Thursday, April 12, 2012

മുസ്‌ലിംലീഗിന ആഹ്‌ളാദിക്കാം


            ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലിയും കേരള കോണ്‍ഗ്രസ് ജെയിലെ അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. ഒരു വര്‍ഷമായി ആകാംക്ഷാപൂര്‍വം കാത്തിരുന്ന അഞ്ചാം മന്ത്രിപദം ലഭിച്ചതില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കും മഞ്ഞളാംകുഴി അലിയുടെ അധികാരലബ്ധി പ്രവചിച്ച പാര്‍ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബുതങ്ങള്‍ക്കും തീര്‍ച്ചയായും ആഹ്‌ളാദിക്കാം. പി കെ കുഞ്ഞാലിക്കുട്ടി കൈകാര്യംചെയ്ത നഗരകാര്യവും ന്യൂനപക്ഷ ക്ഷേമവുമാണ് അലിക്ക് അനുവദിച്ച വകുപ്പുകളെങ്കില്‍ പിതാവ് ടി എം ജേക്കബ് കൈകാര്യംചെയ്ത ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകപ്പ് തന്നെയാണ് അനൂപിന് ലഭിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അടക്കം പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന്  ചില മന്ത്രിമാരും യു ഡി എഫ് എം എല്‍ എമാരും വിട്ടുനിന്നത് എന്തായാലും ഉചിതമായില്ല.

             പിറവം ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയത്തെ തുടര്‍ന്ന് ഉടന്‍ നടക്കേണ്ടിയിരുന്ന അനൂപിന്റെ സത്യപ്രതിജ്ഞ ഇത്രയും നീട്ടിക്കൊണ്ടുപോയതു തന്നെ യു ഡി എഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരുന്നു.  ലീഗിന്റെ അഞ്ചാംമന്ത്രിയും അനൂപിനൊപ്പം ചുമതലയേല്‍ക്കണമെന്ന് ലീഗ് നിര്‍ബന്ധം പിടിച്ചപ്പോള്‍ സാമുദായിക സന്തുലിതത്വം തകരുമെന്ന ആരോപണങ്ങള്‍ക്ക് ശക്തികൂടി. യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തു. പിന്നീട്  തിരക്കിട്ട ചര്‍ച്ചകളായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ  കേരളസമൂഹം അംഗീകരിക്കില്ലെന്ന നിലയില്‍ പ്രചാരണം  മുറുകി. നിരവധി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.അഭ്യൂഹങ്ങള്‍ക്ക് കനം കൂടി. അതിനിടയില്‍ യൂത്ത്‌ലീഗുകരരും യൂത്തുകോണ്‍ഗ്രസുകാരും പ്രതിഷേധ പ്രകടനവുമായി രംഗത്തുവന്നു. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വീടുകളിലേക്കുവരെ പ്രതിഷേധം നീണ്ടപ്പോള്‍ കാര്യം കൈവിട്ടുപോകുമെന്ന ആശങ്ക പരന്നു.

           അഞ്ചാംമന്ത്രിയില്ലെങ്കില്‍ നിലവിലുള്ള നാലുമന്ത്രിമാരെയും പിന്‍വലിക്കണമെന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ വാദമുന്നയിച്ച സാഹചര്യത്തില്‍  യു ഡി എഫ് തിരക്കിട്ട് സമ്മേളിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ഇത് പക്ഷെ കെ പി സി സിയും ഹൈക്കമാണ്ടും കൈക്കൊണ്ട നിലപാടിന് വിരുദ്ധമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളായ വി എം സുധീരനും കെ മുരളീധരനും ആര്യാടന്‍ മുഹമ്മദും ഡി പ്രതാപനും വി ഡി സതീശനും രംഗത്തുവന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് ഇവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.  ഇങ്ങനെയെങ്കില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ ഒരു വര്‍ഷം വൈകിച്ചതെന്തിനാണെന്നാണ് അവരുടെ ചോദ്യം.  ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് പ്രതിപക്ഷവും ആരോപിച്ചിരിക്കുന്നു.

            അനൂപിന്റെയും അലിയുടെയും സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത പത്രസമ്മേളനവും അതീവ ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ അദ്ദേഹം വലിയ അഴിച്ചുപണി തന്നെ നടത്തി. താന്‍  വഹിച്ച ആഭ്യന്തരവകുപ്പ്  ഒഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കും ഇനി ആഭ്യന്തരവകുപ്പ് മന്ത്രി. റവന്യൂവകുപ്പ് അടൂര്‍ പ്രകാശിന് നല്‍കി.  വി എസ് ശിവകുമാറിന് ആരോഗ്യവകുപ്പും. അലിയെ മന്ത്രിയാക്കുന്നതിനെ ചോദ്യംചെയ്ത ആര്യാടന്‍ മുഹമ്മദിന് വൈദ്യുതിക്ക് പുറമെ ഗതാഗതവകുപ്പിന്റെ അധികച്ചുമതല നല്‍കിയിട്ടും അദ്ദേഹത്തിന്റെ അമര്‍ഷം കെട്ടടങ്ങിയിട്ടില്ല.

              ലീഗിന് ഒരു മന്ത്രിപദം കൂടി നല്‍കുന്നതിനെതിരെ രംഗത്തുവന്ന എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയേയും തണുപ്പിക്കാനാണ് ഈ വകുപ്പ് പുന:സംഘടനയെങ്കിലും അതും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് വേണം കരുതാന്‍. എന്‍ എസ് എസ് നേതാവ് സുകുമാരന്‍ നായരും എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും ന്യൂനപക്ഷ പ്രീണനമെന്ന വാദത്തില്‍ നിന്ന് പുറകോട്ട് പോകാന്‍ തയാറായിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യം പുനരാലോചിക്കുമെന്ന് ഇരുവരും മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

            എം എല്‍ എമാരുടെ എണ്ണം പരിഗണിച്ചാല്‍ ലീഗിന,് പി സി ജോര്‍ജ് സൂചിപ്പിച്ചതുപോലെ എഴ് മന്ത്രിമാര്‍ക്ക് വരെ അവകാശമുണ്ട്. എന്നാല്‍ 20 മന്ത്രിമാരെ പോലും സഹിക്കാന്‍ കൊച്ചുകേരളത്തിന് ത്രാണിയില്ല. അതുകൊണ്ടാണ് മുന്‍ സര്‍ക്കാരുകള്‍ മന്ത്രിമാരുടെ എണ്ണം 20ല്‍ ഒതുക്കിയത്. മാത്രമല്ല ലീഗിനെ സംബന്ധിച്ചെടുത്തോളം ഈ കച്ചവടത്തില്‍ സത്യത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചതും. ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് എന്തുകൊണ്ടും പാര്‍ടിക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ തവണ എ കെ ആന്റണിക്ക് വേണ്ടി മുസ്‌ലിംലീഗ് അവരുടെ സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴാകട്ടെ അലിക്ക് മന്ത്രിപദം നല്‍കിയെന്ന കാരണത്താല്‍  രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നു. ലീഗിന് ലഭിച്ചതാകട്ടെ കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്തി മന്ത്രിപദം വാങ്ങിയെന്ന ചീത്തപ്പേരും.

         മുസ്‌ലിംലീഗില്‍ തന്നെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ നിരവധി നേതാക്കളുണ്ടായിരിക്കെ അവരെ മുഴുവന്‍ മാറ്റി നിര്‍ത്തിയാണ് നവാഗതനായ അലിക്ക് മന്ത്രിസ്ഥാനം  നല്‍കിയതെങ്കിലും പുതിയ സ്ഥാനലബ്ധി മറ്റാരേക്കാളും ഭംഗിയായി  നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് കരുതാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മങ്കടയും പെരിന്തല്‍മണ്ണയും ലീഗിന് തിരിച്ചുകിട്ടിയത് അലിയുടെ ആത്മാര്‍ഥമായ സഹായംകൊണ്ടാണ്.

           കേവലം രണ്ടുപേരുടെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് വളര്‍ത്തിയെടുത്തത്. പിറവം ഉപതെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയം തന്നെ അതിന് തെളിവാണ്. ആ പ്രതിഛായ നിലനിര്‍ത്തണമെങ്കില്‍ ഇനിയും ജാഗ്രവത്തായ പ്രവര്‍ത്തനം കൂടിയേ തീരൂ. മന്ത്രിസഭാ വികസനത്തിലൂടെ അതിന് മങ്ങലേല്‍ക്കാതിരിക്കാന്‍ അദ്ദേഹം വളരെ കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വകുപ്പുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചുനല്‍കിയാലും മന്ത്രിസഭയുടെ തലവന്‍ അദ്ദേഹം തന്നെയാണല്ലോ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...