Friday, June 24, 2011

വീണ്ടും ബാന്‍ കി മൂണ്‍


               ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബാന്‍ കി മൂണിനെ നമുക്ക് ഹൃദയംനിറഞ്ഞ് അനുമോദിക്കാം. കാരണം ഏഷ്യയില്‍ നിന്ന് ഈ മഹനീയ പദവി അലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച പ്രഥമ വ്യക്തിത്വമാണദ്ദേഹം. ബാന്‍ കി മൂണിനെ പോലെ ആഗോള വീക്ഷണമുള്ളവരാണ് ഇത്തരം പദവികള്‍ അലങ്കരിക്കേണ്ടത്. എന്നാല്‍ അലങ്കരിച്ച പദവിയുടെ മഹത്വം യഥോചിതം പരിരക്ഷിക്കാന്‍ മൂണിനു കഴിഞ്ഞുവെന്ന് പറയാനാവില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമായിരുന്നില്ല. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നതാണ് അദ്ദേഹത്തിനിപ്പോള്‍ തുണയായത് എന്ന് പറയുന്നതാവും ശരി. എന്നാല്‍ യു  എന്നിന് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നതിനാല്‍ നമുക്ക് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം.

               രണ്ടാം ലോകമാഹായുദ്ധത്തിന്റെ ഭീകരമായ കെടുതികള്‍ അനുഭവിക്കേണ്ടിവന്ന രാഷ്ട്രങ്ങള്‍ ഇനിയുമൊരു യുദ്ധത്തിന്റെ കെടുതികള്‍ അഭിമുഖീകരിക്കാതിരിക്കാനാണ് 1945ല്‍ ഐക്യരാഷ്ട്ര സഭക്ക് രൂപം നല്‍കിയത്. അന്ന് 51 രാഷ്ട്രങ്ങളുണ്ടായിരുന്ന യു എന്നില്‍ ഇപ്പോള്‍ 192 അംഗരാജ്യങ്ങള്‍ ഉണ്ട്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റൂസ്വല്‍റ്റായിരുന്നു യു എന്‍ എന്ന പുതുസംവിധാനത്തിന് കാര്‍മികത്വം വഹിച്ചത്. ഒന്നാംലോക മഹായുദ്ധത്തെ തുടര്‍ന്ന് ജന്മംകൊണ്ട ലീഗ് ഓഫ് നേഷന്‍സിന്റെ പതനത്തില്‍നിന്നാണ് യു എന്‍ ഉദയംകൊണ്ടത് എന്നും വേണമെങ്കില്‍ പറയാം.

               ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയെന്ന നിലയില്‍ ലോക രാഷ്ട്രങ്ങള്‍ പ്രതീക്ഷാപൂര്‍വം സമീപിക്കുന്ന മുഖ്യസ്ഥാപനം കൂടിയാണിത്. വികസ്വര, അവികസിത രാഷ്ട്രങ്ങളെ സംബന്ധിച്ചെടുത്തോളം ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങളും നടപടികളും വളരെ നിര്‍ണായകമാണ്. അംഗരാഷ്ട്രങ്ങള്‍ മുഴുവന്‍  ഉള്‍പ്പെട്ട പൊതുസഭയേക്കാള്‍ പ്രാമുഖ്യം അഞ്ച് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെട്ട 15 രാജ്യങ്ങള്‍ അംഗങ്ങളായ സെക്യൂരിറ്റി കൗണ്‍സിലാണെന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള യാഥാര്‍ഥ്യമാണ്. യു എന്‍ ചാര്‍ട്ടിലെ 25-ാം വകുപ്പ് പ്രകാരം തീരുമാനമെടുക്കാനുള്ള അവകാശങ്ങള്‍ മുഴുവന്‍ സൂപ്പര്‍ അധികാര കേന്ദ്രങ്ങളായ അമേരിക്ക,  ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന തുടങ്ങിയ സ്ഥിരാംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലോകരാജ്യങ്ങള്‍ ഒന്നൊന്നായി ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് നടന്നടുക്കുമ്പോഴും ഐക്യരാഷ്ട്ര സഭക്ക് ഇത് ബാധകമല്ലെന്ന് വരുന്നത് വിരോധാഭാസം തന്നെ. സ്ഥിരാംഗങ്ങളായ അഞ്ച് വന്‍കിട രാഷ്ട്രങ്ങളുടെ അംഗുലീ ചലനത്തിനനുസരിച്ച് മാത്രം ചരിക്കാന്‍ വിധിക്കപ്പെട്ട പൊതുസഭയുടെ തീരുമാനങ്ങള്‍ മിക്കപ്പോഴും ഏകപക്ഷീയമായി പോകുന്നു. സാമ്രാജ്യത്വ ചേരിയുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ലെങ്കില്‍ തീരുമാനങ്ങള്‍ക്ക് ചവറ്റുകൊട്ടയിലാവും സ്ഥാനം. സെക്രട്ടറി ജനറലിന് പോലും തന്മൂലം ഫലപ്രദമായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ. ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയെപോലും നിര്‍വീര്യമാക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍  തന്മൂലം ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് ഇതുവരെയും  പറയത്തക്ക ഒരു മാറ്റവും വന്നിട്ടില്ല. അടുത്ത കാലത്തൊന്നും മാറ്റം പ്രതീക്ഷിക്കുകയും വേണ്ട. അഞ്ച് സ്ഥിരാംഗങ്ങള്‍ക്ക് പുറമെയുള്ള 15 അംഗരാഷ്ട്രങ്ങളുടെ പട്ടികയില്‍ കയറിപ്പറ്റാനുള്ള ഇന്ത്യുയുടെ ശ്രമം  എങ്ങുമെത്താതെ പോകുന്നതിനു കാരണവും മറ്റൊന്നല്ല.
എട്ടാമത് യു എന്‍ സെക്രട്ടറി ജനറലായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട ബാന്‍ കി മൂണ്‍ മുമ്പ് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രിയായിരുന്നു. കോഫി അന്നന് പിന്നാലെ 2007ലാണ്  മൂണ്‍ യു എന്‍ സെക്രട്ടറി ജനറലായത്. അടുത്ത ജനുവരി ഒന്നിനാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം ആരംഭിക്കുക. അംഗരാജ്യങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ലോകജനതയുടെ ഉന്നമനത്തിനായി പരമാവധി യത്‌നിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. മൂണിന്റെ ഗതകാല നടപടികള്‍ പരിശോധിച്ചാല്‍ സൃഷ്ടിപരമായ ശൈലിയാണ് താന്‍ അവലംബിച്ചതെന്ന് അദ്ദേഹത്തിനുപോലും അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല.

               എന്നാല്‍ ബാന്‍ കി മൂണിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറയാനുമാവില്ല. ലോകത്ത് അസ്വസ്ഥതയുടെ കനലുകള്‍ ആളിക്കത്താതിരിക്കാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചിട്ടുണ്ട്. റഷ്യയിലും ചൈനയിലുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളില്‍  മൗനംപാലിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രധാന ആരോപണം. ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യേഷ്യയിലുമുണ്ടാ യ ജനകീയ മുന്നേറ്റങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കാനും ആഗോള സമൂഹത്തില്‍ അതിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കാനും ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്ന് മാത്രമല്ല ലിബിയയിലും സിറിയയിലും മറ്റും ഭരണകൂടങ്ങള്‍ നടത്തിയ നരവേട്ട കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ഈജിപ്തിലും ടുണീഷ്യയിലും യമനിലും വിജയിച്ച ജനകീയ മുന്നേറ്റങ്ങളെ കുറിച്ച് സന്ദര്‍ഭത്തിനൊത്തു ഉയര്‍ന്നു പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്രസഭക്കായില്ല.

               എന്നാല്‍ പാരിസ്ഥിതിക -സ്ത്രീ വിമോചന നയങ്ങള്‍ എന്നിവയില്‍ ബാന്‍ കി മൂണ്‍ എടുത്ത നിലപാടുകള്‍ പ്രശംസനീയമായിരുന്നു. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇടതുപക്ഷ ആഭിമുഖ്യമുള്ള രാജ്യങ്ങളും ചില വികസ്വര രാഷ്ട്രങ്ങളും അദ്ദേഹത്തെ അമേരിക്കന്‍ പക്ഷപാതിയായി കാണുന്നുണ്ടെങ്കിലും വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങളുടെ പിന്തുണ പൂര്‍ണമായി നേടുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നത് നിസ്സാര കാര്യമല്ല. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ജനങ്ങളുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്നിടത്താണ് ഐക്യരാഷ്ട്ര സഭയുടെയും അതിന്റെ സെക്രട്ടറി ജനറലിന്റെയും യഥാര്‍ഥ വിജയം. തന്റെ അടുത്ത ഊഴമെങ്കിലും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായാല്‍ ബാന്‍ കി മൂണായിരിക്കും ലോകം നെഞ്ചേറ്റുന്ന ഏറ്റവും മികച്ച യു എന്‍ തലവന്‍.

1 comment:

Related Posts Plugin for WordPress, Blogger...