Wednesday, June 8, 2011

സ്വത്തുവിവരങ്ങള്‍ പുറത്തുവരട്ടെ


               മന്‍മോഹന്‍ സിംഗിന്റെ സത്യസന്ധവും അഴിമതിരഹിതവുമായ ജീവിതത്തെ നമുക്ക് വാനോളം പുകഴ്ത്താം. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അത്തരമൊരു പരിമിതമായ സദാചാരം വ്യക്തിജീവിതത്തില്‍ മാത്രം കൊണ്ടുനടന്നാല്‍ മതിയോ? അദ്ദേഹം തന്റെ മന്ത്രിസഭയുടെയും ഭരണത്തിന്റെയും സദാചാരത്തിന്റെയും പാലംകൂടിയാവേണ്ടേ? ആ നിലയില്‍ തികഞ്ഞ പരാജയമാണ് മന്‍മോഹന്‍ സിംഗ് എന്ന് പറയേണ്ടിവരും. ഭരണത്തില്‍ തന്റെ സര്‍ക്കാര്‍ ഏഴുവര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ ഗ്രാഫ് ഹിമാലയം വരെ ഉയര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി തിരിച്ചറിഞ്ഞുവോ? വ്യക്തിഗതമായി നന്മയുള്ള ഒരാള്‍ എങ്ങനെയാണ് തന്റെ സഹപ്രവര്‍ത്തകര്‍ നടത്തിയ ഭീമാകാരമായ അഴിമതി ഇത്രനാളും കാണാതെ പോയത്? അഴിമതിയുടെ അവതാരങ്ങള്‍ പൊതുഖജനാവ് വര്‍ഷങ്ങളായി കൊള്ളയടിക്കുമ്പോള്‍ ഇതൊന്നും കാണാന്‍ കഴിവില്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയായി തുടരുന്നതെങ്ങനെ?

               നാം അഴിമതിയോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ മഹാര്‍ബുദത്തിനെതിരെ നാടുനീളെ ചര്‍ച്ചകളും സെമിനാറുകളും സമരങ്ങളും ഉപവാസങ്ങളും ആര്‍ഭാടപൂര്‍വം പൊടിപൊടിക്കുമ്പോഴും രാജ്യം അഴിമതിയുടെ കൊടും ചൂടില്‍ തിളച്ചുകൊണ്ടിരിക്കുകയാണ്. എം പിമാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അഴിമതിയുടെ ധ്വജവാഹകരായി അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തെ കുറിച്ചുള്ള ദൃഢവിശ്വാസങ്ങളില്‍ തന്നെ അത് വിള്ളല്‍ വീഴുത്തും. പിന്നെ ഭരണപ്രമുഖരുടെ ധീരമായ പ്രഖ്യാപനങ്ങള്‍ക്ക് കീറച്ചാക്കിന്റെ വിലപോലും ഇല്ലെന്ന അവസ്ഥ വരും. ഇപ്പോള്‍ ഏറെക്കുറെ അതാണവസ്ഥ.

              അന്നാ ഹസാരെയും ബാബ രാംദേവും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഉപവാസസമരവുമായി രംഗത്തുവന്നപ്പോള്‍ അതിന് ലഭിച്ച ജനപിന്തുണയും വാര്‍ത്താപ്രാധാന്യവും അഴിമതിയുടെ വിലക്കപ്പെട്ട വഴികള്‍ എത്രയുംവേഗം അടച്ചുകാണാനുള്ള പൗരാഭിലാഷത്തില്‍നിന്നും ഉയിര്‍കൊണ്ടതാണ്. രാംദേവ് സമരത്തിന്റെ പിന്നിലെ ഒത്തുകളി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് അശേഷം പോറലേല്‍പിച്ചിട്ടില്ല. അഴിമതിയുടെ കാര്യം വരുമ്പോള്‍ എല്ലാ പാര്‍ട്ടികളും സ്വാര്‍ത്ഥതയുടെ പുറംതോടിലേക്ക് ഉള്‍വലിയുമെന്ന് ബോധ്യപ്പെടാന്‍ അത് അവസരമൊരുക്കിയെന്ന് മാത്രം. 2ജി സ്‌പെക്ട്രം അഴിമതിയിലൂടെ രാജിവെക്കേണ്ടി വന്ന രാജയുടെ പാര്‍ട്ടിയെ തമിള്‍നാട്ടിലെ വോട്ടര്‍മാര്‍ കെട്ടുകെട്ടിച്ചത് യു പി എക്കും എന്‍ ഡി എക്കുമെല്ലാം വലിയ പാഠമാകേണ്ടതാണ്.

               ഒരു പക്ഷേ അതുകൊണ്ടാവാം പ്രധാനമന്ത്രി സഹപ്രവര്‍ത്തകരുടെ വിനാശകരമായ പ്രയാണത്തിന് കടിഞ്ഞാണിടാന്‍ കച്ചമുറുക്കിയത്. മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്നും ബിസിനസ് ബന്ധങ്ങള്‍ അറിയിക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നു. തികച്ചും ആഹ്‌ളാദകരമാണിത്. സംസ്ഥാന തലത്തിലും ഇത്തരം നിര്‍ദേശങ്ങള്‍ അനിവാര്യമായിരിക്കുന്നു. ഭരണത്തിലെ അഴിമതിക്കെതിരെ പൊതുസമൂഹം ഉണരുകയും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ മന്‍മോഹന്‍ സിംഗിന്റെ ആവശ്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. സ്വത്ത് വെളിപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് എല്ലാവരും സൗകര്യപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. ടെലികോം മന്ത്രി രാജ സ്‌പെക്ട്രം കേസില്‍ ഉള്‍പ്പെട്ട സമയത്തായിരുന്നു അത്. ഡി എം കെ പ്രതിനിധി തന്നെയായ മുന്‍ ടെലികോം മന്ത്രിയും ഇപ്പോള്‍ ടെക്സ്റ്റയില്‍ മന്ത്രിയുമായ ദയാനിധിമാരനെതിരെ അന്വേഷണം വരുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി അതേ നിര്‍ദേശം വീണ്ടും ഉന്നയിച്ചത്.

               ഓഗസ്റ്റ് 31നകം മന്ത്രിമാര്‍ സ്വത്തുവിവരം പ്രഖ്യാപിക്കണം. ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ബന്ധമുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കണം. സ്വത്ത്, വരുമാനം, വായ്പകള്‍, വ്യാപാരതാല്പര്യങ്ങള്‍, നടത്തുന്ന വ്യാപാരങ്ങളുടെ വിവരങ്ങള്‍, വിദേശ രാജ്യങ്ങളുമായോ കമ്പനികളുമായോ ഇവയ്ക്ക് ബന്ധമുണ്ടെങ്കില്‍ അക്കാര്യങ്ങളും വ്യക്തമാക്കണമെന്നാണ് നിര്‌ദേശം.

               അതുകൊണ്ട് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കുരുക്കുകള്‍ പിന്നെയും മുറുകുകയാണ്. ദയാനിധിമാരനും അധികനാള്‍ ഇനി മന്ത്രിയായി തുടരാനാവില്ല. സ്‌പെക്ട്രം ലൈസന്‍സുകള്‍ നല്‍കിയതിന്റെ നന്ദിസൂചകമായാണ് സ്വന്തക്കാരുടെ നേതൃത്വത്തിലുള്ള മാധ്യമ സംരംഭങ്ങള്‍ക്ക് വന്‍ തുക നിക്ഷേപം ലഭിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. സ്‌പെക്ട്രം വിവാദം അന്വേഷിക്കുന്ന ജെ പി സി മുമ്പാകെ ദയാനിധിമാരനും ഇനി ഹാജരാകേണ്ടിവരും. എന്‍ ഡി എ ഭരണകാലത്ത് ടെലികോം അഴിമതികളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം കണക്കാക്കാന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും (സിഎജി) അഴിമതിയുടെ തോത് എത്രയെന്ന് കണക്കാക്കാന്‍ ടെലികോം വകുപ്പിനും നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് ഇതുവരെ ജെ പി സിക്ക് മറുപടി ലഭിച്ചിട്ടില്ല. മാരന്റെ കാലത്തെ എല്ലാ നടപടികളും അന്വേഷിക്കുമെന്ന് സി ബി ഐയും വ്യക്തമാക്കിയിട്ടുണ്ട്.

               രണ്ടാം യു പി എ ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ഒട്ടും മെച്ചപ്പെട്ടതല്ല പ്രതിച്ഛായ. അഴിമതി അന്വേഷണത്തിന്റെയും മറ്റും കാര്യത്തില്‍  പ്രത്യാശാപൂര്‍ണമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍-ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ എന്‍ ഡി എക്ക് ഒരവസരം കൂടി ലഭിക്കുകയാവും ഫലം. സംശുദ്ധിയുടെ കാര്യത്തില്‍ പോസിറ്റീവായി ഒന്നും അവകാശപ്പെടാന്‍  അവര്‍ക്കില്ലെങ്കിലും രണ്ട് തിന്മകള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള സൗഭാഗ്യമേ ഇന്ത്യന്‍ ജനതക്ക് വിധിച്ചിട്ടുള്ളൂ എന്നത് കൊണ്ട് പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയില്‍ മറ്റൊന്നും അവര്‍ ചിന്തിച്ചില്ലെന്ന് വരും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...