Wednesday, January 19, 2011

നിയമാനുസൃതം ജീവിക്കുന്നവര്‍ എത്ര വിഡ്ഢികള്‍


          അത്യുന്നത നീതിപീഠത്തിന്റെ നിരീക്ഷണമെത്ര ശരി. ഇവിടെ നിയമമനുസരിച്ച് ജീവിക്കുന്നവരാണ് വിഡ്ഢികള്‍. പാര്‍ടി വ്യത്യാസമില്ലാതെ എം പിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും മാത്രമല്ല കോടതികള്‍പോലും തങ്ങളുടെ പദവികള്‍ അധാര്‍മികമായി ദുരുപയോഗപ്പെടുത്തുന്നു. നീതിസാരങ്ങള്‍ ഒന്നൊന്നായി കുത്തിക്കെടുത്തുന്നു. ബലിമൃഗങ്ങളെപോലെ കഴുത്തു നീട്ടിക്കൊടുക്കാന്‍ ജനം വിധിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളെയും അപചയം ബാധിച്ചെന്ന് സുപ്രീംകോടതി തന്നെ സംശയലേശമന്യേ വെളിപ്പെടുത്തുമ്പോള്‍ കണ്ണടച്ച് കണ്ണീരൊഴുക്കുകയേ നിര്‍വാഹമുള്ളൂ.

          ബി ജെ പി നേതാവ് കുശഭാവു താക്കറെയുടെ പേരിലുള്ള ട്രസ്റ്റിന് മധ്യപ്രദേശ് സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് ഭൂമി അനുവദിച്ചത് സംബന്ധിച്ച കേസിന്റെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ജി എസ് സിങ്‌വിയും എ കെ പട്‌നായക്കും അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. കുശഭാവു താക്കറെയുടെ സ്മരണക്കുള്ള ട്രസ്റ്റ് ജന്മംകൊള്ളുന്നതിന് മുമ്പ് തന്നെ 60 ഏക്കര്‍ ഭൂമി അവര്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചു. 33 കൊല്ലത്തേക്ക് 60 ലക്ഷംരൂപ വാടക വാങ്ങണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിട്ടും  25 ലക്ഷം രൂപയില്‍ ഒതുക്കി. 60 കോടി രൂപയാണ് ഇന്ന് ആ സ്ഥലത്തിന്റെ കമ്പോളവില. കണ്ണായ ഭൂമി ട്രസ്റ്റിന് നല്‍കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ ആവശ്യമായ രേഖകളും ചമച്ചു.  ബി ജെ പി മാത്രമല്ല രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്സും ഒട്ടും പുറകിലല്ല. ഇന്ത്യയിലെ എല്ലാ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളും ഫൗണ്ടേഷനുകളും ഒരു കുടുംബത്തിന്റെ പേരില്‍ തന്നെ വേണമെന്ന പിടിവാശി അവര്‍ക്കുമുണ്ട്. രാജ്യത്തിന് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരെ ആര്‍ക്കും വേണ്ട. അവരെ ഓര്‍ക്കാന്‍ ട്രസ്റ്റുമില്ല, ഫൗണ്ടേഷനുമില്ല.

          തെരഞ്ഞെടുപ്പ് വേളയില്‍ പാവങ്ങളെ ആവേശഭരിതരാക്കി ജയിച്ചുകയറുന്ന എം പിമാരും എം എല്‍ എമാരുമുള്‍പ്പെടുന്ന ജനപ്രതിനിധികള്‍ ആനുകൂല്യങ്ങള്‍  എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഒന്നാംതരം ഉദാഹരണവും കൂടിയാണ് മധ്യപ്രദേശ് സംഭവം. അധികാര ദുര്‍വിനിയോഗത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലെന്ന് സുപ്രീംകോടതി തന്നെ ഇതപര്യന്ത സംഭവപരമ്പരകളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്നു. അധികാരത്തിന്റെ കാര്യം വരുമ്പോള്‍ വ്യത്യസ്തനായൊരു ജനപ്രതിനിധിയെ കാണാന്‍ മഷിയിട്ട് നോക്കണം. മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യംവെച്ച് അനുവദിക്കുന്ന എം പി, എം എല്‍ എ ഫണ്ടിന്റെ സ്ഥിതിയും തഥൈവ.  ഫണ്ടു ദുരുപയോഗം ചെയ്യുന്നതില്‍ എല്ലാവരും പരസ്പരം മത്സരിക്കുകയാണെന്ന് കാണാം. അടുത്ത ഊഴം തരപ്പെടുത്തുകയാണ് ലക്ഷ്യം.  ജനങ്ങളുടെ ആവശ്യത്തേക്കാള്‍  തന്റെ താല്‍പര്യത്തിനാണ് പരിഗണന. ഫണ്ട് അനുവദിക്കണമെങ്കില്‍ താന്‍ നിര്‍ദേശിക്കുന്ന കരാറുകാരനെ തന്നെ പ്രവൃത്തി ഏല്‍പിക്കണമെന്ന നിബന്ധനയുമുണ്ട്.

          മൂല്യച്യുതി ജനപ്രതിനിധികളില്‍ ഒതുങ്ങുന്നില്ല. അത് എല്ലാ കോടതികളെയും  വരിഞ്ഞുമുറുക്കി അവസാനം ഉന്നത നീതിപീഠത്തില്‍ ചെന്നെത്തിനില്‍ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ താക്കോല്‍ സ്ഥാനമാണല്ലോ ജുഡീഷ്യറി.  നീതിയുടെ  ദൈവദൂതരായി ന്യായാധിപരെ ആദരിക്കുന്ന ഇന്ത്യന്‍ ജനതക്കേറ്റ കനത്ത ആഘാതമാണ് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സത്യസന്ധരും പ്രഗത്ഭമതികളുമായ ന്യായാധിന്മാരാല്‍ പ്രശോഭിതമായിരുന്ന ഉന്നത നീതിപീഠങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തിന്റെ അശുഭവാര്‍ത്തകള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ ഹനിക്കുന്നതാണ്. ഭാരതജനതയുടെ അവസാന അത്താണി എന്ന നിലയില്‍ കോടതികളെ കളങ്കപ്പെടുത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിവേരാണ് മുറിക്കപ്പെടുന്നത്. ഇതേ കുറിച്ച് സുപ്രീംകോടതി ആത്മവിമര്‍ശനം നടത്തിയാല്‍ മാത്രംപോരാ. ഇതിന് ഉത്തരവാദികളായവരെ നിയമപരമായ വിചാരണക്ക് വിധേയരാക്കുകയും വേണം.

          വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉരുണ്ടുകളിയും ഇതോടെ ചേര്‍ത്തു വായിക്കണം.   കള്ളപ്പണത്തിന്റെ കണക്കാവശ്യപ്പെട്ട കോടതിക്ക് സര്‍ക്കാര്‍ നല്‍കിയത് ജര്‍മനിയിലെ ലിപ്‌റ്റെന്‍സ്റ്റെന്‍ ബാങ്കില്‍ പണം നിക്ഷേപിച്ച 26 ഇന്ത്യക്കാരുടെ പട്ടിക മാത്രമാണ്. ജര്‍മനിയുമായുള്ള ഉഭയകക്ഷി ഉടമ്പടി പ്രകാരം  ആ അക്കൗണ്ടുകളുടെ  തന്നെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു  സര്‍ക്കാര്‍ നിലപാട.് കോടതിക്കത് സ്വീകാരയമായില്ല. രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് നേടിയതാണെന്നും നികുതി വെട്ടിപ്പ് മാത്രമായി ഇതിനെ ചുരുക്കിക്കാണരുതെന്നും അഭിപ്രായപ്പെട്ട കോടതി എല്ലാ വിദേശ ബാങ്കുകളിലെയും നിക്ഷേപവിവരങ്ങള്‍  അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

          2000 ത്തോളം പ്രമുഖരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് രേഖകള്‍ സ്വിസ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധ സമ്പാദ്യം രഹസ്യ അക്കൗണ്ടില്‍ സൂക്ഷിക്കുമെന്നതിനാലാണ് ബഹുരാഷ്ട്ര കമ്പനികളും കോടീശ്വരന്മാരും ഈ ബാങ്കുകളെ സുരക്ഷിത സങ്കേതമായി കാണുന്നത്. ഇന്ത്യക്കാരായ നിരവധി പേര്‍ ഇത്തരം ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്.  വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 70 ലക്ഷം കോടി രൂപയുടെ അനധികൃതനിക്ഷേപമുണ്ടെന്നാണ് രാംജത്മലാനിയും കെപി എസ് ഗില്ലും സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

          മൊത്തത്തില്‍ കൊള്ളരുതായ്മകളുടെ കൂത്താട്ടമാണ് ഇവിടെ നടക്കുന്നതെന്നര്‍ഥം. അതുകൊണ്ടാവാം ഇന്ത്യയെ നോക്കി തമസോമാ ജ്യോതിര്‍ഗമയാ എന്ന് മുമ്പൊരിക്കല്‍ കവി പാടിയത്.  രാജ്യം പക്ഷെ ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്കുള്ള അതിന്റെ പ്രയാണം തുടരുക തന്നെ ചെയ്യുന്നു. മാടമ്പികളുടെ വര്‍ഗസ്വഭാവമാണ് സമസ്തമേഖലകളിലും പ്രത്യക്ഷപ്പെടുന്നത്.  അധികാരത്തിനും സമ്പത്തിനും വേണ്ടി ആര്‍ക്കുമിവിടെ എന്തുമാവാം. നീതിനിയമങ്ങള്‍ക്ക് കാവല്‍നില്‍ക്കേണ്ടവര്‍ ഇങ്ങനെയായാല്‍ സ്വയരക്ഷക്ക് ജനങ്ങള്‍ ഇനി ഏത് വാതിലില്‍ മുട്ടണം.  ഏത് പ്രാര്‍ഥന ചൊല്ലണം?

2 comments:

  1. നീതിനിയമങ്ങള്‍ക്ക് കാവല്‍നില്‍ക്കേണ്ടവര്‍ ഇങ്ങനെയായാല്‍ സ്വയരക്ഷക്ക് ജനങ്ങള്‍ ഇനി ഏത് വാതിലില്‍ മുട്ടണം. ഏത് പ്രാര്‍ഥന ചൊല്ലണം??

    ReplyDelete
  2. ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ബ്ലോഗെര്‍മാരടക്കമുള്ള എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടേയും കടമ. അഴിമതിയുടെ കൂത്തരങ്ങായി മാറിയ എല്ലാ എസ്റ്റെട്ടുകളും തച്ചുടക്കുന്ന കാലം അതി വിദൂരമല്ല . സത്യം എന്നും വിജയിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . അതുകൊണ്ടല്ലേ ബാലകൃഷ്ണനേപ്പോലുള്ളവരുടെ രാജ്യദ്രോഹം പുറത്തുവന്നത്.ഇറ്റലിയിലെ മുസ്സോളിനിയുടെ അനുഭവം മന്‍മോഹന്‍ സിങ്ങിനടക്കമുള്ള ഇവിടത്തെ കപട രാഷ്ട്രിയക്കാര്‍ക്ക് വരില്ലെന്ന് ആര് കണ്ടു ?അതിനായി തീര്‍ക്കാം നമുക്കൊരു സൈബര്‍ ചങ്ങല ..............

    ReplyDelete

Related Posts Plugin for WordPress, Blogger...