ആ തേന്‍തിരിയണഞ്ഞു. കടലിരമ്പം പോലെ മലയാളികളെ ആപാദചൂഢം കോരിത്തരിപ്പിപ്പിച്ച സാഗരഗര്‍ജനം എന്നെന്നേക്കുമായി വിടവാങ്ങി. എല്ലാവരെയും തിരുത്താന്‍ പലപ്പോഴും പരുക്കനായി തന്നെ പ്രത്യക്ഷപ്പെട്ട ആ വടവൃക്ഷം കടപുഴകി വീണു. ധര്‍മമാണ് ബലം, അതിന്റെ കൂട്ടുണ്ടെങ്കില്‍ ഏത് പരാക്രമിയേയും നേരിടാനാവുമെന്ന് പഠിപ്പിച്ച ഡോ സുകുമാര്‍ അഴീക്കോട് ഏഴുപതിറ്റാണ്ടു നീണ്ട ധന്യദൗത്യം പൂര്‍ത്തിയാക്കി നിത്യനിദ്രയില്‍ വിലയംപ്രാപിച്ചു. അദ്ദേഹം ജീവിച്ച കാലവളവില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ നമ്മുടെ പുണ്യം. അഴീക്കോട് ജീവിച്ചത് തന്നെ നമുക്ക് വേണ്ടിയായിരുന്നുവല്ലോ.
പ്രഭാഷകന്‍, അധ്യാപകന്‍, സാഹിത്യ വിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം കേരളീയ പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നാവില്‍ അക്ഷരങ്ങളുടെ സാഗരത്തിരയുമായി മലയാളിയുടെ ഇടനെഞ്ചില്‍ വാക്കുകളുടെ പ്രകമ്പനം സൃഷ്ടിക്കാന്‍ അനിതരസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്. തിന്മകള്‍ക്കും അനീതികള്‍ക്കും സാമൂഹിക ജീര്‍ണതകള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ കൊടുങ്കാറ്റിന്റെ വീറും വീര്യവും മാത്രമല്ല വാക്കുകള്‍ക്ക് പടവാളിനേക്കാള്‍ മൂര്‍ച്ചയുമുണ്ടാവും. ചുറുചുറുക്കോടെയും യുവാവിന്റെ ആവേശത്തോടെയും വേദികളില്‍നിന്ന് വേദികളിലേക്ക് പടര്‍ന്നുകയറിയ ആ സിംഹഗര്‍ജനം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളി ഉണ്ടാവില്ല. ഉദാത്തമായ സന്ദേശങ്ങള്‍ക്കൊപ്പം പ്രഭാഷണകലയുടെ ആകര്‍ഷണവും സൗന്ദര്യവും അദ്ദേഹം പകര്‍ന്നുനല്‍കി. അത്യന്തം വശ്യമായ ആ ധര്‍മസ്വരം ഇനി ആസ്വദിക്കാനാവില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍..
വര്‍ഗീയവല്‍ക്കരണത്തിനും സാംസ്‌കാരിക അപചയങ്ങള്‍ക്കും വിദ്യാഭ്യാസകച്ചവടത്തിനും സര്‍വോപരി അഴിമതിക്കുമെതിരെ അഴീക്കോടിനെ പോലെ സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു സാംസ്‌കാരിക നായകനുണ്ടാവില്ല. വാക്കുകളില്‍ അഗ്നിയും സ്‌നേഹവും ലാളിത്യവും സന്നിവേശിപ്പിച്ച അദ്ദേഹം ആരുടെയും മുഖത്തുനോക്കി നിലപാട് തറയില്‍ ഉറച്ചുനില്‍ക്കും. ആത്മാര്‍ഥതയെ തീപിടിപ്പിക്കുന്ന പൊള്ളുന്ന വാക്കുകളാണ് ആ നാവില്‍നിന്ന് ഉതിര്‍ന്നു വീഴുക. കുത്തുവാക്കുകളും ക്ഷിപ്രക്ഷേഭവും കൊണ്ട് വേദികളില്‍ കത്തിക്കയറും. മലയാളികളുമായുള്ള വ്യക്തിബന്ധം അദ്ദേഹം സ്ഥാപിച്ചെടുത്തത് തന്നെ അക്ഷരങ്ങളിലൂടെയാണല്ലോ.
ലോകപ്രശസ്തരായ പത്ത് മലയാളികളുടെ പട്ടികയില്‍ നക്ഷത്രശോഭയോടെ അരനൂറ്റാണ്ടിലേളെയായി അഴീക്കോടിന്റെ പേരുണ്ട്. ആയിരക്കണക്കിന് പ്രബന്ധങ്ങളും പതിനായിരക്കണക്കിന് പ്രഭാഷണങ്ങളും നടത്തി മലയാളിയുടെ അഭിമാനവും ആവേശവുമായി മാറിയ അഴീക്കോട് സാംസ്‌കാരിക കേരളത്തിനും അക്ഷരലോകത്തിനും നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. പാഠപുസ്തകം ക്‌ളാസ് മുറിക്ക് പുറത്താണെന്ന് മനസ്സിലാക്കിയ അധ്യാപകനായിരുന്നു അദ്ദേഹം.
അഴീക്കോടിനെ പോലുള്ള മഹാവ്യക്തിത്വങ്ങള്‍ നമുക്കിടയില്‍ ഉള്ളതുകൊണ്ടാണ് നാം പെട്ടെന്ന് നിരാശരാവുകയോ വ്യര്‍ഥമോഹങ്ങളിലേക്ക് കൂപ്പുകുത്തുകയോ ചെയ്യാത്തത്. മലബാറിലെ ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും അദ്ദേഹത്തിന്റെ നാവ് പുഷ്പിക്കും.
ജനിച്ചത് കണ്ണൂരിലാണെങ്കിലും കോഴിക്കോടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല തട്ടകം. ഏറ്റവും കൂടുതല്‍ പ്രഭാഷണം നടത്തിയതും കോഴിക്കോട് ടൗണ്‍ഹാളിലാണ്. 1986ല്‍ തൃശൂര്‍ക്ക് താമസം മാറിയെങ്കിലും മലബാറിലെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു.
ആത്മകഥയടക്കം നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും 1985ല്‍ പുറത്തുവന്ന തത്വമസിയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. അതിന് കേന്ദ്ര,കേരള സാഹിത്യഅക്കാദമി അവാര്‍ഡുളുള്‍പ്പെടെ 12 പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. 2007 ല്‍ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അതു നിരസിച്ചു. എം പി നാരായണപ്പിള്ളക്ക് നല്‍കിയ പുരസ്‌കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരവും അഴീക്കോടിനെ തേടിയെത്തുകയുണ്ടായി.
1962ല്‍ കോഴിക്കോട് ദേവഗിരി കോളേജ് അധ്യാപകനായിരിക്കെ തലശ്ശേരിയില്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന മാനിച്ച് മത്സരിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറിയെങ്കിലും തന്റെ അഭിപ്രായഭേദങ്ങള്‍ ആര്‍ക്കുമുമ്പിലും അടിയറവെച്ചിരുന്നില്ല.
അസുഖം വന്ന് ചികിത്സയിലായ അഴീക്കോട് മാഷ് പക്ഷെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും മാനസികമായി ഊര്‍ജസ്വലനായിരുന്നു. സന്ദര്‍ശിക്കാന്‍ ഒഴുകിയെത്തിയ സാംസ്‌കാരിക മനസ്സുകളോട്് കുശലാന്വേഷണം നടത്തുമ്പോഴും ജീവിക്കുന്ന ഓരോ നിമിഷവും ചുറ്റുപാടുകളെ നോക്കി തെറ്റും ശരിയും ചികഞ്ഞെടുത്ത് വിളിച്ചുപറയുന്ന സ്ഥൈര്യവും ധൈര്യവും ആര്‍ജവവും അദ്ദേഹം അവരോടും പങ്കുവെച്ചു.. എതിര്‍പ്പുള്ളവരും ശത്രൂക്കളും പരിഭവക്കാരും കാണാനെത്തിയതോടെ വിദ്വേഷങ്ങള്‍ക്ക് വിരാമമായി. കേസും കൂട്ടങ്ങളും ഒത്തുതീര്‍പ്പാക്കപ്പെട്ടു. സ്‌നേഹാക്ഷരങ്ങള്‍കൊണ്ട് സ്വാന്തനം നേര്‍ന്നവര്‍ അനുമോദനമര്‍ഹിക്കുന്നു.
:)
ReplyDeleteനല്ല ഓര്‍മ്മകള്‍
ആദരാഞ്ജലികള്‍