ശനിയാഴ്ച രാത്രി നവവധു ഉള്‍പ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ കണ്ടയ്‌നര്‍ ലോറി അപകടം വരുത്തിവെച്ച നടുക്കത്തില്‍നിന്ന് കുന്ദംകളും മാത്രമല്ല കേരളവും ഇനിയും മോചനം നേടിയിട്ടില്ല. കുന്ദംകുളം ടൗണില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഇരട്ട കണ്ടയ്‌നര്‍ ലോറി അപകടത്തില്‍ 12 ദിവസം മുമ്പ് വിവാഹിതയായ റീജയും അവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച മൂന്നുപേരുമാണ് മരണപ്പെട്ടത്. റീജയും ഭര്‍ത്താവ് സജിത്തും സുഹൃത്തുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. മഴയില്‍ ഇവരുടെ ബൈക്ക് ഇതേ ദിശയില്‍ സഞ്ചരിച്ച കണ്ടയ്‌നര്‍ ലോറിയില്‍ തട്ടി മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ റീജ ലോറിയുടെ അടിയില്‍ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു മറുവശത്ത് എത്തി. റോഡിലേക്ക് തെറിച്ചുവീണ സജിത്തിന് കാര്യമായി പരിക്കേറ്റില്ല. ലോറി നിര്‍ത്താതെ പോയി. ശബ്ദംകേട്ട് എത്തിയ സമീപവാസികളായ ജോണ്‍സണും സജിത്തിനു തൊട്ടു മുന്നില്‍ യാത്രചെയ്ത നിജോയും ചേര്‍ന്ന് ദമ്പതികളെ എഴുന്നേല്‍പിച്ച് റോഡിന്റെ വലതു വശത്ത് ഇരുത്തി. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.
ഈ സമയത്ത് ചാവക്കാട്ടുനിന്ന് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്ന മുഹസിനും മുഹമ്മദും അപകടസ്ഥലത്തെത്തി. ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ഇവര്‍ ഓട്ടോറിക്ഷ വിട്ടുനല്‍കി. ഈ സമയം കുന്ദംകുളത്തുനിന്ന് വരികയായിരുന്ന മറ്റൊരു കണ്ടയ്‌നര്‍ ലോറി റീജയുടെയും ജോണ്‍സന്റെയും മുഹസിന്റെയും മുഹമ്മദിന്റെയും ദേഹത്തേക്ക് പാഞ്ഞുകയറി. സജിത്ത് മാത്രം രക്ഷപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറികള്‍.
റോഡപകടങ്ങളും മരണങ്ങളും കേരളത്തെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ ഒരു വാര്‍ത്തയേ അല്ല. ഒരു മരണമെങ്കിലും സംഭവിച്ചെങ്കിലേ പത്രങ്ങള്‍ റിപ്പോര്‍ട്ടുപോലും ചെയ്യൂ. പരിക്ക് പറ്റി ആശുപത്രിയില്‍ കിടക്കയില്‍ കഴിയാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് കയ്യുംകണക്കുമില്ല. അപകടങ്ങളുടെ യഥാര്‍ഥ പാഠങ്ങളന്വേഷിച്ച് ചെന്നാല്‍ പതിവ് രീതികള്‍ തിരുത്താന്‍ ആരും തയാറല്ലെന്നാവും ബോധ്യപ്പെടുക. റോഡുകളും വാഹനങ്ങളുമെല്ലാം ശാശ്വതഭീഷണിയില്‍. അപകടങ്ങളുടെ ഒടുക്കമില്ലാത്ത കദനകഥകള്‍. രാവെന്നോ പകലെന്നോ വ്യത്യാസമില്ല. നിസ്സഹായരായി മരണം ഏറ്റുവാങ്ങാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. യാത്രകള്‍ മിക്കതും സര്‍വനാശത്തിലേക്ക് എന്നതാണവസ്ഥ. ബസ്സിലാണ് കയറുന്നതെങ്കില്‍ മരണത്തിലേക്കായിരിക്കും പലപ്പോഴും ടിക്കറ്റ് മുറിച്ചുതരിക.
എന്തുകൊണ്ടാണ് റോഡുകളില്‍ എന്നും അമാവാസി അടക്കിവാഴുന്നത്? വരുത്തിവെക്കുന്ന അത്യാഹിതങ്ങളാണധികം. അമിതവേഗത, അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കല്‍, മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, മത്സരയോട്ടം ഇവയെല്ലാമാണ് പ്രധാന വില്ലന്മാര്‍. റോഡിന്റെ ശോച്യാവസ്ഥയും കാലഹരണപ്പെട്ട വാഹനങ്ങളും വേറെയും കാരണങ്ങളായി ഇല്ലാതില്ല. ഓര്‍മയുടെ ആല്‍ബങ്ങള്‍ പരതിയാല്‍ എത്രയെത്ര രക്തചിത്രങ്ങളാണ് ഓരോരുത്തരുടേയും മനസ്സില്‍ തെളിഞ്ഞുവരിക.
ഇതില്‍ നിന്നെല്ലാം ഏറെക്കുറെ വ്യത്യസ്തമാണ് കുന്ദംകുളത്തെ അത്യാഹിതം. ഒരപകടത്തില്‍നിന്ന് അവിശ്വസനീയമാംവിധം രക്ഷപ്പെട്ടവരും അവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചവരും ഉടന്‍ തന്നെ മറ്റൊരു ലോറി പാഞ്ഞുകയറി കൂട്ടത്തോടെ കശാപ്പുചെയ്യുക എത്രമാത്രം ഉല്‍ക്കണ്ഠാജനവും ദയനീയവുമാണത്. 12 ദിവസം മുമ്പാണ് റീജയുടെ വിവാഹം കഴിഞ്ഞത്. മധുവിധു തീരുംമുമ്പ് ആ യുവതി മരണത്തിലേക്ക് മടങ്ങി. തകര്‍ന്ന മനസ്സും നുറുങ്ങിയ ശരീരവുമായി കഴിയാന്‍ വിധിക്കപ്പെട്ട സുജിത്തിന്റെ കാര്യമാണ് അതിലേറെ കഷ്ടം.
അപകടം സംഭവിച്ചപ്പോള്‍ അതുവഴി കടന്നുപോയ വാഹനങ്ങളില്‍ സഞ്ചരിച്ചവരുടെ നിര്‍വികാരതയെ കുറിച്ചോര്‍ക്കുമ്പോള്‍ സത്യത്തില്‍ ലജ്ജിക്കണം. കരിങ്കല്‍പാറയുടെ മനസ്സാണ് നമുക്ക്. അപകടസ്ഥലത്ത് കൈകാണിച്ചപ്പോള്‍ ഒരു വാഹനമെങ്കിലും നിര്‍ത്തിയിരുന്നെങ്കില്‍ നാലുപേരെ മരണത്തില്‍നിന്ന് രക്ഷിക്കാമായിരുന്നു. ഒടുവില്‍ സഹായെത്തിനെത്തിയ മുഹമ്മദും മുഹസിനും രണ്ടാമത്തെ അപകടത്തിലാണല്ലോ മരിച്ചത്. നല്ല മഴയായിരുന്നു. പോരാത്തതിന് ഇരുട്ടും. ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാണെങ്കില്‍ അവര്‍ പൂര്‍ണമായും മദ്യലഹരിയിലുമായിരിക്കും. ചെറിയ വാഹനങ്ങളെ അല്ലെങ്കിലും ആരും ഗൗനിക്കാറുമില്ല.
കാസര്‍കോട് ബദിയടുക്കയില്‍ ഒരച്ഛനും മകളു#ം ഓട്ടോയില്‍ ടിപ്പറിടിച്ച് മരിച്ചതും ഇതേ ദിവസം തന്നെയാണ്. മറ്റ് രണ്ടുമക്കള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. റോഡപകടങ്ങളെപോലെ ട്രെയിനപകടങ്ങളും കൂടിക്കൂടി വരികയാണ്. ഞായറാഴ്ച പാലക്കാട്ട് രണ്ടു യുവാക്കള്‍ വണ്ടി തട്ടി മരിക്കുകയുണ്ടായി. അപകടങ്ങളില്‍ മരിക്കുന്നവര്‍ എത്രയുമാവട്ടെ അതിനുത്തരവാദിയായ ഡ്രൈവര്‍ അനായാസം രക്ഷപ്പെടും. അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ മറ്റൊരു വണ്ടിയില്‍ തന്റെ സുദര്‍ശന പരാക്രമം തൊട്ടടുത്ത ദിനം തന്നെ തുടരുകയും ചെയ്യും. അപകടം ജനശ്രദ്ധയില്‍ പെട്ടാലോ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള കേസായി മാറും. അത്രതന്നെ.
അപകടം വരുത്തിവെക്കുന്നവര്‍ ആരായാലും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ നമുക്ക് ഭരണകൂടങ്ങള്‍ക്ക് എന്തുകൊണ്ട് കഴഇയുന്നില്ല? കുന്ദംകുളത്ത് ഡ്രൈവര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. നല്ലകാര്യം. അതുമാത്രം പോരാ. അവര്‍ക്ക് രക്ഷപ്പെടാന്‍ നിയമത്തില്‍ ഏറെ പഴുതുകളുണ്ട്. അത് അടയ്ക്കാന്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതികളും വരുത്തണം. അപകടങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ മറ്റുള്ളവര്‍ക്ക് നിയമവും ശിക്ഷയും കനത്ത മുന്നറിയിപ്പായി മാറാതെ ഇനി നിര്‍വാഹമില്ല.