Thursday, June 9, 2011

സന്യാസിമാര്‍ നിയമം കയ്യിലെടുത്താല്‍


               ശാന്തിമന്ത്രം ഉരുവിട്ട് നടക്കേണ്ട സന്യാസിമാര്‍ സായുധസേന രൂപീകരിച്ച് പൊലീസിനെ നേരിടുമെന്ന് പ്രഖ്യാപിച്ചാല്‍ എന്തു ചെയ്യും? തന്റെ അഴിമതിവിരുദ്ധ സമരത്തിന് സംരക്ഷണം നല്‍കാനും വേണ്ടിവന്നാല്‍ തിരിച്ചടിക്കാനുമായി 11000 പേരുടെ പ്രത്യേക സേന രൂപീകരിക്കുമെന്ന യോഗാചാര്യന്‍ ബാബ രാംദേവിന്റെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞ് ചവറ്റുകൊട്ടയില്‍ തള്ളാന്‍ വരട്ടെ. രാംദേവിന്റെ സമരത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കാര്‍ക്കിച്ചാല്‍ അവര്‍ തുപ്പാതിരിക്കില്ല എന്ന് കൂടി തിരിച്ചറിയണം. കാളകൂടം ശിരസ്സിലേറ്റി രാജ്യമൊട്ടുക്കും സഞ്ചരിച്ച് നാഗക്കളങ്ങള്‍ തീര്‍ക്കുന്ന അശോക് സിംഗാളും തൊഗാഡിയയും സുഷമാ സ്വരാജുമൊക്കെ രാംദേവിന്റെ സമരത്തിന് പിന്നിലും ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന കാര്യം ആഭ്യമന്ത്രി ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം.

               അഴിമതിക്കെതിരെ സമരം പ്രഖ്യാപിക്കുന്ന ഏതൊരു സംഘടനയേയും വ്യക്തികളെയും  പിന്തുണക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കര്‍ണാടകയില്‍ നടന്ന ആര്‍ എസ് എസിന്റെ പരമോന്നത നേതൃത്വമായ അഖില്‍ ഭാരതീയ പ്രതിനിധി സഭ യോഗം തീരുമാനിച്ചിരുന്നു. രാംദേവിന്റെ സഹായത്തോടെ അഴിമതി വിരുദ്ധ മുന്നണി രൂപീകരിക്കാനും അവര്‍ തീരുമാനമെടുത്തതായി മന്ത്രി ചിദംബരം തന്നെ രണ്ടുമാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

               കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ  മരണംവരെ നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ ബാബ സമരം നടത്തിയത്. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീവ്രശ്രമം നടത്തിയിരുന്നു.  മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് സമരത്തെ എതിരേറ്റതോടെ  രാംദേവ് ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ ലംഘിച്ചു എന്നാരോപിച്ച്  സര്‍ക്കാരും സമരക്കാരും ഏറ്റുമുട്ടുന്നതാണ് പിന്നീട് കണ്ടത്. രാംദേവിനെയും അനുയായികളെയും പാതിരാത്രിയില്‍ പൊലീസ്  ഒഴിപ്പിച്ചു.  രാംദേവടക്കം എല്ലാവരെയും മൈതാനത്തുനിന്ന് ബലംപ്രയോഗച്ച് പുറത്താക്കിയത് പുതിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് ഇതുമൂലം പരിക്കേറ്റ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആര്‍ എസ് എസും  ബി ജെ പിയും മാത്രമല്ല ഇതര പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നു. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നടപടിയെന്ന് പോലും ആക്ഷേപം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരുങ്ങി.  രഹസ്യധാരണ പ്രകാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച സമരം വീണ്ടും തുടര്‍ന്നപ്പോഴാണ് പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും നിര്‍ദേശപ്രകാരം പൊലീസ് കര്‍ശന നടപടിയിലേക്ക് തിരിഞ്ഞതെന്നായിരുന്നു മന്ത്രി കബില്‍ സിബലിന്റെ ഔദ്യോഗിക വിശദീകരണം.

               അന്നാ ഹസാരെയെപോലെ രാംദേവും മുന്നോട്ടുവെച്ച ആവശ്യങ്ങളെ കുറിച്ച് ആര്‍ക്കും പരാതിപറയാനാവില്ല. വിവിധ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം എത്രയും വേഗം തിരിച്ചുപിടിക്കുക, രാജ്യത്തെ പൗരന്മാര്‍ എല്ലാ വര്‍ഷവും അവരുടെ സ്വത്തുവിവരം പ്രഖ്യാപിക്കുക,  അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് വധശിക്ഷ നല്‍കാന്‍ കര്‍ശന ലോക്പാല്‍ നിയമം കൊണ്ടുവരിക, ഭരണം, നീതിനിര്‍വഹണം, നികുതി, വിദ്യാഭ്യാസം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തില്‍ നിലവിലുള്ള ബ്രിട്ടീഷ് സംവിധാനത്തിനു പകരം ഇന്ത്യന്‍രീതി അവലംബിക്കുക, ധാന്യങ്ങളുടെ താങ്ങുവില ഉയര്‍ത്തുക തുടങ്ങിയ രാംദേവ് ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം സ്വാഗതം ചെയ്യപ്പെടേണ്ടവ തന്നെ. വധശിക്ഷക്ക് പകരം അഴിമതിക്കുള്ള ശിക്ഷ പരമാവധി വര്‍ധിപ്പിച്ചേ മതിയാവൂ. അഴിമതി വിചാരണക്ക് കൂടുതല്‍ പ്രത്യേക കോടതികള്‍ ആവശ്യമാണെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുമുള്ളത്.

               എന്നാല്‍ ബാബ രാംദേവിനും കൂട്ടര്‍ക്കും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം നടത്താന്‍ എത്രമാത്രം അവകാശവും അര്‍ഹതയുമുണ്ട്? ഇല്ലെന്ന് മാത്രമല്ല അവരും ആ പട്ടികയിലാണ് വരിക.  ഇവര്‍ക്കും ഇവരുടെ കീഴിലുള്ള സംഘടനകള്‍ക്കുമായി ഇരുനൂറിലേറെ വ്യവസായ സ്ഥാപനങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. ആസ്ത ടി വി അടക്കം ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. രാംദേവുമായി ബന്ധമുള്ള സംഘടനകള്‍ 2009ല്‍ മാത്രം 22 കമ്പനികള്‍ ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹത്തിന് കോടികളുടെ ആസ്തിയാണുള്ളത്. യഥാര്‍ഥത്തില്‍ സ്വയംതീര്‍ത്ത കുഴിയിലാണ് രാംദേവും ആര്‍ എസ് എസും അകപ്പെട്ടിരിക്കുന്നത്.

               അഴിമതിക്കെതിരെ എന്ന പേരില്‍ ഹരിദ്വാറിലെ ആശ്രമത്തില്‍ ഉപവാസം തുടരുന്ന രാംദേവ് സ്വത്തുവിവരം വെളിപ്പെടുത്താന്‍ സന്നദ്ധനായത് സന്തോഷകരം തന്നെ.  വെളിപ്പെടുത്തലില്‍ സത്യം പുറത്തുവരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും വേഷഭൂഷാദികളില്‍ രാംദേവ് സന്യാസിയാണെങ്കിലും  വാക്കിലും പ്രവൃത്തിയിലും അതല്ലെന്ന് വ്യക്തമായി.
 
              അത്തരക്കാരാണ് ഓരോ ജില്ലയില്‍നിന്നും 20 വീതം യുവാക്കളെ ഉള്‍പ്പെടുത്തി പൊലീസിനെ ചെറുക്കാന്‍ സായുധസേന രൂപീകരിക്കുന്നത്. അഴിമതിക്കെതിരെ ആയാല്‍ പോലും ഗവണ്‍മെന്റിനെതിരെ യുദ്ധോദ്യുക്തരായി വെല്ലുവിളി നടത്തുന്നത് അവിശ്വസനീയമായ അനുഭവം തന്നെയാണ്. അഴിമതി തടയുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെങ്കിലും അതിന്റെ പേരില്‍ രാജ്യത്തെ അശാന്തിയുടെ നടുക്കടലിലേക്ക് തള്ളിവിടാന്‍ ആരെയും അനുവദിച്ചുകൂടാ. രാംദേവിന്റെ യുദ്ധപ്രഖ്യാപനത്തില്‍ മുഴങ്ങുന്നത് ആര്‍ എസ് എസ് ഉതിര്‍ത്ത വെടിയൊച്ചയാകുമ്പോള്‍ വിശേഷിച്ചും.

3 comments:

  1. രാംദേവ് സന്ന്യാസിയാണെന്ന് ആരാണ് പ്രഖ്യാപിക്കുന്നത്. സന്ന്യാസി എന്നാൽ എന്താണെന്നറിയാതെ ആ വാക്ക് എല്ലാ അണ്ടനും അടങ്ങോടനും ചാർത്തിക്കൊടുക്കല്ലെ. ഇതുവരെ കേട്ടിടത്തോളം അദ്ദേഹം ഒരു യോഗാചാര്യൻ മാത്രമാണ്. യോഗാചാര്യന് കച്ചവടം നിഷിദ്ധമല്ല. കള്ളപ്പണം കണ്ടുപിടിക്കാൻ സർക്കാരിന് കഴിവില്ലെങ്കിൽ അത് സമ്മതിക്കേണ്ടത് സർക്കാർ വകുപ്പുകളാണ്.

    മമ്മൂട്ടിയുടെ പഴയ ഒരു സിനിമ ഓർമ്മ വരുന്നു. പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഒരു പിടികിട്ടാ കള്ളൻ ഒരു ദിവസം കോടതിയിൽ കീഴടങ്ങുന്നു. ഒരു കൊലപാതകം നേരിട്ടുകണ്ടത് പറഞ്ഞാൽ ഇദ്ദേഹം പിടിയിലാവുകയും നിരപരാധിയായ പോലീസ് ഉദ്ദ്യോഗസ്ഥൻ രക്ഷപ്പെടുകയും ചെയ്യും. അത്തരം ഒരു മാനസികാവസ്ഥയിലാണെങ്കിലോ നമ്മുടെ രാംദേവ്. എങ്കിൽ അദ്ദേഹത്തെ ആദരിക്കണം.

    യഥാർഥ സന്ന്യാസിക്കുമാത്രമെ നിർഭയമായി എന്തിനെയും എതിരിടാൻ കഴിയുകയുള്ളൂ. പുരാണത്തിൽ സന്ന്യാസിമാർ എല്ലാവരും ചേർന്ന് ഒരു രാജാവിനെ തല്ലിക്കൊന്ന കഥ പ്രസിദ്ധമാണ്. നിയമപാലകരിൽ നിന്നും നാട്ടിൽ നിന്നും നീതി ലഭിക്കുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള സന്ന്യാസിവൃന്ദം വളരേണ്ടി വരും.

    ReplyDelete
  2. അണ്ണാ ഹസാരെ സമരം തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ അല്പ്പം അറച്ചു നിന്നു. ബഹുജന പിന്തുണ കൂടുന്നതു കണ്ടപ്പോള്‍ ചര്‍ച്ചയായി.

    രാംദേവ് സമരം തുടങ്ങും മുമ്പേ ചര്‍ച്ച, ധാരണ എന്തെല്ലാം കോലാഹലങ്ങള്‍!

    രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമായി അധ:പതിക്കുമ്പോള്‍ ആ വിടവിലേക്കാണ്‌ കോമാളി വേഷങ്ങള്‍ കടന്നു കയറുന്നത്.

    ReplyDelete
  3. സര്‍ ബാബാ രാംദേവ്‌ ഇതുവരെ സന്യാസിയല്ല വെറുമൊരു യോഗാചാര്യന്‍ മാത്രമാണ് അതുകൊണ്ട് തന്നെ അദ്ധേഹത്തിന് നേരായ മാര്‍ഗത്തിലൂടെ നികുതി കൊടുത്തു കൊണ്ട് എത്ര വേണമെങ്കിലും സംബാതിക്കാം[സമരം തുടങ്ങുന്നത് വരെ അദ്ദേഹത്തിനെതിരെ ഒരു ആരോപണവും ഇല്ലായിരുന്നു എന്നത് ശ്രദ്ധെയം]
    പിന്നെ ഇന്ത്യന്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ ആര്‍ എസ് എസ് ന്റെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല
    മറൊരു പ്രധാനപ്പെട്ട വസ്തുത രാഷ്ട്രീയക്കാര്‍ ഒരിക്കലും കള്ളപണത്തിനും അഴിമതിക്കും എതിരേ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കില്ല എന്നത് തന്നെ കാരണം അവര്‍ ഇതിന്റെ ആരാധകരാണ് എന്നത് തന്നെ
    അതുകൊണ്ട് തന്നെ അന്ന ഹസരെയുടെയും ബാബാ രാംദേവിന്റെയും സമരത്തിലെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കി വിജയിപ്പിക്കേണ്ടത് [വ്യക്തികളോട് യോജിപ്പില്ലെങ്കിലും]രാജ്യസ്നേഹിയായ ഓരോ ഭാരതീയന്റെയും കടമയയായിട്ടാണ് എനിക്ക് തോന്നുന്നത് .

    ReplyDelete

Related Posts Plugin for WordPress, Blogger...