Thursday, November 10, 2011

ഗുജറാത്ത് വിധി പാഠമാവട്ടെ


          ഇത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ അനുഭവം. ഗുജറാത്തില്‍ കടലോളം ആഴം നല്‍കി മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിച്ചവര്‍ക്ക് പ്രത്യേക അതിവേഗ കോടതി നല്‍കിയ ശിക്ഷ രാജ്യസ്‌നേഹികളെ സംബന്ധിച്ചെടുത്തോളം ആശ്വാസം പകരുന്നതാണ്. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ ചുട്ടുകൊന്ന കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് സുപ്രീം കോടതിയുടെ കര്‍ക്കശമായ ഇടപെടല്‍ മൂലമാണ്. 1941ന് ശേഷം വര്‍ഗീയകലാപത്തിന്റെ പേരില്‍ ഇത്രയധികം പേരെ ഒന്നിച്ചു ശിക്ഷിക്കപ്പെട്ടുവെന്ന സവിശേഷതയും ഈ കേസിനുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ നടന്ന വന്‍ഗൂഢാലോചനയെ കുറിച്ച് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ് ഐ ടി) അന്വേഷിക്കാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാതിരിക്കാന്‍ ഇത് സഹായകമായി. അവശേഷിക്കുന്ന കേസുകളില്‍ ഉന്നത നീതിപീഠത്തിന്റെ സജീവ ശ്രദ്ധ പതിയാന്‍ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

          ഗുജറാത്ത് കലാപത്തിന് ശേഷം വലിയൊരു ശൂന്യതാബോധം അനുഭവിച്ചുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഈ വിധി പ്രത്യാശ പകരുമെങ്കിലും പ്രതികളാക്കപ്പെട്ട 42 പേരെ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കിയെന്നത് വസ്തുനിഷ്ഠമായ വിചാരണയുടെ പോരായ്മയായി കാണേണ്ടതുണ്ട്. ഇതില്‍ 11 പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല.

          എങ്കിലും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കലാപക്കേസുകളില്‍ വിധിപറയുന്ന ആദ്യത്തെ കേസാണിത്. സര്‍ദാര്‍പുര സംഭവത്തിലെ ഇരകള്‍ക്ക് അരലക്ഷം രൂപവീതം അനുവദിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെറിയ തുകയാണെങ്കിലും രാജ്യത്ത് വര്‍ഗീയകലാപത്തില്‍  നഷ്ടപരിഹാരം അനുവദിക്കുന്നതും ഇതാദ്യം.

           മുവ്വായിരത്തോളം മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യാ കേസുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവമാണ് സര്‍ദാര്‍പുര കൂട്ടക്കൊലക്കേസ്. ഗോധ്രാ സംഭവത്തിന്റെ മറപിടിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തിലാകമാനം സംഘ്പരിവാര്‍ കലാപം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് സര്‍ദാര്‍പുരയിലെ മുഹമ്മദ് ഷെയ്ഖിന്റെ വീട്ടില്‍ അഭയം തേടിയെത്തിയവരെയാണ് അക്രമികള്‍ ജീവനോടെ ചുട്ടെരിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അകത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വെന്തുമരിച്ചവരില്‍ 22 പേര്‍ സ്ത്രീകളായിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്.

           ഗോധ്രാ സംഭവത്തിന് പിന്നാലെ 2002 മാര്‍ച്ച് ഒന്നിനാണ് വടക്കന്‍ ഗുജറാത്തിലെ മൊഹ്‌സിന ജില്ലയിലുള്ള സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ 1500 ഓളം വരുന്ന ജനക്കൂട്ടമാണ് അക്രമമഴിച്ചുവിട്ടത്. ചെറിയ കുടിലുകളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും തൊട്ടടുത്തുള്ള മഹമൂദ് ശെയ്ഖിന്റെ വീട്ടില്‍ അഭയംതേടുകയായിരുന്നു. സര്‍ദാര്‍പുരയിലെ മുസ്‌ലിംകളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ഗോധ്ര സംഭവത്തിനു മുമ്പ് തന്നെ സംഘ്പരിവാര്‍ തയാറെടുപ്പ് നടത്തിയിരുന്നതിന് തെളിവുകളുണ്ട്. സ്ഥലത്തെ പൊലീസും ബി ജെ പി - വിശ്വഹിന്ദുപരിഷത്ത് നേതാക്കളും ഈ ശ്രമത്തില്‍ ഭാഗഭാക്കായിരുന്നു. സര്‍ദാര്‍പുര നിവാസികളുടെ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെഹല്‍ക്ക നടത്തിയ രഹസ്യാന്വേഷണത്തിലും വ്യക്തമായിരുന്നു. കൂട്ടക്കൊല അരങ്ങേറുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നിന്നത്  ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഗോധ്രാ സംഭവത്തിന് മൂന്നുദിവസം മുമ്പ് വി എച്ച് പി നേതാവ് നരന്‍ ലാലു പട്ടേല്‍ പരസ്യമായി നടത്തിയ ആഹ്വാനമാണ് മറ്റൊരു തെളിവ്. മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ ബള്‍ബുകള്‍ സ്ഥാപിക്കുകയും ഇതിനെ ചോദ്യംചെയ്തവരോട് മുസ്‌ലിംകളെ കൊല്ലാനാണെന്ന് മറുപടി പറയുകയും ചെയ്തു. എന്നാല്‍ അക്രമികളുടെ ഗൂഢാലോചന വ്യക്തമാക്കുന്ന ഇത്തരം സാക്ഷിമൊഴികള്‍ എസ് ഐ ടി പോലും അവഗണിച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല.

          സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍   അന്വേഷണം ഏറ്റെടുത്ത എസ് ഐ ടി പക്ഷെ, പ്രമുഖരായ ആര്‍ എസ് എസ്- ബി ജെ പി നേതാക്കളെ പ്രതിചേര്‍ക്കാന്‍  തയാറായില്ല. സര്‍ദാര്‍പുര കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവര്‍  പ്രതികളുടെ പേരുവിവരം നല്‍കുകയും അവരെ കോടതിയില്‍ കൃത്യമായി തിരിച്ചറിയുകയും ചെയ്തിട്ടും അവര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നത് ദുസ്സഹമായി തോന്നുന്നു.

          ഇങ്ങനെ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നത് നേരാണെങ്കിലും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുകയും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ കോടതി വിധി വലിയ പാഠമാണ് നല്‍കുന്നത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സ്‌ഫോടകശേഷിയുള്ള പ്രശ്‌നമാണ് വര്‍ഗീയത. യാഥാര്‍ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും പൊലീസും നീതിപീഠവുമെല്ലാം ഒരുപോലെ സന്നദ്ധമായാല്‍ അത് പ്രത്യാശയുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

          ഗുജറാത്ത് ഭരണം നിലനിര്‍ത്താനായെങ്കിലും ആ കലാപം സംഘ്പരിവാരത്തിന് നല്‍കിയ തിരിച്ചടി വളരെ വലുതാണ്. കേന്ദ്രഭരണത്തില്‍ നിന്ന് അവര്‍ പിഴുതെറിയപ്പെട്ടു. അടുത്ത ഊഴം അവര്‍ക്ക് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി യു പി എ സര്‍ക്കാരും  അതിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ്സുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഗോപാല്‍ഗഢില്‍ ഒന്നരമാസം മുമ്പ് നടന്ന വര്‍ഗീയസംഘര്‍ഷം ഇതിതനോട് ചേര്‍ത്തുവായിക്കണം. ഒമ്പത് മുസ്‌ലികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്ന് ബി ജെ പിയെ പോലെ തന്നെ കോണ്‍ഗ്രസിനും ധാരാളം പഠിക്കാനുണ്ട്. അവരത് പഠിക്കാന്‍  ശ്രമിക്കാറില്ലെങ്കിലും.

1 comment:

  1. എല്ലാ കോടതി വിധികളും ഇതുപോലെ മാനിക്കണേ ഇടതു പക്ഷക്കാരാ അനുകൂലമായ വിധികളെ മാത്രം സ്വാഗതം ചെയ്യുകയും അല്ലാത്തപ്പോള്‍ ജഡ് ജിന്റെ തന്തക്കു വിളിക്കുകയും എന്ന പരിപാടി ഭൂഷണമല്ല

    ReplyDelete

Related Posts Plugin for WordPress, Blogger...