Monday, November 14, 2011

നീതീകരിക്കാനാവാത്ത നീചകൃത്യം


           അനീതിയും അധര്‍മവും എവിടെക്കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കണം. തെറ്റുകള്‍ ചികഞ്ഞ് കുറ്റങ്ങള്‍ കണ്ടുപിടിക്കണം. എന്നാല്‍  കുറ്റവാളിയെന്ന് വിധിയെഴുതി ശിക്ഷവിധിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന തിരിച്ചറിവും വേണം. അതിനാണ് പൊലീസും കോടതിയും സര്‍ക്കാരുമൊക്കെ. സദാചാരപൊലീസാവാനും സദാചാരത്തിന്റെ പേരില്‍ വധശിക്ഷ നല്‍കാനും ജനങ്ങളെ ആരും അധികാരപ്പെടുത്തിയിട്ടുമില്ല. അങ്ങനെ വല്ലവരും ചെയ്താല്‍ അത്തരം ഹീനകൃത്യങ്ങളെ അന്ധകാരയുഗത്തിന്റെ പ്രാകൃതഭാവം എന്ന് തന്നെയായിരിക്കും വിശേഷിപ്പിക്കുക. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തെ ആ ഗണത്തിലേ പെടുത്താനാവൂ. അവിഹിതബന്ധം ആരോപിച്ച് സദാചാര സംരക്ഷണത്തിനിറങ്ങിയ ഒരു സംഘം യുവാക്കളുടെ പ്രതികാരബുദ്ധി അത്യന്തം ക്രൂരവും നീചവുമായിപ്പോയി. ആലോചനശേഷി അശേഷമില്ലാത്തവരുടെ ഈ സാംസ്‌കാരികാധ:പതനം കോഴിക്കോട് ജില്ലയുടെയും കൊടിയത്തൂരിന്റെയും പ്രതിഛായയില്‍ വലിയ കളങ്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.

            ബുധനാഴ്ച രാത്രി 11 മണിയോടെ കൊടിയത്തൂര്‍ വില്ലേജാഫീസിന് സമീപമുള്ള വീട്ടില്‍നിന്ന് ഒരു സംഘമാളുകള്‍ സദാചാര പൊലീസ് ചമഞ്ഞ് ചുള്ളിക്കാപറമ്പ് സ്വദേശി ഷാഹിദ് എന്ന ബാവയെ പിടിച്ചുകൊണ്ടുപോയി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നുവത്രെ. അബോധാവസ്ഥയില്‍ മൃതപ്രായനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെയോ നാട്ടുകാരെയോ  അക്രമിസംഘം അനുവദിച്ചില്ല. ഇയാള്‍ മരിച്ചാല്‍ തങ്ങള്‍ സമാധാനം പറഞ്ഞോളാം എന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഒന്നരമണിക്കൂറിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചത്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസം മുമ്പാണ് ഷഹീദ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. അതേ സമയം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ചിലര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

           കൃത്യമായും ഒരുമാസം മുമ്പാണ് സമാനമായ സംഭവം പെരുമ്പാവൂരില്‍ അരങ്ങേറിയത്. കെ എസ് ആര്‍ ടി സി ബസില്‍ പോക്കറ്റടിച്ചു എന്നാരോപിച്ച് നിരപരാധിയായ ഒരു യുവാവിനെ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനും മറ്റ് ബസ് യാത്രക്കാരും ചേര്‍ന്ന് അടിച്ചുകൊന്നത്. അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമായ ആ സംഭവം ഒരു തരത്തിലും നീതീകരിക്കാനാവാത്ത നിചകൃത്യം തന്നെയായിരുന്നു. ബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് കിട്ടിയ പണവുമായി യാത്രചെയ്ത പാലക്കാട് സ്വദേശി രഘുവാണ് കപട സദാചാരവാദികളുടെ ക്രൂരതാണ്ഡവം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയത്. സാമൂഹ്യദ്രോഹികള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി രഘുവിന്റെ വിധവക്ക് ജോലിയും ആശ്വാസധനവും സര്‍ക്കാര്‍ അനുവദിക്കേണ്ടിവന്നു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഒരുമാസം പിന്നിടുമ്പോഴേക്കും ഇതാ അതിനേക്കാള്‍ ക്രൂരമായ സംഭവം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

           ഷഹീദ് അനാശാസ്യത്തിനോ അവിഹിതബന്ധത്തിനോ മുതിര്‍ന്നു എന്ന് തന്നെയിരിക്കട്ടെ. അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നില്ലേ വേണ്ടത്. അങ്ങനെ ചെയ്യണമെന്ന് അറിയാത്തവരാണോ കൊടിയത്തൂര്‍കാര്‍. യുവാവിനെ പിടികൂടിയെന്ന് പറയപ്പെടുന്ന വീടുമായി ബന്ധമുള്ളവരല്ല ഷാഹിദിനെ മര്‍ദിച്ചത്. കഴിഞ്ഞമാസവും ഇയാള്‍ക്കെതിരെ കയ്യേറ്റശ്രമം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്രമികളില്‍ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ മുഴുവന്‍ കണ്ടെത്താന്‍ പ്രത്യേകഅന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം വിധ്വംസക പ്രവണതയെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടുക തന്നെ ചെയ്യും.

            മതബോധത്തിലും രാഷ്ട്രീയപ്രബുദ്ധതയിലും എന്നും മുന്നില്‍ നിന്നിട്ടുള്ള കൊടിയത്തൂരില്‍നിന്ന് ഇത്തരം ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നു എന്നത് തന്നെ അങ്ങേയറ്റം ദു:ഖകരമാണ്. അതുകൊണ്ടായിരിക്കാം സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും എല്‍ ഡി എഫും ഒരു പോലെ രംഗത്തുവന്നതും ഹര്‍ത്താല്‍ ആചരിച്ചതും. ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തിന്റെ എല്ലാ ചേരുവകളും ഈ സംഭവത്തിന്റെ പിന്നില്‍ കാണാം. ഒരാളെ അയാള്‍ എത്ര വലിയ കുറ്റവാളിയാണെങ്കിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ മാത്രം ഇവിടെ നീതിന്യായ സംവിധാനങ്ങള്‍ അന്യംനിന്ന് പോയിട്ടൊന്നുമില്ലല്ലോ. നീതിനിയമങ്ങളെ കാറ്റില്‍പറത്തി നരഭോജികളാവാന്‍  ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എല്ലാവരും അന്വേഷിക്കട്ടെ. ഷഹീദിനെ തല്ലിക്കൊന്നവരെല്ലാം ശുദ്ധ സന്മാര്‍ഗികള്‍ തന്നെയാണോ? സ്വന്തം കാലത്തോട് സംവദിക്കാന്‍ കൂട്ടാക്കത്തവര്‍  സദാചാര പൊലീസ് ചമഞ്ഞ് ഒരു യുവാവിനെ കുരുതികൊടുത്തത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഷഹീദിനെതിരെ പൊലീസില്‍ പരാതികളൊന്നുമില്ലെന്നിരിക്കെ കൊടുംകുറ്റവാളിയെ പോലെ അയാളോട് പെരുമാറിയത്  ഗുണ്ടായിസമല്ലാതെ മറ്റെന്താണ്? പെരും കുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് പോലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. സൗമ്യവധക്കേസില്‍ പൊലീസും നീതിപീഠവും പ്രകടിപ്പിച്ച നിഷ്‌കര്‍ഷതയും ജാഗ്രതയും ഈ  കേസിന്റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കേസ് നടത്തിപ്പിലെ കാലവിളംബമാണ് നമ്മുടെ വലിയ ശാപം. മിക്ക കേസിലും പ്രതികള്‍ക്ക് പ്രത്യാശപകരുന്നത് ഈ കാലവിളംബം  തന്നെ.

Thursday, November 10, 2011

ഗുജറാത്ത് വിധി പാഠമാവട്ടെ


          ഇത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ അനുഭവം. ഗുജറാത്തില്‍ കടലോളം ആഴം നല്‍കി മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിച്ചവര്‍ക്ക് പ്രത്യേക അതിവേഗ കോടതി നല്‍കിയ ശിക്ഷ രാജ്യസ്‌നേഹികളെ സംബന്ധിച്ചെടുത്തോളം ആശ്വാസം പകരുന്നതാണ്. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ ചുട്ടുകൊന്ന കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് സുപ്രീം കോടതിയുടെ കര്‍ക്കശമായ ഇടപെടല്‍ മൂലമാണ്. 1941ന് ശേഷം വര്‍ഗീയകലാപത്തിന്റെ പേരില്‍ ഇത്രയധികം പേരെ ഒന്നിച്ചു ശിക്ഷിക്കപ്പെട്ടുവെന്ന സവിശേഷതയും ഈ കേസിനുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ നടന്ന വന്‍ഗൂഢാലോചനയെ കുറിച്ച് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ് ഐ ടി) അന്വേഷിക്കാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാതിരിക്കാന്‍ ഇത് സഹായകമായി. അവശേഷിക്കുന്ന കേസുകളില്‍ ഉന്നത നീതിപീഠത്തിന്റെ സജീവ ശ്രദ്ധ പതിയാന്‍ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

          ഗുജറാത്ത് കലാപത്തിന് ശേഷം വലിയൊരു ശൂന്യതാബോധം അനുഭവിച്ചുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഈ വിധി പ്രത്യാശ പകരുമെങ്കിലും പ്രതികളാക്കപ്പെട്ട 42 പേരെ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കിയെന്നത് വസ്തുനിഷ്ഠമായ വിചാരണയുടെ പോരായ്മയായി കാണേണ്ടതുണ്ട്. ഇതില്‍ 11 പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല.

          എങ്കിലും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കലാപക്കേസുകളില്‍ വിധിപറയുന്ന ആദ്യത്തെ കേസാണിത്. സര്‍ദാര്‍പുര സംഭവത്തിലെ ഇരകള്‍ക്ക് അരലക്ഷം രൂപവീതം അനുവദിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെറിയ തുകയാണെങ്കിലും രാജ്യത്ത് വര്‍ഗീയകലാപത്തില്‍  നഷ്ടപരിഹാരം അനുവദിക്കുന്നതും ഇതാദ്യം.

           മുവ്വായിരത്തോളം മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യാ കേസുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവമാണ് സര്‍ദാര്‍പുര കൂട്ടക്കൊലക്കേസ്. ഗോധ്രാ സംഭവത്തിന്റെ മറപിടിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തിലാകമാനം സംഘ്പരിവാര്‍ കലാപം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് സര്‍ദാര്‍പുരയിലെ മുഹമ്മദ് ഷെയ്ഖിന്റെ വീട്ടില്‍ അഭയം തേടിയെത്തിയവരെയാണ് അക്രമികള്‍ ജീവനോടെ ചുട്ടെരിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അകത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വെന്തുമരിച്ചവരില്‍ 22 പേര്‍ സ്ത്രീകളായിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്.

           ഗോധ്രാ സംഭവത്തിന് പിന്നാലെ 2002 മാര്‍ച്ച് ഒന്നിനാണ് വടക്കന്‍ ഗുജറാത്തിലെ മൊഹ്‌സിന ജില്ലയിലുള്ള സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ 1500 ഓളം വരുന്ന ജനക്കൂട്ടമാണ് അക്രമമഴിച്ചുവിട്ടത്. ചെറിയ കുടിലുകളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും തൊട്ടടുത്തുള്ള മഹമൂദ് ശെയ്ഖിന്റെ വീട്ടില്‍ അഭയംതേടുകയായിരുന്നു. സര്‍ദാര്‍പുരയിലെ മുസ്‌ലിംകളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ഗോധ്ര സംഭവത്തിനു മുമ്പ് തന്നെ സംഘ്പരിവാര്‍ തയാറെടുപ്പ് നടത്തിയിരുന്നതിന് തെളിവുകളുണ്ട്. സ്ഥലത്തെ പൊലീസും ബി ജെ പി - വിശ്വഹിന്ദുപരിഷത്ത് നേതാക്കളും ഈ ശ്രമത്തില്‍ ഭാഗഭാക്കായിരുന്നു. സര്‍ദാര്‍പുര നിവാസികളുടെ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെഹല്‍ക്ക നടത്തിയ രഹസ്യാന്വേഷണത്തിലും വ്യക്തമായിരുന്നു. കൂട്ടക്കൊല അരങ്ങേറുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നിന്നത്  ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഗോധ്രാ സംഭവത്തിന് മൂന്നുദിവസം മുമ്പ് വി എച്ച് പി നേതാവ് നരന്‍ ലാലു പട്ടേല്‍ പരസ്യമായി നടത്തിയ ആഹ്വാനമാണ് മറ്റൊരു തെളിവ്. മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ ബള്‍ബുകള്‍ സ്ഥാപിക്കുകയും ഇതിനെ ചോദ്യംചെയ്തവരോട് മുസ്‌ലിംകളെ കൊല്ലാനാണെന്ന് മറുപടി പറയുകയും ചെയ്തു. എന്നാല്‍ അക്രമികളുടെ ഗൂഢാലോചന വ്യക്തമാക്കുന്ന ഇത്തരം സാക്ഷിമൊഴികള്‍ എസ് ഐ ടി പോലും അവഗണിച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല.

          സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍   അന്വേഷണം ഏറ്റെടുത്ത എസ് ഐ ടി പക്ഷെ, പ്രമുഖരായ ആര്‍ എസ് എസ്- ബി ജെ പി നേതാക്കളെ പ്രതിചേര്‍ക്കാന്‍  തയാറായില്ല. സര്‍ദാര്‍പുര കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവര്‍  പ്രതികളുടെ പേരുവിവരം നല്‍കുകയും അവരെ കോടതിയില്‍ കൃത്യമായി തിരിച്ചറിയുകയും ചെയ്തിട്ടും അവര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നത് ദുസ്സഹമായി തോന്നുന്നു.

          ഇങ്ങനെ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നത് നേരാണെങ്കിലും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുകയും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ കോടതി വിധി വലിയ പാഠമാണ് നല്‍കുന്നത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സ്‌ഫോടകശേഷിയുള്ള പ്രശ്‌നമാണ് വര്‍ഗീയത. യാഥാര്‍ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും പൊലീസും നീതിപീഠവുമെല്ലാം ഒരുപോലെ സന്നദ്ധമായാല്‍ അത് പ്രത്യാശയുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

          ഗുജറാത്ത് ഭരണം നിലനിര്‍ത്താനായെങ്കിലും ആ കലാപം സംഘ്പരിവാരത്തിന് നല്‍കിയ തിരിച്ചടി വളരെ വലുതാണ്. കേന്ദ്രഭരണത്തില്‍ നിന്ന് അവര്‍ പിഴുതെറിയപ്പെട്ടു. അടുത്ത ഊഴം അവര്‍ക്ക് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി യു പി എ സര്‍ക്കാരും  അതിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ്സുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഗോപാല്‍ഗഢില്‍ ഒന്നരമാസം മുമ്പ് നടന്ന വര്‍ഗീയസംഘര്‍ഷം ഇതിതനോട് ചേര്‍ത്തുവായിക്കണം. ഒമ്പത് മുസ്‌ലികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്ന് ബി ജെ പിയെ പോലെ തന്നെ കോണ്‍ഗ്രസിനും ധാരാളം പഠിക്കാനുണ്ട്. അവരത് പഠിക്കാന്‍  ശ്രമിക്കാറില്ലെങ്കിലും.

Thursday, November 3, 2011

വാളകം കേസും സി ബി ഐക്ക്


          സ്വതന്ത്രമായും സത്യസന്ധമായും പൊലീസ്‌സേനയെ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ നാട് സ്വര്‍ഗമാവും. ജനങ്ങളുടെ ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിടാന്‍ പൊലീസിന് കഴിഞ്ഞ സുവര്‍ണകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളില്‍ മാത്രമല്ല പെറ്റി കേസുകളില്‍ പോലും അന്വേഷണം ബന്ധപ്പെട്ടവരുടെ കണ്ണീര്‍ക്കയത്തിലാണ് അവസാനിക്കുന്നത്. പൊലീസ് ഇടപെടല്‍ പലപ്പോഴും വിപരീതഫലം സൃഷ്ടിക്കുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് സേന നടന്നുനീങ്ങുന്നുവെന്ന് വന്നാല്‍ പിന്നെ ജനങ്ങള്‍ക്ക് എന്താണൊരു രക്ഷ?

          കൊല്ലംജില്ലയിലെ വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹസാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവം സി ബി ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിക്കുമ്പോള്‍ നമ്മുടെ പൊലീസിനെ കുറിച്ചുള്ള ആശങ്കകള്‍ പര്‍വതമായുയരുക കൂടി ചെയ്യുന്നു. കേരളകോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായ കൃഷ്‌കുമാറിന് പരിക്കേറ്റിട്ട് ഒരുമാസം കഴിഞ്ഞു. സപ്തമ്പര്‍ 27ന് രാത്രി  ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന കൃഷ്ണകുമാറിനെ നാട്ടുകാരറിയിച്ചതിനെ തുടര്‍ന്ന് വാഹനപകടം എന്ന നിഗമനത്തില്‍ ഹൈവേ പൊലീസാണ്  ആശുപത്രിയില്‍ എത്തിച്ചത്.  അതിനുശേഷം പൊലീസിന്റെ വന്‍നിര തന്നെ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കുന്നത് പോയിട്ട് തുമ്പുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല.

         പ്രതിഭാശക്തിയില്‍ അദ്വതീയരെന്നും അന്വേഷണ മികവില്‍ കേമന്മാരെന്നും അഹങ്കരിച്ച നമ്മുടെ പൊലീസിന്റെ വീഴ്ചകള്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ഇത് ആദ്യ തവണയല്ല. പരിക്കേറ്റ അധ്യാപകന്‍ സ്വബോധത്തോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. മറ്റ് തെളിവുകള്‍ ഏകോപിച്ച് സത്യം കിളച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നതില്‍ എന്തര്‍ഥം? 
 
              ഒരു മിനുട്ടിലെ കാര്യങ്ങള്‍ മാത്രമേ ഇനി അറിയാനുള്ളൂവെന്നാണ് ഡി ജി പി ജേക്കബ് പുന്നൂസ് അടക്കം പ്രഖ്യാപിച്ചിരുന്നത്. പല തവണ അധ്യാപകനെ  ചോദ്യം ചെയ്തിട്ടും കൃത്യമായ നിഗമനത്തിലെത്താന്‍  പൊലീസിന് കഴിഞ്ഞില്ല. അധ്യാപകന്റെ പിന്‍ഭാഗത്ത് പാരപോലുള്ള ആയുധം കുത്തിക്കയറ്റിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അപകടംമൂലവും ഇങ്ങനെ സംഭവിക്കാമെന്നും ആന്തരാവയവങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. കൃഷ്ണകുമാര്‍ അക്രമിക്കപ്പെട്ടുവെന്ന നിലയില്‍ തുടങ്ങിയ  അന്വേഷണം വാഹനാപകടമാണെന്ന നിലയില്‍ പൊലീസ് മുമ്പോട്ടു കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ വാഹനാപകടം മനപ്പൂര്‍വമോ അല്ലയോ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും ഇടിച്ച കാര്‍ ഇതുവരെ പിടികൂടാനായില്ല. രണ്ടായിരത്തിലധികം കാറുകള്‍ പരിശോധിച്ചുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. തന്നെ നാലുപേര്‍ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടുണ്ട്. അദ്ദേഹം പലവട്ടം മൊഴിമാറ്റിപ്പറഞ്ഞെങ്കില്‍ അതിലെ നിഗൂഢത പുറത്തുകൊണ്ടുവരേണ്ടതും പൊലീസ് തന്നെയാണല്ലോ. സംഭവം ആസൂത്രിതമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും വാദിക്കുന്നുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ അവര്‍  ഖണ്ഡിക്കുകയും ചെയ്യുന്നു.

           സംഭവത്തിനു പിന്നില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറുമാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ആക്രമണം വിവാദാമയത്. സ്‌കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ പിള്ളക്കെതിരെ കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയായ ഭാര്യ ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജുമെന്റുമായി കൃഷ്ണകുമാര്‍ ശത്രുതയിലുമായിരുന്നു. പിള്ളയില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. നിയമസഭക്കകത്തും പുറത്തും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.

         സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാനോ ശാസ്ത്രീയ സംവിധാനം ഉപയോഗിച്ച് കൃഷ്ണകുമാറടക്കമുള്ളവരെ ചോദ്യംചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് സത്യം ക്രൂശിക്കപ്പെടുന്നുവെന്ന നിഗമനത്തിലെത്താനേ വഴിവെക്കൂ. സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന്  അക്രമികള്‍ക്കെതിരെ  നടപടിയെടുക്കാന്‍  പൊലീസിന് കഴിയാതെ പോകുന്നുവെന്ന് സംശയിക്കുന്നവരാണധികം. പൊലീസിന്റെ വിശ്വാസ്യതയേയും സംസ്ഥാനത്തിന്റെ അന്തസ്സിനെയും പരിഹസിക്കുംവിധം  ഇത്തരം ഒരു  വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല.

           വാളകം കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചതോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തല്‍ക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാനായി. എന്നാല്‍ ലോക്കല്‍ പൊലീസിനെ സംബന്ധിച്ചെടുത്തോളം ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അവിശ്വാസത്തിന് ശക്തിപകരാന്‍  ഈ സംഭവം വഴിവെച്ചുവെന്ന കാര്യം വിസ്മരിക്കരുത്.  എല്ലാ സംഭവങ്ങളിലും ജനം സി ബി ഐ അന്വേഷണം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. നമ്മുടെ പൊലീസ് സേനയും സര്‍ക്കാരും ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണിത്. സി ബി ഐ അന്വേഷണവും കുറ്റമറ്റതാവില്ലെന്നതിനും നമ്മുടെ മുമ്പില്‍ തെളിവുകളുണ്ടെങ്കിലും തമ്മില്‍ ഭേദം തൊമ്മനെന്ന നിഗമനത്തിലാണ് ജനങ്ങളിപ്പോഴും.

Wednesday, November 2, 2011

ബാലകൃഷ്ണപിള്ളയുടെ മോചനം അധികാര ദുരുപയോഗം


          മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. നേരിയ ഭൂരിപക്ഷമാണെങ്കിലും സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മികവുറ്റ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. എന്നാല്‍ ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്(ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കേരളപ്പിറവി ദിനത്തിന്റെ ആനുകൂല്യം നല്‍കി ജയില്‍മോചിതനാക്കിയ മുഖ്യമന്ത്രിയുടെ നടപടി, യു ഡി എഫ് സര്‍ക്കാരിനെ കുറിച്ചുള്ള വിശുദ്ധ സങ്കല്‍പങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തുന്നതായിപ്പോയി. അധികാരത്തിന്റെ ആര്‍ഭാട പരിസരത്തുനിന്ന് നോക്കുമ്പോള്‍ പിള്ളയുടെ മോചനം കണ്ണഞ്ചിക്കുന്നതായി തോന്നാം. എന്നാല്‍ മറുപക്ഷത്തുനിന്ന് വീക്ഷിച്ചാലോ അധികാരം മനുഷ്യസഹജമായ മഹാവ്യാഥി കൂടിയാണെന്ന് മനസ്സിലാവും.

          നിര്‍മല്‍ മാധവന് കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ അവിഹിതമായി സീറ്റ് തരപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയില്‍ അല്‍പസ്വല്‍പം കളങ്കം കലര്‍ന്നിരുന്നു. അപകടകരമായ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം കാണിച്ചത്. ആ സംഭവം സൃഷ്ടിച്ച ആശങ്കകള്‍ മലയാളിയുടെ മനസ്സില്‍ മിന്നല്‍പിണര്‍പോലെ ഇപ്പോഴും കിടന്നുപിടയുന്നുണ്ട്. പിള്ളയുടെ കാര്യത്തിലും ചാണ്ടിക്കു പിഴച്ചുവെന്ന് പറയാതെ വയ്യ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീണ്ടും അദ്ദേഹത്തിന് വീഴ്ച പറ്റിയിരിക്കുന്നു. ഓരോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും സര്‍ക്കാര്‍  വഴങ്ങിക്കൊടുക്കുകയാണോ എന്ന് സംശയിക്കണം. നേരിയ ഭൂരിപക്ഷമാകുമ്പോള്‍ ചാണ്ടിയല്ല ആരായാലും ഇങ്ങനെ ചെയ്തുപോകുക സ്വാഭാവികം.

         ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസിലാണ് ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷത്തെ ശിക്ഷക്കായിരുന്നു നിര്‍ദേശമെങ്കിലും കേസിന്റെ കാലപ്പഴക്കവും  അദ്ദേഹത്തിന്റെ പ്രായാധിക്യവും പരിഗണിച്ചാണ് ഒരു വര്‍ഷത്തെ കഠിനതടവാക്കിയത്. ഈ ശിക്ഷ പോലും തികച്ച് അനുഭവിക്കാതെ പിള്ളക്ക് പരിധിവിട്ട ഇളവുകള്‍ അനുവദിച്ചത് തീര്‍ച്ചയായും അധികാര ദുര്‍വിനിയോഗം തന്നെ. അഴിമതിക്കേസില്‍ ഉന്നത നീതിപീഠം ശിക്ഷിച്ച ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ മകന്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന മന്ത്രിസഭ വളഞ്ഞ വഴിയിലൂടെ മോചിപ്പിച്ചുവെങ്കില്‍ അത് ജുഡീഷ്യറിയെ അവഹേളിക്കലല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

          ആകെ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. ഭാര്യയുടെ അസുഖത്തിന്റെയും മറ്റും പേരില്‍ 75 ദിവസം പരോളിലിറങ്ങി. 87 ദിവസം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ. പൂജാപ്പുര സെന്‍ട്രല്‍ ജയിലില്‍  ഒരു തടവുപുള്ളിക്ക് കിട്ടാവുന്നതിലേറെ പരിചരണം. പരോളില്‍ ഇറങ്ങിയ ഉടനെ ജയില്‍ചട്ടം ലംഘിച്ച് അഭിപ്രായപ്രകടനം നടത്തി. ആശുപത്രിയില്‍വെച്ച് മൊബൈല്‍ ഫോണിലൂടെ അഭിമുഖസംഭാഷണം. ഒരു ജയില്‍പുള്ളിയുടെ പ്രയാസങ്ങളൊന്നും പിള്ളക്ക്  അനുഭവിക്കേണ്ടി വന്നിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിച്ച മുറി ജയിലാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതുകൊണ്ട് ആശുപത്രിവാസം ജയില്‍വാസമായി കണക്കാക്കാനുമാവില്ല. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചവര്‍ ശിക്ഷാ ഇളവിന് അര്‍ഹരുമല്ല. ജയിലില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പിള്ള കൂടുതല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വന്നു.

          ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ്  സുപ്രീം കോടതി പിള്ളക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചത്. 18ന് ജയിലലടക്കപ്പെടുകയും ചെയ്തു. ആശുപത്രിവാസവും പരോളുമെല്ലാം യഥാര്‍ഥത്തില്‍  ശിക്ഷാനടപടി ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിള്ളക്ക് പുറമെ ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി  മാണി കേരളാകോണ്‍ഗ്രസ് സെക്രട്ടറി പി കെ സജീവന്‍ ഉള്‍പ്പെടെ 138 തടവുകാരെയും സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ട്. പിള്ളക്ക് മാത്രമല്ല 2500 തടവുകാര്‍ക്കും കേരളപ്പിറവിദിനത്തിന്റെ ഇളവ് കൊണ്ട് ഗുണംകിട്ടുമെന്നാണ് സര്‍ക്കാരിന്റെ ന്യായം. ആഗസ്റ്റ് 15ന് പിള്ളക്ക് മോചനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവത്രെ. അന്ന് തുറന്നുവിടാതിരുന്നത് ജനങ്ങളെ ഭയപ്പെട്ടതുകൊണ്ടാവണം. ഇങ്ങനെ പിള്ളയും കൂട്ടുപ്രതിയും ജയില്‍മുക്തരാവുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ ശിക്ഷാ സമ്പ്രദായമാണ് പരിഹസിക്കപ്പെടുന്നതെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കാതിരുന്നത് കഷ്ടമായിപ്പോയി.

         പിള്ളക്ക് വേണ്ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയില്‍ചട്ടമനുസരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പിന്നെയും വാദിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ സുപ്രീം കോടതി വിധിയെപോലും കൊഞ്ഞനം കുത്തുന്ന സമീപനമല്ലേ ഇത്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് അഴിമതിയും അധാര്‍മികതയുമെല്ലാം ഭൂഷണമാണെന്നല്ലേ ഇതിന്നര്‍ഥം. അഴിമതിക്കെതിരെ വലിയ ജനരോഷം ഉയര്‍ന്ന കാലമാണിത്. അണ്ണാ ഹസാരെയുടെ ലക്ഷ്യം എന്തായിരുന്നാലും ജനങ്ങള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയത് അഴിമതിയോടുള്ള അടങ്ങാത്ത രോഷംകൊണ്ട് മാത്രമാണ്. അഴിമതിയുടെ പേരില്‍ ചെറിയ മീനുകള്‍ അകത്ത് കിടക്കുമ്പോള്‍ കൊമ്പന്‍ സ്രാവുകള്‍ വല ഭേദിച്ച് പുറത്തു കടക്കുമെന്നതാണ് പിള്ളയുടെ ജയില്‍മോചനം നല്‍കുന്ന പാഠം. ജയില്‍ മോചനത്തിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയമയുദ്ധം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിള്ളയുടെ കാര്യത്തിലല്ല മറ്റാരുടെ കാര്യത്തിലായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവത്  യു ഡി എഫോ എല്‍ ഡി എഫോ ആരുമാവട്ടെ, മാപ്പര്‍ഹിക്കുന്നില്ല.

Related Posts Plugin for WordPress, Blogger...