Saturday, May 19, 2012

യു ഡി എഫ് സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍


  1.              ഇത്രയും ചെറിയ ഭൂരിപക്ഷം വെച്ച് എത്രകാലം എന്ന് ചോദിച്ചവരെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം വിജയകരമായി തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്നു. പലവട്ടം കാറ്റിലും കോളിലും പെട്ടുപോയിട്ടുണ്ടെങ്കിലും നൂല്‍പാലത്തിലൂടെയുള്ള യാത്ര പറയത്തക്ക ആശങ്കകളില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നുവെന്നത് സംസ്ഥാനത്തെ സംബന്ധിച്ചെടുത്തോളം പുതിയ ചരിത്രവുമാണ്. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പല സര്‍ക്കാരുകളും കാലാവധിയുടെ പകുതിപോലും പൂര്‍ത്തിയാക്കാനാവാതെ നിലംപൊത്തിയ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ചത് ഒരു ഇതിഹാസം കൂടിയാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ യു ഡി എഫ് കാലാവധി പൂര്‍ത്തിയാക്കുമെന്ന്  ഇതിനര്‍ഥമില്ല. അങ്ങനെ വിശ്വസിക്കുന്നവരും തുലോം വിരളമായിരിക്കും.

                  കഴിഞ്ഞ വര്‍ഷം മെയ് 13ന് വോട്ടെണ്ണി തീരുമ്പോള്‍ യു ഡി എഫ് ചെന്നുനിന്നത് 72 സീറ്റിലായിരുന്നു. കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഒരു സീറ്റ് മാത്രം മുന്നില്‍. നിയമസഭയില്‍ ഭരണപക്ഷത്തെ രണ്ടുപേര്‍ ഒന്നിച്ച് മൂത്രമൊഴിക്കാന്‍ പോയാല്‍ മന്ത്രിസഭ താഴെ വീഴുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ പരിഹാസം. പക്ഷെ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണില്ല. പലപ്പോഴും വീഴാന്‍ പോയില്ലെന്നല്ല, വീഴാന്‍ പോയി. എന്നാല്‍ വീഴാതെ ആടിയാടി പിടിച്ചുനിന്നു. അതേ സമയം മന്ത്രിസഭയെ വീഴ്ത്തും എന്ന് പറഞ്ഞുനടന്ന പ്രതിപക്ഷം വീഴുകയും ചെയ്തു.

               അതിവേഗം ബഹുദൂരം എന്ന തന്റെ പഴയ മാസ്റ്റര്‍ പീസ് പുറത്തെടുത്ത് ഉമ്മന്‍ചാണ്ടി ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മപരിപാടി പ്രതീക്ഷയുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ചു. അത് മലയാളികളില്‍ മതിപ്പുളവാക്കി. തുടര്‍ന്ന് നടത്തിയ ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയവുമായി. എല്ലാ ജില്ലകളിലും ഓടിയെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടു. വര്‍ഷങ്ങളുടെ പഴക്കമുള്ള അഴിയാക്കുരുക്കുകള്‍ അഴിച്ചുമാറ്റിയും ദുരിതാശ്വാസ നിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ സഹായധനമായി വിതരണം ചെയ്തും അദ്ദേഹം നടത്തിയ ജൈത്രയാത്ര പുതിയ ഒരനുഭവം തന്നെയായിരുന്നു. 

              മന്ത്രി ടി എം ജേക്കബ്ബിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് പിറവത്ത് നടന്ന തെരഞ്ഞെടുപ്പ് സത്യത്തില്‍ യു ഡി എഫ് സര്‍ക്കാരിനനുകൂലമായ വിധിയെഴുത്തായിരുന്നു. വന്‍ ഭൂരിപക്ഷത്തിന് കന്നിക്കാരനായ അനൂപ് ജയിച്ചുകയറിയപ്പോള്‍ പ്രതിപക്ഷം തീര്‍ത്തും തളര്‍ന്നുപോയി. എന്നാല്‍ പിറവത്തെ വിജയത്തിന്റെ ലഹരി മായുന്നതിന് മുമ്പ് തന്നെ യു ഡി എഫില്‍ കലാപത്തിന്റെ തീനാള മുയരുന്നതാണ് കണ്ടത്. അഞ്ചാംമന്ത്രി സ്ഥാനത്തിനായി മുസ്‌ലിംലീഗ് ശാഠ്യം പിടിക്കുകയും ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള വാശിപിടിക്കുകയും ചെയ്തപ്പോള്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും കാര്യക്ഷമതക്ക് സാരമായ ബലക്ഷയം ബാധിച്ചതുപോലെ തോന്നി. അഞ്ചാംമന്ത്രിക്കെതിരെ പ്രതിപക്ഷത്തേക്കാള്‍ എതിര്‍പ്പുയര്‍ന്നത് കോണ്‍ഗ്രസില്‍ നിന്നാണ്.   ലീഗിനാകട്ടെ മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ രാജ്യസഭാംഗത്വത്തിനുള്ള തങ്ങളുടെ അവകാശവാദം കയ്യൊഴിക്കേണ്ടിവരികയും ചെയ്തു.
    മുല്ലപ്പെരിയാര്‍ പ്രശ്‌നം വൈകാരികമായി ആളിക്കത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. പക്ഷെ കേരളത്തില്‍ കണ്ട  ആ വികാരത്തള്ളല്‍ സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിക്ക് മുമ്പില്‍ ഒരു തീരുമാനമായി മാറ്റുന്നതില്‍ കേരളം പരാജയപ്പെട്ടുപോയി. വിളപ്പില്‍ശാലയില്‍ തുടങ്ങി കേരളത്തില്‍ പല നഗരങ്ങളിലും പടര്‍ന്നുകയറിയ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാവാത്തതും സര്‍ക്കാരിന്റെ പരാധീനതകളില്‍ പെടുന്നു. ഇറ്റാലിയന്‍ കപ്പലുകള്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്നപ്പോള്‍ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മറികടന്ന്   ആ ഭടന്മാരെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ കൊണ്ടുവരാനായത് ചെറിയ കാര്യമല്ല.

                 എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വിദ്യാഭ്യാസ കച്ചവടത്തില്‍ മാത്രമാണെന്നാണ് പ്രതിപക്ഷ ഭാഷ്യം. പൊതു വിദ്യാഭ്യാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇതിനകം 200ഓളം അണ്‍എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. നൂറുക്കണക്കിന് സ്‌കൂളുകള്‍ അനുവദിക്കാന്‍ നടപടി തുടരുകയും ചെയ്യുന്നു. കേരളത്തിലെ അതിരൂക്ഷമായ വിലക്കയറ്റം എല്ലാ സീമകളും അറുത്തെറിഞ്ഞ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മുന്നേറുമ്പോള്‍ സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി കയ്യുംകെട്ടി നില്‍ക്കുകയാണ്. എത്ര പണമുണ്ടായാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത അവസ്ഥ. ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം കുറ്റമാണെന്ന് പറയാനാവില്ലെങ്കിലും വില പിടിച്ചുനിര്‍ത്താനുള്ള നടപടികളൊന്നും എടുത്തുകാണുന്നില്ല. ദിവസം തോറും വിലവര്‍ധിപ്പിക്കാന്‍ കച്ചവടക്കാര്‍ക്ക് ആരാണാവോ അധികാരം നല്‍കിയത്.

              കേരള രാഷ്ട്രീയത്തെ സാമുദായിക-വര്‍ഗീയ-ജാതി ശക്തികള്‍ക്ക് കീഴ്‌പ്പെടുത്തി സംസ്ഥാനത്ത് വിദ്വേഷത്തിന്റെ വിത്തുകള്‍ വിതറുന്നുവെന്നത് വെറും പ്രതിപക്ഷ ആരോപണമാണെന്ന് പറഞ്ഞ് അവഗണിക്കാനാവുമോ? ഒരു സന്ദിഗ്ധ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യുവകുപ്പ് അടൂര്‍ പ്രകാശിനും പകുത്തുനല്‍കിയപ്പോള്‍ അത് ജാതിസംഘടനകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെ എന്തിനു വേണ്ടിയായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ജാതി-മത ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്താനേ ഉപകരിക്കൂ. സി പി എമ്മില്‍ നിന്ന് മറുകണ്ടം ചാടിവന്ന ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കിയതും ആശാവഹമായ സന്ദേശമല്ല നല്‍കുന്നത്. തീര്‍ച്ചയായും വോട്ടര്‍മാര്‍ക്ക് മേല്‍ അടിച്ചേല്‍പിച്ച ഈ തെരഞ്ഞെടുപ്പ് വഴി സര്‍ക്കാര്‍ ഖജനാവിനും വലിയ നഷ്ടമാണുണ്ടാവുക. ഒരു വര്‍ഷത്തെ ഭരണത്തില്‍ മുഖ്യമന്ത്രി പൂര്‍ണ തൃപ്തനായിരിക്കാം. എന്നാല്‍ യു ഡി എഫുകാര്‍ പോലും അത് ശിരസാ സമ്മതിക്കുമെന്ന് തോന്നുന്നില്ല.

1 comment:

  1. പൊതുമുതല്‍ കട്ടുതിന്ന കക്ഷിനേതാവിനെ ജയിലില്‍ നിന്നിറക്കാന്‍ വൃത്തികെട്ട കളികളിച്ചതും (അതില്‍ ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാവും) കള്ളനായ ഒരു പോലീസിനെ തിരിച്ച സര്‍വ്വീസില്‍ കയറ്റിയതും ഒക്കെ ഒരു നേട്ടമായി വേണമെങ്കില്‍ എഴുതാം.

    ReplyDelete

Related Posts Plugin for WordPress, Blogger...