Wednesday, January 25, 2012

കൊടുങ്കാറ്റിന്റെ മടക്കയാത്ര


ആ തേന്‍തിരിയണഞ്ഞു. കടലിരമ്പം പോലെ മലയാളികളെ ആപാദചൂഢം കോരിത്തരിപ്പിപ്പിച്ച സാഗരഗര്‍ജനം  എന്നെന്നേക്കുമായി വിടവാങ്ങി.  എല്ലാവരെയും തിരുത്താന്‍ പലപ്പോഴും പരുക്കനായി തന്നെ പ്രത്യക്ഷപ്പെട്ട  ആ വടവൃക്ഷം കടപുഴകി വീണു. ധര്‍മമാണ് ബലം, അതിന്റെ കൂട്ടുണ്ടെങ്കില്‍ ഏത് പരാക്രമിയേയും നേരിടാനാവുമെന്ന് പഠിപ്പിച്ച ഡോ സുകുമാര്‍ അഴീക്കോട് ഏഴുപതിറ്റാണ്ടു നീണ്ട  ധന്യദൗത്യം പൂര്‍ത്തിയാക്കി നിത്യനിദ്രയില്‍ വിലയംപ്രാപിച്ചു. അദ്ദേഹം ജീവിച്ച കാലവളവില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ നമ്മുടെ പുണ്യം. അഴീക്കോട് ജീവിച്ചത് തന്നെ നമുക്ക് വേണ്ടിയായിരുന്നുവല്ലോ.

          പ്രഭാഷകന്‍, അധ്യാപകന്‍, സാഹിത്യ വിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം കേരളീയ പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നാവില്‍ അക്ഷരങ്ങളുടെ സാഗരത്തിരയുമായി മലയാളിയുടെ  ഇടനെഞ്ചില്‍ വാക്കുകളുടെ പ്രകമ്പനം സൃഷ്ടിക്കാന്‍  അനിതരസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്. തിന്മകള്‍ക്കും അനീതികള്‍ക്കും സാമൂഹിക ജീര്‍ണതകള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ കൊടുങ്കാറ്റിന്റെ വീറും വീര്യവും മാത്രമല്ല  വാക്കുകള്‍ക്ക് പടവാളിനേക്കാള്‍ മൂര്‍ച്ചയുമുണ്ടാവും. ചുറുചുറുക്കോടെയും യുവാവിന്റെ ആവേശത്തോടെയും വേദികളില്‍നിന്ന് വേദികളിലേക്ക് പടര്‍ന്നുകയറിയ ആ സിംഹഗര്‍ജനം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളി ഉണ്ടാവില്ല. ഉദാത്തമായ സന്ദേശങ്ങള്‍ക്കൊപ്പം പ്രഭാഷണകലയുടെ ആകര്‍ഷണവും സൗന്ദര്യവും അദ്ദേഹം  പകര്‍ന്നുനല്‍കി. അത്യന്തം വശ്യമായ ആ ധര്‍മസ്വരം  ഇനി ആസ്വദിക്കാനാവില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍..

          വര്‍ഗീയവല്‍ക്കരണത്തിനും സാംസ്‌കാരിക അപചയങ്ങള്‍ക്കും വിദ്യാഭ്യാസകച്ചവടത്തിനും  സര്‍വോപരി അഴിമതിക്കുമെതിരെ അഴീക്കോടിനെ പോലെ സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു സാംസ്‌കാരിക നായകനുണ്ടാവില്ല. വാക്കുകളില്‍ അഗ്നിയും സ്‌നേഹവും ലാളിത്യവും സന്നിവേശിപ്പിച്ച അദ്ദേഹം ആരുടെയും മുഖത്തുനോക്കി നിലപാട് തറയില്‍ ഉറച്ചുനില്‍ക്കും. ആത്മാര്‍ഥതയെ തീപിടിപ്പിക്കുന്ന പൊള്ളുന്ന വാക്കുകളാണ് ആ നാവില്‍നിന്ന് ഉതിര്‍ന്നു വീഴുക. കുത്തുവാക്കുകളും ക്ഷിപ്രക്ഷേഭവും കൊണ്ട് വേദികളില്‍ കത്തിക്കയറും. മലയാളികളുമായുള്ള വ്യക്തിബന്ധം അദ്ദേഹം സ്ഥാപിച്ചെടുത്തത് തന്നെ അക്ഷരങ്ങളിലൂടെയാണല്ലോ.

          ലോകപ്രശസ്തരായ പത്ത് മലയാളികളുടെ പട്ടികയില്‍ നക്ഷത്രശോഭയോടെ അരനൂറ്റാണ്ടിലേളെയായി അഴീക്കോടിന്റെ പേരുണ്ട്. ആയിരക്കണക്കിന് പ്രബന്ധങ്ങളും പതിനായിരക്കണക്കിന് പ്രഭാഷണങ്ങളും നടത്തി മലയാളിയുടെ അഭിമാനവും ആവേശവുമായി മാറിയ അഴീക്കോട് സാംസ്‌കാരിക കേരളത്തിനും അക്ഷരലോകത്തിനും നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. പാഠപുസ്തകം ക്‌ളാസ് മുറിക്ക് പുറത്താണെന്ന് മനസ്സിലാക്കിയ അധ്യാപകനായിരുന്നു അദ്ദേഹം.

         അഴീക്കോടിനെ പോലുള്ള മഹാവ്യക്തിത്വങ്ങള്‍ നമുക്കിടയില്‍ ഉള്ളതുകൊണ്ടാണ് നാം പെട്ടെന്ന് നിരാശരാവുകയോ വ്യര്‍ഥമോഹങ്ങളിലേക്ക്  കൂപ്പുകുത്തുകയോ ചെയ്യാത്തത്. മലബാറിലെ ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും അദ്ദേഹത്തിന്റെ നാവ് പുഷ്പിക്കും.

         ജനിച്ചത് കണ്ണൂരിലാണെങ്കിലും കോഴിക്കോടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല തട്ടകം.  ഏറ്റവും കൂടുതല്‍ പ്രഭാഷണം നടത്തിയതും കോഴിക്കോട് ടൗണ്‍ഹാളിലാണ്. 1986ല്‍ തൃശൂര്‍ക്ക് താമസം മാറിയെങ്കിലും മലബാറിലെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു.

          ആത്മകഥയടക്കം നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും 1985ല്‍ പുറത്തുവന്ന തത്വമസിയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. അതിന് കേന്ദ്ര,കേരള സാഹിത്യഅക്കാദമി അവാര്‍ഡുളുള്‍പ്പെടെ 12 പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. 2007 ല്‍ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അതു നിരസിച്ചു. എം പി നാരായണപ്പിള്ളക്ക് നല്‍കിയ പുരസ്‌കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരവും അഴീക്കോടിനെ തേടിയെത്തുകയുണ്ടായി.
 
          1962ല്‍ കോഴിക്കോട് ദേവഗിരി കോളേജ് അധ്യാപകനായിരിക്കെ തലശ്ശേരിയില്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന മാനിച്ച് മത്സരിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറിയെങ്കിലും തന്റെ അഭിപ്രായഭേദങ്ങള്‍ ആര്‍ക്കുമുമ്പിലും അടിയറവെച്ചിരുന്നില്ല.

          അസുഖം വന്ന് ചികിത്സയിലായ അഴീക്കോട് മാഷ് പക്ഷെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും മാനസികമായി ഊര്‍ജസ്വലനായിരുന്നു.  സന്ദര്‍ശിക്കാന്‍ ഒഴുകിയെത്തിയ സാംസ്‌കാരിക മനസ്സുകളോട്് കുശലാന്വേഷണം നടത്തുമ്പോഴും ജീവിക്കുന്ന ഓരോ നിമിഷവും ചുറ്റുപാടുകളെ നോക്കി  തെറ്റും ശരിയും ചികഞ്ഞെടുത്ത്  വിളിച്ചുപറയുന്ന സ്ഥൈര്യവും ധൈര്യവും ആര്‍ജവവും അദ്ദേഹം അവരോടും പങ്കുവെച്ചു.. എതിര്‍പ്പുള്ളവരും ശത്രൂക്കളും പരിഭവക്കാരും കാണാനെത്തിയതോടെ വിദ്വേഷങ്ങള്‍ക്ക് വിരാമമായി. കേസും കൂട്ടങ്ങളും ഒത്തുതീര്‍പ്പാക്കപ്പെട്ടു. സ്‌നേഹാക്ഷരങ്ങള്‍കൊണ്ട് സ്വാന്തനം നേര്‍ന്നവര്‍ അനുമോദനമര്‍ഹിക്കുന്നു.

Monday, January 23, 2012

വേണം, കളങ്കമേശാത്ത കലാമേള


          തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കലാസ്‌നേഹികളുടെ ആവേശാരവങ്ങള്‍ ഏറ്റുവാങ്ങി പുതിയ കലാപ്രതിഭകള്‍ ആത്മസംതൃപ്തിയോടെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ലോകമലയാളികളാകെ അവരെ അനുമോദനങ്ങള്‍കൊണ്ട് ആശീര്‍വദിക്കുകയായിരുന്നു. ഇത്രയും വിപുലമായ കലാമേള ലോകത്ത് തന്നെ അത്ഭുതമാണ്. 59 രാജ്യങ്ങളില്‍ സ്‌കൂള്‍ കലോത്സവം തത്സമയം കാണാന്‍ സംവിധാനമൊരുക്കിയിരുന്നു. ആറുവേദികളിലെ മത്സരങ്ങള്‍ ഇങ്ങനെ സംപ്രേഷണം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വേദികളിലെ മത്സരങ്ങള്‍ ലോകരാജ്യങ്ങളിലെത്തിക്കാന്‍  സര്‍ക്കാര്‍ ആലോചിക്കുന്നു. തീര്‍ച്ചയായും കലാകേരളത്തിന്റെ ഈ മഹാസംഗമം  ആഗോള സമൂഹം അറിയാതെ പോയാല്‍ അതിനേക്കാള്‍ വലിയ നഷ്ടം വേറെയില്ല.

           സംഗീതവും സാഹിത്യവും നൃത്തവും അഭിനയവും ആയോധനയും ചിത്രവും ചേര്‍ന്ന് ഏഴു രാപ്പകലുകള്‍ കലാവിസ്മയ വസന്തം വിരിയിച്ച 52-ാം സ്‌കൂള്‍ കലോത്സവത്തില്‍  810 പോയിന്റോടെ കോഴിക്കോടിന് തന്നെയാണ് കലാകരീടം. 2007ല്‍ കണ്ണൂരില്‍ നിന്നാരംഭിച്ച ഈ ജൈത്രയാത്രയില്‍ അവരെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ലെന്നത് ചരിത്രം. ആതിഥേയത്വത്തിന്റെ ആത്മബലത്തില്‍ കലാകിരീടം തിരിച്ചുപിടിക്കാന്‍ തൃശൂര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും 779 പോയിന്റോടെ അവര്‍ക്ക് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അടുത്ത കലോത്സവത്തിന്റെ ആതിഥേയരായ മലപ്പുറം അത്ഭുതം കാഴ്ചവെക്കുമെന്ന് സാക്ഷ്യപ്പെടുത്തി  776 പോയിന്റോടെ മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ തവണ മലപ്പുറം എട്ടാംസ്ഥാനക്കാരായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി എസ് എസ് ജിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത്. സംസ്‌കൃതോത്സവത്തില്‍ തൃശൂരും, മലപ്പുറവും അറബിക് കലോത്സവത്തില്‍  മലപ്പുറവും, കോഴിക്കോടും, പാലക്കാടും  ഒന്നാം സ്ഥാനം പങ്കുവെച്ചു.

           സംഘാടന മികവിലും ആതിഥേയത്വത്തിലും മേള മത്സരാര്‍ഥികളുടെയും കാണികളുടെയും മനം കുളിര്‍പ്പിച്ചപ്പോള്‍ അപ്പീല്‍ പ്രളയം ആശങ്കകള്‍  സൃഷ്ടിക്കുക തന്നെ ചെയ്തു. അവസാന ദിവസമായപ്പോള്‍ അപ്പീല്‍ മത്സരാര്‍ഥികളുടെ എണ്ണം 762ല്‍ നിന്ന് 3254 ആയി ഉയര്‍ന്നു. ഇതോടെ കലാമേളയില്‍ പങ്കെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇത് സര്‍വകാല റെക്കാര്‍ഡാണ്. കൂടുതല്‍ അപ്പീലുകളെത്തിയതാകട്ടെ ചാമ്പ്യന്‍ ജില്ലയായ കോഴിക്കോട്ടു നിന്നും. ഇക്കുറിയും ഒടിഞ്ഞ കപ്പുമായാണ് ജേതാക്കള്‍ വിജയാഹ്‌ളാദം പങ്കുവെച്ചത്. മുമ്പ് കോഴിക്കോട്ട് പിടിവലിയിലാണ് കപ്പ് ഒടിഞ്ഞതെങ്കില്‍ ഇത്തവണ കൈമാറുമ്പോള്‍ തന്നെ കപ്പ് ചാഞ്ചാടി. ചാനലുകാരുടെ ബഹളവും ഉന്തുംതള്ളും ഒഴിവാക്കാന്‍ ഇത്തവണ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

          വിധികര്‍ത്താക്കളെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലാക്കി എന്ന പ്രത്യേകത ഈ കലോത്സവത്തിനുണ്ട്. എന്നിട്ടും വിധി നിര്‍ണയ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടുവെന്നത് വിചിത്രമായി തോന്നുന്നു. ഏഴ് വിധികര്‍ത്താക്കളെ  പുറത്താക്കേണ്ടി വരികയും ചെയ്തു. എങ്ങനെയും തങ്ങളുടെ കുട്ടികളുടെ വിജയം ഉറപ്പാക്കാനുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം കലോത്സവ വേദികളില്‍ പ്രകടമായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുടെയും ഷാഡോ പൊലീസിന്റെയും സാന്നിധ്യമുണ്ടായിട്ടും ഇതിനൊന്നും പറയത്തക്ക കുറവൊന്നുമുണ്ടായില്ലെന്നര്‍ഥം. നൃത്ത ഇനങ്ങളിലെ വേഷവിധാനത്തിന്റെ കാര്യത്തിലെ ധൂര്‍ത്താണ് മറ്റൊരു വലിയ ഭീഷണി. അതുപോലെ തന്നെ പ്രധാനമാണ് നിലവാരമില്ലാത്ത വിധികര്‍ത്താക്കളുടെ സാന്നിധ്യവും. അപ്പീലിലൂടെ അവസരങ്ങള്‍ തേടുന്നവര്‍ വിജയികളാകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചാലും ഇത് ബോധ്യപ്പെടും.

           ഏതായാലും വരും വര്‍ഷം മുതല്‍ കലോത്സവ നടത്തിപ്പ് പ്രത്യേകമായി പരിശോധിക്കുമെന്നും കലോത്സവ മാനുവല്‍ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ് കൂടുതല്‍ പ്രാഗത്ഭ്യം കലാരംഗത്ത് എങ്ങനെ വരുത്താന്‍ കഴിയുമെന്ന സര്‍ക്കാരിന്റെ ആലോചനയും. സ്വകാര്യ സ്‌കൂളുകളോട്  മത്സരിക്കാന്‍ മിക്ക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കഴിയാറില്ല. അതുകൊണ്ടാണ് വേണ്ടതിലേറെ മിടുക്കുണ്ടായിട്ടും പല മത്സരങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്നത്.

          സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌കൂള്‍ കലോത്സവ മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഈ സാഹചര്യത്തിലാണ് പ്രതീക്ഷയുണര്‍ത്തുന്നത്.എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതു പക്ഷെ പലതിലുമെന്ന പോലെ പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോകരുതെന്ന് മാത്രം. കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടായിക്കൂടാ. പല ഇനങ്ങളിലും അര്‍ഹര്‍ പുറത്തുനില്‍ക്കുമ്പോള്‍ പണത്തിന്റെയും പദവിയുടെയും തണലില്‍ അനര്‍ഹര്‍ ചാമ്പ്യന്മാരാകുന്നത് കലാമേളയുടെ പ്രസക്തിയെ തന്നെ പരിഹാസ്യമാക്കും.

            കലാപ്രതിഭ-തിലകം പുരസ്‌കാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.  മുന്‍കാല പ്രതിഭകള്‍ മാത്രമല്ല വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പോലും ഇതേ അഭിപ്രായഗതി വെച്ചുപുലര്‍ത്തുന്നയാളാണ്. നൃത്തം, സംഗീതം, പ്രസംഗം, അഭിനയം, സാഹിത്യം തുടങ്ങി വിവിധയിനങ്ങളില്‍ പ്രത്യേകം പ്രത്യേകം കലാതിലകങ്ങളെ കണ്ടെത്തുന്നതാവും നല്ലതെന്ന നിര്‍ദേശവും പരിഗണന അര്‍ഹിക്കുന്നു. മിടുക്കന്മാരും സമര്‍ഥന്മാരും പരസ്പരം മാറ്റുരക്കുന്ന ആരോഗ്യകരമായ കലാമേളകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരും രക്ഷിതാക്കളും മത്സരാര്‍ഥികളും ഒരു പോലെ മനസ്സുവെച്ചാല്‍ അപവാദങ്ങളില്ലാത്ത-വിശ്വാസ്യത ചോദ്യംചെയ്യപ്പെടാത്ത കലാ-കായിക മേളകള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയും. സംശയമില്ല.

Thursday, January 19, 2012

ഇ-മെയില്‍ വിവാദം: സത്യം പുറത്തുവരണം


              കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സംഘടനകളെയും ഉന്നംവെച്ച് വിദ്യാര്‍ഥികളടക്കമുള്ളവരുടെ  ഇ-മെയില്‍ സന്ദേശങ്ങള്‍ സംസ്ഥാന ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിരീക്ഷണ വിധേയമാക്കിയ സംഭവം മലയാളികള്‍ ഇന്നോളം കാത്തുസൂക്ഷിച്ച മതേതരത്വത്തിന്റെ താളം നഷ്ടപ്പെടുത്താനായിരിക്കും ഉപകരിക്കുക. രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം പകര്‍ച്ചവ്യാധിപോലെ കടന്നുവരുന്ന ദുരന്തങ്ങളില്‍ അവസാനത്തേതാണിത്. അവരുടെ ഹൃദയവേദനകളെ പടിയിറക്കുന്നതിന് പകരം വകതിരിവില്ലാത്ത ചിന്തയോടെ   ഈ കൊച്ചുസംസ്ഥാനത്തെ ഇതിലേക്ക് വലിച്ചിഴച്ചത്  പൊലീസ്ഉദ്യോഗസ്ഥരോ സര്‍ക്കാരോ ആരായിരുന്നാലും  കടന്നകയ്യായിപ്പോയി. ഇത്തരം വാര്‍ത്തകളില്‍ ചുണ്ടമര്‍ത്തി ചിരിക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതായിരുന്നു.

          പൊലീസ് തയാറാക്കിയ ലിസ്റ്റില്‍ നല്ലൊരു വിഭാഗം ഗള്‍ഫ് മലയാളികളാണ്. കുടുംബം പോറ്റാന്‍ നാടും വീടും വിട്ടവരാണവര്‍. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദശാബ്ദങ്ങളായി താങ്ങിനിര്‍ത്തുന്നത് അവരാണെന്ന് ആര്‍ക്കാണറിയാത്തത്? ഗള്‍ഫ് പ്രവാസികളുടെ സമ്പാദ്യമില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു കേരളത്തിന്റെ അവസ്ഥ? അവരെ  നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പില്‍ അനഭിമതാരാക്കാനാണ് പൊലീസിന്റെ നിരീക്ഷണം ഇടവരുത്തുക. രാജ്യസുരക്ഷയുടെയും തീവ്രവാദത്തിന്റെയും പേര് പറഞ്ഞ് രാജ്യമെമ്പാടും മുസ്‌ലിം യുവാക്കള്‍ വേട്ടയാടപ്പെടുന്ന ഇക്കാലത്ത് സാമൂഹ്യദ്രോഹികളുടെ പട്ടികയിലേക്കായിരിക്കും ഇവരും ആനയിക്കപ്പെടുക.

          കേരളം ഭരിക്കുന്നത് നരേന്ദ്രമോഡിയുടെ ബി ജെ പിയോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളോ അല്ല. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ്. മുസ്‌ലിംലീഗ് കണ്ണുരുട്ടയാല്‍ ഈ ഗവണ്‍മെന്റ് താഴെ പോകും. എന്നിട്ടും മുസ്‌ലിംകളുടെ കണ്ണുകളില്‍ നിരാശയുടെ ഇരുട്ട് പരത്തുന്ന ഇത്തരം  നടപടികള്‍  അവലംബിക്കാന്‍ സര്‍ക്കാരിന്്  ധൈര്യം വന്നതാണത്ഭുതം. മുസ്‌ലിം സമുദായത്തിന്റെ ആശങ്കയില്‍ ആഹ്‌ളാദിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണാവോ. ഈ പ്രശ്‌നത്തെ സാമുദായിക സൗഹാര്‍ദത്തിനെതിരായ നീക്കമായി കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അതിന് വഴിയൊരുക്കിയവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ളത് താനാണെന്ന കാര്യം ഓര്‍ക്കാതെപോയി.

          ഇ-മെയില്‍ ചോര്‍ത്തലിന് പൊലീസ് തയാറാക്കിയ 268 പേരില്‍ 258 ഉം മുസ്‌ലിംകളായതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ വാരികക്ക് അത് വാര്‍ത്തയായത്. അവശേഷിക്കുന്നവരുടെ ജാതി പറയാതിരുന്നതിന്റെ പേരില്‍ വാരികക്കെതിരെ മതസ്പര്‍ധയുടെ പേരില്‍ കേസെടുക്കുന്നതിന് മുമ്പ് ഈ വലിയ അന്തരം ലിസ്റ്റില്‍ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. ഒരു പൗരന്റെ  ഇ-മെയില്‍ സന്ദേശങ്ങളും സ്വകാര്യ സംഭാഷണങ്ങളും ചേര്‍ത്തുന്നത് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും നന്നായറിയാവുന്ന ഒരു സര്‍ക്കാര്‍ ചാരപ്പണിക്ക് ചൂട്ടുപിടിക്കുകയല്ലേ സത്യത്തില്‍ ചെയ്തത്.
പത്രപ്രവര്‍ത്തകരുടെ ഫോണും ഇ-മെയിലും ചോര്‍ത്താനുള്ള ശ്രമം ആരു നടത്തിയാലും അതിനെയും  അതീവ ഗുരുതരമായി തന്നെ കാണണം. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തെ അത് തടസ്സപ്പെടുത്തും. ഭരണഘടന അനുവദിച്ച പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ ഇവിടെ ആര്‍ക്കാണധികാരം? വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്ന് മാത്രമേയുള്ളൂ. ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത സമുദായത്തിന്റെ പ്രാതിനിധ്യമവകാശപ്പെടുന്ന ലീഗിനെ അലോസരപ്പെടുത്തിയതായി കണ്ടില്ല. പാര്‍ട്ടിയുടെ നേതാവും മുന്‍ എം പിയുമായ മാന്യദേഹവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മാത്രമല്ല പാര്‍ട്ടിയും ജിഹ്വയും വാര്‍ത്തയെ വെള്ളപൂശാനും സര്‍ക്കാരിനെ ന്യായീകരിക്കാനുമാണ് ശ്രമിക്കുന്നത്.

            കൊടുങ്ങല്ലൂരില്‍ പൊലീസ് നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ ഇ-മെയില്‍ വിലാസമാണ് പരിശോധിക്കുന്നതെന്നും ഇത് രാജ്യത്തിന്റെയും ജനങങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി മാത്രമാണെന്നുമുള്ള മുഖ്യമന്ത്രിയുടെയും ഡി ജി പിയുടെയും വിശദീകരണം തൃപ്തികരമായി തോന്നുന്നില്ല. അയാളില്‍ നിന്നോ അല്ലെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടോ വിവരങ്ങള്‍ ശേഖരിക്കാവുന്നതേയുള്ളൂ. അതിന് ഒരു വകുപ്പുതല സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ് പി ഹൈടെക് സെല്ലിന്  അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ  ഇ-മെയില്‍ വിലാസമാണ് അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണ് ചെയ്തത്. ഇ-മെയില്‍ വിവാദം കള്ളപ്രചാരണമാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇ-മെയില്‍ വിലാസങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് സാധാരണ സംഭവമാണെന്നും മുമ്പും അങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്ന മുഖ്യമന്ത്രി അത്തരം സംഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം.  പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചില്ലെന്നും ലോഗ് ഇന്‍ ഡീറ്റൈല്‍സ് നല്‍കാനാണ് നിര്‍ദേശിച്ചതെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും പരിഹാസ്യമായിപ്പോയി.

             ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെ പേരില്‍ രാജ്യത്തെമ്പാടും നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളെയും മുസ്‌ലിം കേരളം നോക്കിക്കാണുന്നത്. അരോചകമായ അത്തരം അനുഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമെന്ന് അവര്‍ ന്യായമായും സംശയിക്കുന്നു. ലോകമെമ്പാടും അരങ്ങേറുന്ന അഗ്നിപരീക്ഷണങ്ങളുടെ ഭാരം അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് തെളിയിച്ച് എല്ലാ വിമര്‍ശകരെയും നിരായുധരാക്കാനുള്ള ശ്രമം മുഖ്യമന്ത്രി എത്രയും വേഗം നടത്തുകയാണ് വേണ്ടത്. 

Wednesday, January 18, 2012

പാക്കിസ്താന്റെ ഭാവി


          ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍ ആറുപതിറ്റാണ്ട് പിന്നിട്ടിട്ടും  ഇന്നും ഇരുട്ടില്‍ തപ്പുകയാണെന്ന് അവിടുത്തെ സംഭവവികാസങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും. പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാന്‍  തയാറാകാതിരുന്നതിനു സുപ്രീം കോടതി പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചതാണ് ഇതില്‍ അവസാനത്തേത്. ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പാക്കിസ്താന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് പ്രധാനമന്ത്രിക്ക് കോടതിയലക്ഷ്യ നോട്ടീസ് ലഭിക്കുന്നത്. 1997ല്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെയായിരുന്നു നോട്ടീസ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥാനത്ത് തുടരാന്‍ ഗീലാനിഅയോഗ്യനാകും.

            കോടതി നോട്ടീസ് കൈപ്പറ്റി മണിക്കൂറുകള്‍ക്കകം പാര്‍ലമെന്റില്‍ വിശ്വാവോട്ട് നേടാന്‍ ഗീലാനിക്ക് കഴിഞ്ഞിരിക്കുന്നു. കോടതി നടപടിയുണ്ടായിട്ടും  പാര്‍ലമെന്റിന്റെ വിശ്വാസം നേടാനായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രിക്ക് അവകാശപ്പെടാമെങ്കിലും തന്റെ പദവിക്ക് കാരണഭൂതനായ പ്രസിഡണ്ട് ആസഫലി സര്‍ദാരിയെ അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍നിന്ന് അദ്ദേഹത്തിന് കൈകഴുകാനാവുമെന്ന് തോന്നുന്നില്ല. സര്‍ദാരി ഉള്‍പ്പെടെയുള്ളവരുടെ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ്  നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് ഗീലാനി ചെയ്ത കുറ്റം. സര്‍ദാരിക്കെതിരെയുള്ള പണം വെളുപ്പിക്കല്‍ കേസ് വീണ്ടും പരിശോധിക്കാന്‍ സ്വിസ് അധികാരികളോട് ആവശ്യപ്പെടാത്തതിന് ഗീലാനിയെ മാന്യനല്ലെന്ന് വരെ കോടതി കുറ്റപ്പെടുത്തുകയുണ്ടായി.

            വിവാദപരമായ 2007 ലെ ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സ് പ്രകാരമാണ് സര്‍ദാരിക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. ഇത് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ 8014 പേര്‍ക്ക് സംരക്ഷണം നല്‍കാനായിരുന്നു. 2009ല്‍ ഇത് റദ്ദാക്കിയതിനെ തുടര്‍ന്നു സര്‍ദാരിക്കെതിരായ കേസുകള്‍ വീണ്ടും തുറക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു.

            സുപ്രീം കോടതിയുടെ കോര്‍ട്ടലക്ഷ്യ  നോട്ടീസിന് പിന്നാലെ പാക്ക് അഴിമതി അന്വേഷണ വിഭാഗവും (നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ )യും ഗീലാനിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ-വാതക വികസന കമ്പനിയുടെ അധ്യക്ഷനായി ക്രിമിനല്‍ പശ്ചാത്തലമുള്ള അദ്‌നാന്‍ ഖാജയെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് കാണിച്ചാണ് കേസെടുക്കുക. രാജ്യത്തെ പ്രധാന അഴിമതിവിരുദ്ധ ഏജന്‍സിയായ എന്‍ എ ബിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണിത്. പര്‍വേശ് മുഷറഫ് പ്രസിഡണ്ടായിരിക്കെ  ഗീലാനിയും അദ്‌നാന്‍ ഖാജയും ഒരുമിച്ച് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഗീലാനിയുടെ ഉത്തരവ് പ്രകാരം നടത്തിയ എല്ലാ അനധികൃത നിയമനങ്ങള്‍ക്കെതിരെയും എന്‍ എ ബി നടപടി സ്വീകരിച്ചേക്കും.

            ഗീലാനിയെ വെട്ടില്‍ വീഴ്ത്തിയ കേസുകളുടെ ഉത്ഭവം നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ബേനസീര്‍ ഭരണകാലത്ത് അരങ്ങേറിയ അഴിമതികളാണ് പ്രശ്‌നം. സര്‍ദാരി-ബേനസീര്‍ ദമ്പതിമാര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കേസുണ്ടായപ്പോള്‍ കുടുങ്ങുമെന്ന് കരുതി ബേനസീര്‍ വിദേശത്തേക്ക് കടന്നു. അറസ്റ്റ് ഒഴിവാക്കാന്‍ അവര്‍ എട്ടുവര്‍ഷമാണ് വിദേശത്ത് കഴിഞ്ഞത്. ഭര്‍ത്താവും ഇപ്പോഴത്തെ പ്രസിഡണ്ടുമായ സര്‍ദാരി വിചാരണത്തടവുകാരനായി 11 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. ഷരീഫിനെ പുറത്താക്കി അധികാരം പിടിച്ച മുഷറഫ് അധികാരത്തില്‍ തുടരാന്‍ മെനഞ്ഞ തന്ത്രങ്ങളാണ് ഗീലാനിക്കുള്ള സുപ്രീം കോടതി നോട്ടീസില്‍ എത്തിനില്‍ക്കുന്നത്. പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി ബേനസീറിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു മുഷറഫിന്റെ പദ്ധതി. കേസ് ഒഴിവാക്കാന്‍ അദ്ദേഹമാണ് ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

           അതിനിടയില്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യതയും പാക്കിസ്താനില്‍ തെളിഞ്ഞുവരുന്നുണ്ട്. അവിടുത്തെ എല്ലാ സര്‍ക്കാരുകളുടെയും മേല്‍ എന്നും തൂങ്ങിക്കിടക്കുന്ന വാളാണ് സൈന്യം. ഇയ്യിടെ ഒരു ചൈനീസ് പത്രത്തോട് പ്രധാനമന്ത്രി ഗീലാനി സൈന്യത്തിനെതിരെ നടത്തിയ കര്‍ക്കശ വിമര്‍ശനം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാക്കിസ്താനിലെ ഭരണകൂടങ്ങള്‍ സ്വാതന്ത്ര്യം തൊട്ട് അനുഭവിച്ചുവരുന്ന പ്രതിസന്ധിയുടെ വിളംബരം കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍. ഇപ്പോഴത്തെ വെല്ലുവിളികള്‍ എങ്ങനെ അവസാനിച്ചാലും പാക്കിസ്താന്റെ അടിസ്ഥാന ദൗര്‍ബല്യമായ ഇത്തരം പ്രതിസന്ധികള്‍ക്ക് പഞ്ഞമുണ്ടാവില്ല.

            1958ല്‍ അയ്യൂബ്ഖാനും 77ല്‍ സിയാഉല്‍ ഹഖും 99 ല്‍ പര്‍വേഷ് മുഷറഫും സൈന്യാധിപന്മാരായിരിക്കെയാണ് പാക്കിസ്താനിലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടത്. അവരെല്ലാം അധികാരം പിടിച്ചെടുക്കുകയും ചെയ്തു.  ഒരിക്കലും പട്ടാളത്തിന് മുന്‍തൂക്കമുള്ള അധികാര ഘടനയല്ല പാക്ക് രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന സ്വപ്നം കണ്ടത്. തികച്ചും ജനാധിപത്യവ്യവസ്ഥ കൊതിച്ച അദ്ദേഹത്തിന്റെ  സ്വപ്നം അക്ഷരാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍  നാളിതുവരെ അവിടം ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നത് വിധിവൈപരീത്യമെന്നേ പറയേണ്ടൂ.

           ബേനസീര്‍ ഭൂട്ടോയുടെ വധത്തെ തുടര്‍ന്ന് പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷികള്‍ ആസഫലി സര്‍ദാരിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോഴും ഈ ഭരണം എത്രകാലം എന്ന സംശയം ശക്തമായിരുന്നു. സര്‍ക്കാരിനേക്കാള്‍ അധീശത്വമുള്ള ഐ എസ് ഐയും സൈന്യവുമാണ് അവിടെ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് വേണം  കരുതാന്‍. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പാതിയിലേറെയും വര്‍ഷങ്ങള്‍ ഏകാധിപതികള്‍ ഭരിച്ചപ്പോഴും സൈന്യമായിരുന്നു എല്ലാ കാര്യത്തിലും അവസാനവാക്ക്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഗീലാനി രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും  പാക്കിസ്താന്റെ ഭാവി പ്രവചിക്കുക അസാധ്യമായിരിക്കും.
Related Posts Plugin for WordPress, Blogger...