Monday, June 6, 2011

യമനിലെ ജനകീയ വിപ്‌ളവം വഴിത്തിരിവില്‍


               ടുണീഷ്യയിലും ഈജിപ്തിലും ജനകീയ വിപ്‌ളവം ജയം കണ്ടപ്പോള്‍ യമനിലെ ജനങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അവസരം അവര്‍ നന്നായി ഉപയോഗിച്ചു. സ്വാതന്ത്ര്യവും സമാധാനവും പുരോഗതിയും കൊതിച്ച ജനങ്ങള്‍ക്ക് പ്രത്യാശപകരുന്ന ഒരു നടപടിയും നീണ്ട 33 വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രസിഡണ്ട് അലി അബ്ദുല്ല സ്വാലിഹിന് കാഴ്ചവെക്കാനായില്ല. അറബ് ലോകത്തെ തന്ത്രജ്ഞനായ ഭരണാധികാരിയെന്ന് പുകള്‍പെറ്റ അദ്ദേഹം പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി.  അവസാനം സകുടുംബം ചികിത്സയുടെ പേരിലാണെങ്കിലും നാടുവിടേണ്ടിവരികയും ചെയ്തു. സ്വാലിഹ് രാജ്യം വിട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ സന്‍ആയിലും വിവിധ നഗരങ്ങളിലും ജനങ്ങള്‍ പാട്ടുപാടിയും നൃത്തംചെയ്തും ആഹ്‌ളാദപ്രകടനം നടത്തുകയാണ്. യൂണിഫോറമണിഞ്ഞ സൈനികരില്‍ ചിലര്‍ പോലും ജനങ്ങളുടെ ആഹ്‌ളാദത്തില്‍ പങ്കുചേരുകയുണ്ടായി. ഭരണാധികാരികളുടെ വകതിരിവില്ലാത്ത വാഴ്ച അവരെ എവിടെ കൊണ്ടെത്തിക്കുമെന്നതിന് നല്ല ഉദാഹരണമാണ് യമന്‍.

               മാസങ്ങളായി യമനിലെ അതിശക്തമായ ജനരോഷം നേരിടുകയായിരുന്നു ഭരണകൂടം. വെള്ളിയാഴ്ച  കൊട്ടാരവളപ്പില്‍ പ്രക്ഷോഭകര്‍ നടത്തിയ റോക്കറ്റാക്രമണത്തിലാണ് പ്രസിഡണ്ടിന് സാരമായി പരുക്കേറ്റത്.  തുടര്‍ന്ന് പ്രക്ഷോഭകരുടെ കയ്യില്‍ പെടുന്നതിന് മുമ്പ് ചികിത്സക്കെന്ന പേരില്‍ സഊദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. രാജ്യത്തിന്റെ  കുഞ്ചികസ്ഥാനങ്ങളില്‍ ഉള്ളവര്‍പോലും സ്വാലിഹിന്റെ വിമാനം സഊദിയില്‍ എത്തിയ ശേഷം മാത്രമേ വിവരം അറിഞ്ഞുള്ളൂ. ശനിയാഴ്ച ഏറെ വൈകിയാണ് പ്രസിഡണ്ടിന്റെ സൗദി യാത്ര ഔദ്യോഗികമായി സ്ഥിരീകരിച്ചത് തന്നെ. അതുവരെ സ്വാലിഹ് എവിടെയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എന്താണെന്നതും സംബന്ധിച്ച് പലതരം അഭ്യൂഹങ്ങളുണ്ടായിരുന്നു. പള്ളിയില്‍ സ്വാലിഹും പ്രധാനമന്ത്രി അലി മുഹമ്മദ് മുജാവഹറുമടക്കം നിരവധി പ്രമുഖര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തിന് മുമ്പ് തന്നെ പള്ളിയില്‍ ബോമ്പ് വെച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

               സൗദിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പ്രസിഡണ്ടിന് സുഖം പ്രാപിച്ചാലും യമനിലേക്ക് മടങ്ങാനാവുമെന്ന് തോന്നുന്നില്ല. യമന്‍ ജനത അതിനനുവദിക്കുകയില്ല. കനത്ത സുരക്ഷാവലയത്തിലായിരുന്നിട്ടും കൊട്ടാരവളപ്പില്‍ വെച്ച് പ്രസിഡണ്ടിന് പരിക്കേറ്റത് ഭരണകൂടത്തിന് വലിയ ആഘാതം തന്നെയാണ്. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നാടുവിടുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. യമനിലെ ഏതാനും മന്ത്രിമാരും  മറ്റ് പ്രമുഖരും രാജ്യം വിട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രസിഡണ്ടിന്റെ ഭൂരിഭാഗം കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം സഊദിയിലെത്തിയെന്നാണ് വിവരം. എതായാലും സ്വാലിഹിന്റെ ഭരണം അവസാനിച്ചുവെന്നതിന്റെ സൂചനയായി ഈ പലായനത്തെ  കണക്കാക്കുന്നവരാണ് യമനികള്‍.

               പ്രസിഡണ്ട് നാടുവിട്ടതിന് ശേഷവും ജനകീയ പ്രക്ഷോഭം യമനില്‍ രൂക്ഷമായി തുടരുകയാണ്. അതിനിടയില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്വാലിഹിന്റെ അഭാവത്തില്‍ വൈസ് പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ആക്ടിംഗ് പ്രസിഡണ്ടാക്കാനും നീക്കം നടക്കുന്നു. യമനില്‍ ഇടപെടാന്‍ തക്കം പാത്തുകഴിയുന്ന അമേരിക്കയുടെ സ്ഥാനപതി ജെറാള്‍ഡ് മൈക്കിളുമായി ഹാദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഭരണത്തിലും സൈന്യത്തിലും ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന സ്വാലിഹിന്റെ മകന്‍ അഹമദുമായും ചര്‍ച്ചകള്‍ നടക്കുന്നു. ഭരണം തുടരാന്‍ സകല വഴികളും ആരായുന്നുണ്ടെങ്കിലും ജനം അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണ്.

               1971 ജൂലൈ 17നാണ് യമന്‍ പ്രസിഡണ്ടായി സ്വാലിഹ് അധികാരത്തിലെത്തിയത്. യമന്റെ ഏകീകരണത്തോടെ മുന്‍കാല ശത്രുക്കളെ അനുയായികളാക്കാനും തന്റെ വിശ്വസ്തരെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.  എന്നാല്‍ ഭരണനൈപുണ്യത്തിനപ്പുറം മര്‍ക്കടമുഷ്ടിയും പാശ്ചാത്യ പിന്തുണയുമായിരുന്നു അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍ അറബ്‌ലോകത്തെ വസന്തം എന്ന് സ്വാലിഹിനെ പുകഴ്ത്തിയ ചില പാശ്ചാത്യ രാജ്യങ്ങളുടെ തന്നെ പിന്തുണയോടെയാണ്  ഇപ്പോള്‍ പ്രക്ഷോഭകാരികള്‍ രംഗത്തിറങ്ങിയത്  എന്നത് ശ്രദ്ധേയമാണ്. 1990ല്‍ ഉത്തര, ദക്ഷിണ യമനുകള്‍ സംയോജിപ്പിച്ച് ഏകരാജ്യമായിത്തീര്‍ന്നിട്ടും സാമ്പത്തികരംഗത്ത് വളര്‍ച്ച പ്രാപിക്കാന്‍ സ്വാലിഹ് ഭരണത്തില്‍ സാധിച്ചില്ല. കോടിക്കണക്കിന് ഡോളര്‍ എണ്ണ വില്‍പനയിലൂടെ ലഭിക്കുന്ന യമനിലെ നാല്‍പത് ശതമാനം പേരുടെയും ദിവസ വരുമാനം രണ്ട് ഡോളര്‍ മാത്രമാണ്. ഭരണത്തിന്റെ പിടിപ്പ്‌കേട് മനസ്സിലാക്കാന്‍ ഈ കണക്ക് തന്നെ ധാരാളം.

               ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിനെ പിന്തുണക്കുക വഴി സൗദി അറേബ്യയുടെയും കുവൈത്തിന്റെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്ന യമന്‍ അതിന് വലിയ വിലയും നല്‍കേണ്ടിവന്നിട്ടുണ്ട്. പത്ത് ലക്ഷത്തോളം വരുന്ന യമനികളെ അന്ന് സൗദി പുറത്താക്കുകയുണ്ടായി.  നയതന്ത്ര രംഗത്തെ പാളിച്ചകളും ഭരണ വീഴ്ചകളും ഒത്തുചേര്‍ന്നപ്പോള്‍  ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ക്ക് മുമ്പില്‍ പ്രക്ഷോഭമല്ലാതെ മാര്‍ഗമില്ലെന്നായി. സിറിയയിലും ബഹറൈനിലും ലിബിയയിലുമെല്ലാം നടക്കുന്ന സംഭവങ്ങള്‍ അവശേഷിക്കുന്ന ഇതര രാജ്യങ്ങള്‍ക്കെല്ലാം വലിയ പാഠമാണ് നല്‍കുന്നത്. അസ്വസ്ഥതകളുടെ കൂടാരത്തില്‍ നൊന്തുകഴിയുന്ന ജനം ദുരന്തങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ പ്രതിസന്ധികളെ മറികടക്കാന്‍ പ്രക്ഷോഭമുള്‍പ്പെടെ ഏതായുധവും പുറത്തെടുക്കുക തന്നെ ചെയ്യും. തങ്ങളുടെ സ്വേഛാവാഴ്ച സമഗ്രമായ അപഗ്രഥനത്തിനും ആത്മപരിശോധനക്കും എത്രവേഗം വിധേയമാക്കാന്‍ സന്നദ്ധമാവുന്നുവോ അത്രയും നല്ലത്.

1 comment:

  1. good article,
    egypt, tunisia, yaman prakshobhangalk sheshamulla aviduthe sadharanakkarude jevithathil enthu maatamanu smbavichathenna oru anveshana reoprtum ithinu pinnale pratheekshikkunnu. swechathipathikalku sheshamulla rashtrangalude kadinhan aarude kaikalilekanu pokunnathennu.....

    ReplyDelete

Related Posts Plugin for WordPress, Blogger...