Tuesday, April 10, 2012

പ്രത്യാശ പകര്‍ന്ന സര്‍ദാരിയുടെ സന്ദര്‍ശനം


           ഇന്ത്യക്കും പാക്കിസ്താനുമിടയിലെ പ്രശ്‌നങ്ങള്‍ പ്രായോഗികമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പാക് പ്രസിഡണ്ട് ആസഫലി സര്‍ദരിയും ദല്‍ഹിയിലെ കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നിരന്തരം സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന രാഷ്ട്രങ്ങളെന്ന നിലയില്‍ എത്ര അഴിച്ചാലും അഴിയാത്ത കുരുക്കുകളെയാണ് ഇന്ത്യയും പാക്കിസ്താനും അഭിമുഖീകരിക്കുന്നത്. അജ്മീറിലെ കാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ സര്‍ദാരിക്ക് വേണമെങ്കില്‍ സുദീര്‍ഘമായ ചര്‍ച്ചക്ക് സമയം കാണാമായിരുന്നു. അതിന് മാത്രം പ്രശ്‌നങ്ങള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ദാരിയുടെ ക്ഷണമനുസരിച്ച് സപ്തമ്പറില്‍ മന്‍മോഹന്‍ സിംഗ് പാക്കിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ സാര്‍ക്ക് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ക്ഷണിച്ചിരുന്നെങ്കിലും പാക്കിസ്താന്റെ ഭാഗത്തുനിന്ന് കാതലായ നടപടി ഉണ്ടായതിനു ശേഷമാകാം സന്ദര്‍ശനമെന്ന സമീപനമാണ് മന്‍മോഹന്‍ സിംഗ് സ്വീകരിച്ചത്.

           ജനറല്‍ പര്‍വേശ് മുഷറഫിന് ശേഷം ഏഴുവര്‍ഷം കഴിഞ്ഞാണ് മറ്റൊരു പാക് പ്രസിഡണ്ട് ഇന്ത്യയിലെത്തുന്നത്. അതിനിടയില്‍ പാക്ക് പ്രധാനമന്ത്രി  യൂസഫ് റാസ ഗീലാനി ഇവിടം സന്ദര്‍ശിച്ചിരുന്നു. മകനും പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ ഉള്‍പ്പെടെ 44 അംഗ സംഘത്തോടൊപ്പമാണ് സര്‍ദാരിയെത്തിയത്. നയതന്ത്ര ചട്ടവട്ടങ്ങളുടെ ഔപചാരികതകള്‍ ഇല്ലാത്ത സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഗൗരവ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെന്നാണറിവ്. 

               മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന നിലയില്‍ ലശ്ക്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പാക്കിസ്താന്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുഖ്യവിഷയമാക്കാന്‍ ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് സര്‍ദാരി പ്രതികരിച്ചത്. രണ്ടു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാര്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം അവിടെ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദേശം ഇന്ത്യ അംഗീകരിച്ചിരിക്കുകയാണ്. പാക്കിസ്താനില്‍ നിന്നും നുഴഞ്ഞുകയറി ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന നമ്മുടെ പരാതിക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്താന് പങ്കില്ലെങ്കില്‍ അത്- അയല്‍രാജ്യമെന്ന നിലയില്‍ വിശേഷിച്ചും ഇന്ത്യയെ പാക്കിസ്താന്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

          സിയാച്ചിന്‍, സര്‍ക്രീക്, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ഘട്ടംഘട്ടമായി ചര്‍ച്ച ചെയ്യണമെന്ന ഇരു രാജ്യങ്ങളുടെയും ഇതപര്യന്തമുള്ള ആഗ്രഹം ഇതുവരെ ഫലപ്രദമായി നടന്നിട്ടില്ല. എന്നാല്‍ സാര്‍ക്രീക് പ്രശ്‌നം താമസിയാതെ പരിഹരിക്കാനാവുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ കച്ചിനെയും പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയേയും വേര്‍തിരിച്ചുകൊണ്ട് അറബിക്കടലിലേക്ക് തുറകക്കുന്ന 96 കിലോമീറ്റര്‍ നീണ്ട ചതുപ്പ് പ്രദേശമാണ് സര്‍ക്രീക.് ഇതില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയെചൊല്ലിയുള്ള തര്‍ക്കംഏതാണ്ട് പരിഹാരത്തിന്റെ വക്കിലാണ്. ഭീകരതയുടെ കാര്യത്തിലും ആരോപണപ്രത്യാരോപണങ്ങള്‍ക്കപ്പുറം ആശങ്കാജനകമായ സാഹചര്യം ലഘൂകരികക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടന്നിരുന്നുവെങ്കിലും കൂടുതല്‍ ചുവടുവെപ്പുകള്‍ ഇനിയും അനിവാര്യമാണ്.

           ഇന്ത്യയും പാക്കിസ്താനും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇരു രാജ്യങ്ങളിലേയും ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ എന്തായാലും ഇക്കാര്യത്തില്‍ അല്‍പം പോലും മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ചേ മതിയാവൂ. വിശ്വാസവര്‍ധക ചര്‍ച്ചകള്‍ ക്രമാനുഗതമായി പുരോഗമിക്കുന്നുവെന്നാണ് രണ്ടു നേതാക്കളും അവകാശപ്പെട്ടത്. എന്തായാലും മറ്റേത് ചര്‍ച്ചകളേക്കാളും മുന്‍ഗണന ഇതിന് നല്‍കേണ്ടതുണ്ട്. അയല്‍ രാജ്യങ്ങളെന്ന നിലയില്‍ പാക്കിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദപൂര്‍വമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

          ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും അയല്‍പക്ക ബന്ധം സുദൃഢമാക്കാനുള്ള നടപടികള്‍ മിക്കതും പാതിവഴിയില്‍ തന്നെ നില്‍കക്കുകയാണ്. അതിനിടയില്‍ പലവട്ടം യുദ്ധങ്ങളും നടന്നു. ഇപ്പോഴും  ശത്രുരാഷ്ട്രങ്ങളെ പോലെ തന്നെ കഴിയുന്നു. യുദ്ധം നടക്കുന്നില്ലെങ്കിലും നുഴഞ്ഞകയറ്റവും ഭീകരാക്രണവും യുദ്ധത്തേക്കാള്‍ വലിയ വെല്ലുവിളിയായി തന്നെ നിലനില്‍ക്കുന്നു. നിര്‍ണായകമെന്ന് കരുതി ജനങ്ങള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന പല ഉന്നതതല ചര്‍ച്ചകളും അവസാനം ചാപ്പിള്ളയായതാണ് അനുഭവം.
സര്‍ദാരിയുടെ മകന്‍ ബിലാവന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇവിടെ എത്തിയ ഉടന്‍ ഇന്ത്യക്ക് സമാധാനം ആശംസിച്ച ബിലാവന്‍ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. രാഹുല്‍ഗാന്ധിയെ പാക്കിസ്താന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തതിലൂടെ പുതിയൊരു ചരിത്രം രചിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. രണ്ടു രാജ്യങ്ങളുടെയും ഭാവി വാഗ്ദാനങ്ങളെന്ന നിലയില്‍ രാഹുലിനും ബിലാവനും പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കാണാന്‍ കഴിയട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന.

Thursday, March 8, 2012

സ്വപ്നത്തേരില്‍ മുസ്‌ലിം ലീഗ്: ഒമ്പത് സ്ഥാനാര്‍ഥികള്‍ക്ക് 7373


               കേരളാസ്റ്റേറ്റ് മുസ്‌ലിംലീഗ് വളര്‍ന്ന് ഉത്തര്‍പ്രദേശിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ലീഗ് ധൈര്യം കാണിച്ചു. മുമ്പും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പച്ചക്കൊടിയുമേന്തി ലീഗ് ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. പശ്ചിമബംഗാളില്‍ പത്ത് നാല്‍പതു കൊല്ലം മുമ്പ് മുസ്‌ലിംലീഗിന്റെ മന്ത്രിയും എം പിയും ഉണ്ടായിട്ടുണ്ട്. ബീഹാറിലും രാജസ്ഥാനിലും ഡല്‍ഹിയിലും ബാലറ്റ് യുദ്ധത്തില്‍ ലീഗ് അണിചേര്‍ന്നിരുന്നു. ആരൊക്കെ ജയിച്ചു എന്ന് മാത്രം ചോദിക്കരുത്. ഒളിമ്പിക്‌സിലെന്നപോലെ പങ്കെടുക്കുക എന്നതു തന്നെ പ്രധാനമാണ്.

               ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ലീഗ്, കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലുള്ള പാര്‍ട്ടിയുടെ പേരിലാണ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. എല്ലാവര്‍ക്കും ചിഹ്നമായി കോണി ലഭിച്ചിരുന്നോ എന്നറിയില്ല. കേരളത്തിലെ ലീഗ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗില്‍ ലയിച്ചതിനെ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുന്നതിന് മുമ്പായിരുന്നു പത്രികാസമര്‍പ്പണം. പാര്‍ട്ടിയുടെ പേരിനൊപ്പം കമ്മിറ്റി എന്നൊക്കെ ചേര്‍ക്കുന്നത് ലീഗിന്റെ മാത്രം രീതിയാണെന്ന് കരുതാം. ലയനം നടന്നതോടെ കേരള ലീഗിന്റെ മാതൃപേടകം എന്ന ഇത:പര്യന്തമുള്ള അപ്രമാദിത്വം സാങ്കേതികമായെങ്കിലും ഇല്ലാതായിട്ടുണ്ട്. ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ്, പാണക്കാട് തങ്ങളുമായി തട്ടിക്കുമ്പോള്‍ തനിക്ക് അത്രയൊന്നും മഹത്വമില്ലെന്ന് വിനീതനായി ഭംഗിവാക്ക് തൊടുത്തുവിട്ടത് വെറുതെയാവില്ല. അഹമ്മദും ഇ ടി  ബഷീറും ലോക്‌സഭയിലെത്തിയത് കേരള സ്റ്റേററ് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ടിക്കറ്റിലാണ്.

              മാക് അലി എന്നറിയപ്പെടുന്ന ലീഗ് എം എല്‍ എ മഞ്ഞളാംകുഴി അലി അല്ലാഹുവിന്റെ പേരില്‍ തിരുവനന്തപുരത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുംമുമ്പ് തന്നെ ലക്‌നോവില്‍ ലീഗുകാര്‍ ലഡു വിതരണം ചെയ്യുമെന്ന് ഏതെങ്കിലും കടുത്ത ലീഗുഭക്തന്‍ സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ അതത്ര വലിയ തെറ്റോ കുറ്റമോ അല്ല. മലര്‍പൊടിക്കാരന്റെ മനോരാജ്യമെന്ന് മക്കാറാക്കേണ്ടതുമില്ല. യു പിയില്‍ തൂക്കുസഭയാണ് പല അഭിപ്രായ വോട്ടെടുപ്പിലും കണ്ടെത്തിയിരുന്നത്. ഭൂരിപക്ഷം തികയ്ക്കാന്‍ മുലായംസിംഗ് ചെറുകിട കക്ഷികളെ ക്ഷണിക്കുമെന്നും ഉറപ്പായിരുന്നു. സമാജ്‌വാദിക്ക് ലീഗുമായുള്ള സൗഹൃദം വെച്ച്, ലീഗിന്ന് നറുക്കു വീഴുന്നതും സ്വാഭാവികമായിരുന്നു. ലീഗിന്റെ ഒന്നോ രണ്ടോ എം എല്‍ എമാര്‍ ഉണ്ടായിരിക്കണമെന്നുമാത്രം. അടുത്ത് മാത്രം ജന്മംകൊണ്ട പീസ് പാര്‍ട്ടിക്ക് മൂന്ന് മുസ്‌ലിംകള്‍ ഉള്‍പ്പെടെ നാലുപേരെ ജയിപ്പിക്കാനായെന്നത് ഇതോടൊപ്പം കൂട്ടി വായിക്കണം.

               ഈ പറഞ്ഞതൊക്കെ സാങ്കല്‍പികമെന്നോ കാല്‍പനികമെന്നോ കരുതുമ്പോള്‍ യു പിയില്‍ യഥാര്‍ഥത്തില്‍ ലീഗ് എന്തുനേടി എന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരിടത്തും ജയിച്ചില്ലെന്നതോ പോട്ടെ, എന്തെങ്കിലും ഓളങ്ങള്‍ ഉണ്ടാക്കാനോ ആരുടെയെങ്കിലും ജയസാധ്യതകള്‍ക്ക് തടയിടാനോ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല. പന്തയത്തില്‍ പങ്കെടുത്തു എന്നതിലുപരി ലീഗിന്റെ സാന്നിധ്യം പോലും ആരും കാര്യമായി ഗൗനിച്ചില്ല. ഒമ്പത് മണ്ഡലങ്ങളില്‍ ലീഗിന്ന് ആകെ കിട്ടിയ വോട്ട് 7373 മാത്രം. കൂടിയ വോട്ട് നെഹ്തൂര്‍ സംവരണസീറ്റില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ഥി ധന്‍പാല്‍ സിംഗിന്റെ 2356 വോട്ടാണ്. എം ചടയന്റെയോ രാമന്റെയോ യു പി എഡിഷനാണ് ഡി പി സിംഗ്.

               മൗലാനാ കൗസര്‍ ഹയാത്ത്ഖാന്‍ മൊറാദാബാദ് റൂറലില്‍ ശിര്‍വാണിയുമണിഞ്ഞ് പ്രചാരണം നടത്തിയെങ്കിലും വോട്ടിംഗ്‌യന്ത്രത്തിലെ റിസല്‍ട്ട് ബട്ടണ്‍ ഞെക്കിയപ്പോള്‍ 321 എന്ന അക്കമാണ് പ്രത്യക്ഷപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടിയിലെ ഷമീമുല്‍ഹഖ് 72213 വോട്ടും 22736 വോട്ടിന്റെ ഭൂരിപക്ഷവും നേടിയ ഇവിടെ ഇരുപത് സ്ഥാനാര്‍ഥികളില്‍ ഹയാത്ത് ഖാന്‍ 17ാം സ്ഥാനത്തെത്തി. ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി 210 ഉം ലോക്പ്രിയ സമാജ് പാര്‍ട്ടി 175 ഉം വാന്‍ജിത് ജമാഅത്ത് പാര്‍ട്ടി 150 ഉം  വോട്ട് നേടി താഴെ ഉണ്ടെന്ന് മാത്രം ലീഗിന്ന് ആശ്വസിക്കാം.

               താജ്മഹല്‍ സ്ഥിതിചെയ്യുന്ന ആഗ്രയെ ചുറ്റിപ്പറ്റി മൂന്ന് ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ആഗ്രാ സൗത്തില്‍ മുഹമ്മദ് ജാവിദ് ഖാന്ന് 392 വോട്ടും 13-ാം സ്ഥാനവും കിട്ടി.328 ഉം 257 ഉം വോട്ട് നേടിയ രണ്ടുപേര്‍ ജാവിദിന്ന് പിന്നിലുണ്ട്. ബി ജെ പി യിലെ യോഗേന്ദ്ര ഉപാധ്യായ74324 വോട്ടുനേടി വിജയം കണ്ടെത്തിയ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബി എസ് പി സ്ഥാനാര്‍ഥിക്ക് 51364 ഉം മൂന്നാം സ്ഥാനക്കാരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 39962 ഉം വോട്ട് ലഭിച്ചു.
ആഗ്രാ കന്റോണ്‍മെന്റ് സംവരണമണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി ജഗ്ദീശ്(മഹോര്‍) കുമാര്‍ തംഗോയെ ആയിരുന്നു. ബി എസ് പി യിലെ ദുവേഷ് 67786 വോട്ടുനേടി ജയിച്ച ഇവിടെ ലീഗിന്ന് കിട്ടിയത് കേവലം 424 വോട്ടാണ്. സ്ഥാനക്രമത്തില്‍ 12. താഴെനിന്ന് മുകളിലേക്ക് അഞ്ചാം സ്ഥാനം. സ്വതന്ത്രന്‍, ജെ ഡി യു, സഞ്ചിത് സമാജ്, ഇന്‍സാഫ് പാര്‍ട്ടി, ലോക് ജനശക്തി എന്നിവര്‍ക്ക് മുകളിലാണ് ലീഗ് നില്‍ക്കുന്നത്. ആഗ്രാ നോര്‍ത്തില്‍ മുഹമ്മദ് ഖലീഫ് 679 വോട്ടും 12ാം സ്ഥാനവും സ്വന്തമാക്കി. ബി ജെ പിയിലെ ജഗന്‍പ്രസാദ് കാര്‍ഗ്(68401 വോട്ട്) ജയിച്ച നോര്‍ത്തില്‍ രണ്ടാം സ്ഥാനത്ത് ബി എസ് പിയും മൂന്നും നാലും സ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സമാജ് വാദിയുമാണ്. താഴെ 10 സ്ഥാനാര്‍ഥികള്‍ കൂടി ഉണ്ട്. ശിവസേന 21-ാം സ്ഥാനം ആണ്. ബുന്ദേല്‍ഖണ്ഡ് കോണ്‍ഗ്രസ് ഏറ്റവും താഴെയും.

                 ഷിക്കോബാദില്‍ ലീഗ് സ്ഥാനാര്‍ഥി ഹാജി റാഹത്ത് അഫ്രോസ് നേടിയ 785 വോട്ടിനോട് ഒന്നുകൂടിയിരുന്നെങ്കില്‍ 786 ന്റെ ബര്‍ക്കത്ത് കിട്ടുമെന്ന് കരുതുന്നവരുണ്ട്. അഫ്രോസ് പത്താം സ്ഥാനത്താണെങ്കില്‍ താഴെ ആറുപേര്‍ കൂടി ഉണ്ട്. ഓംപ്രകാശ് ശര്‍മ(സമാജ് വാദി)ഒരു ലക്ഷത്തോളം (98682) വോട്ട് നേടി ജയിച്ച മണ്ഡലമാണിത്.

                നജീബാബാദില്‍ ലീഗിലെ സക്കീര്‍ ഹുസൈന്‍ അന്‍സാരി 725 വോട്ടും 13-ാം സ്ഥാനവും നേടി. ജസ്റ്റിസ് പാര്‍ട്ടിയും ജനശക്തി ക്രാന്തി പാര്‍ട്ടിയും രാഷ്ട്രീയ ലോക്മഞ്ചും ഇവിടെ ലീഗിന്ന് ചുവടെയാണ്. കോണ്‍ഗ്രസ്സിന് ഇവിടെ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ജയിച്ചത് ബി എസ് പിയിലെ തസ്‌ലിം(62713).

                 നെഹ്തൂര്‍ സീറ്റില്‍ കൂടുതല്‍ വോട്ട്(2356) മാത്രമല്ല ഏഴാം സ്ഥാനവും ലീഗിലെ ഡി പി സിംഗ് എത്തിപ്പിടിച്ചു. ഇവിടെയും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി രാഷ്ട്രീയ ലോക്ദള്‍ രംഗത്തുണ്ടായിരുന്നു. ജയിച്ചത് 51389 വോട്ട് നേടിയ ബി എസ് പിയിലെ ഓംകുമാര്‍. ഇവിടെ തൃണമുലും രാഷ്ട്രീയ ലോക് മഞ്ചും ലീഗിന്റെ പിന്നിലാണ്.

                  ഡോ ഖലീം അഷ്‌റഫ് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച സാബാലിന്‍ ആറാം സ്ഥാനവും 1451 വോട്ടും അദ്ദേഹത്തിന് ലഭിച്ചു. സമാജ് വാദി പാര്‍ട്ടിയിലെ ഇഖ്ബാല്‍ മഹമൂദ് 79820 വോട്ടു നേടി വിജയിച്ച ഇവിടെ 15 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. തൃണമുലും പീസ് പാര്‍ട്ടിയും ഇത്തിഹാദും ജെ ഡി യു വും ലീഗിനേക്കാള്‍ മോശമായ പ്രകടനമാണ് ഇവിടെ കാഴ്ചവെച്ചത്.

               ഖട്ടൗലി എന്ന മണ്ഡലത്തിന്റെ പേരുകേട്ടാല്‍ ഞെട്ടിയേക്കാമെങ്കിലും വോട്ടര്‍മാര്‍ വളരെ കൂളായി ലീഗ് സ്ഥാനാര്‍ഥിയെ 240 വോട്ട് നല്‍കി താഴെനിന്ന് രണ്ടാം സ്ഥാനത്തെത്തിച്ചു. ആകെ 22 സ്ഥാനാര്‍ഥികളില്‍ കുറഞ്ഞ വോട്ട് 233 നേടിയ സ്വതന്ത്രനാണ്. രാഷ്ട്രീയ ലോക്ദളിലെ (കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി) കര്‍ത്താര്‍ സിംഗ് ബദാന 46722 വോട്ട് നേടി ജയം കണ്ടെത്തിയ മണ്ഡലമാണ് ഖട്ടൗലി. ബി എസ് പി ഇവിടെ രണ്ടാം സ്ഥാനാര്‍ഥിയായി.

                കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഒമ്പത് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ സിഫാത്ത് അലിഖാന്‍ രാംപൂരില്‍ മത്സരിച്ചതായി 6839 പേരടങ്ങിയ യു പി സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചപ്പോള്‍ കണ്ടെത്തി. സമാജ് വാദി പാര്‍ട്ടിയിലെ പ്രമുഖനായ മുഹമ്മദ് അസംഖാന്‍ 95772 വോട്ടും 63269 എന്ന സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഭൂരിപക്ഷവും നേടിയ രാംപൂരില്‍ ഐ യു എം എല്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 608 വോട്ടാണ്. എട്ടുനിലയില്‍ പൊട്ടിയെങ്കിലും സിഫാത്ത് അലിഖാന് പട്ടികയില്‍ എട്ടാം സ്ഥാനമുണ്ട്.

              അലിഗറില്‍ അഖില ഭാരതീയ മുസ്‌ലിം ലീഗ്(സെക്കുലര്‍)ആയി മത്സരിച്ച് സുരേഷ് 447 വോട്ടും 11-ാം സ്ഥാനവും നേടി. ലീഗിന്ന് മാത്രമല്ല അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സി പി എം, സി പി ഐ തുടങ്ങി ഇടത് പാര്‍ട്ടികള്‍ക്കും കാര്യമായ ചലനമുണ്ടാക്കാനായില്ല. അവര്‍ക്ക് ഒരൊറ്റ സീറ്റുമില്ല. യു പിയിലെ അക്ബര്‍പൂരില്‍ സി പി എം സ്ഥാനാര്‍ഥി രമേശ് ഖറിന്ന് ആറാം സ്ഥാനവും 1592 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ സി പി എം രണ്ടാം സ്ഥാനത്തെത്തിയ കോരാവോണില്‍ ജയിച്ച ബി എസ് പിയുടെ മാര്‍ജിന്‍ 7773 ആയിരുന്നു. സി പി എം സ്ഥാനാര്‍ഥി രാംകൃപാല്‍ ആയിരുന്നു.

               കേന്ദ്രമന്ത്രിയും സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന്ന് ഫാറൂഖാബാദില്‍ 22927 വോട്ടോടെ അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. കക്ഷിരഹിതനായ വിജയ്‌സിംഗ് ജയിച്ച ഇവിടെ ബി ജെ പി രണ്ടും ബി എസ് പി മൂന്നും എസ് പി നാലും സ്ഥാനം നേടി.

Tuesday, February 28, 2012

പൊലീസ് ആരുടെ നിയന്ത്രണത്തില്‍?


           പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അതിനാല്‍ തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് ഖജാഞ്ചി അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്നുമുള്ള കണ്ണൂര്‍ജില്ലാ മുസ്‌ലിം ലീഗ് നേതാക്കളുടെ ആവശ്യം കേരളത്തിലെ ക്രമസമാധാനനിലയെ കുറിച്ചുള്ള ഭയാശങ്കകളുടെ വിളംബരം കൂടിയാണ്. രണ്ട് കിലോമീറ്റര്‍ ദൂരത്ത് രണ്ട് മിനുട്ടുകൊണ്ട് അഞ്ച് പൊലീസുകാര്‍ എത്തിയിരുന്നുവെങ്കില്‍ ഷൂക്കൂര്‍ രക്ഷപ്പെടുമായിരുന്നുവെന്നും എന്നാല്‍ സി പി എം-പൊലീസ് ഗൂഢാലോചനയുടെ ഫലമായി കണ്ണൂരില്‍ കലാപ രാഷ്ട്രീയം സജീവമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരനും ആരോപിച്ചിരിക്കുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വിളിപ്പുറത്ത് പോലും ജനം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിചിത്രമായ വിശദീകരണങ്ങള്‍ക്കപ്പുറം, നടപടികളുടെ അഭാവത്തില്‍ ആരാണ് മുഖവിലക്കെടുക്കുക?

          സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയാ യ ലീഗ് തന്നെ പൊലീസിന്റെ നടപടിയില്‍ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുമ്പോള്‍ പ്രശ്‌നം അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്നുവെന്ന് പറയേണ്ടിവരും. ലീഗിനെ സംബന്ധിച്ചെടുത്തോളം നിരപരാധിയായ ഒരു വിദ്യാര്‍ഥി നേതാവാണ് പട്ടാപ്പകല്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടത്. സി പി എം നേതാക്കള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ഈ യുവാവിന് യാതൊരു ബന്ധവുമില്ലെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അക്രമികള്‍ക്ക് കുടപിടിക്കുന്നുവെന്ന് കൂടി വന്നാല്‍ മറ്റുള്ളവരുടെ ഗതിയെന്താകും? പൊലീസില്‍നിന്ന് നീതിലഭിക്കുന്നില്ലെങ്കില്‍ അത് ലീഗ് നേതാക്കള്‍ ആദ്യം പറയേണ്ടത് മുഖ്യമന്ത്രിയോടായിരുന്നു. അങ്ങനെ പറഞ്ഞിട്ടും ഫലമില്ലാത്തതുകൊണ്ടാണോ എന്‍ ഐ എയെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചത്? ഇനി കേരളപൊലീസ് അന്വേഷിച്ചാലും പ്രതികള്‍ക്കായിരിക്കും അതു ഗുണംചെയ്യുക എന്നും ലീഗ് കരുതുന്നുവോ? ലീഗിന്റെ പരാതി മുഖ്യമന്ത്രി മുഖവിലക്കെടുക്കാതിരുന്നതും  പൊലീസിനെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം അനുഭവിക്കുന്ന നിസ്സഹായതയതയുമാണ്  പാര്‍ടിയുടെ കണ്ണൂര്‍ നേതൃത്വത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെങ്കില്‍ പിന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതല  മുഖ്യമന്ത്രി വഹിക്കുന്നതില്‍ അര്‍ഥമില്ല.
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ജനസമ്പര്‍ക്ക പരിപാടിയടക്കമുള്ള നിരവധി സൂത്രപ്പണികള്‍ ആവിഷ്‌ക്കരിച്ച് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ മുഖ്യമന്ത്രി.   കുത്തഴിഞ്ഞുകിടക്കുന്ന  മറ്റ് വകുപ്പുകള്‍ തുന്നിക്കെട്ടാന്‍ സഹമന്ത്രിമാരെ പോലും അറിയിക്കാതെ കേരളമാകെ വിശ്രമമില്ലാതെ ഓടിനടക്കുന്ന മുഖ്യമന്ത്രി, സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതാണ് കഷ്ടം. യു ഡി എഫ് അധികാരത്തില്‍ വന്ന ശേഷം ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടിലെന്നത് നേരാണ്. എന്നാല്‍ നമ്മുടെ മേല്‍ വന്നുവീഴുന്ന പ്രശ്‌നങ്ങളില്‍ അശാന്തിയുടെ കനലണയ്ക്കാന്‍ പൊലീസിനായിട്ടില്ല.

           ഉത്തരകേരളത്തില്‍ കുറച്ചുനാളായി സംഘര്‍ഷവും സംഘട്ടനങ്ങളും നിരന്തരം നടക്കുന്നു. മുസ്‌ലിംലീഗും സി പി എമ്മും തമ്മിലും സി പി എമ്മും ബി ജെ പിയും തമ്മിലും കണ്ണൂരിലും നാദാപുരത്തും കാഞ്ഞങ്ങാട്ടും പയ്യോളിയിലും അരങ്ങേറിയ അക്രമങ്ങളിലാണ് ഷുക്കൂറും മനോജും കൊല്ലപ്പെട്ടത്. നാദാപുരത്തും പരിസരങ്ങളിലും ആഴ്ചകളായി ജനങ്ങള്‍ ഭീതിയിലാണ്. രാഷ്ട്രീയ സംഘട്ടനത്തിന്റെ മറവില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള  ആപല്‍ക്കരമായ ശ്രമങ്ങളും നടക്കുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനോ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ പൊലീസിന് കഴിയുന്നില്ല.
 
          അടുത്ത കാലത്താണ് സദാചാര പൊലീസ് രണ്ടുയുവാക്കളുടെ ജീവനെടുത്തത്. പെരുമ്പാവൂരില്‍ രഘു എന്ന ബസ്‌യാത്രക്കാരനെ തല്ലിക്കൊന്ന കേസില്‍ ഒരു പൊലീസുകാരന്‍  പ്രതിയുമാണ്. അന്യസംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളികള്‍ നടത്തുന്ന കൊലയും കൊള്ളയും മറ്റൊരു വെല്ലുവിളിയാണ്. ട്രെയിന്‍യാത്രയിലെ അനിഷ്ടസംഭവങ്ങള്‍ പാവം യാത്രക്കാരുടെ മാനം മാത്രമല്ല ജീവനും കവരുന്നു. മുസ്‌ലിംകളായ 258 പ്രമുഖര്‍ക്കെതിരെ ഇ-മെയില്‍ വിവാദം പൊക്കിക്കൊണ്ടുവന്നതാണ് അടുത്ത കാലത്ത് പൊലീസ് ചെയ്ത വലിയ 'സേവനം'. അതിന് പോലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പൊലീസ് മേധാവികള്‍ക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞതുമില്ല.

         ബംഗാളിലും ആന്ധ്രയിലും നക്‌സല്‍ തീവ്രവാദികള്‍ നടത്തുന്ന രീതിയില്‍ രണ്ടു മണിക്കൂര്‍ തടവിലാക്കിയ ശേഷം മൊബൈലില്‍ ഫോട്ടോയെടുത്ത് മറ്റാര്‍ക്കൊക്കെയോ അയച്ചുകൊടുത്ത് ആളെ ഉറപ്പുവരുത്തിയ ശേഷമാണത്രെ ഷുക്കൂറിനെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. നിരപരാധിയായ ഒരു യുവാവിനെ വെട്ടിക്കൊന്നതിന് പുറമെ അയാളെ അക്രമിയായി ചിത്രീകരിക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത ദ്രോഹം തന്നെയാണ്. കേരളത്തില്‍, വിശിഷ്യ കണ്ണൂര്‍ജില്ലയില്‍ സി പി എമ്മുകാരുടെ ആജ്ഞാനുവര്‍ത്തികളായി പൊലീസ് പെരുമാറുന്നുണ്ടെങ്കില്‍, അക്രമികള്‍ക്ക് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിന് മടിക്കണം?

         1970കളുടെ തുടക്കത്തില്‍ കേരളത്തില്‍ ശക്തിപ്രാപിച്ച നക്‌സലൈറ്റുകളെ നേരിടുന്നതില്‍   കെ കരുണാകരനും  സി എച്ച് മുഹമ്മദുകോയയും കാണിച്ച നിശ്ചയദാര്‍ഢ്യം ഉമ്മന്‍ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും പാഠമാവേണ്ടതുണ്ട്. ഗീര്‍വാണവും പൊള്ളയായ അവകാശവാദങ്ങളും നടത്തി കാലംകഴിക്കുകയല്ല, അനന്തരാഘാതങ്ങള്‍കൂസാതെ പ്രായോഗിക സത്വരനടപടി സ്വീകരിക്കുകയായിരുന്നു അവര്‍. പൊലീസിന്റെ ഭാഗത്തുനിന്നണ്ടാവുന്ന വീഴ്ചകള്‍ സംഘര്‍ഷങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നത് അത്യന്തം ഉത്ക്കണ്ഠാജനകം തന്നെയാണ്.

Wednesday, February 22, 2012

വേലി തന്നെ വിള തിന്നുകയോ?


           ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റും എഴുത്തുകാരിയുമായ എം ആര്‍ ജയഗീതയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ടി ടി ഇ മാരുടെ സസ്‌പെന്‍ഷന്‍ ഏകപക്ഷീയമായി പിന്‍വലിച്ച റെയില്‍വെയുടെ നടപടി മലയാളികളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ സ്ഥിരം യാത്രക്കാരിയായ ജയഗീതയോട് ടി ടി ഇമാരുടെ അപമര്യാദയായ പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്താന്‍  റെയില്‍വെ തയാറായതുമില്ല. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു  സംഭവം. ഫസ്റ്റ്കഌസ് സീസണ്‍ ടിക്കറ്റുകാര്‍ക്ക്  വേണാട്, പരശുറാം ട്രെയിനുകളില്‍ മാത്രമേ യാത്ര അനുവദിക്കൂവെന്നും എന്നാല്‍ ഇതിന് വിരുദ്ധമായി ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍ ജയഗീത യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് റെയില്‍വെ ജീവനക്കാരുടെ സംഘടനയായ ഡി ആര്‍ ഇ യുവിന്റെ വിശദീകരണം.

           ഈ ആരോപണത്തെ പക്ഷെ ജയഗീത ശക്തമായി നിഷേധിക്കുന്നു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ ഫസ്റ്റ്കഌസ് സീസണ്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്തതെന്നും 850 രൂപയുടെ ഫസ്റ്റ്കഌസ് സീസണിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ 1250 രൂപയുടെ സൂപ്പര്‍ ഫാസ്റ്റ് സീസണ്‍ എടുക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.  ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവരാണെങ്കില്‍ പോലും  യാത്രക്കാരോട് അപമര്യാദയായി പെരുമാറാന്‍ ടി ടി ഇമാര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ജയഗീതയുടെ ടിക്കറ്റ് നിയമാനുസൃതമല്ലെങ്കില്‍ പിഴയിട്ടാല്‍ മതിയായിരുന്നുവല്ലോ. എന്നിട്ടും ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ വണ്ടിയില്‍ നിന്ന് മാത്രമല്ല റെയില്‍വെ സ്റ്റേഷനില്‍നിന്നും പരസ്യമായി തെറിവിളിച്ചുവെങ്കില്‍ അത് ഗുരുതരമായ കുറ്റമായി  തന്നെ കാണണം. സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെയും ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞുവത്രെ. ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍ പ്രസ്തുത ടിക്കറ്റുമായി ജയഗീത സ്ഥിരമായി യാത്ര ചെയ്തുവെന്ന് പരാതി പറയുന്നവര്‍  അതിനനുവദിച്ച ഉദ്യോഗസ്ഥരെ വെറുതെവിട്ടതെങ്ങനെ?

            ടി ടി ഇമാരെ പറ്റി ജയഗീത ഉന്നയിച്ച  ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അവ കേരളത്തിനാകെ അപമാനകരമാണ്. സ്ത്രീയാത്രക്കാരെ ശല്യംചെയ്യുന്നവരുടെ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ.  സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിമാരുടെ മറ്റൊരു മുഖമാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് എന്ന് വരെ അവര്‍ ആക്ഷേപിച്ചിരിക്കുന്നു. ഇനി താന്‍ ട്രെയിനില്‍ കയറി യാത്ര ചെയ്യില്ലെന്ന് യൂണിഫോറമണിഞ്ഞ ടിക്കറ്റ് എക്‌സാമിനര്‍ പറഞ്ഞുവെങ്കില്‍ കേരളം ആപാദം നാണിക്കുക തന്നെ വേണം. സംസ്ഥാനം മുഴുവന്‍ വിറങ്ങലിച്ചുപോയ സംഭവമായിരുന്നുവല്ലോ ട്രെയിന്‍ യാത്രക്കിടെ സൗമ്യക്ക് നേരെ നടന്ന പൈശാചികമായ ആക്രമണം. ഒരു വര്‍ഷം പിന്നിട്ടിട്ടും സൗമ്യാവധം സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് കേരളം മുക്തമായിട്ടില്ല. കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മാത്രമാണ്  അല്‍പമെങ്കിലും ആശ്വാസം തോന്നിയത്. തീവണ്ടിയാത്രക്കാരായ സ്തീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് റെയില്‍വെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അതിനുശേഷവും യാത്രക്കാരികള്‍ പലവട്ടം പീഡനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി.

         ജയഗീതാ സംഭവമുണ്ടായ അതേ ദിവസം  തന്നെ രാത്രി തിരുവനന്തപുരം-ചെന്നെ മെയിലില്‍ മറ്റൊരു യുവതിയും ആക്രമിക്കപ്പെട്ടു. ആലുവ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്   മെയിലില്‍ നിന്ന് യുവതിയെ പുറത്തേക്ക് വലിച്ചിടാന്‍ ശ്രമം നടന്നു.

          ജയഗീത സംഭവം കഴിഞ്ഞപ്പോള്‍ മുതല്‍ ഒളിവിലായിരുന്ന ടി ടി ഇമാര്‍ റെയില്‍വെ ജീവനക്കാരുടെ സംഘടനയെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും സമ്മര്‍ദത്തിന് വഴങ്ങിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നും ആക്ഷേപമുണ്ട്. ഒന്നര മാസമായത്രെ ടി ടി ഇമാര്‍ ജയഗീതയെ ശല്യപ്പെടുത്തുന്നു. സംഭവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജയഗീത ഇപ്പോള്‍ ചികിത്സയിലുമാണ്.

          ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ വനിതാ സുരക്ഷാസേനക്ക് രൂപംനല്‍കുമെന്ന് കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി കഴിഞ്ഞ ദിവസം കഞ്ചിക്കോട് കോച്ചുഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കവെ ഉറപ്പ് നല്‍കിയതും തികച്ചും ആശ്വാസപ്രദവും ആഹ്‌ളാദകരവുമാണ്. രാജ്യത്തെ മുഴുവന്‍ രാത്രികാല വണ്ടികളിലും വനിതാ സേനയുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൗമ്യാവധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ത്രിവേദി ഇങ്ങനെ പ്രതികരിച്ചത്.

          യാചകരായും മറ്റുമെത്തി  ട്രെയിന്‍ യാത്രക്കാരെ  ദ്രോഹിക്കുകയും കൊള്ളയടിക്കുകയും  സ്ത്രീയാത്രക്കാരെ  പീഡിപ്പിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന ക്രിമിനലുകളെ നേരിടാന്‍ നമുക്ക് ഇത്തരം സേനകളെയും പൊലീസിനെയും ഉപയോഗിക്കാം. എന്നാല്‍ റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവുന്ന അതിക്രമങ്ങളെയും അപമാനകരമായ പെരുമാറ്റത്തെയും എങ്ങനെ നേരിടാനാവും? റോഡുഗതാഗതം അത്യന്തം ദുഷ്‌ക്കരമായ സാഹചര്യത്തില്‍ ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം പെരുകിവരികയാണല്ലോ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരാണ് കേരളീയര്‍. റെയില്‍വെ സംബന്ധിച്ചെടുത്തോളം വലിയ വരുമാനം നല്‍കുന്ന സംസ്ഥാനമെന്ന  നിലയില്‍ തികച്ചും മാന്യമായ സേവനവും പെരുമാറ്റവും  അവര്‍  അര്‍ഹിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ മാനവും ജീവനും സംരക്ഷിക്കാന്‍ റെയില്‍വെ  ബാധ്യസ്ഥവുമാണ്. യാത്രക്കാരോട് അലിവും കനിവും കാണിക്കുന്നത് കുറച്ചിലായി ആരും കാണേണ്ടതില്ല.  യാത്രക്കാരാണല്ലോ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയായ റെയില്‍വെയെ തീറ്റിപ്പോറ്റുന്നത്.

          റെയില്‍വെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും നല്ല പങ്കും മാന്യമായി ഡ്യൂട്ടി  നിര്‍വഹിക്കുന്നവരാണെന്ന കാര്യം ആരും നിഷേധിക്കില്ല. ദുഷ്‌പേരുണ്ടാക്കാന്‍ പക്ഷെ കുറച്ചുപേര്‍ മതിയല്ലോ.  ജയഗീതയെ പോലുള്ള ഉദ്യോഗസ്ഥകള്‍ക്കും എഴുത്തുകാരികള്‍ക്കും റെയില്‍വെ യാത്ര ദുഷ്‌ക്കരമാവുന്നുവെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും എന്ന് ബന്ധപ്പെട്ടവരെല്ലാം ഉറക്കെ ചിന്തിക്കണം. സംഘശക്തികൊണ്ട് അപരാധികള്‍ രക്ഷപ്പെടാന്‍ ഇടവന്നാല്‍ അത് സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതത്തിന് റെയില്‍വെ മാത്രമല്ല രാജ്യവും വലിയ വില നല്‍കേണ്ടിവരും.
Related Posts Plugin for WordPress, Blogger...