നമ്മുടെ ജനാധിപത്യം അതിവേഗം പണാധിപത്യത്തിലേക്ക് കുതിക്കുന്നതിന്റെ പൊള്ളുന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കള്ളനോട്ടിന്റെ ഒഴുക്ക് ഒരുവര്‍ഷംകൊണ്ട് 400 ശതമാനം വര്‍ധിച്ചിരിക്കുന്നുവെന്ന ധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ കൂടി ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ അന്നം കഴിക്കുന്നവര്‍ക്കെല്ലാം സംഗതി ബോധ്യമാകും. ആഭാസകരമായ ഇത്തരം അഭ്യാസങ്ങള്‍ കാണിക്കുന്നവരില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ചൊല്ലേണ്ട പ്രാര്‍ഥനയെ കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ സമയമായി. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ താളക്രമങ്ങളെല്ലാം സ്വേഛാധിപത്യത്തിന് വഴിമാറും, സംശയമില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഉത്തരപ്രദേശിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം ഒഴുകിക്കൊണ്ടിരിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ഇതിനകം പിടിച്ചെടുത്തത് അമ്പത് കോടിയിലേറെ രൂപയാണ്. പിടിക്കപ്പെടാതെ പോയ തുക ഇതിന്റെ പതിന്മടങ്ങ് വരും. റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പുമാണ് ഈ കള്ളപ്പണത്തിന്റെ ഒഴുക്ക് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത് എന്നത് മാത്രമാണ് ഏക ആശ്വാസം. രണ്ട് സംസ്ഥാനങ്ങളിലും പ്രതിദിനം രണ്ടുകോടിയുടെ കള്ളപ്പണമാണ് കണ്ടെത്തി പിടികൂടിയത്. ബിസിനസ്‌കാര്‍ സംഭാവനയായി നല്‍കുന്ന തുകയാണ് പിടികൂടുന്നതിലേറെയും. ആദായനികുതി വകുപ്പ് പൊലീസിന്റെ സഹായത്തോടെയാണ് കള്ളപ്പണ വേട്ട നടത്തുന്നത്. തമിള്‍നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ വന്‍തുകകള്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചിരുന്നു.
വോട്ടര്‍മാര്‍ക്ക് കോഴ കൊടുക്കാനാണ് ഈ പണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബാങ്കുകളില്‍നിന്ന് വന്‍തുകകള്‍ പിന്‍വലിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദല്‍ഹിക്ക് സമീപം ഗാസിയാബാദില്‍നിന്ന് ആദായനികുതി വകുപ്പ് നടത്തിയ ഒരു പരിശോധനയില്‍ രണ്ടുവാഹനങ്ങളില്‍ നിന്നായി 12.38 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. യു പി അതിര്‍ത്തിയില്‍നിന്ന് കഴിഞ്ഞദിവസം പിടികൂടിയ 60 ലക്ഷം രൂപയും കള്ളപ്പണമായിരുന്നു.
രാജ്യത്ത് കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഒഴുക്ക് വര്‍ധിക്കുകയാണ്. 2010-11 സാമ്പത്തികവര്‍ഷം കള്ളനോട്ടുമായി ബന്ധപ്പെട്ട് പരശ്ശതം സംഭവങ്ങളാണ് കണ്ടെത്തിയത്. 35 കോടിക്ക് സമാനമായ കള്ളനോട്ട് പിടിച്ചെടുക്കുകയുണ്ടായി. കളളനോട്ടില്‍ ഏറ്റവും കൂടുതല്‍ 500 രൂപയുടേതാണ്. ആയിരത്തിന്റെ നോട്ടുകളും കുറവല്ല. പാക്കിസ്താനില്‍ നിന്ന് ബംഗ്‌ളാദേശ്, നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ട് എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി ഇയ്യിടെ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് എന്‍ ഐ എ രാജ്യവ്യാപക റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കള്ളനോട്ടും കള്ളപ്പണവും കൈക്കൂലിയും അഴിമതിയുമെല്ലാം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന അത്യന്തം അഭിശപ്തമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത്തരം അശ്ലീലവൃത്തികള്‍ വിസര്‍ജിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാകട്ടെ ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളുമാണ്. സദാചാരബോധമുള്ളവരുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും വനരോദനമായി കലാശിക്കുകയും അവര്‍ കാലക്രമേണ പൊതുജീവിതത്തില്‍ നിന്ന് തന്നെ നിഷ്‌ക്രമിക്കുകയും ചെയ്യുന്നതാണ് അനുഭവം. റിസര്‍വ് ബാങ്കിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും അവഗണിച്ച് പോലും ചില പ്രമുഖ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
ഈ മാസം 28 മുതല്‍ മാര്‍ച്ച് ആദ്യവാരം വരെയാണ് യു പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ്. ഇവിടെങ്ങളിലെല്ലാം പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശങ്കയുണ്ട്. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ട് തെരഞ്ഞെടുപ്പില്‍ അനായാസം ജയിച്ചുകയറുന്ന കാലം മാറി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും കബളിക്കല്‍ മാത്രമാണെന്ന് കൊച്ചുകുട്ടികള്‍ക്കും അറിയാം.
പണം കൊടുത്തും സമ്മാനങ്ങള്‍ വാരിവിതറിയും വോട്ടര്‍മാരെ സ്വാധീനിക്കുന്നതും പല സംസ്ഥാനങ്ങളിലും പതിവാണ്. സാരിയും ടെലിവിഷനും ലാപ്‌ടോപ്പും വാഗ്ദാനം ചെയ്യുകയും ജയിച്ചുകയറിയാല്‍ പൊതുഫണ്ടില്‍ നിന്ന് പണം മുടക്കി അവ നല്‍കുകയും ചെയ്യുന്ന രീതികളും നിലവിലുണ്ട്. അതില്‍നിന്നും അല്‍പം കൂടി കടന്നാണ് നോട്ടെറിഞ്ഞുള്ള വോട്ടുപിടുത്തം. സമ്പന്നരായ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാത്രമേ ഇതിന് കഴിയൂ. എം പിമാരുടെ വോട്ടിന് വേണ്ടി പോലും കോടികള്‍ നല്‍കുന്ന രാജ്യമാണല്ലോ നമ്മുടേത്.
ലോകസഭാ എം പിമാരില്‍ 300 പേര്‍ കോടീശ്വരന്മാരായത് യാദൃച്ഛികമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വിവിധ സംസ്ഥാന നിയമസഭകളില്‍ എം എല്‍ എമാരിലും പണക്കാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയം ജനസേവനത്തിന് എന്ന ആശയം അന്യം നിന്നുപോയിട്ട് കാലമേറെയായി. കോടികള്‍ ചെലവിട്ട് ജയിച്ചുകയറുന്നവര്‍ക്ക് രാഷ്ട്രീയം ഇന്ന് ലാഭകരമായ വ്യവസായമാണ്. കുത്തകക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും വന്‍കിട വ്യവസായികളുടെയും താളത്തിനൊത്ത് തുള്ളാന്‍ ഇത്തരം ജനപ്രതിനിധികള്‍ക്ക് അശേഷം മന:സാക്ഷിക്കുത്തില്ലെന്നതാണ് ഏറെ ആശങ്കാജനകം. ഈ ദൗര്‍ബല്യങ്ങളെ മറികടക്കുന്നതിനെ കുറിച്ച് ഗൗരവപൂര്‍വമായ ആലോചന അനിവാര്യമായിരിക്കുന്നു. പണാധിപത്യം നിയന്ത്രണാധീനമായാല്‍ ഇടിമുഴക്കം പോലെ കഠോരമായിരിക്കും ജനാധിപത്യത്തിന്റെ ഭാവി.
ഉത്തര്‍പ്രദേശില്‍ കോണ്ഗ്രസ്സിന് പച്ച തൊടാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ അവിടെ പനമോഴുക്കില്ല. മറിച്ച് ഇറക്കുന്നവരെ ആദായനികുതി വകുപ്പിനെകൊണ്ട് പിടിപ്പിക്കും. കേരളത്തില്‍ കോണ്ഗ്രസ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടയിരുന്നത് കാരണം ഇലക്ഷന്‍ സമയത്ത് പിടിച്ച കല്ലപ്പനത്തെപറ്റി യാതൊരു അന്വേഷണവും ഉണ്ടായില്ല. മറ്റുള്ളവര്‍ ചെയുമ്പോള്‍ തെറ്റും തങ്ങള്‍ ചെയുമ്പോള്‍ ശരിയും എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോണ്ഗ്രസിന്റെ നിലപാട്. അതാണ് കള്ളപ്പണം ധാരാളം ഒഴുകാന്‍ ഒരു കാരണം.
ReplyDelete