സാധാരണക്കാരന് മറ്റൊരു തീരാദുരിതം കൂടി സമ്മാനിച്ചുകൊണ്ടാണ് യു പി എ സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് കടക്കുന്നത്. അവശ്യസാധനങ്ങളുടെ വിലയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍വില വീണ്ടും കൂട്ടിയിരിക്കുന്നു. ലിറ്ററിന് 6.28 രൂപയാണ് എണ്ണക്കമ്പനികള്‍ വരുത്തിയ വര്‍ധന. പെട്രോളിന് ഒറ്റയടിക്ക് ഇത്രയും വിലകൂട്ടുന്നത് ഇതാദ്യമാണ്. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 15ലേറെ തവണയാണ് വര്‍ധിപ്പിച്ചത്. ഉത്പാദന ച്ചെലവ് വര്‍ധിച്ചതിനാല്‍ ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള രീതിവെച്ച് ഈ ആവശ്യത്തിനും വഴങ്ങിക്കൊടുക്കുകയേ ഉള്ളൂ.
പെട്രോള്‍ വിലക്കയറ്റത്തിന്റെ ആഘാതത്തില്‍ നാടെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. വില വര്‍ധന പ്രഖ്യാപിച്ച ഉടന്‍ തന്നെ ജനങ്ങള്‍ തെരുവിലിറങ്ങി, ചിലര്‍ തീവണ്ടികള്‍ തടഞ്ഞു. റോഡുകള്‍ ഉപരോധിച്ചു. പന്തംകൊളുത്തി പ്രകടനം നടത്തി. കേരളത്തില്‍ എല്‍ ഡി എഫും ബി ജെ പിയും ഇന്നലെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണവിജയമായിരുന്നു. യു ഡി എഫിലെ കക്ഷികളും വിലക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ദേശീയ ബന്ദ് നടത്തുമെന്ന് എന്‍ ഡി എയും സി പി എമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി ഇടിയുമ്പോഴാണ് പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പശ്ചിമേഷ്യന്‍ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥക്ക് അയവു വന്നതോടെയാണ് ക്രൂഡോയില്‍ വില ഇടിഞ്ഞുതുടങ്ങിയത്. തങ്ങളുടെ ആണവ പരിപാടികള്‍ പരിശോധിക്കാന്‍ യു എന്‍ ആണവോര്‍ജ ഏജന്‍സിക്ക് ഇറാന്‍ വീണ്ടും അനുമതി നല്‍കിയതോടെ ക്രൂഡ് ഓയില്‍ വില കുറയുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ബജറ്റ് സമ്മേളനത്തിന് തൊട്ടുപിന്നാലെ വലിയൊരു വിലവര്‍ധനക്ക് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 14 ശതമാനത്തിന്റെ ഇടിവാണ് വന്നത്. ഈ മാസാദ്യം ബാരലിന് 100 ഡോളറായിരുന്നു ക്രൂഡ് ഓയിലിന് വില. ഇപ്പോള്‍ 91 ഡോളറിലെത്തി. എന്നാല്‍ തങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ബാരലിന് 125 ഡോളറാണെന്ന വാദമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്നത്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 56 കടന്ന് റെക്കാര്‍ഡ് താഴ്ചയിലെത്തിയതോടെ ഇറക്കുമതി ചാര്‍ജ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ അത് ഇത്രമാത്രം വിലവര്‍ധനവിന് ഇടയാക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല.
കഴിഞ്ഞവര്‍ഷം നവമ്പര്‍ മൂന്നിനാണ് പെട്രോള്‍വില ഇതിന് മുമ്പ് വര്‍ധിപ്പിച്ചത്. 2010 ജൂണില്‍ പെട്രോള്‍വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ജനുവരിക്ക് ശേഷം രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ മാറ്റമുണ്ടായെങ്കിലും നാലു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അനുമതി നിഷേധിക്കുകയായിരുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ എണ്ണക്കമ്പനികള്‍ക്ക് വീണ്ടും എണ്ണവില കൂട്ടണമെന്ന ആവശ്യം ഉയര്‍ത്താന്‍ അവസരമൊരുങ്ങി. ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന് സൗകര്യമായി.
പെട്രോള്‍ വിലവര്‍ധനവിന്റെ അനന്തരാഘാതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ തന്നെ ജനജീവിതം ഇവിടെ അതീവ ദുസ്സഹമാണ്. കുടുംബത്തിലെ രണ്ടുപേരും അധ്വാനിച്ചാല്‍ പോലും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത അവസ്ഥ കുറെക്കാലമായി തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ വിലയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇതുമൂലം വിലയില്‍ 1.63 രൂപയുടെ കുറവുണ്ടാകും. സര്‍ക്കാരിനാകട്ടെ അധിക വരുമാനത്തില്‍ 218 കോടി രൂപയുടെ കുറവ് വരികയും ചെയ്യും. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം രണ്ടുതവണ വിലവര്‍ധിപ്പിച്ചപ്പോഴും സംസ്ഥാനം അധികനികുതി വേണ്ടെന്ന് വെച്ചിരുന്നു. അധികനികുതി വേണ്ടെന്ന് വെച്ചതുകൊണ്ട് മാത്രം വിലക്കയറ്റത്തിന്റെ നീരാളിവലയില്‍നിന്ന് മലയാളികള്‍ രക്ഷപ്പെടില്ല.
ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ കേരളത്തിനാവശ്യമായ ഒട്ടുമിക്ക സാധനങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരണം. തന്മൂലം പെട്രോള്‍ വില വര്‍ദ്ധനവിനനുസരിച്ച് ചരക്കുകൂലി കൂടും. ഫലം നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിക്കുകയെന്നതാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കയറുമ്പോഴൊക്കെ കേരളത്തിലെ പ്രതിഷേധം ശക്തമാകുന്നതും അതുകൊണ്ടാണ്.
കേരളത്തില്‍ നിന്ന് എ കെ ആന്റണിയടക്കം ആറ് കേന്ദ്രമന്ത്രിമാര്‍ ഇന്ദ്രപ്രസ്ഥത്തിലുണ്ടായിട്ടും ഈ വസ്തുത പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ശ്രദ്ധയില്‍ പെടുത്തുന്നതില്‍ പരാജയപ്പെട്ടതാണ് അത്ഭുതം. മാത്രമല്ല നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ ഈ വിലവര്‍ധന യുടെ പ്രതികരണം അവിടെ പ്രതിഫലിക്കുമെന്നുറപ്പാണ്. വര്‍ധിപ്പിച്ച വിലയില്‍ രണ്ടുരൂപയുടെ കുറവ് വരുത്തിയത് കൊണ്ട് വിലക്കയറ്റത്തിന് ന്യായീകരണമാവുന്നില്ല. ഏത് രംഗത്ത് പ്രതിസന്ധി ഉയര്‍ന്നാലും മുന്‍പിന്‍ ആലോചിക്കാതെ നിരക്ക് കൂട്ടുകയും നികുതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രവണത പരിഷകൃത സമൂഹത്തിനും കാര്യക്ഷമതയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ഒരു ഭരണകൂടത്തിനും ഒരിക്കലും ഭൂഷണമല്ല.
No comments:
Post a Comment