Wednesday, December 19, 2012

ലൈംഗിക അരാജകത്വം ഇതാ ഇവിടെ വരെ



           രാജ്യത്തിനാകെ അപമാന മുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ടാണ് ഈ വര്‍ഷം നമ്മോട് വിടപറയുക. തലസ്ഥാന നഗരിയില്‍ പോലും പിശാചിന്റെ മിത്രങ്ങള്‍ സൈ്വരവിഹാരം നടത്തുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം സുരക്ഷാ സംവിധാനമുള്ള ദല്‍ഹിയില്‍ വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിക്ക്    സുഹൃത്തിനൊപ്പം ബസ്സില്‍ പോലും യാത്രചെയ്യാന്‍ സാധിക്കില്ലെന്ന് വന്നാല്‍ പിന്നെ എവിടെയാണൊരു രക്ഷ. നീണ്ട 14 വര്‍ഷം ഒരു വനിതാ മുഖ്യമന്ത്രി   വാണരുളുന്ന സംസ്ഥാനത്ത് ഇതാണ്  സ്ത്രീകളുടെ ഗതിയെങ്കില്‍ സാംസ്‌കാരിക മഹത്വമെന്ന് പാടിപ്പുകഴ്ത്താന്‍ നമുക്ക് എന്തുണ്ട് ഇനി ബാക്കി.

           ദില്ലിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സ്ത്രീകള്‍ മാത്രമല്ല വിദ്യാര്‍ഥികളും ലൈംഗികരാജകത്വത്തിന്റെ ഈ കൂത്താട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല.  നടപടിയെടുക്കണമെന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല സത്വര നടപടി സ്വീകരിച്ച് മാതൃക കാട്ടുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ സുപ്രീം കോടതി  തന്നെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ലൈംഗിക പീഡനത്തിന് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയും വരുത്തി. എന്നിട്ടും കാമവെറിയന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ പോലും ഇത്തരക്കാര്‍ക്കാണല്ലോ ശക്തി.

           ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് ദല്‍ഹി. അതുകൊണ്ടാവാം ലൈംഗികാതിക്രമങ്ങളും അവിടെ കൂടുതലാണ്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വെയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 24 പേര്‍ മാനഭംഗത്തിന് വിധേയരാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹിയേക്കാള്‍ മോശമായ സംസ്ഥാനങ്ങളുമുണ്ട്.  ദല്‍ഹി മുഖ്യമന്ത്രി മാത്രമല്ല യു പി എ അധ്യക്ഷയും   പ്രതിപക്ഷ നേതാവും ലോകസഭാ സ്പീക്കറുമെല്ലാം ഇവിടെ വനിതകളാണ്.    ഇവരുടെയെല്ലാം മൂക്കിനു താഴെയാണ് സഹോദരിമാര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍  ഇവരടക്കം എല്ലാവരും ധാര്‍മിക ഷണ്ഡത്വം പ്രകടിപ്പിക്കുമ്പോള്‍ ലജ്ജയല്ല സഹതാപമാണ് തോന്നുന്നത്.

           ദല്‍ഹി വസന്തവിഹാറില്‍ ഞായറാഴ്ച രാത്രി ഒടുന്ന ബസ്സിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. പക്ഷെ സംഭവം പൊലീസ് അറിയാന്‍ തന്നെ വൈകി. സ്വമേധയാ കേസെടുത്ത ദല്‍ഹി ഹൈക്കോടതിയാകട്ടെ  പൊലീസിന്റെ വീഴ്ചയെ നിശിതമായി വിമര്‍ശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ പൊലീസിന്റെ അലംഭാവം കടുത്ത ആശങ്ക സൃഷ്ടിച്ചുവെന്നാണ് കോടതി നിരീക്ഷിച്ചത്.

          എന്നാല്‍  ഈ സംഭവത്തിന്റെ പേരില്‍ ദല്‍ഹിയെ കുറ്റപ്പെടുത്താന്‍ കേരളീയരായ നമുക്ക്  വല്ല അര്‍ഹതയുമുണ്ടോ? പിശാചുക്കളെ പോലും നാണിപ്പിക്കും വിധമല്ലേ ഇവിടെയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. പിഞ്ചുകുട്ടികള്‍ക്ക് വരെ  ഇവിടെ രക്ഷയില്ല. നാടും വീടുമെല്ലം നിബിഢ വനാന്തരം പോലെ. അച്ഛനും അധ്യാപകനും  അമ്മാവനും സഹോദരങ്ങളുമെല്ലാം  അത്യന്തം വിചിത്രവും ഭീതിജനകവും പ്രാകൃതവുമായല്ലേ  പെരുമാറുന്നത്. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഇന്നലെ ശിക്ഷ ഏറ്റുവാങ്ങിയവരില്‍ ഒരാള്‍ കുട്ടിയുടെ പിതാവ് തന്നെയാണ്. അയാളെ ഏഴുവര്‍ഷത്തേക്ക്  കോടതി  അയാളെ ശിക്ഷിച്ചത്.  പത്തുവര്‍ഷം വീതവും മറ്റ് രണ്ടുപേരും ശിക്ഷിക്കപ്പെട്ടിരിക്കുന്നു.ഇതുപോലെ എത്രയെത്ര കേസുകളാണ് വിവിധ കോടതികളുടെ മുമ്പിലുള്ളത്.

           കേരളത്തിലും സ്ത്രീപീഡനം വര്‍ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം 1661 മാനഭംഗക്കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തുവന്നും പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ ഇക്കാലയളവില്‍ പീഡനത്തിനിരയായിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. 1 1 മാസത്തിനിടയില്‍ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ 371 ആണ്.

             ദല്‍ഹി സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.  ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം പതിവ് പോലെ കെട്ടടങ്ങുമോ എന്നറിയില്ല. ആകെയുള്ള ആറു പ്രതികളില്‍ നാലുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. മൂന്നു പേര്‍  കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കൊടുംക്രൂരതക്ക് തന്നെ തൂക്കിലേറ്റണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടത് തീര്‍ച്ചയായും തികഞ്ഞ കുറ്റബോധംകൊണ്ടാണ്.  എല്ലാ പ്രതികള്‍ളുടെ  വിചാരണ  സമയബന്ധിതമായി പൂര്‍ത്തിയാക്കി വധശിക്ഷ നല്‍കണമെന്നാണ് പൊതുവില്‍ ഉയരുന്ന വികാരം. ലോകസഭയിലും ഇതേ ആവശ്യം തന്നെ മുഴങ്ങിക്കേട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നുവെന്നതും സമാശ്വാസം പകരുന്നു.

          വാഹനങ്ങളുടെ കറുത്ത ചില്ലുകള്‍ നീക്കംചെയ്യണമെന്ന സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സംഭവത്തെ തുടര്‍ന്ന് ബസ്സുകളുടെ വിന്‍ഡോ ഗ്ലാസുകള്‍ സുതാര്യമാക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നു. കൂളിംഗ് ഗ്‌ളാസ് ആക്കിയും കര്‍ട്ടണ്‍ ഉപയോഗിച്ചും ബസ്സ് ജനാലകള്‍ മറക്കുന്നത്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  ഡ്രൈവറുടെ പേരും ലൈസന്‍സും ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു.  സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേറെയുമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവിനേക്കാള്‍ ശക്തമായ വല്ലതുമുണ്ടെങ്കില്‍ അവ കണ്ടെത്തി നിയമത്തില്‍ ഉള്‍പ്പെടുത്താനും  ഭരരണകൂടം മടിക്കരുത്.

Monday, December 3, 2012

ശവമഞ്ചവുമേന്തി ലീഗ് വീണ്ടും


          ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടന എന്ന് സ്വയം അവകാശപ്പെടുന്ന മുസ്‌ലിംലീഗിന്റെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് സമാപിച്ചത് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ ഒരു ചര്‍ച്ചയും നടത്താതെ. വെറും ഭാരവാഹി പ്രഖ്യാപനം നടത്തി രണ്ടുമണിക്കൂര്‍ കൊണ്ട് യോഗം അവസാനിപ്പിച്ചു. ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലെ പ്രമേയങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതേയില്ല. അതിന്റെ ആവശ്യവുമില്ല. പിറ്റേന്നത്തെ വാര്‍ത്താ കവറേജിന് പ്രമേയങ്ങള്‍ വേണം. അത്രയേ ഉള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ ധാരാളമുണ്ടെന്നും അവരെ    വിട്ടയക്കണമെന്നായിരുന്നു പ്രമേയം. അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമെന്നൊന്നും ആരും തെറ്റിദ്ധരിക്കുകയുമരുത്.

          നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഭീകരവാദികളും തീവ്രവാദികളുമാക്കി ജയിലിലടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.  ഭീകരവാദത്തിനെതിരായ നിയമം മറ്റൊരു ഭീകരവാദമായി.  രാജ്യത്തെ ന്യൂനപക്ഷ മതേതര പ്രസ്ഥാനങ്ങളും പ്രമുഖ വ്യക്തികളും  പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍  മന്‍മോഹന്‍ സിംഗിന്റെയും സോണിയാഗാന്ധിയുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന തിരക്കിലായിരുന്നു  ലീഗ്.    പാചകവാതകത്തിന് നിയന്ത്രണ മേര്‍പ്പെടുത്തിയപ്പോഴും പെട്രോളിനും ഡീസലിന് വില കുത്തനെ കൂട്ടിയപ്പോഴും ആരും വാ തുറന്നില്ല. അഹമദ് സാഹിബിന്‍രെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ടി എക്‌സിക്യൂട്ടീവിന്റെ പ്രമേയം കണ്ടവരൊക്കെ ചിരിച്ച് മണ്ണു കപ്പിയിട്ടുണ്ടാവും. ചുരുങ്ങിയ പക്ഷം   സര്‍ക്കാരില്‍ നിന്ന് മാറിനിന്നിട്ടായിരുന്നു അഹമ്മദ് സാഹിബ് പ്രമേയം പാസ്സാക്കേണ്ടിയിരുന്നത്.  ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മന്ത്രിസഭ വിടാത്ത പാര്‍ട്ടിയില്‍ നിന്ന് ബുദ്ധിയുള്ളവരാരും രാജി പ്രതീക്ഷിക്കില്ലെന്ന കാര്യം വേറെ.

          ബാബ്‌രി മസ്ജിദ് തകര്‍ന്നപ്പോള്‍   തകര്‍ന്നുപോയ പാര്‍ടി് ലീഗ് മാത്രമാണ്.  എട്ട് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു അന്ന് പാര്‍ടി. അഖിലേന്ത്യാ പ്രസിഡണ്ടിനെയടക്കം ഭാരവാഹികള്‍ മിക്കവരും പുറത്തായി. ആ കളങ്കം കഴുകിക്കളയാനാവില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അപമാനം സമ്മാനിച്ചവരെ വിശ്വാസത്തിലെടുക്കാന്‍ ആര് തയാറാവും? കേവലം കേരളത്തിലെ അധികാരപങ്കാളിത്തം നിലനിര്‍ത്താന്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വേരോട്ടം സിദ്ധിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ  കറ്റപോലെ ചവിട്ടി മെതിച്ചവരെ ആര് വിശ്വസിക്കും?  അങ്ങനെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ധാര്‍മിക രോഷത്തില്‍ ഒലിച്ചുപോയ ഒരു പ്രസ്ഥാനത്തിന്റെ ശവമഞ്ചവുമേന്തിയാണ് അവരിപ്പോള്‍ കോഴിക്കോട്ട് ഒത്തുകൂടിയത്. മുമ്പൊരിക്കല്‍   സെയ്തുമ്മര്‍ ബാഫഖിത്തങ്ങളുടെയും ഇ ടി ബഷീറിന്റെയും വിമത ലീഗ് വിശേഷിപ്പിച്ചത് ഇന്ത്യന്‍ ശൂന്യന്‍ മുസ്ലിംലീഗ് എന്നായിരുന്നു. അതിപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു.

          നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേട്ടതാണ് ഒരാള്‍ക്ക് ഒരു   പദവി.  സംസ്ഥാന സെക്രട്ടറിമാരായിരുന്ന ടി എ അഹമദ് കബീറിനെയും എം കെ മുനീറിനെയും കെ എന്‍ എ ഖാദറിനെയും ഒഴിവാക്കി. പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി പദം വിശ്വസ്തനായ കെ പി എ മജീദിന് കൈമാറി.  മറ്റൊരു ജനറല്‍ സെക്രട്ടറിയാവാന്‍ ഇ ടി ബഷീറിന് ഭാഗ്യം സിദ്ധിച്ചുവെങ്കിലും അതിന് ആയുസ്സുണ്ടായില്ല. അതിന്റെ കാരണങ്ങള്‍ അങ്ങാടിപ്പാട്ടാണ്.

          അഖിലേന്ത്യാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ഇരട്ടപദവിയായി. സമദാനിക്കും ബഷീറിനുമുണ്ട് രണ്ടുപദവികള്‍. അതിന് കാരണം അഖിലേന്ത്യാ കമ്മിറ്റി വേറെ. സംസ്ഥാനം അതിന് മീതെ.  പദവികളിലും അങ്ങനെ തന്നെ. പാര്‍ടി ഭരണഘടനയില്‍ ഇതൊന്നും കാണില്ല.  കുഞ്ഞാലിക്കുട്ടിയുടെ മനോവ്യാപാരത്തിന് അനുസരിച്ച് നീങ്ങുന്ന പാര്‍ടിക്ക് എന്തിന് വേറെ ഭരണഘടന.

          യൂത്തുലീഗ് അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ ലീഗ് ശ്രമം തുടങ്ങിയിട്ട് ദശാബ്ദങ്ങളേറെയായി. ആദ്യം എം കെ മുനീറിനായിരുന്നു ആ ചുമതല.  സിമിക്കാരനായ സമദാനി ലീഗില്‍ വന്നപ്പോള്‍  അദ്ദേഹത്തെ കണ്‍വീനറാക്കി. പിന്നീട് കെ ടി ജലീലിനായിരുന്നു ആ സൗഭാഗ്യം. അതിന് ശേഷം കെ എം ഷാജി. ഇപ്പോഴിതാ   പി കെ ഫിറോസ്. മുനവ്വറലി ശിഹാബിനെ ഒന്നു പരീക്ഷിച്ചുകൂടേ എന്ന് അടക്കം പറഞ്ഞവരുണ്ട്. പക്ഷെ മുനവ്വറിനെ ചിലര്‍ക്ക് വിശ്വാസമില്ല. അതിനുമുണ്ട്  കാരണം.

          എന്തായാലും ഒരു കാര്യം ഉറപ്പ്.  അഖിലേന്ത്യാ യൂത്ത്  എന്നും ഒരു സ്വപ്നം മാത്രമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഒരു ഖാദര്‍മൊയ്തീനെ കണ്ടെത്തി സംസ്ഥാന യൂത്തുലീഗിന് പ്രമോഷന്‍ നല്‍കി തൃപ്തിയടയാം. അല്ലെങ്കിലും ആര്‍ക്കു വേണം ഈ അഖിലേന്ത്യ. ലീഗ് തന്നെ മലപ്പുറത്ത് മാത്രം മതി. അഞ്ചോ പത്തോ എം എല്‍ എ മാരും ഒന്നോ രണ്ടോ മന്ത്രിമാരും ഉണ്ടായാല്‍ തന്നെ ധാരാളം. സംഗതി കുശാല്‍.

Friday, November 30, 2012

നയതന്ത്ര വിദഗ്ധനായ ഭരണാധികാരി


          അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷമല്ല സൗഹൃദവും സമാധാനവുമാണ് വേണ്ടതെന്ന് വിശ്വസിക്കുകയും അതിനായി ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഐ കെ ഗുജ്‌റാള്‍. പ്രധാനമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ഊന്നല്‍ നല്‍കിയത് വിദേശകാര്യങ്ങള്‍ക്കായത് അതുകൊണ്ടാണ്. പാക്കിസ്താന്‍, ബംഗ്‌ളദേശ്, ചൈന, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളുമായി അദ്ദേഹം സൗഹൃദം ഊട്ടിയുറപ്പിച്ചതാകട്ടെ ഏറ്റവും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലും. ഇന്ന് ഈ രാഷ്ട്രങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഗുജ്‌റാളിന്റെ വേര്‍പാട് സൃഷ്ടിച്ച നഷ്ടത്തിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യപ്പെടുക.

           വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടൂള്ളൂ. കേവലം 11മാസം. 97 ഏപ്രില്‍ 17 മുതല്‍ 98 മാര്‍ച്ച് 19 വരെ. പക്ഷെ ഏറ്റവും കൂടുതല്‍ കാലം ആ പദവിയലങ്കരിച്ച നെഹറുവിനും ഇന്ദിരക്കുമൊപ്പം  ഗുജ്‌റാളും സ്മരിക്കപ്പെടും.  കുവൈത്ത് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ മലയാളികളെ മുഴുവന്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ ഗുജ്‌റാള്‍ വഹിച്ച പങ്കും പ്രകടിപ്പിച്ച നയതന്ത്രജ്ഞതയും മാത്രം മതി അദ്ദേഹം എന്നും ഓര്‍ക്കപ്പെടാന്‍. അതിനുവേണ്ടി അദ്ദേഹം വാഷിംഗ്ടണില്‍ പോയി. ഇറാഖ് സന്ദര്‍ശിച്ചു. പ്രസിഡണ്ടായിരുന്ന സദ്ദംഹുസൈനെ കണ്ടു.  മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ കുവൈത്തിലേക്ക് അയക്കുകയും ചെയ്തു.

           സോഷ്യലിസ്റ്റ്- സാമ്രാജ്യത്വ ശാക്തികച്ചേരികള്‍ തമ്മില്‍ ശീതയുദ്ധം ആഗോളതലത്തില്‍ അതിശക്തമായിരുന്ന കാലത്ത്  സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. കോളജ് വിദ്യാഭ്യാസ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം സഞ്ചരിച്ച ഗുജ്‌റാള്‍ രാഷ്ട്രീയ വീക്ഷണങ്ങളില്‍ എപ്പോഴും പുരോഗമനാശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു. ദേവഗൗഡ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായപ്പോള്‍ ഗുജറാളിനെയാണ്   ഇടതുപക്ഷം തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.

          മിതഭാഷിയും മൃദുഭാഷിയുമായ ഭരണാധികാരിയായിരുന്നു ഗുജ്‌റാള്‍. ഇത്രമാത്രം വിവാദരഹിതനായ ഒരു ഭരണകര്‍ത്താവിനെ കാണുക പ്രയാസം. തികച്ചും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എപ്പോഴും പുഞ്ചിരി നിറഞ്ഞാടുന്ന മുഖം. എന്നാല്‍ ഒരു പ്രലോഭനത്തിനും അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവുമായിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അധികം കണ്ടിട്ടില്ല. പക്ഷെ രാജ്യത്തിന്റെ നാഡീസ്പന്ദനം നന്നായി തിരിച്ചറിഞ്ഞിരുന്നു. പരന്ന വായനയുള്ള പണ്ഡിനായിരുന്നുവല്ലോ അദ്ദേഹം. ഉറുദു ഭാഷയില്‍ നിപുണനുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ഗുജ്‌റാള്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942 ല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

          തുടക്കം കമ്യൂണിസ്റ്റുകാരനായിട്ടാണെങ്കിലും രാഷ്ട്രീയ ജീവിതം കോണ്‍ഗ്രസ്സിലൂടെ തന്നെ. 1975ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ അംഗമായി. പിന്നീട് വി പി സിംഗിനോടൊപ്പം കോണ്‍ഗ്രസ് വിട്ട അദ്ദേഹം വി പി സിംഗ്, ദേവഗൗഡ മന്ത്രിസഭകളില്‍ അംഗമായി. ഇന്ദിര മുതല്‍ ഗൗഡ വരെ നാലു മന്ത്രിസഭകളില്‍ പാര്‍ലമെന്ററി കാര്യം, വാര്‍ത്താവിനിമയം, പൊതുമരാമത്ത്, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ അതിപ്രധാന വകുപ്പുകളാണ് അദ്ദേഹം  കൈകാര്യം ചെയ്തു. അതും അപവാദങ്ങള്‍ കേള്‍പ്പിക്കാതെ.

          റഷ്യയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം സമര്‍ഥനായ നയതന്ത്രപ്രതിനിധി എന്ന നിലയില്‍ കഴിവ് തെളിയിച്ചിരുന്നു. പാക്കിസ്താന്‍, ബംഗ്‌ളദേശ് തുടങ്ങി അഞ്ചു അയല്‍രാജ്യങ്ങളുമായി നടപ്പാക്കിയ  നയതന്ത്ര സമീപനം 'ഗുജ്‌റാള്‍ നയതന്ത്രം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 57 രാജ്യങ്ങളില്‍ മുന്‍ പ്രസിഡണ്ടുമാരും മുന്‍ പ്രധാനമന്ത്രിമാരും ചേര്‍ന്ന് രൂപീകരിച്ച ക്‌ളബ്ബായ മാഡ്രിഡിലും ഗുജ്‌റാള്‍ അംഗവുമായിരുന്നു .

          രാഷ്ട്രീയത്തെയും ഭരണാധികാരത്തെയും നല്ല വഴിയിലേക്ക് തെളിക്കാനേ ഗുജ്‌റാള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ.  പാവങ്ങളെ മനസ്സില്‍ കൊണ്ടാണ് അദ്ദേഹം  എല്ലാ പരിപാടികളും രൂപകല്‍പ്പന ചെയ്യാറ്.  നയതന്ത്രത്തിന് നവദിശ നല്‍കിയതോടൊപ്പം കൂടുതല്‍ ആരോഗ്യവും തലയെടുപ്പുമുള്ള ഇന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സി ടി ബി ടിയില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമാകാതിരുന്ന ഗുജ്‌റാളിനെ മാതൃകയാക്കാന്‍ നമ്മുടെ ഭരണാധികാരികളില്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും?

          പാക്കിസ്താന്റെ ഭാഗമായുള്ള പഞ്ചാബില്‍ ജനിച്ച ഗുജ്‌റാള്‍ രാജ്യം വിഭജിക്കപ്പെട്ടതില്‍ ഏറെ ദു:ഖിച്ചിരുന്നയാളാണ്.  ഒരിക്കലും ആ ദു:ഖം മറച്ചുവെച്ചിരുന്നില്ല.  കുടുംബ ബന്ധങ്ങളില്‍ വരെ വിള്ളല്‍വീഴ്ത്തിയ ഇന്ത്യ-പാക്ക് വിഭജനത്തെ കുറിച്ച് ഗുജ്‌റാല്‍ തന്റെ ആത്മകഥയില്‍  അതീവ വേദനയോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

          രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി  സോവിയറ്റു യൂനിയന്റെ അഫ്ഗാന്‍ ആക്രമണത്തെ അദ്ദേഹം ന്യായീകരിച്ചതാണ് രാജ്യസ്‌നേഹികള്‍ക്ക് ദഹിക്കാതെ പോയ കാര്യം. സോഷ്യലിസ്റ്റ് സമൂഹത്തോടുള്ള  ആഭിമുഖ്യമാണോ ഇതിന് പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

         കുറെക്കാലമായി അദ്ദേഹം രാഷ്ട്രീയത്തിലില്ല. 1999 ല്‍  സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. രാജ്യത്തിന്റെ 12-ാമത്തെ പ്രധാനമന്ത്രിക്ക് ആ പദവിയില്‍ അധികമൊന്നും തിളങ്ങാനായിട്ടില്ലെന്നത് നേരാണ്.   പക്ഷെ അധികാരപദവിയില്‍ ദീര്‍ഘകാലം വിഹരിക്കാന്‍ അവസരം ലഭിച്ചിട്ടും കറപുരളാത്ത കൈകളുമായാണ്   പൊതുജീവിതത്തിന് തിരശ്ശീലയിട്ടതെന്ന് ഓര്‍ക്കണം.

Sunday, November 25, 2012

'ആം ആദ്മി പാര്‍ടിക്ക്' സ്വാഗതം


          ഇന്ത്യന്‍ ഭരണഘടനയുടെ ജന്മദിനമായ ഇന്ന് (നവമ്പര്‍ 26) എന്തുകൊണ്ടും ഒരു പുതിയ പാര്‍ടി രൂപീകരിക്കാന്‍ പറ്റിയ ദിവസം തന്നെ. ഈ പാര്‍ടി നിലവിലുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും വിരുദ്ധമാകുമെങ്കിലോ? അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ 'ആം ആദ്മി' പാര്‍ടി (സാധാരണക്കാരന്റെ പാര്‍ടി) എന്ന പേരില്‍ രൂപംകൊണ്ട പുതിയ കക്ഷി ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യുവജനറാലിയോടെ പോരാട്ടവീഥിയില്‍ അങ്കം കുറിക്കുകയാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കൂട്ടുചേര്‍ന്നുള്ള അഴിമതിയാണ് ഇവിടെ നടക്കുന്നത്. അവര്‍ക്കുള്ളത് സമാന താല്‍പര്യങ്ങളാണ്. അവര്‍ക്കിടയില്‍ അലിഖിത ധാരണകളുണ്ട്. അതുകൊണ്ട് രാജ്യത്ത് ബദല്‍ നല്‍കുകയാണ് തന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറയുന്നു. അഴിമതിയുടെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനത തീര്‍ച്ചയായും ഈ സദുദ്യമത്തെ ഹൃദയമറിഞ്ഞ് ശ്‌ളാഘിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.

          അഴിമതിക്കെതിരെ അങ്കംകുറിച്ച അണ്ണാഹസാരെയുമായി അഭിപ്രായവ്യത്യാസമുണ്ടായി അദ്ദേഹത്തിന്റെ സംഘത്തില്‍നിന്ന് പിന്മാറിയ ശേഷമാണ് കെജ്‌രിവാള്‍ പുതിയ പാര്‍ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഉറക്കെ ചിന്തിച്ചത്. പാര്‍ടി വിഭാവനം ചെയ്യുന്നത് 'സ്വരാജ്' ആണ്. അതായത് ജനങ്ങളുടെ ഭരണം. ഉദ്യോഗസ്ഥന്മാരുടെയോ നേതാക്കളുടെയോ അല്ല. പാര്‍ടികള്‍ വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അതുവഴി ജനങ്ങളെ കരുവാക്കി പണത്തെ അധികാരമാക്കുന്നവരുമായി  മാറിയിരിക്കുന്നു. അധികാരം വഴി കൂടുതല്‍ പണം വാരാമെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ക്‌ളോക്ക് 1947 ലേക്ക് തിരിച്ചുവെച്ച് ഇന്ത്യന്‍ ഭരണത്തെ പുനര്‍ നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ് കെജ്‌രിവാള്‍. എന്നാല്‍  അഴിമതി ആഘോഷമാക്കി മാറ്റിയ പാര്‍ടികളെ നിഷ്പ്രഭമാക്കാന്‍ അദ്ദേഹത്തിന് എത്രമാത്രം കഴിയുമെന്ന്  കണ്ടുതന്നെ അറിയണം. നിലവിലെ വ്യവസ്ഥയുടെ തൂണുകളെ മുഴുവന്‍ തകര്‍ത്തെറിയാന്‍  കഴിഞ്ഞാല്‍ മാത്രമേ ധീരനായ ഈ കുരിശുയുദ്ധക്കാരന് തന്റെ കോട്ട കെട്ടിപ്പടുക്കാനൊക്കൂ.

          മുന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ കെജ്‌രിവാള്‍ പ്രഗത്ഭനായ  പ്രാസംഗികനല്ല. ഹസാരെയെ പോലുള്ള ധാര്‍മിക അധികാരവുമില്ല. സാധാരണത്വത്തിലാണ് അദ്ദേഹത്തിന്റെ  പ്രതിച്ഛായ കുടികൊള്ളുന്നത്. സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാനുള്ള കഴിവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. ഏഴുവര്‍ഷത്തെ ആദായനികുതി ഓഫീസിലെ പ്രവര്‍ത്തന പരിചയമാണ് സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാന്‍ അവസരം സൃഷ്ടിച്ചത്. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വധേരക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ്  കെജ്‌രിവാളിലേക്ക് ജനശ്രദ്ധ തിരിയാന്‍ കാരണം.

         വധേരയെ ചീന്തിയെറിഞ്ഞത് മാധ്യമങ്ങള്‍ മുഴുവന്‍ തലക്കെട്ടാക്കിയപ്പോള്‍ രാജ്യം   വിസ്മയത്തോടെ അതുകണ്ടു. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കുരുക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല.  അടുത്ത ഇര ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന    ആരോപണങ്ങളെ അവഗണിക്കാന്‍ മാത്രം തൊലിക്കട്ടി അവര്‍ക്കുണ്ടായിരുന്നു. വധേര കെജ്‌രിവാളിന്റെ പ്രസ്ഥാനത്തെ മാംഗോ പീപ്പിള്‍ എന്ന് വിളിച്ചു. ഖുര്‍ഷിദ് തെരുവ് ചെക്കന്‍  എന്ന് പരിഹസിച്ചു. പ്രമുഖരെ താറടിക്കുന്ന വായാടിയെന്ന് ഗഡ്കരിയും  വിളിച്ചു.

           ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള അവസാന വെടിയായിരുന്നു വന്‍മരങ്ങള്‍ക്കെതിരെ പ്രയോഗിച്ചത്. നിലവിലുള്ള രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം പൊള്ളത്തരം വെളിപ്പെടുത്തിക്കൊണ്ട് ഇതിനൊക്കെ ഒരു പരിഹാരം പുതിയ പാര്‍ടി മാത്രമാണെന്ന സന്ദേശം   ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് വിഭിന്നമാണ് പുതിയ പാര്‍ടിയുടെ ഭരണഘടന. നിര്‍വാഹകസമിതിയില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ഒരേസമയം സ്ഥാനം വഹിക്കാനാവില്ല. റിട്ട.ജഡ്ജിമാരുടെ നേതൃത്വത്തില്‍ പാര്‍ടികളില്‍ ഒരു ആഭ്യന്തര ലോക്പാല്‍ പ്രവര്‍ത്തിക്കും.   കൃഷി, വ്യവസായം, വിദ്യാഭ്യാസം, പൊലീസ്, നികുതി തുടങ്ങിയ വിഷയങ്ങള്‍ക്ക്  വിവിധ സമിതികളുമുണ്ടാകും. സമിതിയുടെ നിര്‍ദേശം ജനങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചക്ക് വെച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

          ഹസാരെയോട് അനുഗ്രഹം വാങ്ങിയാണത്രെ  പുതിയ പാര്‍ടിയെന്ന അതിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. രാഷ്ട്രീയക്കാര്‍ക്കു പകരം രാഷ്ട്രീയം മടുത്തവരായിരിക്കും തന്റെ പാര്‍ടിയില്‍ അണിചേരുകയെന്നും കെജ്‌രിവാള്‍ അവകാശപ്പെടുന്നു. സൂര്യന്‍ പോലും വിതുമ്പിപ്പോകുന്ന അഴിമതിയാണല്ലോ നമുക്ക് ചുറ്റും നടക്കുന്നത്. മുഖ്യധാരാ പാര്‍ടികള്‍ പോലും അഴിമതിക്ക് മുമ്പില്‍ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ അതിജയിക്കാന്‍ ഏത് പുതിയ വഴിയും ജനം സ്വീകരിച്ചാല്‍ അത്ഭുതപ്പെടേണ്ട. പക്ഷെ ഈ രാഷ്ട്രീയ ഭീമന്മാരെ അതിജീവിക്കാന്‍ കെജ്‌രിവാളിന് കെല്പുണ്ടാകുമോ എന്നതാണ് സംശയം.

          പതിതരുടെ മനസ്സറിയാനും വേദനയകറ്റാനും സര്‍ക്കാരോ കക്ഷി നേതാക്കളോ തയാറല്ല. ഇവിടെ മരുപ്പച്ചകള്‍ കരിയുകയും മരുഭൂമികള്‍ വളരുകയുമാണ് ചെയ്യുന്നത്. അതീവ ദുര്‍ഘടവും ആശങ്കാജനകവുമായ ഭാവിയാണ്  കാത്തിരിക്കുന്നത്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ അടങ്ങാത്ത അമര്‍ഷത്തിന്റെ കുത്തൊഴുക്കാണെങ്ങും. സ്ഥാപിത താല്‍പര്യക്കാരും സ്വാര്‍ഥമതികളുമായ  ഭരണാധികാരില്‍ നിന്നുളള മോചനം എല്ലാവരുടേയും പ്രാര്‍ഥനയായി വളര്‍ന്നിരിക്കുന്നു. ഒരു ചെറിയ മനുഷ്യന്‍ സര്‍ക്കാരിന്റെയും ഭരണത്തിന്റെയും നിയന്ത്രണം ജനങ്ങള്‍ക്ക് എന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ അതില്‍ പുതുമയില്ലെന്നറിയാം. എങ്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസിനോട് കിടപിടിക്കാന്‍ ജനതാപാര്‍ടിക്കും ബി ജെ പിക്കും മറ്റും അവസരം നല്‍കിയ ജനങ്ങളാണ് ഇവിടെയുള്ളത്. കെജ്‌രിവാളിനെയും ഒന്ന് പരീക്ഷിക്കാം എന്നവര്‍ തീരുമാനിച്ചാലോ.
Related Posts Plugin for WordPress, Blogger...