച്ചും അവരില്‍ ചിലരുടെ ഏകപക്ഷീയമായ  വാര്‍ത്താവതരണരീതിയെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നത് ശരിയാണ്. അതിനര്‍ഥം പത്രക്കാരെല്ലാം അത്തരക്കാരാണ് എന്നല്ലല്ലോ. മാത്രമല്ല മഹാഭൂരിഭാഗവും എതിരുമാണ്.
ശനിയാഴ്ചയാണ് നാലംഗ അജ്ഞാതസംഘം മിഡ്‌ഡേയുടെ  എഡിറ്ററെ  വെടിവെച്ചുകൊന്നത്. സംഭവത്തിന്റെ ഗൗരവം മഹരാഷ്ട്ര ഗവണ്‍മെന്റ് കണക്കിലെടുത്തു കാണുന്നതില്‍ പത്രപ്രവര്‍ത്തക സമൂഹത്തിന് ആശ്വാസം നല്‍കുന്നു. മുഖ്യമന്ത്രി ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിന് വേഗം കൂട്ടിയിട്ടുണ്ട്. കൊലപാതകത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാനാണ് നിര്‍ദേശം.

          മാധ്യമലോകത്ത് നടുക്കം സൃഷ്ടിച്ച സംഭവമാണിത്. എന്നാലിത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം കാര്യമല്ലെന്നും ഇന്ത്യന്‍ ജനത മൊത്തം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഭീഷണിയുടെ മര്‍മ്മപ്രധാന പ്രശ്‌നമായി ഇതിനെ കാണാന്‍ സര്‍ക്കാരിനും പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും കഴിയണമെന്നുമാണ് ഞങങളുടെയും അഭ്യര്‍ഥന. പ്രതികള്‍  രക്ഷപ്പെടാത്ത വിധം എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരിക്കണം അന്വേഷണവും അനന്തര നടപടികളും. എന്തായാലും  ഡേ യുടെ മരണം തേച്ചുമാച്ചില്ലാതാക്കാന്‍ ആരു ശ്രമിച്ചാലും മാധ്യമലോകം അത് പൊറുക്കില്ല, തീര്‍ച്ച.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...