Wednesday, February 22, 2012

വേലി തന്നെ വിള തിന്നുകയോ?


           ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റും എഴുത്തുകാരിയുമായ എം ആര്‍ ജയഗീതയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ടി ടി ഇ മാരുടെ സസ്‌പെന്‍ഷന്‍ ഏകപക്ഷീയമായി പിന്‍വലിച്ച റെയില്‍വെയുടെ നടപടി മലയാളികളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ സ്ഥിരം യാത്രക്കാരിയായ ജയഗീതയോട് ടി ടി ഇമാരുടെ അപമര്യാദയായ പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്താന്‍  റെയില്‍വെ തയാറായതുമില്ല. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു  സംഭവം. ഫസ്റ്റ്കഌസ് സീസണ്‍ ടിക്കറ്റുകാര്‍ക്ക്  വേണാട്, പരശുറാം ട്രെയിനുകളില്‍ മാത്രമേ യാത്ര അനുവദിക്കൂവെന്നും എന്നാല്‍ ഇതിന് വിരുദ്ധമായി ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍ ജയഗീത യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് റെയില്‍വെ ജീവനക്കാരുടെ സംഘടനയായ ഡി ആര്‍ ഇ യുവിന്റെ വിശദീകരണം.

           ഈ ആരോപണത്തെ പക്ഷെ ജയഗീത ശക്തമായി നിഷേധിക്കുന്നു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ ഫസ്റ്റ്കഌസ് സീസണ്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്തതെന്നും 850 രൂപയുടെ ഫസ്റ്റ്കഌസ് സീസണിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ 1250 രൂപയുടെ സൂപ്പര്‍ ഫാസ്റ്റ് സീസണ്‍ എടുക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.  ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവരാണെങ്കില്‍ പോലും  യാത്രക്കാരോട് അപമര്യാദയായി പെരുമാറാന്‍ ടി ടി ഇമാര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ജയഗീതയുടെ ടിക്കറ്റ് നിയമാനുസൃതമല്ലെങ്കില്‍ പിഴയിട്ടാല്‍ മതിയായിരുന്നുവല്ലോ. എന്നിട്ടും ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ വണ്ടിയില്‍ നിന്ന് മാത്രമല്ല റെയില്‍വെ സ്റ്റേഷനില്‍നിന്നും പരസ്യമായി തെറിവിളിച്ചുവെങ്കില്‍ അത് ഗുരുതരമായ കുറ്റമായി  തന്നെ കാണണം. സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെയും ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞുവത്രെ. ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍ പ്രസ്തുത ടിക്കറ്റുമായി ജയഗീത സ്ഥിരമായി യാത്ര ചെയ്തുവെന്ന് പരാതി പറയുന്നവര്‍  അതിനനുവദിച്ച ഉദ്യോഗസ്ഥരെ വെറുതെവിട്ടതെങ്ങനെ?

            ടി ടി ഇമാരെ പറ്റി ജയഗീത ഉന്നയിച്ച  ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അവ കേരളത്തിനാകെ അപമാനകരമാണ്. സ്ത്രീയാത്രക്കാരെ ശല്യംചെയ്യുന്നവരുടെ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ.  സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിമാരുടെ മറ്റൊരു മുഖമാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് എന്ന് വരെ അവര്‍ ആക്ഷേപിച്ചിരിക്കുന്നു. ഇനി താന്‍ ട്രെയിനില്‍ കയറി യാത്ര ചെയ്യില്ലെന്ന് യൂണിഫോറമണിഞ്ഞ ടിക്കറ്റ് എക്‌സാമിനര്‍ പറഞ്ഞുവെങ്കില്‍ കേരളം ആപാദം നാണിക്കുക തന്നെ വേണം. സംസ്ഥാനം മുഴുവന്‍ വിറങ്ങലിച്ചുപോയ സംഭവമായിരുന്നുവല്ലോ ട്രെയിന്‍ യാത്രക്കിടെ സൗമ്യക്ക് നേരെ നടന്ന പൈശാചികമായ ആക്രമണം. ഒരു വര്‍ഷം പിന്നിട്ടിട്ടും സൗമ്യാവധം സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് കേരളം മുക്തമായിട്ടില്ല. കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മാത്രമാണ്  അല്‍പമെങ്കിലും ആശ്വാസം തോന്നിയത്. തീവണ്ടിയാത്രക്കാരായ സ്തീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് റെയില്‍വെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അതിനുശേഷവും യാത്രക്കാരികള്‍ പലവട്ടം പീഡനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി.

         ജയഗീതാ സംഭവമുണ്ടായ അതേ ദിവസം  തന്നെ രാത്രി തിരുവനന്തപുരം-ചെന്നെ മെയിലില്‍ മറ്റൊരു യുവതിയും ആക്രമിക്കപ്പെട്ടു. ആലുവ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്   മെയിലില്‍ നിന്ന് യുവതിയെ പുറത്തേക്ക് വലിച്ചിടാന്‍ ശ്രമം നടന്നു.

          ജയഗീത സംഭവം കഴിഞ്ഞപ്പോള്‍ മുതല്‍ ഒളിവിലായിരുന്ന ടി ടി ഇമാര്‍ റെയില്‍വെ ജീവനക്കാരുടെ സംഘടനയെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും സമ്മര്‍ദത്തിന് വഴങ്ങിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നും ആക്ഷേപമുണ്ട്. ഒന്നര മാസമായത്രെ ടി ടി ഇമാര്‍ ജയഗീതയെ ശല്യപ്പെടുത്തുന്നു. സംഭവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജയഗീത ഇപ്പോള്‍ ചികിത്സയിലുമാണ്.

          ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ വനിതാ സുരക്ഷാസേനക്ക് രൂപംനല്‍കുമെന്ന് കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി കഴിഞ്ഞ ദിവസം കഞ്ചിക്കോട് കോച്ചുഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കവെ ഉറപ്പ് നല്‍കിയതും തികച്ചും ആശ്വാസപ്രദവും ആഹ്‌ളാദകരവുമാണ്. രാജ്യത്തെ മുഴുവന്‍ രാത്രികാല വണ്ടികളിലും വനിതാ സേനയുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൗമ്യാവധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ത്രിവേദി ഇങ്ങനെ പ്രതികരിച്ചത്.

          യാചകരായും മറ്റുമെത്തി  ട്രെയിന്‍ യാത്രക്കാരെ  ദ്രോഹിക്കുകയും കൊള്ളയടിക്കുകയും  സ്ത്രീയാത്രക്കാരെ  പീഡിപ്പിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന ക്രിമിനലുകളെ നേരിടാന്‍ നമുക്ക് ഇത്തരം സേനകളെയും പൊലീസിനെയും ഉപയോഗിക്കാം. എന്നാല്‍ റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവുന്ന അതിക്രമങ്ങളെയും അപമാനകരമായ പെരുമാറ്റത്തെയും എങ്ങനെ നേരിടാനാവും? റോഡുഗതാഗതം അത്യന്തം ദുഷ്‌ക്കരമായ സാഹചര്യത്തില്‍ ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം പെരുകിവരികയാണല്ലോ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരാണ് കേരളീയര്‍. റെയില്‍വെ സംബന്ധിച്ചെടുത്തോളം വലിയ വരുമാനം നല്‍കുന്ന സംസ്ഥാനമെന്ന  നിലയില്‍ തികച്ചും മാന്യമായ സേവനവും പെരുമാറ്റവും  അവര്‍  അര്‍ഹിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ മാനവും ജീവനും സംരക്ഷിക്കാന്‍ റെയില്‍വെ  ബാധ്യസ്ഥവുമാണ്. യാത്രക്കാരോട് അലിവും കനിവും കാണിക്കുന്നത് കുറച്ചിലായി ആരും കാണേണ്ടതില്ല.  യാത്രക്കാരാണല്ലോ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയായ റെയില്‍വെയെ തീറ്റിപ്പോറ്റുന്നത്.

          റെയില്‍വെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും നല്ല പങ്കും മാന്യമായി ഡ്യൂട്ടി  നിര്‍വഹിക്കുന്നവരാണെന്ന കാര്യം ആരും നിഷേധിക്കില്ല. ദുഷ്‌പേരുണ്ടാക്കാന്‍ പക്ഷെ കുറച്ചുപേര്‍ മതിയല്ലോ.  ജയഗീതയെ പോലുള്ള ഉദ്യോഗസ്ഥകള്‍ക്കും എഴുത്തുകാരികള്‍ക്കും റെയില്‍വെ യാത്ര ദുഷ്‌ക്കരമാവുന്നുവെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും എന്ന് ബന്ധപ്പെട്ടവരെല്ലാം ഉറക്കെ ചിന്തിക്കണം. സംഘശക്തികൊണ്ട് അപരാധികള്‍ രക്ഷപ്പെടാന്‍ ഇടവന്നാല്‍ അത് സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതത്തിന് റെയില്‍വെ മാത്രമല്ല രാജ്യവും വലിയ വില നല്‍കേണ്ടിവരും.

1 comment:

  1. റെസര്‍ച്ച് അസ്സിസ്റ്റന്റും എഴുത്തുകാരിയുമായതു കൊണ്ട് നിയമത്തില്‍ വിട്ട് വീഴ്ച്ച ഉണ്ടാകുമോ?ഗോവിന്ദ്ച്ചാമി പ്രശ്നവും സമാനമായ സ്ത്രീകളോട് അതിക്രമവും ടിക്കറ്റ് പ്രശ്ന സംഭവവും താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മാത്രമല്ല എതിര്‍ കക്ഷികള്‍ക്ക് പറയാനുള്ളത് ഒരു പത്രവും പ്രസിദ്ധീകരിച്ച് കണ്ടതുമില്ല.അവരുടെ യൂണിയന്റെ വകയായി ഒരു കുറിപ്പ് മാത്രം. നിയമ പരമായ ടിക്കറ്റ് കൈവശം ഉണ്ടെങ്കില്‍ ടിക്കറ്റ് പരിശോധന വേളയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല.മനപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഗോവിന്ദച്ചാമി സംഭവത്തിനു ശേഷം ജീവനക്കാര്‍ മുതിരുമെന്ന് പറയുന്നത് വിരോധാഭാസമായി തോന്നുന്നു.ടി.ടി.മാരും ഫസ്റ്റ് ക്ലാസ്സ് യാത്രക്കാരുമായി ഈ വക കേസുകളില്‍ സ്ഥിരം യുദ്ധം പതിവ് കാഴ്ച്ചയാണ്.ഫസ്റ്റ് ക്ലാസ്സ് ടികറ്റ് ഉണ്ടെങ്കില്‍ എവിടെയും കയറി പറ്റാം എന്ന ഒരു ധാരണ യാത്രക്കാര്‍ക്ക് ഉണ്ടാകുന്നതിന്റെ ഭവിഷ്യത്ത് മാത്രമാണിത്.ഒരു ദിവസം കുറഞ്ഞത് പത്ത് കേസെങ്കിലും ഈ വിഷയവുമായി ഉണ്ടാകാറുണ്ട്.ഇവിടെ യാത്രക്കാരി ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന വ്യക്തി ആയതിനാലും ഒരു സ്ത്രീ ആയതിനാലും വാര്‍ത്താ പ്രാധാന്യം ഉണ്ടായി. ഒരു സാധാരണക്കാരനും പുരുഷനുമായിരുന്നു എങ്കില്‍ ഈ സംഭവം ഒരിക്കലും പബ്ലിസിറ്റി കിട്ടാന്‍ പോകുന്നില്ലാ എന്നുറപ്പ്.ടിടിമാര്‍ക്ക് കയര്‍ക്കാനും വഴക്ക് പറയാനും അധികാരമില്ലാ എന്നതിനോട് പൂര്‍ണ യോജിപ്പ് ഉണ്ട്. അവര്‍ നിശ്ശബ്ദമായി ടിക്കറ്റിലെ മേല്‍ വിലാസം നോക്കി കുറിച്ചെടുത്ത് പിന്നീട് റെയില്‍ വേ കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ യാത്രക്കാരിക്ക് പറയാനുള്ള ന്യായം അവിടെ പോയി പറയുകയും നീതി തേടാനും കഴിഞ്ഞേനെ. അഥവാ ടിടി പറഞ്ഞതാണ് ശരിയെങ്കില്‍ കോടതിയില്‍ നിന്ന് ശിക്ഷയായി വരുന്നത് യാത്രക്കാരി സ്വീകരിക്കാനും തയാറായേനെ. നിയമം കയ്യിലെടുക്കുമ്പോഴാണ് ഈ വക കുഴപ്പങ്ങള്‍. ഇതിനെ സംബന്ധിച്ച് ഒരു പോസ്റ്റ് ഈയുള്ളവന്‍ ഉടനെ തയാറാക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...