തുര്‍ക്കിയില്‍ പ്രവചനങ്ങളെ അതിജീവിക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളത്രയും പ്രയോഗിച്ചിട്ടും പ്രതിപക്ഷങ്ങള്ക്കായില്ല. 2002ല്‍ അധികാരമേല്‍ക്കുമ്പോഴുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് തുര്‍ക്കിയെ ഏറെ മുന്നോട്ടുനയിച്ച റജബ് ത്വയ്യിബ് ഉര്ദുഗാന് തന്നെ തുര്‍ക്കി ജനത മൂന്നാം തവണയും തിളങ്ങുന്ന അംഗീകാരം നല്കിയിരിക്കുന്നു. കാര്യക്ഷമതയുള്ള ഭരണാധികാരികളെ ജനങ്ങള്‍ കയ്യൊഴിക്കില്ലെന്നതിന് ഒന്നാംതരം ഉദാഹരണമാണ് തുര്‍ക്കിയിലെ ജനവിധി. 1923 മുതല്‍ 1950 വരെയുള്ള ഫാസിസ്റ്റ് ഭരണവും അതിനു ശേഷം ഓരോ പത്ത് വര്‍ഷത്തിലും ആവര്‍ത്തിക്കപ്പെട്ട പട്ടാള അട്ടിമറിയും തുര്‍ക്കിയെ യൂറോപ്പിലെ രോഗിയാക്കിയിരുന്നു. ഭരണരംഗത്തെ അസ്ഥിരത തുര്‍ക്കിയെ സാംസ്കാരികമായും വല്ലാതെ ഉലച്ചുകളഞ്ഞു. തുര്‍ക്കിക്ക് ഒരു കാലഘട്ടത്തില്‍ ഇസ്ലാമിന്റെ തിളക്കമാര്‍ന്ന ചരിത്രം പങ്കുവെക്കാനുണ്ട്. ഇന്നും ഉജ്ജ്വലമായ ആ സ്മരണകള്‍ ജനമനസ്സുകളില്‍ പച്ചപിടിച്ചു തന്നെ നില്‍പ്പുണ്ട്. എന്നാല്‍ അത്യാചാരങ്ങള്കൊണ്ട് ഇസ്ലാമിക മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളും പിന്നീടുണ്ടായി. ഭരണസ്ഥിരതയുടെ നല്ല വശം ജനങ്ങള്‍ക്ക് അനുഭവവേദ്യമായത് പക്ഷെ ഉര്‍ദുഗാന്റെ വരവോടെയാണെന്ന് മാത്രം.
ഞായറാഴ്ച 550 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാന്ത്രിക സംഖ്യയായ 367 സീറ്റ് തികയ്ക്കാന്‍ ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്പ്മെന്റ് പാര്‍ട്ടി (എ കെ പാര്‍ട്ടി) ക്കായില്ല. 50 ശതമാനം വോട്ടുനേടിയ എ കെ പാര്‍ട്ടിക്ക് 326 സീറ്റാണ് ലഭിച്ചത്. പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഭരണഘടന മാറ്റിയെഴുതുന്നതിന് മറ്റു പാര്‍ട്ടികളുടെ സഹായം തേടേണ്ടിവരും. പഴയ ഭരണഘടനയിലെ ജനവിരുദ്ധ വകുപ്പുകള്‍ ഒഴിവാക്കി പുതിയ ഭരണഘടന തയ്യാറാക്കുമെന്നത് ഉര്‍ദുഗാന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭേദഗതിക്ക് മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടി ആവശ്യമാണ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കഴിഞ്ഞ തവണ 112 സീററുണ്ടായിരുന്നത് ഇത്തവണ 135 ആയി വര്‍ധിച്ചിട്ടുണ്ട്. കുര്‍ദു അനുകൂല പാര്‍ട്ടിയായ പീസ് ആന്റ് ഡമോക്രസി പാര്‍ട്ടി 53 സീറ്റും മറ്റ് സ്വതന്ത്രര്‍ 36 സീറ്റും നേടിയിട്ടുണ്ട്. 50 വനിതകളുടെ സ്ഥാനത്ത് ഇത്തവണ പാര്‍ലമെന്റില്‍ 78 മഹിളാ മെമ്പര്‍മാരുടെ സാന്നിധ്യമുണ്ട്. ഈ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചശേഷമേ പുതിയ ഭരണഘടന തയാറാക്കുകയുള്ളൂവെന്ന് ഫലം പുറത്തുവന്ന ശേഷം ഉര്ദുഗാന് വ്യക്തമാക്കിയിട്ടുമുണ്ട്. സര്‍ക്കാരിതര സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ആശയവിനിമയം നടത്താനും അദ്ദേഹത്തിന് പരിപാടിയുണ്ട്. തീര്‍ച്ചയായും സ്വാഗതാര്‍ഹവും മാതൃകാപരവുമായ ഈ സമീപനം മറ്റ് രാഷ്ട്രങ്ങള്‍ക്കും പാഠമാവേണ്ടതാണ്. മാധ്യമങ്ങളും തുര്‍ക്കി ഭരണകൂടത്തിന് അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്.
തുര്‍ക്കിയിലെ ഭരണസ്ഥിരത അയല്‍ രാജ്യങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയപ്രക്ഷോഭത്തെ അവിടത്തെ സര്‍ക്കാര്‍ നിഷ്ക്കരുണം അടിച്ചൊതുക്കുകയാണ്. സിറിയയുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കിയെങ്കിലും അവിടുത്തെ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിന് അത് തടസ്സമാകുന്നില്ല. ഒട്ടുമിക്ക അറബ് രാജ്യങ്ങളും മൗനം പാലിക്കുമ്പോള്‍ തുര്‍ക്കിയുടെ ധീരമായ നിലപാട് ഏറെ ശ്രദ്ധേയമാണ്. സിറിയന്‍ സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളുമായി കൂടുതല്‍ ഗ്രാമങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ തുര്‍ക്കിയിലേക്കാണ് അഭയാര്‍ഥി പ്രവാഹം. ഇതിനകം തന്നെ നാല് അഭയാര്ഥികേമ്പുകള് അവിടെ തുറന്നു പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്കെതിരെ നിറയൊഴിക്കാന്‍ സൈനികര്‍ക്ക് അസദ് സര്‍ക്കാര്‍ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ തുര്‍ക്കി മാത്രമാണ് അവര്‍ക്കിപ്പോള്‍ ആശ്രയം.
ഉര്‍ദുഗാനെ തീവ്ര ഇസ്ലാമിസ്റ്റെന്ന് മുദ്രകുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ച തിരിച്ചടി വലിയ പാഠമാണ്. തുര്‍ക്കി ജനതയുടെ അഭിമാനകരമായ നിലനില്പിന് അനിവാര്യമായ മൂല്യങ്ങള്‍ മുറുകെപിടിക്കുമെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച ഭരണാധികാരിയാണ് ഉര്ദുഗാന്. മൂന്നാം തവണയും തുര്‍ക്കിജനതയുടെ അംഗീകാരം കിട്ടിയ അദ്ദേഹം എല്ലാ കാര്യത്തിലും തികഞ്ഞ പക്വതയോടെയാണ് പ്രതികരിക്കുന്നത്. തുര്‍ക്കിയുടെ ശക്തമായ സാന്നിധ്യം ലോകത്തെ അറിയിക്കുകയെന്നതും ഉര്‍ദുഗാന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെടും. സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍ പെട്ട് വന്‍ശക്തികള്‍ ഉലഞ്ഞപ്പോഴും ചൈനയോടുപോലും മത്സരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ വളര്‍ത്തിക്കൊണ്ടുവരാന്‍ തുര്‍ക്കിക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.
രാജ്യം തൊഴിലില്ലായ്മയില്‍ പൊറുതിമുട്ടിയ സമയത്താണ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുര്‍ക്കിയില്‍ ഭരണം കയ്യേറ്റത്. ഇക്കാര്യത്തില്‍ ഭരണകൂടം കൈക്കൊണ്ട ബുദ്ധിപരമായ സമീപനമാണ് ഈ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ വലിയൊരളവോളം പ്രാപ്തമാക്കിയത്. യൂറോപ്പിലെ നിക്ഷേപസൗഹൃദ രാജ്യമായി തുര്‍ക്കിയെ മാറ്റുന്നതിലും ഒമ്പത് വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന എ കെ പാര്‍ട്ടിയുടെ പങ്ക് വളരെ വലുതാണ്. യൂറോപ്യന്‍ യൂന്യന്‍ മാതൃകയില്‍ പശ്ചിമേഷ്യയും മറ്റ് അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്ന മുസ്ലിംലോകത്തിന്റെ ഐക്യവും ഉര്ദുഗാന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
Good one
ReplyDelete