Wednesday, June 22, 2011

ക്രിമിനലുകളെ അകറ്റിനിര്‍ത്തുക


               പാലില്‍ ഒരു തുള്ളി വിഷം കലര്‍ന്നാല്‍ അത് അരിച്ചുമാറ്റി ഉപയോഗിക്കാനാവുമോ? അതുപോലെയാണ് ക്രിമിനലുകള്‍ പൊലീസില്‍ കടന്നുകൂടിയാല്‍. കേരള ഹൈക്കോടതിയുടെ ഈ നിഗമനം എത്രമാത്രം ശരിയാണെന്ന് ഒരു പരിഭാഷ കൂടാതെ തന്നെ എല്ലാവര്‍ക്കും ബോധ്യമാവും. അച്ചടക്കത്തില്‍ അടിയുറച്ച പൊലീസു സേനക്ക്, കുറ്റവാളിയാകാന്‍ സാധ്യതയുള്ളവര്‍ തീര്‍ച്ചയായും ഒരു ബാധ്യത തന്നെയാണ്. ക്രിമിനലുകളെ കുടഞ്ഞെറിയാതെ പൊലീസിന് സത്യസന്ധമായും കാര്യക്ഷമമായും നീതി നിര്‍വഹണവും നിയമപാലനവും അസാധ്യമാവുമെന്നതില്‍ ആര്‍ക്കാണ് സംശയം?

               അതുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പൊലീസില്‍ തുടരാന്‍ നിയമപരമായി അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷമമായി പരിശോധിക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് നാളിതുവരെ സംഭവിച്ചതെന്ന് നിസ്സംശയം പറയാം. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ക്കും പരിശീലനം നല്‍കാന്‍ കോടതികള്‍ ഉത്തരവുകള്‍ നല്‍കിയാല്‍ സേനയുടെ അച്ചടക്കത്തില്‍ അത് വിള്ളല്‍ വീഴ്ത്തുക സ്വാഭാവികം. എന്നാല്‍ സേനയുടെ മികവ്, അച്ചടക്കം എന്നിവ കോടതിയല്ല നിശ്ചയിക്കുന്നതും നിശ്ചയിക്കേണ്ടതും. ക്രിമിനലുകളെ മാത്രമല്ല കുറ്റവാളിയാകാന്‍ സാധ്യതയുള്ളവരെ പോലും അച്ചടക്കമുള്ള സേനയുടെ ഭാഗമാക്കുന്നത് തന്നെ തെറ്റാണ്. പൊലീസിന്റെ തലപ്പത്തുള്ളവരുടെ ബാധ്യതയാണിത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അവര്‍ക്ക് തന്നെ. 
 
               എന്തായാലും പൊലീസ് സേനയെ ക്രിമിനല്‍ വിമുക്തമാക്കിയേ തീരൂ എന്ന കര്‍ശന നിര്‍ദേശമാണ് ഇതു സംബന്ധിച്ച് ഹൈക്കോടതി ഇപ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിന്റെ കാതല്‍. കേരളാ പൊലീസ് ഒരു കാലത്ത് രാജ്യത്തിന് തന്നെ അഭിമാനകരമായ മാതൃകകള്‍ സൃഷ്ടിച്ചിരുന്നതാണ്.  നിയമപാലനത്തില്‍ കത്തിജ്വലിക്കുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ പൊലീസ് സേനക്ക് പങ്കുവെക്കാനുണ്ട്. അന്ന് ഏറെക്കുറെ ഒരു സാന്ത്വന തേന്മഴയായി പൊലീസ് നേനയുടെ കാര്യക്ഷമത വാഴ്ത്തപ്പെട്ടിരുന്നു. അത്രമാത്രം യുക്തിബോധവും കാര്യക്ഷമതയും പ്രകടിപ്പിച്ചിരുന്ന പൊലീസിനെ മുട്ടാളന്മാരാക്കി മാറ്റിയതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടത്തിനും തന്നെയാണ് വളരെ വലിയ പങ്ക്. ക്രിമിനലുകളെ വിളക്കിച്ചേര്‍ത്ത് പൊലീസ് സേനയെ വികസിപ്പിച്ചെടുത്തതിലും മുഖ്യ പങ്ക് അധികാരം പങ്കിട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തന്നെയാണ്. പൊലീസിലെ ക്രിമിനലുകളെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. കോണ്‍സ്റ്റബിള്‍മാര്‍ തൊട്ട് ഐജിമാര്‍ വരെ പ്രതികളായ കേസുകള്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ല. നിരവധി പേര്‍ ഇങ്ങനെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട  ഐ ജി ലക്ഷ്മണ ഇപ്പോഴും ജയിലിലാണ്. അദ്ദേഹത്തിന്റെ അപ്പീലില്‍ ഹൈക്കോടതി, കീഴ്‌ക്കോടതി ശിക്ഷ ശരിവെക്കുകയാണുണ്ടായത്. ഇതിനേക്കാള്‍ അപകടകരമാണല്ലോ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പൊലീസില്‍ എത്തിയാലത്തെ അവസ്ഥ.

               വാദിയെ പ്രതിയാക്കാനും തെളിവുകള്‍ നശിപ്പിച്ച് കേസിന് തുമ്പില്ലാതാക്കാനും കൊടുംകുറ്റവാളികള്‍ക്ക് രക്ഷക്കെത്തുംവിധം ദുര്‍ബലമായ വകുപ്പുകളിലൂടെ നിസ്സാര ശിക്ഷയിലൊതുക്കാനും സാക്ഷികളെ കൂറുമാറ്റാനുമെല്ലാം കൂട്ടുനില്‍ക്കുന്ന പൊലീസുകാരുടെ സമീപനം നീതിനിയമങ്ങളെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിന് സമമല്ലേ? കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലും പൊലീസ് മാത്രമല്ല ഡോക്ടര്‍മാരടക്കം കേസുമായി ബന്ധപ്പെടുന്ന മിക്കവരും ഇങ്ങനെ ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അഭയ കേസും ചേകനൂര്‍ മൗലവി കേസും നമ്മുടെ മുമ്പിലുണ്ട്. കവിയൂരില്‍ അനഘയുടെ കുടുംബം ആത്മഹത്യചെയ്ത സംഭവത്തില്‍ കോടതി സി ബി ഐയോട് പുനരന്വേഷണം ആവശ്യപ്പെട്ടത് അന്വേഷണത്തിലെ കുറ്റകരമായ വീഴ്ചകള്‍ കാരണമാണല്ലോ.

               നിരവധി കേസുകളില്‍ കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് നമ്മുടെ പൊലീസ് വിധേയമായിട്ടുണ്ടെങ്കില്‍ കളങ്കം കഴുകിക്കളയാനുള്ള കാര്യമായ നീക്കമൊന്നും സര്‍ക്കാരിന്റെയോ ആഭ്യന്തരവകുപ്പിന്റേയോ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായതായി അറിവില്ല. ഭരണക്കാര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന ഒരു മര്‍ദ്ദകോപകരണം എന്ന അപഖ്യാതി എല്ലായിടത്തുമെന്നപോലെ ഇപ്പോള്‍ കേരള പൊലീസിനെയും വേട്ടയാടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം ഏല്‍പിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരെ  കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്തത്. എല്‍ ഡി എഫായാലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല. പൊലീസില്‍ ക്രിമിനലുകളുടെ സാന്നിധ്യമെന്നതുപോലെ തന്നെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭരണം മാറുന്നതിനനുസരിച്ച് തട്ടിക്കളിക്കുന്നതും ഒരു തരം ക്രിമിനലിസം തന്നെയാണ്.

               ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പൊലീസില്‍ മാത്രമല്ല പൊതുജീവിതത്തില്‍ എവിടെയും ഇടം അനുവദിക്കാന്‍ പാടില്ലെന്ന അഭിപ്രായക്കാരാണ് എല്ലാവരും. ക്രിമിനലുകളും അഴിമതിക്കാരും അവര്‍ ഉദ്യോഗരംഗത്താകട്ടെ, രാഷ്ട്രീയകക്ഷികളിലാവട്ടെ എന്തിനേറെ ജുഡീഷ്യറിയിലായിരുന്നാല്‍ പോലും രാജ്യത്തിന് ഭാരവും ശാപവും അപമാനവുമാണ്. പൊലീസിലൂടെ ഹൈക്കോടതി തുടങ്ങിവെച്ച ഈ ശുദ്ധീകരണ പ്രക്രിയ പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിലും നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്ക് അരങ്ങൊരുക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...