Tuesday, June 28, 2011

ഡോ. മുഹമ്മദിന്റെ നിശ്ചയദാര്‍ഢ്യം


               നീതിയുടെ ആകാശത്ത് വീണ്ടുമിതാ വെളിച്ചം വെട്ടിവിതറാന്‍ തുടങ്ങിയിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കുന്ന മുട്ടാളന്മാര്‍ക്ക,്  നാളിതുവരെ വാരിക്കൂട്ടിയ പാപകര്‍മങ്ങളുടെ ഭാണ്ഡവുമായി,  ഇനി പാര്‍ട്ടിക്കൂടാരങ്ങളിലേക്ക് മടങ്ങാമെന്ന് തോന്നുന്നു. നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കാലിക്കറ്റ് സര്‍വകലാശാലാ റജിസ്ട്രാര്‍ പദവിയില്‍ തിരിച്ചെത്തിയ ഡോ. പി പി മുഹമ്മദിന്റെ അനുഭവം ഇത്തരക്കാര്‍ക്കും അവരെ പോറ്റിവളര്‍ത്തുന്നവര്‍ക്കുമുള്ള അതിശക്തമായ മുന്നറിയിപ്പ് കൂടിയാണ്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇടതു ഭൂരിപക്ഷമുള്ള കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് 2007 ജൂലൈ 19നാണ് ഡോ. മുഹമ്മദിനെ റജിസ്ട്രാര്‍ പദവിയില്‍നിന്ന് ഒഴിവാക്കിയത്. രണ്ടുവര്‍ഷത്തിനു ശേഷം 2009 ആഗസ്റ്റ് 29ന് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിക്കുകയും ചെയ്തു. വളരെയേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ആ തീരുമാനമാണ് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ട് സര്‍വകലാശാലാ  ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് റദ്ദാക്കിയത്. പിരിച്ചുവിടലിന് കാരണമായി സിണ്ടിക്കേറ്റ് ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന യൂണിവാഴ്‌സിറ്റി അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉപദേശം ഗവര്‍ണര്‍ സ്വീകരിക്കുകയായിരുന്നു.

                പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സി എച്ച് മുഹമ്മദുകോയ വിദ്യാഭ്യാസമന്ത്രിയായിരിക്കെ നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ജന്മംകൊണ്ട കലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തരമൊരു സംഭവം ഹൃദയമുരുക്കുന്ന അനുഭവം തന്നെയായിരുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  സര്‍ക്കാരിന്റെയും മറ്റും കുഞ്ചികസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് കടമ്പകള്‍ എറെയുള്ള സാഹചര്യത്തില്‍, ലഭിച്ച പദവികളില്‍നിന്ന് അപമാനകരമാംവിധം അടിച്ചിറക്കുന്നത് നടുക്കമുളവാക്കുന്ന കാര്യം തന്നെയാണ്. ഡോ. മുഹമ്മദിനെതിരെ നടപടിയുണ്ടായപ്പോള്‍ ഞങ്ങള്‍ ഈ കോളത്തില്‍ അത് ചൂണ്ടിക്കാട്ടിയിരുന്നു. എന്തിന്റെ പേരിലായാലും പ്രബുദ്ധകേരളത്തിന്റെ സാക്ഷരതാബോധത്തിന് അത് വലിയ കളങ്കമാണേല്‍പ്പിച്ചത്. അധികാരം മാറുന്നതിനനുസരിച്ച് പൊലീസുകാരും  ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന വാശി പാര്‍ട്ടിയെ എവിടെ എത്തിച്ചുവെന്ന് കഴിഞ്ഞ പാര്‍ലമെന്റ്-പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയ കനത്ത സൂചന ഇവിടെ ചേര്‍ത്തുവായിക്കാന്‍ വിവേകമതികള്‍ സന്നദ്ധമാവണം. ആധിപത്യം വാള്‍മുനയില്‍ സ്ഥാപിച്ചെടുക്കുന്ന  ഫാസിസ്റ്റ് ശൈലി ഒരു ജനകീയ പ്രസ്ഥാനത്തിന് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കക്ഷികള്‍ ഉറക്കെ ചിന്തിക്കണം.

               യു ഡി എഫ് വാഴ്ചക്കാലത്തെ അധ്യാപക നിയമനങ്ങളടക്കം നിരവധി ആക്ഷേങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്  സി പി എം സിണ്ടിക്കേറ്റ് ഡോ. മുഹമ്മദിനെ നിര്‍ദയം ക്രൂശിച്ചത്. അധ്യാപക നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്നും കേന്‍സര്‍ രോഗിയായ ഗവേഷണ വിദ്യാര്‍ഥിനിക്ക് യഥാസമയം സഹായം നല്‍കിയില്ലെന്നും സര്‍വകലാശാലാവാഹനം ദുരുപയോഗം ചെയ്തുവെന്നും ചാന്‍സലറെ ധിക്കരിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി യെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച സിണ്ടിക്കേറ്റ് അതിന് ഉപോത്ബലകമാകും വിധം ഒരു ഏകാംഗ കമീഷന്‍ റിപ്പോര്‍ട്ടും സംഘടിപ്പിച്ചിരുന്നു.

                തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളായിരുന്നു അപ്പലറ്റ് ട്രൈബ്യൂണല്‍ കണ്ടെത്തുകയുണ്ടായി. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നതായിരുന്നു അവസ്ഥ. കാരണം ഡോ മുഹമ്മദിനെ സംബന്ധിച്ചെടുത്തോളം  കൃത്യനിര്‍വഹണ കാര്യത്തില്‍ തികച്ചും സത്യസന്ധതയും ചുമതലാബോധവും കാത്തുസൂക്ഷിച്ച പാരമ്പര്യമാണ് ഉള്ളത്. സ്വകാര്യജീവിതത്തില്‍ പോലും വിശുദ്ധി പുലര്‍ത്തണം എന്ന നിഷ്‌ക്കര്‍ഷയും അദ്ദേഹത്തിനുണ്ട്. അങ്ങനെയുള്ള ഒരു ഉന്നത വ്യക്തിത്വത്തെ താറടിക്കാന്‍  സാംസ്‌കാരികാവബോധം ഉദ്‌ഘോഷിക്കേണ്ട സര്‍വകലാശാല പോലുള്ള മഹനീയ സ്ഥാപനത്തെ ദുരുപയോഗപ്പെടുത്തിയത് ഒട്ടും ഉചിതമായില്ല.

               രാഷ്ട്രീയ പ്രതികാരത്തിന്റെ ബലിയാടാകുന്ന ആദ്യത്തെ ആളല്ല ഡോ മുഹമ്മദ്. നിരവധി അധ്യാപര്‍ക്കെതിരെ സിണ്ടിക്കേറ്റ് പകപോക്കലിന്റെ പുകപടലമുയര്‍ത്തിയിട്ടുണ്ട്. പിടിച്ചുനില്‍ക്കാനാവാതെ ആയുധം വെച്ച് കീഴടങ്ങിയവരും ജോലി ഉപേക്ഷിച്ചു പോയവരുമുണ്ട്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചവര്‍ ഉള്‍ത്തടം കിടുങ്ങുന്ന ഭേദ്യങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിട്ടുണ്ട്. വെല്ലുവിളികളെയും ഭീഷണികളെയും തന്റേടത്തോടെ നേരിട്ടതാണ് മുഹമ്മദിന്റെ തിരിച്ചുവരവിന് തിളക്കമേകുന്നത്. ഇത്തരം അനീതികളെ നിശ്ചയദാര്‍ഢ്യത്തോടെ മറികടന്ന  അദ്ദേഹത്തിന്റെ നിയമപോരാട്ടം സമൂഹത്തിന് മാത്രമല്ല അദ്ദേഹത്തെ നിരന്തരം വേട്ടയാടിയ സിണ്ടിക്കേറ്റംഗങ്ങള്‍ക്കും വലിയ പാഠമാണ് നല്‍കുന്നത്.

               മുഹമ്മദ് അധികാരത്തില്‍ തിരിച്ചുവരുമ്പോള്‍ ഉയരുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. അദ്ദേഹത്തിനും അതുപോലെ നിരവധി നിരപരാധികള്‍ക്കുമെതിരെ കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും സര്‍വകലാശാല ചെലവിട്ട കോടികള്‍ക്ക് ആരാണ് ഉത്തരവാദി?  പി പി മുഹമ്മദിന് കഴിഞ്ഞ നാലുവര്‍ഷം തടഞ്ഞ ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. അതു തന്നെ അരക്കോടിയോളം വരും. കേസ് നടത്തിപ്പിന് ചെലവായ ലക്ഷങ്ങള്‍ വേറെയും. ഇതുപോലെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ എടുത്ത നിരവധി കേസുകള്‍ വേറെയുമുണ്ട്.  ഈ തുക യഥാര്‍ഥത്തില്‍ ബന്ധപ്പെട്ട സിണ്ടിക്കേററ് അംഗങ്ങളില്‍ നിന്ന് തന്നെ ഈടാക്കേണ്ടതല്ലേ? എങ്കിലേ വിദ്വേഷപ്രേരിതവും വിഷലിപ്തവുമായ ഇത്തരം ദുഷ്‌കൃത്യങ്ങള്‍ക്ക് അറുതി വരികയുള്ളൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...