കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ചോദിച്ചതുപോലെ രാജ്യം എങ്ങോട്ടാണ് പോകുന്നത്? ദിവസങ്ങള്‍ കഴിയുന്തോറും ആശങ്കകള്‍ പര്‍വ്വതമായുയരുകയാണ്. അതില്‍ ഏറ്റവും ഒടുവിലെത്തേതാണ് കേന്ദ്ര കൃഷിവകുപ്പുമന്ത്രി ശരത് പവാറിന് നേരെ നടന്ന കയ്യേറ്റം. ഡല്‍ഹി എന്‍ ഡി എം സി ഓഡിറ്റോറിയത്തില്‍ സെമിനാറില്‍ പങ്കെടുത്ത ശേഷം സംഘാടകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉച്ചക്ക് രണ്ടുമണിക്ക് സിഖുകാരനായ ഹര്‍വീന്ദര്‍ സിംഗ് മന്ത്രിയുടെ കരണത്തടിച്ചത്. പവാര്‍ അഴിമതിക്കാരനും വിലക്കയറ്റത്തിന് ഉത്തരവാദിയുമാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം. പ്രധാനമന്ത്രിയടക്കം ബി ജെ പിയുടെയും സി പി എമ്മിന്റേതുമുള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും സംഭവത്തെ നിശിതമായി അപലപിച്ചിട്ടുണ്ട്.
ശനിയാഴ്ച കോടതിവളപ്പില്‍ വെച്ച് അഴിമതിക്കേസിലെ പ്രതിയായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിനെ അക്രമിച്ചത് താനാണെന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ നടത്തിയ ടെലികോം അഴിമതിയുടെ പേരില്‍ അഞ്ചുകൊല്ലത്തെ കഠിനതടവിനാണ് സുഖ്‌റാം ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ അന്നത്തെ തിരക്കില്‍ ഹര്‍വീന്ദര്‍ സിംഗിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. അതേസമയം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അരയില്‍ കത്തിയുമായി ഇയാള്‍ കടന്നെത്തിയതും അത്രയും നേരം അവിടെ ചെലവഴിച്ചതും ഹീനമായ സുരക്ഷാ വീഴ്ചയിലേക്കും വിരല്‍ചൂണ്ടുന്നു. പവാറിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ തള്ളിമാറ്റിയതിനാല്‍ കൂടുതല്‍ ആക്രമണമുണ്ടായില്ല. എന്നാല്‍ മന്ത്രി പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ ഇയാള്‍ അരയില്‍ കരുതിയ കത്തി വലിച്ചൂരിയത് അമ്പരപ്പുളവാക്കി.
വിലക്കയറ്റവും അഴിമതിയും സകല സീമകളും തകര്‍ത്ത് മുന്നേറുന്നതില്‍ ഹര്‍വീന്ദര്‍ സിംഗിനെ പോലെ ഇന്ത്യന്‍ ജനത മുഴുവന്‍ രോഷാകുലരാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മൂന്നുദിവസം പിന്നിട്ടതേയുള്ളൂ. എല്ലാ ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ബഹളവും പോര്‍വിളികളും നടുത്തളത്തിലിറങ്ങലുമല്ലാതെ മറ്റൊന്നും ഇരുസഭകളിലും നടക്കുന്നില്ല. ദിവസംപ്രതി രണ്ടുകോടി രൂപ ചെലവഴിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രധാനമായും മുഴങ്ങിയത് വിലക്കയറ്റത്തിനും കള്ളപ്പണത്തിനും എതിരായ പ്രതിഷേധം തന്നെയായിരുന്നു.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ ഉപവാസം വിജയിച്ചത് അകമഴിഞ്ഞ ജനപിന്തുണ കൊണ്ട് മാത്രമായിരുന്നുവല്ലോ. ഭരണ- പ്രതിപക്ഷ ഭേദമന്യേ ഹസാരെയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നത് അഴിമതിയോടുള്ള ജനവികാരം അത്ര ശക്തമായതുകൊണ്ടാണെന്ന് ഭരണകൂടം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
എല്ലാ നിയന്ത്രണങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ട് വിലക്കയറ്റം വീര്‍പ്പുമുട്ടിക്കുമ്പോള്‍ നിഷ്‌ക്രിയത്വവും നിസ്സംഗതയും പുലര്‍ത്തുന്ന ഭരണകൂടം സത്യത്തില്‍ ജനങ്ങളില്‍നിന്ന് അകലുന്നുവെന്നതാണ് വാസ്തവം. പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. ഈ വര്‍ഷം തന്നെ അഞ്ചുതവണയാണ് പൊട്രോളിനും ഡീസലിനും മറ്റും വില വര്‍ധിപ്പിച്ചത്. ഹര്‍ത്താലുകളും പണിമുടക്കുകളുമൊന്നും ഭരണകൂടം കണ്ട ഭാവം നടിച്ചില്ല.
പാവപ്പെട്ടവരും ഇടത്തരക്കാരുമായ മഹാഭൂരിപക്ഷം രണ്ടറ്റം മുട്ടിക്കാന്‍ പെടുന്ന പാട് ഒരു വശത്ത്. കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനം കുറഞ്ഞുവരുന്നു. ഉള്ള ഉല്‍പന്നങ്ങള്‍ക്കാവട്ടെ തൃപ്തികരമായ വില ലഭിക്കുന്നുമില്ല. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യവും ഭീതിജനകമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രവാസികളുടെ കനിവില്ലായിരുന്നുവെങ്കില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പിച്ചപ്പാളയെടുത്തേനേ.
മുമ്പ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയാണ് ജനങ്ങളുടെ മന:സമാധാനം തകര്‍ത്തതെങ്കില്‍ ഇന്ന് കുറുന്തോട്ടിക്കാണ് വാദം. അഴിമതി തുടച്ചുനീക്കാന്‍ ബാധ്യസ്ഥരായവര്‍ അധികാരക്കസേരയിലിരുന്നുകൊണ്ടും കോടികളുടെ അഴിമതി നടത്തുന്നു. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ ഘടകകക്ഷികളുടെ അഴിമതിക്കു മുന്നില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും വരെ ക്രൂരമായ മൗനം പാലിക്കുന്നു. കോടികളുടെ നികുതിപ്പണം വെട്ടിപ്പുനടത്തി വിദേശബാങ്കുകളില്‍ വന്‍ നിക്ഷേപം സ്വരൂപിച്ചവരെ കുറിച്ച് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് പോലും അവഗണിക്കപ്പെടുമ്പോള്‍ ഇനി ആരിലാണ് ജനം പ്രതീക്ഷയര്‍പ്പിക്കേണ്ടത്. കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ മടിക്കുന്നതെന്തുകൊണ്ട്?
ഈ സാഹചര്യത്തിലാണ് ഹര്‍വീന്ദര്‍ സിംഗിന്റെ പ്രതിഷേധവും കരണത്തടിയും നാം ചര്‍ച്ച ചെയ്യുന്നത്. ബി ജെ പി നേതാവ് യശ്വന്ത് സിഹ്ന വിലക്കയറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ പറഞ്ഞ കാര്യം വളരെ ഗൗരവമുള്ളതായിരുന്നു. ഇക്കണക്കിന് പോയാല്‍ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ഥിതിവരുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പാണ് സിക്ക് യുവാവിലൂടെ രാജ്യം കണ്ടത്. വിലക്കയറ്റത്തിനെതിരെയുള്ള ഇത്തരം കയ്യേറ്റങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതില്‍ മന്ത്രിമാര്‍ക്കുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. പ്രതീക്ഷയോടെ മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കപ്പെടാതെ വന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം കൈവിട്ട് പോകുന്നുവെങ്കില്‍ അത് അവരുടെ മാത്രം കുറ്റമായി കാണാനാവുമോ? അറബ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലും ഫ്രാന്‍സിലും ബ്രിട്ടനിലുമൊക്കെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുമെല്ലാം നമ്മുടെ ഭരണകൂടങ്ങള്‍ക്കും വലിയ പാഠമല്ലേ? വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകാനുള്ള വിവേകമാണ് ഇനിയെങ്കിലും ഭരണാധികാരികള്‍ പ്രകടിപ്പിക്കേണ്ടത്.
No comments:
Post a Comment