Thursday, January 13, 2011

ക്രിമിനലുകളെ അകറ്റിനിര്‍ത്തണം


       രാജ്യം വളരണമെങ്കില്‍ രാഷ്ട്രീയത്തില്‍ ക്രിമിനലിസത്തിന്റെ കമ്പോസ്റ്റുവളം ചേര്‍ക്കണമെന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്? ഹൃദയമുരുക്കുന്ന അനുഭവങ്ങളാണ് ചുറ്റും. ഏത് കൊടികെട്ടിയ കൊമ്പനായാലും കൊള്ളക്കാരും കൊലപാതകികളും അഴിമതിക്കാരും ജനപ്രതിനിധികളായി നിയമനിര്‍മ്മാണസഭകളില്‍ കയറിപ്പറ്റാന്‍ അനുവദിച്ചുകൂടാ. രാഷ്ട്രീയകക്ഷികള്‍ ഗുണ്ടകളുടെ സഹായം തേടിപ്പോവുകയുമരുത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറൈശിയുടെ നിര്‍ദേശം ഇനിയെങ്കിലും മുഖവിലക്കെടുത്തില്ലെങ്കില്‍ കേട്ടാല്‍ കിടുങ്ങുന്ന ദുരന്തങ്ങളെ രാജ്യം ഇനിയുമിനിയും അഭിമുഖീകരിക്കേണ്ടിവരും.
കൊള്ള, കൊല, മാനഭംഗം തുടങ്ങിയ ഗുരുതരകുറ്റങ്ങള്‍  ചെയ്യുന്ന ക്രിമിനലുകളെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്ന് ഖുറൈഷി ആവശ്യപ്പെടുന്നത് എന്തായാലും ആകസ്മികമാവാന്‍ തരമില്ല. ലോകസഭയില്‍ പോലും ക്രിമിനല്‍ പശ്ചാത്തലമുള്ള 159 എം പിമാരുള്ള സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭാവിയില്‍ ആര്‍ക്കായാലും ആശങ്കയുണ്ടാവും. കഴിഞ്ഞ ലോകസഭയില്‍ ഇത്തരക്കാരായ എം പിമാരുടെ എണ്ണം 128 ആയിരുന്നു. 120 കോടി ജനങ്ങളുടെ പരിഛേദമെന്ന നിലയില്‍ ഇന്ത്യയുടെ പരമാധികാരസഭയായ പാര്‍ലമെന്റിലേക്ക് നിസ്വാര്‍ഥരും നിഷ്‌കാമകര്‍മികളുമായ യുവാക്കള്‍ക്കും വനിതകള്‍ക്കും സാധാരക്കാര്‍ക്കും  എത്തിച്ചേരുക അസാധ്യമായിത്തീരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ലോകസഭയിലെ 543 അംഗങ്ങളില്‍ 300 ലധികം ധനികരാണ്. കോടീശ്വരന്മാര്‍ മന്ത്രിസഭയില്‍ പോലും വിരളമല്ല. ഭീകരമായ കുറ്റകൃത്യങ്ങളിലും അഴിമതിയിലും ഏര്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞവര്‍വരെ യഥാസ്ഥാനങ്ങളില്‍ നിര്‍ഭയം വിഹരിക്കുന്ന അവസ്ഥ എത്രമാത്രം ലജ്ജാകരമാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് വിചാരണ നേരിടുന്നവരെ അവര്‍ നിരപരാധികളെന്ന് തെളിയുന്നതുവരെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസ്‌നേഹികള്‍ ഈ നിര്‍ദേശത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല.

          രാഷ്ട്രീയകക്ഷികള്‍ ഗുണ്ടകളുടെ സഹായം തേടിയപ്പോള്‍ അവരുടെ മനസ്സിലും രാഷ്ട്രീയമോഹം മുളച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ രാഷ്ട്രീയകക്ഷികളുടെ സ്ഥാനാര്‍ഥികളായോ സ്വതന്ത്രരായോ മത്സരിച്ച് ലോകസഭയിലും നിയമസഭകളിലും എത്തിക്കൊണ്ടിരിക്കുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച്  ഓരോ സ്ഥാനാര്‍ഥിയും നാമനിര്‍ദേശ പത്രികയോടൊപ്പം സ്വത്തുവിവരവും ക്രിമിനല്‍ നടപടികള്‍ നേരിടുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവുമടങ്ങുന്ന സത്യവാങ്മൂലവും നല്‍കേണ്ടതുണ്ട്. എന്നിട്ടും പല പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ മടികാണിക്കാറില്ല. നിയമനിര്‍മാണ സഭകളില്‍ രാജ്യതാല്‍പര്യത്തേക്കാള്‍ മുന്‍ഗണന വ്യക്തിതാല്പര്യത്തിനും ജാതി, മത താല്‍പര്യങ്ങള്‍ക്കുമൊക്കെയായി മാറിപ്പോകുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളും പ്രാദേശികകക്ഷികളുടെ സ്വാധീനത്തിലാകാന്‍ കാരണവും ഇതാണ്. ഇവര്‍ക്ക് കേന്ദ്രത്തിലും അനര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നു.

          സജീവ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന നിരവധി രാഷ്ട്രീയക്കാര്‍  നമുക്കുണ്ട്. പക്ഷെ യഥാര്‍ഥ രാഷ്ട്രീയം ഇവരില്‍ എത്ര പേര്‍ക്ക് അവകാശപ്പെടാനാവും? ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും രാഷ്ട്രീയപ്രവര്‍ത്തകരുടെ ചരിത്രവും ആശാവഹമാണോ? ഭരണഘടന വാഗ്ദാനംചെയ്യുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാന്‍ പുതിയ ഭരണകൂടമല്ല, പുതിയ രാഷ്ട്രീയസംസ്‌കാരമാണ് വേണ്ടത്.

          നാം തെരഞ്ഞെടുത്ത 543 പേര്‍ ലോകസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത,് അവരില്‍ ഭൂരിഭാഗവും ഒരുപക്ഷെ എല്ലാവരും- പുതിയ അധ്യായം തുടങ്ങുന്നത് കള്ള സാക്ഷ്യപ്പെടുത്തലോടെയാവും. നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഒരു ലോകസഭാ മണ്ഡലത്തിലെ പ്രചാരണത്തിന് 25 ലക്ഷംരൂപയിലധികം ചെലവഴിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. അതിലേറെ ചെലവാക്കേണ്ടിവരുന്നതുകൊണ്ട് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കുന്നത് കള്ളക്കണക്കുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസഹസ്രം കോടികളാണ് എല്ലാ സ്ഥാനാര്‍ഥികളും കൂടി ചെലവിട്ടത്. ഈ ഭാരിച്ച ചെലവ് രാഷ്ട്രീയരംഗത്ത് അഴിമതി വളര്‍ത്തുന്ന ഘകകമാണ്. വ്യവസായികളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയകക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. രാജ്യം ഇന്ന് കേള്‍ക്കുന്ന അമ്പരപ്പിക്കുന്ന അഴിമതിക്കഥകളുടെ അടിവേരറുക്കാന്‍ നമുക്ക് കഴിയാതെ പോകുന്നതും അതുകൊണ്ടാണ്.

          ക്രിമിനലുകളെ പോലെ തന്നെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് അഴിമതിക്കാരെയും മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണെങ്കിലും തെരഞ്ഞെടുപ്പ് കമീഷണര്‍ അതേ കുറിച്ച് മൗനംപാലിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ അഴിമതിക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെട്ടിരുന്നു. കമ്പനികള്‍ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നത് നിയമം മൂലം തടയുകയും ചെയ്തിരുന്നു. പക്ഷെ കൊടുക്കലും വാങ്ങലും പിന്നെയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  സംഭാവനകള്‍ കണക്കില്‍ കാണിക്കാന്‍ കഴിയാത്തതുകൊണ്ട് വ്യവസായികള്‍ കള്ളപ്പണം അതിനായി ഉപയോഗിക്കുന്നു. ഇപ്പോള്‍ ആര്, ആര്‍ക്ക് ആ പണം നല്‍കുന്നെന്നും അത് എവിടെനിന്ന് വരുന്നെന്നും അറിയാന്‍ ഒരു മാര്‍ഗവുമില്ല.

          പാര്‍ടികളുടെ മാത്രമല്ല സര്‍ക്കാരിന്റെയും നിയന്ത്രണമിപ്പോള്‍ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും കൈകളിലാണെന്ന് സംശയിക്കണം. അങ്ങനെയല്ലെന്ന് അവകാശപ്പെടാന്‍ ഏത് പാര്‍ട്ടികള്‍ക്ക്  കഴിയും.  ഈ ദുരവസ്ഥ ഇനിയും തുടരാനനുവദിക്കണമോ?  പാടില്ലെന്ന് രാജ്യം ഏകസ്വരത്തില്‍ പറയും. അതിനു പക്ഷെ മുന്‍കയ്യെടുക്കേണ്ടത് രാഷ്ട്രീയനേതൃത്വം തന്നെയാണ്. ഇത്തരക്കാരെ പൊതുരംഗത്തുനിന്നും തെരഞ്ഞെടുപ്പ് വേദിയില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍  എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിക്കണം. മുഖംതിരിക്കുന്നവരെ ഒറ്റപ്പെടുത്തുകയും വേണം.

3 comments:

  1. പരസ്യമായ രഹസ്യങ്ങള്‍ ... 25 ലക്ഷം കൊണ്ട് ഒരു പാര്‍ ലമെന്റ് മണ്ഡലത്തില്‍ പ്രചാരണ ചിലവുകള്‍ ഒതുക്കാന്‍ കഴിയില്ല എന്നത് തെരഞ്ഞെടുപ്പു കമ്മീഷനും അറിയാത്തതാണോ ? പിന്നെ ജനാധിപത്യത്തിനു പണാധിപത്യം എന്ന ഒരു നിര്‍വ്വചനം കൂടി നാമെല്ലാം വകവെച്ചു കൊടുത്തിരിക്കുന്നു . പൊതു ജനം "........................" തന്നെ


    PS: kindly remove word verification for comments

    ReplyDelete
  2. ഫണ്ടിന്റെ ഉറവിടത്തോടു തന്നെയാകും പാര്‍ട്ടികള്‍ക്കും പാര്‍ട്ടിടിക്കറ്റില്‍ മത്സരിച്ച് അധികാര സോപാനങ്ങളിലിരിക്കുന്നവര്‍ക്കും കൂറും പ്രതിബദ്ധതയുമുണ്ടാകുന്നത്. പഴയ കാലത്ത് പാര്‍ട്ടി പരവര്‍ത്തങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയിരുന്നത് സാധാരണക്കാരില്‍ നിന്നായിരുന്നു. ഇപ്പോള്‍ അതു ല്ഭിക്കുന്നത് കോര്‍പ്പരേറ്റ് മുതലാളിമരില്‍ നിന്നാണ്. അന്ന് പാര്‍ട്ടികള്‍ക്കും പ്രതിനിധികള്‍ക്കും പ്രതിബദ്ധതയുണ്ടായിരുന്നത് ജനങ്ങളോടായിരുന്നെങ്കില്‍ ഇന്ന് കോര്‍പ്പറേറ്റ് മുതലാളിമാരോടണെന്നു മാത്രം...

    ReplyDelete
  3. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് ജാഫര്‍ അതോളിയെ വായിക്കുന്നത്...ശക്തമായ തൂലികയിലൂടെ സാമൂഹിക് a വിമര്‍ശനം നടത്തിയിരുന്ന അത്തോളിയെ ചില ബ്ലോഗേര്‍സ് എങ്കിലും ഓര്‍ക്കുന്നുണ്ടാവും..ഈ ബ്ലോഗ്‌ പങ്കുവെച്ച സൈനുല്‍ അഭിദിന് നന്ദി.

    ReplyDelete

Related Posts Plugin for WordPress, Blogger...