Friday, November 25, 2011

പ്രതിഷേധം കയ്യേറ്റത്തിലേക്ക്


           കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ചോദിച്ചതുപോലെ രാജ്യം എങ്ങോട്ടാണ് പോകുന്നത്? ദിവസങ്ങള്‍ കഴിയുന്തോറും ആശങ്കകള്‍ പര്‍വ്വതമായുയരുകയാണ്. അതില്‍ ഏറ്റവും ഒടുവിലെത്തേതാണ് കേന്ദ്ര കൃഷിവകുപ്പുമന്ത്രി ശരത് പവാറിന് നേരെ നടന്ന കയ്യേറ്റം. ഡല്‍ഹി എന്‍ ഡി  എം സി ഓഡിറ്റോറിയത്തില്‍ സെമിനാറില്‍ പങ്കെടുത്ത ശേഷം സംഘാടകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉച്ചക്ക് രണ്ടുമണിക്ക് സിഖുകാരനായ ഹര്‍വീന്ദര്‍ സിംഗ് മന്ത്രിയുടെ കരണത്തടിച്ചത്. പവാര്‍ അഴിമതിക്കാരനും വിലക്കയറ്റത്തിന് ഉത്തരവാദിയുമാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം. പ്രധാനമന്ത്രിയടക്കം ബി ജെ പിയുടെയും സി പി എമ്മിന്റേതുമുള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും സംഭവത്തെ നിശിതമായി അപലപിച്ചിട്ടുണ്ട്.

          ശനിയാഴ്ച കോടതിവളപ്പില്‍ വെച്ച് അഴിമതിക്കേസിലെ പ്രതിയായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിനെ അക്രമിച്ചത് താനാണെന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ നടത്തിയ ടെലികോം അഴിമതിയുടെ പേരില്‍ അഞ്ചുകൊല്ലത്തെ കഠിനതടവിനാണ് സുഖ്‌റാം ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ അന്നത്തെ തിരക്കില്‍ ഹര്‍വീന്ദര്‍ സിംഗിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. അതേസമയം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അരയില്‍ കത്തിയുമായി ഇയാള്‍  കടന്നെത്തിയതും അത്രയും നേരം അവിടെ ചെലവഴിച്ചതും ഹീനമായ സുരക്ഷാ വീഴ്ചയിലേക്കും വിരല്‍ചൂണ്ടുന്നു. പവാറിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ തള്ളിമാറ്റിയതിനാല്‍ കൂടുതല്‍ ആക്രമണമുണ്ടായില്ല. എന്നാല്‍ മന്ത്രി പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ ഇയാള്‍ അരയില്‍ കരുതിയ കത്തി വലിച്ചൂരിയത് അമ്പരപ്പുളവാക്കി.
 
           വിലക്കയറ്റവും അഴിമതിയും സകല സീമകളും തകര്‍ത്ത് മുന്നേറുന്നതില്‍ ഹര്‍വീന്ദര്‍ സിംഗിനെ പോലെ  ഇന്ത്യന്‍ ജനത മുഴുവന്‍ രോഷാകുലരാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മൂന്നുദിവസം പിന്നിട്ടതേയുള്ളൂ. എല്ലാ ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ബഹളവും പോര്‍വിളികളും നടുത്തളത്തിലിറങ്ങലുമല്ലാതെ മറ്റൊന്നും ഇരുസഭകളിലും നടക്കുന്നില്ല. ദിവസംപ്രതി രണ്ടുകോടി രൂപ ചെലവഴിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രധാനമായും മുഴങ്ങിയത് വിലക്കയറ്റത്തിനും കള്ളപ്പണത്തിനും എതിരായ പ്രതിഷേധം തന്നെയായിരുന്നു.

            ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ ഉപവാസം വിജയിച്ചത് അകമഴിഞ്ഞ ജനപിന്തുണ കൊണ്ട് മാത്രമായിരുന്നുവല്ലോ. ഭരണ- പ്രതിപക്ഷ ഭേദമന്യേ ഹസാരെയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നത് അഴിമതിയോടുള്ള ജനവികാരം അത്ര ശക്തമായതുകൊണ്ടാണെന്ന് ഭരണകൂടം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

           എല്ലാ നിയന്ത്രണങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ട് വിലക്കയറ്റം വീര്‍പ്പുമുട്ടിക്കുമ്പോള്‍ നിഷ്‌ക്രിയത്വവും നിസ്സംഗതയും പുലര്‍ത്തുന്ന ഭരണകൂടം സത്യത്തില്‍ ജനങ്ങളില്‍നിന്ന് അകലുന്നുവെന്നതാണ് വാസ്തവം. പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. ഈ വര്‍ഷം തന്നെ അഞ്ചുതവണയാണ് പൊട്രോളിനും ഡീസലിനും മറ്റും വില വര്‍ധിപ്പിച്ചത്. ഹര്‍ത്താലുകളും പണിമുടക്കുകളുമൊന്നും ഭരണകൂടം കണ്ട ഭാവം നടിച്ചില്ല.

            പാവപ്പെട്ടവരും ഇടത്തരക്കാരുമായ മഹാഭൂരിപക്ഷം രണ്ടറ്റം മുട്ടിക്കാന്‍ പെടുന്ന പാട് ഒരു വശത്ത്. കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനം കുറഞ്ഞുവരുന്നു. ഉള്ള ഉല്‍പന്നങ്ങള്‍ക്കാവട്ടെ തൃപ്തികരമായ വില ലഭിക്കുന്നുമില്ല. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യവും ഭീതിജനകമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രവാസികളുടെ കനിവില്ലായിരുന്നുവെങ്കില്‍ കേരളം പോലുള്ള  സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പിച്ചപ്പാളയെടുത്തേനേ.

          മുമ്പ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയാണ് ജനങ്ങളുടെ മന:സമാധാനം തകര്‍ത്തതെങ്കില്‍ ഇന്ന് കുറുന്തോട്ടിക്കാണ് വാദം. അഴിമതി തുടച്ചുനീക്കാന്‍ ബാധ്യസ്ഥരായവര്‍ അധികാരക്കസേരയിലിരുന്നുകൊണ്ടും കോടികളുടെ അഴിമതി നടത്തുന്നു. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ ഘടകകക്ഷികളുടെ അഴിമതിക്കു മുന്നില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും വരെ ക്രൂരമായ മൗനം പാലിക്കുന്നു. കോടികളുടെ നികുതിപ്പണം വെട്ടിപ്പുനടത്തി വിദേശബാങ്കുകളില്‍ വന്‍  നിക്ഷേപം സ്വരൂപിച്ചവരെ കുറിച്ച് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് പോലും അവഗണിക്കപ്പെടുമ്പോള്‍ ഇനി ആരിലാണ് ജനം പ്രതീക്ഷയര്‍പ്പിക്കേണ്ടത്. കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ മടിക്കുന്നതെന്തുകൊണ്ട്?

              ഈ സാഹചര്യത്തിലാണ് ഹര്‍വീന്ദര്‍ സിംഗിന്റെ പ്രതിഷേധവും കരണത്തടിയും  നാം ചര്‍ച്ച ചെയ്യുന്നത്. ബി ജെ പി നേതാവ് യശ്വന്ത് സിഹ്ന വിലക്കയറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ പറഞ്ഞ കാര്യം വളരെ ഗൗരവമുള്ളതായിരുന്നു. ഇക്കണക്കിന് പോയാല്‍ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ഥിതിവരുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പാണ് സിക്ക് യുവാവിലൂടെ രാജ്യം കണ്ടത്. വിലക്കയറ്റത്തിനെതിരെയുള്ള ഇത്തരം കയ്യേറ്റങ്ങളെ  ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതില്‍ മന്ത്രിമാര്‍ക്കുള്ള പങ്ക്  കണ്ടില്ലെന്ന് നടിക്കാനുമാവില്ല. പ്രതീക്ഷയോടെ മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കപ്പെടാതെ വന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം കൈവിട്ട് പോകുന്നുവെങ്കില്‍ അത് അവരുടെ മാത്രം കുറ്റമായി കാണാനാവുമോ? അറബ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലും ഫ്രാന്‍സിലും ബ്രിട്ടനിലുമൊക്കെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുമെല്ലാം നമ്മുടെ ഭരണകൂടങ്ങള്‍ക്കും വലിയ പാഠമല്ലേ? വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകാനുള്ള വിവേകമാണ് ഇനിയെങ്കിലും ഭരണാധികാരികള്‍ പ്രകടിപ്പിക്കേണ്ടത്.

Wednesday, November 23, 2011

ഇശ്‌റത്ത്-പ്രാണേഷ് വധം: ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ


          കാലം നരേന്ദ്രമോഡിയോട് കണക്കുചോദിക്കുന്നു. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സത്യം പുറത്തുവിട്ടത് ഗുജറാത്തിലെ ഉന്നത നീതിപീഠം തന്നെ. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയ നാലുപേരും നിരപരാധികളായിരുന്നുവെന്ന കണ്ടെത്തല്‍ അധികാരത്തിന്റെ തണലില്‍ തേര്‍വാഴ്ച ഹോബിയാക്കിയവര്‍ക്കെല്ലാമുള്ള അതിശക്തമായ താക്കീതാണ്. 2004 ല്‍ ഇശ്‌റത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷിച്ച പ്രത്യേക അന്വേഷണ (എസ് ഐ ടി) സംഘമാണ് കണ്ടെത്തിയത്. എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശം നമ്മുടെ നീതിന്യായ ചരിത്രത്തിലെ തന്നെ  സുപ്രധാന നാഴികക്കല്ലായി ചരിത്രത്തില്‍ ഇടംനേടും.  വ്യാജ ഏറ്റുമുട്ടലിന് ചുക്കാന്‍ പിടിച്ചത് ആര്, കൊലപാതകികളുടെ യഥാര്‍ഥ ലക്ഷ്യമെന്ത്, സമയമേത് തുടങ്ങിയ കാര്യങ്ങളും ഇനിയും പുറത്തുവരേണ്ടതുണ്ടെന്നും കോടതിക്ക് വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ ഐശ്വര്യത്തിന്റെ പച്ചപ്പിലെത്തിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുകയും ചെയ്യും.

            2004 ജൂണ്‍ 15നാണ് അഹമ്മദ്ബാദിനടുത്ത് വെടിയേറ്റ് മരിച്ചനിലയില്‍ നാലു പേരെയും കാണപ്പെട്ടത്. മുഖ്യമന്ത്രി മോഡിയെ വധിക്കാനെത്തിയ ലശ്ക്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നും പൊലീസ് പ്രചരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മുസ്‌ലിം ഭീകരരുടെയും ലക്ഷ്യം താനാണെന്ന് സ്ഥാപിച്ചെടുത്ത് നായകപരിവേഷം സൃഷ്ടിക്കുകയായിരുന്നു മോഡി. 2002 ഒക്‌ടോബര്‍ മുതല്‍ 2007 വരെ ഇത്തരം 21 ഏറ്റുമുട്ടലുകള്‍ ഗുജറാത്തിലെ കാക്കിക്രിമിനലുകള്‍ നടത്തിയെന്നാണ് കണക്ക്. 21 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും മുസ്‌ലിംകളായിരുന്നു. പൊലീസ്ഭാഷ്യം അനുസരിച്ച് ഇവരെല്ലാം മോഡിയെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഭീകരരായിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും തുടരന്വേഷണം നടത്താന്‍ പോലീസ് മെനക്കെട്ടില്ല.

          ഇതില്‍ 2005ല്‍ സൊഹറാബുദ്ദീന്‍ ശെയ്ഖും ഭാര്യ കൗസര്‍ ബായിയും വധിക്കപ്പെട്ട കേസില്‍ 2007 ഏപ്രിലില്‍  ഡി ജി വന്‍സാര  ഉള്‍പ്പെടെ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് വഴിത്തിരിവുണ്ടായത്. വ്യാജ ഏറ്റുമുട്ടലുകളെ പറ്റി സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വേലി തന്നെയാണ് വിള തിന്നുന്നതെന്ന് കണ്ടെത്തിയത്.
ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍, പ്രാണേഷിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 2009ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്വന്തം നേട്ടത്തിനാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യം നിര്‍വഹിച്ചതെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് ഓരോ സംസ്ഥാനവും പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നത്.  എന്നാലിവര്‍ കാക്കിയണിഞ്ഞ കാട്ടാളന്മാരാണെന്ന് വന്നാല്‍ എന്താകും നാടിന്റെ ഭാവി. അത്യന്തം സ്‌തോഭജനകമായ അവസ്ഥകളെ ലഘൂകരിക്കാന്‍ നീതിപീഠം തന്നെ കനിയണം എന്ന് വരുന്നതും അങ്ങേയറ്റം ദു:ഖകരം തന്നെ.

          അന്വേഷണം ഏത് ഏജന്‍സി നടത്തിയാലും ഗുജറാത്തില്‍ അവര്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്. സൊഹറാബുദ്ദീന്‍ ശെയ്ഖ്-കൗസര്‍ ബായി വധക്കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ സംഘം, ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്. കേസ് മറ്റേതെങ്കിലും സ്റ്റേറ്റിലേക്ക് മാറ്റണമെന്നും സി ബി ഐ ആവശ്യപ്പെടുകയുണ്ടായി. ബെസ്റ്റ്‌ബേക്കറി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് കേസ് ഗുജറാത്തിന് പുറത്ത് മഹരാഷ്ട്രയില്‍ നടത്തിയപ്പോഴായിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി ആ പാപക്കറ കഴുകിക്കളഞ്ഞിരിക്കുന്നു.

           പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് സദ്ഭാവനായാത്രകള്‍ സംഘടിപ്പിച്ച് ജനത്തിന്റെ മനംകവരാന്‍ തന്ത്രങ്ങള്‍ മെനയുന്ന നരേന്ദ്രമോഡിക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊല വലിയ തിരിച്ചടി തന്നെയാണ്. അത്യാഗ്രഹികളായ പൊലീസുദ്യോഗസ്ഥരെ കരുവാക്കി മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് വരുത്തി പ്രതിച്ഛായ നന്നാക്കുകയും ചെയ്യുന്ന മോഡി വലിയ രക്തദാഹി കൂടിയാണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ഇശ്‌റത്ത്-പ്രാണേഷ് വധം സഹായിച്ചിരിക്കുന്നു. കൊലപാതകത്തില്‍ മോഡിക്കുള്ള പങ്കാണ് ഇനി അന്വേഷിക്കേണ്ടത്. വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളായ പൊലീസ് ഓഫീസര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണം. അതുപോലെ തന്നെയോ അതിലേറെയോ സുപ്രധാനമാണ് ഇരകള്‍ക്ക് നീതിയും സന്തപ്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കുകയെന്നത്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ആദ്യം വേണ്ടത് മോഡി രാജിവെക്കുകയാണ്. ഇതൊക്കെ സത്വരമായും  സത്യസന്ധമായും നടക്കണമെങ്കില്‍ മോഡി മുഖ്യമന്ത്രി പദം ഒഴിഞ്ഞേ മതിയാകൂ. ഗുജറാത്ത് കലാപക്കേസുള്‍ മോഡി കൈകാര്യം ചെയ്ത രീതിയെ കോടതികള്‍ പലവട്ടം വിമര്‍ശിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുകയും അതിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വേവിച്ചെടുക്കുകയും ചെയ്താല്‍ അവസാനം വലിയ  വില നല്‍കേണ്ടിവരുമെന്ന് പൊലീസുദ്യോഗസ്ഥരും ഓര്‍ക്കണം.

Monday, November 21, 2011

വേണ്ടത് സമ്പൂര്‍ണ മദ്യനിരോധം


           മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ വളരെ ലാഘവബുദ്ധിയോടെയാണ് ഇപ്പോഴും അത് കൈകാര്യം ചെയ്യുന്നത്. നമുക്ക് പൂര്‍ണ മദ്യ നിരോധത്തെ പറ്റി ഉറക്കെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ഇനിയും വൈകിയാല്‍ നഗ്നമായ കൊള്ളരുതായ്മകള്‍ വരുത്തിവെക്കുന്ന  വേദനാജനകമായ അനുഭവങ്ങളായിരിക്കും മലയാളക്കരയെ തേടിയെത്തുക. ഹൃദയഭേദകമായ സംഭവങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമൊന്നുമില്ല. യു ഡി എഫ് ഗവണ്‍മെന്റ് 22 ബാറുകള്‍ക്ക് കൂടി അനുവാദം നല്‍കിയത് വി എം സുധീരനെ മാത്രമല്ല രോഷം കൊള്ളിച്ചത്. ജനങ്ങള്‍ക്ക് പ്രിയങ്കരനായ അദ്ദേഹം എപ്പോഴും ജനപക്ഷത്ത് നില്‍ക്കാന്‍ ധൈര്യം കാണിച്ച നേതാവാണ്. മദ്യവില്‍പ്പനയിലൂടെ വരുമാനമുണ്ടാക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇത്തരം വരുമാനം ഗുണപ്രദമല്ലെന്ന പക്ഷക്കാരനാണ് സുധീരന്‍.

          മദ്യമില്ലാത്ത ടൂറിസം മതിയെന്ന് സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും ആവശ്യപ്പെട്ടിരിക്കുന്നു. സുധീരന്‍ എതിര്‍പ്പുമായി രംഗത്തു വരുന്നതുവരെ ലീഗ് മൗനം പാലിച്ചു. അവര്‍ക്കിത് നേരത്തെ ആകാമായിരുന്നു.  മദ്യം കുടിക്കരുത്, വില്‍ക്കരുത്, ചുമക്കരുത് എന്നൊക്കെ  ഇസ്‌ലാം കര്‍ക്കശമായി വിലക്കിയിട്ടുണ്ട്. ആ നിലക്ക് മദ്യം പാടേ നിരോധിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടേണ്ടത്. മത സംഘടനകളും ആ ഈവശ്യം ശക്തമായി ഉന്നയിക്കണം. മന്ത്രിസഭയിലും യു ഡി എഫ് യോഗത്തിലും പാര്‍ട്ടിയുടെ ഇതു സംബന്ധിച്ച പ്രഖ്യാപിത നിലപാട് അവതരിപ്പിച്ച് തിരുത്തിക്കാന്‍ ലീഗ് വിചാരിച്ചാല്‍ കഴിയും. പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞിട്ടും കാര്യങ്ങള്‍ നടക്കാത്തതിനാലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്.   പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനയോഗത്തിലും തന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് സുധീരന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത്.

           എഴുനൂറിലധികം ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. വീണ്ടും ബാര്‍ ഹോട്ടലുകള്‍ വര്‍ധിപ്പിക്കുന്നത് മദ്യപാനികളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്നെ വലിയ അബ്കാരിയാണ്. മദ്യരാജാക്കന്മാരായ എം എല്‍ എമാരും നമുക്കുണ്ട്. സാമാജികരില്‍ ചിലര്‍ മദ്യപിച്ച് സഭയില്‍ എത്തുന്ന കാര്യം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത് ഈയ്യടുത്ത കാലത്താണ്. അതുകൊണ്ട് ദീര്‍ഘവീക്ഷണമുള്ള മദ്യവിരുദ്ധ നിലപാട്  അടുത്തൊന്നും പ്രതീക്ഷിക്കേണ്ട.  മദ്യപന്മാരുടെ അഴിഞ്ഞാട്ടം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ.

           സമൂഹത്തിന് ഗുണകരമായ പലതും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അധികാരമേറ്റയുടന്‍ ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മപരിപാടിയും മുഖ്യമന്ത്രി ജില്ലകള്‍ തോറും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും തിളക്കമാര്‍ന്ന ഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എല്ലാ പരിപാടികളിലും ആണയിടുന്ന ഉമ്മന്‍ചാണ്ടിക്ക് പക്ഷെ ചില കാര്യങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം അതില്‍ പെടും. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനവും മാര്‍ക്കറ്റ് ഫെഡ് എം ഡിയായി പ്രമോഷനും നല്‍കിയതാണ് മറ്റൊന്ന്. മദ്യത്തിന്റെ വ്യാപനം ഉദാരമാക്കുന്ന ബാര്‍ ലൈസന്‍സുകള്‍ നിര്‍ലോഭം വിതരണം ചെയ്യുന്നതാണ് അവസാനത്തേത്.

          മദ്യവ്യാപനം തടയുന്നതിന് സമയബന്ധിതമായി കര്‍മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെടാനാണ് ശനിയാഴ്ച ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി തീരുമാനിച്ചത്. ഇപ്പോള്‍ നടക്കുന്ന മദ്യവ്യാപാരം അങ്ങനെ തന്നെ തുടരട്ടെ, കൂടുതല്‍ വേണ്ട എന്നാണോ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടത്? ഇപ്പോള്‍ തന്നെ മദ്യാസക്തിമൂലം കാലത്തിന്റെ ആകുലതകള്‍ക്ക് വല്ലാതെ കനം വെച്ചിരിക്കുകയാണ്. ഒരര്‍ഥത്തില്‍ തിന്മകളുടെയും ജീര്‍ണതകളുടെയും ഉത്സവകാലമാണിവിടെ. സര്‍ക്കാരിന്റെ ഒരു രൂപക്ക് അരി പദ്ധതിയുടെ നേട്ടം പോലും മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചതു മൂലം ഇല്ലാതായിരിക്കുന്നു. അരി വില കുറയ്ക്കുകയും മദ്യം യഥേഷ്ടം  ലഭ്യമാക്കുകയും ചെയ്തപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുന്ന ദുസ്സഹമായ ദുരവസ്ഥയെ ക്രൈസ്തവ സംഘടനകളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

          കേരളം കണികണ്ടുണരുന്നത് തന്നെ പത്രമാധ്യമങ്ങളിലെ റോഡപകടങ്ങളുടെയും പീഡനങ്ങളുടെയും പിടിച്ചുപറി, കൊല, കൊള്ള തുടങ്ങിയ കൊള്ളരുതായ്മകളുടെയും വലിയ തലക്കെട്ടുകളുമായാണ്. മദ്യത്തിന്റെ ഉപയോഗം എല്ലാ സംഭവങ്ങളിലും ഒരു പ്രധാനഘടകമായി വര്‍ത്തിക്കുന്നുവെന്ന്  അവ പരിശോധിച്ചാല്‍ മനസ്സിലാകും. ഇനിയും ഇത്തരം അനേകം കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെടും. നേതാക്കളുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയോടെ എല്ലാം കെട്ടടങ്ങുകയും ചെയ്യും.
എക്‌സൈസിലൂടെ ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാരിന്റെ മൂലധനമെന്ന് പറയുന്നത് സത്യസന്ധമായ വിശകലനമാണെന്ന് തോന്നുന്നില്ല.   മദ്യത്തിലൂടെയുള്ള വരുമാനത്തിന്റെ കണക്കു പറയുന്നവര്‍ ഒരിക്കല്‍ പോലും അത് സൃഷ്ടിക്കുന്ന കഷ്ടനഷ്ടങ്ങളെ പറ്റി മിണ്ടാറില്ല. മദ്യം സൃഷ്ടിക്കുന്ന നഷ്ടത്തിന്റെ കണക്ക് എടുത്താല്‍ ഏതെങ്കിലും ഒരു മേഖലയെ മാത്രം പരിശോധന വിധേയമാക്കിയാല്‍ മതിയാവില്ല. മദ്യം ആരോഗ്യം തകര്‍ത്ത് രോഗിയാക്കുന്നു. കുടുംബം തകര്‍ത്ത് പരസ്പരം അകറ്റുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും ജയിച്ചാല്‍ വിജയമാഘോഷിക്കാനും പ്രവര്‍ത്തര്‍ക്ക് മദ്യം കൂടിയേ തീരൂ എന്നും വന്നിരിക്കുന്നു. മദ്യത്തിനെതിരെ സമ്മര്‍ദം മുറുകുന്നതു എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും ഗൗരവപൂര്‍വം ആലോചിക്കണം. ശക്തമായ നടപടികളും ഉണ്ടാവണം.

Saturday, November 19, 2011

ഇനി ജയരാജനാണ് താരം


          കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് എം വി ജയരാജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഉന്മേഷം പകരും. നീതി തേടുന്നവക്ക് രാജ്യത്തെ അവസാന അഭയകേന്ദ്രമാണ് കോടതികള്‍. ജയരാജന് തടവുശിക്ഷ വിധിച്ചപ്പോള്‍ ജാമ്യത്തിന് അവസരം നല്‍കാതിരുന്ന ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജയരാജന്റെ ആവശ്യം പരിഗണിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. വിധിന്യായത്തില്‍ പുഴു, വിഷസര്‍പ്പം തുടങ്ങിയ മോശമായ ഭാഷ ഹൈക്കോടതി ഉപയോഗിച്ചത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

          ജയരാജനെ പതിനായിരം രൂപ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഹൈക്കോടതിക്ക് മുമ്പില്‍ സി പി എം നടത്തിയ പ്രതിഷേധ സമരത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ജഡ്ജിമാരെയും മറ്റും കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് അമ്പരപ്പുളവാക്കുന്ന അസാധാരണ സംഭവമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ നിയമം അനുവദിക്കുന്ന പരിധി വരെ വിധിയെ ആര്‍ക്കും വിമര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

          സി പി എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന സമരത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നത് തടഞ്ഞെന്ന്  മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ വി ഗിരിയാണ് സുപ്രീം കോടതിയെ അറിയിച്ചത്. സമരം കാരണം ജഡ്ജിമാര്‍ക്ക് രാവിലെ എട്ടരക്ക് മുമ്പുതന്നെ കോടതിയിലെത്തേണ്ടിവന്നു. രാവിലെ തന്നെ കോടതി പരിസരം സമരക്കാര്‍ വളഞ്ഞിരുന്നു. മോശമായ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. വ്യക്തിപരമായി ജഡ്ജിമാര്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ഥാപനമെന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല എന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ ഗിരി വാദിക്കുകയുണ്ടായി.

          എന്നാല്‍ ഹൈക്കോടതിക്ക് വേണ്ടി ഒരു അഭിഭാഷകന്‍ പ്രത്യേകമായി ഹാജരാകുന്നത് അത്യപൂര്‍വ സംഭവമാണ്. ഹൈക്കോടതിക്ക് വേണ്ടിയുള്ള വാദങ്ങളാണ് അദ്ദേഹം നിരത്തിയതെങ്കിലും അവയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് സി പി എം ജനറല്‍ സെക്രട്ടറിയുടെ വാദം. പാതയോരത്ത്  പൊതുയോഗം നടത്തുന്നത് നിരോധിച്ചപ്പോഴാണ്  എം വി ജയരാജന്‍ അതിനെ ചോദ്യംചെയ്തത്. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ ജയരാജന്‍ നടത്തിയ ശുംഭന്‍ പ്രയോഗം പക്ഷെ അതിരുകടന്നതായിപ്പോയി. അത് തിരുത്താന്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നതിന് പകരം ന്യായീകരിക്കാനാണ് അദ്ദേഹവും പാര്‍ട്ടിയും ശ്രമിച്ചത്. അത് സ്വാഭാവികമായും ജഡ്ജിമാരെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം. കോടതിയലക്ഷ്യത്തിന് പരമാവധി ശിക്ഷ വിധിച്ചതിനു ശേഷവും വിധി സസ്‌പെന്റ് ചെയ്ത് ജയരാജന് ജാമ്യം അനുവദിക്കാത്ത നടപടിയാണ് സുപ്രീം കോടതിയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.

           ഈ പ്രതിഷേധം തെരുവില്‍ കൊണ്ടുവരുന്നതിന് പകരം ഇപ്പോള്‍ സ്വീകരിച്ച മാര്‍ഗമാണല്ലോ സി പി എമ്മിന് ഗുണം ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ ഉന്നത നീതിപീഠത്തെ സമീപിച്ച് നീതി തേടാമെന്നിരിക്കെ ഹൈക്കോടതി വളഞ്ഞത് അനാവശ്യമായിപ്പോയി എന്ന് ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക് തോന്നുന്നുണ്ടാവണം. കോടതിയലക്ഷ്യ നിയമത്തിന്റെ സത്തക്ക് വിരുദ്ധമായിപ്പോയി ഹൈക്കോടതിയുടെ ജയരാജനെതിരെ വിധി നടപ്പാക്കിയരീതി. കോടതിയലക്ഷ്യ നിയമപ്രകാരമുള്ള അവകാശം ജയരാജന് അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഏതൊരാളും അര്‍ഹിക്കുന്ന നീതി എടുത്തുമാറ്റാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

           എന്തായാലും സ്വന്തം വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി കാണിച്ച ആവേശം ജയരാജന് വലിയ തുണയായി എന്ന് തന്നെ പറയണം. അപ്പീല്‍ സ്വീകരിച്ച ദിവസം തന്നെ ജാമ്യം ലഭിച്ചുവെന്നത് മാത്രമല്ല മെച്ചം. സുപ്രീം കോടതി നടപടി  അദ്ദേഹത്തിനും പാര്‍ട്ടിക്കും വലിയ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇനി ജൂഡീഷ്യറിയെ വെല്ലുവിളിക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കാനും ഈ വിധിക്ക് കഴിയും, കഴിയണം.

          കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് പാതയോരത്ത് പൊതുയോഗം നടത്താന്‍ അവകാശം നല്‍കുന്ന നിയമം നിയമസഭയില്‍ ഐകകണ്‌ഠ്യേന പാസാക്കിയിട്ടും നിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പിന്‍വലിഞ്ഞ യു ഡി എഫിന് ഇനി നിലപാട് വിശദീകരിക്കാന്‍ അല്‍പം  വിയര്‍ക്കേണ്ടിവരും. ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം സുപ്രീം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും പാര്‍ട്ടിക്ക് അത് ഗുണമാണ് ചെയ്യുക എന്ന  സി പി എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അസ്ഥാനത്തല്ല.

          ജയരാജനെ സംബന്ധിച്ചെടുത്തോളം ഈ ശിക്ഷയും മോചനവും രാഷ്ട്രീയമായി ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് തന്നെ പറയാം. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനായ ജയരാജന്‍, ഡി വൈ എഫ് ഐ നേതാവ് രമേശന്റെ മകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും ഇത് ചര്‍ച്ചാ വിഷയമായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിയാകെ മാറി. അവശേഷിക്കുന്ന സമ്മേളനങ്ങളില്‍ ജയരാജനായിരിക്കും താരം.    ഇപ്പോള്‍ തന്നെ ആരവവും ആര്‍പ്പുവിളിയുമായി അണികള്‍ അദ്ദേഹത്തെ വാനോളം വാഴ്ത്തിത്തുടങ്ങിയിരിക്കുകയല്ലേ. എന്തായാലും ഈ വിധി സി പി എം ശരിക്കും ആഘോഷിക്കുക മാത്രമല്ല മുതലാക്കുകയും ചെയ്യും. എന്നാല്‍ ഹൈക്കോടതി അദ്ദേഹത്തിന് വിധിച്ച ശിക്ഷ ഇളവുചെയ്യുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.
Related Posts Plugin for WordPress, Blogger...