Friday, June 3, 2011

മുഖ്യമന്ത്രിയുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ

            കാറും കോളും നിറഞ്ഞ  ഈ പെരുമഴക്കാലത്ത് പ്രതീക്ഷകളുടെ കുട നിവര്‍ത്തിപ്പിടിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. വ്യത്യസ്ത വര്‍ണത്തിലും വലിപ്പത്തിലുമുള്ള വൈവിധ്യമാര്‍ന്ന നിരവധി പദ്ധതികള്‍ നടപ്പാക്കി നൂറു ദിവസങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുമെന്ന പ്രഖ്യാപനത്തിന്റെ അകമ്പടിയുമുണ്ട് പുതിയ കര്‍മ്മപദ്ധതികള്‍ക്ക്. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഐ എ എസ് ഓഫീസര്‍മാരുടെയും വകുപ്പ് തലവന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. അഡ്വക്കറ്റ് ജനറലും സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും അവരുടെ കുടുംബാംഗങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നു. മന്ത്രിയുടെയും സ്റ്റാഫിന്റെയും സ്വത്ത് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. അഴിമതിയെ കുറിച്ച് വിവരം അറിയിക്കുന്നവര്‍ ആരാണെന്ന കാര്യം പുറത്തുവിടില്ലെന്നും അവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനവും നല്‍കിയിരിക്കുന്നു.

            അഴിമതിയും സ്വജനപക്ഷപാതവും അര്‍ബ്ബുദംപോലെ അധികാരത്തിന്റെ സമസ്ത സിരാകേന്ദ്രങ്ങളെയും ഗ്രസിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനത്തിന് ആഴവും പരപ്പും കൂടും. ഇന്ദ്രപ്രസ്ഥത്തിലെ അഴിമതിക്കഥകള്‍ കേട്ട് വിറങ്ങലിച്ച് നില്‍ക്കുന്നവരുടെ മനസ്സില്‍ ആത്മവിശ്വാസത്തിന്റെ മണിഗോപുരമുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് കഴിയും. എന്നാല്‍ സംശുദ്ധ ഭരണത്തിന് വേണ്ടി നാം പല പരീക്ഷണങ്ങളും മുമ്പും നടത്തിയിട്ടുണ്ട്. പരീക്ഷണങ്ങളുടെ അമിതഭാരം ചുമക്കുകയാണ് നാം.  കനത്ത ഭൂരിപക്ഷമുണ്ടായിരുന്ന 2001-06ല്‍ പോലും അഴിമതിക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കോ യു ഡി എഫിനോ സാധിച്ചിരുന്നില്ല. നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇക്കാലത്ത് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിക്കാനും പ്രയാസം. അദ്ദേഹത്തിന്റെ പുതിയ മന്ത്രിസഭയിലെ ആറു പേര്‍ ഇപ്പോള്‍ തന്നെ അഴിമതിയാരോപണങ്ങള്‍ നേരിടുന്നവരാണ്. പുതിയ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി സി ഐപ്പിനെ കുറിച്ചും ആരോപണമുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇത്തരക്കാരെ മാറ്റിനിര്‍ത്താതെ സംശുദ്ധ ഭരണം എങ്ങനെ സാധ്യമാവും എന്ന സംശയം ന്യായമായും നിലനില്‍ക്കുന്നു.

            നാമനിര്‍ദേശ പത്രികയോടൊപ്പം  സ്വത്തുവിവരവും വെളിപ്പെടുത്തണമെന്നിരിക്കെ മന്ത്രിമാരുടെ ആസ്തികളെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ വല്ലതും അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അഴിമതി നടത്തുന്നവര്‍ അവരുടെ അവിഹിതസമ്പാദ്യം ബിനാമികളുടെ പേരിലാണ് സ്വരൂപിക്കുന്നതെന്നത്  എല്ലാവര്‍ക്കും നന്നായറിയാവുന്ന സത്യമാണ്. ബിനാമി ഇടപാടുകള്‍ കണ്ടുപിടിക്കാന്‍ വല്ല സംവിധാനവും മുഖ്യമന്ത്രി ഏര്‍പ്പെടുത്തമോ  എന്നാണറിയേണ്ടത്.
ഉമ്മന്‍ചാണ്ടിയുടെ ആത്മാര്‍ഥതയെ സംശയിക്കുന്നില്ലെങ്കിലും സമയബന്ധിതമായി നൂറുദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ അടിയന്തരാവശ്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും അദ്ദേഹത്തിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. 100 ദിവസത്തെ കര്‍മ്മപരിപാടി എന്ന പേരില്‍ അദ്ദേഹം അഞ്ചുവര്‍ഷത്തെ നയപ്രഖ്യാപനമാണ് നടത്തിയത്. കര്‍മ്മപരിപാടികള്‍ നിശ്ചിത ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാവുന്നതായിരിക്കണം. അത്തരം പരിപാടികള്‍ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. കേരള രൂപീകരണം മുതല്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെല്ലാം അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനത്തിലുമുണ്ട്. കോണ്‍ഗ്രസും  കമ്യൂണിസ്റ്റുകളും അവരുടെ മുന്നണികളുമാണ് ഇക്കാലമത്രയും ഈ കൊച്ചുസംസ്ഥാനം മാറി മാറി ഭരിച്ചത്. എന്നിട്ടും പ്രശ്‌നങ്ങള്‍ പാരാവാരം പോലെ പരന്നു കിടക്കുന്നു. ഭൂമി മലയാളത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുടെ നീണ്ട പട്ടികയാണല്ലോ ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച നിരത്തിവെച്ചത്.

            തന്റെ പ്രഥമ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി നടപ്പാക്കാന്‍ ഉദ്ദേശിച്ച അതിവേഗം ബഹുദൂരം പരിപാടിയുടെ പുതിയ മുഖമാണ് ഈ കര്‍മ്മപരിപാടിയും. ഈ കര്‍മ്മപരിപാടിക്ക് ഉദ്യോഗസ്ഥരും സജ്ജമാകണം എന്ന സവിശേഷതയുണ്ട്. ഉദ്യോഗസ്ഥന്മാര്‍ വേണ്ട രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ എല്ലാം അവതാളത്തിലാവുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരുടെ സഹകരണം യു ഡി എഫിന് എത്രമാത്രം ലഭിക്കും എന്ന് കണ്ടു തന്നെ അറിയണം.

            സുതാര്യതക്കും അഴിമതി നിര്‍മാര്‍ജനത്തിനും വികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നൂറുദിന കര്‍മ്മപരിപാടി വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായി തന്നെ രംഗത്തിറങ്ങേണ്ടതുണ്ട്. യു ഡി എഫ് അധികാരമേറ്റതിന് ശേഷം മുന്നണിക്കകത്തു നിന്ന് തന്നെയുള്ള വിവാദങ്ങളായിരുന്നു ഇതുവരെ. ഇപ്പോഴും അത് കെട്ടടങ്ങി എന്ന് പറയാനാവില്ല. ശക്തമായ കാറ്റടിച്ചാല്‍ ആടിയുലയുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന ബോധം ഘടകകക്ഷികള്‍ക്കും കാണുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനങ്ങളത്രയും യാഥാര്‍ഥ്യമായി കാണാനാഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. തന്റെ ഓഫീസ് അവധിയില്ലാതെ മുഴുസമയവും പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനം ആത്മാര്‍ഥതയില്‍ നിന്ന് ഉയിര്‍കൊണ്ടതുമാണ്. എന്നാല്‍ അഴിമതി നൂറുദിവസംകൊണ്ട് അവസാനിക്കുമെന്ന് കരുതുന്ന ഒരാളും കേരളത്തിലുണ്ടാവില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ലോകത്തിലെ  മഹാത്ഭുതമായിരിക്കുമത്. പുരോഗതിയുടെ വിതാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷത്തെയും സഹകരിപ്പിക്കാനും മുഖ്യമന്ത്രി ശ്രമിക്കണം.

1 comment:

  1. കാലഘട്ടത്തിന്റെ അനിവാര്യതകളാണ് മുഖ്യമന്ത്രിയുടെ സ്വപ്നങ്ങളില്‍ പ്രതിഫലിക്കുന്നത്. നടപ്പിലാക്കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

    ReplyDelete

Related Posts Plugin for WordPress, Blogger...