Thursday, January 20, 2011

പ്രതിച്ഛായ നന്നാക്കാന്‍ ഒരു അഴിച്ചുപണി

          കെ സി വേണുഗോപാല്‍ അടക്കം മൂന്ന് പുതിയ സഹമന്ത്രിമാരെ ഉള്‍പെടുത്തുകയും മൂന്ന് സഹമന്ത്രിമാരെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയും നിരവധി മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേന്ദ്രമന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ ഏറ്റവുമധികം ആഹ്‌ളാദിക്കുന്ന സംസ്ഥാനം കേരളമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെങ്കിലും മുമ്പൊരിക്കലും കിട്ടാത്ത പരിഗണനയാണ് ഈ കൊച്ചുസംസ്ഥാനത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വകുപ്പുമാറ്റം ഉണ്ടായ മന്ത്രിമാരിലും മൂന്നുപേര്‍ മലയാളികളാണ്. വയലാര്‍ രവിയും കെ വി തോമസും ഇ അഹമ്മദും.

          പ്രമുഖരായ ചില മന്ത്രിമാരില്‍നിന്ന് ഗ്‌ളാമര്‍ വകുപ്പുകള്‍ എടുത്തുമാറ്റിയത് രണ്ടാം യു പി എ സര്‍ക്കാരിന്റെ ആദ്യത്തെ അഴിച്ചുപണിയുടെ സവിശേഷതയായി അവകാശപ്പെടാം. സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഫുല്‍ പട്ടേലില്‍നിന്ന് എടുത്താണ് വയലാര്‍ രവിക്ക് അധികച്ചുമതല നല്‍കിയത്. ശരദ്പവാറില്‍ നിന്ന് ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ് എടുത്തുമാറ്റി സ്വതന്ത്ര ചുമതലയോടെ കെ വി തോമസിന് നല്‍കി. മുരളി ദേവ്‌റയാണ് വകുപ്പ് തെറിച്ച മറ്റൊരു പ്രമുഖന്‍. സ്‌പോര്‍ട്‌സ് വകുപ്പ് എം എസ് ഗില്ലില്‍നിന്ന് എടുത്ത് താരതമ്യേന ചെറുപ്പക്കാരനായ അജയ് മാക്കനെ ഏല്‍പിച്ചു. പുനഃസംഘടനയോടെ  കേന്ദ്രമന്ത്രിസഭയുടെ അംഗബലം 81 ആയി ഉയര്‍ന്നു. ഇതില്‍ 35 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. ഒന്നരവര്‍ഷം പിന്നിട്ട യു പി എ സര്‍ക്കാരിന്റെ അടുത്ത പുനഃസംഘടന പാര്‍ലമെന്റ് ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി  വ്യക്തമാക്കിയിട്ടുമുണ്ട്.

          മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും മാത്രമല്ല പ്രധാനം. കേരളത്തെ സംബന്ധിച്ചെടുത്തോളം ആ വകുപ്പുകള്‍ക്ക് നിര്‍ണായക പ്രാധാന്യവുമുണ്ട്. കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചു, ഗുണനിലവാരം കുറഞ്ഞ റേഷനരി നല്‍കി തുടങ്ങിയ പരാതികള്‍ കേരളം പതിവായി ഉന്നയിക്കാറുള്ളതാണ്. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തണമെന്ന മുറവിളിക്കും  തോമസ് മന്ത്രിയായതോടെ  ശമനം പ്രതീക്ഷിക്കാം. വിലക്കയറ്റമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. ഒന്നാം യു പി എ സര്‍ക്കാര്‍ തടികേടാകാതെ രക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ ജനരോഷം ഇരമ്പുകയാണ്. ഈ പ്രതിസന്ധിയുടെ ഒത്ത നടുക്കാണ് തോമസിന്റെ സ്ഥാനാരോഹണമെന്നതും മറന്നുകൂടാ.

          വയലാര്‍ രവി ഇതുവരെ വലിയ പണിയൊന്നുമില്ലാതെ പ്രവാസി വകുപ്പുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. കാബിനറ്റ് മന്ത്രിയാണെന്നല്ലാതെ നൂറുകോടി പോലും ബജറ്റ്‌വിഹിതമില്ലാത്ത വകുപ്പാണത്. അടുത്ത മുഖ്യമന്ത്രിപദം സ്വപ്നംകണ്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കണ്ണയച്ചുതുടങ്ങിയപ്പോഴാണ് രവിയുടെ തലയിലേക്ക് വ്യോമയാന വകുപ്പ്  വന്നുവീണത്. കേരളത്തിലെ പ്രവാസികളുടെ കാര്യമെടുത്താല്‍ പിടിപ്പത് പണിയുണ്ട് ഈ വകുപ്പില്‍. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഗള്‍ഫിലാണ്. ഗള്‍ഫ് മേഖലയിലെ മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വിമാനയാത്രയാണ്. എയറിന്ത്യയുടെ കഴുത്തറുപ്പന്‍ കൂലി, യാത്രക്കാരെ നിരന്തരം വലയ്ക്കുന്ന  എയറിന്ത്യ എക്‌സ്പ്രസ് പ്രശ്‌നം, ഗള്‍ഫ് പ്രവാസികളുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ തുടങ്ങി അവരുടെനോവും നൊമ്പരവും തിരിച്ചറിഞ്ഞ രവി മനസ്സുവെച്ചാല്‍ പ്രവാസികള്‍ക്ക് ആഹ്‌ളാദിക്കാന്‍ ഏറെ വകയുണ്ടാക്കാനും കഴിയും.

          റെയില്‍വെ വകുപ്പില്‍ മമതാ ബാനര്‍ജി  കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയിരുന്ന  ഇ അഹമ്മദ് വിദേശകാര്യം തിരിച്ചുകിട്ടിയതോടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നുണ്ടാവും. മാത്രമല്ല തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിനെ സന്തോഷിപ്പിക്കാമെന്ന് കോണ്‍ഗ്രസും നിശ്ചയിച്ചുകാണും. അഹമ്മദ് ഇച്ഛിച്ചതു തന്നെ പ്രധാനമന്ത്രി കനിഞ്ഞുനല്‍കിയപ്പോള്‍ പ്രഗത്ഭനായ റെയില്‍വെ മന്ത്രിയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം മലയാളി അനുഭവിക്കുന്നുണ്ട്. അഹമ്മദിനെ പോലെ കെ സി വേണുഗോപാലും നന്ദിപറയേണ്ടത് ശശി തരൂരിനോടും ഭാര്യ സുനന്ദ പുഷ്‌കറിനോടുമാണ്. ഐ പി എല്‍ വിവാദത്തെ തുടര്‍ന്ന് തരൂര്‍ പുലിവാല് പിടിച്ചില്ലായിരുന്നുവെങ്കില്‍ ദല്‍ഹി നായരെ മാറ്റി കണ്ണൂര്‍ നായരെ പ്രതിഷ്ഠിക്കാന്‍ എന്‍ എസ് എസിന് കഴിയില്ലായിരുന്നു.

          ചുകപ്പ്‌കോട്ടയായ കണ്ണൂരില്‍ ജനിച്ചിട്ടും  ഇടതുപക്ഷപാത നിരാകരിച്ച വേണുഗോപാല്‍ മറ്റൊരു വിപ്‌ളവഭൂമിയായ ആലപ്പുഴയില്‍ വെന്നിക്കൊടി നാട്ടിയത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും ഭാഗ്യവും കൊണ്ടാണ്. കെ കരുണാകരന്റെ വിശ്വസ്തനായി പൊതുജീവിതത്തില്‍ പ്രവേശിച്ച അദ്ദേഹം ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചതുരംഗക്കളിയിലും തന്ത്രശാലിയാണ്. മൂന്നാംഗ്രൂപ്പിന്റെ ആനുകൂല്യമാണ് 2005ല്‍ വേണുവിനെ സംസ്ഥാന മന്ത്രിസഭയിലെത്തിച്ചത്. എന്‍ എസ് എസിന്റെ സമദൂരരാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ് പുതിയ സ്ഥാനലബ്ധിയില്‍ പ്രതിഫലിക്കുന്നത്. സമദൂരത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിരട്ടാനും ഇടതുമുന്നണിയെ വശത്താക്കാനും എന്‍ എസ് എസിന് കഴിയുന്നത് കേരളത്തിലെ ജാതിരാഷ്ട്രീയത്തിന്റെ ശക്തമായ സ്വാധീനത്തെയാണ് വിളംബരംചെയ്യുന്നത്. 

          പ്രവര്‍ത്തനശേഷിയില്‍നിന്ന് പിന്നോക്കം പോയവരെ മന്ത്രിസഭയില്‍നിന്ന് പ്രധാനമന്ത്രി മാറ്റിനിര്‍ത്തുമെന്ന് പ്രതീക്ഷചിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് പകരം ആരോപണവിധേയരായവരെ തുടരാനനുവദിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് അഴിമതിയിലെ പ്രധാനിയായ ഗില്ലും ആദര്‍ശ് കുംഭകോണത്തില്‍ പെട്ട സുശീല്‍കുമാര്‍ ഷിന്‍ഡെയും വിലാസ്‌റാവ് ദേശ്മുഖും ഹൈവേ വികസന കരാറില്‍ ആരോപണവിധേയനായ കമല്‍നാഥുമെല്ലാം മന്ത്രിസഭയില്‍ സുരക്ഷിതരായി തുടരുകയാണ്.

          കൃത്യമായും ഒരു വര്‍ഷം മുമ്പാണ് 38 സഹമന്ത്രിമാരില്‍ 33 പേരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് സുപ്രധാനമായ ഒരു നിവേദനം സമര്‍പ്പിച്ചത്. മന്ത്രിമാരായ തങ്ങള്‍ തൊഴില്‍രഹിതരും സഹപ്രവര്‍ത്തകരില്‍നിന്ന് അവഗണന നേരിടുന്നവരുമാണെന്നായിരുന്നു അവരുടെ പരാതി. ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിക്കുന്ന പരിഗണനപോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആ പരാതികള്‍ക്ക് പരിഹാരം കണ്ടതിന് ശേഷമാണോ മന്ത്രിസഭ പിന്നെയും വികസിപ്പിച്ചത്? മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ചതുകൊണ്ടോ വകുപ്പുകള്‍ പരസ്പരം മാറിയതുകൊണ്ടോ ഭരണം കാര്യക്ഷമമാവില്ല. മന്ത്രിസഭയുടെ വലിപ്പം ഇപ്പോള്‍ തന്നെ ഖജനാവിന് താങ്ങാനാവാത്തതാണ്. പ്രതിച്ഛായ തകരുമ്പോള്‍ മറികടക്കാനുള്ള വെമ്പലാണ് മന്ത്രിസഭാ വികസനത്തിന് പ്രേരിപ്പിച്ചതെങ്കില്‍ സര്‍ക്കാരും കോണ്‍ഗ്രസും അതിന് കനത്തവില നല്‍കേണ്ടിവരിക തന്നെ ചെയ്യും.

1 comment:

  1. അതിര്‍ത്തിയിലെ വെടിവെയ്പും, അന്താ രാഷ്ട്ര ഡോനുകള്‍ക്കു സ്വീകരണവും, കായിക മാമാങ്കങ്ങളും ,
    മന്ത്രി പുന: സംഖടനയും ജനങ്ങളുടെ കണ്ണില്‍ പോടിയിടാനാനെന്നു ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് സര്‍?

    ReplyDelete

Related Posts Plugin for WordPress, Blogger...