Thursday, June 16, 2011

ഈ സത്യം എത്ര അപമാനകരം


            ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ നാലാമത്തെ രാജ്യമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! സ്ത്രീകള്‍ക്ക് മാത്രമല്ല  രാജ്യത്തെ 120 കോടി ജനങ്ങള്‍ക്കും നടുക്കവും നാണക്കേടുമുണ്ടാക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് തോംസണ്‍ റോയ്‌ട്ടേഴ്‌സ് ട്രസ്റ്റ് ലോ വിമന്‍ എന്ന സംഘടന ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയിലാണ്. ഈ വിചിത്രസത്യം എത്ര അപമാനകരമാണ്. ആഗോളസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇനി നമുക്ക് എന്ത് അര്‍ഹതയാണുള്ളത്? ലോകത്തെ 180ലേറെ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ എത്രയോ ഭേദം എന്നല്ലേ ഇതിനര്‍ഥം? പെണ്‍നൊമ്പരങ്ങളെ ആഴത്തില്‍ തിരിച്ചറിയാന്‍ രാഷ്ട്രീയ നേതൃത്വങ്ങളാകട്ടെ ഭരണാധികാരികളാകട്ടെ ഫലപ്രദമായ ഒരു ശ്രമവും നാളിതുവരെ നടത്തിയതായി അറിവില്ല.

            ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ കയ്യടക്കിയത്. അഫ്ഗാനിസ്ഥാന്‍, റിപ്പബ്‌ളിക് ഓഫ് കോംഗോ, പാക്കിസ്താന്‍  എന്നീ രാജ്യങ്ങളാണ് സ്ത്രീകള്‍ക്ക് നാശം വിതക്കുന്ന വരുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നില്‍ ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് പിന്നിലാണ് ദരിദ്ര ആഫ്രിക്കന്‍ രാജ്യമായ സോമാലിയ പോലും. കശ്മലന്മാരുടെ കരവലയത്തില്‍നിന്ന് സഹോദരിമാരെ രക്ഷിക്കാന്‍ ഇനി നാം ഏത് പ്രാര്‍ഥനയാണ് ചൊല്ലേണ്ടത്? ഏത് വാതിലിലാണ് മുട്ടേണ്ടത്. അല്ലെങ്കില്‍ ഏത് ആയുധമാണ് കയ്യില്‍ കരുതേണ്ടത്? ആയിരം നാവുകൊണ്ട് അവകാശപ്പെട്ട നമ്മുടെ മാനവിക ധാര്‍മിക മൂല്യങ്ങള്‍ക്ക് എങ്ങനെ ഇത്രമാത്രം ശോഷണം സംഭവിച്ചു?

            ഫെമിനിസ്റ്റ് സംഘടനകള്‍ക്കും വനിതാ പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ ഒരു പഞ്ഞവുമില്ല.  കുടുംബിനികള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഇത്രയധികം സംഘടനകളുള്ള മറ്റൊരു രാജ്യവുമില്ല. മത-രാഷ്ട്രീയ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം വനിതാ വിംഗുകളുമുണ്ട്. എല്ലാമുണ്ടായിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അസഹനീയമാംവിധം പെരുകിക്കൊണ്ടിരിക്കുന്നു. ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍,ഓഫീസുകളിലും വിദ്യാലയങ്ങളിലും വാഹനങ്ങളിലും  വ്യവസായശാലകളിലും പീഡനം എന്നുവേണ്ട മതസ്ഥാപനങ്ങളടക്കം സ്ത്രീ സാന്നിധ്യമുള്ളിടത്തെല്ലാം അവളുടെ തേങ്ങലുകളുയരുന്നു. കദനകഥകള്‍ മുഴങ്ങുന്നു. നാലുവയസ്സുള്ള പിഞ്ചോമന മുതല്‍ 80 കഴിഞ്ഞ പടുവൃദ്ധകള്‍ വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. പോറ്റിവളര്‍ത്തിയ പിതാവിന്റെയും ജീവിതം പങ്കുവെച്ച ഭര്‍ത്താവിന്റെയും നൊന്തുപെറ്റ പുത്രന്റെയും കൊലക്കത്തികള്‍ അവള്‍ക്ക് നേരെ ചീറിയടുക്കുന്നു. ഒട്ടും ക്ഷാമമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ മനസ്സിലുണ്ടാക്കുന്ന സ്‌ഫോടനം എത്ര കഠോരമാണ്.
 
            പീഡനങ്ങളില്‍ മാത്രമല്ല പെണ്‍ഭ്രൂണഹത്യയിലും ശിശുഹത്യയിലും മനുഷ്യക്കടത്തിലും ഇന്ത്യ തന്നെയാണ് നാലാം സ്ഥാനത്ത്. ചുരുങ്ങിയത് പത്ത് കോടി സ്ത്രീകളെങ്കിലും മനുഷ്യക്കടത്തിന്റെ ഇരകളായി മാറിയിട്ടുണ്ടെന്ന് 2009ല്‍ നമ്മുടെ ആഭ്യന്തര സെക്രട്ടറി മധുക്കര്‍ഗുപ്ത തന്നെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം മുപ്പത് ലക്ഷം സ്ത്രീകള്‍ വേശ്യാവൃത്തിയിലൂടെയാണ് ഉപജീവനം തേടുന്നത്. ഇതില്‍ നാല്‍പത് ശതമാനം കുട്ടികളാണ്. ധാര്‍മിക മുല്യങ്ങളുടെ മധുരസങ്കീര്‍ത്തനം മുഴങ്ങുന്ന ഒരു രാജ്യത്തെ ഈ സ്ഥിതിവിവരക്കണക്കുകള്‍ നാം എത്തിച്ചേര്‍ന്ന പതനത്തിന്റെയും ജീര്‍ണതയുടെയും ആഴമല്ലേ യഥാര്‍ഥത്തില്‍ വിളംബരം ചെയ്യുന്നത്?

            സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും ലോകോത്തമരെന്ന് അഹങ്കരിക്കുന്ന മലയാളികളുടെ സ്ഥിതിയെന്താണ്? കേരളത്തിലിന്ന് ആര്‍ഭാടപൂര്‍വം നടക്കുന്നത് ലൈംഗികപീഡനങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്ത്രീകള്‍ക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നുവെന്ന് കരുതാവുന്ന സംഭവവികാസങ്ങളാണ് ഓരോ ദിവസവും പത്രകോളങ്ങളില്‍ നിറയുന്നത്. ഇതിനെതിരെ ചര്‍ച്ചകളും സെമിനാറുകളും കവിതകളും പ്രഭാഷണങ്ങളും നോവലുകളുമെല്ലാം ആവശ്യത്തിലേറെയുണ്ടെങ്കിലും പീഡനങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.

            ഗാര്‍ഹിക പീഡന വിരുദ്ധ നിയമമടക്കം നിരവധി നിയമങ്ങള്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പാസ്സാക്കിയിട്ടുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. അത് പക്ഷെ കടലാസില്‍ സുഖനിദ്ര കൊള്ളുകയാണ്. നിയമത്തിന്റെ പരിരക്ഷ വേട്ടക്കാരെ രക്ഷിക്കാനുള്ളതാണ്. കിളിരൂര്‍, കവിയൂര്‍, സൂര്യനെല്ലി, വിതുര, തോപ്പുംപടി പെണ്‍വാണിഭങ്ങളില്‍ ഇരകളെ അവഗണിക്കുന്ന സമീപനമല്ലേ ഭരണകൂടങ്ങള്‍ വരെ സ്വീകരിച്ചത്? സ്ത്രീകളെ വിദേശത്തേക്ക് കടത്തി അവിടങ്ങളില്‍ നടക്കുന്ന പെണ്‍വാണിഭങ്ങളിലും മലയാളി പെണ്‍കുട്ടികളാണ് ഏറ്റവും പ്രധാന ഇരകള്‍.  മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ വലയില്‍ വീഴ്ത്തി നശിപ്പിക്കുന്നതിന്റെ വാര്‍ത്തകളും നമ്മെ അലോസരപ്പെടുത്തുന്നില്ല.  ഇതുമൂലം ഭാവിതുലഞ്ഞുപോയ പെണ്‍കുട്ടികളുടെ എണ്ണവും ചെറുതല്ല.
വേട്ടക്കാരെ രക്ഷിക്കാനും അതിന് വേണ്ടി ആളും അര്‍ഥവും നല്‍കാനും ഇവിടെ ആളുകളുണ്ട്. സൗമ്യ എന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് കൊന്ന ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരുടെ നിരയാണ് കോടതിയില്‍ ഹാജരാകുന്നത്! വെറും ഒരു യാചകന്‍ മാത്രമായ ഈ തമിഴനുവേണ്ടി പണമൊഴുക്കാനും ഇവിടെ വ്യക്തികള്‍ മാത്രമല്ല സംഘടനകളും റെഡി. എത്രമാത്രം ഉത്ക്കണ്ഠാജനകമാണിത്. സ്ത്രീയെ മാതാവായും ദേവതയായും ആദരപൂര്‍വം മാനിക്കുന്ന ഒരു രാജ്യത്താണ് സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്തത് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നു. സാംസ്‌കാരിക നായകര്‍ ഇതൊന്നും അറിയുന്നില്ലെന്ന് വരുമോ.

2 comments:

Related Posts Plugin for WordPress, Blogger...