Wednesday, November 23, 2011

ഇശ്‌റത്ത്-പ്രാണേഷ് വധം: ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ


          കാലം നരേന്ദ്രമോഡിയോട് കണക്കുചോദിക്കുന്നു. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സത്യം പുറത്തുവിട്ടത് ഗുജറാത്തിലെ ഉന്നത നീതിപീഠം തന്നെ. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയ നാലുപേരും നിരപരാധികളായിരുന്നുവെന്ന കണ്ടെത്തല്‍ അധികാരത്തിന്റെ തണലില്‍ തേര്‍വാഴ്ച ഹോബിയാക്കിയവര്‍ക്കെല്ലാമുള്ള അതിശക്തമായ താക്കീതാണ്. 2004 ല്‍ ഇശ്‌റത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷിച്ച പ്രത്യേക അന്വേഷണ (എസ് ഐ ടി) സംഘമാണ് കണ്ടെത്തിയത്. എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശം നമ്മുടെ നീതിന്യായ ചരിത്രത്തിലെ തന്നെ  സുപ്രധാന നാഴികക്കല്ലായി ചരിത്രത്തില്‍ ഇടംനേടും.  വ്യാജ ഏറ്റുമുട്ടലിന് ചുക്കാന്‍ പിടിച്ചത് ആര്, കൊലപാതകികളുടെ യഥാര്‍ഥ ലക്ഷ്യമെന്ത്, സമയമേത് തുടങ്ങിയ കാര്യങ്ങളും ഇനിയും പുറത്തുവരേണ്ടതുണ്ടെന്നും കോടതിക്ക് വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ ഐശ്വര്യത്തിന്റെ പച്ചപ്പിലെത്തിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുകയും ചെയ്യും.

            2004 ജൂണ്‍ 15നാണ് അഹമ്മദ്ബാദിനടുത്ത് വെടിയേറ്റ് മരിച്ചനിലയില്‍ നാലു പേരെയും കാണപ്പെട്ടത്. മുഖ്യമന്ത്രി മോഡിയെ വധിക്കാനെത്തിയ ലശ്ക്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നും പൊലീസ് പ്രചരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മുസ്‌ലിം ഭീകരരുടെയും ലക്ഷ്യം താനാണെന്ന് സ്ഥാപിച്ചെടുത്ത് നായകപരിവേഷം സൃഷ്ടിക്കുകയായിരുന്നു മോഡി. 2002 ഒക്‌ടോബര്‍ മുതല്‍ 2007 വരെ ഇത്തരം 21 ഏറ്റുമുട്ടലുകള്‍ ഗുജറാത്തിലെ കാക്കിക്രിമിനലുകള്‍ നടത്തിയെന്നാണ് കണക്ക്. 21 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും മുസ്‌ലിംകളായിരുന്നു. പൊലീസ്ഭാഷ്യം അനുസരിച്ച് ഇവരെല്ലാം മോഡിയെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഭീകരരായിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും തുടരന്വേഷണം നടത്താന്‍ പോലീസ് മെനക്കെട്ടില്ല.

          ഇതില്‍ 2005ല്‍ സൊഹറാബുദ്ദീന്‍ ശെയ്ഖും ഭാര്യ കൗസര്‍ ബായിയും വധിക്കപ്പെട്ട കേസില്‍ 2007 ഏപ്രിലില്‍  ഡി ജി വന്‍സാര  ഉള്‍പ്പെടെ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് വഴിത്തിരിവുണ്ടായത്. വ്യാജ ഏറ്റുമുട്ടലുകളെ പറ്റി സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വേലി തന്നെയാണ് വിള തിന്നുന്നതെന്ന് കണ്ടെത്തിയത്.
ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍, പ്രാണേഷിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 2009ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്വന്തം നേട്ടത്തിനാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യം നിര്‍വഹിച്ചതെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് ഓരോ സംസ്ഥാനവും പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നത്.  എന്നാലിവര്‍ കാക്കിയണിഞ്ഞ കാട്ടാളന്മാരാണെന്ന് വന്നാല്‍ എന്താകും നാടിന്റെ ഭാവി. അത്യന്തം സ്‌തോഭജനകമായ അവസ്ഥകളെ ലഘൂകരിക്കാന്‍ നീതിപീഠം തന്നെ കനിയണം എന്ന് വരുന്നതും അങ്ങേയറ്റം ദു:ഖകരം തന്നെ.

          അന്വേഷണം ഏത് ഏജന്‍സി നടത്തിയാലും ഗുജറാത്തില്‍ അവര്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്. സൊഹറാബുദ്ദീന്‍ ശെയ്ഖ്-കൗസര്‍ ബായി വധക്കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ സംഘം, ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്. കേസ് മറ്റേതെങ്കിലും സ്റ്റേറ്റിലേക്ക് മാറ്റണമെന്നും സി ബി ഐ ആവശ്യപ്പെടുകയുണ്ടായി. ബെസ്റ്റ്‌ബേക്കറി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് കേസ് ഗുജറാത്തിന് പുറത്ത് മഹരാഷ്ട്രയില്‍ നടത്തിയപ്പോഴായിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി ആ പാപക്കറ കഴുകിക്കളഞ്ഞിരിക്കുന്നു.

           പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് സദ്ഭാവനായാത്രകള്‍ സംഘടിപ്പിച്ച് ജനത്തിന്റെ മനംകവരാന്‍ തന്ത്രങ്ങള്‍ മെനയുന്ന നരേന്ദ്രമോഡിക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊല വലിയ തിരിച്ചടി തന്നെയാണ്. അത്യാഗ്രഹികളായ പൊലീസുദ്യോഗസ്ഥരെ കരുവാക്കി മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് വരുത്തി പ്രതിച്ഛായ നന്നാക്കുകയും ചെയ്യുന്ന മോഡി വലിയ രക്തദാഹി കൂടിയാണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ഇശ്‌റത്ത്-പ്രാണേഷ് വധം സഹായിച്ചിരിക്കുന്നു. കൊലപാതകത്തില്‍ മോഡിക്കുള്ള പങ്കാണ് ഇനി അന്വേഷിക്കേണ്ടത്. വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളായ പൊലീസ് ഓഫീസര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണം. അതുപോലെ തന്നെയോ അതിലേറെയോ സുപ്രധാനമാണ് ഇരകള്‍ക്ക് നീതിയും സന്തപ്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കുകയെന്നത്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ആദ്യം വേണ്ടത് മോഡി രാജിവെക്കുകയാണ്. ഇതൊക്കെ സത്വരമായും  സത്യസന്ധമായും നടക്കണമെങ്കില്‍ മോഡി മുഖ്യമന്ത്രി പദം ഒഴിഞ്ഞേ മതിയാകൂ. ഗുജറാത്ത് കലാപക്കേസുള്‍ മോഡി കൈകാര്യം ചെയ്ത രീതിയെ കോടതികള്‍ പലവട്ടം വിമര്‍ശിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുകയും അതിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വേവിച്ചെടുക്കുകയും ചെയ്താല്‍ അവസാനം വലിയ  വില നല്‍കേണ്ടിവരുമെന്ന് പൊലീസുദ്യോഗസ്ഥരും ഓര്‍ക്കണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...