Thursday, June 2, 2011

നിയമസഭക്ക് കരുത്തുറ്റ അധ്യക്ഷന്‍


               പതിമൂന്നാം കേരള നിയമസഭയുടെ ഇരുപതാമത്തെ സ്പീക്കറായി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.  ഇടതുമുന്നണിയിലെ എ കെ ബാലനെ പരാജയപ്പെടുത്തി ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി അടക്കം 73 അംഗങ്ങളും കാര്‍ത്തികേയന് അനുകൂലമായി വോട്ടുചെയ്തു. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. മൊത്തമുള്ള 141 എം എല്‍ എമാരും വോട്ടെടുപ്പില്‍ പങ്കെടുക്കുകയുണ്ടായി. പതിവിന് വിപരീതമായി പ്രോടേം സ്പീക്കര്‍ എന്‍ ശക്തന്‍ വോട്ടുചെയ്തത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ നാലാം കേരള നിയമസഭയില്‍ പ്രോടെം സ്പീക്കറായിരുന്ന ടി എ മജീദ് ഇങ്ങനെയൊരു കീഴ്‌വഴക്കം സൃഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു കെ എം മാണിയുടെ കണ്ടുപിടുത്തം. എന്തായാലും മികച്ച നിയമസഭാ പ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്തുള്ള ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവി അലങ്കരിക്കാന്‍ സര്‍വധാ യോഗ്യനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ തരമില്ല. കേരള ജനതയുടെ ഹൃദയസ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയും. 25 വര്‍ഷം എം എല്‍ എയായും രണ്ടുതവണ മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും നിയമസഭക്കകത്തും പുറത്തും സജീവ സാന്നിധ്യമായിരുന്ന ഈ യുവതുര്‍ക്കി  രാഷ്ട്രീയസദാചാരം പിച്ചിച്ചീന്താന്‍ ഒരിക്കലും അരുനില്‍ക്കുകയില്ലെന്ന് നമുക്ക് ന്യായമായും വിശ്വസിക്കാം.

               നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേരിയ ഭൂരിപക്ഷത്തില്‍ വിജയം നേടിയതിനു ശേഷമുള്ള ആദ്യ ബലപരീക്ഷണമെന്ന നിലയില്‍ സംസ്ഥാനം വളരെ ആകംക്ഷാപൂര്‍വമാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് കാതോര്‍ത്തത്. അട്ടിമറി നടക്കണമെങ്കില്‍ അഞ്ചുപേര്‍ മറുകണ്ടം ചാടണം. അതേസമയം എന്‍ സി പിയുടെ രണ്ടംഗങ്ങള്‍ മറുകണ്ടം ചാടുമെന്ന അഭ്യൂഹം പരന്നിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്ക് പരസ്യമായി താല്‍പര്യം പ്രകടിപ്പിച്ച പി സി ജോര്‍ജ് വോട്ട് മറിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും വോട്ടെണ്ണി കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. മന്ത്രിസ്ഥാനം വിഭജിച്ചതില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ ഉണ്ടായിരുന്നുവല്ലോ. ഇരുമുന്നണികളും ഒരു പോലെ ഭയപ്പെട്ട മറ്റൊരു കാര്യം അസാധുവായിരുന്നു. പുതുമുഖങ്ങളുടെ കാര്യത്തിലായിരുന്നു ഈ പേടി. 43 പുതുമുഖങ്ങളാണ് ഇത്തവണ സഭയിലെത്തിയത്. ഇതില്‍ കൂടുതലും യു ഡി  എഫുകാരും. അസംതൃപ്തരും അങ്ങനെ ചിന്തിക്കാന്‍ സാധ്യത ഏറെയായിരുന്നു. സ്ഥാനാര്‍ഥികള്‍ സാധാരണ വോട്ടുചെയ്യാറില്ല. പ്രോടെം സ്പീക്കറും അങ്ങനെ തന്നെ. അതുപോലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാറ്. ഈ കീഴ്‌വഴക്കവും ഇത്തവണ തെറ്റി.

               ബാലറ്റ് മുഖേനയായിരുന്നു തെരഞ്ഞെടുപ്പ്. അതു രഹസ്യമായിരിക്കണമെന്നാണ് ചട്ടമില്ലെങ്കിലും അങ്ങനെയാണ് കീഴ്‌വഴക്കം. ബാലറ്റിന് കൗണ്ടര്‍ഫോയില്‍ ഇല്ലാത്തതിനാല്‍ വോട്ട് മാറുകയോ അസാധുവാകുകയോ ചെയ്താല്‍ കണ്ടുപിടിക്കാനാവില്ല. ഭാഗ്യം ആരും കള്ളക്കളി കളിച്ചില്ല. ആദ്യ ബലപരീക്ഷണം വിജയിച്ചു എന്നതുകൊണ്ട് എല്ലായ്‌പോഴും അങ്ങനെ തന്നെയായിരിക്കുമെന്ന് കരുതാനുമാവില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയസാധ്യതയില്‍ വലിയ സംശയമൊന്നും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ രൂപീകരണവുമായും വകുപ്പ് വിഭജനവുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ചില ഘടകകക്ഷികളിലും അസ്വസ്ഥത നിലനില്‍ക്കുന്നുവെന്നത് ശരിയുമാണ്. യു ഡി എഫ് ക്യാമ്പില്‍ ഇത് ആശങ്ക സൃഷ്ടിച്ചിരുന്നുവെന്നതും നിഷേധിക്കാനാവില്ല. കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിക്കാന്‍ തങ്ങളില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും സി പി എം സെക്രട്ടറി പിണറായി വിജയനും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ദശാംശം ഒമ്പത് ശതമാനം വോട്ടിന്റെയും നാലു സീറ്റിന്റെയും പിന്‍ബലത്തില്‍ യു ഡി എഫ് നേടിയ വിജയവും സര്‍ക്കാരും ഒരു സ്ഥിരം പ്രതിഭാസമായിരിക്കുമെന്ന് ഭരണപക്ഷം പോലും കരുതുന്നുണ്ടാവില്ല. ഇത്രയധികം കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടും കേരളത്തിലെ ഇടതു രാഷ്ട്രീയ സ്വാധീനം തകര്‍ക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ല. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോഴും സി പി എം ആണുതാനും. അതുകൊണ്ട് വളരെ കരുതലോടെ മുമ്പോട്ടുപോയില്ലെങ്കില്‍ ഏത് നിമിഷവും സര്‍ക്കാര്‍ താഴെപോകും. മാത്രമല്ല പുതിയ മന്ത്രിസഭയുടെ ആദ്യത്തെ രണ്ടാഴ്ചത്തെ പ്രവര്‍ത്തനം
ഒട്ടും തൃപ്തികരവുമായിരുന്നില്ല. പതിവിന് വിരുദ്ധമായി നിയമസഭയില്‍ ഇത്തവണ പ്രതിപക്ഷം വളരെ ശക്തമാണ്. വളരെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെങ്കിലേ കാലാവധി പൂര്‍ത്തിയാക്കാനാകൂ.

               നിയമങ്ങള്‍ തലനാരിഴ കീറി വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയാണ് നിയമസഭകളും പാര്‍ലമെന്റുമൊക്കെ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സഭകളില്‍ കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതാണ് വസ്തുത. ബഹളങ്ങള്‍ സൃഷ്ടിച്ച് സഭ ബഹിഷ്‌ക്കരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഭ ബഹിഷ്‌ക്കരിച്ച ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്തി. ഇനി ഇടതുമുന്നണിയുടെ ഊഴമാണ്. പ്രതിപക്ഷത്തിരുന്നുകൊണ്ട് അവരും നടത്തുക ബഹിഷ്‌ക്കരണം തന്നെയായിരിക്കും. പക്വമതിയായ  പുതിയ സ്പീക്കര്‍ക്ക് ഇവിടെ വളരെയേറെ ചെയ്യാനുണ്ട്. ബുദ്ധിപൂര്‍വകമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍ കേരള നിയമസഭയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ കാര്‍ത്തികേയന് കഴിയും; കഴിയണം. പല വമ്പന്‍മാരും അലങ്കരിച്ച പദവിയുമാണത.് സീതിസാഹിബും സി എച്ചും വക്കം പുരുഷോത്തമനും എം വിജയകുമാറും വി എം സുധീരനുമെല്ലാം സ്തുത്യര്‍ഹമായ രീതിയില്‍ സ്പീക്കര്‍പദവിയില്‍ പ്രശോഭിച്ചവരാണ്. കാമ്പും കരുത്തുമുള്ള ചര്‍ച്ചകളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും 13-ാം നിയമസഭ പുതിയ ചരിത്രം കുറിക്കട്ടെ എന്ന് ഞങ്ങളും ആശംസിക്കുന്നു.

1 comment:

  1. ഇപ്പോള്‍ മുഖ്യമന്തി.-- തിരുത്തുമല്ലോ.....

    നല്ലലേഖനം, അഭിനന്ദനങ്ങള്‍......

    ReplyDelete

Related Posts Plugin for WordPress, Blogger...